ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-08

കമ്പരാമായണം കഥ

അദ്ധ്യായം :-08

ബാലകാണ്ഡം തുടർച്ച...

രാമാവതാരം

ആ മേടമാ നവമി യാ മണിപൂമ്പുണർതം
ആ മഹിതാദ്യപാദ, മാ മാന്യാമൃതയോഗം
ഉച്ചമപ്പഞ്ചഗ്രഹം , ലഗ്നമാക്കർക്കടകം,
ഉജ്ജ്വലോദയരാശി - രാമാവതാരം ശുഭം

മഹാറാണിമാർ മൂന്നുപേരും ഗർഭവതികളായി.  ദശരഥന്റെ  ഹൃദയത്തിൽ സന്തോഷം അങ്കുരിച്ചു പുഷ്ടിപ്പെട്ടു.  പ്രജകളിൽ ഉല്ലാസവും ആനന്ദവും നിറഞ്ഞു.  റാണിമാരുടെ  ഗർഭം പൂർണ്ണമായി.  പ്രസവകാലം അടുത്തു.  മാസം മേടം,  പക്കം നവമി,  നാൾ പുണർതം,  ലഗ്നം കർക്കിടകം,  ഗ്രഹപഞ്ചകം ഉച്ചം,  ഉദയം രാശി ഈ ശുഭമുഹൂർത്തത്തിൽ കൗസല്യ ദേവി പ്രസവിച്ചു . അഴകാർന്ന ഒരാൺകുട്ടി.  ലോകമാകെ ആനന്ദത്തിന്റെ കുളിർക്കോളിൽ കുളിച്ചു.  ശിഷ്ടതയ്ക്ക് ശുഭശകുനവും  അശുഭശകുനവും സൂചിതമായി.

പിറ്റേന്ന് കൈകേയിയും  ഒരു സുകുമാരകുമാരനെ പെറ്റു.  അതിനടുത്ത ദിവസം സുമിത്രയും രണ്ടു സന്താനങ്ങളുടെ മാതാവായി തീർന്നു.  അങ്ങനെ 4 ശിശുക്കളുടെ ജനനത്താൽ ദശരന്റെ അന്തഃപുരത്തിലെ ദുരവസ്ഥ നിശ്ശേഷം ദൂരികരിക്കപ്പെട്ടു.  രാജാവും പ്രജകളും ആനന്ദത്താൽ ആറാടി.

മഹാരാജാവ് വസിഷ്ഠോപദേശപ്രകാരം  ശിശുക്കളുടെ ജാതകർമ്മാദികൾ  വേണ്ടവണ്ണം നിറവേറ്റി. യഥാകാലം അവർക്ക് നാമകരണം നടത്തി . ആദ്യ ശിശുവിന് രാമൻ (സന്തോഷപ്രദൻ,  വിഷ്ണു )  എന്നും രണ്ടാം ശിശുവിനു ഭരതൻ (ഭരിപ്പവൻ ) എന്നും മറ്റു രണ്ടുപേർക്ക് ലക്ഷ്മണൻ (ലക്ഷണയുക്തൻ) എന്നും ശത്രുഘ്നൻ (ശത്രു സംഹാരകൻ)  എന്നും സാർത്ഥകങ്ങളായ  നാമങ്ങളാണ് നൽകിയത്. ശിശുക്കൾ ബാല്യകാലം മുതൽ കൗമാരാവസാനം വരെ ബ്രഹ്മചര്യനിഷ്ഠ കൈവിടാതെ വിദ്യാഭ്യാസ തൽപരരായി തന്നെ കഴിഞ്ഞു കൂടി

തുടരും .....

No comments:

Post a Comment