ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 09

ഗരുഡൻ - 09

ഇന്ദ്രനും മഹാവിഷ്ണുവുമായിയുള്ള സൗഹൃദം

"ഗരുഡാ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. നീ എന്നിൽ നിന്നും വരം ചോദിച്ചാലും.'' ശബ്ദം കേട്ട് ഗരുഡൻ പറക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി. മഹാവിഷ്ണുവാണ്. ഗരുഡന്റെ സാമർത്ഥ്യം കണ്ട് വിഷ്ണു ഏറെ സന്തോഷിച്ചു. മഹാവിഷ്ണുവിനെ ഒന്നുകൂടി നോക്കിയിട്ട് ഗരുഡൻ അറിയിച്ചു: "ഞാൻ അങ്ങയിൽ ഇരിക്കുമാറാകണം. അമൃത് കഴിക്കാതെ തന്നെ ഞാൻ ജരാമരണമില്ലാത്തവനാകണം.'' മഹാവിഷ്ണു രണ്ടു വരങ്ങൾ നല്കി ഗരുഡനെ അനുഗ്രഹിച്ചു. ഗരുഡനു സന്തോഷമായി. പക്ഷേ, മറ്റൊരു സംശയം ഗരുഡന്റെ മനസ്സിൽ ഉദിച്ചു. താൻ മാത്രം വരം സ്വീകരിച്ചാൽ മതിയോ? അങ്ങോട്ടേക്കും എന്തെങ്കിലും വരം കൊടുക്കേണ്ട. അല്ലെങ്കിൽ അതൊരു മോശമല്ലേ. സാക്ഷാൽ മഹാവിഷ്ണവാണ് തന്റെ മുമ്പിൽ നില്ക്കുന്നത്. അദ്ദേഹത്തിന് താൻ വരം നല്കുകയോ. അദ്ദേഹം അത് നിരസിക്കുമോ? അങ്ങനെ ഒരു സംശയം ഗരുഡന് തോന്നി. നിരസിച്ചെങ്കിൽ നിരസിക്കട്ടെ. രണ്ടും കല്പിച്ച് ഗരുഡൻ മഹാവിഷ്ണുവിനോട് ചോദിച്ചു. "പ്രഭോ, അങ്ങേയ്ക്ക് ഞാനും വരം തരാം. എന്തു വരമാണ് വേണ്ടതെന്നു പറഞ്ഞാലും.'' ശക്തനാണെങ്കിലും ഗരുഡൻ വിക്കി വിക്കി ഇത്രയും പറഞ്ഞു. വിഷ്ണുവിന്റെ മറുപടി എന്താകുമോ? ആകാംക്ഷയോടെ ഗരുഡൻ മഹാവിഷ്ണുവിന്റെ മുഖത്തേക്കു നോക്കി. തന്റെ ചോദ്യം കേട്ട് ഭഗവാന്റെ മുഖം പ്രകാശമാനമാകുന്നത് ഗരുഡൻ ശ്രദ്ധിച്ചു. ഒരു മന്ദസ്മിതത്തോടെ വിഷ്ണു പറഞ്ഞു: “നീ എന്റെ വാഹനമാകണം.'' ആ വാക്കുകൾ ഗരുഡനിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉളവാക്കി. ഇങ്ങനെയൊന്ന് കേൾക്കാൻ വേണ്ടിയാണ് താൻ കാത്തിരുന്നതും. ഭഗവാന് എന്തോ കൂടി പറയാൻ ഉണ്ടെന്ന് തോന്നുന്നു. ഗരുഡൻ മഹാവിഷവിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു. “നിനക്ക് തമസിക്കുവാൻ ഞാൻ ധ്വജം നിർമ്മിക്കുന്നുണ്ട്. അതിന്റെ മേലെ നീ താമസിക്കുക.'' മഹാവിഷ്ണു കൂട്ടിച്ചേർത്തു. ഗരുഡന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. തല താഴ്ത്തി ഭഗവാനെ വണങ്ങിയിട്ട് അവൻ അവിടെനിന്നും പറന്നുപോയി.

തന്നെപ്പറ്റിച്ച്, അമൃതുമായി കടന്നുകളഞ്ഞ ഗരുഡനെ വകവരുത്തുവാൻ തക്കം നോക്കിയിരിക്കുകയായിരുന്നു ഇന്ദ്രൻ. ദേവന്മാരുടെ ദേവനാണ് താൻ. ദേവലോകത്തിന്റെ അധിപൻ താൻ വിചാരിച്ചാൽ ദേവലോകത്തും ഭൂമിയിലും നടക്കാത്തതായി ഒന്നുമില്ല എന്നാണ് സങ്കല്പം. ആ തന്നെയാണ് അവൻ പറ്റിച്ചത്. ഇന്ദ്രൻ ഓർത്തു. അവനൊരു വെറും പക്ഷി! ഒരു പക്ഷി തന്നെ വഞ്ചിച്ച കഥ നാളെ ലോകം അറിഞ്ഞാൽ എന്തൊരു നാണക്കേടായിരിക്കും തനിക്ക്. ഇല്ല അവനെ വിട്ടുകൂടാ. അവനെ കൊല്ലണം. അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന അമൃത് വീണ്ടെടുക്കണം. ഇന്ദ്രന്റെ ശക്തി എന്താണെന്നു തെളിയിച്ചുകൊടുക്കണം. ഇന്ദ്രൻ അസ്വസ്ഥനായി. ഏറെ നേരം കാത്തിരുന്നിട്ടും ഗരുഡനെ കാണാത്തതുകൊണ്ട് ഇന്ദ്രന് സംശയമായി. അവൻ വഴിമാറിപ്പോയോ? എവിടെപ്പോയി ഒളിച്ചാലും അവനെ താൻ വിടില്ല. ഊരിപ്പിടിച്ച തന്റെ വജ്രായുധത്തിലേക്കുനോക്കി ദേവേന്ദ്രൻ പ്രതിജ്ഞ ചെയ്തു. പെട്ടെന്ന് അന്തരീക്ഷത്തിൽ എന്തോ ഒരു ശബ്ദം കേട്ടു. ദേവേന്ദ്രൻ ചെവിയോർത്തു. അതേ അവന്റെ വരവുതന്നെ. അല്ലെങ്കിൽ ഇത്രയും ശക്തിയായി കാറ്റടിക്കില്ല. ഗരുഡനെ ആക്രമിക്കാൻ ഇന്ദ്രൻ തയ്യാറായി നിന്നു. ശ്വാസം അടക്കിപ്പിടിച്ചുള്ള നില്പ്പ്. വായുവേഗത്തിൽ ഇന്ദ്രന്റെ തലയ്ക്കു മുകളിലൂടെ ഗരുഡൻ കടന്നുപോയി. വ്രജായുധംകൊണ്ട് ഇന്ദ്രൻ ഗരുഡനെ ഒറ്റവെട്ട് !!! ഇതോടെ അവന്റെ കഥകഴിയും. വെട്ടേറ്റ ഉടൽ വേർപെട്ട് നിലത്തുകിടന്നു പിടയുന്ന ഒരു പക്ഷിയുടെ ചിത്രമായിരുന്നു ദേവേന്ദ്രന്റെ മനസ്സിൽ. എവിടെ? എവിടെ? ഇന്ദ്രൻ ചുറ്റും നോക്കി. ഒന്നും സംഭവിച്ചിട്ടില്ല! എല്ലാം പഴയതുപോലെതന്നെ. തന്റെ വെട്ടേറ്റില്ല. ദേവേന്ദ്രൻ ഇളിഭ്യനായി. യാതൊരു കൂസലുമില്ലാതെ ഗരുഡൻ തന്റെ ലക്ഷ്യത്തിലേക്കു പറന്നു. പറക്കുന്നതിനിടയിൽ ആ പക്ഷിശ്രഷ്ഠൻ ഇന്ദ്രനോടു പറഞ്ഞു: സ്വന്തം അസ്ഥികൊണ്ട് വ്രജം നിർമ്മിച്ച മഹർഷിയെ ഞാൻ നമിക്കുന്നു. ദേവേന്ദ്രനായ അങ്ങയെ ഞാൻ മാനിക്കുന്നു..

"നിന്റെ വ്രജംകൊണ്ടുള്ള വെട്ടേറ്റിട്ട് എനിക്കു ലേശവും വേദനയുണ്ടായില്ല. എനിക്ക് ഒന്നും സംഭവിച്ചതുമില്ല. നിങ്ങൾ വളരെ പാടുപെട്ട് വ്രജംകൊണ്ട് എന്നെ വെട്ടിയതല്ലേ. ഒരു തൂവൽ ഞാനിതാ പറിച്ചിടുന്നു. നിങ്ങളുടെ സംതൃപ്തിക്കുവേണ്ടി." ചിറകിൽനിന്ന് ഒരു തൂവൽമാത്രം അടർത്തി എടുത്ത് വായു വിൽ ഗരുഡൻ ഉപേക്ഷിച്ചു. ആ തൂവൽ കണ്ടപ്പോൾ സർവ്വഭൂതങ്ങളും അത്ഭുതപ്പെട്ടു. അവർക്കു സന്തോഷമായി. പർണ്ണമുള്ളവൻ എന്ന അർത്ഥത്തിൽ സുപർണ്ണൻ എന്ന് ഗരുഡന് പേരും ഇട്ടു. ഇതു കണ്ട് ഇന്ദ്രൻ മിഴിച്ചുനിന്നുപോയി. താൻ കരുതിയതുപോലെയല്ല. ആ പക്ഷി സാധാരണക്കാരനല്ല. അവൻ മഹാത്ഭുതക്കാരനും മഹാസിദ്ധി ഉള്ളവനും ആണ്. ആ പക്ഷിയുടെ ശാരീരികമായ ശക്തിയും മാനസികമായ ബലവും ഇന്ദ്രന്റെ ധാരണകളെ തകിടംമറിച്ചു. അവന്റെ യഥാർത്ഥരൂപം കണ്ടപ്പോൾതന്നെ ഇന്ദ്രൻ അത്ഭുതപരവശനായി! ഇത്ര ബലവാനായ ഒരുത്തനെ തനിക്കു കീഴ്പെടുത്താനാവില്ലെന്ന സത്യം ഇന്ദ്രൻ തിരിച്ചറിഞ്ഞു. ബലവാന്മാരുമായി പിണങ്ങിയിട്ടു കാര്യമില്ല. അവരുടെ കഴിവുകളെ അംഗീകരിക്കുകയാണ് വേണ്ടത്. അവരുമായി കൂട്ടു ചേരുന്നതാണ് എപ്പോഴും നല്ലത്. ഇന്ദ്രന്റെ മനസ്സ് മന്ത്രിച്ചു. പക്ഷിശ്രേഷ്ഠനോട് ഇന്ദ്രൻ പറഞ്ഞു: “നിന്നോട് എനിക്കു പിണക്കമൊന്നുമില്ല. നിന്റെ ശക്തിയുടെ ബലത്തിന്റെ രഹസ്യം എനിക്കു പറഞ്ഞുതന്നാലും. പക്ഷിശ്രേഷ്ഠാ എനിക്ക് നിന്റെ കൂട്ടുകെട്ട് എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.'' "അങ്ങയുമായി കൂട്ടുചേരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. പിന്നെ എന്റെ ബലത്തെക്കുറിച്ച് അങ്ങു ചോദിച്ചല്ലോ. ഞാൻ എന്നെത്തന്നെ വാഴ്ത്തിപ്പറയുന്നത് ശരിയല്ല. ആത്മപ്രശംസ ആത്മഹത്യാപരമാണ്. അത് പാപമാണ്. എന്റെ ബലത്തെക്കുറിച്ച്, ശക്തിയെക്കുറിച്ച് മറ്റുള്ളവരല്ലേ പറയേണ്ടത്. എങ്കിലും ദേവന്മാരുടെ നേതാവായ അങ്ങ് ചോദിച്ചതുകൊണ്ടുമാത്രം പറയട്ടെ. മലയും കാടും കടലും ഉൾക്കൊള്ളുന്ന ഭൂമിയെയും ദേവലോകത്തെയും ഒന്നിച്ച് എന്റെ ഒറ്റച്ചിറകിൽ ചുമന്ന് എനിക്ക് പറക്കാൻ കഴിയും. ഇതാണ് എന്റെ ശക്തി-ബലം. ''ഗരുഡൻ വളരെ വിനയത്തോടെ അറിയിച്ചു.

"അല്ലയോ പക്ഷിശ്രേഷ്ഠാ, ഞാൻ അങ്ങയെ ആദ്യം  തെറ്റിദ്ധരിച്ചു. ഏതോ ഒരു പക്ഷിയെന്നുമാത്രമേ ധരിച്ചുള്ളൂ. എന്നോട് സംഖ്യം ചേരാൻ സമ്മതിച്ചതിന് സന്തോഷം. പിന്നെ ഒരു കാര്യം കൂടി അറിയാനുണ്ട്. എന്തിനാണ് അങ്ങ് ഈ അമൃത് അപഹരിക്കാനായി വന്നത്. അങ്ങേയ്ക്ക് വേണ്ടെങ്കിൽ അതിങ്ങു തന്നേക്കു.'' അനുരഞ്ജനത്തിന്റെ ഭാഷയിൽ ഇന്ദ്രൻ പറഞ്ഞു. "അങ്ങയെ ദ്രോഹിക്കാൻ വേണ്ടിയല്ല ഞാനിത് മോഷ്ടിക്കാനായി എത്തിയത്. ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനുവേണ്ടിയാണ് ഞാനിത് അപഹരിച്ചിരിക്കുന്നത്." ഗരുഡൻ നിസ്സംഗനായി പറഞ്ഞു. "ഈ അമൃതിന് ഒരു പ്രത്യേകതയുണ്ട്. ഇത് ആരുകഴിക്കുന്നുവോ അവർ ദേവന്മാരെ ദ്രോഹിക്കുന്നവരാകും.'' ഇന്ദ്രന്റെ അങ്കലാപ്പ് ആ വാക്കുകളിൽ നിഴലിച്ചിരുന്നു. "അങ്ങ് ഒന്നുകൊണ്ടും പേടിക്കേണ്ട. ഈ അമൃതു കുടിക്കുവാൻ ഞാൻ ആർക്കും കൊടുക്കുകയില്ല.'' ഗരുഡൻ വ്യക്തമാക്കി. ഇത് കേട്ടപ്പോൾ ദേവേന്ദ്രനു സന്തോഷമായി. "ഞാനിത് എവിടെ കൊണ്ടുപോയി വയ്ക്കുന്നുവോ അവിടെനിന്ന് അങ്ങ് എടുത്തുകൊണ്ട് പൊയ്ക്കൊള്ളുക. ഞാൻ തടസ്സം നില്ക്കാൻ വരില്ല.'' ഗരുഡൻ കൂട്ടിച്ചേർത്തു. ഇത് കേട്ടപ്പോൾ ദേവേന്ദ്രനുണ്ടായ സന്തോഷം വർണ്ണനാതീതമായിരുന്നു. എങ്ങനെയെങ്കിലും അമൃത് തിരികെ വാങ്ങിയേ പറ്റു. ഗരുഡനോട് ബലമായി പിടിച്ചെടുക്കുക അപ്രായോഗികമാണെന്ന് ഇന്ദ്രന് അറിയാം. അനുനയത്തിലൂടെ അല്ലാതെ കാര്യം നടക്കില്ല. “അങ്ങയുടെ വാക്കുകൾ എന്നെ ഏറെ സംതൃപ്തനാക്കിയിരിക്കുന്നു. എന്നിൽനിന്ന് താങ്കൾക്ക് ആവശ്യമുള്ള വരം വാങ്ങിക്കൊള്ളുക.'' സന്തോഷം നിറഞ്ഞുതുളുമ്പി നില്ക്കുന്ന മനസ്സോടെ ഇന്ദ്രൻ അറിയിച്ചു. ഗരുഡൻ ഒരുവട്ടം ആലോചിച്ചു. എന്തുവരമാണ് ചോദിക്കേണ്ടത്. ഇന്ദ്രനാണ് വരം നൽകാൻ തയ്യാറായി നില്ക്കുന്നത്. കാര്യമായ എന്തെങ്കിലും ചോദിക്കേണ്ട. ഗരുഡന്റെ മനസ്സ് ചഞ്ചലമായി. പെട്ടെന്ന് അമ്മയുടെ മുഖം അവന്റെ മനസ്സിൽ ഓടിയെത്തി. പാവം അമ്മ! ദാസിയായിക്കഴിഞ്ഞ് എത്രയോ കഷ്ടപ്പെടുന്നു. വാസ്തവത്തിൽ അമ്മയെ ചതിക്കുകയായിരുന്നു. വഞ്ചനയിലൂടെയാണ് അമ്മയെ ദാസിയാക്കിത്തീർത്തത്. കദ്രു വിന്റെ ചതിപ്രയോഗത്തിന് കൂട്ടുനിന്നതോ മക്കളായ സർപ്പങ്ങളും. സർപ്പങ്ങളോട് ഒടുങ്ങാത്ത പക ഗരുഡനിൽ ആളിക്കത്തി. സർപ്പങ്ങൾ ഗരുഡന്റെ മനസ്സിൽ പത്തിവിടർത്തി ആടി. : ഗരുഡൻ ചോദിച്ചു: "ഞാൻ ബലവാനാണ്. എങ്കിലും അങ്ങ് എനിക്ക് ഒരു വരം തന്ന് അനുഗ്രഹിക്കണം. സർപ്പങ്ങൾ എന്നും എനിക്ക് ഭക്ഷണമായി തീരണം." ഇന്ദ്രൻ വരം നല്കി ഗരുഡനെ അനുഗ്രഹിച്ചു. അവൻ യാത്ര ആരംഭിച്ചു. ഇന്ദ്രൻ ചിരിച്ചുകൊണ്ട് പാതി തമാശയോടെ പറഞ്ഞു:"അങ്ങ് കൊണ്ടുപോകുന്ന അമൃത് ഞാൻ മോഷ്ടിക്കും.'' ഗരുഡൻ തലയാട്ടി. പിന്നീട് മേഘക്കീറുകൾക്കിടയിലൂടെ തന്റെ ചിറകുകൾ ശക്തിയായി ചലിപ്പിച്ചുകൊണ്ട് അവൻ യാത്ര തുടങ്ങി.

No comments:

Post a Comment