ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 October 2019

ചതുർധാമങ്ങള്‍

ചതുർധാമങ്ങള്‍

അങ്ങ് തെക്ക് പാദസമാനമായ സേതു ബന്ധനം മുതൽ വടക്ക് ശിരസാകുന്ന ഹിമാലയം വരേ നീണ്ട് നിവർന്ന് കിടക്കുന്ന ഭാരതഭൂമിയുടേ, മൂർദ്ധാവിലണിഞ്ഞ ബ്രഹ്മ കമലങ്ങളാണ് ചതുർധാമങ്ങൾ. പൗരാണികമായ ഒരു സംസ്കൃതിയുടേ ഈറ്റില്ലമായിരുന്ന ഭൂപ്രകൃതിയിലേ എണ്ണയൊഴിയാത്ത നിലവിളക്കായി സനാധനധർമ്മം നെഞ്ചിലേറ്റുന്ന ഒരോ ഹിന്ദുവിന്റേയും മാർഗദീപമായി കൈലസനാഥന്റെ പാർശ്വദാരകാരായി ഹിമത്തിലിലിഞ്ഞ് നിൽക്കുന്നു.

പ്രകൃതിയേയും പുരുഷനേയൂം ഒരുപോലേ ആരാധിക്കുന്ന ഹൈന്ദവ സംസ്കാരത്തിന് മൂർത്തിഭാവമെനപോലേ ദേവനേയും നദിയേയും ആരാധിച്ചു ശങ്കരധ്യാനത്തിലലിഞ്ഞ് നിൽകുന്നു

ചതുർധാമങ്ങൾ

1. കേദാർനാഥ്
2. ബഥരീനിഥ്
3. ഗംഗോത്രി
4. യമുനോത്രി
എന്നിവയാണ് ചതുർധാമങ്ങൾ.

ഓരോ ഹിമാലയ തീര്‍ത്ഥാടനവും സഞ്ചാരിയുടെ മനസ്സില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സമ്മാനിച്ച് യാത്രികന്റെ ഉള്ളില്‍ ആനന്ദത്തിന്റെ അലകള്‍ നിറയ്ക്കുന്നു. വൈവിധ്യമാര്‍ന്ന സസ്യലതാദികളും പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര പുഷ്പങ്ങളും അവിടവിടെയായി കാണപ്പെടുന്ന നീര്‍ച്ചാലുകളും തടാകങ്ങളും തീര്‍ച്ചയായും ഏത് മനസ്സിനെയാണ് ആര്‍ദ്രമാക്കാത്തത്. എത്രകണ്ടാലും മതിവരാത്ത, എത്ര അനുഭവിച്ചാലും തീരാത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ അലംകൃതമാണ് പുണ്യഹിമാലയം.

ദൈവങ്ങളുടേ ഇരിപ്പടം എന്നറിയപ്പെടുന്ന ഗഢ്വാൾ ഹിമാലയതിലാണ് ചതുർധാമങ്ങൾ നിലകൊള്ളുന്നത്, ഹരിദ്വാറും, ഋഷികേശും പിന്നിട്ട് മുന്നോട്ട് പോയാൽ, അത്യുന്നതങ്ങളായ ഹിമഗിരി ശൃംഗങ്ങളുടേ താഴ് വരയിലാണ് ചതുർധാമം. സമുദ്രനിരപിൽ നിന്ന് 5000മുതൽ 20000 അടിവരേയുള ഉയർന്ന പ്രദേശങ്ങളാണ് ഗഢ് വാൾ ഹിമാലയതിലധികവും, കേദാർനാഥ്, ബഥരീനിഥ്, ഗംഗോത്രി, യമുനോത്രി, ഗൗരീകുണ്ഡ്, രുദ്രനാഥ്, തുംഗനാഥ്, ഹേമകുണ്ഡ്ഹനുമാൻചാട്ടി, ഉതരകാശി, ഗുപതകാശി, ദേവപ്രയാഗ്, രുദ്രപ്രയാഗ്, അഗസ്ത്യമുനി, ചന്ദ്രവദിനി, അനസൂയദേവി, ശ്രീനഗർ, പിപിലികോട്ടി, ടിൽവാർ എന്നിവയാണ് ഈ പ്രദേശത്തേ സ്ഥലങ്ങൾ...

യമുനോത്രി:

ഉത്തരാംചൽ സംസ്ഥാനത്തിന്റേ ഉതരകാശി ജില്ലയിൽ ഏകദേശം 12000അടി ഉയരതിലാണ് ചതുർധാമങ്ങളിൽ ആദ്യേത്തേതായ യമുനോത്രി

ഉത്തരകാശിയിൽ നിന്ന് ധരാസു, ഭാർക്കട്ട്, വഴി ശ്യാനാചട്ടിയിൽ എത്തുന്നു,അവിടുന്ന് അഞ്ച് കിലോമീറ്ററോളം പോയാൽ ഹനുമാൻചാട്ടിയിലെത്താം, അവിടുന്ന് ഏഴ് കിലോമീറ്റർ പിന്നിട്ടാൽ ജാനകീചാട്ടിയിലെത്താം, അവിടുന്നു നടന്ന് ഏതാനം കിലോമീറ്റർ നടന്നാൽ യമുനോത്രിയെലെത്താം.

യമുനോത്രിയാണ് യമുനാനദിയുടേ ആരംഭം, ഈ പുണ്യസ്ഥലം തേടി ആർത്തലച്ചൊഴുകുന്ന യമുനാനദിയുടേ തീരത്തുകൂടി യാത്രചെയ്ത് ബഹ്രോചാട്ടിയിലെതുന്നു. അവിടെ നിന്ന് താഴോട്ടിറങ്ങി ബന്തർപഞ്ച് കൊടുമുടിയുടേ താഴേയായി യമുനോത്രി ധാം, ഈ കൊടുമുടിയുടേ വിവിധ ഉറവകളിൽ നിന്ന് ഉൽഭവിക്കുന്ന നീരുറവകൾ ഒന്നായി യമുനാമയി യയേ ചുറ്റിതിരിഞ്ഞു താഴോട്ടിറങ്ങുന്നു.. യമുനാമയിയുടേ ക്ഷേത്രത്തിൽ കയറി പൂജകൾ അർപിച്ചതിന് ശേഷം, കൊടും തണുപ്പിലും നിത്യമായും ചൂടുവെള്ളം വരുന്ന സൂര്യകുണ്ഢ് എന്ന ഉറവയിൽ പയറോ ധാന്യങ്ങളോ ഒരു തോർത്തിൽ കെട്ടി ചൂടുവെള്ളത്തിൽ മുക്കി പുഴുങ്ങി എടുത്ത് നിവേദിക്കുകയും കഴിക്കുകയും ചെയ്യാം....

സൂര്യകുണ്ഡിന് താഴേ മറ്റെരു ജലവിധാനമുണ്ട്, അതിന്റേ പേര് തപ്തകുണ്ഡ് എന്നാണ്, സൂര്യകുണ്ഡിൽ നിന്ന് ഒഴുകിവരുന്ന ചൂടുവെള്ളവും, മറ്റുഉറവകളിൽ നിന്നും വരുന്ന തണുതവെള്ളവും ചേർന്ന് ചെറുചൂടിൽ കാണപ്പെടുന്നു,അവിടെ ഇറങ്ങി കുളിച്ചിട്ട് വേണം കർമ്മങ്ങളിലേക്ക് പോകാന്..

കൃഷ്ണ പത്നിയായ യമുനായാമിയുടേ ആശിർവാദങ്ങൾ ആവവോളം നുകർന്ന് യമുനാധാമ സന്ദർശനം പൂർത്തിയാക്കാം...

ഗംഗോത്രി:

ഹൃഷികേശിൽ നിന്ന് യാത്ര തുടങ്ങി ഉത്തരകാശി, ഗംഗോറി, ഭയ്റോൺഗാട്ടിവഴി ഗംഗോത്രിയിൽ എത്തിചേരുമ്പോൽ 12000 അടിയോളം സുമുദ്രനിരപ്പിൽ നിന്ന് മുകളിലെത്തും..

ഗംഗാനദിയുടേ ഉത്ഭവസ്ഥാനമായ ഗംഗോത്രി തുടങ്ങുന്ന സ്ഥലത്ത് ഗംഗാനദി ഭാഗീരഥി എന്നാണ് അറിയപ്പെടുന്നത്, ഭാഗീരഥി ഒഴുകി ദേവപ്രയാഗിലെത്തുമ്പോൾ അളകനന്ദയുമായി ചേർന്ന് ഗംഗയായി ഒഴുകി നിറയുന്നു ഭരതഭൂവിൽ.

ഗംഗോത്രി ക്ഷേത്രത്തിനും 19കിലോമീറ്റർ അകലെയായി ഗോമുഖ് എന്ന ഗ്ലേഷിയറിൽ നിന്നാണ് ഭാഗീരഥിയുടേ ഉൽഭവം, പുരാണം അനുസരിച്ച് സൂര്യവംശത്തിലേ രാജാവായിരുന്ന ഭഗീരഥൻ, തന്റേ പൂർവികൻമാരേ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി കഠിനതപസ്ചെയ്ത് സ്വർഗത്തിൽനിന്ന് ഗംഗാനദിയേ ഭൂമിയെലെത്തിക്കുകയാണ് ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഘനേതാവിയിരുന്ന അമർസിംഗ്താപ്പയാണ് ഗംഗോത്രിയിൽ ക്ഷേത്രം പണിഞ്ഞതും ആരാധനയും പൊതുജനങ്ങളേ എത്തിക്കുകയും ചെയ്തത്.

ഭഗീരഥന്റേ ഉഗ്രതപസിനാൽ ഗംഗ ഭൂമിയിലേക്ക് വരാം എന്ന് പറഞ്ഞെങ്കിലും, തന്റേഭാരം ഭൂമിയ്ക്ക് താങ്ങാന് കഴിയില്ലെന്നും പറഞ്ഞു,അപ്പോൽ ഭഗീരഥൻ ശങ്കരനേ തപസ്സിൽ പ്രീതിപെടുത്തി മഹാദേവന്റേ ശിരസ്സിൽ ആവാഹിചെടുപ്പിച്ചു, ആസ്ഥാനമാണ് ഗംഗോത്രിയിലേ സൂര്യകുണ്ഠ്..

ബ്രഹ്മമൂഹൂർത്തിൽ എഴുന്നേറ്റ് സൂര്യകുണ്ഠിൽ ചെന്നാൽ ഒരു അത്ഭുത പ്രകാശരശ്മി വർണപ്രവഞ്ചത്തോടേ കാണപ്പെടുകയും കുറച്ചു സമയത്തിന് ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്നത് കാണാം.

ഗംഗാക്ഷേത്രത്തിന്റേ ഇടതുഭാഗതുകൂടി ഭാഗീരഥിയിലൂടേ മുന്നോട്ട് പോയാൽ ഗോമുഖ് തപോവൻ വഴികാണാം. ഈ വഴിയിൽ യാത്രതിരഞ്ഞെടുക്കുമ്പോൾ വളരേ ശ്രദ്ധിക്കണം കാൽനടയാത്ര മാത്രമേ സാധ്യമാകൂ, കനതമഞ്ഞുവീഴ്ചയും, ഉയരങ്ങളിൽ നിന്ന് മഞ്ഞുപാതവും ഉണ്ടാവാന് സാധ്യത ഏറേയാണ്, കൂട്ടത്തിൽ മലയിടിച്ചിലും ശക്തമായ കാറ്റും ഉണ്ടാവും. ഗോമുഖ് രുദ്രതാണ്ഡവം പോലേ അതിശക്തമായ വെളപാച്ചിലും ഉൾവലിയലും ഹൂങ്കാരശബ്ദങ്ങളോടും കൂടിയ ഒരു അൽഭുതപ്രകൃതിയാണ്. എപ്പഴും എന്തും സംഭവിക്കാം, പ്രാർത്ഥനയോടും ഉറപോടും മുമ്പോട്ട് പോവുക. ജടയിൽ നിന്ന് ഗംഗയെങ്ങനേ പുറത്തേക്ക് വരുമെന്ന് മഹേശ്വരന് പോലും നിശ്ചയമില്ല

ഗംഗോത്രിയ്ക്കും മേരുഹിമവാനിയുടേയും മധ്യഭാഗത്തോടേ നന്ദാവനത്തിലൂടേ തപോവനയാത്ര തുടങ്ങാം, സ്വപ്നതുല്യമായ സമതലപ്രദേശമാണ് തപോവനവും നന്ദാവനവും, ഒരിക്കലും നിങ്ങളുടേ ഓർമകളിൽ നിന്ന് ആ ഭൂപ്രകൃതി വിസ്മൃതിയിൽ പോവില്ല. ആരുവികളും, പൂന്തോട്ടങ്ങളോം, തണുത്ത കാറ്റും, ശുദ്ധവായുവും, ശാന്തതയും നിങ്ങളിലേ ആത്മാവിനേ ഉണർത്തി നൃത്തം ചെയ്യിപ്പിക്കും....

കേദാർനാഥ്:

ഉത്തരകാശിയിൽ നിന്ന് മുന്നൂറോളം കിലോമീറ്റർ അകലേ ഗൗരി കുണ്ടിൽ നിന്നും,14കിലോമീറ്റർ അകലേയായി സ്ഥിതിചെയ്യുന്ന ശങ്കരപീഠമാണ് കേദാർനാഥ്,

ഭാഗീരഥിയും, അളകനന്ദയും, ഗംഗയും, എന്നീനദിയുടേ പ്രവാഹങ്ങളുംകണ്ട് മുന്നേറുന്നതാണ് കേദരതിലേക്കുള്ളയാത്ര..

ഗൗരികുണ്ഠിൽ വെച്ച് കേദാരതിലേക്കുള്ള വാഹനയാത്ര അവസാനിക്കുന്നു,

ഗൗരികുണ്ഡ് മഹാദേവനേ വരിക്കാൻ വേണ്ടി ശ്രീപാർവതി തപസ്സ് ചെയ്ത് സ്ഥലമാണ്, തണുത്തുറച്ച് ഒഴുകുന്ന മന്ദാകിനിയോട് ചേർന്നുള്ള ചൂടുവെള്ളപ്രവാഹമാണിത്, ദേവിക്ക് സ്നാനത്തിന് വേണ്ടി ദേവകൾ നൽകിയ ഘട്ട് ആണിത്. തൊട്ടപ്പുറത്ത് തണുതുറഞ്ഞു ഒഴുകുന്ന നദിയേ വെല്ലുവിളിച്ച് ചൂട് വെള്ളപ്രവാഹമായി പ്രകൃതിയുടേ അൽഭുതമായി നിലനിൽകുന്നു..

 ഗൗരികുണ്ഠിൽ കുളിച്ച് കേറി കേദാർനാഥിലേക് യാത്ര തുടങ്ങാം..

അതിപുരാതനമായ ഈ ക്ഷേത്രം നിർമ്മിച്ചത് പാണ്ഡവരാണ്, പിന്നീട് ശങ്കരാചാര്യരാണ് ഇത് പുതുക്കിപണിഞ്ഞത്, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും വിശിഷ്ടമായതാണ് കേദാർനാഥ്.

ഗോഹത്യയയും, മൃഗഹത്യയയും, ഗുരുതുല്യരായവരേയും, ബന്ധുമിത്രാതികളേയും കുരുക്ഷേത്രത്തിൽ വധിച്ച പാപത്തിൽ നിന്ന് മോക്ഷം തേടി കൈലാസനാഥനേ ഭജിക്കാൻ വ്യാസമുനി നിർദ്ദേശിചതിനേ തുടർന്ന്, ശിവനേ അന്വേഷിച്ചു പാണ്ഡവർ വാരണാസിയിൽ എത്തി, ശിവൻ അവരേ കബളിപ്പിച്ചു ഗുപ്തകാശിയിലെത്തി, അവിടെനിന്നും കാളയുടേ രൂപ ധരിച്ചു കേദാരനാഥിൽ പോയി ഒളിച്ചു, മേഞ്ഞ്നടന്ന കാളയേ ഭീമസേനൻ തിരിച്ചറിയുകയും കയറിപിടിക്കുകയും ചെയ്തു. പിടിവിട്ട് കുതറാൻ ശ്രമിച്ച കാളയേ പാണ്ഡവർ കീഴ്പ്പെടുത്തി, പാണ്ഡർരുടേ ആ നിശ്ചയദാർഡ്യത്തിന് പാപമുക്തി നൽകിയനുഗ്രഹിക്കുകയും ചെയ്തു. ഭീമസേനൻ പിടിച്ച മുതുകുഭാഗമാണ് കേദരനാഥതിലേ പ്രതിഷ്ഠാ സങ്കൽപ്പം,

കാളകൂറ്റന്റേ ബാക്കി നാലു ഭാഗങ്ങൾ അവിടെനിന്ന്  അകെലെയായി നാല് ശിവക്ഷേത്രങ്ങളിൽ സങ്കൽപിച്ചു പൂജ നടത്തുന്നു...

മധ്യമഹേശ്വരത്ത് നാഭിയും, തുംഗനാഥതിൽ കൈയ്യും, രുദ്രനാഥിൽ തലയും, കൽപ്പേശ്വരത്തിൽ ജഡയും സങ്കൽപ്പികപെടുന്നു. ഇവയേ പഞ്ചകേദാരങ്ങൾ എന്നറിയപ്പെടുന്നു..

കേദാർനാഥന്റേ പുറകുവശത്തെ വിദൂരതയിൽ എല്ലാതിങ്കളാഴ്ചയും ഒരു ശിവലീംഗം പ്രത്യക്ഷപെടാറുണ്ട്. അതിശൈത്യത്തിൽ ആ സമയം അവിടെ ചിലവഴിക്കുന്നതും ദുർഘടമാണ്.

മന്ദാകിനി നദിയുടേ ഉൽഭവവും കേദാരത്തിൽ നിന്നാണ്, കർണാടകയിൽ നിന്നുള്ള ബ്രഹ്മണരേയാണ് പൂജയ്ക്ക് ശങ്കരാചാര്യർ നിയോഗിച്ചിരിക്കുന്നത്.

സകലപാപ പരിഹാരമൂർത്തിയായ കേദാരനാഥനേ ജീവിതത്തിലൊരിക്കെലെങ്കിലും ദർശിച്ചിരിക്കുന്നത് മഹാഭാഗ്യം തന്നേ യാണ്...

ബദരീനാഥ്:

ഉത്തരാഞ്ചൽ സംസ്ഥാനത്തിലെ ഗഢ്വാൾ ജില്ലയിൽ ഹരിദ്വാറിനു വടക്കുകിഴക്കായി അളകാനന്ദാനദിയുടെ തീരത്ത് ബദരീനാഥ് ക്ഷേത്രം നിലകൊള്ളുന്നു. പുരാണപ്രസിദ്ധമാണ് ബദരികാശ്രമം, ബദര്യാശ്രമം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥലം. ഇവിടെയാണ് നരനാരായണന്മാർ അനേകവർഷം തപസ്സ് ചെയ്തത്. ലന്തക്കുരു ഉണ്ടാകുന്ന ഫലവൃക്ഷങ്ങൾ ഇടതിങ്ങി വളർന്നു നിന്നിരുന്നതിനാൽ ഇതിനെ  ബദരീവനം എന്നുപറയുന്നു.

ബ്രഹ്മാവിൻറെ പുത്രനായ ദക്ഷപ്രജാപതി സ്വായംഭൂവമനുവിന്റെ പുത്രിയായ പ്രസൂതിയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് പതിനാറു പുത്രിമാർ ഉണ്ടായി. ധർമ്മദേവന് പതിമൂന്ന് പുത്രിമാരെയും പിതൃക്കൾക്ക് സ്വാധയേയും അഗ്നിക്ക് സ്വാഹയേയും, സാക്ഷാൽ ശിവ ഭഗവാന് സതിയേയും വിവാഹം ചെയ്തുകൊടുത്തു ധർമ്മദേവന്റെ പത്നിയായ മൂർത്തിയാണ് ലോകപൂജിതമായ തേജസ്സോടുകൂടിയ നരനാരായണന്മാരെ പ്രസവിച്ചത്. ആയിരം കവചങ്ങൾ അഥവാ പടച്ചട്ടകൾ അണിഞ്ഞിട്ടുള്ള  സഹസ്രകവചൻ എന്ന ഉഗ്രപ്രതാപിയായ രാക്ഷസനെ നിഗ്രഹിക്കുന്നതിനു വേണ്ടിയാണ് മഹാവിഷ്ണു നരനാരായണന്മാരായി അവതരിച്ചത്. നരനാരായണന്മാരിൽ ഒരാൾ തപസ്സ് ചെയ്യും, മറ്റെയാൾ അത്രയും  കാലം യുദ്ധം ചെയ്യും. അങ്ങനെ ഊഴമിട്ട് തപസ്സും യുദ്ധവും നടത്തി നരനാരായണന്മാർ സഹസ്രകവചന്റെ ഒരു പടച്ചട്ട ഒഴിച്ചു ബാക്കിയെല്ലാം പിളർന്നു. തൽസമയം ബ്രഹ്മപ്രളയം ഉണ്ടാകുകയും രാക്ഷസൻ സൂര്യനിൽ ലയിക്കുകയും ചെയ്തു. അടുത്ത ജന്മം സഹസ്രകവചൻ കുന്തീപുത്രനായി കർണ്ണൻ എന്ന പേരിൽ ജനിച്ചു.

സഹസ്രകവചനിഗ്രഹാനന്തരം നാരായണായ മഹാവിഷ്ണു, സഹോദരനായ നരനോടുകൂടി ധർമത്തെ ആചരിയ്ക്കുന്നവനും ഉപദേശിക്കുന്നവനും ആയിട്ട് ബദരികാശ്രമത്തിൽ വസിച്ചു. നരനാരായണന്മാരുടെ പുനരവതാരമാണ് ശ്രീകൃഷ്ണനും അർജുനനും

ബദരീനാഥ് ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. അശോകചക്രവർത്തിയുടെ കാലഘട്ടത്തിൽ ഇതൊരു ബുദ്ധമതകേന്ദ്രമായിരുന്നുവത്രെ. പക്ഷെ ഹിന്ദുമതനവോത്ഥാനത്തിന്റെ വക്ത്താവായ ശ്രീശങ്കരാചാര്യർക്ക് ബദരീനാഥുമായി അനിഷേധ്യമായ ബന്ധമുണ്ടായിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.

ശ്രീ ശങ്കരാചാര്യർ ഭാരതം മുഴുവനും മൂന്നു പ്രാവശ്യം പര്യടനം നടത്തിയതായി ചരിത്രം പറയുന്നു. ശ്രീ പരമേശ്വരൻ ചാണ്ഡാലരൂപത്തിൽ പ്രത്യക്ഷപ്പെട്ട കാലഘട്ടത്തിൽ ശങ്കരാചാര്യനോട് ബദരിയിൽ പോകണമെന്ന് ആജ്ഞാപിച്ചു. അതനുസരിച്ചു അദ്ദേഹം അവിടെ പോയി. ശ്രീ ശങ്കരന് വ്യാസമുനിയെ ദർശിക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു. തന്റെ പരമഗുരുവായ ഗോവിന്ദഭഗവദ്പാദരെ ശ്രീ ശങ്കരൻ കണ്ടുമുട്ടിയതും ബദരീനാഥിൽ വച്ചായിരുന്നു എന്ന് പറയുന്നു. ശങ്കരാചാര്യർ നാരദ്കുണ്ഡ്ഡിൽ നിന്ന് ബദരീനാഥിന്റെ വിഗ്രഹം മുങ്ങിയെടുക്കുകയും ഇന്നത്തെ രൂപത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്ന് സ്കന്ദപുരാണത്തിൽ പരാമർശമുണ്ട്.

ബദരീനാഥിലെ ഒരു പ്രധാന സ്ഥലമാണ് ജോഷിമഠം. ഹിന്ദുവേദശാസ്ത്രപുരാണേതിഹാസങ്ങളിൽ പാണ്ഡിത്യം നേടിയ ശേഷം ശ്രീശങ്കരാചാര്യർ ഉത്തരാഖണ്ഡിലേയ്ക്ക് യാത്ര ചെയ്തു ആ യാത്രയിൽ അദ്ദേഹം ആദ്യം സ്ഥാപിച്ച മഠം ആണ് ജോതിർമഠം. ജ്യോതിർമഠം ക്രമേണ ജോഷിമഠം എന്നപേരിൽ അറിയപ്പെട്ടു.

ജോഷി മഠം സ്ഥിതി ചെയ്യുന്ന ചമോലി എന്ന സ്ഥലം കൃഷിയിടങ്ങളാൽ തികച്ചും ആകർഷണീയമാണ്. ഉയരക്കൂടുതലുള്ള മലഞ്ചെരുവുകളെ തട്ടുതട്ടായി തിരിച്ചു നെൽവയലുകൾ, ദൂരെനിന്നുനോക്കുമ്പോൾ ഹരം പകരുന്ന ദൃശ്യമാണ്. നെല്ലും ഗോതമ്പും ബാജ്റയും ഇവിടെ കൃഷി ചെയ്യുന്നു.. കമ്പിളി വസ്ത്രങ്ങളുടെ ഒരു വലിയ വിപണന കേന്ദ്രം കൂടിയാണ് ജോഷിമഠം സ്ഥിതി ചെയ്യുന്ന ചമോലി എന്ന സ്ഥലം.

ചമോലി എന്ന സ്ഥലത്താണ് നൈനിത്താൾ, കുമയൂൺ എന്നീ സ്ഥലങ്ങൾ. കുമയൂൺ  എന്ന സ്ഥലത്ത് 500 ച .കിലോമീറ്റർ വനങ്ങളിൽ നരഭോജികളായ കടുവകളെത്തേടി നടന്ന ബ്രിട്ടീഷുകാരനായ നായാട്ടുകാരനാണ് "ജിംകോർബറ്റ് ". അദ്ദേഹത്തിൻറെ സ്മരണാർത്ഥം കടുവകളുടെ സംരക്ഷണകേന്ദ്രത്തിന് "കോർബറ്റ് നാഷണൽ പാർക്ക് "1957 ൽ പുനർനാമകരണം ചെയ്തത്.

ബദരീനാഥ് ക്ഷേത്രം മഞ്ഞുകാലത്ത് 6 -മാസം അടഞ്ഞു കിടക്കുമ്പോൾ അവിടുത്തെ പൂജകൾ മുടങ്ങാതെ ചെയ്യുന്നത് ജോഷിമഠത്തിലെ നരസിംഹക്ഷേത്രത്തിലാണ്. ബദരീനാഥൻറെ വിഗ്രഹപ്രതി രൂപമാണ് ഇവിടെയും പ്രതിഷ്ഠ്.  ബദരീനാഥിലെ ഒരു പ്രധാന സ്ഥലമാണ് ഗോവിന്ദ്ഘട്ട്. ആകാശം മുട്ടിനിൽക്കുന്ന പർവ്വതനിരകളും, അതിനുതാഴെ പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന താഴ്വരകളും, വിഷ്ണുപ്രയാഗിൽ നിന്ന് ഒഴുകിയെത്തുന്ന അളകനന്ദാനദിയും, ആ പ്രദേശമാകെ അതിമനോഹരമാക്കികൊണ്ട് തണൽവിരിച്ചു, പ്രൗഢിയോടെ നിൽക്കുന്ന ദേവദാരു മരങ്ങളും അവിസ്മരണീയ ദൃശ്യങ്ങളാണ്. ആ വായുവിലെങ്ങും നിറഞ്ഞുനിൽക്കുന്നത് ദേവദാരു വൃക്ഷത്തിൻറെ മാസ്മരഗന്ധമാണ്.

ശ്രീ ശങ്കരാചാര്യർ ഭാരതം മുഴുവനും മൂന്നുപ്രാവശ്യം പര്യടനം നടത്തിയിട്ടുണ്ട്. ഈ സഞ്ചാരത്തിനിടയിലാണ് ശങ്കരാചാര്യർ ഭാരതത്തിന്റെ നാല് ദിക്കിലും നാല് മഠങ്ങൾ സ്ഥാപിച്ചത്. തെക്ക് - ശൃഗേരി ,കിഴക്ക് -  ജഗന്നാഥം, പടിഞ്ഞാറ് - ദ്വാരക ,വടക്ക് - ജോഷി മഠം എന്നിവയായിരുന്നു അദ്ദേഹം സ്ഥാപിച്ച നാല് മഠങ്ങൾ. പഞ്ചായതനപൂജാപദ്ധതി ആവിഷ്കരിച്ചത് ശ്രീ ശങ്കരാചാര്യനാണ്. ഭാരതത്തിലെ സുപ്രധാന ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങളും മറ്റും ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരനായിരുന്നു. കേരളത്തിൽ നിന്നുള്ള ബ്രാഹ്മണരെ ബദരിയിൽ പ്രധാനപൂജാരിമാരായി നിയമിച്ചതും ശ്രീ ശങ്കരാചാര്യരാണ്. ഇന്നും ആ പാരമ്പര്യം തുടർന്നുവരുന്നു. റാവൽ എന്ന പേരിലാണ് പ്രധാനപൂജാരി അറിയപ്പെടുന്നത്. സംസ്കൃതത്തിലും, പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള ഇവരെ നിയമിക്കുന്നത് ബദരീനാഥ് ക്ഷേത്ര കമ്മിറ്റിയും ടെഹരി  ഗഢ്വാളിലെ മഹാരാജാവും കൂടിയാലോചിട്ടാണ്. സ്വർണ്ണം, വെള്ളി എന്നിവ കൊണ്ടുപണിതീർത്ത ഒരുവലിയ ദണ്ഡും ഒരു ജോഡി സ്വർണ വളകളും രാജോചിതമായ മേൽവസ്ത്രങ്ങളും മേൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നല്കുന്നു. ബദരീപുരിയുടെ കിരീടം വയ്ക്കാത്ത രാജാവാണ് റാവൽജി.

കോടിക്കണക്കിന് രൂപ വരുമാനവും, ആസ്തികളുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഗവൺമെന്റിന്റെ നേരിട്ടുനിയന്ത്രണത്തിലുള്ള ബദരീനാഥ് ക്ഷേത്രകമ്മിറ്റിക്കാണ്. ടെഹ്രി ഗഢ്വാളിലെ മഹാരാജാവിനു ഭരണകാര്യത്തിൽ കാര്യമായ പങ്കുണ്ട്.

ബദരീനാഥ് ക്ഷേത്രത്തിന്റെ വലതുവശത്തായി അളകനന്ദയുടെ തീരത്താണ് തപ്തകുണ്ഡ്, നാരദകുണ്ഡ് എന്നീതീർത്ഥകുളങ്ങൾ. തപ്തകുണ്ഡിന് നേരെ എതിർവശത്ത് അളകനന്ദയുടെ മധ്യഭാഗത്താണ് യഥാർത്ഥ നാരദകുണ്ഡ്. അഗാധമായ താഴ്ചയും മരവിപ്പിക്കുന്ന തണുപ്പുമാണ് നാരദകുണ്ഡിന്മുകൾഭാഗത്തുള തീർത്ഥ കുളത്തിലേയ്ക്ക് ഗരൂർശിലയിൽ നിന്നു ഒഴുകിവീഴുന്ന ചൂടുവെള്ള പ്രവാഹം ഒരു അദ്ഭുതം തന്നെയാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഈ വെള്ളത്തിന്റെ ചൂട്!.

മഹാവിഷ്ണുവിന്റെ (ബദരീനാഥൻറെ) തിളങ്ങുന്ന കറുത്ത കല്ലുകൊണ്ടുള്ളതും (സാളഗ്രാമം ) പദ്മാസനരൂപത്തിൽ ഇരിയ്ക്കുന്നതുമാണ് വിഗ്രഹത്തിൽ ഭക്തിയോടെ ശ്രദ്ധ കേന്ദ്രീകരിച്ചു വെവ്വേറെ കോണുകളിൽക്കൂടി നോക്കുമ്പോൾ ബ്രഹ്മ - വിഷ്ണു - മഹേശ്വര - ഹനുമാൻ - ദേവീ വിഗ്രഹങ്ങൾ തെളിഞ്ഞുവരുന്നതായ മഹാദ്ഭുതം ദർശിക്കാം. ബദരീനാഥിലെ മഹാവിഷ്ണു വിഗ്രഹത്തെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും.

നേപ്പാളിൽക്കൂടി ഒഴുകുന്ന ഗണ്ഡകീനദിയുടെ ഉദ്ഭവസ്ഥാനത്തുള്ള ഒരു ഗ്രാമപ്രദേശമാണ് സാളഗ്രാമി. ഇവിടെ പലരൂപത്തിലും പലവലുപ്പത്തിലുമുള്ള ശിലാരൂപങ്ങൾ കാണപ്പെടുന്നു. ഇവയാണ് സാളഗ്രാമങ്ങൾ. മഹാവിഷ്ണുവിന്റെ അംശത്തിൽനിന്നു ഉദ്ഭവിച്ചതായതുകൊണ്ട് ഈ ശിലകൾ വിഷ്ണു വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിന് അത്യുത്തമമാണെന്ന് വിശ്വസിക്കുന്നു. പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളെ പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.

ഒരു വലിയ മരത്തകപ്പച്ചകല്ല് ബദരീനാഥ വിഗ്രഹത്തിൻറെ മുൻഭാഗത്ത് കാണാം.

ഉപപ്രതിഷ്ഠകൾ ഇരുവശത്തുമുണ്ട്.  ഗണപതി, കുബേരൻ, ഉദ്ധവർ, ചതുർഭുജനാരായണൻ, നരൻ, നാരദൻ, ഗരുഡൻ, ലക്ഷ്മീദേവി എന്നീ  പ്രതിഷ്ഠകൾ  അടങ്ങിയ ഭൂവൈകുണ്ഡം തന്നെയാണ് ഇവിടം. നവരത്നക്കല്ലുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ നെയ്വിളക്കിന്റെ പൊൻപ്രകാശവും വൈദ്യുത ദീപങ്ങളുടെ പ്രഭയും ഒന്നിയ്ക്കുമ്പോൾ ഒരു വർണ്ണ പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു .

ക്ഷേത്രത്തിൻറ്റെ ഉൾഭാഗത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിന്റെ ഏറ്റവും ഉൾഭാഗത്താണ് ബദരീനാഥൻറെ പ്രതിഷ്ഠ. ഈ ഭാഗം  മുഴുവനും തങ്കത്താൽ പൊതിഞ്ഞതാണ്. രണ്ടാമത്തെ ഭാഗമായ ദർശനമണ്ഡപത്തിലാണ് പൂജകളും മാറ്റാരാധനകളും നടത്തുന്നത്. മൂന്നാമത്തെ ഭാഗമായ സഭാമണ്ഡപത്തിന് മുമ്പിൽ കാത്തുനിൽക്കുന്ന ഭക്തന്മാർക്ക് വരിവരിയായി നടന്ന് ബദരീനാഥനെ ദർശിക്കാം ബദരീനാഥിലെ പൂജാ സമ്പ്രദയങ്ങൾക്ക് വളരെ പ്രത്യേകതയുണ്ട്. അതിരാവിലെ റാവൽജി സശ്രദ്ധം ഭഗവാനെ പള്ളിക്കുറുപ്പുണർത്തുന്നു. സാൽവ കൊണ്ടുള്ള പുതപ്പും മറ്റു മേൽവസ്ത്രങ്ങളും മാറ്റിയശേഷം കളഭ ചാർത്ത് നടത്തുന്നു. തപ്തകുണ്ഡിലെ ചൂടുവെള്ളം കൊണ്ടാണ് ആദ്യം അഭിഷേകം നടത്തുക. തുടർന്ന് പാല്, തൈര്, തേൻ, വാസനദ്രവ്യങ്ങൾ എന്നിവകൊണ്ടും അഭിഷേകം ചെയ്യുന്നു. പിന്നെ ഭഗവാനെ അലങ്കരിക്കുന്ന ചടങ്ങുകളാണ്. ബദരീവനത്തിലെ പ്രത്യേക പൂക്കൾ, പനിനീർ, തുളസി, താമര എന്നിവകൊണ്ടുള്ള ആകർഷകമായ മാലകൾ ഭഗവാന് ചാർത്തുന്നു. ശ്രീവത്സം, കൗസ്തുഭം എന്നീ രത്നങ്ങളും, ആഭരണങ്ങളും ഭഗവാനെ അണിയിക്കുന്നു. അതുകഴിഞ്ഞാൽ നിവേദ്യങ്ങളാണ് അഞ്ചുവെള്ളിക്കിണ്ണങ്ങളിൽ നാനാതരം പഴങ്ങളും, ഉണക്കമുന്തിരി, കൽക്കണ്ടം എന്നിവയും ഭഗവാന് സമർപ്പിയ്ക്കുന്നു ബാലഭോജനം എന്നാണ് ഈ നിവേദ്യ പൂജയുടെ പേര്. ഈ പൂജ ദീപാരാധനയോടുകൂടിയാണ് അവസാനിയ്ക്കുന്നത്. ഉച്ചപൂജയ്ക്ക് മഹാനിവേദ്യമെന്നാണ് പറയുക പരിപ്പ്, മറ്റു ധാന്യങ്ങൾ, കുങ്കുമപ്പൂ  ചേർത്ത മധുരാന്നം, കേസരി നിവേദ്യം, പാൽപ്പായസം, അപ്പം പലതരം പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി സമർപ്പിക്കുന്നു.

ബദരീനാഥിലെ മറ്റൊരു വിസ്മയമാണ് സരസ്വതീനദിയുടെ ഉദ്ഭവസ്ഥാനത്തിനു തൊട്ടടുത്തുള്ള വ്യാസ ഗുഹ. മഹാഭാരതത്തിന്റെ രചനയും, വേദവിഭജനവും, ബ്രഹ്മസൂത്രഗ്രന്ഥവും പുരാണങ്ങളുടെ സൃഷ്ടിയും വ്യാസമുനി സാധിച്ചത് ഈ ഗുഹയിൽ വച്ചാണ്. ഓലച്ചീളുകൾ പോലുള്ള പലതരം കല്ലുകൾകൊണ്ടാണ് ഈ ഗുഹ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ ഗുഹയ്ക്ക് ഏതാനും വരെ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗുഹയിൽ ഇരുന്നുകൊണ്ട് ഗണപതി ഭഗവാൻ മഹാഭാരതം എഴുതിയെടുത്തത് .

ബദരീനാഥ് ക്ഷേത്രത്തിലെ നട തുറക്കുന്നത് തുറക്കുന്നതും അടയ്ക്കുന്നതും പ്രത്യേകം പരാമർശിക്കേണ്ട വിഷയമാണ്. ഒക്ടോബർ മാസത്തിൽ ദീപാവലി കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി ക്ഷേത്രം അടയ്ക്കുന്നു. സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചിട്ട് ഏഴുദിവസത്തിനുള്ളിൽ ക്ഷേത്രം അടയ്ക്കുക എന്നതാണ് ആദ്യകാലം മുതൽക്കേ ചെയ്തുവന്നിരുന്നത് ക്ഷേത്രം  അടയ്ക്കുന്ന ദിവസം പരമ്പരാഗതമായി ആചരിച്ചവരുന്ന പല വിശേഷാൽ പൂജകളും ചടങ്ങുകളും മറ്റുമുണ്ട്. നട അടച്ചു ഭദ്രമായി പൂട്ടി സീൽ വച്ച ശേഷം പുജാരിമാരും ക്ഷേത്രകമ്മിറ്റിക്കാരും ക്ഷേത്രകമ്മിറ്റിക്കാരും മറ്റെല്ലാവരും ബദരീനാഥനോട് വിടപറയുന്നു നവംബർ മുതൽ ഏപ്രിൽ വരെ ക്ഷേത്രവും പരിസരവും കൊടും മഞ്ഞിൽ മൂടപ്പെട്ടു കിടക്കുന്നു. പൂജാരിമാരും ക്ഷേത്രകമ്മിറ്റിക്കാരും നട തുറക്കുന്നത് വരെ ജോഷി മഠത്തിൽ താമസിച്ചു ബദരീനാഥനെ പൂജിക്കുന്നു.

ആറുമാസത്തിനു ശേഷം മെയ്മാസത്തിൽ ക്ഷേത്രം വീണ്ടും തുറക്കുന്നു. വൃഷഭ സംക്രാന്തിയ്ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ്, നല്ല ദിവസം നോക്കി ക്ഷേത്രം തുറക്കുന്നു. പ്രധാനപൂജാരി മാത്രം ഉള്ളിൽ കടന്ന് വീണ്ടും നട അടയ്ക്കുന്നു ആ സമയത്തിനുള്ളിൽ, നട അടയ്ക്കുമ്പോൾ കത്തിച്ചുവച്ചിരുന്ന അഖണ്ഡജ്യോതിപ്രകാശം പുറത്തുനിൽക്കുന്നവർക്ക് ദർശിക്കാം. ആറുമാസത്തോളം ആ ജ്യോതി അണയാതെ പ്രകാശിച്ചു നിൽക്കുന്നു എന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു. ക്ഷേത്രമാസകാലം കനത്ത മഞ്ഞിൽ മൂടപ്പെട്ട് ഇത്രയും കാലം കിടക്കുമ്പോൾ ഓക്സിജൻ ലഭിക്കാനുള്ള സാധ്യത തീരെയില്ല എന്നതാണ് സത്യം. എന്നിട്ടും ആ ജ്യോതി കെടാതെ നിൽക്കുന്നു എന്നത് വളരെ വലിയ ഒരദ്ഭുതമാണ്.

പ്രധാനപൂജാരിയായ റാവൽജി, സ്ഥാനമേൽക്കുമ്പോൾ നട തുറക്കുന്ന സമയത്ത് അകത്തുകണ്ട കാര്യങ്ങൾ പുറത്തു പറയില്ല എന്ന് സത്യം ചെയ്യാറുണ്ടെന്ന് പറയുന്നു നട അടയ്ക്കുമ്പൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന പുഷ്പഹാരങ്ങൾ ആറു മാസം കഴിഞ്ഞു നട തുറക്കുമ്പോൾ അപ്രത്യക്ഷമായിട്ടുണ്ടാകുമെന്നും ഈ ഭൂമിയിൽ കാണാത്തവിധത്തിലുള്ള പുഷ്പ്പങ്ങളെകൊണ്ട് ബദരീനാഥനെ അർച്ചന ചെയ്തതായി കാണാമെന്നും പറയപ്പെടുന്നു. അതെന്തായാലും ബദരീനാഥനെ ആറുമാസം നാരദമഹർഷിയും ദേവന്മാരും, ആറുമാസം മനുഷ്യരും പൂജിക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്.

എട്ടുലിറ്ററോളം എണ്ണകൊള്ളുന്ന വെള്ളിപ്പാത്രത്തിലാണ് ജ്യോതി ഒരുക്കുന്നത്. ജ്യോതിയുടെ തിരിയുണ്ടാക്കിയെടുക്കുന്ന വിദ്യ, ആധുനീകശാസ്ത്രത്തെപോലും വെല്ലുവിളിയ്ക്കുന്ന സാങ്കേതികമേന്മയോടുകൂടിയതാണ്. ഋതകമ്പളത്തിന്റെ നൂലുകൊണ്ടാണ് ഈ തിരികൾ ഉണ്ടാക്കുന്നത്. ഇതിന്മേൽ പരിശുദ്ധമായ നെയ്യും, ഹിമാലയത്തിലെ അമൂല്യങ്ങളായ പച്ചിലകളുടെ നീരും കൂട്ടിച്ചേർത്ത മിശ്രിതം ഒരു പ്രത്യേക കനത്തിൽ പുരട്ടി ഉണക്കിയെടുക്കുന്നു. ഓരോ മാസത്തിന്റെയും ദിവസങ്ങളുടെ എണ്ണം അനുസരിച്ചു തിരിക്ക് ഓരോ കെട്ടുണ്ടാകും. നവംബർ മാസത്തിൽ 30 ദിവസം മാത്രം ഒരു കേട്ട് കത്തുമ്പോൾ, ഡിസംബർ മാസത്തിൽ അടുത്ത കേട്ട് 31 ദിവസവും കത്തന്നു. ഫെബ്രുവരിയിൽ ഇരുപത്തിയെട്ട് ദിവസം കത്തിയശേഷം മാർച്ചുമാസത്തിലെ കെട്ടിലേക്ക് കത്തിക്കയറുന്നു !. അഖണ്ഡജ്യോതിയിലേക്കുള്ള തിരികൾ ഉണ്ടാക്കുവാനുള്ള അവകാശം, പുരാതനകാലം മുതൽക്കു തന്നെ. ബദരീനാഥ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗ്രാമമായ മനാ ഗ്രാമക്കാർക്കാണ്. അങ്ങനെ ഒരു സംഘം 41 ദിവസം കഠിനമായ വ്രതത്തിൽ ഇരുന്ന ശേഷമാണ് തിരിനിർമ്മാണത്തിൽ വ്യാപൃതരാകുന്നത്. അഖണ്ഡജ്യോതിയിലേക്കുള്ള എണ്ണ ടെഹ്രി മഹാരാജാവിന്റെ വകയാണ്. എണ്ണയുടെ കൂട്ട് മഹാരാജാവിനു മാത്രമേ അറിയുകയുള്ളൂ. ഈ എണ്ണയുടെ കൂടെ ഒരു പ്രത്യേക ലായനി മനാ ഗ്രാമത്തലവൻ അഖണ്ഡജ്യോതിയിൽ ഒഴിക്കുന്നു. ഹിമാലയത്തിലെ ചില പ്രത്യേക വൃക്ഷങ്ങളിൽ നിന്നെടുക്കുന്ന എണ്ണയും അമൂല്യങ്ങളായ ഔഷധ കൂട്ടുകളും കൂട്ടികലർത്തിയതാണ് ഈ ലായനി. നട  അടയ്ക്കുന്നതിന് മുൻപുള്ള പ്രത്യേക പൂജകൾ അവസാനിയ്ക്കുമ്പോൾ അഖണ്ഡജ്യോതിയിലെ തിരി കത്തിച്ച ശേഷം ഗോപുരവാതിൽ അടച്ചുപൂട്ടുന്നു. മൂന്ന് പ്രത്യേകതരം പൂട്ടുകളാണ് ഈ വാതിലിലിന്. മുന്നും ഒരേ സമയം  പ്രവർത്തിപ്പിച്ചാൽ മാത്രമേ പൂട്ടാനും തുറക്കാനും സാധിയ്ക്കുകയുള്ളു. ടെഹ്രി മഹാരാജാവും, റാവൽജിയും, മനാ ഗ്രാമത്തലവനുമാണ് താക്കോലിൻറെ അവകാശികൾ.