ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-13

കമ്പരാമായണം കഥ

അദ്ധ്യായം :-13

അയോദ്ധ്യാകാണ്ഡം

സംഭ്രമജനകമായ ഈ വാർത്ത രാജധാനിയിലെങ്ങും പരന്നു.  രാജപത്നിമാർ രാമലക്ഷ്മണന്മാർ സുമന്ത്രൻ മറ്റ് എല്ലാവരും അന്തഃപ്പുരത്തിൽ എത്തി . അച്ഛൻറെ വിറക്കുന്ന തല രാമനും ഭർത്താവിൻറെ പതറുന്ന പാദം കൗസല്യയും മടിയിൽ എടുത്തുവച്ചു പരിചര്യകൾ ചെയ്തു. രാജാവിൻറെ മുഖത്ത് വസിഷ്ഠൻ പനിനീർതളിച്ചു.  അല്പസമയം കഴിഞ്ഞപ്പോൾ ദശരഥൻ കണ്ണുകൾ അല്പമൊന്ന് തുറന്നു വീണ്ടും മയങ്ങി. അച്ഛനിങ്ങനെ വരാനുളള സംഭവത്തിന്റെ  കാരണം  ചോദിച്ച രാമനോട്. കൈകേയി സംഭവങ്ങൾ വിശദീകരിച്ചു.  രാമൻ പറഞ്ഞു ഇതിനാണോ രാജാധിരാജനായ പിതാവ് വിഷമിക്കുന്നത്. ഇതിന് അച്ഛൻ വിഷമിക്കണ്ട, അമ്മ ഷോഭിക്കുകയും വേണ്ട.  ഭരതനെ  രാജാവാക്കിയാലും ഞാൻ ഇന്ന് തന്നെ കാട്ടിലേക്ക് പുറപ്പെട്ടു കൊള്ളാം . രാജഭരണത്തേക്കാൾ വനമാണ് സുഖപ്രദം

ലക്ഷ്മണനിൽ ഈ രംഗത്തിലെ വിവിധ രീതികൾ നാനാമുഖങ്ങളായ വിരുദ്ധ വികാരങ്ങളാണ് ഉളവാക്കിയത്.  വൃദ്ധനായ പിതാവിനോട് അനുകമ്പ തോന്നിയില്ല.  പിതാവിനെ അന്തഃപ്പുരത്തിൽ അടച്ച് കൈകേയിയെ ബന്ധനസ്ഥനാക്കി ഉപദേശത്തിന് എത്തുന്ന ഗുരു മന്ത്രിമാരെ അകറ്റിനിർത്തി  രാജാവായി രാമനെ വാഴിക്കാൻ തന്നെ ലക്ഷ്മണൻ തീരുമാനിച്ചു.  രാമചന്ദ്രൻ സന്ദർഭോചിതമായ സാമോപായം കൊണ്ടും  സാരഗർഭമായ തത്വോപദേശം കൊണ്ടും അനുജനെ സാന്ത്വനപ്പെടുത്തി.  വനവാസത്തിന് കൂടി പോരുന്നതിന് രാമൻ സമ്മതിച്ചതിന് ശേഷം മാത്രമേ ലക്ഷ്മണൻ ശാന്തനായുളളൂ.  ഈ സമയമായപ്പോഴേക്കും സാമാന്യമായി ബോധം വീണ്ടു കിട്ടിയ ദശരഥൻ തന്നെ കൗസല്യയുടെ അന്തഃപുരത്തിലിക്കാൻ രാമലക്ഷ്മണന്മാരോട്  ആവശ്യപ്പെട്ടു.  അവർ ദശരഥനെ കൗസല്യയുടെ അന്തഃപ്പുരത്തിൽ എത്തിച്ചു

ശേഷം രാമൻ സീതയുടെ അരമനയിലേക്ക് പോയി . ലജ്ജയോടെ  ഭർത്താവിന് സ്വാഗതം പറഞ്ഞ സീതയോട് രാമൻ പറഞ്ഞു.   സ്വാഗതം ഞാൻ സ്വീകരിച്ചിരിക്കുന്നു. ഇനി ഒരു "സുഗതം"  കൂടെ നല്കൂ.  സീത ചോദിച്ചു രാജാവ് ആകുന്നതിനു മുൻപ് ഇത്രയും സമയലോഭമോ? ഭർത്താവിന് സ്ഥാനമാനങ്ങൾ സിദ്ധിക്കുന്നത് ഭാര്യയ്ക്കും അന്തസ്സല്ലേ എന്ന രാമന്റെ  ചോദ്യത്തിന് ഭർത്താവിനെയാണ് ഭാര്യ ഇഷ്ടപ്പെടുന്നത് ഭർത്താവിൻറെ സ്ഥാനമാനങ്ങൾ അല്ല എന്ന് സീത മറുപടി നൽകി . അങ്ങനെയാണെങ്കിൽ രാജസ്ഥാനം  സിദ്ധിക്കുന്നില്ലല്ലോ  എന്നതിൽ കുണ്ഡിതമില്ലല്ലോ  എന്നായി രാമൻ.  രാജ്യം കിട്ടുന്നില്ലെങ്കിൽ ഞാൻ ഭാഗ്യവതിയാണ്.  എന്നാലും അതിൻറെ കാരണം കൂടി അറിയിക്കൂ എന്ന് പറഞ്ഞു സീത.  രാമൻ കൈകേയിയുടെ വരത്തെ കുറച്ചും ഭരതനെ രാജാവാകുന്നതിനെ കുറിച്ചും വനവാസത്തെ കുറിച്ചും സീതയെ  അറിയിച്ചു . സീത അപ്പോൾ  ആനന്ദത്തോടെ പറഞ്ഞു ഭാഗ്യം അങ്ങ് എനിക്ക് മാത്രം ഉള്ളതായി തീർന്നല്ലോ.   തനിക്ക് യാത്രയ്ക്കുള്ള അനുവാദം നൽകാൻ ആവശ്യപ്പെട്ട രാമനോട് സീത ചോദിച്ചു ഇതെന്തു കഥ സീതയെ കൂടാതെ വനവാസം രാമാവതാരങ്ങളിൽ എതിലെങ്കിലും എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?  ഇപ്പോൾ എന്നെ കൂടാതെ അങ്ങ് മാത്രം വനവാസം അനുഷ്ഠിക്കുകയോ?  അങ്ങനെ ഒരു വരാനുശാസനം പുതുതായുണ്ടായോ?  ഉണ്ടായാൽ തന്നെ   വിധേയത്വവും  വിധായകത്വവുമില്ല . അതുകൊണ്ട് ഞാൻ മുൻപേ അങ്ങ് പിറകേ

ശ്രീരാമൻ സീതയെ വനയാത്രയിൽ നിന്നും  നിരുത്സാഹപ്പെടുത്തി എങ്കിലും സീത തീരുമാനത്തിൽ ഉറച്ചുനിന്നു . ശ്രീരാമൻ പിതാവിനോടും മറ്റും യാത്ര ചോദിക്കുന്നതിന് കൗസല്യയുടെ അന്തഃപ്പുരത്തിൽ എത്തി.  കൈകേയിയും സുമിത്രയും അവിടെ  ഉണ്ടായിരുന്നു.   കൈകേയി വനയാത്രയ്ക്ക് ഒരുങ്ങാൻ മൂന്നുപേർക്കും വൽകലം നൽകി.  രാമലക്ഷ്മണന്മാർ വൽക്കലം ധരിച്ചു.  സീത വല്ക്കലം വാങ്ങി ഉടുക്കേണ്ട വിധം അറിയാതെ വിഷമിക്കുന്നത് കണ്ടപ്പോൾ ദശരഥൻ പറഞ്ഞു ദൂഷ്ടേ കൈകേയി നിനക്കു തന്ന വരത്തിൽ രാമൻറെ വനവാസമേ ഉൾപ്പെട്ടിരുന്നുളളൂ.  സീതാ പാതിവൃത്യ  നിഷ്ടകൊണ്ട് രാമനെ അനുഗമിക്കുകയാണ് . അവളെ കാട്ടിലേക്ക് അയക്കുന്നതിനും വൽക്കലം ധരിപ്പിക്കുന്നതിനും നിനക്ക് അവകാശമില്ല . ശേഷം സീതയോട് പറഞ്ഞ് കുഞ്ഞേ, ജാനകി നീ സർവാഭരണവിഭൂഷിതയായി തന്നെ ഭർത്താവിനെ അനുഗമിച്ചു കൊള്ളുക.  ഇത് കേട്ട കൗസല്യ സീതയുടെ മൃദുലപാണിയിൽ നിന്നും വല്ക്കലം തിരികെ വാങ്ങി . ഈ സന്ദർഭത്തിൽ സുമിത്ര വനത്തിലേക്ക് ജ്യേഷ്ഠനെ അനുഗമിക്കാൻ സന്നദ്ധയായി നൽകുന്ന ലക്ഷ്മണനെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു"  പുത്രാ നീ രാമനെ ദശരഥനായും സീതയെ സുമിത്രയെന്നും അടവിയെ അയോദ്ധ്യയെന്നും സുദൃഢമായി  വിചാരിച്ചു കൊള്ളുക. മംഗളം."   അനർഘമായ ഈ മന്ത്രം ഉപദേശിച്ചു ദായിക സന്തുഷ്ടയും ദായകൻ സംതൃപ്തനുമായി

ദശരഥനോടും കൈകേയിയോടും കൗസല്യയോടും  സുമിത്രയോടും യാത്രാനുമതി  ചോദിച്ചു രാമൻ.  കൈകേകി പറഞ്ഞു ഉത്തമ പുത്രനാണ് നീ പിതാവിന്റെ  നിർദേശം അക്ഷരംപ്രതി അനുസരിക്കുന്ന നിന്നെപ്പോലുള്ള പുത്രൻ ഉള്ള പിതാക്കന്മാർ ക്ലേശിപ്പാനെന്തിരിക്കുന്നു?  കൗസല്യ രാമനോട് പറഞ്ഞു പിതാവിനെ ഞാൻ നോക്കിക്കൊള്ളാം ഈ കുഞ്ഞു സീതയെ നീ നന്നായി  സംരക്ഷിച്ചു കൊള്ളുക.   ദശരഥൻ രാമനോട്,  രാമ നിനക്കും കുമാരലക്ഷ്മണനും ജാനകിയ്ക്കും  ഞാൻ കാരണം കഷ്ടപ്പെടേണ്ടി വന്നു.  കുമാരാ ലക്ഷ്മണാ ജ്യേഷ്ഠനെയും ജ്യേഷ്ടത്തിയേയും     സദാ ശുശ്രൂഷിച്ച് നിന്റെ കടമ പരിപാലിച്ചു കൊള്ളുക . സീതേ നീ സാക്ഷാൽ ലക്ഷ്മീദേവിയാണ്.  നീ എന്നെ വിട്ടു പിരിഞ്ഞു പോകുന്നതിൽ എനിക്ക് അത്യന്തം അസുഖമുണ്ട്.  പതിവൃതാധർമം പരിപാലിക്കുന്ന നിന്നെ ഞാൻ വാത്സല്യപൂർവ്വം അഭിനന്ദിക്കുന്നു.  മംഗളം ഭവിക്കട്ടെ

സീതാരാമലക്ഷ്മണൻ മാതാക്കളെയും  പിതാവിനെയും മറ്റു ജനങ്ങളെയും യഥായോഗ്യം വന്ദിച്ച് പരിജനങ്ങളെ അനുനയിച്ചും രാജമന്ദിരത്തിന് പുറത്തിറങ്ങി.  അവിടെ സുമന്ത്രൻ രഥവുമായ് നിൽപ്പുണ്ടായിരുന്നു.  കൂടാതെ വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടി ഇരുന്നു.  പൗരജനങ്ങൾ രാജകുമാരനോട് ഇതെന്തു സംരംഭമാണ് അങ്ങ് എവിടെ പോകുന്നു എന്ന് അന്വേഷിച്ചു.  രാമൻ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.  അനന്തരാവകാശിയെ തീരുമാനിക്കാനേ രാജാവിന് അധികാരമുള്ളു അവരെ തള്ളുന്നതും കൊള്ളുന്നതും പൗരജനങ്ങളാണ്.  ഇതിനെല്ലാം കാരണം കൈകേയിയാണ്. രാമൻ പറഞ്ഞു  കൈകേകി മാതാവ് തനിക്ക് കിട്ടിയ വരം ആവശ്യപ്പെട്ടു എന്നേയുള്ളൂ.  രാജാവോ സ്വന്തം ജീവൻ രക്ഷിച്ചതിനാണ് വരം നൽകിയത്.  അതിനാൽ അവർ രണ്ടുപേരും തെറ്റുകാരല്ല. നിങ്ങൾ  ശാന്തരായി എനിക്ക് മംഗളം ആശംസിക്കുകയാണ് വേണ്ടത് . ജനങ്ങൾ പറഞ്ഞു ഞങ്ങൾ ശാന്തരായി അങ്ങേയ്ക്ക് മംഗളം ആശംസിച്ചു കൊള്ളുന്നു.  എന്നാൽ അങ്ങയെ വിട്ട് പിരിയുന്നത് ഞങ്ങൾക്ക് പ്രയാസമുള്ളകാര്യമാണ്.  അതിനാൽ ഞങ്ങളും അങ്ങയെ അനുഗമിച്ചു കൊള്ളാം..

അനന്തരം ശ്രീരാമനോടൊപ്പം പൗരജനങ്ങളും രണ്ടു യോജന നടന്നു. വിശ്രമിക്കാനായി അവിടെ തങ്ങി.  യാത്രാക്ഷീണം കൊണ്ട്  അവർ ഗാഢനിദ്രയിൽ മുഴുകി. പാതിരാത്രി കഴിഞ്ഞപ്പോൾ ശ്രീരാമൻ ഉണർന്ന് ഭാവിപരിപാടി ആലോചിച്ചു.  ജനങ്ങളുടെ അനുഗമനം തങ്ങളുടെ യാത്രയ്ക്കും വനവാസത്തിനും വലിയ പ്രതിബന്ധം ആയിരിക്കും.  അയോദ്ധ്യ ജനഹീനവുമാകാം. സുമന്ത്രനെ ഉണർത്തി രഥത്തിൽ  കയറ്റി അയോദ്ധ്യയിലേക്ക് തിരിച്ചയച്ചു.  ഉടനെതന്നെ സീതയേയും ലക്ഷ്മണനേയും ഉണർത്തി മൂവരും കൂടി കാൽനടയായി ഗംഗാതടത്തിലേക്ക് നടന്നു.  ഗാഢനിദ്രയിൽ ആയിരുന്ന പൗരജനങ്ങൾ ഇതൊന്നും അറിഞ്ഞില്ല.  പിറ്റേന്ന് പൗരവൃന്ദം ഉണർന്നപ്പോൾ സീതാരാമലക്ഷ്മണന്മാരെയും സുമന്ത്രനേയും കാണായ്കയാൽ, രഥം അയോധ്യയ്ക്ക് അഭിമുഖമായി പോയ രഥപ്പാടും കുതിരകുളമ്പിന്റെ പാടും കാണ്ടതിനാൽ അവരെല്ലാം അതിവേഗത്തിൽ അയോദ്ധ്യയിലേക്ക് മടങ്ങിപ്പോയി.

തുടരും .....

No comments:

Post a Comment