കമ്പരാമായണം കഥ
അദ്ധ്യായം :- 47
യുദ്ധകാണ്ഡം തുടർച്ച....
സീതയുടെ വിലാപം കേട്ടു വിഭീഷണ പുത്രി ത്രിജട വിവേകത്തോടെയും ശ്രദ്ധയോടും ദേവിയെ ആശ്വസിപ്പിച്ചു. "ദേവീ! അവിടുന്നു വിലപിക്കുന്നത് എന്തിന്? രാമദേവനോ ലക്ഷ്മണകുമാരനോ വാനരസേനയ്ക്കോ ആപത്ത് സംഭവിച്ചിട്ടില്ല . ഇത് അനുതാപം നിമിത്തമുളള ആലസ്യം മാത്രമാണ്. അത് എന്റെ പിതാവിന്റെ മുഖഭാവത്തിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്. അതു മാത്രമല്ല ഹനുമാനെ ഇവിടെ എങ്ങും കാണുന്നില്ല. പ്രതിവിധാനത്തിന് ആ സ്വാമീ ഭക്തൻ എവിടെയോ പോയിട്ടുണ്ട്. ദേവന് ആപത്തു സംഭവിച്ചിട്ടില്ല എന്നതിന് മറ്റൊരു ലക്ഷണവും കൂടിയുണ്ട്. നമ്മൾ ഇരിക്കുന്ന ഈ പുഷ്പകവിമാനം വിധവകളെ വഹിക്കയില്ല. അത് സത്യമായ ഒരു ദിവ്യത്വമാണ്. ഭവതി ഇതിൽ ഇരിക്കുന്നുവല്ലോ അത് തന്നെ തെളിവാണ് രാമദേവന് ആപത്തു സംഭവിച്ചില്ല എന്നതിന്". ത്രിജടയുടെ ഈ വാക്കുകളിൽ ദേവി ആശ്വസിച്ചു.
അടുത്ത പ്രഭാതത്തിനു മുൻപ്, ഔഷധങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ നാലൗഷധങ്ങളോടെ ഗിരിശൃംഗത്തെ തന്നെ കൊണ്ട് വന്നു ഹനുമാൻ. ജാംബവാൻ ഔഷധങ്ങളെല്ലാം യുദ്ധഭൂമിയിലെല്ലായിടത്തും ഒന്നു കൊണ്ടു നടന്നു. മൃതസഞ്ജീവിനിയിൽതട്ടിപ്പരന്ന കാറ്റേറ്റ് , വീണു കിടന്ന സകലരും ജീവിച്ചെണീറ്റു. വിശല്യകരിണികൊണ്ട് , ദേശങ്ങളിൽ തറച്ചുകേറിയിരുന്ന ശല്യങ്ങളെല്ലാം നീങ്ങിപ്പോയി. ശല്യകരിണിയാൽ, ശരീരങ്ങളിലുണ്ടായിരുന്ന വ്രണങ്ങളെല്ലാം ഉണങ്ങിപ്പൊറുത്തു. സന്ധാനകരിണിയുടെ പ്രഭാവം കൊണ്ട് സകല മുറിവുകളും ചേർന്നുപിടിച്ചു.
നേരം വെളുത്തുപുലർന്നതോടു കൂടി ലക്ഷമണന്റെ നിർദ്ദേശപ്രകാരം സുഗ്രീവൻ വാനരസേനകളെ അണിനിരത്തി യുദ്ധസന്നദ്ധരാക്കി നിർത്തി. ഇന്ദ്രജിത്ത് മായായുദ്ധത്തിനായി തയ്യാറെടുത്തു. ഒരൂ മായാസീതയെ സൃഷ്ടിച്ച് തേരിലിരുത്തി യുദ്ധഭൂമിയിൽ കൊണ്ടു നിർത്തി ഇവൾനിമിത്തം ലങ്കയ്ക്ക് നാശം അതിനാൽ ഇവളെ ഇതാ വെട്ടിക്കൊല്ലുന്നു എന്നു പറഞ്ഞു മായാസീതയുടെ കണ്ഠം ഛേദിച്ചു കളഞ്ഞു. പെട്ടെന്ന് മേഘനാദൻ അപ്രത്യക്ഷനുമായി. ശ്രീരാമൻ ഒന്നു പകച്ചു. ലക്ഷ്മണൻ അമ്പരന്നു. സുഗ്രീവൻ ഭ്രമിച്ചു. ഹനുമാൻ വിഷമിച്ചു.
ഇത് കണ്ട് വിഭീഷണൻ കപടവിദ്യയാണെന്നും , ഇതിലാരും മയങ്ങിപ്പോകരുതെന്നും, ഇന്ദ്രജിത്തിവിടെ നിന്നും പോയി നികുംഭിലയിലെത്തി ഒരു മാരണഹോമം തുടങ്ങീട്ടുണ്ടെന്നും അതു മുഴവിച്ചാൽ അവനെ ആർക്കും കൊല്ലാനോ ജയിക്കാനോ സാധിക്കയില്ല . അതുകൊണ്ട് നാമിപ്പോൾ തന്നെ അവിടെയെത്തണമെന്നും പറഞ്ഞു.
ലക്ഷ്മണനും വിഭീഷണനും സുഗ്രീവനും ഹനുമാനും മറ്റു ചില വാനരവീരന്മാരും കൂടി നികുംഭിലയിലെത്തി. മാരണമായ ഹോമത്തിനിരിക്കുന്ന ഇന്ദ്രജിത്തിന്റെ ഭീഷണരൂപം കണ്ടു കപിവരന്മാർ അടുത്തുചെല്ലാനല്പം ഭയന്നുപോയി. ലക്ഷ്മണൻ വികലനാസ്ത്രങ്ങളയച്ച് ഹോമകുണ്ഡവും ഹോമദ്രവ്യങ്ങളും നശിപ്പിച്ചു. ഹനുമാൻ മുതലായവർ പാറകളെറിഞ്ഞ് മേഘനാദന് ഇരിക്കപ്പൊറുതിയില്ലാതാക്കി. ആ അസഹിഷ്ണു കുലവില്ലുമായി പുറത്തേയ്ക്കിറങ്ങിവന്നു.
ഉടനെ ലക്ഷ്മണൻ "മന്ത്രം ചൊല്ലി" ക്കൊണ്ട് ഐന്ദ്രാസ്ത്രം തൊടുത്തു വിട്ടു. ഈ സമയത്ത് ഇന്ദ്രൻ വജ്രത്തിന്റെ കാഠിന്യവും അഗ്നി സ്വന്തം തീക്ഷണതയും വായു തന്റെ വേഗതയും വിഷ്ണു സുദർശനത്തിന്റെ രൂക്ഷതയും രുദ്രൻ ശൂലത്തിന്റെ രൗദ്രത്വവും കാലൻ മൃതിദേവതയെയും ആ ഐന്ദ്രബാണത്തിൽ ആവാഹിച്ചു ചേർത്തു. അത്യുഗ്രമായിപ്പാഞ്ഞു ചെന്ന ബാണം തടയാൻ മേഘനാദനു കഴിഞ്ഞില്ല. ആ ബാണം ഇന്ദ്രജിത്തിന്റെ കണ്ഠമറുത്ത് ശിരസ്സ് രാവണന്റെ കണ്ണുകൾക്ക് മുന്നിലൂടെപ്പറപ്പിച്ച് നികുംഭിലയിൽ ഇന്ദ്രജിത്ത് കത്തിച്ചിരുന്ന ഹോമാഗ്നിയിൽ വീഴ്ത്തി നിശ്ശേഷം ഭസ്മമാക്കി. കാറ്റടിച്ച് ആ ഭസ്മം ചിതറി സമുദ്രത്തിൽ വീണ് കലങ്ങിത്താണുപോയി. ഇന്ദ്രജിത്തിന്റെ വേർപ്പെട്ട ശിരസ്സ് പതിവ്രതാരത്നമായ സുലോചന കണ്ഠത്തിൽ യോജിപ്പിച്ചാൽ പുനർജ്ജീവിക്കയും അയാളെ ആർക്കും കൊല്ലാനോ ജയിക്കാനോ സാധിക്കാതെയുമാകും. അതാണ് ശിരസ്സ് ഭസ്മമാക്കുകയും കബന്ധദേഹം സമുദ്രത്തിൽ താഴ്ത്തിക്കളയുകയും ചെയ്തു
ശേഷം മുഴുവൻ രാക്ഷസസേനയും യുദ്ധധരണിയിൽ എത്തി ശ്രീരാമൻ അവരുമായി ഒറ്റയ്ക്ക് യുദ്ധം ചെയ്തു ആ സേനയെ നശിപ്പിച്ചു. പിറ്റെദിവസം രാവണമന്ത്രിമാരായ മഹോദരപ്രഹസ്തന്മാർ മഹാസൈന്യങ്ങളോടുകൂടി യുദ്ധത്തിനെത്തി. മഹോദരനെ സുഗ്രീവനും പ്രഹസ്തനെ ലക്ഷ്മണനും രാക്ഷസസേനയെ വാനരസേനയും നാമാവശേഷമാക്കി.
ശേഷം രാവണൻ പത്നിമാരുമായി ആലോചിച്ചു അവശേഷിച്ച സകലസൈന്യങ്ങളോടൊപ്പം യുദ്ധത്തിനായി പുറപ്പെട്ടു. രാവണന്റെ വരവു കണ്ടു ലക്ഷ്മണൻ രാമനോട് രാവണനോട് യുദ്ധം ചെയ്യാൻ അനുമതി ചോദിച്ചു. ലക്ഷ്മണന്റെ അധ്യസ്തസ്ത്രത്താൽ വിഷമിച്ചു പോയ രാവണൻ മയൻ നല്കിയ വേൽ ലക്ഷ്മണന്റെ നേർക്ക് പ്രയോഗിച്ചു. വേൽ മാറിൽ തറച്ചുകേറിയ ലക്ഷ്മണൻ തൽക്ഷണം നിലം പതിച്ചു.
രാവണൻ ലക്ഷ്മണന്റെ ദേഹംതേരിൽക്കയറ്റി പോവാൻ ശ്രമിച്ചു. കുനിഞ്ഞു നിന്നു ലക്ഷമണന്റെ ശരീരം ഉയർത്താൻ ശ്രമിക്കുന്ന രാവണന്റെ മുതുകിൽ ഹനുമാൻ ആഞ്ഞൊരിടി കൊടുത്തു. രാവണൻ ഞെട്ടിത്തെറിച്ച് മലച്ചു പോയി. ഉടൻ ഹനുമാൻ ലക്ഷമണനെയും എടുത്തു ശ്രീരാമനരികിലെത്തി. ശ്രീരാമൻ വേല് വലിച്ചൂരി. ലക്ഷ്മണനെ ഒന്നു തലോടിയിട്ട് വില്ലുമായി രാമൻ രാവണനോട് യുദ്ധത്തിനിറങ്ങി. രാവണന്റെ കയ്യിലെ ആയുധങ്ങൾ എല്ലാം രാമദേവൻ മുറിച്ചു. നഷ്ടശസ്ത്രനും ക്ലിഷ്ടഖാത്രനുമായിത്തീർന്ന രാവണനോട് നിരായുധനായ നീ തിരികെ പോയി നാളെ സർവ്വവിധ ഒരുക്കത്തോടെ തിരികെ വരിക എന്ന് പറഞ്ഞു വിട്ടയച്ചു. അഭിഭാനഹാനിയോടു കൂടി മുഖവും താഴ്ത്തി സ്വന്തം രാജധാനിയിലേയ്ക്ക് തിരിച്ചു പോയി രാവണൻ. തിരിച്ചത്തിയ ശ്രീരാമൻ ലക്ഷ്മണനരികിൽ വിഷമിച്ചിരിക്കേ ഹനുമാൻ" മൃതസഞ്ജീവിനി" യും "സന്ധാനകരിണി" യും കൊണ്ട് വന്നു ചേർന്നു. ആ ദിവ്യൗഷധത്താൽ ലക്ഷ്മണൻ സുഖം പ്രാപിച്ചു.
തുടരും .....
No comments:
Post a Comment