ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2021

നവരാത്രി പൂജ

നവരാത്രി പൂജ

നവരാത്രി ഉത്സവങ്ങള്‍ക്ക് വിവിധ ക്ഷേത്രങ്ങളില്‍ തുടക്കമായി. ദേവി കടാക്ഷത്തിനും അനുഗ്രഹത്തിനും ഉത്തമമായ ദിവസമാണ് നവരാത്രി ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ പ്രത്യേക ദേവീ പൂജയും വഴിപാടും നടത്തിയാല്‍ ഐശ്വര്യവും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം. വിദ്യയുടെ അധിപതിയായ സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രത്യേക പൂജകളും മറ്റും നമ്മള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നടത്തുന്നു. നവരാത്രി ദിവസങ്ങളില്‍ ഓരോ ദിവസവും എന്തൊക്കെ ചെയ്യണം എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അസുര ശക്തികളുടെ മേല്‍ ദുര്‍ഗാ ദേവി നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് നവരാത്രി പൂജയും വ്രതവും നമ്മള്‍ ആചരിച്ച് പോരുന്നത്.

വിജയദശമി ആഘോഷത്തിനു പിന്നില്‍....
കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുസ്തക പൂജയും ആയുധ പൂജയും. ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളിലാണ് പുസ്തകം പൂജക്കായി വെക്കുന്നത്. പുസ്തകം പൂജക്ക് വെച്ച് പൂജിക്കുന്നതിലൂടെ നമ്മുടെ അന്ധകാരം മാറി അറിവിന്റെ വെളിച്ചം നമ്മിലേക്ക് എത്തപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാല്‍ പൂജ വെക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കൃത്യമായ രീതിയില്‍ പൂജ വെച്ചാല്‍ അത് നമ്മുടെ അറിവിനെ വര്‍ദ്ധിപ്പിച്ച് നമുക്കുള്ളിലെ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചം നല്‍കാന്‍ സഹായകമാവുന്നു. ഇനി പറയുന്ന രീതിയില്‍ പൂജ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ അത് വിദ്യാദേവതയുടെ അനുഗ്രഹം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

സന്ധ്യാസമയത്ത് വേണം പൂജ വെക്കാന്‍
വിളക്ക് കൊളുത്തി കഴിഞ്ഞ് സന്ധ്യാ സമയത്ത് വേണം പൂജ വെക്കേണ്ടത്. സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി വേണം പുസ്തകം പൂജക്ക് വെക്കേണ്ടത്. വിദ്യയുടെ അധിപതിയായാണ് സരസ്വതി ദേവിയെ കാണുന്നത്. അതുകൊണ്ട് തന്നെ സരസ്വതി പൂജക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

ഓരോ ദിവസങ്ങളിലേയും പ്രത്യേകത
നവരാത്രി ദിവസത്തില്‍ ഓരോ ദിവസങ്ങളിലും പ്രത്യേകം പ്രത്യേകം പൂജ തന്നെയാണ് ഉള്ളത്. ആദ്യത്തെ മൂന്ന് ദിവസം പാര്‍വ്വതി ദേവിയാണ് സങ്കല്‍പം, അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവിയായും അടുത്ത മൂന്ന് ദിവസംസ സരസ്വതി ദേവിയായും ആണ് സങ്കല്‍പ്പം. മൂന്ന് പേരും സംഗമിക്കുന്നതാണ് ദുര്‍ഗ്ഗാ ദേവി. അതുകൊണ്ട് തന്നെയാണ് ഈ പൂജക്ക് ദുര്‍ഗ്ഗാ പൂജ എന്ന് പറയുന്നത്.

ഗ്രന്ഥ പൂജ

പുസ്തകം പൂജക്ക് വെച്ചാല്‍ അടുത്ത ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി പൂജ നടത്തേണ്ടതാണ്. പുസ്തകം പൂജക്ക് വെക്കുമ്പോള്‍ കൊളുത്തിയ വിളക്ക് കെടാവിളക്കായി പൂജ കഴിയുന്നത് വരെ സൂക്ഷിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കണം. രണ്ട് ദിവസമാണ് പൂജ നടത്തേണ്ടത്.

ദശമി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വീണ്ടും പുസ്തക പൂജ നടത്തണം. സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുന്നതിനായി താഴെ പറയുന്ന മന്ത്രം രാവിലെ 108 പ്രാവശ്യം ജപിക്കണം.

മന്ത്രം

സരസ്വതി നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

വിജയദശമി വ്രതം

വിജയദശമി ദിവസം വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വിദ്യയുടെ അധിപതിയാണ് സരസ്വതി ദേവി. വിജയ ദശമി വരെയുള്ള ദിവസങ്ങളില്‍ വ്രതമെടുക്കേണ്ടതാണ്. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് രാവിലെയും വൈകിട്ടും ദേവി പ്രാര്‍ത്ഥന നടത്തുക. കൂടാതെ നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. ഇതിലൂടെ മഹാ ലക്ഷ്മി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

ദേവീഭാഗവതം

നവരാത്രി ദിനങ്ങളില്‍ ദേവീ ഭാഗവതം, ദേവി മാഹാത്മ്യം, സൗന്ദര്യലഹരി എന്നിവ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കര്‍മ്മ തടസ്സങ്ങള്‍ മാറ്റുന്നതിനും വിദ്യാപുരോഗതിക്കും നല്ലതാണ്. മനസ്സിലെ ഇരുട്ടിനെ അകറ്റി വെളിച്ചം നിറക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഒരിക്കലും ദേവി മന്ത്രത്തില്‍ അക്ഷരത്തെറ്റ് വരാതെ വേണം ജപിക്കാന്‍. സരസ്വതി ദേവിയുടെ മൂല മന്ത്രമോ, ഗായത്രി മന്ത്രമോ വേണം ജപിക്കാന്‍. ഇത് വിദ്യാലാഭത്തിനും ഐശ്വര്യത്തിനും നല്ലതാണ്. വളരെ ദുഷ്‌കരമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് അക്ഷരത്തെറ്റില്ലാതെ വേണം ജപിക്കാന്‍. എന്നാല്‍ മാത്രമേ ഇത് ജീവിതത്തില്‍ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും വിദ്യാപുരോഗതിയും ഉണ്ടാക്കുകയുള്ളൂ.

No comments:

Post a Comment