കമ്പരാമായണം കഥ
അദ്ധ്യായം :-25
കിഷ്ക്കിന്ധകാണ്ഡം തുടർച്ച...
ദക്ഷിണദിഗ്ഭാഗങ്ങളിലേയ്ക്ക് പുറപ്പെട്ട അംഗദഹനുമജ്ജാംബവാദാദികൾ, നാനാനഗരങ്ങളും നാടുകളും കാടുകളും മേടുകളും തോടുകളും പാടങ്ങളും കുടിലുകളും ഗിരികളും ഒന്നുമൊന്നുമൊഴിയാതെ പരിശോധിച്ചുപരിശോധിച്ച് ദാഹിച്ചു വലഞ്ഞ് ഒരു മൈതാനത്തിലെത്തി. അപ്പോൾ ദൂരെയൊരിടത്ത് പക്ഷികൾ പറന്നു പൊങ്ങി. അവയുടെ ചിറകിൽ നിന്നും വെളളത്തുളളികൾ ഇറ്റിറ്റുവീഴുന്നതുകണ്ട് ആ ഗുഹയ്ക്കകത്ത് വെളളമുണ്ടായിരിക്കുമെന്ന് കരുതി അതിലേയ്ക്കിറങ്ങി. വളരെവിഷമിച്ച് സ്വവസതിയിൽ വന്നെത്തിയ വാനരന്മാരെ ഒരു തരുണീമണി സ്വാഗതമരുളി സ്വീകരിച്ച്, പക്വകന്ദഫലമൂലാദികൾ കൊണ്ടും മധുരമധുപാനിയങ്ങൾ കൊണ്ടും കുളിർത്തെളിഞ്ഞത്തണ്ണീർ കൊണ്ടും സൽക്കാരം നടത്തി. വാനരന്മാരുടെ അപേക്ഷ പ്രകാരം ആ യുവതി തന്നെക്കുറിച്ച് പറഞ്ഞു.
നാകലോകത്തിലെ വാരവധുവായ രംഭാദേവിയുടെ ദാസിയായ സ്വയംപ്രഭയാണ് താൻ എന്ന് പറഞ്ഞു. ചാതുരസ്യൻ എന്ന ഒരസുരവീരൻ രംഭയെ അദ്ദേഹത്തിനു സ്വാധീനപ്പെടുത്തിക്കൊടുക്കാൻ സ്വയംപ്രഭയെ ഏർപ്പാടു ചെയ്തു. അസുരൻ ദൈത്യശില്പി മയനെ കൊണ്ട് ഈ ഉദ്യാനനഗരി പണികഴിപ്പിച്ചു. ഇവിടെ അസുരപ്രവരനും രംഭാദേവിയും സ്വയംപ്രഭയും മാത്രമായി താമസിച്ചു. സഹസ്രാക്ഷൻ ഈ വിവരമറിഞ്ഞ് ഇവിടെ വന്നു ചതുരാസ്യനെക്കൊന്ന് രംഭാദേവിയെ വീണ്ടെടുത്തുകൊണ്ടുപോയി. അസുരന് ഒത്താശ ചെയ്തു കൊടുത്തിന് ഏകാകിനിയിയി ഇവിടെ താമസിക്കാൻ ശപിക്കുകയും ചെയ്തു. ശാപമോഷത്തിന് യാചിച്ചപ്പോൾ അനേകായിരം കൊല്ലം കഴിഞ്ഞു ശ്രീരാമപത്നിയായ സീതയെ അന്വേഷിച്ച് വാനരസംഘം ഇവിടെ വന്നുചേരുമെന്നും ആഹാരാദികൾ കൊടുത്ത് അവരെ സൽക്കരിക്കണമെന്നും അനന്തരം ഇവിടം വിട്ടു രാമദേവനെക്കണ്ട് സ്വർഗ്ഗത്തിലേക്കു പോന്നുകൊൾക എന്നും ഇന്ദ്രൻ ശാപമോക്ഷം നല്കി. ഇനി ഞാൻ ( സ്വയംപ്രഭ ) ഇവിടെ വിട്ട് പോവുകയാണ് അതിനുമുൻപ് നിങ്ങളെ മൈതാനത്തിൽ എത്തിക്കാം. എല്ലാവരും കണ്ണടച്ചുനില്ക്കുക. വാനരരെ മൈതാനത്തിൽ എത്തിച്ചശേഷം സ്വയംപ്രഭ ശ്രീരാമസന്നിധിയിലെത്തി രാമനെ സ്തുതിച്ചു നമസ്ക്കരിച്ചശേഷം സ്വർഗ്ഗത്തിലേയ്ക്ക് പോയി
വനമൈതാനത്തിലെത്തിയ വാനരസംഘങ്ങൾ വീണ്ടും തെക്കോട്ട് സഞ്ചരിച്ച്, മഹേന്ദ്രഗിരിയിലെത്തിച്ചേർന്നു. അവിടമെല്ലാം പരിശോധിച്ചശേഷം തെക്കേപാർശ്വത്തിൽ കടന്നപ്പോൾ അവിടെ ദക്ഷിണമഹാസമുദ്രം കണ്ട് അത്ഭുതസ്തബ്ധരായി. ഇനിയെന്താണ് ഗതിയെന്ന് ചിന്തിച്ചു അവിടെ നിലയായി.
ദക്ഷിണദിക്കിലേയ്ക്കുളള ഭൂഭാഗമെല്ലാം സഞ്ചരിച്ച് മഹാസമുദ്രത്തിനു മുന്നിൽ എത്തി. കാലം എത്ര കഴിഞ്ഞു പോയി എന്നുമറിയില്ല ദേവിയെ കണ്ടെത്താൻ കഴിഞ്ഞതുമില്ല. രാജശാസനം അത്യുഗ്രമാണ്. ആ സ്ഥിതിക്ക് കാലാവധി കഴിഞ്ഞു നാം തിരിച്ചെത്തിയാൽ മരണം സുനിശ്ചിതമാണ്. ഉഗ്രാനുശാസകന്റെ ഖൾഗപാതമേറ്റു മരിക്കുന്നതിനേക്കാൾ ദേവിയുടെ അന്വേഷണബുദ്ധിയിൽ ദേവസ്മരണയോടുകൂടി അനശനവ്രതം സ്വീകരിച്ച് ഈ പർവ്വതതാഴ്വരയിൽ മഹാസമുദ്രക്കരയിൽ കിടന്നു ചരമം വരിക്കുന്നതാണ് ഉൾഗതിക്ക് ഉത്തമമായത് എന്നു തീരുമാനിച്ച് വാനരരെല്ലാം അവിടെ മരണശയനം ആരംഭിച്ചു.
തുടരും .....
No comments:
Post a Comment