ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 07

ഗരുഡൻ - 07

ഒടിഞ്ഞ വടവൃക്ഷകൊമ്പുമായി ഒരു പര്യടനം

ഗരുഡൻ പിന്നെ അവിടെ നിന്നില്ല. ശരം പോലെ വേഗത്തിൽ മേലോട്ടു പറന്നുയർന്നു. കുറെ ദൂരം പറന്ന് അച്ഛനായ കശ്യപന്റെ മുമ്പിലെത്തി. മകനോട് അച്ഛൻ വിശേഷങ്ങൾ തിരക്കി. വയറുനിറയെ ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാനും കശ്യപൻ മറന്നില്ല. അച്ഛന്റെ ചോദ്യം കേട്ട് മകൻ ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു: "ധാരാളം തീറ്റകിട്ടാത്തതുകൊണ്ട് എനിക്ക് വിശപ്പ് വിട്ടു മാറുന്നില്ല. സർപ്പങ്ങൾ എന്നെ അമൃതിനായി അയച്ചിരിക്കുകയാണ്. അമ്മയുടെ ദാസ്യം അവസാനിപ്പിക്കണമെങ്കിൽ ഞാൻ അമൃതു കൊണ്ടുചെല്ലണം പോലും. എനിക്ക് നല്ല വിശപ്പുണ്ട്. അമ്മ നിർദ്ദേശിച്ച നിഷാദന്മാരെ ഞാൻ പിടിച്ചുതിന്നു. അതു കൊണ്ടൊന്നും എനിക്കൊന്നും ആയില്ല. എനിക്ക് ഇപ്പോഴും വിശപ്പും ദാഹവുമുണ്ട്. എനിക്ക് ആവശ്യത്തിന് തിന്നാനുള്ള ഭക്ഷണം തന്നാലും. അമൃതു മോഷ്ടിക്കാനുള്ള ശക്തി എനിക്ക് തന്നാലും." കശ്യപമഹർഷി മകന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. അവനെ യാത്രയാക്കിക്കൊണ്ട് കശ്യപമഹർഷി പറഞ്ഞു: “ആറുയോജന പൊക്കവും പന്ത്രണ്ടു യോജനനീളവും ഉള്ള ഒരാനയും പത്തു യോജന ചുറ്റളവും മൂന്നു യോജന പൊക്കവും ഉള്ള ആമയും തമ്മിൽ യുദ്ധം ചെയ്ത് ചാവാറായി നില്ക്കുകയാണ്. അവരെ തിന്ന് നീ വിശപ്പടക്കുക. അതുകൊണ്ട് നീ തൃപ്തനാകുക. എന്നിട്ട് നീ പോയി അമൃത് അപഹരിക്കുക. കശ്യപന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ഗരുഡൻ ആകാശത്തേക്ക് പറന്നുയർന്നു.

ഒരു നഖംകൊണ്ട് ആനയെയും മറ്റേ നഖംകൊണ്ട് ആമയെയും റാഞ്ചിപ്പിടിച്ച് ഗരുഡൻ ആകാശത്തേക്ക് ഉയർന്നു. ദേവലോകത്തെ ഒരു വൃക്ഷത്തിൽ ചെന്നിരിക്കാൻ ആഗ്രഹിച്ചു. ഗരുഡന്റെ കാറ്റേറ്റ് വൃക്ഷങ്ങൾ ആടിയുലഞ്ഞു. ഞങ്ങളെ നശിപ്പിക്കല്ലേ എന്ന് വൃക്ഷങ്ങൾ ഒന്നടങ്കം ഗരുഡനോട് യാചിച്ചു. വൃക്ഷങ്ങൾ ഭയന്നു വിറയ്ക്കുന്നതുകണ്ടപ്പോൾ ഗരുഡനു സങ്കടം തോന്നി. തന്നെ ഇവർ ഭയപ്പെടുന്നുവോ? ഏത് വൃക്ഷക്കൊമ്പിൽ കയറി ഇരിക്കണമെന്ന് അറിയാതെ ഗരുഡൻ ആകാശത്ത് വട്ടം കറങ്ങി. ഓരോരോ വൻമരങ്ങളുടെ സമീപത്തെത്തി അവൻ നോക്കി. പൊന്നും വെള്ളിയുമായ കായ്കളുള്ള വൈഡൂര്യ വൃക്ഷങ്ങൾ! വടവൃക്ഷങ്ങൾ നോക്കി ഗരുഡൻ ആകാശത്ത് ചുറ്റിക്കറങ്ങി. ഒരു വടവൃക്ഷം അവനെ നോക്കി പുഞ്ചിരിച്ചിട്ടു പറഞ്ഞു: “നൂറുയോജന വിസ്താരമുള്ള എന്റെ കൊമ്പിൽ നീ ഇരിക്കുക. അവിടെ വച്ച് ആനയെയും ആമയെയും നീ ഭക്ഷിച്ചാലും ." അനവധി പക്ഷികൾ താമസിക്കുന്ന വൃക്ഷമായിരുന്നു അത്. താൻ അതിൽ ചെന്നിരുന്നാൽ പക്ഷികൾക്ക് എന്തെങ്കിലും പറ്റുമോ? വടവൃക്ഷം നിർബന്ധിച്ചപ്പോൾ ഗരുഡൻ അതിന്റെ കൊമ്പിൽ ചെന്നിരുന്നു. പെട്ടെന്ന് ഇലകൾ നിറഞ്ഞു തൂങ്ങിക്കിടന്നിരുന്ന ആ വടവൃക്ഷത്തിന്റെ കൊമ്പൊടിഞ്ഞു. ഒടിഞ്ഞു വീഴാൻ തുടങ്ങിയ കൊമ്പിലേക്ക് ചെറുപുഞ്ചിരിയോടെ നോക്കി. അതിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന ബാലഖില്യരെന്ന രണ്ടു മഹർഷിമാർ, അവർ തപസ്സനുഷ്ഠിക്കുകയായിരുന്നു. വടവൃക്ഷത്തിന്റെ കൊമ്പ് താഴെവീണാൽ മഹർഷിമാർ കൊല്ലപ്പെടും. ഒടിഞ്ഞ കൊമ്പ് കൊക്കിൽ എടുത്ത് ആനയെയും ആമയെയും തന്റെ കാലിലെ നഖങ്ങൾകൊണ്ട് കോർത്തുപിടിച്ചു. അങ്ങനെ വൃക്ഷക്കൊമ്പും ആനയെയും ആമയെയും താങ്ങി ആകാശത്തിലൂടെ പറന്നുനടക്കുന്ന ഗരുഡനെ വിസ്മയത്തോടെ മഹർഷിമാർ നോക്കി. അപ്പോഴും അവർ വൃക്ഷക്കൊമ്പിൽ തല കീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. മഹർഷിമാർക്ക് ബുദ്ധിമുട്ട് വരാതെ അവരെ ഇരുത്താൻ പറ്റിയ സ്ഥലം നോക്കി ഗരുഡൻ മഹർഷിമാർ തപസ്സിലാണ്. അതിനു തടസ്സം വരാൻ പാടില്ല. ഏറെനേരം പറന്നതിനു ശേഷം ഗന്ധമാദനപർവ്വതത്തിൽ അവൻ ചെന്നിരുന്നു. അവിടെ തപസ്സുചെയ്തിരുന്ന അച്ഛനായ കശ്യപമഹർഷിയെ ഗരുഡൻ കണ്ടു. അച്ഛനും മകനും ഇമവെട്ടാതെ നോക്കി നിന്നു. പക്ഷി രാജാവായ തന്റെ പുത്രനെതക്കണ്ട് കശ്യപമഹർഷി അത്ഭുതപ്പെട്ടു. ലോകമാകെ പിടിച്ചുകുലുക്കാനുള്ള ബലവാനായ തന്റെ പുത്രനെ കണ്ടപ്പോൾ കശ്യപൻ ആശ്ചര്യചിത്തനായി. സമുദ്രത്തെ തന്നെ വറ്റിക്കാൻ കഴിവുള്ളവനാണവൻ!

കശ്യപൻ വളരെ ശാന്തനായി പറഞ്ഞു: “മകനേ, ഇത്രയും വലിയ സാഹസം വേണ്ടായിരുന്നു. നീ ശക്തനാണ് സമ്മതിക്കുന്നു. ബാലനായ നിന്നെ തപോബലം കൊണ്ട് ബാലഖില്യാമഹർഷിമാർ ദഹിപ്പിച്ചു കളഞ്ഞേനെ." കശ്യപൻ ഭവിഷത്തുകൾ മനസ്സിലാക്കി. ബാലഖില്യാ മഹർഷിമാർ നിസ്സാരക്കാരല്ല. അവരിപ്പോഴും വൃക്ഷക്കൊമ്പിൽ തലകീഴായിക്കിടന്ന് തപസ്സനുഷ്ഠിക്കുന്നു. വേണമെങ്കിൽ അവർക്ക് തന്റെ മകനെ നശിപ്പിച്ചുകളയാം. അദ്ദേഹം സാന്ത്വനസ്വരത്തിൽ മഹർഷിമാരോട് അഭ്യർത്ഥിച്ചു: "ഇവന്റെ സാഹസം നിങ്ങൾ പൊറുക്കണം. ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് അവൻ ഇതൊക്കെ ചെയ്യുന്നത്. ഈ മഹാ കർമ്മത്തിൽ വിജയിക്കുവാൻ നിങ്ങൾ അവനെ അനുഗ്രഹിക്കണം." കശ്യപമഹർഷിയുടെ അഭ്യർത്ഥന മാനിച്ച് മഹർഷിമാർ വടവൃക്ഷത്തിന്റെ കൊമ്പുവിട്ട് ഹിമാലയത്തിൽ തപസ്സിനായി പോയി, വൃക്ഷക്കൊമ്പ് കൊക്കിൽ മുറുകെപ്പിടിച്ചുകൊണ്ട് ഗരുഡൻ അച്ഛനോട് ചോദിച്ചു: ''അച്ഛാ, ഈ മരക്കൊമ്പ് എവിടെയാണ്  ഇടേണ്ടത്. മനുഷ്യരില്ലാത്ത ഒരു സ്ഥലം പറഞ്ഞുതന്നാലും. ''മനുഷ്യവാസമില്ലാത്തതും ആർക്കും ഭാവനയിൽ കാണാൻ പോലും കഴിയാത്തതും മഞ്ഞുമൂടിക്കിടക്കുന്നതുമായ മഹാഗിരിശൃംഗം കശ്യപൻ പറഞ്ഞുകൊടുത്തു. ആ സ്ഥലം ലക്ഷ്യമാക്കി ആമയും ആനയും വടവൃക്ഷത്തിന്റെ കൊമ്പുമായി ആ പക്ഷിരാജൻ പറന്നു. വളരെ ദൂരം പറന്നതിനുശേഷം കശ്യപൻ പറഞ്ഞ സ്ഥലത്ത് ഗരുഡൻ എത്തി. ആ പർവ്വതത്തിന്റെ കൊടു മുടിയിൽ ഭയങ്കരമായ ശബ്ദത്തോടെ ആ വൃക്ഷക്കൊമ്പിട്ടു. ഗരുഡന്റെ ചിറകിന്റെ കാറ്റേറ്റ് പർവ്വതം ഒന്ന് ചലിച്ചു. പർവ്വതത്തിന്റെ കൊടുമുടിക്കുട്ടം ഇടിഞ്ഞു താഴെവീണു. ആ പർവ്വതത്തിൽ ഇരുന്ന് ആനയെയും ആമയെയും അവൻ ഭക്ഷിച്ചു. ഈ കഥാഭാഗം കഥാസരിത് സാഗരത്തിൽ അല്പം വ്യത്യാസത്തോടെ കാണുന്നുണ്ട്. അതിങ്ങനെ; കശ്യപന്റെ നിർദ്ദേശമനുസരിച്ച് വൃക്ഷത്തിന്റെ കൊമ്പ് സമുദ്രത്തിൽ നിക്ഷേപിച്ചു. ഉടൻതന്നെ വൃക്ഷശിഖരം പതിച്ച സമുദ്രഭാഗത്ത് ഒരു തുരുത്ത് ഉയർന്നുവന്നു. പർവ്വതശൃംഗം പോലെ ഉയർന്നു വന്ന സ്ഥലമാണ് പിന്നീട് ലങ്കയായി പരിണമിച്ചത്.

No comments:

Post a Comment