ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 October 2018

കൗള ദീക്ഷ

കൗള ദീക്ഷ

ദീക്ഷ എന്നാൽ എന്ത്  ?

"അഥാതോ ദീക്ഷാ• വ്യാഖ്യാസ്യാമ""
""ദിവ്യം ജ്ഞാനം യതോ ദദ്യാത് കുര്യാത് പാപസ്യ സംക്ഷയം
തസ്മാദ് ദീക്ഷേതി സാംപ്രോക്ത ദേശികൈ തത്വ വേദിഭിഃ

ദിവ്യമായ ജ്ഞാനം നേടുക എന്നാണ് ദീക്ഷ ശബ്ദ അർത്ഥം എന്നു വിവക്ഷ ജന്മാന്തരങ്ങളിൽ ഉള്ള പാപത്തെ ഏറ്റടുത്ത ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും  ശിഷ്യനെ ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുന്ന പ്രക്രിയ  ആകുന്നു ദീക്ഷ
പൂർവ്വ ജന്മാർജ്ജിതാമാണ് ഈ ജന്മ്മത്തിൽ കിട്ടുന്ന ദീക്ഷ അന്ന് ചെയ്തു വച്ചതിന്റെ ബാക്കി പത്രമാണ് ഈ ജന്മത്തിൽ  ദീക്ഷ ലഭിക്കുന്നത്. പൂർവ്വ ജന്മത്തിൽ ജപിച്ചതിനെ വാസനയുടെ ചേരുവ കൂടി ചേരുമ്പോൾ ""എപ്പോഴാണോ ശിവൻ ശിവത്വം മറന്നപ്പോൾ ശക്തി അത് ബോധ്യപ്പെടുത്തി കൊടുത്തത് അത് പോലെ  സ്വയം ശിവത്വം മറന്ന ജൻമകനു അവന്റെ മൂല സ്വരൂപം കാണിച്ചു കൊടുക്കുന്ന ശക്തിയാകുന്നു ഗുരു "ഗുരുരേവ ജഗത് സർവ്വം " ആ ഗുരുവിന്റെ ആത്മീയ തേജസ്‌ ശിഷ്യനിൽ പകർന്നു കൊടുക്കുന്നതിനെ ആകുന്നു ദീക്ഷാ വിധി എന്നു പറയുന്നത്.. എന്നാൽ ഇന്ന് ദീക്ഷ എന്നത് ആർക്കും എപ്പോഴും എങ്ങനെയും കൊടുക്കാനും വാങ്ങാനുമുള്ള ഒരു തരം വസ്തുവായി മാറി കഴിഞ്ഞിരിക്കുന്നു.. തന്ത്ര ശാസ്ത്ര പഠനം ഇല്ലാത്തതു തന്നെ കാരണം.  അത് കൊണ്ട് തന്നെ നല്ല ഗുരുവിനെ തിരഞ്ഞെടുക്കുക എന്നത് ഇന്ന് ദുഷ്കരം തന്നെ..

സാമ്പ്രദായികമായ ദീക്ഷ ലഭിച്ചവനും ഗുരുവിൽ നിന്നും അധി ദീക്ഷ ലഭിച്ചവനും മന്ത്രജ്ഞനും. ശാസ്ത്ര വിശാരദനും. നേർവഴി കാണിക്കുന്നവനും. ധനമോഹം ഇല്ലാത്തവനും. ആകണം ഗുരു.. എന്നാൽ ഇന്ന് ഈ പറഞ്ഞ കാര്യങ്ങളിൽ വിപരീതമാണ് നടക്കുന്നത്....

""വിലോക്യ ദിവ്യ ദൃഷ്ട്യാതം  തചൈതന്യ ഹൃദാമ്ബുജാത്
ഗുരുരാണ്മണി സംയോജ്യ കുര്യാദധ്വ വിശോധനം""

ഗുരു ദൃഷ്ടിയാൽ പോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യണം അങ്ങനെ ചെയ്തു കിട്ടുന്ന ദീക്ഷ ശിഷ്യനും ആത്മീയോന്നതി നൽകുന്നതായിരിക്കും..
സമകാലീന കാലഘട്ടത്തിൽ ദീക്ഷാ എന്നത് കോമാളിത്തരങ്ങളുടെ കളിയരങ്ങുകൾ ആകുന്നു.. കഥ അറിയാതെ ആട്ടം തുള്ളുന്ന രീതി .. 

(ആരെയും അധിക്ഷേപിക്കാൻ പറഞ്ഞതല്ല..)

കാളി കുല ദീക്ഷ ക്രമ

കാളി കുല ദീക്ഷ ക്രമ

കാളി കുല ദീക്ഷ ക്രമ
തന്ത്ര ശാസ്ത്രത്തിൽ കാളി ദീക്ഷ ഭേദത്തിൽ ഇപ്രാകാരം ആകുന്നു ദീക്ഷ വിധി. രണ്ടു പ്രധാന കുലമായ കാളിയും ശ്രീ വിദ്യയും തമ്മിൽ ചില ആചാര ഭേദങ്ങൾ ഉണ്ട്.

ശാക്തഭിഷേകം
ॐ➖➖➖➖ॐ➖➖➖➖ॐ
ഏകാക്ഷരി കാളി മന്ത്രവും. ലഘു ഭൈരവ മന്ത്രവും ആകുന്നു ശക്താഭിഷേകം

ക്രമ ദീക്ഷ
ॐ➖➖➖➖ॐ➖➖➖➖ॐ
ത്രയാക്ഷരി കാളി മന്ത്രവും. മഹാ ഭൈരവ മന്ത്രവും. വടുക മന്ത്രവും ആകുന്നു ക്രമ ദീക്ഷ

പൂർണ്ണ ദീക്ഷ
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാ ഷോഡശി കാളി മന്ത്രവും. ഹംസ ഭൈരവ മന്ത്രവും. ചൗര ഗണേശ ന്യാസവും. മഹാ വടുക ഭൈരവ മന്ത്രവും ഭുവനേശ്വരി മന്ത്രവും കൊടുക്കുന്നതാണ് പൂർണ്ണ കലശ ദീക്ഷ

സാമ്രാജ്യ ദീക്ഷ
ॐ➖➖➖➖ॐ➖➖➖➖ॐ
ഹംസ കാളി മന്ത്രവും. ഹംസ ഷോഡശാക്ഷരി ഭൈരവ മന്ത്രവും. ഹംസ വടുക ഭൈരവ മന്ത്രവും. ഗുഹ്യ കാളി മന്ത്രവും. രക്തേശ്വരി. (ചണ്ഡികാ ചില സാമ്പ്രാദായം) ചൗര ഗണേശ ന്യാസവും. യോഗ ദീക്ഷയും ആകുന്നു സാമ്രാജ്യ ദീക്ഷ

മഹാ സാമ്രാജ്യ ദീക്ഷ
ॐ➖➖➖➖ॐ➖➖➖➖ॐ
കാമ കല കാളി മന്ത്രവും കാമ കല ഭൈരവ മന്ത്രവും. മഹാ ചൗര ഗണേശ ന്യാസവും. മഹാ സഹസ്രാക്ഷരി വടുക മന്ത്രവും യോഗ ദക്ഷിണാ മൂർത്തി മന്ത്രവും. യോഗ പട്ടാംബ എന്ന ഒരു രഹസ്യ ബീജ മന്ത്ര ചേർത്ത് പൂർണ്ണ സ്വരൂപിണി ആയ കാമകല കാളി ദീക്ഷ  മന്ത്രം കൂടി ആകുന്നു മഹാ സാമ്രാജ്യ  ദീക്ഷ വിധി
കാളി മേധാ ചരണ ദീക്ഷ
ॐ➖➖➖➖ॐ➖➖➖➖ॐ
ഗുരു, മന്ത്രം, പ്രാണൻ, ദേവത എന്ന തത്വങ്ങൾ ഒരുമിച്ചു ചേരുന്ന നിമിഷം  ശിഷ്യൻ ഗുരുവിലും ഗുരു ശിഷ്യനിലും സാമരസ്യം പ്രാപിക്കുന്ന അനിർവചനീയമായ ഒരു യോഗ സമാധി അവസ്ഥയാകുന്നു ചരണ ദീക്ഷ.
കാളികുലത്തിൽ തന്നെ ചില വ്യത്യാസം ഉണ്ട് ഗുരുപാരമ്പരകളനുസരിച്ചു ചില വ്യത്യാസം കണ്ടു വരുന്നുണ്ട്..
"പ്രമാണം"
ॐ➖➖➖➖ॐ➖➖➖➖ॐ
(ഭുവനേശ്വരി തന്ത്രം, വൈഷ്‌ണവി തന്ത്ര, കാർത്യായനി തന്ത്ര,കാളി തന്ത്ര )
"പ്രഥമം ഏകാക്ഷരി സ്യാത് ത്രയാക്ഷരി ദ്വിതീയകം 
മഹാ മന്ത്ര ത്രിതീയക ച പൂർണ്ണ കാളി ചതുർത്ഥകം
പഞ്ചമേ ഹംസ കാളി തു കാമ കല ഷഷ്ടകം
സപ്തമേ യോഗ ദീക്ഷശ്ചാ സപ്ത ദീക്ഷ പ്രകീർത്തിത"
(ഭുവനേശ്വരി തന്ത്ര)

ശക്താഭിഷേകം

ശക്താഭിഷേകം

കുല മാർഗ പ്രവേശിക എന്നാകുന്നു ശാക്തഭിഷേകത്തിനെ പറയുന്നത് അതായത് ജന്മ ജന്മാന്തര പുണ്യത്തിന്റെ ഫലമാകുന്നു ഒരു മനുഷ്യൻ അവനിൽ ഉറങ്ങി കിടക്കുന്ന ആത്മീയ വാസനകളെ  ഉണർത്താൻ ശ്രമിക്കുന്നത്.. നമ്മുടെ വാസനകളെ തിരിച്ചറിയാതെ പോകുന്നത് നമ്മുടെ കർമ്മ പ്രാരാബ്ദങ്ങൾ ആകുന്നു എന്നാൽ ഏതോ ഒരു ജന്മത്തിൽ കുലദേവത പ്രീതി കൊണ്ടോ കുല ഗുരു പ്രീതി കൊണ്ടോ കാലത്തിന്റെ നിശ്ചയം കൊണ്ടോ നമ്മൾ കുല മാർഗത്തിൽ എത്തുന്നത്. അങ്ങനെ കുലമാർഗത്തിൽ എത്തുന്ന ജിജ്ഞാസുവിനെ ഗുരു പൂർവ്വ കൃത്യമായ ശരീരത്തിലും മനസിലും കടന്നു കൂടിയ മാലിന്യങ്ങളെ.. 36 തത്വങ്ങളെ. 64 കലകളെ ഗുരുവിന്റെ ആത്മീയോർജ്ജവും കൂടി 64 ഓളം ദ്രവ്യങ്ങൾ ചേർത്ത സുഗന്ധ പൂരിതമായ ജലത്തിൽ കാളിയെ പൂജിച്ചു ശിഷ്യനിൽ അഭിഷേകം ചെയ്യുമ്പോൾ ആ ശിഷ്യൻ പുതിയൊരു ജന്മം എടുക്കുക ആകുന്നു.. അങ്ങനെ മാനസികമായും ശാരീരികമായും ശുദ്ധി വന്നവന് മാത്രമേ ശക്തി കുലത്തിൽ പ്രവേശിക്കാവു. അങ്ങനെ ശക്തി കുലത്തിൽ പ്രവേശിച്ച ശിഷ്യന് ഗുരു ശരീരത്തിൽ കലാന്യാസം തുടങ്ങി ആറു ന്യാസങ്ങൾ ന്യസിച്ചു ശരീരത്തിലെ കോശങ്ങളെ ഉണർത്തുന്നു ആ ഉണർന്നിരിക്കുന്ന കോശങ്ങളിലോട്ടു മന്ത്ര ചൈതന്യം ലയിപ്പിക്കുന്നു. ഇങ്ങനെ ഗുരു കത്തിച്ചു കൊടുക്കുന്ന തിരി മന്ത്രജ്ഞൻ ഉപാസനയിലൂടെ ആ തിരിയിൽ വിലയം പ്രാപിക്കുന്നു.
"ന ഗുരോരധികം  ന ഗുരോരധികം "

30 October 2018

ശ്രീ വിദ്യ മാർഗത്തിലെ എട്ടു ദീക്ഷ വിധികൾ

ശ്രീ വിദ്യ മാർഗത്തിലെ എട്ടു ദീക്ഷ വിധികൾ

ശ്രീ വിദ്യ മാർഗത്തിലെ എട്ടു ദീക്ഷ വിധികൾ (അറുപതിനാലാന്നും. നൂറ്റിയെട്ട് എന്നും അഭിപ്രായം ഉണ്ട് ) (കൂടാതെ പരാ ദീക്ഷ പോലെ രഹസ്യമയി ദീക്ഷകൾ വേറെയും)
എന്നാലും പൊതുവെ എട്ടു പ്രധാനപ്പെട്ട ദീക്ഷ വിധി ആകുന്നു തന്ത്രം പറയുന്നത്.

1. സ്പര്ശ ദീക്ഷ
2. ദൃഗ്‌ ദീക്ഷ
3. വേധ ദീക്ഷ
4. ക്രിയാ ദീക്ഷ
5. വർണ്ണ ദീക്ഷ
6. കലാ ദീക്ഷ
7. ശാംഭവി ദീക്ഷ
8. വാക് ദീക്ഷ

പൊതുവെ ഇന്ന് കണ്ടു വരുന്നത് സ്പര്ശ, വാക്, ദൃഗ്‌, ദീക്ഷ ആകുന്നു ഗുരുക്കന്മാർ ആചരിക്കുന്നതും  ഇതു തന്നെ
താന്ത്രിക പ്രമാണം അനുസരിച്ചു ഓരോ ദീക്ഷ വിധികളും പ്രത്യേകം പ്രത്യേകം പറയുന്നു ഗുരു ഭക്തിയാൽ ശിഷ്യന് കിട്ടുന്ന ആത്മീയമായ ഊർജ്ജമാകുന്നു ദീക്ഷ ആ ദീക്ഷയിലൂടെ ചരിച്ചു കൊണ്ട് പരമ പദം പൂകുക എന്നാകുന്നു ശിഷ്യ ലക്‌ഷ്യം.

പഞ്ച ലിംഗ പ്രതിഷ്ഠ

പഞ്ച ലിംഗ പ്രതിഷ്ഠ

ശങ്കരാചാര്യർ ഭഗവാൻ ഭാഷ്യകാരൻ
അഞ്ചു മഠങ്ങളിൽ അഞ്ചു ശിവ ലിംഗ പ്രതിഷ്ഠ ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്നു .
പഞ്ച ഭൂത സങ്കല്പത്തിൽ ആകുന്നു അവ പ്രതിഷ്ഠ ചെയ്തത്.

പഞ്ച ഭൂതം.

ഭൂമി, ജലം, അഗ്നി, വായു, ആകാശം
അഥവാ.

പഞ്ച കോശങ്ങൾ.

1] അന്നമയ കോശം
2] പ്രാണമയ കോശം
3]മനോമയ കോശം
4] വിജ്ഞാനമയ കോശം
5] ആനന്ദമയ കോശം

പഞ്ച രുദ്രന്മാർ,

തത്പുരുഷൻ, സദ്യോജാതൻ, ഈശാനൻ. വാമദേവൻ, അഘോരം

പഞ്ച വർണ്ണങ്ങൾ

വെള്ള, മഞ്ഞ, പച്ച, ചുകപ്, കറുപ്പ്

തത്വങ്ങൾ

സൃഷ്ടി, സ്ഥിതി, സംഹാരം, തുരീയം, തിരോധാനം

ഇങ്ങനെ അനേകം തത്വങ്ങൾ ബന്ധപെട്ടു കിടക്കുന്നു പഞ്ച ഭൂതങ്ങളിൽ. ഈ തത്വ പ്രതീകമായി ആണ് ശങ്കരാചാര്യർ ഇവിടെ പ്രതിഷ്ഠ ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു

കേദാർനാഥ് - മുക്തിലിംഗം - ആകാശം
ചിദംബരം - മോക്ഷ ലിംഗം - വായു
കാഞ്ചീപുരം - യോഗ ലിംഗം - അഗ്നി
നേപ്പാൾ - വര ലിംഗം - ജലം
ശ്രിംഗേരി - ഭോഗ ലിംഗം - ഭൂമി

29 October 2018

ചതു ഷഷ്ഠി കോടി യോഗിനി ഗണ സേവിതാ

ചതു ഷഷ്ഠി കോടി യോഗിനി ഗണ സേവിതാ..

തന്ത്ര ശാസ്ത്രത്തിൽ ശ്രീ ലളിതാ പരാഭട്ടാരികയുടെ പരിചാരികമാരായി അറുപത്തിനാല് യോഗിനിമാർ ഉണ്ട്. മനുഷ്യന്റെ ബൗദ്ധീക ആന്തരിക മനോ വൈകല്യങ്ങൾ ആണവ. ബാഹ്യമായ അറുപത്തി നാല് കലകളും. ആന്തരികമായ അറുപത്തിനാല് മനോ വാഞ്ഛകളും ശരീര സപ്ത ധാതുക്കളും.. പ്രപഞ്ചത്തിൽ പ്രപഞ്ച സൃഷ്ടിയുടെ അറുപത്തിനാല് കലകളും ആകുന്നു ഇവ.. തന്ത്രാന്തരങ്ങളിൽ ഇവയ്ക്കു പ്രത്യേക സാധന വിധികൾ പറയുന്നു.. ശ്രീ ചക്ര മഹാ പൂജയിൽ അറുപത്തിനാല് കോടി യോഗിനി ബലി ചെയ്യാറുണ്ട് നിത്യാ തന്ത്ര സപ്തമ പടലത്തിൽ അറുപത്തിനാല് യോഗിനികൾക്കു പ്രത്യേകം ബലി ദ്രവ്യം പറയുന്നു. കാമ്യ സാധനകൾക്കു മുഖ്യ സാധന ചെയ്യാതെ യുക്തിമാനായ സാധകൻ യോഗിനി സാധന ആകുന്നു ചെയ്യുന്നത്.

1. ദിവ്യ യോഗ
2. മഹാ യോഗ
3. സിദ്ധ യോഗ
4. മഹേശ്വരി
5. പിശാചിനി
6. ഡാകിനി
7. കാള രാത്രി
8. നിശാചാരി
9. കങ്കാളി
10. രൗദ്ര വേതാളി
11. ഹുങ്കാരി
12. ഊർദ്ധ്വ കേശി
13. വിരൂപാക്ഷി
14. ശുഷ്കാംഗി
15. നരഭോജിനി
16. ഫട്കാരി
17. വീര ഭദ്ര
18. ധൂമ്രാക്ഷി
19. കലഹ പ്രിയ
20. രക്ത
21. രാക്ഷസി
22. ഘോര
23. വിശ്വ സ്വരൂപ
24. ഭയങ്കരി
25. കാമാക്ഷി
26. ഉഗ്രചണ്ഡ
27. ഭീഷണ
28. ത്രിപുരാന്തക
29. വീര കൗമാരിക
30. ചണ്ഡി
31. വാരാഹി
32. മണ്ഡ ധാരിണി
33. ഭൈരവി
34. ഹസ്തിനി
35. ക്രോധ ദുർമുഖി
36. പ്രേത വാഹിനി
37. ഖട്വാ
38. ഗാദി ദീർഘ ലംബോഷ്ടി
39. മാലതി
40. മന്ത്ര യോഗിനി
41. അസ്‌ഥിനി
42. ചക്രിണി
43. ഗ്രാഹ
44. ഭുവനേശ്വരി
45. കണ്ടകി
56. കാരകി
57. ശുഭാ
58. ക്രിയാ
59. ദൂതി
60. കരാളിനി
61.ശംഖിനിപദ്മിനി
62. ക്ഷീര
63. അസന്താ
64. ലക്ഷ്മി

28 October 2018

ഗായത്രിയും ഇരുപത്തിനാലു അക്ഷരങ്ങളും

ഗായത്രിയും ഇരുപത്തിനാലു അക്ഷരങ്ങളും

ഇരുപത്തിനാല് അക്ഷരങ്ങളാൽ വിശ്വത്തിന്റെ രഹസ്യമായി കുടികൊള്ളുന്ന ഗായത്രിയുടെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് അവതാരങ്ങളും, ശക്തികളും, ഋഷികളും, ഛന്ദസുകളും, തത്വങ്ങളും, നിറങ്ങളും ഏതൊക്കെയാണെന്ന് മഹർഷി നാരയണൻ, നാരദമഹർഷിയോട് വിശദീകരിച്ചിട്ടുണ്ട്.

"സർവ്വേ ശാക്ത ദ്വിജ: പ്രോക്തഃ |
ന ശൈവാ ന ച വൈഷ്ണവ ||
ആദി ശക്തിമുപാസന്തേ |
ഗായത്രി വേദ മാതരം ||

{ദേവി ഭാഗവതം .11,12,6}

ശക്തനും ശൈവനും വൈഷ്ണവനും ഒരുപോലെ ആരാധിക്കുന്ന അഖിലാണ്ഡ ബ്രഹ്മണ്ഡ നായകി ആകുന്നു ഗായത്രി

വ്യാഹൃതി

ഓം ഭൂർ ഭുവഃ സ്വ

മന്ത്ര അർത്ഥം

"സവിതാ സർവ്വ ഭൂതാനാം
സർവ്വ ഭാവൻ പ്രസൂയതേ
സവനാത് പ്രേരണാച്ചൈവ
സവിതാ തേന ഉച്യതേ "
{വിഷ്ണു ധർമ്മോത്തര പുരാണം}

ഗായത്രി

1 തത്,  2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ,  11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18  യോ, 19 യോ,  
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,

ശക്തികൾ :-
1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി,  15 - വിമലാ,  16 - തമോപഹാരിണി, 17 - സൂഷ്മാ,  18 - വിശ്വയോനി,  19 - ജയാ,  20 - വശാ,  21 - പത്മാലയാ,  22 - പരശോഭ,  23 - ഭദ്രാ, 24 – ത്രിപാദാ

മുദ്രകൾ:-
1 - സന്മുഖം,  2 - സംപുടം, 3 - വിതതം,  4 - വിസ്തൃതം, 5 -  ദ്വിമുഖം, 6 - ത്രിമുഖം,  7 - ചതുർമുഖം,  8 - പഞ്ചമുഖം,  9 -  ഷണ്മുഖം, 10 - അധോമുഖം, 11-   വ്യാപകജഞ്ജലികം,   12 - ശകടം,  13 -  യമപാശം,  14 - ഗ്രഥികം,  15 - സന്മുഖോന്മുഖം,  16 - വിലംബം,  17 -  മുഷ്ടികം,  18 - മത്സ്യം,  19 - കൂർമ്മം,  20 - വരാഹം,  21 - സിഹാക്രാന്തം,  22 - മഹാക്രാന്തം,  23 - മുദ്കരം,   24 - പല്ലവം.

ഋഷികൾ :-
1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു,  5 - ഭ്രഗു,  6 - ശാടില്യൻ,  7 - ലോഹിതൻ,  8 - വിഷ്ണു,  9 - ശാതാതവൻ,  10 - സനൽകുമരൻ, 11 - വേദവ്യാസൻ,  12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ,  15 - കൃതു,  16 - വഷശൻ,  17 - കശ്യപൻ,  18 - അത്രി,  19 - അഗസ്ത്യൻ,  20 - ഉദാലകൻ,  21 - അംഗിരസ്സ്,  22 - നാമകേതു,  23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.

ഛന്ദസുകൾ :-
1 - ഗായത്രി,  2 - ഉഷ്ണിക്ക്,  3 - അനുഷ്ടുപ്പ്,  4 -  ബൃഹതി,  5 - പക്തി,  6 - ത്രിഷ്ടുപ്പ്,  7 - ജഗതി,  8 -  അതിജഗതി,  9 - ശക്വരി,   10 - അതിശക്വരി,  11 -  ധൃതി,  12 - അതിധൃതി,  13 - വിരാട്,  14 - പ്രസ്തരപങക്തി,  15 - കൃതി,  16 - പ്രകൃതി,  17- ആകൃതി,   18 - വികൃതി,  19 - സംകൃതി,  20 - അക്ഷരപങക്തി,  21 - ഭുഃ,  22 - ഭുവഃ,  23 - സ്വഃ,  24 - ജ്യോതിഷ്മതി.

തത്വങ്ങൾ :-
1 - പൃഥി,  2 - അപ്പ്( ജലം ),  3 - തേജസ്സ് (അഗ്നി),  4 - വായു,  5 - ആകാശം,  6 - ഗന്ധം,  7 - രസം,  8 - രൂപം,  9 - ശബ്ദം,  10 - സ്പർശം,  11 - വാക്യം,  12 - പാദം,  13 - മലം, 14 - വിസർജനേന്ദ്രിയം,  15 - ത്വക്ക്,  16 - കണ്ണ്,  17 - ചെവി,  18 - നാക്ക്,  19 - മൂക്ക്,  20 - മനസ്,  21 - ബുദ്ധി, 22 -  അഹങ്കാരം,  23 - ചിത്തം,  24 - ജ്ഞാനം.

നിറങ്ങൾ :-
1 - ചമ്പകം,  2 - കായാമ്പു,  3 - പവിഴം,  4 - സ്ഫടികം,  5 - താമരപ്പൂ,  6 - അരുണാദിത്യൻ,  7 - ശംഖകുന്ദേന്ദുക്കൾ,  8 - ഇളംതാമരയില,  9 - പത്മരാഗം,  10 - ഇന്ദ്രനീലമണി,  11 - മുത്ത്,  12 - കുങ്കുമം, 13 - അഞ്ജനം,  14 - രക്തം,  15 - വൈഡ്യൂര്യം,  16 - തേൻ,  17 - മഞ്ഞൾ,  18 - കുന്ദദുഗ്ദ്ധങ്ങൾ,  19 - സൂര്യരശ്മി,  20 - ശുകപുച്ഛം,  21 - താമര,  22 - കൈതപ്പൂവ്,  23 - മല്ലികാകുസുമം,  24 - കരവീരപുഷ്പം.

അവതാരങ്ങൾ :-
1 - സനകൻ,  2 - സനന്ദൻ,  3 - സനാതനൻ,  4 - സനൽകുമാരൻ,  5 - വരാഹം,  6 - നാരദൻ,  7 - നരനാരായണന്മാർ,  8 - ദത്താത്രേയൻ,  9 - യജ്ഞൻ,  10 - ഋഷഭൻ,  11 - കപിലൻ,  12 -  മൽസ്യം,  13 - മോഹിനി,  14 - കൂർമം,  15 -  ഗരുഡൻ,  16 - ധന്വന്തരി,  17 - നരസിംഹം,  18 - വാമനൻ,  19 - പരശുരാമൻ,  20 - വ്യാസൻ,  21 - ശ്രീരാമൻ,  22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ,  24 - കൽക്കി.

ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :-
1 - അഗ്നിദേവൻ,  2 - പ്രജാപതി,  3 - ചന്ദ്രൻ,  4 - ഈശ്വാനൻ, 5 - ആദിത്യൻ,  6 - ഗാർഗ്യപത്യൻ,  7 - മന്ത്രം,  8 - ഭഗൻ,  9 - ആര്യമാവ്,  10 - സവിതാവ്,  11 - ത്വഷ്ടാവ്,  12 - പുഷാവ്,  13 - ഇന്ദ്രാഗ്നികൾ,  14 - വായു,  15 - വാമദേവൻ,  16 - മിത്രവരുണന്മാർ,  17 - ഭ്രാത്യവ്യൻ,  18 - വിഷ്ണു,  19 - വാമനൻ,  20 - വിശ്വദേവൻ,  21- രുദ്രൻ,  22 - കുബേരൻ,  23 - അശ്വനികുമാരന്മാർ,  24 - ബ്രഹ്മാദിദേവന്മാർ

ബ്രഹ്മാദിസപ്തമാതൃക്കളുടെ തത്ത്വം

ബ്രഹ്മാദിസപ്തമാതൃക്കളുടെ തത്ത്വം

പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

പ്രപഞ്ചത്തിൻ്റെയും വൃഷ്ടിശരീരത്തിൻ്റെയും സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്നു. ശക്തിവിശേഷങ്ങളെയാണ് ബ്രഹ്മാദിസപ്തമാതൃക്കൾ കുറിക്കുന്നത്. ബ്രഹ്മി എന്നത് സൃഷ്ടിശക്തിയും, മഹേശ്വരി എന്നത് സംഹാരശക്തിയും, കൗമാരി എന്നത് ഗുരുശക്തിയും, വൈഷ്ണവി എന്നത് സ്ഥിതി ശക്തിയും, വരാഹി എന്നത് മൂലാധാരത്തെ കുത്തിയിളക്കികൊണ്ട് താഴോട്ട് പ്രവഹിക്കുന്ന അതിശക്തിയായ ഈശ്വരീയ പ്രവാഹവും, ഇന്ദ്രാണി എന്നത് മൂലാധരത്തിൽ പ്രഥ്വവിതലത്തിൽ യോഗനിദ്രകൊള്ളുന്ന ശക്തിയും, ചാമുണ്ഡാ എന്നത് അവിടെ നിന്ന് ഉയർന്നു പൊങ്ങുന്ന അത്യുഗ്രമായ പ്രചണ്ഡമായ സാധകൻ്റെ തപശക്തിയുമാണ്. ഇവയെല്ലാമാണ് നമ്മുടെ ആന്തരീകതലത്തിൽ പ്രവർത്തനമാനങ്ങളായിരിക്കുന്ന ശക്തികൾ. ഏതു വൃഷ്ടിശരീരത്തിലും ഈ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷിച്ച് മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും, പ്രപഞ്ചശരീരീം ഒരു വൃഷ്ടിശരീരമാണല്ലോ. ഇത് രണ്ടിനോടും സാദൃശ്യം വഹിക്കുന്ന തരത്തിലാണല്ലോ. ക്ഷേത്രഗാത്രത്തെ സംവിധാനം ചെയ്തിട്ടുള്ളത്. അപ്പോൾ സ്ഥൂലദേഹത്തിൻ്റെ ഉപരിയായി മനോമയ കോശത്തിൻ്റെ താഴേയായി ഈ ശക്തികളുടെ പ്രവർത്തനരംഗം വരും. ക്ഷേത്രശിൽപ്പത്തിൽ യമനിൽ നിന്ന് സ്വൽപ്പം പടിഞ്ഞാറുമാറികൊണ്ടുള്ള പ്രദക്ഷിണമാർഗ്ഗത്തിൽ കൂടിയുള്ള ഈ ചലനം ഈശ്വരാഭിമുഖമായ ഈ അനന്തതയിലേക്കുള്ള പ്രയാണത്തെയാണ് കുറിക്കുന്നത്. അതായത് അൽപ്പം പടിഞ്ഞാറോട്ട് മാറുമ്പോൾ മാതൃക്കൾ യമൻ്റെ ഉപരിഭാഗത്താകുകയാണ് ചെയ്യുന്നത്. ഈ സപ്തമാതൃക്കളുടെയും ബലിപീഠങ്ങൾ ഈ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് . ഈ ഏഴു ശക്തികളേയും മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവതയായ ഗണപതിയെയും , സഹസ്രാരത്തിൻ്റെ അടിസ്ഥാനദേവതയായ ശിവൻ്റെ പ്രാതിനിധ്യം വഹിക്കുന്ന വീരഭദ്രനും വലയം ചെയ്തിരിക്കുന്നത് യുക്തി സഹമാണെന്ന് പറയാൻ കഴിയും..
യമൻ്റെ പടിഞ്ഞാറ് ഒരു നീളമുള്ള പീഠത്തിൽ തന്നെ ഈ ഏഴു മാതൃക്കളേയും ഓരേ വരിയിലും , അൽപ്പം വടക്കുമാറി ആ പീഠത്തിൽ തന്നെ കിഴക്കും പടിഞ്ഞാറും അഗ്രങ്ങളിൽ വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. ബ്രഹ്മി എന്ന സൃഷിശക്തിയേയും , മഹേശ്വരി എന്ന സംഹാരശക്തിയേയും സൃഷ്ടമായ സമഷ്ടിവൃഷ്ടി ശരീരങ്ങളിൽ ഹംസമന്ത്രരൂപങ്ങളിലുള്ള പ്രാണചലനങ്ങളാണ് ഹംസപീഠത്തിനുപരിയായി നിൽക്കുന്ന ഗുരുശക്തിയാണ് കൗമാരി. അതിനെ ആവരണം ചെയ്ത് നിൽക്കുന്നത് അമൃതമയമായ( പാലാഴിയിൽ പള്ളികൊള്ളുന്ന) വൈഷ്ണവിശക്തിയണ്. അവിടെ നിന്ന് ഭൂമിയെ ഉദ്ധരിക്കുവാൻ അതിശക്തമായി താഴോട്ട് അവതരിച്ച ശക്തിയാണ് വരാഹി. വാരഹത്തിൻ്റെ തോറ്റകൊണ്ട് താണുപോയ ഭൂമിയെ ഉദ്ധരിച്ചതായിട്ടാണല്ലോ പുരാണകഥ. ആ ഭൂമിയുടെ അഥവാ പാർത്ഥിവമായ അധസ്തലത്തിൽ കുടിക്കൊള്ളുന്ന ശക്തിയാണ് സുപ്തമായ കുണ്ഡലിനി അഥവ ഇന്ദ്രാണി, അതിൻ്റെ ഉർത്ഥിരൂപമാണ് ഉയരുന്ന പ്രചണ്ഡശക്തിയായ കുണ്ഡലിനി- അതാണ് ചാമുണ്ഡാ, ഈ കൽപ്പനാ സപ്തമാതൃക്കളുടെ സൂക്ഷ്മതത്ത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജീവൻ്റെ ഈശ്വരാഭിമുഖമായ പ്രയാണത്തിൻ്റെ ആദ്ധ്യത്മികഗതിയുടെ പടികളാണ് ഈ സപ്തമാതൃക്കളുടെ പഠിഞ്ഞാറോട് നീണ്ടു നിൽക്കുന്ന പ്രതിഷ്ഠകൾ.

• അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.

• ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.

• ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ് ആയുധം.

• വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.

• ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.

• ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.

• വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.

• പോത്താണ് പരാശക്തിയുടെ തന്നെ അംശമായ ചാമുണ്ഡിയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ .

ഇതുകളെ കൂടാതെ മാതൃക്കൾക്കും കുറച്ച് പടിഞ്ഞാറുമാറി ശാസ്താവിനേയും വായുകോണിൻ്റെ അൽപം കിഴക്കായി ദുർഗ്ഗയെയും സോമൻ്റെ തൊട്ടുപടിഞ്ഞാറായി സുബ്രമണ്യനെയും സോമൻ്റെ തൊട്ടു കിഴ്ക്കായി കുബേരനെയും പ്രതിനിദാനം ചെയ്യുന്ന ബലിപീഠങ്ങളുണ്ട്. ഇതിൽ കുബേരൻ ഉത്തരദിക്കിൻ്റെ അധിപൻ എന്ന നിലയിൽ സോമൻ്റെ ഒരു ആവർത്തനമാണ്. ശാസ്താവ് കേരളത്തിൽ പ്രചുരപ്രചാരമായ ഒരു മന്ത്രസങ്കൽപമാണ്, സുബ്രമണ്യൻ ഗുരുവിനെ പ്രതിനിദാനം ചെയ്യുന്നു. ഗുരു ഗുഹൻ എന്നി പേരുകളുടെ മന്ത്രശാസ്ത്രപ്രകാരമുള്ള അടുപ്പം അതിനെയാണ് സുചിപ്പിക്കുന്നത്. കൂടാതെ പുരാണങ്ങൾ ഗുഹനെയാണല്ലോ പരമശിവനുപോലും പ്രണവോപദേശം ചെയ്യുന്ന ഗുരുവായി സങ്കൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സോമൻ്റെ തൊട്ടടുത്തു തന്നെയാണ് സുബ്രമണ്യൻ്റെ സ്ഥാനം.

മറ്റൊരു മന്ത്ര സങ്കൽപമുള്ളത് ഗണപതി, ദുർഗ്ഗ, വടുകഭൈരവൻ, ക്ഷേത്രപാലൻ, എന്നി മന്ത്രമൂർത്തികൾക്ക് ഏതോരു മന്ത്രപ്രതിഷ്ഠയെയും പ്രധാന ബലിസ്ഥാനങ്ങളാണിവ. ശ്യാമളദണ്ഡകത്തിൽ "തത്രവിഘനേശ്വര ദുർഗ്ഗാവടു ക്ഷേത്രപാലൈര്യുതേ" എന്നിവരികൾ ഈ മന്ത്രശാസ്ത്രസങ്കേതത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ഗണപതിയും വടുകഭൈരവനും സപ്തമാതൃക്കളുടെ ഇരുപുറവുമുള്ള ഗണപതി വീരഭദ്രന്മാർ പ്രതിനിദാനം ചെയ്യുന്നു. അതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു സമാന്ത്രമായി നിൽക്കുകയാണ് ദുർഗ്ഗാക്ഷേതപാലന്മാർ, ക്ഷേത്രപാലൻ എന്ന സങ്കൽപ്പം അകത്തെ ബലിവട്ടത്തിലെ നിർമ്മാല്യധാരിയാണ്. , നിർമ്മാല്യധാരിക്ക് സമാനമായ ഒരു സ്ഥാനമാണ് പുറത്തെ ബലിവട്ടത്തിൽ ക്ഷേത്രപാലനുള്ളത്, ബലിയുടെ അവസാനം പാത്രത്തോടെ ക്ഷേത്രപാലകനു നിവേദിക്കുമെങ്കിൽ ദേവൻ്റെ ഏതു നിവേദ്യവും നിർമ്മാല്യധാരിക്ക് നിവേദിച്ച് നിർമ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തിൽ ചെയ്യുന്നത്. ദേവപരമായ നിവേദ്യത്തിനുശേഷം നിർമ്മാല്യധാരിക്കും . ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമർപ്പിക്കുന്നത്. അതിനാൽ സൂക്ഷശരീരത്തിൻ്റെയും സ്ഥൂലശരീരത്തിൻ്റെയും പാലകന്മാരായ നിർമ്മാല്യധാരിയുടെയും ക്ഷേത്രപാലൻ്റെയും സങ്കൽപ്പങ്ങൾ ഒന്നു തന്നെയാണ്. ദേവൻ എങ്ങോട്ട് തിരിഞ്ഞാലും നിവേദ്യത്തിൽ അവസാനത്തെ കുടിക്കുനീർ വീഴ്ത്തി നിവേദ്യത്തെ വടക്കോട്ട് നിർമ്മല്യധാരിക്ക് പ്രാണാഹൂതിപുരസ്സരം നിവേദിക്കുന്നു എന്നോർക്കുക. ഈശ്വാനപദത്തിൽ ശിവലിംഗസമാനനായി ഈ നിർമ്മാല്യധാരി സ്ഥിതിചെയ്യുന്നു. ഇങ്ങനെയാണ് അകത്തെ ബലിവട്ടത്തെ ബലിദേവതകളുടെ സ്ഥിതി.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു...