ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2017

കൃഷ്ണന്‍ ഒരു കള്ളന്‍ ആണോ ?

കൃഷ്ണന്‍ ഒരു കള്ളന്‍ ആണോ ?

"കള്ള കൃഷ്ണന്‍" എന്ന പ്രയോഗം സുപരിചിതം ആണല്ലോ. എന്ത് കൊണ്ടു കൃഷ്ണന്‍ കള്ളന്‍ ആയി ?

സര്‍വലോക പരിപാലക മൂര്‍ത്തി ആയ മഹാവിഷ്ണുവിന്‍റെ ഒരേ ഒരു പൂര്‍ണ അവതാരം ആണ് കൃഷ്ണാവതാരം. "കൃഷ്ണേന ഭഗവാന്‍ സ്വയം" എന്നാണു ഭാഗവത വാക്യം. 

ഭാഗവതം വായിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാവും. ഭഗവാന്‍ തന്‍റെ അവതാരത്തില്‍ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ്‌ നവനീതം, അതായത് "വെണ്ണ". എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല . 

ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാല്‍ ആണ് ഓരോ കുഞ്ഞിന്‍റെയും ശരീര വളര്‍ച്ചയ്ക്ക് അടിസ്ഥാനം. മഹാവിഷ്ണു ക്ഷീര സാഗരത്തില്‍ ശയിക്കുന്നതിനു പിന്നില്‍ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ. അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ബാഹ്യ മായയാല്‍ അത് കേടുവന്നു പോകും. എന്നാല്‍ അതില്‍ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേര്‍ത്താല്‍ അത് ആത്മജ്ഞാന സുഖത്തിനാല്‍ കട്ട പിടിക്കുന്നു. അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാര്‍ത്ഥന ) ആകുന്ന കടക്കോല്‍ കൊണ്ട് കടഞ്ഞാല്‍ അതില്‍ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.

ഇത്രയും ചെയ്‌താല്‍ ഭഗവാന്‍ വേറെ ആരുടെയും അനുവാദം കാത്തു നില്‍കാതെ അത് വന്നു എടുത്ത്  തന്നില്‍ ലയിപ്പിക്കും. അതിനാലാണ് ഭഗവാന്‍ വെണ്ണക്കള്ളന്‍ ആയത്‌. 
ഇനി നമുക്കു ഒരു സംശയം തോന്നാം, ഭഗവാന്‍റെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ്, അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിന്‍റെ തത്വം എന്ത് ? 

നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക്‌ കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാന്‍ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങള്‍ പുതിയ ഫാഷനില്‍ കുറെ സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുന്‍പില്‍ പുതിയ ഫാഷന്‍ മാത്രം കാണിക്കുന്നു. വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാല്‍ "അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാന്‍ കൊള്ളുമോ" എന്നൊക്കെ ചോദിക്കുന്നു.

എന്നാല്‍ അന്ന് രാത്രി അവിടെ ഒരു "കള്ളന്‍" കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈന്‍ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വര്‍ണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വര്‍ണം ആണോ എന്ന് മാത്രം നോക്കി അതിന്‍റെ പുറം മോടി നോക്കാതെ അവന്‍ അത് മോഷ്ടിക്കുന്നു.

അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിന്‍റെ പുറംമോടിയോ, ധനമോ, ജാതിയോ, വര്‍ണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം 

എന്ത് കൊണ്ടു ബ്രഹ്മാവിന് ക്ഷേത്രം ഇല്ല ?

എന്ത് കൊണ്ടു ബ്രഹ്മാവിന് ക്ഷേത്രം ഇല്ല ?

സനാതന ധര്‍മ്മത്തിലെ  ത്രിമൂര്‍ത്തി സംകല്പത്തില്‍ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തി ആണ് ബ്രഹ്മാവ്‌ . നാല് വേദങ്ങളെയും തന്‍റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്‍റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും അവസാനം ബ്രഹ്മാവ്‌ പ്രളയം കാണുന്നു. ഭൂമിയിലുള്ള സര്‍വതും നശിക്കുന്നു. വീണ്ടും അടുത്ത ദിവസം പഴയത് പോലെ ബ്രഹ്മാവ്‌ സൃഷ്ടി തുടരുന്നു.
എന്നാല്‍ ഇതൊക്കെ ചെയ്യുമെങ്കിലും ബ്രഹ്മാവിന് സനാതന ധര്മത്തില്‍ പൂജാവിധികള്‍ ഒന്നും ഇല്ല . ബ്രഹ്മ ക്ഷേത്രങ്ങളും ഇല്ല
ഈ ആചാരത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും, പ്രധാനമായ വസ്തുത എന്തിന് ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്

സനാതനധര്‍മ പ്രകാരം ജനനം എന്നത് മരണം പോലെ തന്നെ ഒരു ശുഭകരമായ കാര്യം അല്ല. അതിനാലാണ് പുലയുടെ ( സ്വന്തമായ ആരെങ്കിലും മരിച്ചാല്‍ പിന്നെ 16 കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് . ഒരു വര്‍ഷത്തേയ്ക്ക് ശുഭകാര്യങ്ങള്‍ ഒന്നും പാടില്ല ) കൂടെ വാലയ്മയും ( ഒരു കുഞ്ഞു ജനിച്ചു 28 കഴിയാതെ സ്വന്തക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് ) . ഒരു ജീവിയുടെ പുണ്ണ്യ കര്‍മ്മങ്ങളും പാപ കര്‍മ്മങ്ങളും തുല്യം ആകുമ്പോള്‍ ആണ് അതിന് മനുഷ്യ ജന്‍മം ലഭിക്കുന്നത്‌. മാതാവിന്‍റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ജീവന്‍, ഇനി ഈ ജന്‍മത്തില്‍ പുണ്യ കര്‍മ്മം മാത്രം ചെയ്ത് മോക്ഷ പ്രാപ്തി നേടാം എന്ന് നിശ്ചയിക്കുന്നു . എന്നാല്‍ ഗര്ഭപത്രത്തിനു വെളിയില്‍ വരുമ്പോള്‍ അത് മായയില്‍ ലയിച്ച് വീണ്ടും ഈ ശരീരം ഞാന്‍ ആണെന്നും ഇവിടെ തന്റെ ആയി കാണുന്നതെല്ലാം താന്‍ സമ്പാദിച്ചതാനെന്നും കരുതി അഹങ്കരിച്ചു ജീവിക്കുന്നു. ആ സമയത്ത് ഏതെങ്കിലും നവ ഭക്തി ഭാവങ്ങളിലൂടെ ( ശ്രവണം , കീര്‍ത്തനം , സ്മരണം , പാദസേവനം,അര്ചനം , വന്ദനം , ദാസ്യം , സഖ്യം , ആത്മനിവേദനം ) പരമ പുരുഷനെ പ്രാപിച്ചു മോക്ഷം പ്രാപിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും ലക്‌ഷ്യം. അതിനിടയില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു ഇനി ഒരു ജന്മം കൂടെ നേടുക എന്നത് മാനുഷ ധര്‍മ വ്യതിചലനം ആയതിനാല്‍ ആയിരിക്കണം ബ്രഹ്മാവിന് ക്ഷേത്രം ഇല്ലാതെ പോയത്

മുപ്പത്തുമുക്കോടി ദൈവങ്ങള്‍

ഹിന്ദു മതത്തില്‍ എന്ത് കൊണ്ട് ആണ് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ?

ഹിന്ദു മതത്തെക്കുറിച്ച് അധികം അറിവ് ഇല്ലാത്ത മനുഷ്യര്‍ ചിന്തിക്കാറുണ്ട്‌. എന്തുകൊണ്ട് മറ്റു മതങ്ങള്‍ എല്ലാം ഒരേ ഒരു ദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍, ഹിന്ദുക്കള്‍ മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന്.

സത്യത്തില്‍.. ഹിന്ദു മതവും ഏക ദൈവ മതം ആണ്. ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു

ഉദാഹരണത്തിനു,

പാത്രം , കുടം , ചട്ടി , പ്രതിമ എന്നിവ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കളിമണ്ണ് കൊണ്ടാണ്. പക്ഷെ ആരെങ്ങിലും അവയെ കളി മണ്ണ് എന്ന് വിളിക്കാറുണ്ടോ ? അവയുടെ രൂപത്തിന് അനുസരിച്ച് അവയ്ക്ക് വേറെ വേറെ പേരുകള്‍ നല്‍കിയിരിക്കുന്നു . അത് പോലെ എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ സ്വരൂപം ആണെന്കിലും ഓരോ ഭക്തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ട ദൈവത്തെ പല പേര്‍ വിളിച്ചു ധ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദു മതം നല്കുന്നു

എല്ലാവരും ധരിച്ചിരിക്കുന്നത്‌ മുപ്പത്തുമുക്കോടി ദൈവങ്ങള്‍ എന്ന് വച്ചാല്‍
1) വിഷ്ണു
2) ശിവന്‍
3) മുരുകന്‍
എന്നിങ്ങനെ എണ്ണി മുപ്പത്തുമുക്കോടി ദൈവങ്ങള്‍ തികയുന്നു എന്നതാണ് .. എന്നാല്‍ ഇതു ശരിയല്ല

മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ്. വേദകാലത്ത്‌ ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ. അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക. അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ്. അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര്‍ ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു.

ലോകത്തിനു നന്മ ചെയ്തു അസുരനില്‍ നിന്നു മനുഷ്യനായും മനുഷ്യനില്‍ നിന്നു ദേവനായും എല്ലാവരും മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

ആരാണ് ബ്രാഹ്മണന്‍ ?

അബ്രാഹ്മണന്‍മാര്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍മാരായി വരുന്നത് ന്യായീകരിക്കാമോ ?

ഈ കാര്യത്തില്‍ സനാതനന് പൂര്‍ണമായും വിയോജിപ്പ് ആണ് , ഒരിക്കലും ഒരു അബ്രാഹ്മണന്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍ മാരായി വന്നു കൂട .. പോരാത്തതിന് ബ്രാഹ്മണന്‍ മാര്‍ക്ക് സമൂഹത്തില്‍ പ്രബല സ്ഥാനം നല്കി ആദരിക്കുകയും വേണം .. മാത്രമല്ല ബ്രാഹ്മണ മേധാവിത്വം സമൂഹത്തില്‍ നിലനില്‍ക്കുകയും .. പുനസ്ഥാപിക്കുകയും വേണം ..

പക്ഷെ...
ഒരു ചോദ്യം അവശേഷിക്കുന്നു..
ആരാണ് ബ്രാഹ്മണന്‍ ?

ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ?

2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?

കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ?

അല്ലേ.... അല്ല

"ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്" എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത് .. നിര്‍ഭാഗ്യവശാല്‍ ഇതു എപ്പോഴും ഹിന്ദു മതത്തെ പഴി ചാരാനാണ് യുക്തിവാദികളും മറ്റ് പല മത നേതാക്കളും ഉപയോഗിച്ചിട്ടുള്ളത് . എന്നാല്‍ ഈ വാക്യത്തിന്‍റെ യഥാര്ത്ഥ പൊരുള്‍ ആരും അറിയുന്നില്ല .. അറിയാന്‍ ശ്രമിക്കാറില്ല അതിനാല്‍ ഈ വാക്യം സനാതന ധര്‍മ്മത്തെയും അതിലൂടെ ഭാരത സംസ്കാരത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അത് വഴി അവരില്‍ തെറ്റിധാരണകളുടെ വിത്തുകള്‍ പാകാനും സഹായകമാകുന്നു

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം, സഹിഷ്ണുതസമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ്.. അവന്‍ ആണ് ബ്രാഹ്മണന്‍.. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം 

ചില സത്വ ഗുണങ്ങളും ക്ഷമ, ധീരത, ബുദ്ധി, ഭരണശേഷി, മുന്‍കോപം, എടുത്തുചാട്ടം, എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും, പണത്തിനോടുള്ള അത്യാര്‍ത്തിയും, അസൂയ, കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന്‍ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍  സഹജീവികളെ ഹിംസിക്കുക, മോഷണം, എപ്പോഴും കളവു പറയുക, പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം, അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാല്‍ കലികാലത്തിന്റെ മൂര്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി "കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും, ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു . 

എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ, ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍.... അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍... ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു.. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.

എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ്. എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ. ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു, മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍, മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും, 1 ഇതിഹാസവും, ഭാഗവതവും, ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍, കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി, അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍, മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം.

ഇതൊക്കെ ആണെങ്ങിലും ബ്രാഹ്മണര്‍ ആയി പിറന്ന് ബ്രാഹ്മണര്‍ ആയി കര്‍മങ്ങള്‍ അനുഷ്ടിച്ചു, ബ്രാഹ്മണര്‍ ആയി മരിച്ച എത്രയോ നല്ല മനുഷ്യരും ഈ ഭാരതത്തില്‍ ജീവിച്ചിരുന്നു

നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ.. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ  ബ്രാഹ്മണ ശൂദ്രന്മാരെ എന്നെന്നേയ്ക്കുമായി നമുക്കു ക്ഷേത്രങ്ങളില്‍ നിന്നു പുറത്താക്കാം.. പകരം ശൂദ്ര ബ്രാഹ്മണന്‍മാരെ പരിഗണിക്കാം .. എങ്ങിനെ വന്നാലും ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു.. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന്‍ ആവാന്‍ ...

27 March 2017

ദുഷ്യന്തൻ

ദുഷ്യന്തൻ

ചന്ദ്രവംശത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്.

വംശാവലി

വിഷ്ണുവിൽ നിന്ന് അനുക്രമമായി ബ്രഹ്മാവ് - അത്രി - ചന്ദ്രൻ - ബുധൻ - പൂരൂരവസ്സ് - ആയുസ്സ് - നഹുഷൻ - യയാതി - പൂരു - ജനമേജയൻ - പ്രാചിന്വാൻ - പ്രവീരൻ - നമസ്യു - വീതഭയൻ - ശുണ്ഡു - ബഹുവിധൻ - സംയാതി - രഹോവാദി - രൗദ്രാശ്വൻ - മതിനാരൻ - സന്തുരോധൻ - ദുഷ്യന്തൻ

മതിനാരന് സന്തുരോധനെന്നും പ്രതിരഥനെന്നും രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. സന്തുരോധന്, ദുഷ്യന്തൻ, പ്രവീരൻ, സുമന്തൻ എന്ന് മൂന്ന് പുത്രന്മാർ ജനിച്ചു.

പ്രതിരഥനിൽനിന്ന് കണ്വനും കണ്വനിൽനിന്ന് മേധാതിഥിയു ജനിച്ചു.

[അഗ്നിപുരാണം, ഭാഗവതം, വിഷ്ണുപുരാണം ഈ മൂന്നു ഗ്രന്ഥങ്ങളും ചേർത്തുവച്ചു കൊണ്ടുള്ള വംശാവലിയാണ് മേൽകൊടുത്തിരിക്കുന്നത്. എന്നാൽ ദുഷ്യന്തന്റെ അച്ഛന്റെ പേര് ഈളിൻ എന്നും അമ്മയുടെ പേര് രഥന്തരി എന്നുമായിരുന്നതായി മഹാഭാരതം ആദിപർവ്വം 94ാം അദ്ധ്യായം 17ാം പദ്യത്തിൽ പ്രസ്താവിക്കുന്നു. സന്തുരോധനും ഈളിനും ഒരാൾ തന്നെ എന്ന് നമ്മുക്ക് അനുമാനിക്കാം...

രാജ്യഭരണം

ദുഷ്യന്തൻ ചുരുങ്ങിയ കാലംകൊണ്ട് ഭാരത ചക്രവർത്തിയായിത്തീർന്നുവെന്ന് മ. ഭാ ആദിപർവ്വം 68ാം അദ്ധ്യായം 3ാം പദ്യത്തിൽ പ്രസ്താവിക്കുന്നു. ദുഷന്തന്റെ രാജ്യഭരണം അസൂയാർഹമായിരുന്നു. രാജ്യം സമുദ്രതീരം വരെ വിസ്തൃതമായിരുന്നു. ചതുർ വർണ്ണജനങ്ങളും സമ്പൽസമൃദ്ധായോടുകൂടി കാലയാപനം ചെയ്തിരുന്നു. രോഗഭയമോ ചോരഭയമോ നാട്ടിൽ ഇല്ല. മേഘങ്ങൾ കാലാകാലങ്ങളിൽ മഴപെയ്യിച്ചു. അങ്ങനെ,
" ആഴി പോലെ കലങ്ങാത്തോൻ
ഊഴിപോലെ സഹിപ്പവൻ"
ആയി ദുഷ്യന്തൻ ഭാരത സംരക്ഷണം ചെയ്തു പോന്നു [മ. ഭാ. ആദിപർവ്വം 68ാം അദ്ധ്യായം]

വിവാഹവും പുത്രജനനവും

ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു. ശകുന്തളയുടെ അംഗലാവണ്യത്തിൽ ആകൃഷ്ടനായ രാജാവ് അവളുടെ പൂർവ്വചരിത്രങ്ങളെല്ലാം ചോദിച്ചു. വിശ്വാമിത്രൻ മേനകയക്കണ്ട് കാമിച്ചതും അവർക്കു ജനിച്ച പുത്രിയെ കണ്വൻ എടുത്തു വളർത്തിയതും മറ്റുമായ കഥകൾ അവൾ രാജാവിനെ പറഞ്ഞു കേൾപ്പിച്ചു. രാജാവിനെ അവളിൽ ഉറച്ച അനുരാഗം അങ്കുരിച്ചു. ധർമ്മശാസ്ത്രത്തിലെ വിധി അനുസരിച്ച് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം  ശകുന്തളയെ വിവാഹം കഴിച്ചു. വിവാഹ സമയത്ത് എന്നിൽ ഉണ്ടാകുന്ന പുത്രൻ അങ്ങേക്കു ശേഷം രാജാവാകണം എന്നൊരു വ്യവസ്ഥ ശകുന്തള ഉന്നയിക്കുകയും രാജാവ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. മഹര്‍ഷി ഉള്ളപ്പോള്‍ ചതുരംഗപ്പടയോടോപ്പം മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല. “”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി. ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി. [മ. ഭാ. ആദി പർവ്വം 69 മുതൽ 74 വരെ അദ്ധ്യായങ്ങൾ]

മരണാനന്തരം ദുഷ്യന്തൻ യമസഭയിൽ വസിച്ച് യമനെ ഉപാസിച്ചു കൊണ്ടിരിക്കുന്നു. [മ. ഭാ. സഭാപർവ്വം 8ാം അദ്ധ്യായം 15ാം പദ്യം]