ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2021

ഊണു നിയമങ്ങള്‍

ഊണു നിയമങ്ങള്‍

 1. ചൂടോടെ ഉണ്ണണം –
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.

 2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ മയമുള്ളതുണ്ണണം.

 3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.

 4. വിരുദ്ധമാവാത്തതുണ്ണണം -
 കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരു ചേര്‍ക്കരുത്.

 5. ദഹിച്ചശേഷമുണ്ണണം -
ആദ്യം കഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍ കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയ ദോഷങ്ങള്‍ തുല്യാവസ്ഥയിലെത്തി ശരീരം നിലനിര്‍ത്തും. ശരിയായ വിശപ്പുണ്ടാകുകയും കഴിച്ചത് വേണ്ടപോലെ ദഹിക്കുകയും ആയുസ്സ് പാലിക്കപ്പെടുകയും ചെയ്യും.

 6. തിടുക്കത്തിലുണ്ണരുത് -
വേഗം കൂടിയാല്‍ ചോറു വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല അതിനാല്‍ അതിവേഗം പാടില്ല.

 7. സുഖമായിരുന്നുണ്ണണം -
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു കൊള്ളില്ല. അതിനാല്‍ സുഖമായിരുന്നുണ്ണണം.

 8. തീരെപ്പതുക്കെയുണ്ണരുത് - ഏറെപ്പതിഞ്ഞമട്ടായാല്‍ വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണം തണുക്കുകയും ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം വളരെ സാവധാനത്തിലും കഴിക്കരുത്.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് - ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്‍ എല്ലാമുണ്ടാകും.

10. അവനവനെ അറിഞ്ഞുണ്ണണം - കഴിക്കുന്നതില്‍ ഇതെനിക്കു നന്ന് ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുള്ളതേ ഉണ്ണാവൂ.

( കടപ്പാട് )

17 December 2021

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവപ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ‍ - കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാടിന്റെ ഭാഗമാകുന്നതിന് മുമ്പ് തിരുവിതാകൂറിലായിരുന്ന ഈ മഹാക്ഷേത്രം, അവിടത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴും ധാരാളം മലയാളികൾ ഇവിടെ ദർശനത്തിനെത്താറുണ്ട്. ധനുമാസത്തിൽ തിരുവാതിരയ്ക്കും മേടമാസത്തിൽ ചിത്രാപൗർണ്ണമിയ്ക്കും ആറാട്ട് വരും വിധത്തിലാണ് ഇവിടത്തെ ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രത്തിലുള്ള, ഇരുപതടി ഉയരമുള്ള ഹനുമദ്വിഗ്രഹം പ്രസിദ്ധമാണ്. ധാരാളം ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം - 1

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതിൽ പ്രധാനം. ദേവൻമാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിൻറെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിൻറെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു. ഭർത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ. ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.
ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാർ ഭർത്താക്കാന്മാരെ പഴയ രൂപത്തിൽ തിരിച്ചു നൽകണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയിൽ അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ഐതിഹ്യം - 2

ദേവേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണർന്ന ഗൗതമമഹർഷി നേരം പുലർന്നെന്നു കരുതി പൂജകൾക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി. തുടർന്ന് ഗൗതമമഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു. സ്നാദി-പൂജകൾക്കായി പോയ ഗൗതമഹർഷി ഇരുട്ടു മാറിയില്ലെന്നു മനസ്സിലാക്കി പർണ്ണശാലയിൽ തിരികെയെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോക്ഷാകുലനായ മഹർഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസു ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം. തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.

അഗ്നിപരീക്ഷ

സത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളിൽ ഒന്ന്. കുറ്റവാളിയെന്നു കരുതപ്പെടുന്ന ആൾ തീയിൽചാടിയോ തിളയ്ക്കുന്ന എണ്ണ, നെയ്യ് എന്നിവയിൽ കൈമുക്കിയോ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പരീക്ഷണമാണിത്. കുറ്റപത്രം മുതലായ പ്രമാണങ്ങൾ, സാക്ഷികൾ, ശപഥം ചെയ്യിക്കൽ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാൻ ആദ്യം നോക്കുന്നു. എന്നാൽ അത്തരം രീതികൾ ഫലപ്രദമല്ലാതെവരുമ്പോൾ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. 
13-‍ം ശതകത്തിലാണ്‌ ശുചീന്ദ്രത്ത്‌ കൈമുക്ക്‌ പരീക്ഷ തുടങ്ങിയത്‌. ശുചീന്ദ്രത്ത്‌ താമസം തുടങ്ങിയ നമ്പൂതിരിമാരാണ്‌ കൈമുക്ക്‌ അവിടെ ഏർപ്പെടുത്തിയത്‌. സ്മാർത്ത വിചാരത്തിന്റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. സ്വാതിതിരുനാളിന്റെ കാലത്താണ്‌ ശുചീന്ദ്രം കൈമുക്ക്‌ നിർത്തൽ ചെയ്തത്‌...

ശില്പ ചാരുത

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിൻറെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. നൂറുവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ശിൽപികളുടെ കരവിരുത് ഏതോരു സന്ദർശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.

18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.

1874ൽ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തിൽ (തിരുവിതാംകൂർ) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിർമ്മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം. ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് അനുമതി നൽകി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്. പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു.

വിനായകി പ്രതിഷ്ഠ

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറെ അപൂബര്‍വ്വമായൊരു പ്രതിഷ്ഠയും ശുചീന്ദ്രം സ്ഥാനുമല്യന്‍ ക്ഷേത്രത്തിലുണ്ട്. ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരില്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണേശന്റെ സ്ത്രീരൂപമായ വിനായകിയെ ഗജനാനി എന്നും പറയുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി

ഇന്ത്യയില്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ നന്ദി പ്രതിമകളിലൊന്ന് ഈ ക്ഷേത്രത്തിലേതാണ്. 13 അടി ഉയരവും 12 അടി നീളവും 10 അടി വീതിയുമാണ് ഇതിനുള്ളത്.



ഉത്സവം

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക. ശിവരാത്രിയും വിശേഷമാണ്.
ശൈവ, വൈഷ്ണവ ഭക്തരെ ആകർഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളിൽ മുപ്പതോളം ദേവി-ദേവൻമാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

ക്ഷേത്രസമയം

വിശ്വാസികളേക്കാളുപരി ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ 7.30 മുതല്‍ വാകിട്ട് 7.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സമയം.

ശുചീന്ദ്രം സത്യാഗ്രഹം

ശുചീന്ദ്രം ക്ഷേത്രത്തിലോ ചുറ്റുമുള്ള വീഥികളിലോ അവർണരെ അനുവദിച്ചിരുന്നില്ല. 1924 - 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി 1926 ൽ ശുചീന്ദ്രം സത്യാഗ്രഹം നടന്നു. ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു.

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്.

14 December 2021

ധന്വന്തരി ദേവൻ

ധന്വന്തരി ദേവൻ

ഔഷധങളുടെ ദേവനായി മഹാവിഷ്ണുവിന്‍റെ അവതാരമായ ധന്വന്തരിയെ ആരാധിക്കുന്നവരാണ്  ഭാരതീയര്‍.

ദേവന്‍മാരുടെ വൈദ്യന്‍മാരാണ് അശ്വനീദേവകള്‍.

എല്ലാ വൈദ്യന്‍മാരുടേയും , രോഗത്തിനേയും തടയാന്‍ കഴിവുള്ള ദേവനായതുകൊണ്ടാണ് മഹാദേവനെ വൈദ്യനാഥന്‍ എന്ന് വിളിക്കുന്നത്‌.

ആയുര്‍വേദം എന്ന ശാസ്ത്രത്തില്‍ പറയാത്ത  മരുന്നുകളോ, ചികിത്സയോ ഇല്ല.

എല്ലാ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന  എല്ലാ സാധനങളും ഔഷധഗുണമുള്ളവയോ, മരുന്നോ ആണ്.

ചകിരി കത്തിച്ച് ചെയ്യുന്ന ഗണപതിഹോമം ,
അമ്പലത്തില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യം,
ക്ഷേത്രത്തിലെ ആല്‍മരം,
മാരിയമ്മന്‍ കോവിലില്‍ ഉപയോഗിക്കുന്ന വേപ്പ്, മഞള്‍, ചന്ദനം, കറുക , തുളസി,
തുളസിയിട്ട തീര്‍ത്ഥം ,
ആറ്റുകാല്‍ പൊങ്കാലയില്‍ കൂട്ടുന്നു അടുപ്പുകള്‍ എല്ലാം പലേ രീതിയില്‍ ഉള്ള വൈറസിനേയും  ചെറുക്കാന്‍  പര്യാപ്തമാണ്‌ .

ധന്വന്തരി മൂർത്തി.....

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നുധന്വന്തരി
പ്രമാണം,
പ്രത്യക്ഷം,
അനുമാനം,
ഉപമാനം,
ആപ്‌തോപദേശം
എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു.

മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും
അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയപുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ, വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.

ദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

ധന്വന്തരി ക്ഷേത്രങ്ങൾ,

തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീ പ്രതിഷ്ടയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ട നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്.കേരളത്തിൽ  പെരുമ്പാവൂർ തോട്ടുവ ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും  തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും,  മരുത്തോർവട്ടം ചേർത്തല ആലപ്പുഴ ജില്ല,  പ്രായിക്കര മാവേലിക്കര, വടക്കാഞ്ചേരി ത്രിശൂർ ജില്ല,  ചിറക്കൽ, കണ്ണൂർ ജില്ല. കോഴിക്കോട് കൂരയി.. ധന്വന്തരി ക്ഷേത്രം.  വളപട്ടണം,  തെക്കെനഗം വേലിൽ ഇടവട്ടം തലയോലപ്പറമ്പ് കോട്ടയം ജില്ല... എന്നീ ക്ഷേത്രങ്ങളിലും ധന്വന്തരീ പൂജ നടത്തിവരുന്നു....

ഇന്ദ്രൻ ആരാണ്?

ഇന്ദ്രൻ ആരാണ്?

ഉപനിഷത്തുകളിൽ ഇന്ദ്രനെ നിരന്തരം പരീക്ഷിക്കാൻ വരുന്ന ബ്രഹ്മതെ നമ്മുക്ക് കാണാൻ കഴിയുന്നുണ്ട് 'ബ്രഹ്മം  പരബ്രഹ്മമായ ധർമ്മ സ്വരൂപിയാണെങ്കിൽ ഇന്ദ്രിയങ്ങളുടെ പതിയായ മനസാണ് ഇന്ദ്രൻ. അഞ്ച് കുതിരകളാൽ നയിക്കപ്പെടുന്ന തേരിനെ വിജയത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണനെ നമുക്ക് മഹാഭാരതത്തിൽ കണാൻ കഴിയുന്നുണ്ട് 'ആ കൃഷ്ണൻ തന്നെ മനസിൻ്റെ സങ്കൽപ്പഭാവമാണ്  ഈ കൃഷ്ണനാൽ സംരക്ഷിക്കപ്പെടുന്ന പണ്ഡവരും പാഞ്ചാലിയും മർത്യൻ്റെ അഞ്ച് പ്രാണശക്തിയും അതിനാൽ പോഷിക്കപ്പെടുന്ന മനശക്തിയാണ് പാഞ്ചാലി. പഞ്ചാലിയെ ശ്രീ കൃഷ്ണൻ്റെ സഹോദരിയായിട്ടാണ് ചിത്രീകരിക്കുന്നത് ജീവൻ്റെ കൂടെ പിറപ്പാണ് മനസ്. ഇത് തന്നെ ഇന്ദ്ര ശക്തിയും. കഥയിലുപരി അതിൽ ഒളിഞ്ഞിരിക്കുന്ന ശാസ്ത്ര സത്യങ്ങളുടെ നിഗൂഢതയിലൂടെയും സഞ്ചരിച്ചാൽ മാത്രമെ ഹൈന്ദവതയിലെ ആശയപൂർണ്ണത ഉൾക്കൊള്ളനാവും അല്ലതെയുള്ള വായനകൾ മനസിനാനന്തം നൽക്കുന്നതിനപ്പുറം വിരക്തമായ് മാറാം  'എന്തു തന്നെയായാലും അറിയുതോറും അറിവ് നിറയ്ക്കുന്ന അമൃതത്വമാണ് മഹാഭാരതം. അത് ഒരിക്കലെങ്കിലും വായിച്ചവർ ലോകത്തുള്ളതെല്ലാം. (ശരിയും ശരികേടും) തരം തിരിച്ച് അവിടെ കാണാനാവും. മഹാഭാരതം ഒരിക്കലും വ്യക്തികളെ പ്രശംസിക്കുന്ന ഒരു കഥയല്ല അറിഞ്ഞ് പഠിക്കുന്നവന് .

സൂര്യന്റെ കാരകധര്‍മ്മങ്ങള്‍

സൂര്യന്റെ കാരകധര്‍മ്മങ്ങള്‍

സൂര്യഭഗവാന് നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു ജ്യോതിഷപദം അഥവാ സംജ്ഞയാണ് കാരകന്‍ എന്നത്.

പ്രതീകം, സൂചകം, പ്രതിനിധി, വകുപ്പ്, ഉടമ എന്നിങ്ങനെ പലതലമുണ്ട് കാരകന്‍ എന്ന വാക്കിന്. സൂര്യന്റെ കാരകധര്‍മ്മങ്ങള്‍ എന്നുവെച്ചാല്‍ സൂര്യന്‍ വ്യക്തമാക്കിത്തരുന്ന, സൂര്യന്‍ പ്രതിനിധാനം ചെയ്യുന്ന, സൂര്യനെക്കൊണ്ട് ചിന്തിക്കുന്ന, സൂര്യനാല്‍ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ എന്ന നിര്‍വചനം കുറച്ചൊക്കെ കൃത്യമാണ്.    

പ്രപഞ്ചത്തില്‍ ഉള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളെയും ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ജ്യോതിഷത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അവയില്‍ സ്ഥാവരങ്ങളും, ജംഗമങ്ങളും, സചേതനങ്ങളും, അചേതനങ്ങളും ഉള്‍പ്പെടും. പുല്‍ക്കൊടിതൊട്ട് പൂര്‍വ്വാചലംവരെ' എന്ന പഴയശൈലിയില്‍ പറഞ്ഞാലും തെറ്റില്ല. അപ്പോള്‍ മനുഷ്യനും, എന്തിന് ദൈവങ്ങളും ആ പരിഗണനയില്‍ വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഓരോ ഗ്രഹത്തിന്റെയും കാരകധര്‍മ്മങ്ങള്‍ വളരെ സംക്ഷേപിച്ചും വിസ്തരിച്ചും പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളില്‍ വായിക്കാം. ഗ്രഹകാരക ധര്‍മ്മങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള ഒരു പഴയ സംസ്‌കൃത ഗ്രന്ഥമാണ് 'ഉത്തരകാലാമൃതം'. അതില്‍ എഴുപതിലധികം സൂര്യകാരക ധര്‍മ്മങ്ങള്‍ വായിക്കാം. (ശ്ലോകം തല്‍ക്കാലം വിടുന്നു)        

1. ആത്മാവ്.
2.ശരീരശക്തി
3. അതിതീക്ഷ്ണത
4. കോട്ടകള്‍
5. ബലം
6. ഉഷ്ണം
7.സ്വാധീനത
8. അഗ്‌നി
9. ശിവപൂജ
10. ധൈര്യം
11. മുള്ളുള്ള വൃക്ഷങ്ങള്‍
12.രാജാശ്രയം (സര്‍ക്കാര്‍ ജോലി) 13.എരിവ്
14. വാര്‍ധക്യം
15. ജന്തുക്കള്‍
16.ദുഷ്ടത
17. ഭൂമി
18. അച്ഛന്‍
19. സ്വാദ്
20.അറിവ് നേടല്‍
21.ആകാശനിരീക്ഷണം
22. ഭീരുത്വം
23.മനുഷ്യലോകം
24 .ചതുരാകൃതി
25. എല്ല്
26. പരാക്രമം
27. പുല്ല്
28. വയറ്
29. ഉത്സാഹം
30. കാട്
31. അയനം (വഴി)
32. കണ്ണുകള്‍
33. വനസഞ്ചാരം
34. നാല്‍ക്കാലി 35.രാജാവ്
36. യാത്ര
37. ചൂട്
38. വൃത്തം
39. വനയാത്ര
40. പെരുമാറ്റം
41. പിത്തം
42. പ്രാണന്‍
43. നേത്രരോഗം
44. വൃക്ഷം
45.നൈര്‍മല്യം
46. രാജ്യാധിപത്യം
47. രോഗമുക്തി
48. സൗരാഷ്ട്രദേശം
49. ആഭരണം
50. ശിരോരോഗം
51. മുത്ത്
52. ആകാശാധിപത്യം
53. ഹ്രസ്വത
54. കിഴക്ക്
55. ചെമ്പ്
56. രക്തം
57. രാജ്യം
58 രക്തനിറവസ്ത്രം
59. ചുവന്ന രത്നം
60. കല്ല്
61. തുറന്നപെരുമാറ്റം
62. നദീതീരം
63. പത്മരാഗം
64. നട്ടുച്ച
65. മുഖം
66. കോപം
67.ശത്രുവിജയം
68. സാത്വികഗുണം
69. രക്തചന്ദനം
70. കാവിനിറം
71. തടിച്ചനൂല്‍ കൊണ്ടുള്ള വസ്ത്രം.    

മലയാളശ്ലോകം കൂടി വായിക്കാം.  

അച്ഛനും ദേവനും രാജാ-
വാത്മാവും പ്രാണനസ്ഥിയും  
വൈദ്യം ജ്യോതിര്‍ ദിവാ
ധൈര്യം പ്രതാപം രാജസേവയും  
താമ്രം സുവര്‍ണം വിജയം  
ഹോമകാര്യങ്ങള്‍ പര്‍വ്വതം
ശിവകാര്യം വനം ശൗര്യം
ഉത്സാഹം ദേവതാഗൃഹം
നഖവും ദന്തവും ചര്‍മ്മം
ഓജസ്സും നേത്രമുന്നതി
ഗായത്രീമന്ത്രവും ശൈവ  
തന്ത്രവും ശിവലിംഗവും
താപസന്മാര്‍ തപസ്ഥാനം  
ഇതെല്ലാം സൂര്യനൊത്തിടും'
(ജാതക ദര്‍പ്പണം).  

ഇവ കൂടാതെ രാഷ്ട്രീയം, വൈദ്യം, തലച്ചോര്‍, ഹൃദയം, ആമാശയം, ഭരണകൂടം, സമിതികള്‍, അവയുടെ നേതൃത്വം, താമരപ്പൂവ്, ഗോതമ്പ്, എരിക്ക്, പകല്‍, ജ്യോതിഷവിദ്യ, പുരുഷന്‍, പൗരുഷം, പുരുഷ മേധാവിത്വം, വീരരസം, ഭേദോപായം, ഗര്‍വ്വ്, തല ഉയര്‍ത്തി നടക്കുന്ന ശീലം, ഊര്‍ജതന്ത്രം, നയം, ചുവന്നകാള, കൂവളം, വേനല്‍, ഗ്രീഷ്മ ഋതു, കാട്ടുതീ, വ്യവസ്ഥയെ അനുസരിക്കല്‍, പിതാവിന്റെ തൊഴില്‍ ചെയ്യല്‍, അധികാരം, ചൂടുള്ള ഭക്ഷണം, രാജവഴി, രാജതന്ത്രങ്ങള്‍, രാഷ്ട്രമീമാംസ, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയര്‍- അങ്ങനെ നിത്യജീവിതത്തിലെ ഒരുപിടി കാര്യങ്ങള്‍കൂടി സൂര്യനെക്കൊണ്ട് ചിന്തിക്കാം.

ഇതോടൊപ്പം ഭാവകാരകത്വവുമുണ്ട്, ഓരോ ഗ്രഹത്തിനും ലഗ്നഭാവത്തിന്റെ കാരകന്‍ സൂര്യനാണ്. വ്യക്തി, വ്യക്തിത്വം, ഓജസ്സ്, തേജസ്സ്, ആരോഗ്യം, കീര്‍ത്തി, ജയം എന്നിവ ലഗ്നം കൊണ്ട് ചിന്തിക്കുന്നു. കൂടാതെ പിതൃഭാവമായ ഒമ്പതാം ഭാവത്തിന്റെയും കര്‍മ്മഭാവമായ പത്താമെടത്തിന്റെയും ഭാഗിക കാരകത്വവും സൂര്യന്‍ വഹിക്കുന്നുണ്ട്.

ഓര്‍മ്മിക്കുക, ഇത് അര്‍ദ്ധവിരാമം മാത്രമാണ്. എല്ലാം പറയാനായിട്ടില്ല. കാലത്തിന്റെ മാറ്റവും പ്രപഞ്ച പരിണാമവും ദൈവജ്ഞന്റെ പരിഗണനയില്‍ വരണം. അപ്പോള്‍ യുക്തിപൂര്‍വം എന്തും അയാള്‍ക്ക് ഗ്രഹങ്ങളുടെ അധികാരത്തിനൊപ്പം കൂട്ടിച്ചേര്‍ക്കാനാവും. ജീവിതം അടിമുടി മാറി, ജ്യോതിഷം പഴഞ്ചനായല്ലോ? എന്ന തോന്നല്‍ ശരിയല്ല. സ്വയം നവീകരിക്കാനും കാര്യങ്ങളെ യുക്തിസഹമായി വ്യഖ്യാനിക്കാനും ഉള്ള കഴിവ് ദൈവജ്ഞന്‍ നേടിയെടുക്കുമ്പോള്‍ ഒന്നും കാലഹരണപ്പെടില്ല. അപ്പോള്‍ മാത്രമാണ് ദൈവജ്ഞനും ജ്യോതിഷവും ലോകവും സമന്വയത്തിലാവുക. ആ വേളയിലാണ്,  സഹവര്‍ത്തിത്വത്തോടെയും തുല്യ വേഗതയിലും തോളോട്തോള്‍ ചേര്‍ന്നും തന്നെയാണ് അവ സഞ്ചരിക്കുന്നതെന്ന് പറയാന്‍ കഴിയുന്നതും.

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

ഭഗവാൻ സുന്ദരേശ്വരപാണ്ഡ്യനായി രാജനീതിക്ക് അല്പം പോലും കോട്ടം തട്ടാനിടവരാതെ രാജ്യം ഭരിച്ചു. ഭൂമി സസ്യധാന്യ സമ്പത്തുകൊണ്ട് കൂടുതൽ ധന്യയായി. വർഷം കാലാകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നു.

ജനങ്ങൾ പാപരഹിതരായി ജീവിച്ചു.
ബാലമരണങ്ങളും ആധിവ്യാധികളും നിശ്ശേഷം ഇല്ലാതായി. ചുരുക്കി പറഞ്ഞാൽ ഭൂലോകം ശിവലോകമായി മാറി.

അങ്ങനെയിരിക്കുന്ന അവസരത്തിൽ ദിവ്യന്മാരായ മഹർഷിമാർ ഭഗവാനെ ദർശിക്കാൻ എത്തുമായിരുന്നു.

ഒരു ദിവസം മീനാക്ഷി .ഭഗവതിയുടെ അമ്മയായ കാഞ്ചനമാല ശ്രേയസ്കരങ്ങളായ ധർമ്മങ്ങൾ എന്താണെന്ന് ഗൗതമമുനിയോട് ചോദിച്ചു.
കായികവും, മാനസികവും, വാചികവുമായ ധർമ്മങ്ങളിൽ തീർത്ഥാടനമാണ്
ഏറ്റവും ഉചിതമായ ധർമ്മമെന്ന് മുനി പറഞ്ഞു. തീർത്ഥാടനം കൊണ്ട് ഭക്തിയും മുക്തിയും ആഗ്രഹസിദ്ധിയും കൈവരും.

അതിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് സമുദ്രസ്നാനമാണ്. ഇത് കേട്ടപ്പോൾ കാഞ്ചനമാല തടാതകയോടു തനിക്ക് സമുദ്രസ്നാനം ചെയ്യുന്നതിന് വഴിയുണ്ടാക്കണമെന്ന് അപേക്ഷിച്ചു.

തടാതക അമ്മയ്ക്ക് സമുദ്രസ്നാനം ചെയ്യണമെന്നുള്ള അതിയായ ആഗ്രഹത്തെ സുന്ദരേശ്വരനോട് അറിയിച്ചു. ഭഗവാൻ പറഞ്ഞു:

"പ്രിയതമേ നിന്റെ മാതാവ് ഒരു സമുദ്രത്തിൽ സ്നാനം ചെയ്യണമെന്നല്ലേ ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ ഏഴു
സമുദ്രങ്ങളേയും ഇപ്പോൾത്തന്നെ മധുരയിൽ വരുത്താം.”

ഉടൻതന്നെ മധുരയുടെ കിഴക്കുള്ള തടാകത്തിൽ ഗംഭീരമായ ശബ്ദ
ത്തോടുകൂടി ഏഴു സമുദ്രങ്ങളും വന്നുപൊങ്ങി. മായാമയനായ
ഭഗവാനെക്കൊണ്ടല്ലാതെ മറ്റാർക്കിങ്ങനെ കഴിയും!

അന്നുമുതൽ ആ സരസ്സ് 'സപ്താബ്ദി' എന്നു വിളിക്കപ്പെട്ടു .

ഇതിൽ കുളിക്കുന്നവർക്ക് മോക്ഷംലഭിക്കുമെന്നുള്ളത് തീർച്ചയാണ്.

വാസനകള്‍

വാസനകള്‍

മനുഷ്യന്‍ ജനിച്ചു വരുന്നത്‌ വാസനകളോടു കൂടിയാണ്‌ എന്നു പറയാറുണ്ട്‌. എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ. അതായത്‌ കുറേ തവണ ഇടപെടുന്ന ആളോട്‌ നമുക്കുണ്ടാകുന്ന മാനസികമായ അടുപ്പം പോലെ അനുഭവങ്ങളോടും നമുക്ക്‌ അടുപ്പം ഉണ്ടാകും - പിന്നീട്‌ അവ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന തോന്നല്‍ ഉണ്ടാകും. ശീലം കൊണ്ട്‌ ഈ അടുപ്പത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. പുകവലി, ലഹരി ഉപയോഗം എന്നിവയുടെ ഉദാഹരണം എടുത്താല്‍ ഇത്‌ വളരെ പെട്ടെന്ന്‌ മനസ്സിലാകും. അങ്ങനെ നേരത്തെ തന്നെ സൂക്ഷ്മശരീരത്തില്‍ ഉണ്ടായിട്ടുള്ള സംസ്കാരം ആണ്‌ വാസനകള്‍. ശീലം കൊണ്ട്‌ ഇവയുടെ തീവ്രത വര്‍ദ്ധിക്കും എന്നു പറഞ്ഞപ്പോള്‍ തന്നെ ശീലം ഇല്ലാഴിക കൊണ്ട്‌ ഇവയെ ഒഴിവാക്കുവാനും സാധിക്കും എന്ന്‌ അര്‍ഥം ലഭിക്കുമല്ലൊ. തന്നെയുമല്ല ഇവയെ തന്നെ നല്ലതും ചീത്തയും എന്നും തിരിക്കാം.

ഈ തത്വങ്ങളെ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ ഉപദേശിക്കുന്ന ഒരു ഭാഗം നോക്കാം-
"ശുഭാശുഭാഭ്യാം മാര്‍ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്‌
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"

ശുഭവും അശുഭവും ആയ മാര്‍ഗ്ഗങ്ങളില്‍ കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്‍മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്‌ തിരിച്ചു വിടണം.

പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ മനസ്സിലാകാണമെങ്കിലോ? പ്രാവര്‍ത്തികമാക്കണമെങ്കിലോ?
നാം എങ്ങനെ ആണ്‌ നമുക്കു ചുറ്റും ഉള്ള പ്രപഞ്ചത്തോട്‌ ഇടപെടുന്നത്‌? ഇന്ദ്രിയങ്ങളില്‍ കൂടി. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്ന സമയത്തും ഉണ്ടായിട്ടും അന്നേരം നമുക്ക്‌ ഈ അനുഭവം ഉണ്ടാകുന്നില്ലല്ലൊ. അപ്പോള്‍ ഇന്ദ്രിയങ്ങള്‍, മനസ്‌ , ബുദ്ധി തുടങ്ങി പലഘടകങ്ങളുടെ പ്രവര്‍ത്തനം ഇതില്‍ ഉള്‍പ്പെടുന്നു എന്ന്‌ മനസ്സിലാക്കാം.
എന്താണ്‌ ഈ മനസ്സ്‌? അത്‌ ഇന്ദ്രിയങ്ങളെ പോലെ വേര്‍തിരിച്ചു കാണിക്കുവന്‍ സാധിക്കുന്ന ഒരു ദ്രവ്യം അല്ല. പിന്നെയോ?

പരീക്ഷണശാലയില്‍ വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താവുന്ന ഒരു വസ്തുവും അല്ല.

മനസ്സിനെ പറ്റിയും ശ്രീരാമന്‍ വസിഷ്ഠനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌- " നാം ആകാശം എന്നു പറഞ്ഞിട്ട്‌ എന്തിനേയോ മനസ്സിലാക്കുന്നില്ലേ?, വാസ്തവത്തില്‍ എന്തിനെ എങ്കിലും അറിയുന്നുണ്ടോ? ശൂന്യവും ജഡവുമായ ഒന്നിനെ എങ്ങനെ ആണ്‌ മനസ്സിലാക്കുക? അതുപോലെ തന്നെ ആണ്‌ മനസ്സിന്റെയും സ്ഥിതി" 
ആകാശം എന്നതു കൊണ്ട്‌ നാം മുകളില്‍ കാണുന്ന വ്യാവഹാരിക ആകാശം അല്ല ഉദ്ദേശിച്ചത്‌ - പഞ്ചഭൂതങ്ങളിലെ ആകാശം ആണ്‌. അത്‌ ശുദ്ധമായ ശൂന്യത - absolute space ആണെന്നു പറയുന്നു. അതിനെ മനസ്സിലാകുവാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ തന്നെ ആണ്‌ മനസ്സും എന്ന്‌.

ഈ ഉത്തരത്തില്‍ മറ്റൊരു വലിയ തത്വം കൂടി ഒളിഞ്ഞു കിടക്കുന്നു. മനസ്സ്‌ എന്നത്‌ ഒരാളില്‍ ഒതുങ്ങി കഴിയുന്ന ഒരു തത്വം അല്ല - പിന്നെയോ അത്‌ universal ആണ്‌. അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു തത്വമാണ്‌. ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.

ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ സൂചിപ്പിക്കുന ഒരു തത്വം ഉണ്ട്‌, എവിടെ ചലനം കണ്ടാലും അതിനു പിന്നില്‍ ഒരു ചേതനസങ്കല്‍പം ഉണ്ടെന്ന്‌.

എന്തു ചലനം ഉണ്ടാകണം എങ്കിലും അത്‌ വ്യക്തമായ ഒരു planning ന്റെ ഫലമായേ ഉണ്ടാകൂ. ആ planning തുടങ്ങുന്ന ഒരു ചേതന - അഥവാ ബോധം അതിനു പിന്നില്‍ ഉണ്ടായേ ഒക്കൂ.

ഇല്ലെങ്കില്‍ എന്തില്‍നിന്നും എന്തും ഉണ്ടാകാം എന്ന അരക്ഷിതാവസ്ഥ ഉണ്ടാകും.

ഈ planning നടത്തുന്ന തന്ത്രം - technoLogy, അതു നടപ്പിലാക്കുന്ന യന്ത്രം machinery ഇവയെ രണ്ടിനെയും ധരിക്കുന്നത്‌ വായു (പഞ്ചഭൂതങ്ങളിലെ വായു) ആണ്‌ എന്ന്‌
"വായുസ്തന്ത്രയന്ത്രധര:" എന്ന വാക്യത്തില്‍ പറയുന്നു

വായുവിന്റെ ധര്‍മ്മമാണ്‌ ചലനം. അതിനെ നിയന്ത്രിക്കുന്ന ബോധവും സര്‍വവ്യാപിയാണ്‌- universal ആണ്‌. അഥവാ ആ ബോധ തന്നെ ആണ്‌ പരമാത്മതത്വം. അതിനെ സൂചിപ്പിക്കുന്നു ഈ മന്ത്രം-
"ഭയാദസ്യാഗ്നിസ്തപതി
ഭയാത്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച
മൃത്യുര്‍ധാവതി പഞ്ചമഃ".
ഇങ്ങനെ ഉള്ള, നമ്മില്‍ തന്നെ ഉള്ള ഈ ബോധത്തെ നാമറിയാതെ മറച്ചു വയ്ക്കുന്നവന്‍ ആരാണ്‌, അഥവാ ഈ ബോധം നാം അറിയുവാതിരിക്കുവാന്‍ സഹായിക്കുന്നത്‌ ആരാണ്‌? അത്‌ മനസാണ്‌.

ആ മനസ്സും universal ആണെന്ന്‌ നേരത്തെ പറഞ്ഞു.

അരണികള്‍ കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നു, രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരയുമ്പോള്‍ തീയുണ്ടാകുന്നു. മുമ്പില്ലാതിരുന്ന തീ പുതിയതായി ഉണ്ടാകുവാന്‍ സാധിക്കുകയില്ല. തീ ഏതെങ്കിലും ഒരു രൂപത്തില്‍ ആ വസ്തുക്കളില്‍ ഉണ്ടായിരുന്നു എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ എവിടെ നിന്നു വന്നു?

അപ്പോള്‍ എല്ലാ വസ്തുക്കളിലും അഗ്നി ഉണ്ട്‌, പക്ഷെ അതു വെളിപ്പെടുന്നത്‌ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉണ്ടാകുന്ന സമ്പര്‍ക്കത്തിലായി എന്നു മാത്രം.

ഇതെ പോലെ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ഥങ്ങളും തമ്മില്‍ബന്ധപ്പെടുമ്പോല്‍ തല്‍ക്കാലം ഉണ്ടാകുന്ന ഒരു സങ്കല്‍പമാണ്‌ മനസ്സ്‌ എന്നു പറയാം.

അഗ്നി എല്ലാ വസ്തുക്കളിലും ഉണ്ട്‌ എന്നു വച്ച്‌ അത്‌ അപകടകാരിയാകുന്നില്ല. അഗ്നിയെ വേണ്ട വിധം നിയന്ത്രിച്ചുപയോഗിച്ചാല്‍ അത്‌ നമുക്ക്‌ ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നവനും അണ്‌, പക്ഷെ അനിയന്ത്രിതമായാല്‍ അത്‌ അപകടകാരിയും ആണ്‌. ഇതുപോലെ തന്നെ ആണ്‌ മനസ്സിന്റെ കാര്യവും.

ഈ മനസ്സ്‌ എന്ന സങ്കല്‍പശക്തി തുടക്കത്തില്‍ ഒരു ചെറു ദീപനാളം പോലെ ഉണ്ടാകുന്നു എങ്കിലും അതിന്റെ ക്രമേണ ഉള്ള പോഷണം - അതായത്‌ കൂടുതല്‍ കൂടുതല്‍ അതിനെ ഉപയോഗിച്ചു കൊണ്ടിരുന്നാല്‍- അതു വളര്‍ന്ന്‌ വളര്‍ന്ന്‌ ഈ ബ്രഹ്മാണ്ഡത്തെ പോലും നശിപ്പിക്കുവാന്‍ കെല്‍പുള്ളതാകും, മറിച്ച്‌ അതിനെ അതിന്റെ ഉറവിടത്തില്‍ തന്നെ ഉപശമിപ്പിച്ചാല്‍ അതു വീണ്ടും പൊതിവരുവാന്‍ കഴിവുള്ള വണ്ണം അടങ്ങി ഇരിക്കും.

എന്നാല്‍ നിയന്ത്രിതമായി അതിനെ ഉപരോധിച്ചാല്‍ - ബോധപൂര്‍വം അതിനെ അടക്കിയാല്‍- അതെങ്ങോ പോയിമറയും, സച്ചിദാനന്ദസ്വരൂപനായ പരമപുരുഷന്‍ വെളിപ്പെടുകയും ചെയ്യും.

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത്‌ ഈ മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്‌, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"മനോദൃശ്യമിദം ദ്വൈതം യത്‌കിഞ്ചിത്‌ സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"

എന്നു മാണ്ഡൂക്യകാരികയില്‍ പറയുന്നത്‌ ഇതു തന്നെ ആണ്‌.

ഈ മനസ്സിനെ നിശ്ശേഷം ഇല്ലാതാകുവാന്‍ അനുവദിക്കാതെ നിലനിര്‍ത്തുന്നതും അവസരം കിട്ടുമ്പോള്‍ തളിര്‍ക്കുവാന്‍ സഹായിക്കുന്നതും ആയ വസ്തുവാണ്‌ നാം ആദ്യം കണ്ട 'വാസന'

അതുകൊണ്ട്‌ ആ വാസനകളെ അഭ്യാസം കൊണ്ട്‌ ശുഭമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വിട്ട്‌, മനസ്സിനെ നിഗ്രഹിച്ച്‌ നിത്യസത്യത്തെ അനിഭവിക്കുവാന്‍ വേദാന്തം ഉപദേശിക്കുന്നു.

മനസ്സാണ്‌ ബന്ധത്തിനും മോക്ഷത്തിനും കാരണം-

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്‍വിഷയം സ്മൃതം"

വിഷയാസക്തമായ മനസ്‌ ബന്ധങ്ങള്‍ക്കായും, നിര്‍വിഷയമായത്‌- വിരക്തമായത്‌ മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തില്‍ തന്നെ ഈ തത്വങ്ങള്‍ മനസ്സിലാക്കി, അവനവന്റെ ധര്‍മ്മങ്ങള്‍ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാന്‍ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ ഈ ജന്മത്തില്‍ തന്നെ മുക്തന്മാരാകുന്നു- കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക...

സമയത്തിന്റെ വില മനസ്സിലാക്കൂ...

സമയത്തിന്റെ വില മനസ്സിലാക്കൂ...

ഈ ലോകത്ത് ഏറ്റവും വിലയുള്ള വസ്തു എന്തെന്ന് ചോദിച്ചാല്‍ അത് സമയംതന്നെ ആണ്. സമയത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. ലോകത്തെല്ലാവര്‍ക്കും ഒരു ദിവസം അനുവദിക്കപ്പെട്ടിട്ടുള്ള സമയം 24 മണിക്കൂറാണ്. എന്നാല്‍ ചിലര്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നു. അവര്‍ ജീവിതവിജയം നേടുന്നു. സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് ജീവിതവിജയമിരിക്കുന്നത്.

സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഒരു ഋഗ്വേദമന്ത്രത്തിലേക്ക് നമുക്കൊന്നു കടന്നുചെല്ലാം. കാണുക:
ഓം പുനഃ പുനര്ജായമാനാ പുരാണീ സമാനം വര്ണമഭി ശുംഭമാനാ.
ശ്വഘ്‌നീവ കൃത്‌നുര്‍വിജ ആമിനാനാ മര്തസ്യ ദേവീ ജരയന്ത്യായുഃ.
(ഋഗ്വേദം 1.92.10)

പദം പിരിച്ചുള്ള അര്‍ത്ഥം:

(പുനഃ പുനഃ ജായമാനാ=) വീണ്ടും വീണ്ടും പിറക്കുന്ന
(പുരാണീ=) ആദികാലം മുതല്‍ക്കേ ഉള്ള
ഉഷസ്സ്
(സമാനം വര്ണം=) സമാനമായ രൂപത്തെ
(അഭി=) പ്രാപിച്ചുകൊണ്ട്
(ശുംഭമാനാ=) ശോഭിക്കുന്നു. എന്നാല്‍ ഇപ്രകാരം കടന്നുവരുന്ന ഈ (ദേവീ=) പ്രകാശമയിയായ ഉഷസ്സ്
(മര്തസ്യ=) മര്‍ത്യരുടെ അഥവാ മരണധര്‍മികളായ മനുഷ്യരുടെ
(ആയുഃ=) ആയുസ്സിനെ
(ജരയന്തീ=) ജീര്‍ണമാക്കുന്നു. (ഇവ=) ഏതുപോലെയാണോ
(കൃത്‌നുഃ=) വെട്ടിമുറിവേല്‍പ്പിക്കുന്ന
(ശ്വഘ്‌നീ=) വേട്ടക്കാരി
(വിജഃ=) ഭയന്ന് പാറിപ്പോകാന്‍ ഒരുമ്പെടുന്ന പക്ഷികളെ
(ആമിനാനാ=) ചിറകരിഞ്ഞ് ഹിംസിക്കുന്നത് അതുപോലെ
സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാസ്തവത്തില്‍ ഉഷസ്സിനെ സംബന്ധിച്ച ഈ വര്‍ണനയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിനുപുറകേ ഒന്നായി ഓരോ ദിനവും ഉഷസ്സ് വന്നെത്തുന്നു. മാത്രമല്ല, സമാനമായ രൂപത്തിലാണ് എന്നും വന്നെത്തുന്നത്. ഇന്നലെ വന്ന അതേ രൂപത്തില്‍തന്നെ ഇന്നും അതേ രൂപത്തില്‍തന്നെ നാളെയും വന്നെത്തുന്നു. അതുകൊണ്ട് നമ്മളാരും കാലം കടന്നുപോകുന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല.

ദീര്‍ഘകാലത്തിനു ശേഷം ഓര്‍ത്തുനോക്കുമ്പോള്‍ കുട്ടിക്കാലത്ത് നടന്ന സംഭവങ്ങള്‍പോലും 'ഇന്നലെ നടന്നതുപോലെ' നമുക്കൊക്കെ തോന്നാന്‍ കാരണവും ഇതുതന്നെ. പ്രകൃതിയിലെ ഋതം, അതായത് ചാക്രികമായ താളം കാലത്തിന്റെ മുന്നോട്ടുള്ള ഗതിയെ
നമ്മില്‍ നിന്ന് മറച്ചുപിടിക്കുന്നു. അത് നമ്മെ അലസന്മാരാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ പ്രതിദിനവും നമ്മുടെ ആയുസ്സ് ക്ഷയിച്ചു ക്ഷയിച്ചുവരികയാണെന്ന സത്യത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്. അതുള്‍ക്കൊണ്ട് ജീവിക്കേണ്ടതുണ്ട്. ഈയൊരു തത്ത്വത്തെയാണ് ഉഷസ്സിനെ വേട്ടക്കാരിയോട് ഉപമിച്ചുകൊണ്ടുള്ള ആലങ്കാരികവര്‍ണനയിലൂടെ നമ്മോട് വേദമന്ത്രം പറഞ്ഞുതരുന്നത്.

ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വ ഋഷിമാര്‍. അവര്‍ക്ക് ജീവിതത്തിന് ഒരു ചിട്ടയുണ്ടായിരുന്നു. ആചരണങ്ങളിലൂടെയായിരുന്നു അവര്‍ ആ ചിട്ടയെ സംരക്ഷിച്ചതും തലമുറകളിലേക്ക് കൈമാറിവന്നതും. അവരുടെ ഓരോ ദിനവും തുടങ്ങിയത് വൈദികകര്‍മങ്ങളിലൂടെയായിരുന്നു. പഞ്ച മഹായജ്ഞങ്ങളാണ് വൈദികകര്‍മങ്ങള്‍. അവ നിത്യവും ചെയ്യേണ്ടുന്നതാണ്. അവയില്‍ ആദ്യത്തേതായ ബ്രഹ്മയജ്ഞം സന്ധ്യക്ക് ചെയ്യേണ്ടുന്ന ഉപാസനയാണ്. തുടര്‍ന്ന് അഗ്നിഹോത്രവും ബലിവൈശ്വദേവയജ്ഞവും ചെയ്യണം. ഇങ്ങനെ എല്ലാംകൂടി രാവിലെ ഒരു മണിക്കൂറില്‍ കുറവ് സമയമേ ഉപാസനയ്ക്കായി എടുക്കൂ. എന്നാല്‍ ഇവയുടെ ഫലങ്ങളോ അനന്തങ്ങളാണുതാനും.
ഈ നിത്യകര്‍മങ്ങള്‍ സമയത്തിന് അനുഷ്ഠിക്കുന്നതിലൂടെ നാമറിയാതെ ഒരു ചിട്ട നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ഒന്നിനും ഒരു ചിട്ടയില്ലാത്തതാണ് പലരുടെയും ജീവിത പരാജയത്തിന് മൂലകാരണം. ഒരു കാര്യമെങ്കിലും പ്രതിദിനം സമയത്തിന് നടക്കുകയാണെങ്കില്‍ അതിനെ ആശ്രയിച്ച് മറ്റുള്ള കാര്യങ്ങളും സമയത്തിന് നടക്കാന്‍ തുടങ്ങും. ഇങ്ങനെ ഉപാസനാ കര്‍മങ്ങളാല്‍
കൈവന്ന സമയ ക്രമീകരണമാണ് നമ്മുടെ പൂര്‍വികരുടെ ജീവിത വിജയത്തിന്റെ പ്രധാന ഹേതു. അഗ്നിഹോത്രയജ്ഞത്തിലൂടെ നാമറിയാതെ നമ്മില്‍ വന്നുദിക്കുന്ന യജ്ഞീയ ഭാവമാകട്ടെ, അലസതയില്ലാതെ കര്‍മം ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സമയത്തിന് ചെയ്യാനും സമയ ബന്ധിതമായി ചെയ്യാനും വേണ്ട പ്രേരണ നമുക്ക് നല്‍കുന്ന ആ ഉപാസനപദ്ധതികളെയാണ് ജീവിതവിജയത്തിന് ആഗ്രഹിക്കുന്നവര്‍ ആദ്യം ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്. സമാനമായ രൂപത്തോടുകൂടിയ ഓരോ ദിനത്തെയും ഓരോന്നായിക്കാണാന്‍ നമുക്ക് കഴിയണം.

അലസത വെടിഞ്ഞ് അന്നന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ അന്നന്നുതന്നെ ചെയ്തുതീര്‍ക്കണം. ചെയ്ത കാര്യങ്ങളെക്കുറിച്ച് ഉറങ്ങുന്നതിനുമുന്‍പ് ഓര്‍മ്മിക്കണം. ഓരോ ദിനവും തനിക്ക് ഈശ്വരന്‍ നല്‍കിയ വിലപ്പെട്ട സമയത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെവേണം ഉറങ്ങാന്‍ കിടക്കാന്‍. അതു നല്‍കുന്ന ആത്മവിശ്വാസത്തോടെ വേണം പിറ്റേന്ന് പുതിയ ഉഷസ്സിനെ സ്വാഗതം ചെയ്യാന്‍.

ആചാര്യശ്രീ രാജേഷ്

കാക്കയും നിമിത്തങ്ങളും ശകുനങ്ങളും

കാക്കയും  നിമിത്തങ്ങളും ശകുനങ്ങളും

ചില പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിലെ മുത്തശ്ശനോ മുത്തശ്ശിയോ പോലെയുള്ള ആൾക്കാർ ചില സമയങ്ങളും ശകുനങ്ങളും നിമിത്തങ്ങളും നോക്കി ചില കാര്യങ്ങൾ ഒക്കെ പറയാറുണ്ട്. ഇന്നത്തെ തലമുറ നിസ്സാരം എന്നു തള്ളിക്കളയുന്ന ആ നിമിത്തങ്ങൾക്ക് പിന്നിൽ ചില സത്യങ്ങൾ ഉണ്ടെന്നതാണ് വാസ്തവം.

നമ്മളൊക്കെ ഏത് മഴയിലും വെയിലിലും ചൂടിലും തണുപ്പിലും ഒക്കെ കാണുന്ന പക്ഷിയാണ് കാക്ക. നമ്മുടെ മരിച്ചുപോയ പൂര്‍വ്വികരുടെ അംശമാണ് കാക്കയെന്ന് കരുതപ്പെടുന്നതിനാല്‍ അവരുടെ ഓര്‍മ്മനാളുകളില്‍ കാക്കയ്ക്ക് അന്നമിടുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ പണ്ടുകാലം തൊട്ടേ ശ്രേഷ്ഠമായി കരുതപ്പെടുന്ന ഒന്നാണ്. ഇന്നും നമ്മുടെ ഒക്കെ നാട്ടില്‍പുറങ്ങളില്‍ ഒരു കാക്ക നിര്‍ത്താതെ കരഞ്ഞാല്‍ ആരെങ്കിലും വിരുന്നുകാര്‍ വരാനിരിക്കുന്നതിന്‍റെ ലക്ഷണമാണെന്നും, എന്തോ നല്ല സന്ദേശം വരാനിരിക്കയാണെന്നും പഴമക്കാർ പറയാറുണ്ട്.

സർവസാധാരണമായി കാണുന്ന കാക്കയെ അശുഭ സൂചനയായാണ് കണക്കാക്കുന്നത്. ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന വരാഹമിഹിരന്റെ ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിൽ, നിമിത്തശാസ്ത്രഭാഗത്തു കാക്കകൾക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട്.

യാത്രയ്ക്കിറങ്ങുമ്പോൾ കാക്കയെ കാണുകയാണെകിൽ ഉദ്ദേശിച്ച കാര്യം നടക്കും. എന്നാൽ ഒരു യാത്ര പുറപ്പെടുമ്പോള്‍ കാക്ക പറക്കുന്നത് കണ്ടാൽ അതുനോക്കിയും ശകുനം പറയാറുണ്ട്. ഉദാഹരണത്തിന് വലത്തുനിന്നും ഇടത്തോട്ട് ആണ് കാക്ക പോയത് എങ്കിൽ ധനലാഭവും ഇടത്തുനിന്നും വലത്തോട്ട് ആണ് പോയത് എങ്കിൽ ധനനഷ്ടവും ഉണ്ടാവുമെന്നാണ് ഫലം പറയുന്നത്.

കൂടാതെ യാത്ര ചെയ്യുന്ന ആള്‍ക്കുനേരെ കാക്ക കരഞ്ഞുകൊണ്ട് പറന്നുവന്നാല്‍ യാത്ര ഒഴിവാക്കണമെന്നും അതൊരു ദുശ്ശകുനം ആണെന്നും പറയപ്പെടുന്നു.

കൂടാതെ ഒരു കാക്ക മറ്റൊരുകാക്കയ്ക്ക് ആഹാരം കൊടുക്കുന്ന കാഴ്ച കണ്ടാല്‍ യാത്ര ശുഭകരമാവുമെന്നും പോകുന്ന കാര്യം മംഗളം ആയി ഭവിക്കും എന്നും പറയപ്പെടുന്നു.

കൂടാതെ ഒരാളുടെ യാത്രാവേളയില്‍ അയാളുടെ വാഹനം, കുട, ചെരുപ്പ് അല്ലെങ്കില്‍ അയാളുടെ ശരീരം എന്നിവയിൽ കാക്ക തീണ്ടിയാല്‍ യാത്രാവേളയില്‍ അയാള്‍ക്ക് അപകടം സംഭവിക്കാമെന്നുമാണ് ശകുനം പ്രകാരമുള്ള വിശ്വാസം.

വാഹനം, കുട, ചെരുപ്പ് എന്നിവയ്ക്കുമീതെ കാക്ക കാഷ്ഠിച്ചാല്‍ ഭക്ഷണത്തിന് പഞ്ഞമുണ്ടാവില്ല എന്നും ഇഷ്ടഭക്ഷണം കിട്ടുകയും ചെയ്യും എന്നും പറയപ്പെടുന്നു.

കാക്ക ദേഹത്ത്‌ കാഷ്ഠിച്ച അനുഭവം മിക്കവർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. കാക്ക കാഷ്ഠിച്ച വിഷമത്താൽ കഷ്ടകാലമാണെന്ന്‌ കരുതുന്നവരുണ്ടെങ്കിലും ഭാഗ്യമാണെന്നാണു വിശ്വാസം. സാമ്പത്തിക നേട്ടമുണ്ടാവും എന്നും വിശ്വാസമുണ്ട്‌. ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി എന്നെ നക്ഷത്രജാതരുടെ ശരീരത്തിൽ കാക്ക കാഷ്ഠിച്ചാൽ അശുഭവും മറ്റുള്ള നക്ഷത്രജാതർക്ക്‌ സാമ്പത്തിക നേട്ടവും ഉണ്ടാവും എന്ന വിശ്വാസവും സമൂഹത്തിൽ നിലനിൽക്കുന്നു.

13 December 2021

വാരാണസീപുരപതിം ഭജ വിശ്വനാഥം

വാരാണസീപുരപതിം ഭജ വിശ്വനാഥം

കള്ളസാക്ഷ്യം പറഞ്ഞതിന് ശിവന്‍ ഒരിക്കല്‍ ബ്രഹ്മാവിന്‍റെ ഒരു ശിരസ് നുള്ളിയെടുത്തു. അങ്ങനെ ശിവന് ബ്രഹ്മഹത്യാപാപം സംഭവിച്ചു. പെട്ടെന്ന്‍ നീലനിറവും ചെമ്പിച്ച മുടിയുമായി ബ്രഹ്മഹത്യ എന്ന ഘോരരൂപിണി ശിവനെ സമീപിച്ചു. ആ വിരൂപിണിയെ കണ്ട ശിവന്‍ അവളോട്‌ ഇങ്ങനെ ചോദിച്ചു: “ നീ ആരാണ്..? എന്തിനു വന്നു..?” അപ്പോള്‍ ബ്രഹ്മഹത്യ ശിവനോട് പറഞ്ഞു:

“ഞാന്‍ ബ്രഹ്മഹത്യയാണ്. ബ്രഹ്മാവിന്‍റെ ശിരസ്സ് മുറിച്ച അങ്ങ് പാപം ചെയ്തിരിക്കുന്നു. പാപമോക്ഷം ലഭിക്കുന്നതുവരെ ഞാന്‍ അങ്ങയുടെ ശരീരത്തില്‍ വസിക്കും.” ഇങ്ങനെ പറഞ്ഞ അവള്‍ ശിവനില്‍ ലയിച്ചു ചേര്‍ന്നു. പെട്ടെന്ന്‍ ശിവന്‍റെ ദേഹമാസകലം ചുട്ടുപൊള്ളാന്‍ തുടങ്ങി. പാപ പരിഹാരത്തിനായി ശിവന്‍ നരനാരായണന്മാരെ കാണാന്‍ ബദര്യാ ശ്രമത്തില്‍ ചെന്നു. പക്ഷെ അവരെ കാണാനായില്ല. ദുഃഖിതനായ ശിവന്‍ ശരീരത്തിലെ ചൂട് ശമിപ്പിക്കാനായി യമുനയില്‍ പോയി. ശിവന്‍റെ ശരീരത്തിലെ ചൂട് കാരണം യമുന വറ്റിപ്പോയി. പിന്നീട് പുഷ്കരാരണ്യം, മഗധാരണ്യം, സൈന്ധവാരണ്യം, നൈമിശാരണ്യം, ധര്‍മ്മാരണ്യം, ഇവിടെയൊക്കെ പോയി. എവിടെയും ജലമില്ലാതെ ശിവന്‍ പരിക്ഷീണിതനായി. സമുദ്രങ്ങളിലും, നദികളിലും, ആശ്രമങ്ങളിലുമൊക്കെ പോയെങ്കിലും, ബ്രഹ്മഹത്യ ശിവനില്‍നിന്ന്‍ വിട്ടുമാറിയില്ല. അത്യന്തം ദുഃഖിതനായ ശിവന്‍ കുരുക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അപ്പോള്‍ ഗരുഡവാഹനനായ വിഷ്ണുവിനെ കണ്ടു. അഞ്ജലീബദ്ധനായി ശിവന്‍ വിഷ്ണുവിനെ സ്തുതിച്ചു. ബ്രഹ്മഹത്യാപാപം മാറുന്നതിനായി വിഷ്ണു ശിവനോട് ഇപ്രകാരം ഉപദേശം നല്‍കി,

“ഹേ കപാലീ.. പുണ്യാംശമായ ബ്രഹ്മാണ്ഡത്തില്‍ എന്‍റെ അംശമായി ജനിച്ച യോഗശായി എന്ന ഭഗവാന്‍ പ്രയാഗയില്‍ വസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വലത്തേ കാലില്‍നിന്നും പുറത്തേക്ക് വരുന്ന വരണ എന്ന സര്‍വപാപഘ്നയായ മഹാനദിയും, ഇടത്തേ കാലില്‍നിന്ന്‍ പുറത്തേക്ക് വരുന്ന അസി എന്ന മഹാനദിയും അത്യന്തം പൂജനീയമാണ്. ഈ നദികളുടെ മദ്ധ്യദേശത്താണ് യോഗശായിയുടെ ക്ഷേത്രം. അത് ത്രിലോകങ്ങളിലും ശ്രേഷ്ഠവും പാപനാശിനിയുമായ തീര്‍ത്ഥമാണ്. ആ നഗരി വാരാണസി എന്നറിയപ്പെടുന്നു. പ്രാപഞ്ചികന്മാര്‍പോലും ആ തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ സംസാരമുക്തി ലഭിക്കും. ദേവേശ്വരാ.. അവിടം എന്‍റെ ആശ്രമസ്ഥാനവുമാണ്. ലോലനെന്ന സൂര്യഭഗവാന്‍ സകലരുടെയും സര്‍വപാപങ്ങളും നശിപ്പിച്ചുകൊണ്ട് അവിടെ വസിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ അങ്ങയ്ക്ക് പാപമോചനം ലഭിക്കും.”

ഇപ്രകാരം വിഷ്ണുവിന്‍റെ ഉപദേശം സ്വീകരിച്ച ശിവന്‍ വാരാണസിയില്‍ എത്തി അവിടെ സ്നാനം ചെയ്തു തന്‍റെ ബ്രഹ്മഹത്യാപാപം നീക്കി. പിന്നീട്, അവിടെ വന്ന്‍ പാപമോചനം നേടുന്നവരെ അനുഗ്രഹിക്കാനായി, വാരാണസീപതിയായി ശിവന്‍ അവിടെ കുടിയിരുന്നു.

"ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥം "

പുണ്യാഹം

പുണ്യാഹം

വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം.

ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ.

പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.

സ്വയം ശുദ്ധീകരിക്കാം, പുണ്യാഹ മന്ത്രത്താല്‍

ജലത്തിനു മാസ്മരിക ശക്തിയുണ്ട്.

പഞ്ചഭൂതങ്ങളില്‍ സമാനതകളില്ലാത്ത സ്ഥാനം കല്‍പ്പിക്കപ്പെടുന്നു ജലത്തിന്. അതുകൊണ്ടുതന്നെയാണ് ശുഭകര്‍മങ്ങള്‍ക്കെല്ലാം ജലം അവിഭാജ്യഘടകമായി മാറുന്നതും.

ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ വെള്ളമാണ്." വെള്ളത്തിനു വേണ്ടിയാണ് ഇനിയുള്ള യുദ്ധങ്ങളെന്നു പോലും കുറിക്കപ്പെട്ടു കഴിഞ്ഞു.

ശുദ്ധീകരണമാണ് ജലത്തിന്റെ ധര്‍മം. പരമപവിത്രമായി ഗംഗാ നദിയെ കാണുന്നതുകൊണ്ടാണ് ഗംഗയില്‍ മുങ്ങി പാപം കഴുകിക്കളയുകയെന്ന സങ്കല്‍പമുണ്ടായത്.

എല്ലാ മനുഷ്യര്‍ക്കും ദൈനംദിന ജീവിതത്തില്‍ ജലത്താൽ ആത്മശുദ്ധീകരണം നടത്താവുന്നതാണ്.

വൈദികരീതി പ്രകാരം പുണ്യാഹ മന്ത്രമാണ് ഇവിടെ ചൊല്ലേണ്ടത്. കുളിക്കുന്നതിനു മുമ്പ് കിഴക്കു നോക്കി വെള്ളം ഇരുകൈകളും ചേര്‍ത്തുപിടിച്ചെടുത്ത് ചൊല്ലേണ്ടതാണ് ഈ മന്ത്രം.

ഋഗ്വേദത്തില്‍ നിന്നെടുത്ത ഇത് തര്‍പ്പണമന്ത്രമായാണ് അറിയപ്പെടുന്നത്.

ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ
ന ഊര്‍ജേ ദധാതനഃ മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേഹ നഃ ഉശതീരവ മാതരഃ
തസ്മാ അരം ഗമാമ വോ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു
പീതയോ ശംയോരഭിസ്രവന്തു നഃ

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ ഒമ്പതാം സൂക്തത്തിലെ നാലു മന്ത്രങ്ങളാണിവ.

കുളിക്കുന്നതു കുളത്തിലാണെങ്കിലും ബക്കറ്റില്‍ വെള്ളമെടുത്താണെങ്കിലും വെള്ളം രണ്ട് ഉള്ളംകൈയിലും എടുത്തു ചൊല്ലണം. അതിനു ശേഷം വെള്ളത്തില്‍നിന്നു കുറച്ചെടുത്ത് തലയിലും കുളിക്കാനുള്ള വെള്ളത്തിലും തളിക്കുക.

അതിനു ശേഷം വെള്ളം വീണ്ടുമെടുത്ത് ഇപ്പറയുന്ന ഓരോ മന്ത്രവും ക്രമമായി ചൊല്ലി തര്‍പ്പിക്കുക.

ദേവാം തര്‍പ്പയാമി,
ദേവഗണാം തര്‍പ്പയാമി,
ഋഷീം തര്‍പ്പയാമി,
ഋഷിഗണാം തര്‍പ്പയാമി,
പിതൃം തര്‍പ്പയാമി,
പിതൃഗണാം തര്‍പ്പയാമി.

ഈ ജലം സര്‍വമംഗളങ്ങളും നല്‍കുന്നതാണ്. ബലത്തെ നല്‍കുന്നതാണ്. വാക്ശക്തിയും ദൃഷ്ടിശക്തിയും നല്‍കുന്നതാണ്.

അത്യന്തം ഐശ്വര്യപൂര്‍ണമായ ആ ജലത്തിന്റെ രസത്തെ ഞങ്ങള്‍ സേവിക്കുന്നു.

കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ പോലെ പവിത്രവും ആരോഗ്യദായകവുമായിത്തീരട്ടെ ഈ ജലം- ഇതാണ് ഈ മന്ത്രം സാമാന്യമായി അര്‍ഥമാക്കുന്നത്.

ആദ്യമന്ത്രം ചൊല്ലിയതിനു ശേഷം ചൊല്ലുന്ന തര്‍പ്പണങ്ങള്‍ ദേവഗണങ്ങളെയും ഋഷിമാരെയും പിതൃക്കളെയുമെല്ലാം സ്മരിക്കുന്നതാണ്.

സര്‍വ ഇന്ദ്രിയങ്ങളുടെയും കൃത്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് ജലത്തിന്റെ സഹായം കൂടിയേ തീരൂ.

അതിനു നമ്മള്‍ സേവിക്കുന്ന ജലം നമ്മെ പ്രാപ്തരാക്കട്ടെയെന്നു സ്വയം ബോധ്യപ്പെടുത്തുകയാണ്

ദിവസവും ഈ മന്ത്രം ചൊല്ലുന്നതിലൂടെ ചെയ്യുന്നത്. ദിവസവും ഈ മന്ത്രം ചൊല്ലുമ്പോൾ ജലത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ച് നാം സ്വയം അവബോധമുള്ളവരായിത്തീരും.

ഈ മന്ത്രം ബാഹ്യവും ആന്തരികവുമായ ശാന്തി നൽകുന്നു.

എന്താണ് അടി ഉത്സവം

എന്താണ് അടി ഉത്സവം

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ മാവിലായികാവിൽ നടത്തിവരുന്ന ഒരു ചടങ്ങാണ് അടി ഉത്സവം. മലയാള മാസം മേടം രണ്ടിന് കച്ചേരികാവിലും മേടം നാലിന് മൂന്നുപാലത്തിനു സമീപം നാലാഞ്ചിറ വയലിലുമാണ് അടി ഉത്സവം കൊണ്ടാടുന്നത്. ഒരു ബ്രാഹ്മണസമുദായത്തിൽ പെട്ട വ്യക്തി , തീയ്യ പ്രമാണിയിൽനിന്നും അവിൽ വാങ്ങി ജനകൂട്ടത്തിനു നടുവിലേക്ക് എറിഞ്ഞു കൊടുക്കന്നതോട്കൂടി ചടങ്ങുകൾ ആരംഭിക്കുന്നു. മൂതകുർവാട്, ഇളയകുർവാട് എന്നിങ്ങനെ ആളുകൾ രണ്ടായിതിരിഞു കൈകൊളന്മാരുടെ ചുമലിൽ കയറിയിരുന്നു അന്യോനം പൊരുതുന്നു ഇതാണ് ചടങ്ങ്.

മാവിലായികാവിൽ നടത്തിവരുന്ന അടി ഉത്സവത്തെ സംബന്ധിച്ചു രണ്ടു ഐതിഹ്യങ്ങൾ നിലവിലുണ്ട്. കണ്ണൂർ ജില്ലയിലെ ഇന്നത്തെ കടമ്പൂർ എന്ന സ്ഥലത്തെ അന്നത്തെ തമ്പുരാന് വണാതികണ്ടി തന്ടയാൻ എന്ന തീയ്യ പ്രമാണി എല്ലാ വിഷുപുലരിയിലും അവിൽ കാഴ്ചവെക്കുന്ന പതിവ് ഉണ്ടായിരുന്നു. ഒരിക്കൽ കാഴ്ചവെച്ച അവിലിനായി തമ്പുരാന്റെ രണ്ടുമക്കൾ തമ്മിൽ വഴക്ക് കൂടുകയും ഒടുവിൽ ഇവരുടെ വഴക്ക് അവസാനിപ്പിക്കുന്നതിന് വേണ്ടി തമ്പുരാൻ കുലദൈവമായ ദൈവത്താറെ വിളിച്ചു ധ്യാനിച്ചു. ദൈവത്താർ പ്രത്യക്ഷപെടുകയും കുട്ടികളുടെ വികൃതി അൽപനേരം ആസ്വദിച്ച ശേഷം അടി നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു. തുടർന്ന് എല്ലാ വർഷവും അടി ഉത്സവം നടത്താൻ അരുളി ചെയ്തശേഷം അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. മറ്റൊരു ഐതിഹ്യം മാവിലായി കാവിലെ ദൈവമായ ദൈവത്താർ ഉപക്ഷേത്രമായ കച്ചേരികാവിലും അടുത്തുള്ള ഇല്ലത്തും പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു. ഒരിക്കൽ സ്ഥലത്തെ തീയ്യ പ്രമാണി തമ്പുരാന് ഒരു അവിൽ പൊതി കാഴ്ച വച്ചു. തമ്പുരാൻ അത് രണ്ടു നമ്പ്യാർ സഹോദരങ്ങൾക്ക് എറിഞ്ഞുകൊടുത്തു. ഈ സഹോദരങ്ങൾ പരസ്പരം അടിപിടി കൂടി. കണ്ടുനിന്ന ദൈവത്താർ പ്രോത്സാഹിപ്പിക്കുകയും അടി കാര്യ മായതോടെ നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു. പക്ഷെ ഈ സഹോദരങ്ങളുടെ ഉള്ളിലുള്ള പക അടങ്ങിയിരുന്നില്ല. തുടർന്ന് അവർ വീണ്ടും രണ്ടു ദിവസം കഴിന്നു നാലാഞ്ചിറയിൽ വച്ച് വീണ്ടും അടിപിടി കൂടി. ഈ ചടങ്ങിൽ ദൈവത്താർ ഉണ്ടാകാറില്ല എന്നാണ് പഴമക്കാർ വിശ്വസിച്ചു പോരുന്നത്.

ഹയഗ്രീവന്റെ ഉല്പത്തി

ഹയഗ്രീവന്റെ  ഉല്പത്തി

മഹാവിഷ്ണുവിന്റെ ഒരു പ്രധാന അവതാരമാണ് ഹയഗ്രീവൻ. ഹയഗ്രീവന്റെ ഉല്പത്തി ഇങ്ങനെയാണ്. അസുരനായ ഹയഗ്രീവൻ അതി കഠിനമായ തപസ്സിലൂടെ ദുർഗ്ഗ ദേവിയിൽ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം നേടി. വര സാഫല്യത്തിൽ അഹങ്കാരിയായ ഹയഗ്രീവൻ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. അസുരന്റെ ഉപദ്രവങ്ങളിൽ പൊറുതി മുട്ടിയ അവർ ഭഗവാൻ വിഷ്ണുവിന്റെ ചരണങ്ങളിൽ അഭയം പ്രാപിച്ചു .

ഹയഗ്രീവനുമായി ഘോര യുദ്ധത്തിൽ വിഷ്ണു ഏർപ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തളർന്നവശനായ ഭഗവാൻ വൈകുണ്ഡം പൂകി പദ്മാസനത്തിൽ യോഗനിദ്ര ആരംഭിച്ചു. തന്റെ വില്ലിന്റെ അറ്റത്ത്‌ സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം. ഭയ വിഹ്വലരായ ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു. എന്നാൽ അവരുടെ മുറവിളികൾക്ക് ഭഗവാനെ നിദ്രയിൽ നിന്നും ഉണർത്താൻ ആയില്ല. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്റെ വില്ലിന്റെ ഞാൺ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താൻ ബ്രഹ്മാവ്‌ നിർദ്ദേശിച്ചു.

ചിതലരിച്ച്‌ ഒടുവിൽ ഞാൺ മുറിഞ്ഞു, ദിഗന്തങ്ങൾ പിളരുന്ന ശബ്ദത്തോടെ അതി ശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ്‌ ഭഗവാന്റെ ശിരസ്സും ഛേദിച്ചു. പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. അവരുടെ പ്രാർഥനയിൽ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു "കാര്യ കാരണങ്ങൾ ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. ഹയഗ്രീവന് ഞാൻ നൽകിയ വര പ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാൻ കഴിയൂ. ഇപ്പോൾ ആ മുഹൂർത്തം സമാഗമമായിരിക്കുന്നു. ഭഗവാന്റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ(കുതിരയുടെ) തല പിടിപ്പിക്കുക". ദേവന്മാർ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തിൽ പിടിപ്പിച്ചു, ബ്രഹ്മദേവൻ ജീവനും നൽകി. അങ്ങനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാൻ ഹയഗ്രീവൻ' ഹയഗ്രീവൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചു. മഹാവിഷ്ണു കണ്ട പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹപ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നതാണ് "ലളിതാ സഹസ്രനാമം".

ഹയഗ്രീവഗോപാല മന്ത്രം

മഹാവിഷ്ണു അവതാരമായ ഹയഗ്രീവൻ വിദ്യയുടെ അധിദേവാനായി കരുതിപോന്നു. അതിനാൽ ഈ ഹയഗ്രീവഗോപാല മന്ത്രം ജപിക്കുന്നത്‌ വിദ്യാവിജയത്തിന് നല്ലതാണത്രെ!

ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ

സർപ്പവും നാഗവും

സർപ്പവും നാഗവും

സർപ്പവും  നാഗവും രണ്ടാണെന്ന് ഭഗവത്ഗീത10:28-29  ഭഗവാൻ പറയുന്നു. സർപ്പങ്ങളിൽ  ഞാൻ  വാസുകിയും  നാഗങ്ങളിൽ  ഞാൻ  അനന്തനും ആണെന്ന്.

സർപ്പാണമസ്മി   വാസുകി:
അനന്തശ്ചാസ്മി  നാഗാനാം

ഭാഗവതം അഞ്ചാം  സ്കന്ദത്തിൽ ഇരുപത്തി  നാലാം  അദ്ധ്യായത്തിലാണ്  സർപ്പം  നാഗം  ഇവയുടെ  വ്യത്യാസം വർണ്ണിച്ചിരിക്കുന്നത്:

ഭൂമിയുടെ  അധോഭാഗത്തിൽ  അതലം ,വിതലം, സുതലം,  തലാതലം,  മഹാതലം, രസാതലം ,  പാതാളം  എന്നിങ്ങനെ  ഏഴു ലോകങ്ങൾ ഉണ്ട്. ഇവയെ  പൊതുവായി ബില സ്വർഗ്ഗങ്ങൾ  എന്നു  പറയുന്നു.

തലാതലത്തിൽ  മയാസുരൻ മഹാദേവന്റെ അനുഗ്രഹത്താൽ സന്തുഷ്ടനായി  വസിക്കുന്നു. ഈ  തലാതലത്തിനു  താഴെയുള്ള  ലോകമാണ്  മഹാതലം. ഇതാണ്  സർപ്പങ്ങളുടെ  ആവാസസ്ഥലം.

തതോഽധസ്താന്‍മഹാതലേ കാദ്രവേയാണാം സര്‍പാണാം 
നൈകശിരസാം ക്രോധവശോ നാമ ഗണഃ കുഹക-
തക്ഷകകാലിയസുഷേണാദിപ്രധാനാ മഹാഭോഗവന്തഃ 
പതത്ത്രിരാജാധിപതേഃ പുരുഷവാഹാദനവരതമുദ്വിജ-
മാനാഃ സ്വകലത്രാപത്യസുഹൃത്കുടുംബസങ്ഗേന 
ക്വചിത്പ്രമത്താ വിഹരന്തി (ശ്രീമദ് ഭാഗവതം 5.24.29)

കദ്രുവംശജരായ  സർപ്പങ്ങൾ  മഹാതലത്തിൽ  വസിക്കുന്നു.  അനേകം ഫണങ്ങൾ  (ഒന്നിൽ  കൂടുതൽ) ഉള്ള  ഇവർ  അത്യന്തം  ക്രോധിഷ്ടരുമാണ്. *കുഹകൻ, തക്ഷകൻ, കാലിയൻ സുഷേണൻ* തുടങ്ങിയവരാണ്  സർപ്പ പ്രമുഖർ. ഈ  സർപ്പങ്ങൾ  എല്ലാവരും മഹാവിഷ്ണു വാഹനമായ  ഗരുഡനെ  ഭയന്നാണ്  സദാസമയവും  കഴിയുന്നത്. 

നാഗങ്ങളെക്കുറിച്ച് വർണ്ണിക്കുന്നത് നോക്കാം.

ദക്ഷപ്രജാപതിയുടെ   പന്ത്രണ്ടുമക്കളിൽ  ഒരാളായ സുരസ  കശ്യപമഹർഷിയെ  വിവാഹം ചെയ്തു.  രാമായണത്തിൽ  നാഗങ്ങൾ  സുരസ  വംശജരാണെന്നാണ് വിവരിച്ചിരിക്കുന്നത്.
മഹാഭാരതത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും, നാഗങ്ങൾ  സുരസയുടെയും സർപ്പങ്ങൾ  കദ്രുവിന്റെയും  വംശജർ  തന്നെ എന്നാണ് പറഞ്ഞിട്ടുള്ളത്.

തതോഽധസ്താത്പാതാലേ നാഗലോകപതയോ 
വാസുകിപ്രമുഖാഃ ശങ്ഖകുലികമഹാശങ്ഖശ്വേത-
ധനഞ്ജയ ധൃതരാഷ്ട്രശങ്ഖചൂഡകംബലാശ്വതര-
ദേവദത്താദയോ മഹാഭോഗിനോ മഹാമര്‍ഷാ നിവസന്തി 
യേഷാമു ഹ വൈ പഞ്ചസപ്തദശശതസഹസ്രശീര്‍ഷാണാം 
ഫണാസു വിരചിതാ മഹാമണയോ രോചിഷ്ണവഃ 
പാതാലവിവരതിമിരനികരം സ്വരോചിഷാ 
വിധമന്തി (ശ്രീ.ഭാ. 5.24. 31)

രസാതലത്തിന്  താഴെയാണ് പാതാലം  (പാതാളം) അഥവാ നാഗലോകം.
നാഗങ്ങളിൽ പ്രമുഖരാണ് വാസുകി, ശംഖൻ, കുലികൻ ,  മഹാശംഖൻ,  ശ്വേതൻ, ധനഞ്ജയൻ, ധൃതരാഷ്ട്രൻ, ശംഖചൂഡൻ, കംബാലൻ, അശ്വതാരൻ ,ദേവദത്തൻ തുടങ്ങിയവർ.  വാസുകിയാണ്  ഇവരുടെ  രാജാവ്. സർപ്പങ്ങളെപ്പോലെ അത്യന്തം  കോപിഷ്ടരുമാണ്.  എല്ലാ നാഗങ്ങൾക്കും ഒന്നിൽ  കൂടുതൽ  ഫണങ്ങൾ ഉണ്ടാവും.  അവ  അഞ്ച്, ഏഴ് അങ്ങിനെ  ആയിരങ്ങൾ  വരെ  ഉണ്ടാകും.  അവരുടെ ഫണങ്ങളെ  അലങ്കരിക്കുന്ന അമൂല്യ  രത്നനങ്ങൾ  ചൊരിയുന്ന  പ്രഭയാൽ പാതാലം (നാഗലോകം) എപ്പോഴും  പ്രകാശമാനമാണ്. 

ഇവിടെ  വാസുകിയെ  നാഗരാജാവായിട്ടാണ്  വിവരിച്ചിരിക്കുന്നത്.  അതുപോലെ  കാലിയ  (കാളിയനെ)  സർപ്പമായും  നാഗമായും ഭാഗവതത്തിൽ പരാമർശിച്ചിട്ടുണ്ട്. (ശ്രീ. ഭാ. 10:16)  നാഗ പ്രമുഖനായ  അനന്തൻ പ്രപഞ്ച സ്ഥിതി സംരക്ഷണം  എന്ന  കർത്തവ്യം  ഏറ്റെടുത്ത ശേഷം സർപ്പലോകവും  നാഗലോകവും  വാസുകിയുടെ  കീഴിൽ  വന്നതാകാം. അതിനുശേഷം പൊതുവായി സർപ്പം,  നാഗം  എന്നു വിശേഷിപ്പിക്കാൻ  തുടങ്ങിയിരിക്കാം. അനന്തൻ  വിഷ്ണുതല്പം  ആയതു പോലെ  ശിവഭക്തനായ  വാസുകി  ഭഗവാന്റെ  കണ്ഠാഭരണം  ആകുകയും  ചെയ്തു. പിന്നീട്  തക്ഷകൻ  രണ്ടു ലോകങ്ങളും ഏറ്റെടുത്തു. തക്ഷകൻ  ഇന്ദ്രസുഹൃത്താണ്.

നാഗങ്ങളും സർപ്പങ്ങളും തമ്മിൽ ഉള്ള ചില വ്യത്യാസങ്ങൾ :-

സർപ്പങ്ങൾ:-

ഭൂലോകത്തോട് അടുത്തുള്ള മഹാതല വാസികളാണ്.
എല്ലാ സർപ്പങ്ങൾക്കും ഒന്നിൽ  കൂടുതൽ  ഫണങ്ങൾ ഉണ്ടാവണം എന്നില്ല. ഉള്ളവർ  ധാരാളം ഉണ്ട്.
സർപ്പങ്ങൾ  രത്നധാരികൾ അല്ല.
സർപ്പങ്ങൾ ഗഗന ചാരികൾ അല്ല.
സർപ്പങ്ങൾ  ക്ഷിപ്രകോപികളും  മറ്റു മൃഗങ്ങളെയും  മനുഷ്യരെയും  ആക്രമിക്കാനും സാധ്യത ഉണ്ട്.

നാഗങ്ങൾ :-
 
നാഗങ്ങൾ ഏറ്റവും  അകലെയുള്ള പാതാല (പാതാള) ലോക വാസികളാണ്.
എല്ലാ നാഗങ്ങൾക്കും  ഒന്നിൽ  കൂടുതൽ  ഫണങ്ങൾ  കാണും. 
എല്ലാ  നാഗങ്ങളും  രത്നധാരികളാണ്. 
എല്ലാ  നാഗങ്ങൾക്കും പറന്നു നടക്കാനുള്ള  കഴിവുണ്ട്. (ഗഗന ചാരികൾ ആണ്.)
നാഗങ്ങൾ പൊതുവേ സമാധാന പ്രിയർ ആണ്.
നാഗങ്ങൾ  വൈദ്യശാസ്ത്രത്തിൽ  പ്രാവീണ്യം  ഉള്ളവരാണ്.
ഇഷ്ടം  പോലെ രൂപം മാറാനും  കഴിവുണ്ട്.
നാഗങ്ങൾക്ക്  മനുഷ്യരുമായി  കൂടുതൽ  ബന്ധം (വിവാഹ ബന്ധം വരെ) ഉണ്ട്.  

സർപ്പസത്രത്തിൽ  അനേക സർപ്പങ്ങൾ  ഉന്മുലനം  ചെയ്യപ്പെട്ടു.  നാഗങ്ങൾക്ക്  പ്രശ്നങ്ങൾ  ഉണ്ടായതായി പറയുന്നില്ല.
രണ്ട്  കൂട്ടരും  ഉരഗ വർഗ്ഗമാണ്.

എങ്ങനെയാണ് നാം മന്ത്രസാധന തുടങ്ങേണ്ടത് ?

എങ്ങനെയാണ് നാം മന്ത്രസാധന തുടങ്ങേണ്ടത് ?

ഗായത്രീ സാധന ചെയ്യാനുള്ള ചില സംസ്കാരങ്ങൾ ഓരോരുത്തരും ആർജ്ജിക്കേണ്ടതായിട്ടുണ്ട്. ഇതിൽ ഒന്നാമത്തേത് ചതുർവേദങ്ങളിലുള്ള വിശ്വാസമാണ്. തുടർന്ന് ഗുരുനാഥനിലുള്ള വിശ്വാസം. മന്ത്രത്തിലുള്ള വിശ്വാസവും അർപ്പണഭാവവും ഓരോ സാധകനും ആർജ്ജിക്കേണ്ടതാണ്. മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ ജന്മനാ കൂർമ്മബുദ്ധിയുണ്ട്. എന്നാൽ മനുഷ്യന് ശിക്ഷണം നന്നായി ലഭിച്ചാൽ മാത്രമേ ജ്ഞാനം, കർമ്മജ്ഞാനം എന്നിവ നേടാനാകൂ.  

കുട്ടിക്കാലത്ത് അച്ഛനമ്മമാർ കുട്ടികളെ പഠിപ്പിക്കുന്നത് ഇതുകൊണ്ടാണ്. പഠിപ്പിക്കാത്തപക്ഷം അവർ ഒന്നുമറിയാത്ത മണ്ടന്മാരായിത്തന്നെ വളരും. ഇനി ഈ ശിക്ഷണത്തിൽ തന്നെ സാധാരണമായ വിദ്യാഭ്യാസം പോലെയല്ല ഗായത്രീശിക്ഷണം. ഗായത്രിവിദ്യ ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യയാണ്‌. അതുകൊണ്ടുതന്നെ ഗായത്രിയെ സാക്ഷാത്കരിക്കാൻ യമനിയമങ്ങളെ വിനയത്തോടെ,വിനാമൃതയോടെ അനുസരിക്കണം. യോഗശാസ്ത്രപ്രകാരം ധ്യാനം ഒരുപടി മാത്രമാണ്. യോഗസാധനയിൽ ഇതേ പ്രകാരത്തിൽ എട്ടു പടികളുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിങ്ങനെ... ആദ്യപടിയായി യമനിയമങ്ങൾ പാലിക്കാതെ ഒരാൾക്ക് ധ്യാനത്തിൽ എത്തിച്ചേരുക സാധ്യമല്ല. യമം അഞ്ചാണ്. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിങ്ങനെ... നിയമവും അഞ്ചാണ്. ശൗചം, സന്തോഷം തപം, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിങ്ങനെ... ഇവയെല്ലാം നാം നേരാംവണ്ണം അനുസരിക്കുകയാണെങ്കിൽ ഗായത്രീ സാധനയ്ക്കു പാകമായെന്നു മനസിലാക്കാം. ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നൊന്നായി എഴുതാം:  

1 . ശ്രദ്ധ, ഭക്തി, ഈശ്വരപ്രേമം, ഗുരുപരിചരണം ഇവ കുറയുന്നവരെ കാമക്രോധമോഹലോഭങ്ങൾ ആക്രമിച്ച് ചഞ്ചലചിത്തനാക്കും. 

2 . ഇതില്ലാതാവാൻ ഈശ്വരനിൽ ശ്രദ്ധ, ഭക്തി, പ്രേമം, സത്‌സംഗം എന്നിവ വേണം.

3 . മുൻപ് ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുക. ഇനിയൊരിക്കലും  പാപം ചെയ്യുകയില്ലന്ന് വൃതമെടുക്കുക. അന്തഃകരണശുദ്ധിക്ക് ഇത് ഏറ്റവും നല്ലതാണ്.

4 . ഈശ്വരൻ നമുക്ക് തന്ന നന്മകളെക്കുറിച്ച് ബോധവാന്മാരായി ഈശ്വരന് നന്ദി പറയുക. 

5 . ഈശ്വരനാമം ജപിക്കുക, ധ്യാനിക്കുക, ദുഃഖിതരായ മാനുഷർക്ക് കഴിയുന്നത്ര സഹായം ചെയ്യുക. ന്യായമായ ധർമ്മവഴിയിൽ ധനം സമ്പാദിക്കുക. ശുദ്ധമായ ആഹാരം കഴിക്കുക. ആഹാര ശുദ്ധികൊണ്ട് അന്തഃകരണശുദ്ധിയുണ്ടാകും. 

6 . അന്യരെക്കുറിച്ചുള്ള പരദൂഷണം പറച്ചിൽ ഈശ്വരഭക്തി ഇല്ലാതാക്കും. അതിനാൽ സത്സംഗം ചെയ്യുക. 

7 . യാമത്തിന്റെ ആദ്യഘട്ടമാണ് അഹിംസ. അഹിംസ ആചരിക്കാതെ ഈശ്വരചൈതന്യം മനുഷ്യനിൽ ഉണ്ടാവില്ല. അതുകൊണ്ട് മാംസം, മദ്യം, മാദകദ്രവ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കൽ, കൈക്കൂലി, ചതി, സ്വാർത്ഥലാഭത്തിനുവേണ്ടി അന്യരെ ഉപദ്രവിക്കുക, മുതലായ ദുർഗുണങ്ങൾ ഉള്ളവർ എത്രതന്നെ ദാനികളായാലും അവർക്ക് ഉപാസനയുടെ ഫലം കിട്ടുകയില്ല. 

8 . സ്വാർത്ഥലാഭത്തിനുവേണ്ടി ജപിക്കുന്നവരാണ് വിശ്വാസമില്ലാത്തവരായി മാറുന്നത്. സ്വന്തം കാര്യലാഭത്തിനുവേണ്ടി ജപിക്കുന്നവർ കർമഫലം കാരണം ആഗ്രഹിച്ചത് കിട്ടാതെവരുമ്പോൾ അവർ നിരാശരായി വിമുഖരായിത്തീരുന്നു. അവർ ഗുരുവിനെ പഴിക്കുന്നു. ഈശ്വരപ്രാപ്തിയെ ലക്ഷ്യമാക്കി ജപം ചെയ്യുന്നവരാകട്ടെ ഫലം കൈവരിക്കും. അവർക്ക് സിദ്ധികളും ലഭിക്കും. എല്ലാം ഭഗവതിയിൽ സമർപ്പിക്കാനുള്ള ശക്തിയും മനസ്സും വേണം.

ജപം തുടങ്ങുമ്പോൾ ഗുരുനാഥനെ സ്മരിക്കുക. ഹൃദയത്തിൽ ഈശ്വരഭക്തികൊണ്ട് ആമോദം നിറയ്ക്കുക. തുടർന്ന് ഉപാസന കഴിഞ്ഞ് എഴുനേൽക്കുമ്പോഴും ഭക്തി നമ്മുടെ ഹൃദയത്തിൽ അണയാതെ നിക്കുകതന്നെ വേണം. ഈശ്വരഭക്തി നമ്മുടെ ഉള്ളിൽ നിസ്വാർത്ഥമായി  നിറഞ്ഞു കവിയണം. സകല സാധനകളും മനുഷ്യമനസ്സിനെ പരിപക്വമാക്കുകയാണ്. ആദ്യം ചെയ്യുന്നത്. 

മന ഏവ മനുഷ്യാണാം കാരണം 
ബന്ധമോക്ഷയോഃ (അമൃതബിന്ദുപനിഷത്ത് 2)  

സാരം: മനസ്സാണ് മനുഷ്യൻ മുക്തിനേടാനും ബന്ധനത്തിൽ തന്നെ ഇരിക്കാനുമുള്ള ശക്തിയുടെ കരണമെന്നർത്ഥം. ഭക്തിയെന്നാൽ സംബന്ധമാണ്. ഏതെങ്കിലും പ്രയോജനത്തിനുവേണ്ടിയാണല്ലോ ബന്ധം. ആ ബന്ധം സ്ഥിരമാകുന്നത് പ്രേമം കൊണ്ടാണ്. സത്യം - സ്വാർത്ഥത്യാഗം എന്നിവയുണ്ടങ്കിൽ മാത്രമേ ഈശ്വരനോടുള്ള പ്രേമം സഫലമാവുകയുള്ളൂ. ഈശ്വരനോടുള്ള പ്രേമമാണ് പോരാമഭക്തിയായി രൂപാന്തരം പ്രാപിക്കുന്നത്.

ഓം ശ്രീമഹാദേവ്യൈ നമഃ 

ജനിച്ച ദിവസത്തിന്റെ പ്രത്യേകതകള്‍

ജനിച്ച ദിവസത്തിന്റെ പ്രത്യേകതകള്‍...

ഞായറാഴ്ച ജനിച്ചാല്‍ സൂര്യന്റെ സ്വാധീനം വ്യക്തിത്വത്തില്‍ നിറയും. പൊതുവേ അധികാരത്തെ ഇഷ്ടപ്പെടും. പിതൃഭക്തരായിരിക്കും. സര്‍ക്കാര്‍ ജോലിക്കുള്ള/ പൊതുമേഖലയില്‍ ജോലിക്കുള്ള സാധ്യത കൂടും. പുരോഗമന ചിന്ത, സത്വരമായ പ്രവര്‍ത്തന ശീലം എന്നിവയും പ്രതീക്ഷിക്കാം. അനുയായികളുണ്ടാവും നേതൃഗുണം ജന്മായത്തമായിരിക്കും. ശിവഭക്തരായിരിക്കും. മേടം, ചിങ്ങം എന്നീ മലയാളമാസങ്ങളിലെ ഞായറാഴ്ചകളിലും കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളിലും ഞായറാഴ്ച സൂര്യോദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും ജനിച്ചാല്‍ ആ വ്യക്തിയെ ഒരു 'സൂര്യ മനുഷ്യന്‍' എന്ന് വിളിക്കാവുന്നതാണ്.  

തിങ്കളാഴ്ച ജനിക്കുന്നവരില്‍ ചന്ദ്രന്റെ ഗ്രഹപരമായ സവിശേഷതകള്‍ ഏറിയിരിക്കും. ജീവിതത്തെ സ്നേഹിക്കുന്നവരാവും. ഉയര്‍ച്ചതാഴ്ചകള്‍ കൊണ്ട് ജീവിതം എപ്പോഴും അസ്ഥിരമായിരിക്കും. കൃഷി, കച്ചവടം എന്നിവയില്‍ ശോഭിക്കും. സുഖലോലുപത, ഭക്ഷണത്തോട് പ്രിയം, കലാവാസന എന്നിവയുള്ളവരാവും. ദേവീഭക്തിയുണ്ടാവും. പൗര്‍ണമിയിലും തിങ്കളാഴ്ച രാവിലെ ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിലും ജനിച്ചാല്‍ അവരെ 'ചന്ദ്രമനുഷ്യര്‍' എന്ന് പറയാന്‍ കഴിയും.    

ചൊവ്വാഴ്ച ജനിക്കുന്നവര്‍ നിത്യ താരുണ്യമുളളവരാവും.തന്റേടം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കും. ക്ഷോഭം വാക്കിലും നോക്കിലും നിറയും. പോലീസ്, പട്ടാളം, രസതന്ത്രം, ലബോറട്ടറി, വൈദ്യം, ഫാര്‍മസി, അഗ്നി, വൈദ്യുതി മുതലായ വകുപ്പുകളില്‍ ജോലി ചെയ്യുവാന്‍ ഇടയുണ്ട്. സാഹസികരായിരിക്കും. സൂര്യോദയം തൊട്ട് 1,8,15,22 മണിക്കൂറുകളിലും മേടം, വൃശ്ചികം എന്നീ ലഗ്നങ്ങളിലും മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകളിലും ജനിച്ചാല്‍ ചൊവ്വയുടെ പ്രഭാവം വ്യക്തിത്വത്തില്‍ ശക്തമായിരിക്കും. സുബ്രഹ്മണ്യന്‍/ഭദ്രകാളി/ശാക്തേയ മൂര്‍ത്തികള്‍ എന്നിവരുടെ ഭക്തരായിരിക്കും.  

ബുധനാഴ്ച ജനിക്കുന്നവരില്‍ ബുദ്ധി, യുക്തിവിചാരം, പാണ്ഡിത്യം, ഗണിതത്തോടുള്ള ഇഷ്ടം, സാഹിത്യ വാസന എന്നിവയുണ്ടാവും. ജ്യോതിഷത്തില്‍ ജ്ഞാനികളാവും. അവതാരവിഷ്ണുമൂര്‍ത്തികളെ ഉപാസിക്കും. ബുധനാഴ്ചയും ആയില്യം, തൃക്കേട്ട, രേവതി എന്നിവയിലൊരു നക്ഷത്രവും കന്നി, മിഥുനം എന്നിവയിലൊരു ലഗ്നവും ഒത്തുവന്നാല്‍ ബുധപ്രഭാവം ശക്തമായിരിക്കും. ബുധനാഴ്ച ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളില്‍ ജനിച്ചാലും ബുധന്റെ സ്വാധീനം കാണാനാവും.    

വ്യാഴാഴ്ച ജനിക്കുന്നവര്‍ പൊതുവേ ഗുരുത്വവും ഈശ്വരാധീനവും ഉള്ളവരായിരിക്കും. അവരില്‍ ഭൗതിക ചിന്തകള്‍ക്ക് തുല്യമായി ആത്മീയചിന്തകളും ഇടംപിടിക്കും. ഗുണങ്ങളില്‍ സാത്വികതയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാവും. കറകളഞ്ഞ ഈശ്വരഭക്തി പുലര്‍ത്തും. വികാരവിചാരങ്ങളുടെ സന്തുലനം മറ്റൊരു സിദ്ധിയാണ്. വ്യാഴാഴ്ച സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ വ്യാഴഹോരാവേളയാണ്. അപ്പോള്‍ ജനിച്ചാലും വ്യാഴമഹിമ സ്വഭാവത്തില്‍ നിറയും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങള്‍ വ്യാഴാഴ്ച ഒത്തുവന്നാലും ജനനമുണ്ടായാല്‍ ഇതു പറയാം. ധനു, മീനം ലഗ്നങ്ങളുമായി ചേര്‍ന്നാലും വ്യാഴവ്യക്തിത്വം
സ്പഷ്ടമായിരിക്കും.

വെള്ളിയാഴ്ച ജനിച്ചാല്‍ ലൗകികാസക്തിയേറും. പ്രണയഭാവങ്ങള്‍ മനസ്സിലെന്നും തുടികൊട്ടും. സുഖത്തില്‍, വിനോദത്തില്‍, ഭോഗത്തില്‍ താത്പര്യമേറും. കലകളില്‍ നിറഞ്ഞ കഴിവും അറിവും ഉണ്ടായിരിക്കും. ഉയര്‍ന്ന സൗന്ദര്യ ബോധത്താല്‍ അനുഗൃഹീതരായിരിക്കും. ദേവീഭക്തി  
പുലര്‍ത്തും. അദ്ധ്യാപനം, കച്ചവടം, കലാപരമായ തൊഴിലുകള്‍ എന്നിവയില്‍ ശോഭിക്കും. വെള്ളിയാഴ്ചയും തുലാം, ഇടവം എന്നീ ലഗ്നങ്ങളും ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളും ഒത്തുവരുമ്പോള്‍ ജനിച്ചാല്‍ ശുക്രവ്യക്തിത്വം ഉച്ചസ്ഥായിയിലെത്തും. സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ ശുക്രഹോരാവേളകള്‍. ആ സമയത്ത് ജനിച്ചാലും ശുക്രന്റെ ഗ്രഹപരമായ പ്രത്യേകതകള്‍ മാനുഷിക വശങ്ങളോടെ പ്രകടമാവും.    

ശനിയാഴ്ച ജനിച്ചാല്‍ ദുരിതങ്ങളുടെ ദണ്ഡകാരണ്യം കടക്കേണ്ടിവരും. ദീനവും ദാരിദ്ര്യവും ജീവിതത്തെ പിന്നിലേക്ക് വലിക്കും. വിഷാദചിന്തകള്‍, ക്രൂര മനസ്സ്, ആലസ്യം, കഠിനാധ്വാനം, രോഗങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാകും. പുരോഗതി പതുക്കെയാവും. നേട്ടങ്ങളധികവും വാര്‍ധക്യത്തിലായിരിക്കും. എന്നാലും കരളുറപ്പും മനസ്സുറപ്പും കൈവിടില്ല. ശനിയാഴ്ച ഉദയം മുതല്‍ 1,8,15,22 മണിക്കൂറികളില്‍ ജനിച്ചാല്‍ ശനി സ്വാധീനം ഏറും. മകരം, കുംഭം എന്നിവ ലഗ്നമായി ശനിയാഴ്ച ജനിച്ചാലും, പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നുവരുന്ന ശനിയാഴ്ച ജനിച്ചാലും ഈ ഫലങ്ങള്‍ പറയാം. ശാസ്താവ്, ഉഗ്രമൂര്‍ത്തികള്‍, ശൈവദേവതകള്‍ എന്നിവരെ ഭജിക്കുന്നതില്‍ താത്പര്യമേറും.

വൈരജാതൻ

വൈരജാതൻ

ഭഗവാൻ ശ്രീപരമശിവന്റെ വൈരത്തിൽ (കോപം) നിന്നും ജനിച്ച് ദക്ഷനെ വധിക്കാനായി നിയോഗിക്കപ്പെട്ട പരമേശ്വരന്റെ അംശാവതാരമാണ് വൈരജാതനായി കോലസ്വരൂപത്തിൽ കെട്ടിയാടിക്കുന്നത്‌. ഭഗവാൻ ശിവന്റെ വാക്കു ധിക്കരിച്ച് ദക്ഷയാഗത്തിനു പോയ സതീദേവിയെ സ്വന്തം പിതാവായ ദക്ഷൻ അപമാനിക്കുന്നു .അപമാനഭാരത്താൽ സതീദേവി യാഗാഗ്നിയിൽ ചാടി ആത്‌മാഹൂതി ചെയ്യുന്നു.ഇതറിഞ്ഞ ഭഗവാൻ തന്റെ കോപവും, പ്രതികാരചിന്തയും കൊണ്ട്‌ സ്വന്തം ജട പറിച്ചെറിഞ്ഞപ്പോൾ അതിൽ നിന്നും ജന്മ്മെടുത്തതാണ്‌ ഈ ദേവൻ. പരമശിവന്റെ ജടയിൽ നിന്നുയിർ കൊണ്ട വീരഭദ്രൻ തന്നെയാണ് വൈരജാതൻ ഈശ്വരനായും കെട്ടിയാടുന്നത്. ഭഗവാന്റെ കോപത്തിന്റെ മൂർത്തീഭാവമാണ്‌ വീരഭദ്രസ്വാമി. തന്റെ അവതാരോദ്യേശം അറിഞ്ഞ വീരഭദ്രൻ ദക്ഷയാഗം നടക്കുന്ന യാഗശാലയിലേക്ക്‌ പോവുകയും കണ്ണിൽ കണ്ടവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്യുന്നു. ദക്ഷനെ വധിച്ച്‌ തന്റെ അവതാര ലക്ഷ്യം പൂർത്തിയാക്കിയ വീരഭദ്രനെ ഭഗവാൻ ഭൂമിയിലേക്കയക്കുന്നു.
ഭൂമിയിൽ ദേവൻ സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനോടും വേട്ടയ്‌ക്കൊരു മകനോടും ശാസ്താവ്‌ കേരളവർമ്മ,(പിന്നീടു വയികാവുനതാന്നു) ചേർന്ന്‌ അള്ളടദേശം പിടിച്ചടക്കാൻ പുറപ്പെടുന്നു. ബാലുശ്ശേരിയിൽ നിന്നും പുറപ്പെട്ട വേട്ടയ്‌ക്കൊരുമകനും കുറുമ്പ്രനാട്ടിൽ നിന്നും പുറപ്പെട്ട വൈരജാതനും കൂടി ക്ഷേത്രപാലകനോടൊപ്പം പട്ടത്തെരുവിൽ ഒത്തുകൂടി എന്നും പിന്നീട് ഇവർ ഒരുമിച്ച് പടയ്‌ക്ക്‌ കോപ്പുകൂട്ടിയെന്നും തോറ്റത്തിൽ വിവരിക്കുന്നുണ്ട്‌.തുടർന്ന് അവർ അള്ളടത്തേക്ക്‌ പട നയിക്കുന്നു. യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് പൂന്തോടത്ത് മണിയാണിയെ കാണുകയും മണിയാണി കമ്പികാത് തറവാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു ചെറുവത്തൂർ കമ്പിക്കാനം എന്ന സ്ഥലത്ത്‌ തന്റെ സാന്നിദ്ധ്യം അറിയിച്ച ദേവനെ അവർ അതിഥിയായി സ്വീകരിച്ചു. ആദിത്യമര്യാദയിൽ സംപ്രീതനായ ദേവൻ അവരെ അനുഗ്രഹിക്കുകയും ആശീർവധിക്കുകയും ചെയ്തു. വീട്ടിൽ എത്തിയ പൂന്തോടത്ത് മണിയാണിയുടെ കൂടെയും ഈശ്വരൻ വന്നു കുന്നുമ്പ്രം മാടത്തിൻ കീഴിൽ വസിക്കുകയും ചെയ്തു ഈശ്വരൻക്കാലത്ത് ഇവിടെ മൂവാണ്ട്കളിയാട്ടം നടത്തുകയും വൈരജാതൻ ഈശ്വരനെ കേട്ടിയാടിക്കുകയും ചെയ്തു. തുടർന്നുള്ള സാഹസിക യാത്രയിൽ പല സ്ഥലങ്ങളിലും ഭഗവാൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു.

കോലത്തിരിക്കു വേണ്ടി അള്ളടം നാട്‌ കീഴടക്കാൻ പടനയിച്ചു വന്ന ഐവർ കൂറ്റിൽ പരദേവതമാരിൽ ഒരാളാണു വൈരജാതൻ.ക്ഷേത്രപാലകൻ,ശാസ്താവ്‌,വേട്ടക്കൊരു മകൻ,വൈരജാതൻ,കേരളവർമ്മ എന്നിവരെ ചേർത്താണു ഐവർ കൂറ്റിൽ എന്നു പറയുന്നത്‌.വടക്കോട്ട്‌ യാത്ര തിരിച്ച ഈ ദൈവങ്ങളിൽ വേട്ടക്കൊരു മകൻ നീലേശ്വരം കോട്ടത്തും ക്ഷേത്രപാലൻ മഡിയൻ കൂലോത്തും ശാസ്താവ്‌ കീഴൂരിലും സ്ഥാനമുറപ്പിച്ചു.കീഴൂരിലെത്തിയ വൈരജാതൻ തിരിഞ്ഞ്‌ തെക്കോട്ട്‌ പുറപ്പെട്ടു. കേരളഭൂമിയിൽ എള്ളുവിത്ത്‌ എണ്ണായിരപ്പൊതി സ്ഥലം ഉൾക്കൊള്ളുന്ന ചെറുവത്തൂർ നായർ തറയിൽ വൈരജാതനീശ്വരൻ കൊതിച്ചു വന്നു കുടികൊണ്ട ദേവാലയമാണു ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം.ഒരു പടനായരുടെ വേഷത്തിൽ കമ്പിക്കാത്തിടം നായർ തറവാട്ടിൽ വന്നുചേർന്ന വീരഭദ്രൻ/വൈരജാതൻ അതിശയങ്ങൾ കാട്ടി ആരാധന നേടി.തുടർന്ന് ത്രിക്കരിപ്പൂർ മാടത്തിൻ കീഴിലും പറമ്പത്തറയിലും പിലാത്തറയിലും ചെറുതാഴം മാടത്തിന്കീൂഴിൽ ദേവൻ എഴുന്നള്ളി ആരാധന നേടി.

വമ്പരിൽ മുമ്പനാണ് വൈരജാതൻ. ശക്തിയുടെ പ്രതീകമാണ് ഈ ദേവൻ. ദക്ഷൻ്റെ യാഗഭൂമിയിൽ വീരഭദ്രസ്വമി കാട്ടിയ ശൗര്യവും പരാക്രമവും അനുസ്മരിപ്പിക്കുന്നതാണ് വൈരജാതൻ്റെ തട്ടും വെള്ളാട്ടം.യാഗ ഭൂമിയിൽ സർവ്വരേയും കൊന്നൊടുക്കുന്നത് അനുസ്മരിച്ചാണ് തെയ്യവും കണ്ണിൽ കാണുന്നവരെയെല്ലാം തട്ടുന്നത്. അള്ളടസ്വരൂപത്തിൽ ക്ഷേത്രപാലകനോളം തന്നെ ആരാധിക്കപ്പെടുന്ന ദേവനാണ് വൈരജാതനും.
ദക്ഷയാഗശാലയിൽ ജട പറിച്ചുറഞ്ഞാടിയ പരമേശ്വരന്റെ കോപത്തിൽ നിന്നുണ്ടായ രൗദ്രരൂപികൾ തന്നെയാണ് രക്തജാതൻ, ആർത്താണ്ഡൻ, വീരഭദ്രൻ എന്നീ തെയ്യക്കൊലങ്ങളായും കെട്ടിയാടിക്കുക..

അല്പം തക്ര (മോര്) പുരാണം

അല്പം തക്ര (മോര്) പുരാണം..

മോര്  ഭൂമിയിലെ അമൃത്

“യഥാ സുരാണാമമൃതം സുഖായ  തഥാ നരാണാം ഭുവി തക്രമാഹുഃ”

ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്.

ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ്  ഉള്ളത്.

പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

മോരിന്‍റെ ഗുണങ്ങളെ ഭാവപ്രകാശം വര്‍ണ്ണിക്കുന്നത് ഇങ്ങനെ...

തക്രം ഗ്രാഹി കഷായാമ്ലം സ്വാദുപാകരസം ലഘു വീര്യോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം ഗ്രഹണ്യാദിമതാം പഥ്യം ഭവേത്സംഗ്രാഹി ലാഘവാത് കിഞ്ചസ്വാദുവിപാകിത്വാന്നച പിത്തപ്രകോപണം അമ്ലോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം കഷായോഷ്ണാവികാശിത്വാ ദ്രൌക്ഷ്യാച്ചാപി കഫാപഹം ന തക്രസേവീ വ്യഥതേ കദാചിന്ന്‍ തക്രദഗ്ധാഃ പ്രഭവന്തി രോഗാഃ യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ

മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.

വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.

പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്.

വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്.

മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.

മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്.....

വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്.

രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ.

മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും.

പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്.

നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.

ഇത്രയുമൊക്കെക്കൊണ്ടുതന്നെ കുപ്പിയിലാക്കിവരുന്ന ആധുനിക ശാസ്ത്രീയ പാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ...?

ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.

മഹാപുരാണലക്ഷണങ്ങൾ

മഹാപുരാണലക്ഷണങ്ങൾ

1.സർഗ്ഗം

പരമാത്മാവിൽ നിന്നും ഗുണങ്ങളാൽ പഞ്ചഭൂതങ്ങൾ, പഞ്ചതന്മാത്രകൾ, പഞ്ചേന്ദ്രിയങ്ങൾ, അന്തഃക്കരണം ഇവ ഉണ്ടായി എന്ന് കാണിക്കുന്നത് സർഗ്ഗം.

2.വിസർഗ്ഗം

ബ്രഹ്മാവിനാലുള്ള സൃഷ്ടി വിസർഗ്ഗം.

3.സ്ഥാനം

ഭഗവാൻ്റെ അവതാരങ്ങളാൽ ലോകങ്ങളെ പാലിക്കുന്നത് സ്ഥാനം

4.പോഷണം

ഭഗവാൻ ചെയ്യുന്ന അനുഗ്രഹം പോഷണം.

5.ഊതികൾ

കർമ്മവാസനകൾ ഊതികൾ എന്നറിയപ്പെടുന്നു. കർമ്മത്താലാണല്ലൊ അഭിവൃദ്ധി.

6.മന്വന്തരങ്ങൾ

ഭഗവാൻ്റെ അനുഗ്രഹം സിദ്ധിച്ച മനു മുതലായവർ അനുഷ്ഠിച്ച ശോഭനധർമ്മങ്ങൾ മന്വന്തരങ്ങൾ.

7.ഈശ്വരാവതാരകഥകൾ

വിഷ്ണുവിൻ്റെ അവതാരചരിതവും ഭക്തന്മാരുടെ അനേകങ്ങളായ കഥകളും ഈശാനുചരിതം.

8.നിരോധം

വിഷ്ണുഭഗവാൻ്റെ യോഗനിദ്രാസമയം ജീവൻ ഇന്ദ്രിയാന്തഃക്കരണങ്ങളാകുന്ന സ്വശക്തികളോടുകൂടെ ഭഗവാനിൽ ലയിക്കുന്നത് നിരോധം.

9.മുക്തി

അവിദ്യയാൽ ശരീരാദികളെ ആത്മാവെന്നു വിചാരിക്കുന്നതായ ഭ്രമത്തെ ഉപേക്ഷിച്ച് ബ്രഹ്മസ്വരൂപമായിരിക്കുന്നതിന് മുക്തിയെന്നും

10.ആശ്രയം

ജഗത്തിന്റെ ഉത്പത്തിയും പ്രളയവും ആരെ ആശ്രയിച്ചു നടക്കുന്നുവോ, ആര് ലോകത്തെ ഇക്കാണുന്ന വിധത്തിൽ പ്രകാശിപ്പിക്കുന്നുവോ, ആരിൽ ലയിക്കുമ്പോൾ ലോകം ഈ വിധത്തിൽ കാണപ്പെടാതിരിക്കുന്നുവോ ആ വസ്തു ലോകത്തിൻ്റെ ആശ്രയമാകുന്നു. പരബ്രഹ്മം, പരമാത്മാവ് എന്നും പറയപ്പെടുന്ന വസ്തു ആശ്രയം

കാരടയാന്‍ നോമ്പ് അഥവാ സാവിത്രി നോമ്പ്

കാരടയാന്‍ നോമ്പ് അഥവാ സാവിത്രി നോമ്പ്

തമിഴ് ബ്രാഹ്മണ സംസ്കാരത്തിലെ ഒരു   ശ്രേഷ്ഠമായ അനുഷ്ഠാനമാണ്   കുംഭമാസം (മാശി) അവസാനദിവസം  ആചരിക്കപ്പെടുന്ന “കാരടയാന്‍ നോമ്പ്”.  ഭാര്യാഭർതൃ ബന്ധത്തിന്റെ പവിത്രതയേയും   പ്രസക്തിയെയും ഉറക്കേ വെളിവാക്കുന്ന  ഈ അനുഷ്ഠാനം "സാവിത്രി നോമ്പ് "  എന്നും   അറിയപ്പെടുന്നു. ഇതു   സൂര്യന്റെ  കുംഭരാശിയില്‍ നിന്നും മീനരാശിയിലെക്കുള്ള   സംക്രമണത്തേയും സൂചിപ്പിക്കുന്നു. 

ഭാരതത്തിന്റെ പല ഭാഗങ്ങളിലും പല   പേരുകളിലും അറിയപ്പെടുന്നു ആചരിക്കപ്പെടുകയും ചെയ്യുന്ന വിശേഷ ആചാരമാണിത്. ഉദാഹരണത്തിന്   സൌഭാഗ്യ ഗൌരി വ്രതം എന്ന്   ആന്ധ്രയിലും കർണാാടകയിലും ഗംഗൂര്‍  വ്രത് എന്ന് രാജസ്ഥാനിലും   അറിയപ്പെടുന്നത് ഇതു   തന്നെയാണ്.

ഐതിഹ്യകഥ

അശ്വപതിരാജാവിന്റെയും രാജ്ഞി   മാലതിയുടെയും മകളായ സാവിത്രി  ആരെ വിവാഹം കഴിക്കേണമെന്ന അച്ഛന്റെ  ചോദ്യത്തിന് കാനനവാസിയായ   സത്യവാന്റെ പേരാണ് പറഞ്ഞത്. ഈ   സമയത്താണ് ദേവർഷി നാരദന്‍    രാജാവിനോട് ഒരു യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. സത്യവാന്‍   സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ   മകനാണെന്നും അല്പായുസ്സായതുകൊണ്ട്‌   ഒരു വർഷത്തിനകം   മരിക്കുമെന്നുമായിരുന്നു ആ സത്യം.  ഇതറിഞ്ഞ രാജാവ്‌ സാവിത്രിയെ ഈ   വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍  ആവതും ശ്രമിച്ചുനോക്കിയെങ്കിലും   സാവിത്രി വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ   രാജാവ്‌ സാവിത്രിയുടെ ദൃഡനിശ്ചയത്തിനു   വഴങ്ങി ഈ വിവാഹം  നടത്തിക്കൊടുത്തു. 

വിവാഹശേഷം ദമ്പതിമാര്‍ കാനനത്തീലെക്കു തിരിച്ചു. വിവാഹാനന്തരം ഒരു   വർഷം സാവിത്രിയും സത്യവാനും സുഖമായി ജീവിച്ചു. ഒരു  വർഷം വളരെ  വേഗം   കടന്നുപോയി. സാവിത്രിക്കു   ഭർത്താവിന്റെ മരണസമയം   അടുത്തിരിക്കുന്നുവെന്നു മനസ്സിലായി. സാവിത്രി ഉപവാസം അനുഷ്ഠിച്ചു  എവിടെയും സത്യവാനെ   അനുഗമിക്കുവാന്‍ തുടങ്ങി. ഭർത്താവിന്റെ    സംരക്ഷക്കായി അദ്ദേഹത്തെ നിഴല്‍   പോലെ പിന്തുടരുവാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടില്‍   വിറകു ശേഖരിച്ചുകൊണ്ടിരുന്ന   സത്യവാന്‍ ബോധരഹിതനായി വീഴുന്നു. ഇതു കണ്ട സാവിത്രിക്കു മനസ്സിലായി   ഇതാണ് ഭർത്താവിന്റെ മരണസമയം എന്ന്.  മാത്രമല്ല സത്യവാന്റെ ആത്മാവുമായി   മരണദേവനായ യമർമരാജന്‍   യാത്രയാവുന്നതും സാവിത്രി കാണുന്നു. സാവിത്രി തന്റെ ഭർത്താവിനെ   കൊണ്ടുപോകുന്ന യമന്റെ പിന്നാലെ    പോകുന്നു. യമന്‍ പല പ്രകാരത്തിലും   സാവിത്രിയേ പിന്തിരിപ്പിക്കാന്‍   നോക്കിയെങ്കിലും സാവിത്രി വഴങ്ങിയില്ല. മരണമെന്നത്‌ പ്രകൃതീ നിയമമാണെന്നും    അതിനെ അതിജീവിക്കാന്‍ ആർക്കും    കഴിയില്ലെന്നുമുള്ള യമന്റെ    വാദഗതികളൊന്നും സാവിത്രിയെ   പിന്തിരിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

ഗത്യന്തരമില്ലാതെ ധർമരാജാവായ യമന്‍   സാവിത്രിയോടു മൂന്നു വരം ചോദിക്കാന്‍   ആവശ്യപ്പെടുന്നു. സാവിത്രി ഒന്നാമത്തെ   വരമായി തന്റെ പിതാവിന്   മകനുണ്ടാകണം എന്നും രണ്ടാമത്തെ   വരമായി തന്റെ ഭർതൃകുടുംബത്തിനു   നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടണമെന്നും   ആവശ്യപ്പെടുന്നു. യമന്‍ ഇവയൊക്കെ   സമ്മതിക്കുന്നു. പെട്ടെന്ന് മൂന്നാമതായി   സാവിത്രി  “എനിക്ക് സന്താനങ്ങള്‍   ഉണ്ടാവണം “  എന്ന്   ആവശ്യപ്പെട്ടു. ഉടനെ   അധികം ആലോചിക്കാതെ  യമന്‍   അങ്ങനെ  തന്നെയാവട്ടെ  എന്ന്   അരുളിച്ചെയ്തു.  പിന്നെയാണ്   യമന്   തനിക്കു   പറ്റിയ   അമളി   മനസ്സിലായത്. എന്തിരുന്നാലും   കൊടുത്ത   വരത്തില്‍   നിന്നും   പിന്തിരിയാന്‍ ധർമരാജാവായ    യമന്‍ തയ്യാറായില്ല. സാവിത്രിയുടെ   ഭർതൃഭക്തിയിലും പ്രതിബദ്ധതയിലും   സംപ്രീതനായ യമന്‍ സത്യവാനെ   സാവിത്രിക്കു തിരിച്ചു നൽകുന്നു. ഒരു   വർഷക്കാലം മാത്രമാണ്   ആയുസ്സെന്നറിഞ്ഞിട്ടും   സത്യവാനെത്തന്നെ വിവാഹം ചെയ്ത,   ഭർത്താവിന്റെ മരണത്തെപ്പോലും തന്റെ   ദൃഡനിശ്ചയം കൊണ്ട് അതിജീവിച്ച, ഭർതൃഭക്തിയുടെ ആൾരൂപമായ   സാവിത്രിയെ യമന്‍ അഭിനന്ദിക്കുന്നു;  ആശീർവദിക്കുന്നു.

ഈ പുരാണ കഥയുടെ അനുസ്മരണമാണ്, ഭർത്താവിന്റെ സൗഖ്യത്തിനായി അനുഷ്ഠിക്കപ്പെടുന്ന സാവിത്രി നോമ്പ്

സാവിത്രി  ഉപവാസത്തിന്നുപയോഗിച്ച     ദ്രവ്യങ്ങള്‍   കൊണ്ടുതന്നെയാണ്   ഇന്നും   ഈ ദിനത്തില്‍ സുമംഗലികള്‍ ഈ നോമ്പ്   നോൽക്കുന്നത്. വിവാഹിതരല്ലാത്ത (കന്യക) വര്‍ ഈ ദിവസം ഉത്തമപുരുഷനെ ഭർത്താവായി കിട്ടാനായി ഈ നോമ്പ് നോല്ക്കുന്നു.

ഈ ദിവസം സുമംഗലികളും കന്യകമാരും ഗൌരിദേവിയെ പ്രാർത്ഥിച്ചു സാവിത്രിയെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞ നിറത്തിലുള്ള ചരട് കഴുത്തിലണിയുന്നു. കാര അരിശി എന്നു തമിഴില്‍ പറയുന്ന വറുത്ത അരിയും   തുവരപ്പരിപ്പും കൊണ്ടുള്ള അടയാണ് അന്ന് നേദിക്കുന്നത്. അതിനാല്‍ അതു കാരട എന്നും ഇതു നേദിച്ചുകൊണ്ടുള്ള   നോമ്പ്  കാരടയാന്‍  നോമ്പ് എന്നും   അറിയപ്പെടുന്നു. പിന്നെ തമിഴില്‍ ഈ പ്രാര്ത്ഥാന ചൊല്ലുന്നു. 

“ഉരുകാത വെണ്ണയും ഒരടയും നാന്‍ നൂട്രേന്‍
ഒരുക്കാലും എന്‍ കണവര്‍ എന്നയി പിരിയാതിരുക്ക വേണ്ടും “
(ഉരുകാത്ത വെണ്ണയും ഒരു അടയും കൊണ്ട് ഞാന്‍ ഈ നോമ്പ് നോറ്റിരിക്കുന്നു. എന്റെ ഭർത്താവ് ഒരു കാലത്തും എന്നെ വിട്ടു പിരിയരുത്)

സ്ത്രീ അബല ആണെന്ന വാദം പൊളിച്ചെഴുതുന്നു ഈ പുരാണകഥ നൈസർഗ്ഗികമായി ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും നാമെല്ലാവരിലും അന്തർലീനമാണ്. അതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവര്‍ വിജയം    വരിക്കുന്നു. സ്ത്രീക്ക് ആത്മവിശ്വാസവും പ്രതിബദ്ധതയും ഉണ്ടെങ്കില്‍ അസാദ്ധ്യമായി ഒന്നുമില്ല എന്ന് ഈ പുരാണകഥ സമർഥിക്കുന്നു. ഇതിനു കാലിക പ്രസക്തിയുണ്ട്. ഏതു കാലത്തും   സ്ത്രീ അബലയല്ലെന്നും  മനസ്സുണർത്തിയാല്‍ ഏതു ലക്ഷ്യവും   നേടാമെന്നും സത്യവാന്‍ സാവിത്രി കഥ നമ്മെ ഓർമിപ്പിക്കുന്നു.

ഏതു ആചാരത്തിലും അനുഷ്ഠാനത്തിലും അന്തർലീനമായ മാനുഷികതയേയും മനുഷ്യന്റെ ശ്രേഷ്ഠതയേയും മനസ്സിലാക്കാന്‍ നമുക്കു കഴിയട്ടെ.

രോഹിണി നാളിന്റെ ബ്രഹ്മബന്ധം

രോഹിണി നാളിന്റെ ബ്രഹ്മബന്ധം

ബ്രഹ്മാവാണ് രോഹിണി നാളിന്റെ ദൈവം. അതിനാല്‍ ബ്രഹ്മാവിന്റെ പേരുകളെല്ലാം രോഹിണിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിധി, വിരിഞ്ചം, ബ്രഹ്മം, വിധാതാ, ധാതാ, ആത്മഭൂ തുടങ്ങിയവ അത്തരം പേരുകളാണ്. ചിലരുടെ പക്ഷത്തില്‍ ബ്രഹ്മദേവന്റെ മാനസികപുത്രനായ പ്രജാപതിയാണ് രോഹിണിയുടെ ദേവത. പ്രാജാപത്യം എന്ന പേര്  രോഹിണിക്ക് ലഭിച്ചത് അങ്ങനെയാണ്.  

പൂജിക്കപ്പെടുവാന്‍ വിഗ്രഹമോ, ആരാധിക്കപ്പെടുവാന്‍ അമ്പലമോ ഇല്ലെന്നിരുന്നാലും ബ്രഹ്മാവിനെ ആര്‍ക്കുമാവില്ല അവഗണിക്കുവാന്‍. (തീരെക്കുറവായിട്ടാണെങ്കിലും അങ്ങിങ്ങ് ബ്രഹ്മക്ഷേത്രങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ത്രിമൂര്‍ത്തികളില്‍ വിഷ്ണു മഹേശന്മാരുടെ പ്രാധാന്യവും, പ്രാമുഖ്യവും ബ്രഹ്മാവിനില്ലായിരിക്കാം. പക്ഷേ സൃഷ്ടിയില്ലാതെ സ്ഥിതിയുണ്ടോ? സംഹാരമുണ്ടോ?

മൗനമായ സാന്നിദ്ധ്യം, പതുങ്ങിയ പെരുമാറ്റം, ഉള്‍വലിയുന്ന ശീലം എന്നിവമൂലം വീട്ടിലും തൊഴിലിടത്തും കൂട്ടായ്മകളിലും ഒക്കെ രോഹിണി നാളുകാരെ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ഇവരില്ലാതെ, ഇവരറിയാതെ ചെറിയ കാര്യങ്ങള്‍ പോലും സാക്ഷാല്ക്കരിക്കാന്‍ ആവില്ലെന്നതാണ് ഉണ്‍മ. പലതിന്റെയും തുടക്കം ഇവരില്‍ നിന്നാവും. പിന്നീട് പടര്‍ന്ന് പന്തലിക്കുന്ന കാര്യങ്ങള്‍ ബീജ രൂപത്തിലാണെങ്കില്‍ പോലും ആരംഭിക്കുന്നത് രോഹിണിക്കാരുടെ വാക്കോ/കര്‍മ്മമോ മൂലമാവും. (മിക്കവാറും  അത് നല്ലകാര്യങ്ങള്‍ തന്നെയാവും. മനുഷ്യ പ്രകൃതിയില്‍ നന്മതിന്മകള്‍ കലരുന്നതിനാല്‍ ചിലപ്പോള്‍ കാലുഷ്യങ്ങളുടെയും തുടക്കം അവിടമാവാം)  എത്ര കണ്ടില്ലെന്നു നടിച്ചാലും, നിസ്സാരീകരിച്ചാലും, രോഹിണി നാളുകാരുടെ സര്‍ഗാത്മകത ഒരുനാള്‍ പുറത്തു വരികതന്നെ ചെയ്യും. രൂപം കൊണ്ടും ഭാവം കൊണ്ടും പുതിയതായിട്ടുള്ളവ ചമയ്ക്കാന്‍ അവര്‍ക്ക് സവിശേഷമായ സിദ്ധിയുണ്ട്. പഴയ ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍ 'നവ നവോന്മേഷശാലിനി' ആണ് അവരുടെ പ്രജ്ഞയും, പ്രതിഭയും. അതോടൊപ്പം ആ ജന്മസിദ്ധിയെ പോഷിപ്പിക്കാനും തന്റെ ഭാവനയുടെ മേല്‍ പൊരുന്നയിരിക്കാനും ഉള്ള അചഞ്ചലമായ ക്ഷമാശീലവും കൂടി അവര്‍ക്കുണ്ട്.    

രോഹിണി നക്ഷത്രം ഉള്‍പ്പെടുന്നത് ഇടവക്കൂറിലാണ്. അതിന്റെ അധിപനാകട്ടെ കലകളുടെ സ്വന്തം പെരുമാളും പെരുന്തച്ചനുമായ ശുക്രനും. അതിനാല്‍ ചിത്രകല, സംഗീതം, കവിത്വം, നാടകം, സിനിമ, ശില്പം തുടങ്ങി  സകലമാന സുകുമാരകലകളും പ്രയോജന കലകളും ഇവര്‍ക്ക് വഴങ്ങും. കലാസപര്യയിലൂടെ രോഹിണി നാളുകാര്‍ കലര്‍പ്പറ്റ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.  ചെറുതോ വലുതോ ആകട്ടെ, ഏതെങ്കിലും വിഭാഗത്തില്‍ വരുന്ന  കലകളുടെ ബ്രഹ്മസ്പര്‍ശം ലഭിക്കാത്ത രോഹിണിക്കാര്‍ വളരെ വളരെ അപൂര്‍വമാണ്.

ബ്രഹ്മബന്ധം ഇനിയുമുണ്ട്, രോഹിണിക്കാരില്‍. ബ്രഹ്മദേവന്‍ ഒരുപാട് രാക്ഷസന്മാര്‍ക്ക് വേണ്ടത്ര ആലോചിക്കാതെ വരം കൊടുത്തതായി പുരാണങ്ങളില്‍ പറയുന്നു. കാര്യങ്ങളുടെ എല്ലാവശങ്ങളും ചിന്തിക്കുവാനും, സമാലോചനയിലൂടെ ഒരു സമുചിത തീരുമാനത്തിലെത്തുവാനും രോഹിണി നാളുകാര്‍ക്ക് ചിലപ്പോഴെങ്കിലും കഴിയാതെ പോകുന്നു. കുടത്തില്‍ നിന്നും ഭൂതത്തെ ഇറക്കി വിടുന്നതിലുള്ള വൈഭവം ചിലപ്പോള്‍ ഭൂതത്തെ തിരികെ കുടത്തില്‍ കയറ്റുന്നതില്‍ കാണിക്കുന്നില്ല എന്നു വരാം. സ്വന്തം പരിമിതികള്‍ ചിലതെങ്കിലും മറികടക്കാന്‍ കഴിയാതെ വരുന്നത് അവരുടെ വ്യക്തിത്വത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കും. സ്വന്തം തീരുമാനങ്ങളുടെ പിന്നില്‍ ഉള്ള ആലോചനാശൂന്യത ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്! രോഹിണി നാളുകാര്‍ക്ക് അത് കഴിയാത്ത കാര്യമല്ല.

നിര്‍ദോഷികളാണ് എന്ന് തോന്നാമെങ്കിലും (സത്യം തന്നെയാവാം) സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായാല്‍ എതിരാളികളെ ചുഴറ്റിയെറിയാനും കശക്കിക്കളയാനും രോഹിണിക്കാര്‍ മടിക്കില്ല. ബ്രഹ്മാവ് രുദ്രനാവുന്ന പകര്‍ന്നാട്ടങ്ങള്‍ പക്ഷേ തീരെക്കുറവായിരിക്കും എന്നുമാത്രം. പുരാണങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന ആയുധങ്ങളില്‍ ഏറ്റവും സംഹാരാത്മകമായ 'ബ്രഹ്മാസ്ത്രം' ബ്രഹ്മാവിന്റെ സൃഷ്ടിയാണല്ലോ? അതിനാല്‍ ആ 'അയ്യോ പാവത്തം' പരീക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ മുതിരാതിരിക്കുന്നതാവും ഉത്തമം.

എന്താണ് ഉരുക്കു വെളിച്ചെണ്ണ?

എന്താണ് ഉരുക്കു വെളിച്ചെണ്ണ?

പണ്ടുകാലത്ത് വെളിച്ചെണ്ണ എന്നാല്‍ ഉരുക്കുവെളിച്ചെണ്ണ ആയിരുന്നു. ഓരോ വീട്ടിലും അമ്മമാര്‍ തയ്യാറാക്കിയിരുന്ന ഈ വെളിച്ചെണ്ണയെ വെന്ത വെളിച്ചെണ്ണ എന്നും പറഞ്ഞിരുന്നു. തേങ്ങ ചിരകിപ്പിഴിഞ്ഞ് പാലെടുത്ത്, ഉരുളിപോലുള്ള ചുവട്കട്ടിയുള്ള പാത്രത്തില്‍ അടുപ്പില്‍വെച്ച് ചൂടാക്കും. ചിലയിടങ്ങളില്‍ അല്പം ശുദ്ധമായ മഞ്ഞള്‍ കൂടി എണ്ണ തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്.  ഏറെ നേരം കഴിഞ്ഞ് വശ്യമായ സുഗന്ധത്തോടുകൂടി മുകളില്‍ എണ്ണയും അടിയില്‍ കല്‍ക്കനുമായി അത് വേര്‍തിരിഞ്ഞുവരും. ഈ എണ്ണ ശേഖരിച്ചു വയ്ക്കുന്നതാണ് പരിശുദ്ധമായ വിര്‍ജിന്‍ ഓയില്‍. അഥവാ നമ്മുടെ തനത് വെന്ത വെളിച്ചെണ്ണ എന്ന ഉരുക്കുവെളിച്ചെണ്ണ.
അല്പം മെനക്കെടാന്‍ തയ്യാറാണെങ്കില്‍  സ്വന്തം അടുക്കളയില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ കേട്ടാല്‍ അത് തയ്യാറാക്കി ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കും. ഓര്‍ക്കുക, രണ്ട് വലിയ തേങ്ങയെങ്കിലും വേണം 200 മില്ലി ഉരുക്കുവെളിച്ചെണ്ണ തയ്യാറാക്കാന്‍. ഒപ്പം നല്ല ക്ഷമയും.
ഇനി ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നോക്കാം.
ഉരുക്കു വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പമ്ലങ്ങളിൽ 55 ശതമാനവും ലോറിക് ആസിഡാണ്. ഇത് ശരീരത്തിൽ മോണോലോറിൻ ആയി രൂപാന്തരപ്പെടുന്നു. ബാക്ടീരിയ, കുമിൾ തുടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുന്നു.
ഉരുക്കു വെളിച്ചെണ്ണയ്ക്ക് മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും മനുഷ്യരിൽ കണ്ടുവരുന്ന മറവിരോഗം തടയാനും കഴിവുണ്ടെന്നു് പ്രശസ്ത ഡോക്ടർമാർ രേഖപ്പെടുത്തിയിരിക്കുന്നു. 
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമം.

കേവലം ഒരാഴ്ചകൊണ്ട് താരന്‍ അകറ്റി മുടികൊഴിച്ചില്‍ ഇല്ലാതാക്കി കറുപ്പു നിറത്തോടെ മുടി തഴച്ചു വളരുന്നു.
മുഖത്തെ പാടുകളും ചുളിവുകളും അകറ്റുന്നു.

ഷുഗര്‍ നിയന്ത്രിക്കുന്നു, ശരീരത്തിലെ ചീത്ത കൊളൊസ്ട്രോള്‍ ഇല്ലാതാക്കുന്നു.
കുടവയര്‍ കുറക്കാനും തടികുറയ്ക്കാനും ഫലപ്രദമാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ക്യാന്‍സര്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നു.

നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാല്‍ കൈകാല്‍ തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് ഉത്തമം.
കുട്ടികളിലെ ചൊറി, ചിരങ്ങ്, വട്ടച്ചൊറി എന്നിവ സുഖപ്പെടുത്തുന്നു.
ഉറക്കക്കുറവിനും തലവേദനയ്ക്കും വയറ്റിലെ അസുഖങ്ങള്‍ക്കും പരിഹാരം.
മുറിവുകളിലും തീപ്പൊള്ളലിനും അലര്‍ജി, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും പരിഹാരം.

ഷേവ് ചെയ്തതിനു ശേഷം ഉപയോഗിച്ചാല്‍ ബ്ലേഡ് അലര്‍ജികളൊഴിവാക്കാം.
കൊതുകുകടിയില്‍ നിന്നും രക്ഷ. കൊതുകുകടിച്ച പാടുകള്‍ അകറ്റുന്നതിന് ഉത്തമം.

ഏറ്റവും നല്ല ബേബി ഓയിലും ബേബി ടോണിക്കും ഉരുക്കുവെളിച്ചെണ്ണ തന്നെയാണ്. പ്രസവിച്ചയുടൻ  കുഞ്ഞുങ്ങൾക്ക് രണ്ടു മൂന്നാഴ്ച ദേഹത്തുപുരട്ടി കുളിപ്പിക്കാൻ ഇന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നതും ഉരുക്കുവെളിച്ചെണ്ണയാണ്. കുഞ്ഞിന്റെ നാവിൽ ഉരുക്കു വെളിച്ചെണ്ണ തൊട്ടു കൊടുക്കുന്ന പതിവുണ്ടായിരുന്നു.
ഇക്കാലത്ത് വിശ്വസിച്ചുവാങ്ങാവുന്ന കലർപ്പില്ലാത്ത ഉരുക്കുവെളിച്ചെണ്ണ എവിടെ കിട്ടുമെന്നു ഉറപ്പില്ലാത്തതിനാല്‍ തന്നെ  ഉരുക്കുവെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായും വില കൂടും. 20 നല്ല തേങ്ങയുണ്ടെങ്കിലേ 1 കിലോ ഉരുക്കു വെളിച്ചെണ്ണ ലഭിക്കൂ. ഇതൊക്കെയാണ് ഉരുക്കു വെളിച്ചെണ്ണയുടെ ഉപയോഗം കുറഞ്ഞതിന്  കാരണം.

5 December 2021

ആരാണ് ഈ കിന്നരർ

ആരാണ് ഈ കിന്നരർ?

പൗരാണികഭാരതീയ സാഹിത്യ കൃതിക ളിൽ നിരവധി അമാനുഷവർഗ്ഗ ക്കാരെ കുറിച്ച്‌ പരാമർശമുണ്ട്. ഇന്ദ്രൻ രാജാവായിട്ടുള്ള ദേവൻമാരെ കുറിച്ചുള്ള കഥകൾ പുരാണ ഇതിഹാസങ്ങളിൽ അങ്ങോളമിങ്ങോളം കാണാം . അതു കൂടാതെ ദേവ സേവകൻമാരായും ഉപദേവൻമാരായും മറ്റു സ്വതന്ത്ര വർഗ്ഗക്കാരായുമെല്ലാം നിരവധി അതിമാനുഷരെ കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ട്. അസുര പക്ഷക്കാരായുമുണ്ട് വിവിധ വർഗ്ഗക്കാർ ‘
യക്ഷൻമാർ , ഗന്ധർവ്വൻമാർ വിദ്യാധരൻമാർ, അപ്സരസ്സുകൾ, കിന്നരൻമാർ,, ഗുഹ്യൻമാർ, തുടങ്ങിയവ ദേവസഹായികളായ കൂട്ടരത്രെ. ഇതൊക്കെ പൗരാണിക സാഹിത്യത്തിലെ ശുദ്ധഭാവനകളായി കരുതുന്നവരുണ്ട്.
എന്നാൽ കിന്നരൻമാർ എന്ന പേരിൽ ഒരു വിചിത്ര വർഗ്ഗക്കാർ ഹിമാലയ പ്രാന്തങ്ങളിൽ വസിച്ചു വരുന്ന കാര്യം കൗതുകമുണ്ടാക്കുന്ന ഒന്നാണ്. പ്രധാനമായും ഹിമാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിലാണ് ഇവരെ കണ്ടു വരുന്നത്.

പുരാണേതിഹാസങ്ങളിൽ കിന്നരൻമാരെന്നാൽ സംഗീതത്തിലും സംഗിത ഉപകരങ്ങൾ ഉപയോഗിക്കന്നതിലും നൃത്തം ചെയ്യുന്നതിലും വിദഗ്ദ്ധരായ ഒരു കൂട്ടരാണ്. ബുദ്ധവിശ്വാസ പ്രകാരം ഇവർ മനുഷ്യ രൂപമുള്ളവരും ഒപ്പം പക്ഷികളെപ്പോലെ പറക്കാൻ ചിറകുള്ള വരുമാണ്. ഇന്ത്യാ ഉപഭൂഖണ്ഡം, ടിബറ്റ് ,കൂടാതെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം കിന്നരൻമാരെ കുറിച്ചുള്ള സങ്കല്പം നിലവിലുണ്ട്. ഹിന്ദു, ബുദ്ധ സങ്കല്പങ്ങളിലുള്ള കിന്നരൻമാരുടെ രൂപം ഈ രാജ്യങ്ങ ളിലെ പല ക്ഷേത്രങ്ങളിലും ചരിത്രസ്മാരകങ്ങളിലും കാണാം. പുരുഷൻമാർ കിന്നരൻ എന്നും സ്ത്രീകളെ കിന്നരി എന്നുമാണ് വിളിക്കുന്നത്.

കിന്നരൻമാർ സംഗീതനൃത്ത പ്രിയരാണെന്നു പറഞ്ഞു. കിന്നരിവീണ .എന്ന സംഗീത ഉപകരണം വളരെ പ്രശസ്തമാണ് ‘ ‘ ആശ്ചര്യ കരമെന്നു പറയട്ടെ, പുരാതന ഇസ്രായേലുകാരുടെ ഒരു പ്രധാന സംഗീത ഉപകരണത്തിനും കിന്നോർ( Kinnor ] എന്നാണ് പേരുകാണുന്നത്. (ബൈബിളിൽ പരാമർശിക്കുന്ന പൗരാണിക സംഗീത ഉപകരണങ്ങൾ കാണുക.)

ഇതൊക്കെ കഥകളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ: ഇനി നമുക്ക് ഹിമാലയ പ്രാന്തങ്ങളിലെ കിന്നരൻമാരിലേക്കു വരാം …’ ഹിമാചൽ-ടിബത്ത് അതിർത്തിയിലാണ് ഇവരുടെ പ്രധാന അധിവാസ കേന്ദ്രമായ കിന്നോർ ഡിസ്ട്രിക്.സത്യസന്ധരും കഠിനാദ്ധ്യാനികളുമായ ഈ കിന്നരർ സ്വന്തം പൈതൃകത്തിൽ അഭിമാനം കൊള്ളുന്നവരാണ്. തങളുടെ പ്രദേശം ദേവഭൂമിയാണെന്നാണ് ഇവർ അഭിമാനിക്കന്നത്. സർക്കാർ വാഹനങ്ങളലടക്കം ദേവ ഭൂമിയെന്ന് എഴുതിയത് കാണാം.

ഇവർ തങ്ങളുടെ ദേശം വിട്ട് പുറത്തു പോവാറില്ല. മറ്റുള്ളവർ അടുത്ത കാലം വരെ അങ്ങോട്ടു പോവാറുമില്ലായിരുന്നു. തങ്ങളുടെ ദേശത്ത് മറ്റുള്ളവർ വസിക്കുന്നത് കിന്നരർക്ക് ഇഷ്ടാമല്ല:. അതു കൊണ്ടു തന്നെ മറ്റുള്ളവർക്ക് ഇവിടെ ഭൂമി വാങ്ങാൻ സാധിക്കുകയുമില്ല.

ശ്രീ. ഠാക്കൂർ ടെൻ ഹേരി എന്ന പ്രാദേശിക നേതാവിൻ്റ ശ്രമഫലമായി1986 മുതൽ പുറം ലോകത്തുള്ളവർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കപ്പെടുകയുണ്ടായി. അതു വരെ ബുദ്ധ, ഹിന്ദു വിഭാഗക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

പുറം ലോകവുമായുള്ള ബന്ധം വലിയ ഭൗതിക പുരോഗതിക്ക് കാരണമായി. ഭൂമിയുടെ അവകാശം മറ്റാർക്കും വിട്ടു കൊടുക്കാത്ത കിന്നരർ നെല്ലും, ചോളവും, ആപ്പിളും, ബദാമും, ഉരുളക്കിഴങ്ങുമെല്ലാം വൻ തോതിൽ കൃ ഷിചെയതു വരുന്നു. കരകൗശലവിദ്യക്കും പ്രശസ്തമാണിവിടം.

ആപ്പിളാണ് മുഖ്യ വരുമാന ഘടകമെന്നു പറയാം. ലോകത്തെ ഏറ്റവും വിലയേറിയ ഗോൾഡൻ ആപ്പിൾ ഇവിടെ മാത്രം ഉദ്പാദിപ്പിക്കുന്ന ഒന്നത്രെ.
കയറ്റുമതി ചെയ്യാൻ മാത്രമേ ഇത് വിപണിയലിറക്കാറുള്ളൂ… ഒരൊറ്റ വർഷം ഒരു മരത്തിൽ നിന്ന് 50,000 രൂപ വിലക്കുള്ള ആപ്പിൾ ശരാശരി ഇവിടെ ലഭിക്കുമത്രെ. ഒരു സാധാരണക്കാരൻ്റെ കൈവശം കുറഞ്ഞത് 20 മരമെങ്കിലും ഉണ്ടാവും. വലിയ ഭൂ ഉടമൾക്ക് 2000 -3000 മരം വരെ ഉണ്ടാവും. അതിനാൽ ഇവർ പൊതുവെ സമ്പന്നരാണ്.

ആളോഹരി വരുമാനത്തിൻ്റെ കാര്യത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം കിന്നോർ ജില്ലയിലെ പൂവർണ്ണി ഗ്രാമത്തിന് രേഖപ്പെടുത്തിയിട്ടുണ്ടത്രെ!

യക്ഷൻ

യക്ഷൻ

ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. "യ"എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യായത്തിൽ കാണുന്നു. അതുപോലെ "ക്ഷ" എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പത്നികളാണ് യക്ഷി(ണി)കൾ. സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ (യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത്‌ മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്. ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ "മുനി"യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് "വൈശ്രവണൻ" എന്ന കുബേരൻ ആണ്. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി.

കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം.

യക്ഷരാജാവ് - കുബേരൻ

രാജധാനി - അളകാപുരി
യക്ഷപതി - കുബേരൻ
സ്ത്രീ- യക്ഷി
യക്ഷഗ്രഹം - പിശാചപീഡ
യക്ഷതരു - പേരാൽ
യക്ഷധൂപം - ചെഞ്ചല്യം