ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-21

കമ്പരാമായണം കഥ

അദ്ധ്യായം :-21

കിഷ്ക്കിന്ധകാണ്ഡം തുടർച്ച...

ചന്ദ്രവംശജനായ മണിഭദ്രരാജാവിന് കവിക എന്ന ഭാര്യയിൽ അനേകം പുത്രന്മാരുണ്ടായി.  അവരിൽ ഏഴ് പേർ മയനിൽനിന്ന് മായ വിദ്യകളഭ്യാസിച്ചു മായാവികളായിത്തീർന്നു. അവർ ഒരു മഹാസർപ്പത്തെ മായയാൽ സൃഷ്ടിച്ച് അതിനെ വാഹനമാക്കി സഞ്ചരിച്ച് നായാട്ട് നടത്തി . ഋശ്യമൂകഗിരിക്കു  സമീപത്തുള്ള ഒരു പർവ്വതത്തിൽ എത്തിയ അവർ അഗസ്ത്യമഹർഷി വരുന്നത് കണ്ട് പാമ്പിനെ വൃത്താകൃതിയിൽ മണ്ണിനടിയിൽ വെച്ച് അതിനു മുകളിൽ സാലവൃക്ഷങ്ങളായി നിന്ന് ചുറ്റും മാർഗ്ഗം നിരോധനം ചെയ്തു.  സൂക്ഷ്മദൃഷ്ട്യാ കാര്യം ഗ്രഹിച്ച അഗസ്റ്റ്യൻ " ഈ നിലയിൽ തന്നെ നിന്നു കൊളളുക"  എന്ന് അവരെ ശപിച്ചു.. ശാപമോചനത്തിന്  അപേക്ഷിച്ച കുമാരന്മാരോട് അനേകം ശതാബ്ദങ്ങൾ കഴിഞ്ഞ് വൈഷ്ണവ അവതാരമായ ശ്രീരാമനിൽ നിന്നും ശാപമുക്തി  സംഭവിക്കട്ടെ എന്ന് അവരെ അനുഗ്രഹിക്കുകയും ചെയ്തു . ഈ കഥ രാമൻ ദിവ്യജ്ഞാനത്താൽ ഗ്രഹിച്ചത് ആയിരുന്നു.

ശ്രീരാമാദികളെല്ലാം കൂടി  സപ്തസാലസമീപമെത്തി.  പെട്ടെന്ന് രാമദേവൻ വില്ലെടുത്ത് ഒരു ബാണം തൊടത്തു തൻറെ വലത് കാൽ  പെരുവിരൽ കൊണ്ട് തറയിൽ ഉള്ള ഒരു പാറകഷണത്തിൽ ഒന്നമർത്തി. ഞാൺ വലിച്ച് ഒരമ്പയച്ചു .  വൃക്ഷങ്ങളെല്ലാം മുറിഞ്ഞ്  വട്ടത്തിൽ തന്നെ നിലത്തുവീണു.  ബാണം തിരിച്ചുവന്ന് ആവനാഴിയിലും.  ഇത് കണ്ട് സുഗ്രീവാദികൾ അത്ഭുതസ്തബ്ധരായി.  
രാമദേവനെ തൊഴുതുകൊണ്ട് നിർന്നിമേഷരായി നിന്നു.

ശ്രീരാമൻ പാദാംഗുഷ്ടം കൊണ്ട് സാല സമീപത്തുള്ള ഒരു പാറക്കഷണം ഒന്നമർത്തിയപ്പോൾ അത് സാലസപ്തകത്തെ  ചുമന്ന് വളഞ്ഞു കിടക്കുന്ന ഭീമമായാസർപ്പത്തിന്റെ ശിരോമദ്ധ്യത്തിലെ മർമ്മത്തിൽ ചെന്നു തറച്ചു.  സർപ്പം  നിവർന്ന് നേരെയായി. സർപ്പം നിവർന്നതോടുകൂടി നേരെ ചെന്ന രാമബാണത്താൽ സാലവൃക്ഷങ്ങൾ മുറിഞ്ഞു വീണു.  രാമദേവൻ വിരൽ പിൻവലിച്ചു സർപ്പം വളഞ്ഞ് പൂർവസ്ഥിതിയിൽ ആയി വൃക്ഷക്കുറ്റികൾ വട്ടത്തിൽ നിൽക്കുകയും തടികൾ വട്ടത്തിൽ വീഴുകയും ചെയ്തു.  ഇതെല്ലാം കാൽക്ഷണം കൊണ്ട് കഴിഞ്ഞുകൂടി.  ഇത് മറ്റാർക്കും കാണാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ഗതി അത്രയ്ക്ക് വേഗത്തിലായിരുന്നു. അങ്ങനെ അവർക്ക്  ശാപം മുക്തി ഉണ്ടായി.

രാമലക്ഷ്മണന്മാരും സുഗ്രീവാദികളും തിരികെ ഋശ്യമൂകത്തിൽ വന്നെത്തി.   ഏതാനും ദിവസങ്ങൾക്കു മുമ്പ് മലമുകളിലെ ആകാശവീഥിയിൽ കൂടി ഒരു വിമാനം തെക്കോട്ട് പോയി അതിൽ  വിലപിച്ച് കൊണ്ട് ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.  ആ സ്ത്രീ ഗിരി മുകളിലേക്ക് ഇട്ടതാണ് ഈ ആഭരണം എന്ന് പറഞ്ഞ് ഒരു ആഭരണ പൊതി സുഗ്രീവൻ രാമനെ കാണിച്ചു. ശ്രീരാമൻ ആഭരണങ്ങളിൽ ഒന്നു നോക്കി ആഭരണങ്ങൾ  കണ്ട് കണ്ണ് നിറഞ്ഞ് "  ഈ ആഭരണങ്ങൾ സൂക്ഷിച്ചു നോക്കൂ. ദേവിവിയോഗമോർത്തതും  അതോടുകൂടി മനം തകർന്നു എന്ന് പറഞ്ഞു  ശ്രീരാമൻ ലക്ഷ്മണനോട് ആഭരണങ്ങൾ നോക്കാൻ  പറഞ്ഞു.   നിത്യനമസ്കാരം കൊണ്ട്   കാൽചിലമ്പ് മാത്രം മനസ്സിലായെന്നും അത് ജേഷ്ഠത്തിയുടെ ആണെന്നും മറ്റുള്ളവ കണ്ട് പരിചയം ഇല്ലാത്തതിനാൽ അറിയാൻ കഴിയുന്നില്ല എന്നും ലക്ഷ്മണൻ പറഞ്ഞു.   ഇത് കണ്ട് സുഗ്രീവനും ഹനുമാനും രാമൻറെ പരിശുദ്ധപ്രേമത്തെയും ലക്ഷ്മണൻറെ നിതാന്തപരിപാവനഭക്തിയേയും  മുക്തകണ്ഠം പ്രശംസിച്ചു.

ശേഷം അവർ ഒരു ആലോചനായോഗം നടത്തി ആദ്യം ബാലിവധം നടത്തി സുഗ്രീവന് രാജാധികാരം കിട്ടിയാൽ സീതാന്വേഷണത്തിന് കാലവിളംബം ഉണ്ടാകില്ലെന്ന് രാമദേവൻ അഭിപ്രായപ്പെട്ടു.  ശേഷം സുഗ്രീവൻ ശ്രീരാമൻറെ നിർദ്ദേശമനുസരിച്ച്  ബാലിയെ യുദ്ധത്തിനു വിളിച്ചു.

തന്നെ എതിരുടുന്ന ആരുടേയും പകുതി ശക്തി തന്നിലേയ്ക്ക് പകരുമെന്ന ബ്രഹ്മദേവനിൽ നിന്ന് ബാലിക്ക് സിദ്ധിച്ചിട്ടുളള അപൂർവ്വവരപ്രഭാവം അറിഞ്ഞിരുന്ന രാമാദികൾ വൃക്ഷനിരയുടെ മറവിൽ അപ്രത്യക്ഷരായി നിന്നതേയുള്ളൂ . പോർ വിളികേട്ട് ബാലി സുഗ്രീവനോട് ദ്വന്ദയുദ്ധത്തിന് അടർക്കളത്തിലെത്തി. ബാലിയും സുഗ്രീവനും തമ്മിൽ  അതികഠിനമായ ദ്വന്ദയുദ്ധം നടന്നു.  ഒടുവിൽ അവശനായ സുഗ്രീവൻ ശ്രീരാമ സന്നിധിയിലേക്ക് പാഞ്ഞെത്തി . രാമനോട് സങ്കടത്തോടെ ശത്രുവിനെ കൊണ്ട് എന്നെ കൊല്ലിക്കുന്നത് എന്തിന് എന്ന് ചോദിച്ചു.  അങ്ങന്റെ സഖാവ് ആണല്ലോ അങ്ങ് തന്നെ എന്നെ കൊന്നു കൊള്ളുക . ബാലി അങ്ങയെ വശീകരിച്ചു സ്വാധീനിച്ചുവെച്ചുകൊണ്ട് ഇങ്ങനെ ഒരു നാടകം നടത്തിയതാണോ?  അങ്ങേയുടെ സത്യവും സഖ്യവും കള്ളമായിരുന്നു എന്ന് പറഞ്ഞ് ദയനീയമായി കരഞ്ഞു സുഗ്രീവൻ.

ശ്രീരാമൻ സുഗ്രീവന്റെ ദേവം  തടവിക്കൊണ്ട് ഇപ്രകാരം പറഞ്ഞു ക്ഷമിക്കൂ സഖേ! യുദ്ധം മുറുകി മൂർദ്ധന്യതയിൽ വന്നപ്പോൾ നിങ്ങളെ തിരിച്ചറിയാൻ കഴിയാതെയായി.  ഞാൻ ബാണം അയച്ച് ആളുമാറിതറയ്ക്കാൻ ഇടയായാൽ അത് മഹാവിപത്തായിത്തീരും എന്ന് കരുതി ബാണം അയച്ചില്ല.  അവ്യക്തലക്ഷ്യത്തിൽ ബാണം ഉപയോഗിക്കാതിരിക്കുന്നതിന് സൂക്ഷ്മ കാരണം എൻറെ പിതാവിന് അങ്ങനെയൊരു അബദ്ധം സംഭവിച്ചു അത് മഹാവിപത്തായി മാറി.  അല്പമൊന്നാശ്വസിച്ച ശേഷം വീണ്ടും യുദ്ധം നടത്തുക.  ബാലിയുടെ കണ്ഠത്തൽ ഇന്ദ്രൻ കൊടുത്ത ഒരു രത്നമാലയുണ്ട്.  നിൻറെ കഴുത്തിൽ ഞാനൊരു മാല്യമണിയിക്കാം.  നിങ്ങളെ തിരിച്ചറിയുന്നതിന് അത്  ഉപകരിക്കും.  അങ്ങനെ നിർദ്ദേശങ്ങൾ കൊടുത്ത് സുഗ്രീവനെ രണ്ടാമതും അടർക്കളത്തിലേക്കയച്ചു.

വീണ്ടും പോർവിളി നടത്തിയ സുഗ്രീവനെ കണ്ടപ്പോൾ ബാലി പൂർവാധികം ക്ഷോഭിച്ച് യുദ്ധരംഗത്തേക്ക് പുറപ്പെട്ടു.  അപ്പോൾ ബാലിയുടെ ഭാര്യയായ താര അദ്ദേഹത്തെ തടഞ്ഞു നിർത്തി.  സുഗ്രീവന് അതിഥികളായ 2 വീരയുവാക്കൾ സന്യാസ വേഷധാരികളായി ഋശ്യമൂകത്തിൽ വന്ന് ചേർന്നിട്ടുണ്ട് അവരും സുഗ്രീവനുമായി ഏതോ ഒരു രൂപത്തിലുള്ള സഖ്യവും എന്തോ സത്യവും ചെയ്തു കഴിഞ്ഞിരിക്കുന്നു.  അങ്ങയോട് ബന്ധപ്പെട്ടായിരിക്കാൻ ഇടയുണ്ട്.  ചാരന്മാരിൽ നിന്നും കിട്ടിയ വാർത്ത ഇതാണ്.  അതിനാൽ ഈ പുറപ്പാട് ശരിയാണെന്ന് തോന്നുന്നില്ല.

ബാലി പറഞ്ഞു സുഗ്രീവനെ സഹായിക്കാനാളുണ്ടെങ്കിലും അവരെയും സുഗ്രീവനെയും ഒന്നിച്ച് ഞാൻ നശിപ്പിച്ചു കൊള്ളാം.  താര ഈ സംഗതിക്ക് തടസ്സക്കാരി ആകരുത്.

ദണ്ഡകാരണ്യഭാഗങ്ങളിൽ  വനസഞ്ചാരത്തിന് പോയിരുന്ന അംഗദകുമാരനോട് ഒരു മഹർഷി പറഞ്ഞു.  ദശരഥന്റെ ആജ്ഞാപരിപാലനത്തിനായി വനവാസത്തിനു വന്ന  വീരരാജകുമാരന്മാരെ കുറിച്ചും അതിൽ ജ്യേഷ്ഠപത്നിയെ രാവണൻ മോഷ്ടിച്ചു കൊണ്ടുപോയി എന്നും രാക്ഷസവംശനാശത്തിന് ഒരുങ്ങി സഞ്ചരിക്കുന്നവർ സുഗ്രീവനുമായി സഖ്യം ഉണ്ടാക്കിയെന്നും  രാക്ഷസ സഹായിയായേക്കാവുന്ന അങ്ങയെ  ആദ്യമായി തന്നെ വധിക്കുമെന്നും ആ മഹാൻ അംഗദനോട് പറഞ്ഞു.

അങ്ങനെ ആരെങ്കിലും രണ്ട് പേർ  വന്നിട്ടുണ്ടെങ്കിൽ അവർ ഇവിടെ വരികയും തമ്മിൽ കാണുകയും ഞങ്ങൾ മിത്രമായി തീരുകയും ചെയ്യും.  നീ ദുഃഖിക്കേണ്ട . എന്തും വരട്ടെ . ശങ്ക ഭീരുത്വലക്ഷണമാണ് എന്ന് പറഞ്ഞു.  താരാദേവിയോട് അന്തപുരത്തിലേക്ക് പോകാൻ പറഞ്ഞിട്ട് ബാലി യുദ്ധത്തിനായി പുറത്തേക്ക് പുറപ്പെട്ടു.

തുടരും .....

No comments:

Post a Comment