ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-29

കമ്പരാമായണം കഥ

അദ്ധ്യായം :-29

സുന്ദരകാണ്ഡം തുടർച്ച....  

സീത ഒറ്റയ്ക്കായപ്പോൾ തൻറെ ജീവിതകഥ.  ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി.  അങ്ങനെ ചിന്തിച്ചതെല്ലാം താനറിയാതെ ആത്മഗതമായി പറഞ്ഞു തുടങ്ങി.. അനന്തരം സ്വകാന്തനും അനുജനും തന്നെ കാണാഞ്ഞ് എന്ത് ചെയ്തിരിക്കാം?  എന്തു ചെയ്യുന്നുണ്ടായിരിക്കാം?  എന്തുചെയ്യുമായിരിക്കാം?  ഈ ചിന്തകളും സീതയുടെ ഹൃദയത്തിൽനിന്ന് വാക്കുകളിൽ കൂടി പുറപ്പെട്ട് ആകാശത്തേക്ക് ഉയർന്നു . ഇതെല്ലാം ശ്രദ്ധാപൂർവ്വം കേട്ടു നിന്ന മാരുതി സീതാപഹരണാനന്തരമുള്ള ശ്രീരാമകഥയും അനുബന്ധവും ജഡായുമോക്ഷം, കബന്ധോൽഗ്ഗതി ,  ശബരീസപര്യ.  സുഗ്രീവസഖ്യം,  ബാലിവധം,  വാനരന്മാരുടെ സീതാന്വേഷണയാത്ര , സമ്പാതി സന്ദർശനം, ഹനുമാന്റെ സമുദ്രതരണം,  ലങ്കാലക്ഷ്മീസമാഗമം, സീതാവലോകനം ഇതെല്ലാം സുവ്യക്ത ഭാഷയിൽ സുസ്പഷ്ടമായി പ്രസ്താവിച്ചു.  ശ്രീരാമകഥയുടെ  ഈ അനുബന്ധകഥനം സീതയെ അത്യന്തം ബദ്ധശ്രദ്ധയാക്കിത്തീർത്തു

സീത ചിന്തിച്ചു ഇത് വായുദേവൻ പറയുന്നതായിരിക്കുമോ?   അല്ലെങ്കിൽ മറ്റു ദേവൻമാരിലാരെങ്കിലും ആയിരിക്കുമോ?  അതോ രാവണന്റെ കപട പ്രയോഗമോ? ഒരുപക്ഷേ എൻറെ സങ്കല്പപ്രതിഫലനം ആണെന്ന് വന്നുകൂടായ്കയില്ല . അതോ സ്വപ്നമോ എന്നെല്ലാം സംശയിച്ചെങ്കിലും സീത വക്താവിനോട്  തൻറെ മുന്നിൽ വന്നു പ്രത്യക്ഷദർശനം തരുന്നതിനാവശ്യപ്പെട്ടു.  ഹനുമാൻ ശിംശാപതരുവിൽ നിന്ന് മന്ദമന്ദം ഇറങ്ങി സീതയുടെ മുന്നിലെത്തി വിനയപൂർവം തൊഴുതു നിന്നു.

ദേവി ചോദിച്ചു നീയാര്?  എങ്ങനെ എന്തിന് എവിടെ നിന്ന് ഇവിടെ വന്നു?  ഞാൻ  രാമദേവദൂതനായ ഹനുമാൻ.  സമുദ്രം കടന്ന് ലങ്കാലക്ഷ്മിയെ ജയിച്ച് ദേവീദർശനത്തിനായി കിഷ്കിന്ധയിൽ നിന്നും ഇവിടെ വന്ന് ചേർന്നു

നീ  സംസാരിച്ചതെല്ലാം വാസ്തവം ആണോ എന്ന് ചോദ്യത്തിന് ദേവിക്ക് എന്നെ വിശ്വാസം ഉണ്ടാകുന്നതിന് ദേവൻ സ്വന്തം മുദ്രമോതിരം എൻറെ പക്കൽ തന്നയച്ചിട്ടുണ്ട് എന്ന് ഹനുമാൻ മറുപടി പറഞ്ഞു.  ശേഷം ഹനുമാൻ മുദ്രമോതിരം സീതയുടെ കാൽക്കൽ വെച്ചു കൊടുത്തു.  മോതിരം എടുത്തു സൂക്ഷിച്ചു നോക്കിയ ഉടനെ വിറയ്ക്കുന്ന കൈകൊണ്ട് രോമാഞ്ചം കൊള്ളുന്ന നെഞ്ചിലും  പ്രസന്നമാകുന്ന വദനത്തിലും  കുളിരണിയുന്ന  ശിരസ്സിലും ചേർത്തശേഷം പറഞ്ഞു തുടങ്ങി . ഇത് കണ്ട ഹനുമാൻ അനുതാപാനുമോദങ്ങളോടുകൂടി അടയാളവാക്യങ്ങളും  ദേവിയെ പറഞ്ഞുകേൾപ്പിച്ചു

ഭക്തമാരുതേ!  നീ ഭാഗ്യവാനാണ് . നീ  പറഞ്ഞതെല്ലാം സത്യം തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു.  ദേവി പറഞ്ഞു

ഹനൂമാൻ  പറഞ്ഞു ദേവി അവിടുന്ന് അനുവദിക്കുകയാണെങ്കിൽ അരനാഴികയ്ക്കകം  ഞാൻ   ഭവതിയെ തോളിലേറ്റി സമുദ്രം ചാടിക്കടന്ന സ്വാമി സന്നിധിയിൽ എത്തിക്കാം.  അല്ലെങ്കിൽ ഞാൻ ഉടൻ തിരിച്ചു പോയി സ്വാമിയെയും വാനരസേനകളെയും കൂട്ടിക്കൊണ്ടുവന്ന് രാവണനെ വംശത്തോടെ വധിച്ചു  ഭവതിയെ വീണ്ടെടുക്കാം

സീത പറഞ്ഞു നിൻറെ പ്രഥമ പക്ഷം അസാധ്യമാണ് . സാധ്യമായിരുന്നാൽ തന്നെയും അത് അഭിമാനകരമായ ഒരു കൃത്യം ആവുകയില്ല.  വാനരസേനകൾ നിന്നെപ്പോലെ കൃശഗാത്രരും അശക്തരുമാണെങ്കിൽ രണ്ടാം പക്ഷവും എങ്ങനെ സാധ്യമാകും?

ഹനുമാൻ ഒന്ന് വിജൃംഭിച്ച്  ഓരോ അവയവങ്ങളും ഗിരിസാനുക്കളെ പോലെയാക്കി നില കൊണ്ടു.   അനന്തരം എട്ടുദിക്കുകളും  ഞെട്ടിപ്പൊട്ടിത്തെറിക്കുന്ന മട്ടിൽ ഒന്നട്ടഹസിച്ചു.  ഉറങ്ങി കിടന്ന രാക്ഷസികൾ ഉണർന്നു മേൽപ്പോട്ട് ഒന്ന്  തെറിച്ച് വെട്ടിയിട്ട പോലെ വീണ്ടും നിലത്ത് വീണു ബോധംകെട്ടു കിടപ്പായി.  ലങ്ക ആകപ്പാടെ ഒന്നുലഞ്ഞു.  സീത ഒന്ന് പുഞ്ചിരിച്ചു.

ശേഷം പറഞ്ഞു അഞ്ജനപുത്രാ വിജയം.  നീ ഉടനെ പോയി സ്വാമിയേയും സഹായികളെയും കൂട്ടിക്കൊണ്ടു വരുക . ഒരു മാസമേ ഇനി കാലാവധിയുള്ളു.  സ്വാമിയുടെ വിശ്വാസത്തിന് എൻറെ ചൂഢാമണി നിൻറെ പക്കൽ തന്നേക്കാം.   സുദൃഢബോധത്തിന് അടയാള വാക്യങ്ങളും പറഞ്ഞുതരാം

ആദ്യമായി മിഥിലാപുരിയിൽ വെച്ച് പരസ്പരം ആകൃഷ്ടരായ സന്ദർഭം,  ചാപഭഞ്ജനത്തിനുമുമ്പ്  അതിഥിരാജമന്ദിരത്തിൽ താമസിച്ചിരുന്ന രാജകുമാരന് രഹസ്യമായി ഒരു കുറിപ്പ് കൊടുത്തയച്ചതും അതിനു നൽകിയ മറുപടിയും,   വിവാഹനന്തരം അയോദ്ധ്യയിൽ  ഒരുനാൾ ആത്മനാഥൻ മണിമഞ്ചത്തിൽ ഉറങ്ങിയമട്ടിൽ കിടക്കുകയായിരുന്നു.  ഞാൻ അനങ്ങാതെയും ശബ്ദിക്കാതെയും പതുങ്ങിച്ചെന്ന് മുഖമൊന്നു പരിശോധിച്ചശേഷം ആ കോമളവദനത്തിൽ ചുംബിച്ചു.  പെട്ടെന്ന്  ഉണർന്ന്  എന്നെ  കെട്ടിപ്പിടിച്ചു.  ഈ അടയാളം വാക്യങ്ങൾ അദ്ദേഹത്തോട് അതിരഹസ്യമായിട്ടേ പറയാവൂ

സീത നൽകിയ ചൂഡാമണി കയ്യിലും  അടയാളവാക്യങ്ങൾ ഹൃത്തിലും ധരിച്ചുകൊണ്ട് ദേവിയെ നമസ്കരിച്ച് യാത്രാനുവാദം വാങ്ങി, ആ ദേവിയുടെ  മൗനാനുമതിയോടെ നഗരിയൊന്നു  പരിശോധിക്കുന്നതിനും സൗകര്യമനുസരിച്ച് രാവണനെയൊന്നു  കണ്ടു താൻ വന്നതായറിയിക്കുന്നതിനുമായി ഹനുമാൻ അശോകവനിയിൽ  നിന്നും പുറത്തോട്ടിറങ്ങി.  രാജമന്ദിരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ അവിടെ ഒരു മഹാസദനത്തിൽ ശ്രീവിഷ്ണുസ്തോത്രം പ്രശാന്തമധുരമായിപ്പാടുന്നത് ശ്രീരാമ ഭക്തനായ ഹനുമാൻ കേട്ടു. അത്ഭുതത്തോടെ ഹനുമാൻ സൂക്ഷ്മനിരീക്ഷണം ചെയ്തപ്പോൾ ആ ഭവനം വിഷ്ണുഭക്തനായ വിഭീഷണന്റേതാണെന്നും ഗാനം ആലപിക്കുന്നത് വിഭീഷണ പുത്രിയായ ത്രിജടയാണെന്നും  മാരുതി മനസ്സിലാക്കി.  "ഭക്തവനം രാജസദനമായിമാറട്ടെ "എന്ന ആശംസയോടു കൂടി ഹനുമാൻ  അവിടെനിന്നും നീങ്ങി.  പിന്നീട് കണ്ടത് കുംഭകർണ്ണന്റെ നിദ്രാനികേതനമാണ്. "ഇവന്റെ നീദ്ര ദീർഘനിദ്രയാകാറായി"  എന്നും നിർണ്ണയിച്ച  ഹനുമാൻ വീണ്ടും നടന്ന് മേഘനാദന്റെ മഹാസദന സമീപമെത്തി.  സതിസുലോചനയ്ക്ക് വൈധവ്യം  സമീപിച്ചിരുന്നതായിക്കണ്ട് പിന്നെയും സഞ്ചരിച്ച് രാവണരാജാധിരാജന്റെ അരമനയിൽ ചെന്നെത്തി.  അവിടെ ഒരു തല്പത്തിൽ രാവണൻ ശയിക്കുന്നുണ്ട് . ആശാഭംഗം നിമിത്തമുണ്ടായ മ്ലാനത മുഖത്ത് കലർന്നിട്ടുണ്ട്.  അതേ മഞ്ചത്തിൽ തന്നെ  മണ്ഡോദരി ഇടതുഭാഗത്ത് ശയിക്കുന്നു.  സുശീലയായവളുടെ ഗുണപ്രേരണ കൊണ്ട് രാവണനെ ദുഷ്ടകർമാനുഷ്ഠാനങ്ങളിൽ  നിന്ന് പലപ്പോഴും നിരോധിച്ച് നിലയ്ക്ക് നിറുത്തിയിട്ടുണ്ട്.  മണ്ഡോദരിക്കുണ്ടാകാൻ പോകുന്ന മാനഹാനിയോർത്ത് ഹനുമാന് അൽപം കുണ്ഠിതണ്ടായി.

ഹനുമാൻ ലങ്കയിലെ 28 ഗോപുരങ്ങളെയും  അവിടെയെല്ലാമുള്ള രക്ഷാഭടന്മാരെയും കേന്ദ്രസ്ഥാനത്തേയും അവിടുത്തെ രക്ഷകരെയും പരിശോധിച്ച് സാമാന്യസംഖ്യയും ശക്തിയും സന്നദ്ധതയും പരിശോധിച്ച് രാജകീയോദ്യാനത്തിൽ പ്രവേശിച്ചു. "ഇനി രാവണന് അഭിമുഖമായി ഒന്നു കണ്ടശേഷം താൻ വന്ന വിവരമറിയിക്കണം.  ധർമോപദേശം ചെയ്യണം" ഈ  ഉദ്ദേശങ്ങളോടുകൂടി  ഉദ്യാനഭംഗം ആരംഭിച്ചു. വൃക്ഷങ്ങൾ എല്ലാം പിഴുതെറിഞ്ഞു. പക്ഷി സഞ്ചയങ്ങളെ ഇളക്കിപറപ്പിച്ചു . ഒടുവിൽ  താനൊന്നലറി.  ഓടിയെത്തിയ ഉദ്യാനപാലകരെ തുരത്തിയോടിച്ചു.

ഉദ്യാനപാലകൻ പറഞ്ഞു വിവരം അറിഞ്ഞ  ദശാനനൻ വിനോദവാടിക മുടിക്കുന്ന വാനരത്താനെ പിടിച്ചുകൊണ്ടുവരാൻ സ്വന്തം പുത്രനായ അക്ഷയകുമാരനെ പരിവാരസമേതം പറഞ്ഞയച്ചു.  ഭടന്മാരെയെല്ലാം നിഷ്പ്രയാസം നിഗ്രഹിച്ചശേഷം അക്ഷയകുമാരനെ പിടിച്ച് കക്ഷത്തിലാക്കി ഞെക്കിയമക്കിഞെരിച്ചരച്ച് തെക്കെദിക്കിലേക്കയച്ചു.  ഉടനെ ഇന്ദ്രജിത്തായ മേഘനാദൻ ഒരു മഹാസൈന്യത്തോടു കൂടി ഭഗ്നവാടിയിൽ വന്നെത്തി.  സൈനികരെയെല്ലാം നിമിഷനേരംകൊണ്ട് ഹനുമാൻ നാമാവശേഷമാക്കി.  ഇന്ദ്രജിത്തിന്റെ ശസ്ത്രങ്ങളും രഥവും തകർത്തുകളഞ്ഞു.  മേഘനാദൻ  ആകാശമേറി മറഞ്ഞു നിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.  വായുപുത്രൻ ബ്രഹ്മാസ്ത്രത്തിന് വഴങ്ങി കൊടുത്തു . രാവണി ബ്രഹ്മാസ്ത്രരുദ്ധനായ മാരുതിയെ നാഗാസ്ത്രബന്ധനാക്കിയെടുപ്പിച്ച് രാവണസന്നിധിയിലെത്തിച്ചു.

തുടരും .....

No comments:

Post a Comment