ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 02

ഗരുഡൻ - 02

പാലാഴി മഥനം

ആ വാർത്ത എല്ലാവരിലും കൗതുകം ഉണർത്തി. ഇന്ദ്രൻ സമുദ്രം കടഞ്ഞ് അമൃത് എടുക്കാൻ പോകുന്നു. സമുദ്രം കടഞ്ഞാൽ അമൃത് കിട്ടുമോ? പലരും സംശയം പ്രകടിപ്പിച്ചു. ദേവേന്ദ്രൻ ഒന്നും പറഞ്ഞില്ല. സമുദ്രത്തിൽ അമൃത് ഉണ്ടോ? സംശയിക്കേണ്ട, സമുദ്രത്തിൽ എല്ലാം ഉണ്ട്, പക്ഷേ, ഇന്നു നാം സമുദ്രത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. എങ്ങനെ എത്ര പെട്ടെന്നു മലിനമാക്കാൻ കഴിയും എന്നതിലാണ് നമ്മുടെ അന്വേഷണം. പക്ഷേ, മഹാവിഷ്ണുവിന് യാതൊരു സംശയവുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. "അല്ലയോ ദേവന്മാരേ, നിങ്ങൾ സമുദ്രം കടയുവിൻ. നിങ്ങൾക്ക് സമുദ്രത്തിൽനിന്നും എല്ലാവിധത്തിലുള്ള ഔഷധങ്ങളും രത്നങ്ങളും ഒടുവിൽ അമൃതും ലഭിക്കും. ദേവേന്ദ്രൻ കടൽ കടയുവാൻ തീരുമാനിച്ചു. അപ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. കടൽ എന്തുകൊണ്ട് കടയും. അതിനു കടകോൽ വേണ്ടേ. ഇത്രയും വലിയ സമുദ്രം ഒന്ന് ഇളക്കാൻ പറ്റിയ കടകോലിനെവിടെ പോകും. ഓരോ സംഗതിയും ഇറങ്ങിത്തിരിക്കുമ്പോഴാണല്ലോ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരിക. ഇന്ദ്രന്റെ മുമ്പിലേക്കു പ്രശ്നങ്ങളുടെ നീണ്ട പരമ്പര തന്നെ ഉയിർത്തെഴുന്നേറ്റു. വളരെ ശക്തിയുള്ള ഒരു വസ്തുവിനുമാത്രമേ കടകോലായി ഉപയോഗിക്കാൻ പറ്റു...

ദേവേന്ദ്രൻ പല വഴി ചിന്തിച്ചു. പല വസ്തുക്കളെയും കുറിച്ച് ആലോചിച്ചു. പക്ഷേ, അതൊന്നും ഈ ഉപയോഗത്തിനു പറ്റിയതല്ലെന്ന് ഇന്ദ്രന് മനസ്സിലായി. ഒടുവിൽ മന്ദരപർവ്വതത്തെ പറിച്ചെടുത്ത് കടകോലായി ഉപയോഗിക്കാൻ തീരുമാനിച്ചു. നിസ്സാരമായ വസ്തു ഒന്നുമല്ല മന്ദരപർവ്വതം. ആകാശത്തോളം മുട്ടിനിൽക്കുന്ന കൊടുമുടികൾ അതിനുണ്ട്. ഭൂമിയിൽനിന്ന് എത്രയോ അടി ഉയരത്തിലാണ് അത് നില്ക്കുന്നതെന്നോ. മന്ദരപർവ്വതം കടകോലാക്കാമെന്നു തീരുമാനിച്ചു കഴിഞ്ഞപ്പോൾ അടുത്ത പ്രശ്നം തലപൊക്കി. പർവ്വതം ഒന്നിളക്കിയെടുത്ത് കടലിലേക്ക് കൊണ്ടുവരേണ്ടേ. എന്നാലല്ലേ കടയാൻ പറ്റൂ. അതാര് ചെയ്യും. അതൊന്ന് ഇളക്കിപ്പറിച്ചെടുക്കാൻ ദേവന്മാർ അശക്തരാണ്. വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും തങ്ങളെക്കൊണ്ട് അതാവില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറി. ബ്രഹ്മാവും വിഷ്ണുവുംകൂടി സർപ്പരാജാവായ അനന്തന്റെ വീട്ടിലെത്തി. അനന്തനോടും പർവ്വതം പറിച്ചെടുക്കാൻ ആജ്ഞാപിച്ചു. അവരുടെ കല്പനകേട്ട് അനന്തൻ ഞെട്ടി. പറയുന്നതാരാ. അനുസരിക്കാതെ പറ്റുമോ. താൻ തനിച്ച് അതു നിർവ്വഹിച്ചുകൊള്ളാമെന്ന് അനന്തൻ ഏറ്റു. അനന്തൻ തനിയെ മന്ദരപർവ്വതം പറിച്ചെടുത്തു പൊക്കി സമുദ്രത്തിൽ എത്തിച്ചു. അപ്പോഴേക്കും ദേവന്മാർ സമുദ്രത്തിലെത്തി. അങ്ങനെ ദേവാസുരന്മാർ ചേർന്ന് മന്ദരപർവ്വതമാകുന്ന കടകോൽ ചുറ്റിത്തിരിച്ചു. അത് ചുറ്റിത്തിരിക്കാനുള്ള കയറായി വാസുകി എന്ന സർപ്പത്തെ ഉപയോഗപ്പെടുത്തി. അമൃതു കിട്ടുവാനുള്ള ആഗ്രഹത്താൽ എല്ലാവരും കിണഞ്ഞു പരിശ്രമിച്ചു. മന്ദരപർവ്വതം തിരിയുന്നതിനിടയിൽ പർവ്വതത്തിലെ വൻമരങ്ങൾ മുറിഞ്ഞുപോയി. മരങ്ങൾ തമ്മിൽ കൂട്ടിമുട്ടി തീ ഉണ്ടായി. കാറ്റിൽ തീ ആളിക്കത്തി. മൃഗങ്ങളെല്ലാം ചുട്ടുകരിഞ്ഞു. തീ എല്ലായിടത്തും പടർന്നുപിടിച്ചു. ഇന്ദ്രൻ മഴ പെയ്യിച്ചു തീ കെടുത്തി. വൃക്ഷങ്ങളുടെയും ഔഷധങ്ങളുടെയും നീര് ഒഴുകി കടലിലെത്തി. ക്രമേണ സമുദ്രത്തിലെ ജലം പാലായി. ആ പാലിൽ പലതും ചേർന്ന് നെയ്യ് ഉണ്ടായി....

സമുദ്രത്തിലെ പലതരം ജീവജാലങ്ങൾ - പാതാളത്തിൽ ഇരിക്കുന്നത് ഉൾപ്പടെ വെള്ളത്തിൽ ലയിച്ചു. എല്ലാവരും തന്നാൽ ആകാവുന്നതിൽ കൂടുതൽ പണിപെട്ടു. പക്ഷേ, അമൃതു മാത്രം കണ്ടില്ല. ദേവന്മാർ ബ്രഹ്മാവിനെ കണ്ട് സങ്കടം ബോധിപ്പിച്ചു. അമൃത് ഇതുവരെ വേർതിരിഞ്ഞ് കിട്ടിയില്ലെന്നും തങ്ങളൊക്കെ ആകെ വിഷമിച്ചിരിക്കുകയാണെന്നും അവർ ബോധിപ്പിച്ചു. വിഷ്ണു അവരെ അനുഗ്രഹിച്ചു. വേലയ്ക്ക് തക്ക പ്രതിഫലം അവർക്കു കിട്ടട്ടെ എന്നും, കടൽ നല്ലതുപോലെ കലങ്ങി, മന്ദരം വേഗത്തിൽ ചലിക്കട്ടെ എന്നും ആശംസിച്ചു. അതോടെ കടൽ ശക്തിയായി കടയുവാൻ അവർക്കു കഴിഞ്ഞു. അനേകം വസ്തുക്കൾ കടലിൽനിന്നും പൊന്തിവരുവാൻ തുടങ്ങി. സുരാദേവി, ഉച്ചെശ്രവസ്സ്, കൗസ്തുഭം, എന്ന രത്നം വെളുത്തതും ഐരാവതം  എന്നിവ ഇതിൽ ചിലതു മാത്രം. പിന്നെ പാലാഴിയിൽനിന്നു കാളകൂടവിഷം പൊങ്ങി. ഭയങ്കരമായ ദുർഗന്ധം പരന്നു. ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ച് ശിവൻ ആ വിഷം കുടിച്ചു. അല്ലെങ്കിൽ ലോകം തന്നെ മുടിഞ്ഞു പോകുമായിരുന്നു. ശിവൻ തന്റെ കണ്ഠത്തിൽ ആ വിഷം നിർത്തി. അന്നുമുതൽ ശിവൻ നീലകണ്ഠനായി. ദേവേന്ദ്രനും കൂട്ടരും കടൽ കടഞ്ഞ് അമൃത് കണ്ടെത്തി. അതിൽ സംതൃപ്തരായി വാണു.

No comments:

Post a Comment