ഗരുഡൻ - 13
ഗരുഡനും കാളിയനും തമ്മിലുള്ള യുദ്ധം
ഗരുഡന് സർപ്പങ്ങളോട് ഒടുങ്ങാത്ത വിദ്വേഷം ഉണ്ടായിരുന്നു. ഇന്ദ്രനിൽ നിന്ന് വരം കിട്ടിയതോടെ ഗരുഡനു കുശാലായി. അവൻ ഒരു സർപ്പവേട്ട തന്നെ നടത്തി. സർപ്പങ്ങളെ കൂട്ടത്തോടെ കൊന്ന് തിന്നാൻ തുടങ്ങി. ഇതുകണ്ട് സർപ്പങ്ങളെല്ലാം പേടിച്ചരണ്ടു. ഇങ്ങനെ പോയാൽ തങ്ങളുടെ വംശം തന്നെ കാണുകയില്ല. എങ്ങനെയാണ് ഇതിന് പരിഹാരം കണ്ടെത്തുക. സർപ്പങ്ങൾ പലവഴി ആലോചിച്ചു. അവസാനം ഒരു തീരുമാനത്തിൽ അവർ എത്തി. എല്ലാ ദിവസവും ഓരോ സർപ്പങ്ങൾ ഗരുഡന്റെ വസതിയിൽ ചെന്നു കൊള്ളാം. ഗരുഡനും ഈ അഭിപ്രായം സ്വീകാര്യമായി. അതോടെ തെരുതെരെയുള്ള സർപ്പവേട്ട അവസസാനിച്ചു. കാലങ്ങൾ കഴിഞ്ഞു. സർപ്പങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഓരോ ദിവസവും ഓരോന്നിനെ വീതം അകത്താക്കുകയല്ലേ ഗരുഡന്റെ പണി. പിന്നെ എങ്ങനെ എണ്ണത്തിൽ കുറവുവരാതിരിക്കും. സർപ്പങ്ങൾ ഒത്തുചേർന്നു. ഈ ദുർഘടസന്ധിയിൽനിന്ന് എങ്ങനെ മോചനം തേടാം എന്നതിനെപ്പറ്റി ആലോചനയായി. ഒരു ആശയം അവർക്കു മുമ്പിൽ ഉദിച്ചുവന്നു. നിത്യേന സർപ്പബലി ഉണ്ട്. അതിൽനിന്നും കിട്ടുന്ന ആഹാരം ഗരുഡനു കൊടുക്കുക. സർപ്പവേട്ട എന്നേക്കുമായി അവസാനിപ്പിക്കുക. ഈ ആശയം ഗരുഡന്റെ മുമ്പിൽ സർപ്പങ്ങൾ അവതരിപ്പിച്ചു. ഗരുഡൻ അതും സമ്മതിച്ചു.
ഗരുഡൻ പറഞ്ഞു: "പക്ഷേ, ഒരു വ്യവസ്ഥമാത്രം. സർപ്പങ്ങൾ ഓരോന്നായി എനിക്ക് ആഹാരം കൊണ്ടുവരണം".സർപ്പങ്ങൾ വ്യവസ്ഥ അംഗീകരിക്കുകയും പിറ്റേദിവസം മുതൽ സർപ്പങ്ങൾ വ്യവസ്ഥ അനുസരിച്ചു തുടങ്ങുകയും ചെയ്തു. ഓരോ ദിവസവും സർപ്പങ്ങൾ ഓരോരുത്തരായി ഗരുഡന് ആഹാരം കൊടുത്തുകൊണ്ടിരുന്നു അടുത്തത് കാളിയന്റെ ഊഴമായിരുന്നു. കാളിയൻ, ഗരുഡനുമായി ഉണ്ടാക്കിയ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. തന്റെ മുമ്പിൽ ഗരുഡന് എന്ത് ശക്തിയിരിക്കുന്നു. എന്നായി കാളിയന്റെ വാദം. താൻ ഗരുഡനേക്കാൾ ശക്തനാണെന്ന് കാളിയൻ സ്വയം അഭിമാനിച്ചുപോന്നു. കാളിയൻ തന്റെ മുമ്പിൽ വരാതായതോടെ ഗരുഡന് ദേഷ്യമായി. സർപ്പങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി കാളിയൻ ലംഘിച്ചു. കാളിയന്റെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് ഗരുഡൻ തീരുമാനിച്ചു. ആരാണ് ശക്തനെന്നു തെളിയിക്കാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു കാളിയൻ. ഗരുഡനും കാളിയനുമായി യുദ്ധം ആരംഭിച്ചു. പൊരിഞ്ഞ യുദ്ധം! ഗരുഡന്റെ ചിറകടിയേറ്റ് കാളിയനും കുടുംബവും വല്ലാതെ ബുദ്ധിമുട്ടി. എന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ കാളിയൻ തയ്യാറായില്ല. അത് തന്റെ അഭിമാനത്തിന്റെ പ്രശ്നമായി കാളിയനു തോന്നി. പക്ഷേ, ഗരുഡനു മുമ്പിൽ പിടിച്ചുനില്ക്കാൻ കാളിയന് കഴിഞ്ഞില്ല. ഗരുഡനെ ഭയന്ന് കാളിന്ദീനദിയിൽ കാളിയൻ അഭയം തേടി. ഗരുഡനുണ്ടോ വിടുന്നു. കാളിന്ദീനദിയിൽ വച്ചും പോരാട്ടം തുടർന്നു. പോരാട്ടം മുറുകി. ഗരുഡന്റെ ചിറകടികൊണ്ട് നദിയിലെ ജലം ആകാശത്തേക്ക് ഉയർന്നു. ആ വെള്ളം കാളിന്ദീ നദീതീരത്ത് തപസ്സുചെയ്തിരുന്ന സൗരഭി എന്ന മുനിയുടെ ശരീരമാസകലം പതിച്ചു. മുനിക്കു ദേഷ്യം വന്നു. തന്റെ തപസ്സ് മുടക്കാൻ ശ്രമിക്കുന്ന ഗരുഡനെ സൗരഭി ശപിച്ചു. ഗരുഡൻ മേലിൽ ആ സ്ഥലത്ത് പ്രവേശിച്ചാൽ തലപൊട്ടിത്തെറിച്ചുപോകും എന്നായിരുന്നു ശാപം. അന്നുമുതൽ ഗരുഡൻ ആ സ്ഥലത്ത് പോയിട്ടില്ല. അങ്ങനെ കാളിയൻ കാളിന്ദീനദിയിൽ താമസമാക്കി.
കാളിയമർദ്ദനം
ഉഗ്രവിഷമുള്ള സർപ്പമായിരുന്നു കാളിയൻ. അവന്റെ വിഷം ഏറ്റ് നദിയുടെ പരിസരത്തുള്ള വൃക്ഷലതാദികൾ കരിഞ്ഞുതുടങ്ങി. നദിയിലെ വെള്ളത്തിലും വിഷം കലർന്നു. നദീതീരത്തുനിന്നിരുന്ന ഒരു കടമ്പുവൃക്ഷത്തിനു യാതൊരു കേടും സംഭവിച്ചില്ല. ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുന്ന വഴി ആ വൃക്ഷത്തിലിരുന്ന് വിശ്രമിച്ചിരുന്നു. ഗരുഡന്റെ സ്പർശനം ഏറ്റതുകൊണ്ടാണ് ആ വൃക്ഷത്തിന് കാളിയന്റെ വിഷബാധ ഏല്ക്കാതിരുന്നത്. ഒരു ദിവസം, ശ്രീകൃഷ്ണനും കൂട്ടുകാരും കൂടി പശുക്കളെ മേച്ചുകൊണ്ട് കാളിന്ദീനദിയുടെ തീരത്ത് വന്നു. ദാഹിച്ചപ്പോൾ കന്നുകാലികളും ഗോപാലന്മാരും നദിയിലെ വെള്ളം കുടിച്ചു. തൽക്ഷണം അവർ ചത്തുവീണു. ശ്രീകൃഷ്ണൻ നദീതീരത്തു നിന്ന ഒരു വൃക്ഷത്തിൽ കയറി നദിയിലേക്ക് എടുത്തുചാടി. കാളിയൻ ക്രുദ്ധനായി ശ്രീകൃഷ്ണന്റെ നേർക്കു പാഞ്ഞുചെന്നു. കാളിയന്റെ തലയിൽ കയറി നിന്ന് ശ്രീകൃഷ്ണൻ നൃത്തം ചെയ്തു. കാളിയൻ രക്തം ഛർദ്ദിച്ചു. ഇതുകണ്ട് ഭയന്ന്, കാളിയന്റെ ഭാര്യയും കുട്ടികളും ശ്രീകൃഷ്ണന്റെ അടുത്തെത്തി. കാളിയനെ കൊല്ലരുതേ എന്ന് അപേക്ഷിച്ചു. ശ്രീകൃഷ്ണനെ സ്തുതിച്ച് അവർ പാടി. മനസ്സലിഞ്ഞ ശ്രീകൃഷ്ണൻ അവരെയെല്ലാം രാമണകദ്വീപിലേക്കു പറഞ്ഞയച്ചു. പക്ഷേ, കാളിയനു വീണ്ടും ഭയമായി. കാളിന്ദീനദിയിൽ നിന്ന് പോയാൽ ഗരുഡൻ തന്നെ വകവരുത്തും. ഇവിടെ ഗരുഡന് പ്രവേശനമില്ലാത്തതു കൊണ്ടാണ് താൻ ചാകാതെ കിടക്കുന്നത്. തന്റെ ഭയം ശ്രീകൃഷ്ണന്റെ മുമ്പിൽ കാളിയൻ അവതരിപ്പിച്ചു. തന്റെ പാദമുദ്ര ശിരസ്സിൽ കണ്ടാൽ ഗരുഡൻ ഉപദ്രവിക്കില്ലെന്ന് കൃഷ്ണൻ കാളിയന് ഉറപ്പുകൊടുത്തു. അങ്ങനെ കാളിയനും കുടുംബവും രാമണകദ്വീപിൽ താമസമാക്കി.
No comments:
Post a Comment