ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 16

ഗരുഡൻ - 16

ഗാലവനും ഗരുഡനും

വിശ്വാമിത്രന്റെ മക്കളിൽ ഒരാളായിരുന്നു ഗാലവൻ. കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യൻകൂടിയായിരുന്നു. പഠനം കഴിഞ്ഞ് കുട്ടികൾ ആശ്രമം വിട്ടുപോകേണ്ട സമയംവന്നു. പലരും പലവിധത്തിലുള്ള സാധനങ്ങൾ ഗുരുദക്ഷിണയായി അർപ്പിച്ചു. ഗുരുദക്ഷിണയായി എന്താണ് വേണ്ട് തെന്ന് ഗാലവൻ അന്വേഷിച്ചു. ഒന്നും വേണ്ടെന്ന് വിശ്വാമിത്രൻ. ഗുരുദക്ഷിണയായി ഒന്നും കൊടുക്കാതിരുന്നാലോ അത് വളരെ മോശമാകില്ലേ എന്ന് ഗാലവൻ ചിന്തിച്ചു. വിശ്വാമിത്രൻ അച്ഛനാണെങ്കിലും ഗുരുകൂടി ആണല്ലോ. ഗാലവൻ ഓർത്തു. ഗുരുദക്ഷിണയായി എന്തുവേണമെന്ന് ഗാലവൻ വീണ്ടും വീണ്ടും വിശ്വാമിത്രനോട് ചോദിച്ചു. ഒടുവിൽ വിശ്വാമിത്രന് ദേഷ്യം വന്നു. ഒരു ചെവിമാത്രം കറുത്തതും വെളുത്ത നിറത്തിലുള്ളതുമായ എണ്ണൂറു കുതിരകളെ ഗുരുദക്ഷിണയായി തന്നു കൊള്ളാൻ വിശ്വാമിത്രൻ അറിയിച്ചു. ഇത് കേട്ടതോടെ ഗാലവൻ പരുങ്ങലിലായി. ഒറ്റച്ചെവി കറുത്തതും വെളുത്തതുമായ എണ്ണൂറു കുതിരകളെ എവിടെനിന്നു കിട്ടാൻ? കുതിരകളെ വാങ്ങാനാണെങ്കിൽ കൈയിൽ നയാപൈസയില്ല. ദക്ഷിണയായി ഗുരു ഒന്നും വേണ്ടെന്നു പറഞ്ഞതല്ലേ. ഒടുവിൽ എല്ലാം വരുത്തിവച്ചത് താൻതന്നെ. ഗാലവൻ സ്വയം കുറ്റപ്പെടുത്തി. അവൻ ഓരോന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ്  ഗരുഡൻ അവിടെയെത്തിയത്. അവൻ വിവരമെല്ലാം ഗരുഡനെ പറഞ്ഞു മനസ്സിലാക്കി. വിഷമിക്കേണ്ട കുതിരകളെ കണ്ടെത്താൻ സഹായിക്കാമെന്നും ഗരുഡൻ വാക്ക് കൊടുത്തു.

ഗാലവൻ ഗരുഡന്റെ പുറത്തു കയറിയിരുന്നു. ഗരുഡൻ പറന്നു. പറന്നു പറന്നു കിഴക്കേ ദിക്കിലെത്തി. ചിറകുകൾ കുഴഞ്ഞു. ഇനി എവിടെയെങ്കിലും വിശ്രമിക്കണം. ഗരുഡൻ നിശ്ചയിച്ചു. അവസാനം അവർ ഋഷദപർവ്വതത്തിൽ ചെന്നിരുന്നു. കുറച്ചു സമയത്തിന് ശേഷം അവിടെ നിന്ന് അവർ വീണ്ടും യാത്ര തുടർന്നു. യയാതിയുടെ കൊട്ടാരത്തിൽ എത്തി. ഗരുഡൻ ഗാലവനെ യയാതിക്ക് പരിചയപ്പെടുത്തുകയും കാര്യങ്ങൾ പറയുകയും ചെയ്തു . എന്നാൽ എണ്ണൂറു കുതിരകളെ കൊടുക്കാൻ രാജാവിനു കഴിഞ്ഞില്ല. രാജാവും ചിന്താക്കുഴപ്പത്തിലായി. ഒടുവിൽ തന്റെ മകളെ യയാതി ഗാലവന് കൊടുത്തു. അവളുടെ പേര് മാധവി എന്നായിരുന്നു. മാധവിക്ക് പണ്ട് ഒരു മുനി വരം നൽകിയതിനാൽ അവൾ മുകേന എണ്ണൂറു കുതിരകളെ വാങ്ങാനുള്ള പണം കിട്ടുമെന്ന് യയാതി ഉപദേശിച്ചു. അങ്ങനെ കുതിരകളെ സമ്പാദിക്കാനുള്ള മാർഗ്ഗം ഗരുഡൻ, ഗാലവന് കാണിച്ചു കൊടുത്തു. അതിനുശേഷം ഗരുഡൻ സ്വഗൃഹത്തിലേക്കു പറന്നുപോയി. അങ്ങനെ മാധവിയും ഗാലവനും ചേർന്ന് ഒറ്റച്ചെവി കറുത്ത വെളുത്ത നിറമുള്ള അറുന്നൂറു കുതിരകളെ  കൈവശതാക്കുകയും കുതിരകളെ വിശ്വാമിത്രനു ഗുരുദക്ഷിണയായി കൊടുക്കുകയും ചെയ്തു.

No comments:

Post a Comment