ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 32

കമ്പരാമായണം കഥ

അദ്ധ്യായം :- 32

യുദ്ധകാണ്ഡം തുടർച്ച....

ഇനി പ്രതിപക്ഷത്തിന്റെ സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കാം.  ശ്രീരാമൻ ആണ് നമ്മുടെ നേർ ശത്രുവായി തീർന്നിരിക്കുന്നത് . ബ്രഹ്മാവ് തന്നെയാണ് അദ്ദേഹത്തിൻറെ വംശകന്ദം. ബ്രഹ്മാത്മജനാണ്  വിവസ്വാൻ (സൂര്യൻ ) പുത്രനായ വൈവസ്വതമനുവിൽ നിന്നും  സൂര്യവംശപരമ്പര ഉണ്ടായി.  ഇങ്ങനെ സൂര്യവംശം പ്രഖ്യാതമായിത്തീർന്നു

ഹരിശ്ചന്ദ്രൻ , സൂര്യകുലാലങ്കരമായിരുന്ന ഹരിശ്ചന്ദ്രരാജേന്ദ്രൻ സത്യപാലനത്തിനുവേണ്ടി രാജ്യം മുഴുവൻ വിശ്വാമിത്രനു ദാനം  ചെയ്തു.  അതുകൊണ്ടും  മതിയാകാഞ്ഞ് തന്റെ ധർമ്മപത്നിയായ ചന്ദ്രമതിയെയും  പുത്രനായ ലോഹിതാശ്വനെയും ഒടുവിൽ തന്നെത്തന്നെയും വിറ്റുകിട്ടിയ പണം  കൊണ്ട് വിശ്വാമിത്രന്റെ കടംവീട്ടി.   ചണ്ഡാലദാസനായി ചുടലക്കളം കാത്തു ശവദാഹ കൂലി വാങ്ങി ഉപജീവനം നടത്തി പോന്നു.  സത്യരക്ഷയിലെ കൃത്യദീക്ഷയാൽ പ്രത്യക്ഷരായ  ത്രിമൂർത്തികൾ പൂർവ്വസ്ഥാനമാനങ്ങളും ഇഷ്ടവരങ്ങളും  അദ്ദേഹത്തിനു നൽകി അനുഗ്രഹിച്ചു.

സ്വർഗ്ഗം ആക്രമിച്ച് ഇന്ദ്രനെ ആട്ടിയോടിച്ച സൂര്യകേതുവെന്ന  ദുഷ്ടദൈത്യനെ,  കാളയുടെ രൂപമെടുത്ത ഇന്ദ്രനെ വാഹനമാക്കി കകുത്തിൽ  ( പൂഞ്ഞിൽ ) കയറിയിരുന്ന് യുദ്ധംചെയ്തു നിഗ്രഹിച്ഛ്  ഇന്ദ്രപദം ഇന്ദ്രനു തന്നെ വീണ്ടും കൊടുത്തു  പുരഞ്ജയൻ എന്ന സൂര്യകുലരാജാവ്.  ആ രാജാവിന് കകുൽസ്ഥൻ എന്ന ബിരുദ നാമവും ആ വംശപരമ്പരയ്ക്ക് കാകുൽസ്ഥർ എന്ന പേരും സിദ്ധിച്ചിട്ടുണ്ട്

സൂര്യകുലത്തിൽ ഇന്ദുമുഖിയുടെ അയോനിജ പുത്രനായ പൃഥു മഹിമയേറിയ ഒരു ചക്രവർത്തിയായിരുന്നു.  അനാവൃഷ്ടി,  അതിവൃഷ്ടി ഇവകൊണ്ട് ധൂളിപ്രളയം,  അഗ്നിപ്രളയം,  ധൂമപ്രളയം,  ഹിമപ്രളയം,  ജലപ്രളയം ഇവ കൊണ്ടും മറ്റു മഹാപ്രളയങ്ങളാലും  സകല സസ്യങ്ങളും ജീവജാലങ്ങളും നശിക്കുകയും അവയുടെ ബീജകന്ദങ്ങളെ ധരിത്രി ആവാഹിച്ചെടുത്ത് അകത്തടക്കുകയും ചെയ്ത കാലത്ത് , ഭൂമിയെ കറവപ്പശുവാക്കി സകല സമ്പത്തും ഓരോ രൂപത്തിൽ കറന്നെടുത്ത് എല്ലാ വകകളെയും ഉജ്ജീവിപ്പിച്ച്  സംരക്ഷിച്ച് പുഷ്ടിപ്പെടുത്തി കൊണ്ടുവന്നതു മഹാനായ ഈ ചക്രവർത്തിയാണ് . ഇതു നിമിത്തം ഭൂമിക്ക്  പൃഥ്വി , പൃഥിവി എന്ന പേരുകൾ ലഭിച്ചിട്ടുണ്ട്

ആദിത്യനോട് മത്സരിച്ചിട്ടെന്നപോലെ രഥാരൂഢനായി  സൂര്യാസ്തമയത്തിലുദിച്ചും   ഉദയത്തിലസ്തമിച്ചും മേരുപ്രദക്ഷിണം നടത്തി ,  ഏഴുദിവസം രാപ്പകലുകളില്ലാതാക്കിയ പ്രിയവ്രതൻ  സൂര്യവംശത്തിലെ അതിതേജസ്വിയായ ഒരു മഹാരാജാവായിരുന്നു. ഒടുവിൽ സൂര്യൻറെ അപേക്ഷപ്രകാരം ത്രിമൂർത്തികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രിയവ്രതൻ സഞ്ചാരകൃത്യം നിർത്തിവെച്ചത്.  ആ സഞ്ചാരമാർഗ്ഗങ്ങൾ സപ്തമഹാസമുദ്രങ്ങളായി പരിണമിച്ചു.  അങ്ങനെ ഭൂമി സ്വപ്തസാഗരമേഖലയായി

കപിലമഹർഷിയുടെ കോപാഗ്നിയിൽ ദഹിച്ച് ഭസ്മമായ  സഗരാത്മജന്മാരെ  ഉദ്ധരിച്ച്  സ്വർഗ്ഗസ്ഥരാക്കിയ ഒരു സ്ഥിരവ്രതനായിരുന്നു  ഭഗീരഥൻ.  കഠിനപ്രയത്നം കൊണ്ട് ഗംഗയെ ഭൂമിയിലും  പാതാളത്തിലും എത്തിച്ചത് അദ്ദേഹമാണ് .  അദ്ദേഹത്തിന്റെ പ്രയത്നത്തിലെ പ്രയാസമനുസരിച്ച് മഹാപ്രയത്നങ്ങൾക്ക് ഭഗീരഥപ്രയത്നം എന്ന പേരുണ്ടായി

സ്വന്തം മനുഷ്യദേഹത്തോടുകൂടിത്തന്നെ സ്വർഗ്ഗാധിവസത്തിനുത്സാഹിച്ചതിൽ, അതാസ്സാദ്ധ്യമെന്നു കണ്ടപ്പോൾ വിശ്വാമിത്രനെ കൊണ്ട് പുതിയൊരു സ്വർഗ്ഗം സൃഷ്ടിപ്പിച്ച്,  അവിടുത്തെ ഇന്ദ്രനായി വാണരുളുന്ന ത്രിശങ്കു സൂര്യവംശജനായ ഒരു മഹാരാജാവാണ്.  അദ്ദേഹം അധിവസിക്കുന്ന ലോകത്തിന് ത്രിശങ്കു സ്വർഗം എന്ന പേരും സിദ്ധിച്ചിട്ടുണ്ട്

സംഗീതസാമാർത്ഥ്യമുളള ,  നാരദനെ തോൽപ്പിച്ച്,  വാണീദേവിയെ നാണിപ്പിച്ച്,  ബ്രഹ്മദേവനെ പ്രീണിപ്പിച്ച്.  വിഷ്ണുവിനെ മയക്കിയുറക്കിയ രാജാവായിരുന്നു ഹരിതാശ്വൻ.  ശങ്കരമൂർത്തി ശങ്കരാഭരണരാഗം  മത്സരബുദ്ധിയോടെ   ആലപിച്ചപ്പോൾ ശാന്തം രൗദ്രമായി മാറിപ്പോയ തെറ്റ് രാജാവ് ചൂണ്ടിക്കാണിച്ചതിന് ക്രുദ്ധനായി തീകണ്ണൊന്നുതുറന്ന ശങ്കരനോട് "തീമിഴി തുറന്നാലും തെറ്റ് തെറ്റ് തന്നെ " എന്ന് കുലുങ്ങാതെ പറഞ്ഞ ധീരനായ രാജാവിനെ ശിവൻ പ്രസാദിച്ച് വരങ്ങളും ആശിസ്സുകളും സർവ്വവിജയപാരിതോഷികമായി നൽകി.

ശിബിചക്രവർത്തി അർത്ഥികൾക്ക് അഭയദാതാവായ ഒരാശ്രിതവത്സലനായിരുന്നു.  ചക്രവർത്തി വാർദ്ധക്യത്തിൽ മുനിവൃത്തി സ്വീകരിച്ചു. അദ്ദേഹത്തെ ഇന്ദ്രൻ കപോതമായും  കാലൻ കാട്ടാളനായും പരീക്ഷിച്ചു. കാപോതത്തെ  പിന്തുടർന്ന കാട്ടാളൻ,  കപോതം  ശിബിയുടെ  മടിയിൽ അഭയംതേടി . പിന്തുടർന്നെത്തിയ കാട്ടാളന് കപോതത്തിനെ  നൽകാതെ , എന്നാൽ കാട്ടാളന്റെ ജീവനം മുടങ്ങാതെയും പ്രാവിൻറെ തൂക്കംവരുന്ന മാംസം ദേഹത്തുനിന്ന് കൊടുത്തു കൊള്ളാമെന്ന് രാജാവ് വാഗ്ദാനം ചെയ്തു . ഒരു തുലാസിന്റെ ഒരു തട്ടിൽ പ്രാവിനെയും മറ്റേ തട്ടിൽ  സ്വന്തം മാംസവും അറുത്തുവെച്ചു.  തൻറെ ശരീരത്തിലെ മാംസം മുഴുവൻ വച്ചിട്ടും തൂക്കം തികഞ്ഞില്ല . അവസാനം കഴുത്തറുത്ത് തല തുലാസിൽ വയ്ക്കാൻ  രാജാവ് തയ്യാറായി.  ഇത് കണ്ട്  ഇന്ദ്രയമന്മാർ സ്വസ്വരൂപങ്ങൾ ധരിച്ച് ശിബിക്ക് സമ്പൂർണ ആരോഗ്യസൗഭാഗ്യ സൗന്ദര്യം സംബന്ധമായ ശരീരം കൊടുത്തു ദിവ്യ വരുമാനത്തിലിരുത്തി സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയി

സൂര്യവംശജാതനും വീരശൗര്യവരാശിയുമായ കുവലയാശ്വന്റെ  പേരും മഹിമപ്പെരുമയും അങ്ങേയ്ക്ക് അറിയാവുന്നതാണ് . അങ്ങ്10 വില്ലുകൾ ധരിച്ച് നേരിട്ട് മുന്നിലും മഹാസാലശൂലം ധരിച്ച്  കൊച്ചുജ്യേഷ്ഠനും പിന്നിലും നിന്ന് ഏഴ് ദിവസം അഹോരാത്രം യുദ്ധം ചെയ്തതതും,   കുവലയാശ്വൻ മോഹനാസ്ത്രം   കൊണ്ട് അങ്ങയെയും പാശുപതാസ്ത്രം  കൊണ്ട് കൊച്ചുജ്യേഷ്ഠനെയും നിലംപതിപ്പിച്ചു കിടത്തിയതും ,  വിവരമറിഞ്ഞ് ഞാൻ പിതാവായ വിശ്രവസ്സിനെ വരുത്തി കുവലയാശ്വനോട് ക്ഷമായാചനം ചെയ്യിച്ചു   നിങ്ങൾ രണ്ടുപേരെയും മോചിപ്പിച്ചത് വിസ്മരിച്ചു കളയാത്തക്കവിധം നിസ്സാരമായ സംഭവമല്ല.

പണ്ട്  അന്ധകൻ എന്ന് ഒരു സുരാന്തകൻ  സ്വർഗ്ഗം കീഴടക്കി.  ദേവന്മാർ ബ്രഹ്മാവുമായി ചെന്ന്  പരമേശ്വര സന്നിധിയിൽ സങ്കടമുണർത്തിച്ചു.  ശങ്കരനും ബ്രഹ്മാവും ദേവന്മാരും കൂടി ശ്രീനാരായണനരുകിലെത്തി.  ശ്രീനാരായണന്റെ ഉപദേശപ്രകാരം ബ്രഹസ്പതിയെ സമീപിച്ചു.   ബ്രഹസ്പതിയുടെ ഉപദേശപ്രകാരം  ഒരു ദേവപ്രതിനിധി അയോദ്ധ്യയിൽ ചെന്ന്  ഹരിതാശ്വനോടഭയമപേക്ഷിച്ചു. ഹരിതാശ്വൻ  ദൈത്യസംഹാരം ചെയ്ത് ദേവന്മാരെ സ്വസ്ഥരാക്കിത്തീർത്തു.  അഗസ്ത്യമഹർഷിയുടെ  സൂചനപ്രകാരം,  അസുരന്റെ  ഉദരത്തിലുണ്ടായിരുന്ന ഉമാമഹേശ്വരവിഗ്രഹം ബാണപ്രയോഗത്താൽ ദൂരികരിച്ചതിനുശേഷമാണ്,  ആ ദുഷ്ടനെ  ഹരിതാശ്വൻ വധിച്ചത്.

വീരസേനൻ എന്ന ഒരു മഹാവീരനായ അസുരേന്ദ്രൻ വൈശ്രവണവനെ  ആക്രമിച്ചു. വിവരമറിഞ്ഞ പരമേശ്വരൻ സ്വഭക്തനെ രക്ഷിക്കാൻ  മഹാവിഷ്ണുവിനെ പ്രേരിപ്പിച്ചു.  വിഷ്ണുഭഗവാൻ വിഷ്ണു വംശജനായ ദിലീപമഹാരാജാവിനെ അഭയം പ്രാപിച്ചു.  ദിലീപൻ അളകയിലെത്തി  അസുരനോട്  എതിരിട്ടു.   ദീലീപബാണങ്ങളേറ്റ് ദൈത്യദേഹത്തുനിന്നും  വീഴുന്ന ഓരോ തുള്ളി രക്തവും ഓരോ വീരസേനന്മാരായിത്തീർന്ന് ദിലീപിനോടതിർത്തു കൊണ്ടിരുന്നു. ദിലീപൻ ഒടുവിൽ രക്തേശ്വരിദേവിയെ  ധ്യാനിച്ചാവാഹിച്ചു വരുത്തി . ദേവി രക്തപാനം  ചെയ്തു രാജാവ് വീരസേനവധം നടത്തുകയും ചെയ്തു .  ഈ ദിലീപൻ ദശരഥന്റെ  പ്രപിതാമഹനായിരുന്നു.

ധനശ്ശാസ്ത്രപരാഗതനും  ശാസ്ത്രപ്രയോഗ വിശാരദനുമായിരുന്നു ദശരഥമഹാരാജാവ്. നാദലക്ഷ്യവേധത്തിൽ പോലും പ്രാരൂഢമായ പാടവമുണ്ടായിരുന്നു  അദ്ദേഹത്തിന്.  ശംബരാസുരൻ ഇന്ദ്രപദം ആക്രമിച്ചു കീഴടക്കിയപ്പോൾ ദേവന്മാരുടെയും വിശേഷിച്ച് ബ്രഹ്മാവിന്റെ  അപേക്ഷപ്രകാരം നേമി നാമകനായിരുന്ന  ഇദ്ദേഹം സ്വർഗ്ഗത്തിൽച്ചെന്ന്  അസുരസൈന്യത്തെയെല്ലാം നിഷ്പ്രയാസം സംഹരിച്ചു.   ശംബരൻ പത്തു ദിക്കുകളിൽ നിന്ന് നേമിയ ഒരേകാലത്ത് ആക്രമിച്ചു.  10 ശംബരന്മാരോടും ഓരേ സമയം രഥം പത്തുദിക്കിലേയ്ക്കും തിരിച്ചു  ഒരേ നിമിഷത്തിൽ തന്നെ നിഗ്രഹിച്ചു.  യുദ്ധകാലത്ത് 10 ദിശകളിലേക്കും സ്വയം സാരഥ്യവൈദഗ്ധ്യത്തോടെ കൂടി സമരചാതുര്യം  പ്രകടിപ്പിച്ചതുകൊണ്ട് "ദശരഥൻ " എന്ന  നാമം ലഭിച്ചു.

ക്ഷത്രിയവർഗ്ഗത്തിൽ വിശേഷിച്ച് സൂര്യവംശത്തിൽ,  അമാനുഷമാഹാത്മ്യങ്ങൾ തിങ്ങിതിളങ്ങിയ മഹാത്മാക്കൾ വളരെയേറെ ഉണ്ടായിട്ടുണ്ട്.

ദുഷ്ടജനങ്ങളും അധർമ്മങ്ങളും വളർന്ന് ശിഷ്ട ജനങ്ങളും സുധർമ്മങ്ങളും  തളർന്ന് ലോകം അനാഥമായി അധഃപതിക്കുമ്പോൾ സാധാരണസന്ദർഭങ്ങളിൽ  നിദാനമായി കിടക്കുന്ന ദൈവീകശക്തി ഉണർന്ന് ദുഷ്ടനിഗ്രഹവും അധർമവിനാശവും ചെയ്ത് ശിഷ്ടാനുഗ്രഹവും ധർമ്മപ്രകാശവും വരുത്തുമെന്നത് ഒരു പ്രകൃതിനിയമമാണ്. ഈ തരണത്തിൽ ദിവ്യമായ വൈഷ്ണവശക്തി മനുഷ്യരൂപത്തിൽ അവതാരമെടുത്തു . ദശരഥ പുത്രനായ ശ്രീരാമനായി ജനിച്ചു  ദീർഘ ദർശികൾ ആയ വസിഷ്ഠ വിശ്വാമിത്രാദികൾ ഈ സന്ദർഭത്തെ അനുകൂല മാർഗങ്ങളിലേക്ക് തിരിച്ചുവിട്ടു.  താടകവധം,  യാഗരക്ഷ,  അഹല്യാ ശാപമോചനം,  ശൈവചാപഭഞ്ജനം,  സീതാസ്വയംവരം,  ഭാർഗ്ഗവരാമവിജയം ഇതെല്ലാം പ്രാരംഭ സംഭവങ്ങളായിരുന്നു.  അഭിഷേക വിഘ്നം,  വനാഗമനം , വിരാധവധം,  ശൂർപ്പണഖാംഗഭംഗം,  മാരീചമരണം,  സീതാവിരഹം,  കബന്ധമുക്തി , സുഗ്രീവസഖ്യം,  ബാലിനിഗ്രഹം ഇവ മദ്ധ്യഘട്ടപ്രവർത്തനങ്ങളാണ്.  ഉപസംഹാരമായ ക്രിയ  സംഭവിക്കാൻ ഇരിക്കുകയാണ്. അനന്തരം  നിർവ്വഹണത്തിൽ സജ്ജന സംരക്ഷണവും ധർമ്മ സംസ്ഥാനവും അനുബന്ധാങ്കമായി നടക്കും.

ശത്രുപക്ഷത്തിലെ ഉപനായകൻ സുഗ്രീവനാണ്. ബാലി  ജീവിച്ചിരുന്ന കാലത്ത് ജ്യേഷ്ഠാനോടുളള വിനായാധിക്യം  നിമിത്തം ഒതുങ്ങി ജീവിച്ചു പോന്നിരുന്ന  സുഗ്രീവൻ ദുർബലൻ അല്ല എന്ന് മനസ്സിലാക്കണം . ബാലി കഴിഞ്ഞാൽ അടുത്ത മഹാബലൻ സുഗ്രീവൻ ആണ്.  ഒരു മഹാസൈന്യം സുഗ്രീവന്റെ അധീനതയിൽ  സന്നദ്ധമായിണ്ടുതാനും.

ശ്രീരാമൻറെ സഹജനും സഹനായകനുമാണ് ലക്ഷ്മണകുമാരൻ, ഉദ്ധതമായ യുദ്ധപ്രകമത്തിൽ ആ യുവവീരൻ അദ്വിതീയനാണ്.  ആ രാജകുമാരൻ തൻറെ വീരത്വപ്രദർശനത്തിന് ലങ്കയെ കേന്ദ്രസ്ഥാനമായുദ്ദേശിച്ചു വച്ചിരിക്കുകയാണ്

കൂടാതെ ഹനുമാൻ , അംഗദൻ , ജാംബവാൻ,  നളൻ, നീലൻ മുതലായ മഹാവീരന്മാർ വേറെയും ആ സംഘത്തിൽ...

തുടരും .....

No comments:

Post a Comment