ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 05

ഗരുഡൻ - 05

രാമണീയക ദ്വീപിലേക്കുള്ളയാത്ര

മേഘപാളികളെ കീറിമുറിച്ചുകൊണ്ട് ഗരുഡൻ പറന്നു. അമ്മയെ കാണണം. ജനിച്ചിട്ട് ഇതേ വരെ അമ്മയെ കണ്ടിട്ടില്ല. അന്വേഷിച്ചപ്പോൾ കടലിനക്കരെയാണെന്ന് അറിയാൻ കഴിഞ്ഞു. താഴെ അനന്തമായ കടൽ. വായു വേഗത്തിലായിരുന്നു ഗരുഡന്റെ യാത്ര. കടലിനിക്കരെയാണ് വിനതയുടെ താമസം. ദാസിയായി ത്തീർന്നതുമുതൽ വിനതയെ അവിടെയാണ് കദ്രു താമസിപ്പിച്ചിരിക്കുന്നത്. അന്നുമുതൽ വിനത ആകെ ദുഃഖത്തിലായിരുന്നു. ദാസ്യവൃത്തിയിൽനിന്ന് മോചനം കിട്ടാൻ താൻ ഇനി എത കാലം കാത്തിരിക്കണം, ആവോ. അല്ലെങ്കിലും കാത്തിരിക്കാൻ വേണ്ടിമാത്രം ജനിച്ചവളാണല്ലോ താൻ. പണ്ട് ഒരു കുഞ്ഞിന്റെ മുഖം കാണാൻ താൻ എത്രയോ കാലം കാത്തിരുന്നു. ഇന്ന് ഇങ്ങനെയും ഒരു കാത്തിരിപ്പ്. പെട്ടെന്ന് ഏതോ ദിക്കിൽ നിന്നും ഒരു ചിറകടിശബ്ദം മുഴങ്ങി. വിനത ചെവി വട്ടംപിടിച്ചു. കാറ്റിന് ശക്തികൂടുന്നു. അന്തരീക്ഷത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നതുപോലെ. അതേ ഗരുഡന്റെ ചിറകടി ശബ്ദം തന്നെ തന്റെ മകൻ വരുന്നു! വിനതയുടെ ഹൃദയം തുടിച്ചു. നിമിഷങ്ങൾക്കകം ഗരുഡൻ വിനതയുടെ അരികിൽ പറന്നിറങ്ങി. അമ്മയുടെ മുഖം ഗരുഡൻ ശ്രദ്ധിച്ചു. അമ്മയെ ആദ്യമായി കാണുകയാണ്. അവൻ തന്റെ കണ്ണുകൾ വിടർത്തി. അമ്മയെ ആർത്തിയോടെ നോക്കി. ദുഃഖത്തിന്റെ കരിനിഴൽ ആ മുഖത്ത് നിഴലിച്ചിരിക്കുന്നത് അവൻ കണ്ടു. അമ്മ മകന്റെ ചിറകുകളിൽ തടവി.

ആ ചുണ്ടുകൾ മന്ത്രിച്ചു എന്റെ മോൻ! ഇതെല്ലാം കദ്രു  അകത്തുനിന്നും കാണുന്നുണ്ടായിരുന്നു. ഉടനെ കദ്രു അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിവന്നു. വിനത ഓടിച്ചെന്ന് കദ്രുവിന്റെ മുമ്പിൽ കൈകൂപ്പിനിന്നു. വിനതയുടെ നിൽപ്പ് കണ്ടപ്പോൾ ഗരുഡന്റെ ഹൃദയം വേദനിച്ചു. പാവം അമ്മ! കദ്രു അധികാരസ്വരത്തിൽ അറിയിച്ചു. “വിനതേ, നീ എന്നെ എടുത്ത് രാമണീയകം എന്ന ദ്വീപിലേക്ക് കൊണ്ടുപോകുക. അവിടം താമസത്തിന് എത്ര സുഖകരമാണെന്നോ. എന്റെ പുത്രന്മാരായ നാഗങ്ങളെ നിന്റെ മകനായ ഗരുഡനും എടുക്കട്ടെ." അതുകേട്ടപ്പോൾ കാരമുള്ളു തറയ്ക്കുന്ന വേദനയായിരുന്നു ഗരുഡന്റെ ഹൃദയത്തിൽ ഉണ്ടായത്. വിനതയ്ക്ക് ആജ്ഞ അനുസരിക്കാതിരിക്കാൻ പറ്റുമോ? അവൾ ദാസിയായിപ്പോയില്ലേ? അമ്മ ദയനീയമായി മകനെ നോക്കി. ഗരുഡന് കാര്യം മനസ്സിലായി. വിനത കദ്രുവിനെ എടുത്തു. നാഗങ്ങൾ ഗരുഡന്റെ ചിറകിൽ കയറി ഇരുന്നു. അവൻ സൂര്യന്റെ നേരേ പറന്നുയർന്നു. സൂര്യന്റെ താങ്ങാനാവാത്ത ചൂടേറ്റ് സർപ്പങ്ങൾ വാടിത്തളർന്നു. അതുമനസ്സിലാക്കിയ ഗരുഡൻ ഒന്നുകൂടി ഉയരത്തിലേക്ക് പറന്നു. ചൂടേറ്റ് നാഗങ്ങളുടെ വീര്യം കെട്ടടങ്ങി. അവർ ആർത്ത ലച്ചുകരഞ്ഞു. പുത്രന്മാരുടെ ദയനീയ സ്ഥിതി കണ്ട് കദ്രുവിന്റെ ഹൃദയം വേദനിച്ചു. കൊടും ചൂടിൽ നിന്ന് അവരെ രക്ഷിച്ചേ പറ്റൂ. അതിനുള്ള മാർഗ്ഗത്തെപ്പറ്റിയാണ് കദ്രുവിന്റെ ചിന്ത. അതീവ ദുഃഖത്തോടെ കദ്രു ഇന്ദ്രനെ പ്രാർത്ഥിച്ചു. മേഘങ്ങളുടെ അധിപതി ഇന്ദ്രനാണല്ലോ. ഇന്ദ്രൻ മനസ്സുവച്ചാൽ തന്റെ മക്കളെ ഈ കൊടുംചൂടിൽനിന്നും രക്ഷിക്കാനാവുമെന്ന് കശുവിനറിയാം. വീണ്ടും പ്രാർത്ഥന. മനസ്സലിഞ്ഞുള്ള പ്രാർത്ഥന അല്ലയോ ഇന്ദ്രാ, അങ്ങ് മേഘങ്ങളുടെ രാജാവാണല്ലോ. എന്റെ മക്കളെ ഈ കൊടുംചൂടിൽ നിന്ന് രക്ഷിക്കേണമേ. ഒടുവിൽ ഇന്ദ്രൻ കദ്രുവിന്റെ പ്രാർത്ഥന കേട്ടു.

പെട്ടെന്ന് ആകാശം ഇരുണ്ടു. മിന്നൽ വീശി. ഇടിവെട്ടി. കാർമേഘങ്ങൾകൊണ്ട് അന്തരീക്ഷം നിറഞ്ഞു. തടിച്ച മേഘങ്ങൾ ശക്തിയായി ജലം വർഷിച്ചു. കോരിച്ചൊരിയുന്ന മഴ!! പെരുമഴ! ആകാശത്ത് ഇടിമുഴങ്ങി. ഒരു വലിയ പ്രളയം വന്നടുക്കുന്ന പ്രതീതി. ഭൂമി ജലം കൊണ്ടുനിറഞ്ഞു. പുതുമഴത്തുള്ളികളിൽ സർപ്പങ്ങൾ നനഞ്ഞുകുളിച്ചു. വെള്ളത്തുള്ളികൾ ശരീരത്തിലേക്ക് ആഞ്ഞുപതിച്ചപ്പോൾ അവാച്യമായ ഒരനുഭൂതി അവർക്ക് ഉണ്ടായി. ശരീരമാകെ ഇക്കിളിപ്പെടുന്നതു പോലെ. അവർ ഗരുഡന്റെ ചിറകുകളിൽ ഇരുന്ന് ആനന്ദനൃത്തം ചവുട്ടി. വിനതയും കദ്രുവും ഗരുഡനും സർപ്പങ്ങളും രാമണീയകദ്വീപിലെത്തി. നയനമനോഹരമായ ഒരു ദ്വീപായിരുന്നു അത്. വിശ്വകർമ്മാവാണ് ആ ദ്വീപ് നിർമ്മിച്ചത്. അവിടെയുള്ള കാടുകൾ കണ്ടപ്പോൾ സർപ്പങ്ങൾ സ്വയം മറന്നുപോയി. സമുദ്രജലത്താൽ ചുറ്റപ്പെട്ട സ്ഥലം. കൂകുന്ന പക്ഷികൾ, വിവിധതരം ഫലങ്ങളാൽ അലംകൃതമായ മരങ്ങൾ. ആകാശംമുട്ടെ ഉയർന്നു നില്ക്കുന്ന ചന്ദനമരങ്ങൾ കാട്ടിൽ ഇളകിയാടുന്നു. അരയന്നങ്ങൾ നീന്തിക്കളിക്കുന്ന താമരപ്പൊയ്ക്കുക. പൊയ്ക്കുകളുടെ മുകൾ പരപ്പിലൂടെ വണ്ടുകളും വിവിധയിനം ചിത്രശലഭങ്ങളും പാറിക്കളിക്കുന്നു. പലതരം പക്ഷികളുടെ ഗള ഗള ഗാനം. ഇതൊക്കെ കണ്ടപ്പോൾ കദ്രുവിന്റെ പുത്രന്മാർ ഉന്മാദചിത്തരായി. അവർ ആവേശത്തോടെ ഗരുഡന്റെ ചിറകിൽനിന്ന് ചാടിയിറങ്ങി കാടി നുള്ളിലേക്ക് ഇഴഞ്ഞുനീങ്ങി.

No comments:

Post a Comment