ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-24

കമ്പരാമായണം കഥ

അദ്ധ്യായം :-24

കിഷ്ക്കിന്ധകാണ്ഡം തുടർച്ച...

വർഷപ്രധാനമായ നാലുമാസം കഴിഞ്ഞു കൂടി. ശരൽക്കാലമായിട്ടും സുഗ്രീവൻ വന്നില്ല. കോപിഷ്ഠനായ ലക്ഷ്മണൻ കിഷ്കിന്ധയിലേയ്ക്ക് പോകാൻ ഒരുങ്ങി.  അപ്പോൾ ശ്രീരാമൻ പറഞ്ഞു  അലസനായ സുഗ്രീവനെ ഒന്നു ഉണർത്തുകയല്ലാതെ ആ ഭീരുവിനെ അതിരറ്റു ഭയപ്പെടുത്തരുത്.

കിഷ്കിന്ധയിലെത്തിയ ലക്ഷ്മണന്റെ ഞാണൊലികേട്ട് എതിർക്കാനെത്തിയ ശാഖമൃഗങ്ങൾ ഭയന്നോടി.  ഞാണൊലിശബ്ദം കേട്ട് ഹനുമാൻ താരാദേവിയെ ലക്ഷ്മണസമീപം ആദ്യമയച്ചു.  സ്വാഗതം ആശംസിച്ചു എത്തിയ താരയെ കണ്ട ലക്ഷ്മണൻ   പറഞ്ഞു ദേവി! നമസ്കാരം. താര പറഞ്ഞു പുരുഷനു ഗാംഭീര്യം മാനനീയം തന്നെയാണ്.  എന്നാൽ മിത്രങ്ങളോടും സ്വന്തം വീട്ടിലും അത് ശോഭാവഹമാവുകയില്ല. ലക്ഷമണൻ പറഞ്ഞു.  ഭവതി ചാതുർമ്മാസ്യം കഴിഞ്ഞിരിക്കുന്നു.  സീതാന്വേഷണത്തിനായി ഒരുക്കങ്ങൾ ചെയ്യുകയോ സുഗ്രീവൻ വരുകയോ ചെയ്തില്ല.

താര പറഞ്ഞു കുമാരാ സുഗ്രീവന് അല്പം അലസസ്വഭാവമാണ്. അപ്പോൾ അടുത്തു വന്ന ഹനുമാനോട് താര ചോദിച്ചു മാരുതേ! കാര്യങ്ങൾക്ക് അമാന്തമുണ്ടോ? ബാലിയെ വധിച്ച ബാണം ശ്രീരാമദേവന്റെ തുണീരത്തിൽ തന്നെയുണ്ട് അതിനാൽ കിഷ്കിന്ധയും സുഗ്രീവനും ഭസ്മമായിത്തീരും.

ഹനുമാൻ പറഞ്ഞു എട്ടുദിക്കിൽ നിന്നും വാനരന്മാരെ വരുത്തിയിട്ടുണ്ട് അവർക്ക് വേണ്ടുന്ന പരീശീലനങ്ങളും നല്കി കഴിഞ്ഞു. കുമാരൻ അവരെ കാണട്ടെ. ശേഷം താരയും അംഗദനും ഹനുമാനും കൂടി ലക്ഷമണനെ കൂട്ടി സുഗ്രീവന്റെ അരമനയിലെത്തി. അവിടെ വിഭവസമൃദ്ധമായ സല്ക്കാരസാധനസമ്പത്തുക്കൾ സന്നദ്ധമാക്കിയിരുന്നു. താൻ ഈ വകയൊന്നും ഭക്ഷിക്കില്ലെന്നും പക്വങ്ങൾ മാത്രം ആര്യന് എത്തിച്ചു കൊടുത്ത് അദ്ദേഹം ഭക്ഷിച്ചതിന്റെ ഉച്ഛിഷ്ടം താൻ ഭക്ഷിച്ചു കൊളളാമെന്നും അവരെ അറിയിച്ചു.

ശേഷം വാനരസൈന്യങ്ങളെ കണ്ട ലക്ഷ്മണൻ ഹനുമാനെ അഭിനന്ദിച്ചു.  ഉടനെ തന്നെ ലക്ഷ്മണസുഗ്രീവാദികൾ ശ്രീരാമസന്നിധിയിലെത്തി. എട്ടുദിക്കിലേയ്ക്കും സീതാന്വേഷണത്തിനായി വാനരസൈന്യത്തെ നിയോഗിച്ചു. പശ്ചിമദിക്കിലേയ്ക്കൂ സുഷേണനെയും ഉത്തരദിക്കിലേയ്ക്ക് ശതവലിയെയും പൂർവ്വദിക്കിലേയ്ക്ക് വിനതനെയും ദക്ഷിണദിക്കിലേയ്ക്ക് അംഗദനേയും സൈന്യനായകന്മാരായി നിയമിച്ചു. പ്രധാന ലക്ഷ്യം ദക്ഷിണദിക്കായതുകൊണ്ട് ആ ദിക്കിലേയ്ക്ക് വിവിധ രീതിയിൽ വൈദഗ്ദ്ധ്യമുളള ഹനുമാൻ,  ജാംബവാൻ , വിവിദൻ, നളൻ, നീലൻ, കുമുദൻ മുതലായ വീരവാനരന്മാരെയും ഓരോകാര്യങ്ങളിൽ നായകന്മാരായി നിയമിച്ചു. എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നല്കി ലക്ഷ്മണസുഗ്രീവന്മാർ.

ശ്രീരാമൻ ഹനുമാനെ വിളിച്ചു രഹസ്യമായി  വിശേഷാൽ ചിലതെല്ലാം ഉപദേശിച്ചു. "സീതാന്വേഷണവിഷയത്തിൽ നീയാണ് മുൻകൈയേറ്റു പ്രവർത്തിക്കേണ്ടത്. ദേവിയുടെയും എന്റെയും ജീവൻ ഒന്നാണ്.  നീ ദേവിയെത്തിരഞ്ഞു കണ്ടു പിടിക്കണം.  അതിനുള്ള കഴിവും സന്ദർഭോചിതയുക്തിയും കർമപാടവവും നിനക്ക് സ്വയം സിദ്ധമായിത്തീരും.! കണ്ടു കഴിഞ്ഞാൽ ദേവിക്ക് വിശ്വാസം വരാൻ ഈ മുദ്രമോതിരം നല്കണം.  ചില സംലക്ഷ്യവാക്യങ്ങളും പറയാം. വനാഗമത്തിന് യാത്രചോദിച്ചപ്പോൾ ഞാനും എന്നു പറഞ്ഞു അന്തഃപുരവേഷത്തിൽ കോപമഭിനയിച്ച് പുറപ്പെടാൻ ഒരുങ്ങിയത്. വനവാസ  ആരംഭത്തിൽ കുറ്റിക്കാട്ടിൽ എത്തിയപ്പോൾ വനവാസം ഇവിടെയായാൽ മതിയല്ലോ എന്ന് ബാല്യചാപല്യം കൊണ്ട് പറയുകയുണ്ടായി. അന്തഃപുരത്തിൽ പാദം തടവികൊണ്ട് ഇരുന്നപ്പോൾ കൈയ്യിലെ മുദ്രമോതിരത്തെ ഊരിയെറിഞ്ഞു. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കരിമ്പാറയിൽ അങ്ങയുടെ പാദം സ്പർശിച്ചപ്പോൾ അത് ഒരു ലോകൈകസുന്ദരി ( അഹല്യ) യായിത്തീർന്നു.. ഈ മോതിരത്തിലെ രത്നത്തെ സ്പർശിക്കുമ്പോൾ അത് സുന്ദരിയായാലോ എന്നു പറഞ്ഞതും പൊട്ടിച്ചിരിച്ചതും . ഇവ ഞങ്ങൾ മാത്രം അറിഞ്ഞ സംഭവമാണ്. ഇതെല്ലാം പറഞ്ഞു മുദ്രമോതിരം കൊടുത്തു ഹനുമാനെ യാത്രയാക്കി. എല്ലാവരും രാമദേവനെ വണങ്ങി യാത്രക്ക് ഒരുങ്ങി. ഒരു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിത്തിരിയെവരണമെന്നും കാലാവധി കഴിഞ്ഞു ദേവിയെ കാണാതെ മടങ്ങി വരുന്നവർക്ക് കണ്ഠച്ഛേദമാണ് ശിക്ഷയെന്നും സുഗ്രീവൻ പറഞ്ഞു.  വാനരസംഘം നാലുദിക്കിലേയ്ക്കും യാത്രയായി.

തുടരും .....

No comments:

Post a Comment