ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

ധനുമാസത്തിലെ തിരുവാതിര ശാസ്ത്രീയതയും

ധനുമാസത്തിലെ തിരുവാതിര ശാസ്ത്രീയതയും

നല്ല ഭർത്താവിനെ കിട്ടാൻ സ്ത്രീകൾ എടുക്കുന്ന വൃതം ആണ് തിരുവാതിര.
മരം കോച്ചുന്ന തണുപ്പിൽ ശിവക്ഷേത്രത്തിൽ ദർശ്ശനവും ഒട്ടനവധി ചടങ്ങും പ്രത്യേകതയാണ്. പ്രകൃതിയായി ബന്ധം ഉണ്ട് എല്ലാ ആചാരങ്ങൾക്കും.

ഈ തിരുവാതിര അനുഷ്ടാനത്തിലൂടെ നല്ല ദാമ്പത്യം, ശരീരസുഖം, ഉഷ്ണ രോഗം. തുടങ്ങി ഒട്ടനവധി അസുഖങ്ങൾ മാറ്റം ഉണ്ടാകുന്നു. അശ്വതി തുടങ്ങി തിരുവാതിര വരെയാണ് തിരുവാതിര വൃതം. സ്ത്രീ ശരീരത്തിൽ ഉഷ്ണരോഗ സാധ്യത കൂടുതൽ ഉള്ളതിനാൽ വൈദ്യപരമായി ഒരു ചികിൽസ തന്നെയാണ് നടക്കുന്നത്..

പ്രകൃതി തണുക്കുമ്പോൾ ശരീരം ചൂടാകാതിരിക്കാൻ ആണ് ഈ വൃതത്തിന്റെ പ്രതേകത...

ആറ് തരം ' കിഴങ്ങുകൾ പുഴുക്ക് കഴിക്കുന്നു, കൂവ പൊടി കൊണ്ട് അട, പുട്ട്, കറുക്ക് എന്നിവ കഴിക്കുന്നു ശരീരം തണുക്കാന്നും അൾസർ പോലുള്ള അസുഖത്തിനും ഇവ ഉത്തമ ചിക്കിൽസയാണ്.

ഭർത്താവും ഭാര്യയും ഒന്നിച്ച് ഇരുന്ന് കൈ കൊട്ടികളി കാണുകയും 101 വെറ്റിലയും കളിയടക്കയും മുറുക്കുന്നു, ഇത് ശരീരത്തിലെ രക്തശുദ്ധിക്കും., കഫജന്യരോഗം മാറാൻ ഉത്തമം....., പിന്നെ.....

തിരുവാതിരക്കളി കൈയ്യടിക്കുമ്പോൾ രക്തചക്രമണം കുടുന്നു,
ലാസ്യ രൂപമായ തിരുവാതിര കളിയും വായ്ക്കുരവയും. (ശബ്ധം) കുമ്മിയടിയും (കാലിന് ബലം) സ്ത്രീ ശരീരത്തിലെ സർവ്വനാഡീവ്യൂഹങ്ങൾക്കും ഗർഭ പാത്രത്തിനും ആരോഗ്യം നൽക്കുന്നു.....

നേരം പുലരുമ്പോൾ ഉള്ള കുളത്തിലെ കുളി ശരീരോഷ്മാവ് ക്രമപെടുത്തുന്നു...

മഞ്ഞളുതേച്ച കുളി ശരീരത്തിലെ അണുബാധ ഇല്ലാതാക്കുന്നു....
ഇത്തരത്തിൽ ആചാരാനുഷ്ടാനങ്ങൾ നോക്കുന്ന സ്ത്രീക്ക് യവ്വനം നിലനിൽക്കുകയും നല്ല ദാമ്പത്യം ഉണ്ടാകുകയും ഭർത്താവ് ശാരീരികമായും മാനസ്സികമായും പൂർണ്ണ സംതൃപ്തനാവുകയും ചെയ്യുന്നു...

വിഷുവിന് കണികാണുന്ന കൊന്നപൂ പ്രത്യേകത, പ്രകൃതിയിൽ 37 ഡിഗ്രി ചൂടു കൂടുമ്പോൾ കൊന്ന പൂക്കും.. ഇതാണ് പ്രത്യേകത... (അല്ലാതെ ഒന്നും ഇല്ല )
പ്രകൃതിയിൽ ബിലുറൂബിൻ കൂടുമ്പോൾ ഉണ്ടാകുന്ന പൂക്കളും പഴങ്ങളും മഞ്ഞ കളറായിരിക്കും... ചക്ക, മാങ്ങ, വെള്ളരിക്ക തുടങ്ങിയവയാണ് കണി കാണാൻ ഉപയോഗിക്കുന്നത്...

കാർഷികമായ പ്രത്യേകതയും ആചാരങ്ങളും കേരളത്തിൽ പ്രധാനമാണ്..

അരി ഉപേക്ഷച്ച് ഗോതമ്പ് കഴിച്ച് വൃതം നോക്കിയാൽ മോക്ഷം കിട്ടും എന്നു വിശ്വസിക്കുന്നവരുടെ നാടാണ് ഇത്.. നോർത്തിൽ എല്ലാവരും മോക്ഷം കിട്ടേണ്ടവർ അല്ലെ?
യുക്തിയില്ലാത്ത ചിന്തകൾ...

കൃഷ്ണനും, ശിവനും, പാർവ്വതിയും എല്ലാം, മനുഷ്യനന്മക്കാണ് പ്രവർത്തിക്കുന്നത് വിഷുവായാലും ഓണമായാലും.
തിരുവാതിര ആയാലും ഒന്നോർക്കുക..
തണവിൽ ഷവറിൽ കുളിച്ച്, നോൺ വെജ് കഴിച്ച് ഹീലുള്ള ചെരിപ്പും ധരിച്ച് നടക്കുന്നവർ തിരുവാതിര ആഘോഷിക്കുമ്പോൾ സൂക്ഷിക്കുക.. ശിവനെയല്ല. സ്വന്തം ശരീരം. നീർകെട്ടും പിന്നീട് നിത്യരോഗിയായി മാറാം..

ചിട്ടപോലെ അനുഷ്ടിക്കാൻ സാധിക്കുമെങ്കിൽ മാത്രം ചെയ്യുക അല്ലങ്കിൽ നല്ല ഒരു പ്രേക്ഷകയാക്കുക...

എല്ലാവർക്കും തിരുവാതിര ആശംസകൾ...

തിരുവാതിര ആഹാരം തന്നെ ഔഷധമാകുന്ന ഉൽസവകാലം

തിരുവാതിര ആഹാരം തന്നെ ഔഷധമാകുന്ന ഉൽസവകാലം

പൂർണമായും സ്ത്രീയുൽസവം ആണ് ധനുമാസത്തിലെ തിരുവാതിര. ആതിരനിലാവും ഇളം തണുപ്പും ചേർന്ന സുന്ദരമായ രാത്രിയിൽ നാട്ടിടവഴികളിലൂടെ നടക്കാൻ സ്ത്രീക്കു സ്വാതന്ത്ര്യം കിട്ടിയിരുന്ന ദിവസം. നമ്മുടെ മുൻതലമുറക്കാർ ആരോഗ്യത്തിന് ഏറെ പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ തെളിവു കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയുടെ ചടങ്ങുകളിൽ ഉപയോഗിക്കുന്നതെല്ലാം സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭവങ്ങളാണ്. കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉണർവും ആരോഗ്യവും നൽകും. തിരുവാതിര വ്രതം നോൽക്കുന്നവർ അരിയാഹാരം ഒരു നേരമേ കഴിക്കൂ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കിഴങ്ങുവർഗങ്ങൾ ഉൾപ്പെട്ടതായിരിക്കും. തിരുവാതിരയുടെ തലേന്ന് മകയിരം നാളിലെ പ്രധാന ചടങ്ങാണ് എട്ടങ്ങാടി നിവേദിക്കൽ. കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ ഇവ ചുട്ടെടുത്ത് അതിൽ തേൻ, പഴം, കരിമ്പ് ഇവയെല്ലാം ചേർത്ത് ശർക്കരപ്പാവിലിട്ട് വരട്ടി എടുക്കുന്നതാണ് എട്ടങ്ങാടി.  തിരുവാതിര ആഘോഷിക്കുന്ന ധനുമാസം കിഴങ്ങുകളുടെ വിളവെടുപ്പു കാലം കൂടിയാണ്. അതാകാം ചടങ്ങുകളിൽ ഇവയ്ക്കു പ്രാധാന്യം കൈവന്നത്. തിരുവാതിരയുടെ അന്ന് ഏത്തപ്പഴം നുറുക്കും കായ ഉപ്പേരിയും കൂവ കുറുക്കിയതും തിരുവാതിരപ്പുഴുക്കും ആണ് പ്രധാനം. ഗോതമ്പു കഞ്ഞിയാകും ഉച്ചഭക്ഷണം, ഒപ്പം തിരുവാതിരപ്പുഴുക്കും. കൂവയ്ക്ക് മുലപ്പാലിനോളം ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഹോർമോൺ സന്തുലനം നിലനിർത്താനും, ഹൃദയാരോഗ്യമേകാനും രക്തസമ്മർദം നിയന്ത്രിക്കാനും കൂവ സഹായിക്കും. മൂത്രത്തിലെ അണുബാധ അകറ്റാനും കൂവയ്ക്കു കഴിവുണ്ട്. ചർമസൗന്ദര്യത്തിനും നല്ലത്. തിരുവാതിര എന്ന സ്ത്രീയുൽസവത്തിൽ കൂവയ്ക്ക് ഇത്ര പ്രാധാന്യം വന്നത് വെറുതെയാണോ. ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തയ്ക്ക, വൻപയർ ഇവയെല്ലാം വേവിച്ച് തേങ്ങയും ജീരകവും മുളകും ചേർത്ത് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ആണ് തിരുവാതിരയുടെ പ്രധാന രുചിക്കൂട്ട്. ഈ കിഴങ്ങു വർഗങ്ങളെല്ലാം പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമാണ്.  ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള കാച്ചിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ ചേമ്പിനും ഇതേ ഗുണങ്ങളുണ്ട്. ഡയേറിയയ്ക്കും ദഹനപ്രശ്നങ്ങൾക്കും എല്ലാം കൂർക്ക പരിഹാരമേകും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓർമശക്തിക്കും കാഴ്ചശക്തിക്കും മികച്ച മധുരക്കിഴങ്ങിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടെ കലവറയായ വൻപയർ ഊർജ്ജമേകാൻ സഹായിക്കും. നാരുകൾ ധാരാളമടങ്ങിയ പച്ചക്കായ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. തിരുവാതിരപ്പുഴുക്കിൽ ഉപയോഗിക്കുന്ന കിഴങ്ങുകളെല്ലാം ആരോഗ്യത്തിന് ഏറ്റവും മികച്ചവയാണ്. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന ഉൽസവരാവു കൂടിയാണ് തിരുവാതിര.

ദശപുഷ്പം ചൂടുന്ന ചടങ്ങ് ഇതിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി,  മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്. വിവാഹശേഷമുള്ള ആദ്യ തിരുവാതിര പൂത്തിരുവാതിര ആണ്. രാത്രി മുഴുവൻ തിരുവാതിര കളിച്ച ശേഷം വെളുപ്പിനെ ആറ്റിലോ കുളത്തിലോ തുടിച്ചു കുളിക്കും. രാവിലെ ക്ഷേത്രദർശനം നടത്തും. ചെറിയ കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ ചുവടുവയ്ക്കുന്ന തിരുവാതിരയുമായി ബന്ധപ്പെട്ടതെല്ലാം ആരോഗ്യം നൽകുന്നതാണ്.

എട്ടങ്ങാടി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, പാതിരാപ്പൂവ്, ശരീരം അനങ്ങിയുള്ള കൈകൊട്ടിക്കളി, വെളുപ്പിനെയുള്ള തുടിച്ചു കുളി ഇവയെല്ലാം ആരോഗ്യകരമാണ്.  പഴമ ഒട്ടും ചോരാതെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഈ ആഘോഷം പകർന്നു നൽകാൻ നമുക്കു കഴിയണം. ചടങ്ങുകൾക്കുമപ്പുറം ഒരുമയുടെയും സ്വാതന്ത്ര്യത്തിന്റെയും ഔഷധഗുണങ്ങളുള്ള ആരോഗ്യഭക്ഷണങ്ങളുടെയും എല്ലാം ഉൽസവമാണ് ധനുമാസത്തിലെ തിരുവാതിര.
           

ധനു മാസത്തിലെ തിരുവാതിര; സ്ത്രീകളുടെ ഉത്സവം

ധനു മാസത്തിലെ തിരുവാതിര; സ്ത്രീകളുടെ ഉത്സവം

ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം. എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക. ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്.
മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ പൂത്തിരുവാതിരക്കാരുണ്ടെങ്കില്‍ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകള്‍) അവരാകും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കേണ്ടത്.  തിരുവാതിരയെ സംബന്ധിച്ച് തലമുറകള്‍ കൈമാറി വന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. ദേവന്മാരുടെ ദേവനായ മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നാണ് വിശ്വാസം. മഹാദേവനെ അതിയായി പ്രണയിച്ച ശ്രീ പാര്‍വതിയും ദേവനും തമ്മില്‍ വിവാഹം കഴിച്ചത് ഇതേ നാളിലാണ് എന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാര്‍ നല്ല പങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്. അന്നേ ദിവസം ശ്രീ പാര്‍വതി പോലും വ്രതം അനുഷ്ഠിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിര വ്രതം ആദ്യമായി നോറ്റതു ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.
ഉറക്കമൊഴിയുന്നതിനു പിന്നിലെ ഐതിഹ്യം
ദക്ഷരാജാവിന്റെ പുത്രിയായ സതീദേവി ശിവനെ വിവാഹം കഴിച്ചതില്‍ അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം നടത്തിയ യാഗത്തില്‍ മകളേയും ഭര്‍ത്താവിനേയും ക്ഷണിച്ചില്ല. എങ്കിലും സതീദേവിയുടെ ആഗ്രഹം മനസിലാക്കി ശിവന്‍ ദേവിയെ യാഗത്തിനു പോകാന്‍ അനുവദിച്ചു. യാഗത്തില്‍ ക്ഷണിക്കാതെ പോയാല്‍ അപമാനിക്കപ്പെട്ടേക്കാം എന്നു മുന്നറിയിപ്പ് നല്‍കിയാണ് ശിവന്‍ ദേവിയെ യാഗത്തിനു വിടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ പിന്നൊരിക്കലും മടങ്ങിവരില്ലെന്നു പറഞ്ഞ് ദേവി യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ യാഗസ്ഥലത്ത് ദക്ഷന്‍ ശിവനെ അപമാനിച്ചതു സഹിക്കാനാകാതെ സതീദേവി ദേഹത്യാഗം ചെയ്തു. പത്‌നിയെ നഷ്ടപ്പെട്ടതില്‍ ക്ഷുഭിതനായ ശിവന്‍ ഹിമാലയത്തില്‍ ചെന്നു തപസാരംഭിച്ചു. അവിടെ സതീദേവി ഹിമവാന്റെ മകള്‍ പാര്‍വതിയായി പുനര്‍ജനിക്കുകയും ശിവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. അതിനായി പാര്‍വതി തപസാരംഭിച്ചു.
ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ചെയ്തികളില്‍ വലഞ്ഞ ദേവാദികള്‍ ബ്രഹ്മാവില്‍ അഭയം പ്രാപിച്ചു. ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ താരകാസുരനെ വധിച്ച് നിങ്ങളെ രക്ഷിക്കുമെന്ന് ബ്രഹ്മാവ് വരം നല്‍കി. ശിവന്റെ തപസു മുടക്കാനായി ശ്രമിക്കുന്ന കാമദേവനെ ശിവന്‍ തന്റെ തൃക്കണ്ണാല്‍ ഭസ്മമാക്കി. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കണമെന്ന ആവശ്യവുമായി കാമദേവന്റെ ഭാര്യ രതീദേവി ജലപാനം ഉപേക്ഷിച്ച് ശിവനെ തപസു ചെയ്തു. ഇതിന്റെ ഓര്‍മയ്ക്കായാണ് തിരുവാതിര നാളില്‍ നോയമ്പെടുക്കുന്നതെന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ അതിരാവിലെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് വ്രതമാരംഭിക്കുന്നു. അവര്‍ കടുത്ത നോയമ്പോടുകൂടി ആചാരങ്ങള്‍ അനുഷ്ഠിക്കും. തിരുവാതിര നാളിന്റെ തുടക്കം മുതല്‍ അവസാനം വരെയാണ് വ്രതാനുഷ്ഠാനം. ദിവസം തുടങ്ങി അവസാനിക്കുന്നതു വരെ ഉറങ്ങാന്‍ പാടില്ല. അന്നേ ദിവസം സ്ത്രീകള്‍ അരിയാഹാരം പാടേ ഉപേക്ഷിക്കും. ചിലപ്പോള്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നവരുമുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ എട്ടുകൂട്ടം കിഴങ്ങു വര്‍ഗങ്ങള്‍ ചേര്‍ത്ത് പുഴുക്കുണ്ടാക്കും. “എട്ടങ്ങാടി ചുട്ടുതിന്നുക’ എന്നാണ് ഇതറിയപ്പെടുന്നത്. കൂവ കുറുക്കിയതും എട്ടങ്ങാടിയുമാണ് തിരുവാതിര നാളിലെ പ്രധാന വിഭവങ്ങള്‍.

തിരുവാതിരകളി

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇന്നും   തിരുവാതിരകളി പ്രധാന ഘടകമായിത്തന്നെ നിലനില്‍ക്കുന്നു.
അയ്യപ്പശ്ലോക നമസ്കാരങ്ങള്‍ക്കിടയിലും തിരുവാതിരയ്ക്ക് സായാഹ്ന ചട്ടങ്ങളാണ് പതിവ്. സെറ്റും മുണ്ടും ബ്ലൗസുമാണ് വേഷം. വാലിട്ടു കണ്ണെഴുതി നെറ്റിയില്‍ കുറിയണിഞ്ഞ് ഈറന്‍ മുടി അറ്റം കെട്ടി, തുളസിക്കതിര്‍ ചൂടി മങ്കമാരെത്തും. ഉള്ളത് നാടും നാരീശ്വരന്മാരും അറിയണമെന്നതാണ് ദിവ്യസങ്കല്പം. എല്ലാം മംഗളമായി ഭവിക്കാന്‍ പുലരിയിലും സന്ധ്യക്കും മരണാസ്ഥാവിന്റെ സന്നിധിയില്‍ ഒരു നെയ്ത്തിരികൂടി കത്തിച്ചുവയ്ക്കണം.
കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് വട്ടത്തിലാണ് കൈകൊട്ടിക്കളി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെ തിരുവാതിരയ്ക്ക് താളമാകും. സായാഹ്നവും സന്ധ്യകളുമാണ് ശ്രാവണര്‍ക്ക് അത്യുത്തമം. ധനുമാസത്തിലെ കോച്ചിവിറയ്ക്കുന്ന മഞ്ഞിലും സുമംഗലിമാര്‍ തിരുവാതിര നാളില്‍ അമ്പലത്തിലെ ആല്‍മരച്ചോട്ടില്‍ ഒന്നിച്ചുകൂടും. വെറ്റില മുറുക്കിനുമുണ്ട് തിരുവാതിര ദിനത്തില്‍ സ്ഥാനം. നേരം പുലരുമ്പോഴേക്കും നൂറ്റിയൊന്ന് വെറ്റില മുറുക്കണമെന്നാണ് മുത്തശ്ശിമാര്‍ പറയുന്നത്.

പൂത്തിരുവാതിര

പൂത്തിരുവാതിര പ്രത്യേക അനുഷ്ഠാനമാണ്. തെക്കും വടക്കും ഒരുപോലെ. സാദൃശ്യമല്ല; സമാസമം. വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര. വിവാഹ നിശ്ചയം കഴിഞ്ഞവരും നോമ്പുനോറ്റ് പ്രതിശ്രുത വരനുവേണ്ടി പ്രാര്‍ഥിക്കുന്നു. പൂര്‍ണ ചന്ദ്രന്‍ മാനത്തു തെളിഞ്ഞാല്‍ മനം നിറഞ്ഞു. സങ്കല്പ പൂജ്യം വന്നു വെള്ളവും ഭക്ഷണവും വായില്‍ വെച്ചു കൊടുക്കും.

പാതിരാപ്പൂചൂടല്‍

തിരുവാതിരനാള്‍ രാത്രിയിലാണ് പാതിരാപ്പൂചൂടല്‍ നടക്കുക. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ തിരുവാതിരപ്പാട്ടുപാടി കൈകൊട്ടിക്കളിക്കും. ശേഷം ഇവര്‍ ഒന്നായി പാതിരാപ്പൂവ് തേടിയിറങ്ങും. അവ കൊണ്ടുവന്ന് ദശപുഷ്പങ്ങളും ചേര്‍ത്ത് ചൂടുകയും തിരുവാതിരയ്ക്ക് ചുവടു വയ്ക്കുകയും ചെയ്യും.
കാലം മുന്നോട്ടുപോയി, ജീവിതരീതികള്‍ മാറി മറിഞ്ഞു. കലോത്സവവേദികളില്‍ മാത്രമായി തിരുവാതിരകളി ഒതുങ്ങുമ്പോള്‍ അതിനു പിന്നിലെ സംസ്കാരവും പൈതൃകവും നാം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണം.

ഐതിഹ്യം

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട്
പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.[അവലംബം ആവശ്യമാണ്]
ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം.
തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്. 

തിരുവാതിര വിഭവങ്ങൾ

തിരുവാതിര വിഭവങ്ങൾ

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ

എട്ടങ്ങാടി

മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ‍, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.

തിരുവാതിര പുഴുക്ക്

തിരുവാതിര പുഴുക്ക്

ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലതാണ്. രുചികരമായ ഈ നാടൻ പുഴുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും.

ഉണ്ടാക്കുന്ന വിധം:

വൻപയർ - 100 g മിനിമം 5 മണിക്കൂർ കുതിർത്ത് കുക്കറിൽ ഉടയാതെ വേവിച്ച് വയക്കാം.

കഷണങ്ങൾ

1.  കപ്പ - 250 g
2. ചേന - 150 g
3. കാച്ചിൽ - 200 g
4. മധുരക്കിഴങ്ങ് - 150 g
5. നേന്ത്രക്കായ - 200 g
6. വലിയ ചേമ്പ് - 200 g

അരപ്പ് :

1.തേങ്ങ - 2 cup
2 .ജീരകം - 2 നുള്ള്
3.കാന്താരി /പച്ചമുളക് - എരിവിന്
4 വേപ്പില - 2 തണ്ട്
5.മഞ്ഞൾ പൊടി - 2 നുള്ള്
6.വെളുത്തുള്ളി - 4 അല്ലി -ഇത് വേണമെങ്കിൽ മാത്രം ചേർക്കുക.

ഇത് എല്ലാം കൂടി ചേർത്ത് അവിയലിന് ചതക്കും പോലെ റെഡിയാക്കി വക്കണം'

ഇനി പുഴുക്കുണ്ടാക്കാനായി ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക.  കഷണങ്ങൾ മുങ്ങി കിടക്കണം. അതാണ് വെള്ളത്തിന്റെ അളവ്. മഞ്ഞൾ പൊടി മുക്കാൽ സ്പൂൺ ചേർത്ത് കഷണങ്ങൾ  പാതി വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം. കഷണങ്ങൾ വെന്തു കഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്ത് മൂന്നു മിനിട്ട് കഴിയുമ്പോൾ ചതച്ചു വച്ച അരപ്പ്, വേപ്പില , ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അഞ്ചു മിനിട്ട് കഴിയുമ്പോൾ അടുപ്പ് ഓഫ് ചെയ്ത് കുറച്ചു കൂടി കറി വേപ്പില , 2 സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. പതിനഞ്ചു മിനിട്ട് കഴിഞ്ഞ് കഴിക്കാനാണ് ഒത്തിരി രുചി. പപ്പടം, ഗോതമ്പ് കഞ്ഞി , എന്നിവ ബെസ്റ്റ് കോമ്പിനേഷൻ . വെറുതെയും കഴിക്കാൻ രുചി തന്നെ. ഉണ്ടാക്കാത്തവർ എല്ലാവരും ഇതു പോലെ ഉണ്ടാക്കി രുചി അറിയണേ....