ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 October 2021

മനുഷ്യ ചൈതന്യത്തിൽ ദേവിയുടെ ഭാവങ്ങൾ

മനുഷ്യ ചൈതന്യത്തിൽ ദേവിയുടെ ഭാവങ്ങൾ

സുരഥസമാധികൾ ഋഷി മുഖത്തുനിന്നും  ദേവിമഹാത്മ്യ ശ്രവണം തുടരുന്നു.....

മഹിഷാസുരനിൽ നിന്നും ദേവന്മാരെ രക്ഷിച്ച ദേവിയെ ഇന്ദ്രാദികൾ സ്തുതിക്കുന്നു. "ലോകമാതാവേ ബ്രഹ്മവിഷ്ണുമഹേന്ദ്രന്മാർക്ക് പോലും അങ്ങയുടെ പ്രഭാവം വർണ്ണിക്കാൻ ആവുന്നില്ല. ലോകനന്മയ്ക്കും അശുഭ നാശത്തിനും രൂപംകൊണ്ട അങ്ങ് സുകൃതികൾ മന്ദിരത്തിൽ ശ്രീദേവിയായി കുടികൊള്ളുന്നു. പണ്ഡിതന്മാരുടെ ഉള്ളിൽ ബുദ്ധിയായും പുണ്യാത്മാക്കളുടെ ഉള്ളിൽ ശ്രദ്ധയായും നല്ല കുലത്തിൽ ജനിച്ചവരുടെ മനസ്സിൽ ലജ്ജയായും അങ്ങ് കുടികൊള്ളുന്നു. ഇതുപോലെ എന്നും ആപത്തിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ. അങ്ങയുടെ മഹത്വകഥകൾ കേൾക്കുന്ന ചൊല്ലുന്ന മനുഷ്യർക്ക് സങ്കടം തീർത്തു സമ്പത്ത് നൽകേണമേ"

പണ്ട് ശുംഭനിശുംഭന്മാർ എന്ന രണ്ട് അസുരന്മാർ ബ്രഹ്മദേവനെ തപസ്സ് ചെയ്തു ഇന്ദ്രാധികാരവും, സൂര്യാധികാരവും, ചന്ദ്രാധികാരവും എല്ലാം അടക്കി വാണു. എല്ലാ ലോകങ്ങളും യജ്ഞ ഭാഗങ്ങളും അവർ കൈയ്യടക്കി. രാജ്യം നഷ്ടപ്പെട്ട ദേവേന്ദ്രൻ പ്രശ്നപരിഹാരത്തിന് ബ്രഹ്മദേവനോടുകൂടി ദേവിയെ സ്മരിക്കാൻ തുടങ്ങി. "കാലാകാലങ്ങളിൽ ഞങ്ങളെ ആപത്തിൽ നിന്നും രക്ഷിച്ച അങ്ങ് ഈ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. മനുഷ്യരുടെ ഉള്ളിൽ ചൈതന്യമായി കുടികൊള്ളുന്ന അമ്മയുടെ മഹാത്മ്യം എത്ര വർണ്ണിച്ചാലും മതിയാവുകയില്ല. മനുഷ്യമനസ്സുകളിൽ ഏതെല്ലാം രൂപത്തിൽ അങ്ങ് കുടികൊള്ളുന്നു. അങ്ങനെയുള്ള ദേവിക്ക് നമസ്കാരം

1. വിഷ്ണുമായ :

നമ്മളിൽ എല്ലാ ചലനങ്ങളും ഉണ്ടാക്കുന്നത് ദേവിയുടെ മായയാകുന്നു. ഈ ചൈതന്യം നമ്മളിൽ കുടികൊള്ളുന്നില്ലെങ്കിൽ നമ്മൾ ചലനമില്ലാത്ത ജീവൻ ആയി മാറുന്നു

2. ചേതന :

ഭാഗവതം നാലാം സ്കന്ധം ഒമ്പതാം അദ്ധ്യായം ആറാം ശ്ലോകത്തിൽ ധ്രുവസ്തുതിയിൽ പറയുന്നത് "ഏതൊരു ചൈതന്യമാണ് എന്നിൽ കുടികൊള്ളുന്നതും അവയവങ്ങളുടെ ചലനം ഉണ്ടാക്കുന്നതും ആ ചൈതന്യത്തെ ഞാൻ നമിക്കുന്നു" ഈ ചൈതന്യം ദേവി രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്നു.

3. ബുദ്ധി :

ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്തു നമ്മെ നേർവഴിക്കു നയിക്കുന്നത് നമ്മളിൽ ദേവി രൂപത്തിൽ കുടികൊള്ളുന്ന ബുദ്ധി ആകുന്നു. ഉപനിഷത്തിൽ പറയുന്നത് ശരീരരഥത്തിൽ യാത്രചെയ്യുന്ന ആത്മാവിനെ  നയിക്കുന്നത് ബുദ്ധി എന്ന സാരഥി ആകുന്നു

4. നിദ്ര :

നമ്മൾ കർമ്മനിരതരല്ലാത്ത സമയത്ത് നിദ്ര രൂപത്തിൽ ദേവി നമ്മുടെ ബുദ്ധിയേയും, ശരീരത്തെയും സാന്ത്വനപ്പെടുത്തുന്നു.

5. ക്ഷുധാ :

വിശപ്പും, ദാഹവും മനുഷ്യ ശരീരത്തിൻറെ ആവശ്യകതകൾ ആണ്. ഭക്ഷണത്തിനു മാത്രമല്ല വിദ്യ സമ്പാദനത്തിനും ജ്ഞാന സമ്പാദനത്തിനും വിശപ്പ് ആവശ്യമാണ്.

6. ഛായ :

നമ്മളിൽ എല്ലാവരിലും ഭഗവാൻ ഒരേ രൂപത്തിൽ കുടികൊള്ളുന്നു. ഈ സത്യം മനസ്സിലാക്കാത്ത മനുഷ്യൻ അവിദ്യയിൽ മൂടപ്പെട്ടുപോകുന്നു. നമ്മളിൽ ഛായ രൂപത്തിൽ ദേവി കുടികൊള്ളുന്നു എന്ന് സാരം

7. ശക്തി :

പ്രവർത്തികൾ നമ്മളെ മുന്നോട്ട് നയിക്കുന്ന ശക്തി രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്ന ദേവി മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്ന ഏഴ് ചക്രങ്ങളിൽ കുടികൊള്ളുന്നു (സൗന്ദര്യലഹരി)

8. തൃഷ്ണ :

ജീവിതത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളിൽ നമ്മൾക്കുണ്ടാകുന്ന ദാഹത്തിന്റെ രൂപത്തിൽ ദേവി നമ്മളിൽ കുടികൊള്ളുന്നു

9. ജാതി :

ജാതി എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും കാരണമെന്നാണ്. ദേവി ഈ രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്നു

10. ലജ്ജ :

ദുഷ്പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നുത് ലജ്ജ രൂപിണിയായ ദേവി തന്നെ

11. ശാന്തി :

അശാന്തമായ മനസ്സിന് സുഖം ലഭിക്കുകയില്ല. ശാന്തി രൂപത്തിൽ ദേവി നമ്മുടെ മനസ്സിൽ കുടികൊള്ളുന്നു

12. ശ്രദ്ധ :

എന്നാൽ വിശ്വാസം എന്ന അർത്ഥം എടുക്കാം. ഈ വിശ്വാസം നമ്മളിൽ ജനിപ്പിക്കുന്നത് ദേവി ആകുന്നു

13. കാന്തി :

മനസ്സിൽ എപ്പോഴും സന്തോഷിക്കുന്ന വ്യക്തിയുടെ മുഖത്തിന് സൗന്ദര്യം ഉണ്ടാവും. ഈ സൗന്ദര്യ രൂപത്തിൽ ദേവി നമ്മളിൽ കുടികൊള്ളുന്നു

14. ലക്ഷ്മി :

ഐശ്വര്യം നമ്മളിൽ കുടികൊള്ളുന്നത് ദേവിയിലൂടെ എന്ന് സാരം.

15. വൃത്തി :

നമ്മളിൽ കുടികൊള്ളുന്നു ദേവി എപ്പോഴും നമ്മളെ കർമ്മനിരതർ ആക്കുന്നു

16. സ്മൃതി :

എല്ലാ കാര്യങ്ങളും ഓർത്തുവയ്ക്കാൻ ഉള്ള ഓർമശക്തി നമുക്ക് ലഭിക്കുന്നത് ഉള്ളിൽ കുടികൊള്ളുന്ന ദേവിയിൽ നിന്നും.

17. ദയ :

സഹജീവികളോടുള്ള അനുകമ്പയും ദയയും നമ്മിൽ ഉണ്ടാക്കുന്നത് മാതൃരൂപിണിയായ ദേവി.

18. തുഷ്ടി :

സന്തുഷ്ടി ഇല്ലാത്ത മനസ്സ് എപ്പോഴും വ്യാകുലപ്പെട്ടു കൊണ്ടിരിക്കും. ഇതിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ദേവിയുടെ സാമീപ്യം.

19. മാതൃ :

ദേവിയെ അമ്മയായി കാണുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഒരു ഉദാത്തമായ സങ്കല്പമാണ്.

20. ഭ്രാന്തി :

പ്രവർത്തികളിൽ നമ്മൾക്ക് വിഭ്രാന്തി ഉണ്ടാകുന്നത് ദേവി സാന്നിദ്ധ്യം മൂലമാണ്. മനസ്സ് നന്നായി വിശകലനം ചെയ്താൽ ഈ വിഭ്രാന്തിയിൽ നിന്നും നല്ല തീരുമാനങ്ങൾ മനസ്സിൽ ഉണ്ടാകും

21. ഇന്ദ്രിയങ്ങൾ :

ഇന്ദ്രിയങ്ങൾ ശരീര രഥത്തിലെ കുതിരകൾ പോലെയാണ്. കടിഞ്ഞാണില്ലാതെ അവയെ മുന്നോട്ടു കൊണ്ടുപോയാൽ ജീവിതത്തിൽ പരാജയം സംഭവിക്കും. ഇന്ദ്രിയങ്ങളെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത് ദേവിയുടെ ചൈതന്യം കൊണ്ടാണ്

(ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവി മാഹാത്മ്യം, ദേവി ഭാഗവതം എന്നീ ഉപാസന പ്രക്രിയയിലൂടെ നമുക്ക് ഈ ദേവി ഭാവങ്ങളെ ഉണർത്താം.)

ഇങ്ങനെ ചൊല്ലി സ്തുതിക്കപ്പെട്ട ദേവി ദേവന്മാരെ സമാശ്വസിപ്പിക്കുകയും എപ്പോഴും തങ്ങളെ രക്ഷിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

അതിസുന്ദരമായ രൂപത്തിൽ ഊഞ്ഞാലാടുന്നു ദേവിയെ ശുംഭനിശുംഭന്മാരുടെ ശിഷ്യഗണങ്ങൾ ആയ ചണ്ഡമുണ്ടന്മാർ കാണുകയും ശുംഭനിശുംഭന്മാരുടെ അടുത്തു ചെന്ന് വിവരം അറിയിക്കുകയും ചെയ്തു. ഇതുകേട്ട് ശുംഭൻ സുഗ്രീവൻ എന്ന തന്റെ ശിഷ്യനെ ദേവിയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. ദേവിയെ പറഞ്ഞു മനസ്സിലാക്കി സൗമ്യ ഭാഗത്തിൽ ഇവിടെ കൊണ്ടുവരണമെന്ന് ചട്ടംകെട്ടുകയും ചെയ്യുന്നു.

യജമാനന്റെ ആജ്ഞയനുസരിച്ച് സുഗ്രീവൻ ദേവിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ അറിയിക്കുന്നു. ദേവി മറുപടിയായി "ഏതൊരുവൻ എന്നെ യുദ്ധത്തിൽ ജയിച്ചു എന്റെ ദർപ്പം അടക്കാൻ പ്രാപ്തനാണോ അവൻറെ സഹധർമ്മിണിയായി മാത്രമേ ഞാൻ വർത്തിക്കൂ,"

No comments:

Post a Comment