ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-07

കമ്പരാമായണം കഥ

അദ്ധ്യായം :-07

ബാലകാണ്ഡം തുടർച്ച...

അപുത്രത്വം പരിഹരിക്കാൻ ദശരഥമഹാരാജാവ് കേകേയ രാജകുമാരിയായ കൈകേകിയേയും പിന്നീട് കാശി രാജകുമാരിയായ സുമിത്രയേയും പരിഗ്രഹിച്ചു.  എന്നിട്ടും അപുത്രത്വം അദ്ദേഹത്തെ വിട്ടു പിരിഞ്ഞില്ല.  അതിൽ നിരാശനായ മഹാരാജാവ് ഉന്മേഷശൂന്യനായി രാജ്യഭരണവിഷയങ്ങളിൽ സാരമായ മാന്ദ്യം വരുത്തി തുടങ്ങി. ഈ ദുർബലത പരിഹരിക്കുന്നതിന് വസിഷ്ഠ മഹർഷി ദശരഥന് ചില നിർദ്ദേശങ്ങൾ നൽകി.  ആ നിർദേശാനുസരണം കാട്ടിലേക്ക് നായാട്ടിനു പുറപ്പെട്ട രാജാവ് ഒറ്റപ്പെട്ട ഒരു നദീ തീരത്ത് എത്തി. രാജാവ് നദിയിൽ കാട്ടാന വെള്ളം കുടിക്കാൻ എത്തും എന്ന് കരുതി ഇടതിങ്ങിയ ഒരു നികുഞ്ചമദ്ധ്യത്തിൽ ഒളിഞ്ഞ് പതുങ്ങിയിരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ "കുടുകുടാ" എന്നൊരു ശബ്ദം കേൾക്കാൻ ഇടയായി.  കാട്ടാന തുമ്പിക്കൈയിൽ വെള്ളം വലിച്ചുകയറ്റുന്ന ശബ്ദമാണെന്ന് കരുതി  നാഥലക്ഷ്യവേധിയായ ആ മൃഗയാവിദഗ്ധൻ, ലക്ഷ്യം സന്ദർശിക്കാതെ ശബ്ദലക്ഷ്യം നിർണയിച്ച്, അതിനൊത്തവണ്ണം ബാണമയച്ചു. പെട്ടെന്ന് "ഹാ! ഹതോഹം; ഹതോഹം"  എന്ന ദീനവിലാപമാണ് കേട്ടത്.  ശബ്ദംകേട്ട സ്ഥാനത്തെത്തിയ ദശരഥൻ  വെള്ളം നിറച്ച ഒരു കുടവുമായി ഒരു താപസകുമാരൻ നദിയുടെ അരികിൽ മാറിൽ അമ്പേറ്റ് കിടക്കുന്നതായി കണ്ടു.  രാജാവിൻറെ പശ്ചാത്താപ പരിഭ്രാന്തി കണ്ട താപസകുമാരൻ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി.  കുമാരൻറെ നിർദ്ദേശമനുസരിച്ച് ദശരഥൻ വൃദ്ധ മാതാപിതാക്കൾക്ക് വെള്ളം കൊണ്ട് കൊടുത്തു. വിവരം അറിഞ്ഞ വൃദ്ധർ "പുത്ര വിയോഗസന്താപത്താൽ നിനക്കും അന്ത്യകാലത്ത് മൃതി ഭവിക്കട്ടെ "എന്ന് ശപിച്ചു ഭാര്യയോടുകൂടി അഗ്നികുണ്ഡത്തിൽ ആത്മാഹൂതി ചെയ്തു. ഈ ശാപം ഒരുതരത്തിൽ സന്താപ കാരണമാണെങ്കിലും മറ്റൊരുവിധത്തിൽ സന്തോഷദായകവും ആയിരുന്നു. പുത്രയോഗം സംഭവിച്ചെങ്കിലല്ലാതെ പുത്രവിയോഗം ഉണ്ടാകാനിടയില്ലല്ലോ. അതുകൊണ്ട് ഈ ശാപത്തിൽ പുത്രയോഗമെന്ന അനുഗ്രഹവും അടങ്ങിയിരിക്കുന്നു.

ദശരഥന്റെ  പ്രഥമ നാമം നേമി എന്നായിരുന്നു ശംബരൻ എന്ന അസുരൻ സ്വർഗ്ഗത്തെ ആക്രമിച്ചപ്പോൾ ദേവഗണങ്ങളെ നിശേഷം ജയിച്ച സ്വർഗ്ഗം സ്വന്തമാക്കിയപ്പോൾ,  ദേവരാജൻ നേമിയുടെ അടുക്കൽ അഭയം തേടി എത്തി. ഇന്ദ്രന് അഭയ വാഗ്ദാനം കൊണ്ട് ആശ്വസിപ്പിച്ചശേഷം സത്യസംരക്ഷകനായ ഭൂമീന്ദ്രൻ കൈകേകിയും ഒന്നിച്ച് സ്വർഗ്ഗത്തിൽ ചെന്ന്  അസുരസൈന്യങ്ങളെ എല്ലാം അരയാമം  കൊണ്ട് കൊന്നൊടുക്കി.  ഇത് കണ്ട് മായാപടുവായ ശംബരൻ,  പത്തു രൂപമെടുത്ത് 10 ദിക്കുകളിൽനിന്നും  ഏക യോദ്ധാവായ നേമിയെ ആക്രമിച്ചു. ഈ വിഷമതരണത്തിൽ താൻ തന്നെ  സാരഥ്യവും കൂടി ഏറ്റെടുത്തു 10 ദിശകളിലേക്കും ഏകകാലത്ത് രഥത്തെ ചുറ്റിക്കറക്കി അസുരന്മാരെ കൊന്നൊടുക്കി.  ഈ അത്ഭുതപ്രകടനത്തിൽ സന്തുഷ്ടനായ ഇന്ദ്രൻ അനേകം പാരിതോഷികങ്ങളും ദശരഥൻ എന്ന ബിരുദനാമവും മഹാരാജാവിനു കൽപ്പിച്ചു കൊടുത്തു.  ഇങ്ങിനെയാണ് നേമി " ദശരഥ"നായത്.

ശംബരന്മാരോട് സർവാഭിമുഖമായി തേരുപയോഗപ്പെടുത്തിയപ്പോൾ ഉലച്ചിൽ നിമിത്തം അച്ചുതണ്ടിന്റെ കീലകം ഇളകിപ്പോകാൻ തുടങ്ങി. ഇത് കണ്ട് കൈകേയി, അത് അതിൻറെ സ്ഥാനത്തു തള്ളിയിട്ട് അമർത്തിപ്പിടിച്ച് തേരിനു കേടുതട്ടാതെ സൂക്ഷിച്ചു കൊണ്ടിരുന്നു. ഈ സാഹസസഹായം തിരിച്ചറിഞ്ഞ് മഹാറാണിക്ക് ദശരഥൻ രണ്ടിഷ്ടവരം വാഗ്ദാനം ചെയ്തു . ആ വരം രണ്ടും  വേണ്ടുന്ന  കാലത്ത് വാങ്ങി കൊള്ളാമെന്ന് കൈകേയി  തന്നെ അറിയിച്ചു.

ബ്രഹ്മശ്രിയായ ശ്രീവസിഷ്ഠൻ "ദിങ്ങ്മന്ത്രം"  ജപിച്ച് സിദ്ധി വരുത്തിയ തീർത്ഥജലം തളിച്ചത് കൊണ്ട് ഗിരി-  സാഗര-ഗ്രഹ-   ഗോളാദികളുടെ തടസ്സമൊന്നുമില്ലാതെ പത്തുദിക്കുകളിലും  സഞ്ചരിക്കാവുന്ന രഥമുള്ളതുകൊണ്ട് " ദശരഥ"  നാമം അന്വർത്ഥകമാണെന്ന പ്രസ്താവവും പ്രസിദ്ധമായിത്തീർന്നിട്ടുണ്ട്.

പുത്രലാഭത്തിനുവേണ്ടി ദശരഥൻ പല യാഗങ്ങൾ പല ദാനങ്ങളും ജപങ്ങളും പൂജയും ജപം നടത്തി.  ഒരുനാൾ വസിഷ്ഠമഹർഷി രാജാവിനോട് ഇപ്രകാരം പറഞ്ഞു ഉത്താനപാദ രാജാവിൻറെ പുത്രനായ ലോമപാദൻ ഭരിച്ചുപോരുന്ന അംഗരാജ്യത്ത് വളരെക്കാലം വർഷമില്ലാതെ ജനങ്ങളും രാജാവും വിഷമസ്ഥിതിയിലായി.  ദിവ്യമഹാത്മാവായ ഋശ്യശൃംഗമഹർഷിയുടെ പാദസ്പർശമുണ്ടായാൽ മാത്രമേ ഇവിടെ മഴയുണ്ടാകയുളളു.  അതിനാൽ  അവിടെ  ഋശ്യശൃംഖനെ കൊണ്ടു വന്നു മഴയുണ്ടായി.  ലോമപാദൻ തന്റെ പുത്രിയെ ഋശ്യശൃംഗന് വിവാഹം ചെയ്തു കൊടുത്തു.  ആ ഋശ്യശൃംഗനെ കൊണ്ട് വന്ന് പുത്രകാമേഷ്ടിയാഗം നടത്തിയാൽ ദശരഥ രാജന് പുത്രന്മാർ ലഭിക്കുമെന്ന് പറഞ്ഞു.

കശ്യപപുത്രനായ വിഭാണ്ഡന്റെ പുത്രനാണ് ഋഷ്യശൃംഗൻ. വിഭാണ്ഡകൻ പുത്രനെ ഏകാന്തതയിലാണ് വളർത്തിയത്. ശാസ്ത്രം,  വേദം,  വേദാന്തം ഇവയെല്ലാം അതിനിപുണനായ മുനിപുത്രൻ അഭ്യസിച്ചു.  തപോനിഷ്ഠകൊണ്ട്  താരുണ്യത്തിൽത്തന്നെ ആത്മചൈതന്യവും ദിവ്യമഹിമയും ഋശ്യശൃംഗനിൽ വർദ്ധിച്ചുവന്നു.  ഇവയ്ക്കൊന്നും അല്പമെങ്കിലും ഹാനിവരുത്തിയേക്കാവുന്ന സ്ത്രീദർശനം തീരെ സംഭവിക്കാത്ത നിലയിലാണ് വിഭാണ്ഡകൻ  പുത്രനെ നിയന്ത്രിച്ചു സൂക്ഷിച്ചു പോന്നത്.  ലോമപാദ മഹാരാജാവിന് ദത്ത് പുത്രിയായ ശാന്തയും സുന്ദരിമാരായ തോഴിമാരും സ്വാദുള്ള കുറെ പലഹാരങ്ങളും മധുര പാനീയവും കൊണ്ട് വിഭാണ്ഡകൻ സത്യലോകത്ത് പോയ സമയത്ത് ഋശ്യശൃംഗനു മുന്നിലെത്തി.  ഇതുവരെ താൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രൂപമാധുര്യമുള്ള  യുവതികളെ ദർശിച്ച മാത്രയിൽത്തന്നെ ഋശ്യശൃംഗൻ അത്ഭുതസ്തബ്ധനായി തീർന്നു.  അംഗവനത്തിലെ  മുനികുമാരന്മാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ കന്യകമാരുടെ കയ്യിൽ നിന്നും പക്വങ്ങളും ജലവും ആസ്വദിച്ചു.  ലൗകികം അറിയാത്ത യുവ യോഗി പലഹാരം തിന്നാനും ജലം കുടിക്കാനും ആരംഭിച്ചു.  ആഹാരത്തിൻറെ രുചിയിലും കന്യകമാരുടെ നൃത്തത്തിലും  ഗാനത്തിലും ആനന്ദം അനുഭവപ്പെട്ട   മാധുര്യസാരസർവസ്വം നിറഞ്ഞ സന്തോഷം  രസിച്ചിരുന്ന പോയി.  ഈ പരമാനന്ദം ലഭിക്കാനായി ഋഷ്യശൃംഗൻ കന്യകമാരോടൊപ്പം പുറപ്പെട്ടു

മഹാത്മവായ ഋശ്യശൃംഗന്റെ പാദസ്പർശം ഉണ്ടായപ്പോൾ നാട്ടിൽ എല്ലാം നല്ല മഴ പെയ്യാൻ തുടങ്ങി.  ലോമപാദൻ മഹർഷിയെ എതിരേറ്റ് രാജധാനിയിൽ കൊണ്ടുപോയി.  വേണ്ടും വണ്ണം സത്ക്കരിച്ചു. ശേഷം പ്രിയ പുത്രിയെ അദ്ദേഹത്തിൻറെ ഹിതപ്രകാരം ധർമ്മപത്നിയായി അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തു.

ദശരഥ മഹാരാജാവിന്റെ ആത്മസുഹൃത്തായ അംഗരാജാവിൻറെ ദത്ത് പുത്രിയായ ശാന്തകുമാരി ദശരഥ പുത്രി ആയതിനാൽ ഋശ്യശൃംഗന്റെ ശ്വശുരനുമാണ്.   അതിനാൽ അദ്ദേഹത്തെ പുത്രകാമേഷ്ടി യാഗം നടത്താൻ  ആനയിക്കാൻ വസിഷ്ഠമഹർഷി ആവശ്യപ്പെട്ടു.  ദശരഥൻറെ അപേക്ഷപ്രകാരം ഋഷ്യശൃംഗൻ ശാന്തയോടും  ശ്വശൂരനോടും കൂടി അയോദ്ധ്യയിൽ വന്നുചേർന്നു.  വസിഷ്ഠനിർദ്ദിഷ്ടമായ ശുഭമുഹൂർത്തത്തിൽ ഉദ്ദിഷ്ടമായ യാഗം ആരംഭിച്ചു.  ദശരഥൻ പ്രയോജകൻ,  വസിഷ്ഠൻ പ്രബോധകൻ,  സുമന്ത്രൻ പ്രസാദകൻ,  ഋശ്യശൃംഗൻ  പ്രവർത്തകൻ, ഈ പട്ടിക യാഗ നിർവാഹകരുടേതാണ്.  യാഗാവസാനം ദേവാമൃതമയമായ പായസം നിറഞ്ഞ ഒരു കനകപാത്രം യാഗാഗ്നിയിൽ നിന്നും ഉയർന്ന    ദിവ്യജ്യോതിസ് ഋശ്യശൃഗനു മുന്നിൽ നിക്ഷേപിച്ചു.   മന്ത്രജപത്തോടു കൂടി അത് മഹർഷി  ദശരഥനെ ഏൽപ്പിച്ചു.  മഹർഷി നിർദ്ദിഷ്ടമായ രീതിയിൽ പായസം പകുത്ത് പത്നിമാർക്ക്  കൊടുത്തു. അപത്യപ്രാർത്ഥിനികളായ  ആ രാജപത്നിമാർ  ഭക്തിപൂർവ്വം അമൃതം പോലെ അത് വാങ്ങി ഭക്ഷിച്ചു.

തുടരും .....

No comments:

Post a Comment