ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-19

കമ്പരാമായണം കഥ

അദ്ധ്യായം :-19

ആരണ്യകാണ്ഡം തുടർച്ച...

ശേഷം സീതാരാമന്മാർ തമ്മിൽ ഭാവി വിഷയങ്ങളെക്കുറിച്ച് സംഭാക്ഷണത്തിൽ ഏർപ്പെട്ടു. രാമൻ സീതയോട് പറഞ്ഞു ദേവീ ഇനി വരിക രാവണന്റെ പടപ്പുറപ്പാടാകും ദേവി എല്ലാം ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചു കൊളളണം. താൻ കരുതലോടെയാണിരിക്കുന്നതെന്നും അവിടുന്നു അശ്രദ്ധനാകരുതെന്നും സീത മറുപടി പറഞ്ഞു. അങ്ങനെ സംഭാക്ഷണത്തിലേർപ്പെട്ടിരിക്കെ ദൂരെയുള്ള വളളിക്കുടിലിൽ ഒരു അനക്കം.  അതെന്തെന്നു നോക്കിയ സീതയെ മയക്കുന്ന ഭംഗിയുളള ഒരു പുളളിമാൻ. അതിനെ പിടിച്ചു നല്കാൻ സീത രാമനോട് ആവശ്യപ്പെട്ടു. രാമൻ പറഞ്ഞു അവൻ കളളനാണ്. ഈ കപടതയിൽ കുടിങ്ങിയാൽ അതൊരപകടമായി കലാശിക്കും. സീത പറഞ്ഞു അങ്ങനെയൊന്നും വരാനില്ല.  അങ്ങനെ എന്തെങ്കിലും വരാനുണ്ടെങ്കിൽ അത് വരിക തന്നെ ചെയ്യും. ശ്രീരാമൻ ലക്ഷമണനെ വിളിച്ചു വരുത്തി സീതാസംരക്ഷണം ഏല്പിച്ചശേഷം ചാപബാണപാണിയായി കാട്ടിലേയ്ക്ക് കയറി. ഒളിഞ്ഞും തെളിഞ്ഞും കബളിപ്പിച്ചും ആ മാൻ വനത്തിനുളളിൽ മറഞ്ഞു കൊണ്ടിരുന്നു. ആശ,  ഉത്ക്കണ്ഠ, നിരാശ, പ്രത്യാശ ഇങ്ങിനെയുളള അവസ്ഥാന്തരങ്ങൾ രാമചന്ദ്രനിൽ മാറിമാറിക്കൊണ്ടിരുന്നു. ഒടുവിൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി മൃഗത്തെ ലക്ഷ്യമാക്കി ശ്രീരാമൻ ഒരു ബാണം പ്രയോഗിച്ചു.  അമ്പേറ്റ വിചിത്രമൃഗം "ഹാ! സീതേ! ഹാ! ലക്ഷ്മണാ! ഒരു രാക്ഷസൻ എന്നെ കൊല്ലുന്നു. ഓടിവരിക; എന്നെ രക്ഷിക്കുക; അയ്യോ ! ഞാൻ ഹതനാകുന്നു" ഇങ്ങനെ ശ്രീരാമവിലാപം എന്നു തോന്നിക്കുമാറ് വിലപിച്ചുകൊണ്ട് രാക്ഷസരൂപം ധരിച്ച് മരിച്ചു വീണു.  മായമൃഗമായി വന്നത് രാവണമാതുലനായ മാരീചൻ ആയിരുന്നു.. ദീനവിലാപം കേട്ട സീത പരിഭാന്ത്രയായി. ലക്ഷമണനോട് രാമസവിധത്തിലെത്താൻ നിർദ്ദേശിച്ചു. എന്നാൽ ആ നിർദ്ദേശം ലക്ഷ്മണൻ നിരസിച്ചു. അതുകേട്ടു സീത ലക്ഷ്മണനെ ഭത്സിച്ചു. ജ്യേഷ്ഠനെ രക്ഷിക്കാൻ ശ്രമിക്കാതെ ജ്യേഷ്ഠത്തിയുടെ വാക്കുകൾ അനുസരിക്കാതെ നില്ക്കുന്ന ലക്ഷ്മണൻ രാമന്റെ മരണം ഉറപ്പാക്കി ഭരതന് രാജ്യം സുസ്ഥിരമാക്കുകയാണെന്നും അല്ലെങ്കിൽ രാമന്റെ മരണശേഷം ജ്യേഷ്ഠത്തിയെ സ്വന്തമാക്കാനുളള ഉദ്ദേശമാണെന്നും പറഞ്ഞു.  ജ്യേഷ്ഠത്തിക്ക് ആപത്തു വരാതിരിക്കാൻ ജ്യേഷ്ഠൻ ഏല്പ്പിച്ച കർത്തവ്യമാണ് താൻ ചെയ്യുന്നതെന്ന വാക്കുകളെ അവഗണിച്ച് സീത പറഞ്ഞു രാമനെന്തെങ്കിലും സംഭവിച്ചാൽ താൻ ഭൂഗർഭത്തിൽ വിലയിക്കുമെന്ന്.   താൻ പോയാൽ ജ്യേഷ്ഠത്തിക്ക് ആപത്തു വരും പോയില്ലെങ്കിൽ ജ്യേഷ്ഠത്തി സ്വയം ആത്മാഹൂതി ചെയ്യും. തമ്മിൽ ഭേദം പോകുന്നതാണെന്ന് നിനച്ച് സീതാ സംരക്ഷണം വനദേവതമാരെ ഏല്പിച്ചു ലക്ഷ്മണൻ കാട്ടിലേയ്ക്ക് പോയി.

ലക്ഷമണൻ കാട്ടിൽ മറഞ്ഞശേഷം ഭക്തിഗീതം പാടി ആശ്രമാങ്കണത്തിലേയ്ക്ക് ഒരു സന്യാസിവര്യൻ വന്നു ഭിക്ഷയാചിച്ചു . അകത്തു നിന്നും തൊഴുതുകൊണ്ട് അങ്ങ് ആരാണ് എന്ന് സീത ചോദിച്ചു. താൻ ബ്രാഹ്മണകുലജാതനാണെന്നും പണ്ട് ഇവിടെ ഇരുന്നു തപസ്സ് ചെയ്തിരുന്നു എന്നും ഇപ്പോൾ ലങ്കയിലാണെന്നും അറിയിച്ചു. ദുഷ്ടരായ രാക്ഷസരുടെ രാജാവായ രാവണൻ  ഭരിക്കുന്ന രാജ്യം എത്ര നികൃഷ്ടമായിരിക്കും എന്നു പറഞ്ഞ സീതയോട് രാവണനെ കുറിച്ച് പുകഴ്ത്തി പറയുകയും രാവണന് അനുരൂപയായ പട്ടമഹിഷിയില്ലെന്നും ആ കുറവു ഭവതി വിചാരിച്ചാൽ പരിഹരിക്കാമെന്നും സന്യാസി അറിയിച്ചു.

ഇത് രാവണൻ തന്നെയെന്ന് സീതയ്ക്ക് മനസ്സിലായി. സീത പറഞ്ഞു അതിഥിയെ ഞാൻ അപമാനിക്കില്ല. രാക്ഷസവർഗ്ഗത്തെ സംഹരിക്കാൻ പ്രതിജ്ഞ എടുത്തിട്ടുളള എന്റെ ഭർത്താവും അനുജനും എത്തുമുമ്പ് രാക്ഷസപക്ഷപാതിയായ നിങ്ങൾ സ്ഥലംവിട്ടു പൊയ്ക്കൊളളുക. അല്ലെങ്കിൽ ആത്മനാശം സംഭവിക്കാനിടയാകും. അതുകേട്ടു ആ സന്യാസി നിന്ദമായി ഹസിച്ചുകൊണ്ട് മുയലുകൾ സിംഹരാജനെ സ്പർശിക്കുമോ എന്ന് ചോദിക്കുന്നു. സീത പറഞ്ഞു ഛീ! കളളസന്യാസീ! ലോകാധിനാഥനെ നിന്ദിക്കുന്ന നിന്നെ കാണുന്നതും സംസാരിക്കുന്നതും നിന്ദ്യമാണ്.

സീത പിന്തിരിഞ്ഞതും സന്യാസി രാവണനായി സ്വന്തം രൂപം ധരിച്ച് മുന്നോട്ടാഞ്ഞ് കൈകൾ നീട്ടി.  എന്നാൽ അപ്രത്യക്ഷമായ ചില ശക്തികൾ രാവണനെ പ്രതിരോധിച്ചു. സീതയുടെ പാതിവ്രത്യശക്തി വഷസ്സിനെയും ശാപരൂപതീക്ഷണത കരങ്ങളെയും തടയുകയും ആശ്രമദ്വാരഭാഗത്ത് ചാപാകൃതിയിൽ കണ്ട വക്രരേഖയുടെ ശക്തി ചരണങ്ങളെയും തടഞ്ഞതായി മനസ്സിലാക്കി.

അത്യന്തം ഘോരരൂപധാരനായിത്തീർന്ന രാവണൻ ഇരുപതു കൈകൾ കൊണ്ട് സീതയോടും പർണ്ണശാലയോടും ആ വനഭാഗം ഇളക്കിയെടുത്ത് പുഷ്പകവിമാനത്തിൽവച്ചു ദ്രുതഗമനം ആരംഭിച്ചു. വനദേവതമാർ പേടിച്ച് സ്തംഭിച്ചു നിന്നു.  സീത പരിതപിച്ച് വിലപിച്ചു. സീത വനദേവതമാരെയും ജടായുവിനെയും വിളിച്ചു രോദനം ചെയ്തു. രാവണനെ തടഞ്ഞ ജടായുവിനെ രാവണൻ ചന്ദ്രഹാസം കൊണ്ട് വെട്ടി. ചിറകറ്റു പതിച്ച ജടായുവിനെ "ശ്രീരാമദേവസന്ദർശനാന്തരമേ ചരമമുണ്ടാകയുളളൂ" എന്ന് സീത അനുഗ്രഹിച്ചു. തെക്കുദിക്കിലേയ്ക്ക് അതിവേഗം പോയ വിമനത്തിലിരുന്ന സീത താഴെ ഒരു ഗിരിശൃംഗത്തിൽ ഏതാനും വ്യക്തികൾ നില്ക്കുന്നത് കണ്ടു സ്വന്തം ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി ആ മലമുകളിലേയ്ക്കിട്ടു.

ലങ്കയിലെത്തിയ രാവണൻ ആശ്രമത്തോടെ ആ വനഭാഗത്തെ അശോകവനിയിൽ ശിംശപാവൃക്ഷസമീപത്ത് കൊണ്ട് സ്ഥാപിച്ചു. അനന്തരം സീതയെ സൂക്ഷിക്കാനും സ്വാധീനപ്പെടുത്താനും ചില രാക്ഷസികളെ നിയോഗിച്ചു.

ഭക്തനായ മാരീചന് മോക്ഷമേകി മടങ്ങവേ ലക്ഷ്മണനെ കണ്ടു ഊഹിച്ചും ചോദിച്ചും വിവരമറിഞ്ഞ് അതിവേഗത്തിൽ ആശ്രമത്തിലെത്തിയപ്പോൾ പർണ്ണശാലയുമില്ല സീതയുമില്ല. കൃത്യവിലോപത്തിന് ലക്ഷ്മണനെ ശാസിച്ചും സ്വയം വിലപിച്ചും വനദേവതമാരോടും ലതാപക്ഷിമൃഗാദികളോട് സീതയെ അന്വേഷിച്ചും പക്ഷിമൃഗാദികളുടെ നോട്ട സൂചനയാൽ ദക്ഷിണദിക്കിനെ നോക്കി അന്വേഷണമാരംഭിച്ചു.

കൂറേ ദൂരം ചെന്നപ്പോൾ രാവണന്റെ ചന്ദ്രഹാസം കൊണ്ട് ചിറകറ്റ് അവശാനായി രാമനാമം ജപിച്ച്  കിടക്കുന്ന ജടായുവിനെ കണ്ടു.  ജടായൂ സീതാവൃത്താന്തം രാമനെ അറിയിച്ചു. മോക്ഷാർത്ഥിയായ ആ പക്ഷീന്ദ്രൻ നിത്യമുക്തനായി ശ്രീവൈകുണ്ഠത്തിലെത്തിച്ചേർന്നു.

സീതാന്വേഷണം തുടർന്നു കൊണ്ട് തെക്കോട്ട് സഞ്ചരിച്ചു രാമലക്ഷ്മണന്മാർ. ഒരു മദ്ധ്യാഹ്നത്തിൽ തടാകക്കരയിൽ ജലമെടുക്കാനെത്തിയ ലക്ഷമണനെ ശൂരപത്മാസോദരിയായ അയോമുഖിയെന്ന അസുരതരുണി വശികരിക്കാനൊരുങ്ങി. അവളെ വിലക്കിയ ലക്ഷ്മണനെ എടുത്തു കൊണ്ട് ആകാശത്തുകൂടെ സഞ്ചരിക്കാൻ ഒരുങ്ങിയ അവളെ ലക്ഷ്മണൻ അംഗഭംഗം വരുത്തി പാലായനം ചെയ്യിച്ചു.

പിന്നെയും യാത്ര തുടർന്ന രാമലക്ഷ്മണന്മാർ  കബന്ധനെന്ന ഒരു ഭീമവികൃതരാക്ഷസന്റെ അതിദീർഘമായ ബാഹുപരിഘകൾക്കിടയിലകപ്പെട്ടു. രണ്ടുപേരും കബന്ധന്റെ ഓരോ ബാഹുദണ്ഡം ഖണ്ഡിച്ചു. അപ്പോൾ അവിടെ കബന്ധശരീരം അപ്രത്യക്ഷമായി  ഒരു ഗന്ധർവ്വയുവാകൃതി പ്രത്യക്ഷപ്പെട്ടു. ആ ഗന്ധർവ്വൻ ശ്രീരാമനോട് തന്റെ കഥ പറഞ്ഞു. അഷ്ടാവക്ര മഹർഷിയെ കളിയാക്കിയതിന് അദ്ദേഹം ശപിച്ചു രാക്ഷസനാക്കി. കാമധേനുനന്ദിനിയായ "നന്ദിനി" യെ കൊല്ലാനാരംഭിച്ചപ്പോൾ ഇന്ദ്രൻ ഊർദ്ധാംഗം വജ്രത്താൽ അറുത്തു കളഞ്ഞു. ബ്രഹ്മദത്തമായ വരത്താൽ മൃതിയുണ്ടായില്ല. വായ് വക്ഷസിലായി, കൈകൾ ദീർഘങ്ങളായി. കണ്ണില്ലാത്തതുകൊണ്ട് സഞ്ചരിക്കാൻ കഴിയാതെയായി. കൈയ്യിൽ തടയുന്ന ജീവികളെ വായിലാക്കി ഭക്ഷിച്ചു ജീവിച്ചു. രാമഭദ്രനിൽ നിന്നും ശാപമോചനം ലഭിക്കുമെന്ന മുനി വാക്കിനാൽ ഞാനിപ്പോൾ ശാപമുക്തനായി. ശേഷം ശ്രീരാമനെ സ്തുതിച്ചു. പിന്നെ  ഇപ്രകാരം പറഞ്ഞു " ഇവിടെ നിന്നും അല്പദൂരെയായി "ശബരിഗിരി" എന്ന ഉന്നതതടപ്രദേശത്തിൽ ഒരു ആശ്രമത്തിൽ  "ശബരി" എന്ന വൃദ്ധതാപസി  അങ്ങയുടെ നാമവും ജപിച്ച് കഴിയുന്നു. അവരെ കാണണം. അവർ അങ്ങയോട് സീതാവൃത്താന്തം അറിയിക്കും അനന്തരമാർഗ്ഗവും കരണീയവും ആ സിദ്ധയോഗിനി നിർദ്ദേശിക്കും". ശേഷം ഗന്ധർവനായ ദനു ഗന്ധർവലോകത്തിലേയ്ക്ക് മടങ്ങി.

അനന്തരം ദാശരഥികൾ രണ്ടു പേരും ശബര്യാശ്രമത്തിൽ എത്തി. മനോഹരമായ ആ വനവിഭാഗത്തിൽ വർഗ്ഗവിദ്വേഷമോ ജാതിവൈരമോ ഇല്ലാതെ പക്ഷിമൃഗാദികൾ ആനന്ദമായി കഴിയുന്നു. ആശ്രമപരിസരത്ത് എത്തിയ രാമലക്ഷ്മണന്മാരെ ശബരിതാപസി ആദരപൂർവ്വം എതിരേറ്റ് സ്വാശ്രമത്തിലിരുത്തി അർഘ്യപാദ്യാദികൾ കൊണ്ട് പൂജിച്ചശേഷം ഫലപക്വകന്ദമൂലദലജലാദ്യങ്ങളാൽ യഥായോഗ്യം സല്ക്കരിച്ച് സാഷ്ടാംഗപ്രണാമം ചെയ്ത് തിരുമുമ്പിൽ നിലകൊണ്ടു.

ശ്രീരാമൻ ശബരിയോടു ചോദിച്ചു മാതാവേ! ഭവതിയുടെ അകൃത്രിമഭക്തിയിലും അതിഥിസൽക്കാരാസക്തിയിലും ഞങ്ങൾ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചത് എന്തുദ്ദേശിച്ചാണെന്നും അറിയാൻ ആശിക്കുന്നു.   ശബരി പറഞ്ഞു താൻ ചിത്രകവചൻ എന്ന ഗന്ധർവരാജാവിന്റെ ഏകപുത്രിയായ മാലിനിയാണ്. വീതിഹോത്രൻ എന്ന മഹാശ്രോതിയനായ ഒരു ഗന്ധർവരാജകുമാരനെ പരിണയിച്ചു . മഹാബ്രഹ്മജ്ഞാനിയായ അദ്ദേഹത്തിന്റെ ധർമ്മപത്നിപദം സിദ്ധിച്ചിട്ടും കല്മാഷൻ എന്ന കിരാതനെ കാമുകനാക്കി ഭർത്താവിനെ വഞ്ചിച്ച മാലിനിയെ ഭർത്താവ് "കാട്ടാളകാമുകിയായിത്തീരട്ടെ"    എന്ന് ശപിച്ചു.  ശാപമോചനം യാചിച്ച മാലിനിയ്ക്ക് ശ്രീരാമദേവനിൽ നിന്നും കളങ്കപരിഹാരവും ശാപമോചനവും ലഭിക്കുമെന്ന് അനുഗ്രഹിച്ചു. അങ്ങനെ കാട്ടാളത്തിയായി ശബരസങ്കേതമായ ഈ ഗിരിയിലെത്തി താപസ്വികളെ ശുശ്രൂഷിച്ച് തപശ്ചര്യം അഭ്യസിച്ചും കഴിഞ്ഞു. തപസ്വികൾ ബ്രഹ്മപദം പ്രാപിക്കുമുമ്പ് "ശ്രീരാമദർശനവും ശാപമോഷവും ഉടനെ സംഭവിക്കുമെന്നും അപ്രത്യക്ഷങ്ങളും ഭൂതഭാവികളും കണ്ടറിയാനുളള ദിവ്യദൃഷ്ടി ഉണ്ടാകുമെന്നും  ആശംസയും വരവും തന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോൾ പരാപഹൃതദാരാന്വേഷണം നടത്തുകയാണെന്നും ഞാൻ സൂക്ഷമമായി ധരിച്ചു കഴിഞ്ഞു.

ശബരി പറഞ്ഞു ഇവിടെ നിന്നും കുറേ തെക്കോട്ടുചെല്ലുമ്പോൾ പമ്പയെന്നൊരു സുന്ദരസരസ്സുകാണും. അവിടുന്ന്  കുറച്ചു ദൂരം കൂടിപ്പോയാൽ ഋശ്യമൂകമെന്ന ഒരു  പർവതത്തിലെത്താം. അവിടെ സൂര്യപുത്രനായ സുഗ്രീവൻ നാലു വാനരസഹായികളുമായി വസിക്കുന്നു.  സുഗ്രീവനുമായി സഖ്യം ചെയ്ത് സീതയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും ശത്രുസംഹാരത്തിനും സാധിക്കും. പരമവൃദ്ധയായ ശബരിതാപസി ധ്യാനനിമീലിതലോചനയായി. അവർ അതിസുന്ദരിയായ ഗന്ധർവകുമാരി ശ്രീമാലിനിദേവിയായിത്തീർന്നു. അവിടെ എത്തിയ മാലിനിയുടെ ഭർത്താവായ വീതിഹോത്രനുമായി ശ്രീരാമനെ വന്ദിച്ചശേഷം ഗന്ധർവനഗരിയിലേയ്ക്ക് യാത്രയായി. രാമലക്ഷ്മണന്മാർ വീണ്ടും തെക്കോട്ട് യാത്ര തുടർന്നു.

ആരണ്യകാണ്ഡം സമാപ്തം.

തുടരും .....


No comments:

Post a Comment