ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 10

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 10

ഒരിയ്ക്കലും സൃഷ്ടി  സ്വരൂപനായ ഇശ്വരനു അവതരിയ്ക്കേണ്ടി വരുന്നുണ്ടോ?.

സർവ്വ ശക്തനും, സർവ്വ വ്യാപിയും, സർവ്വേശരനുമായ ആ വിശ്വചൈതന്ന്യത്തിനു ആരെ സംരംക്ഷിയ്ക്കാനാണു, ആരെ നിഗ്രഹിയ്ക്കാനാണു അവതരിയ്ക്കുന്നത്.

ഒരു പുല്ക്കൊടിയുടെ ചലനത്തിൽ പോലും അദ്ദേഹം അനാവശ്യമായി ഇടപെടുന്നില്ല, കാരണം ആ ചലനം പോലും അദ്ദേഹമാണു.

ഈ വിശ്വപ്രപഞ്ചം സ്വഛന്ദം കാര്യകാരണ സിദ്ധാന്തത്തിലും, കർമ്മഫല സിദ്ധാന്തത്തിലും വർത്തിയ്ക്കുക മാത്രമാണു ചെയ്യുന്നത്.

എല്ലാവരും സ്വയം കർമ്മ, ഭക്തി, യോഗ, ജ്ഞാന മാർഗ്ഗത്തിലൂടെ ഈശ്വരത്ത്വത്തിലേയ്ക്ക് എത്തുകയാണു വേണ്ടതെന്നല്ലെ സനതനധർമ്മചിന്തകൾ ആവശ്യപ്പെടുന്നത്?

അതേ സമയം ആത്മ ഭാവങ്ങൾ പരിണാമ പുനർജന്മ്മ പ്രക്രിയയിലൂടെ ആത്മജ്ഞാനവും മുക്തിയും നേടി ഈശ്വരതുല്യരായി തീരാറുണ്ട്.

ഈ പുണ്യാത്മാക്കളെയല്ലെ പലപ്പോഴും അവതാരങ്ങളായും, പ്രവാചകന്മാരായും, ദൈവങ്ങളായും ഭക്തർ ആരാധിയ്ക്കുന്നത്.

ഈശ്വരനു എവിടെ നിന്നാണു കർമ്മഫലങ്ങൾ ഉണ്ടാകുന്നത്.

നമ്മൾ അവതാരങ്ങളായി ഗണിയ്ക്കുന്ന പല പുണ്യാത്മാക്കളും കർമ്മ ഫലങ്ങളാൽ അസ്വസ്ഥത അനുഭവിയ്ക്കുന്നതായി കാണുന്നു.

പലരും രോഗബാധിതരായാണു മരണമടഞ്ഞതെന്നു കാണുന്നു.  ഇത് അവരുടെ ആത്മീയതയ്ക്ക് ഒട്ടും മങ്ങലേല്പ്പിയ്ക്കുന്നില്ല.

അതേ സമയം കർമ്മഫലങ്ങൾ മുഴുവനായി ഭസ്മീകരിച്ച ഒരു മുക്താത്മാവിനു രോഗ പീഠകളാൽ ബുദ്ധിമുട്ടേണ്ടി വരികയുമില്ല.

ഇതിൽ നിന്നും ഓരോ പുണ്യ പുരുഷനും ആത്മ ജ്ഞാനത്തിന്റെ വിവിധ പടവുകളിലാണു എത്തിയിരുന്നതെന്നും, പലരും ആത്മീയമായി ഉയർന്നിരുന്നുവെങ്കിലും പരിപൂർണ്ണമായും മുക്തരായിരുന്നില്ല യെന്നുമാണു ആത്മീയ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കേണ്ടത്.

എന്നാൽ തന്റെ ഗുരു, ഈശ്വരാവതാരമായിരുന്നുവെന്നും, മറ്റുള്ളവരെ ബോധവല്ക്കരിയ്ക്കുന്നതിനുവേണ്ടിയാണു ക്രൂരമായ മരണം അദ്ദേഹം വരിച്ചത്, രോഗിയായിരുന്നുവെങ്കിലും അദ്ദേഹത്തിനു ഒട്ടും വേദനയുണ്ടായിരുന്നില്ല എന്നിങ്ങനെ പല അനുയായികളും സ്വയം സമാധാനപ്പെടുകയും, ആശ്വസിയ്ക്കുകയും ചെയ്യുന്നതായി കാണാം.

ഈ മഹത് വ്യക്തികളൊക്കെ ജീവിച്ചിരുന്നപ്പോൾ രൂപ ഭാവങ്ങളില്ലാത്ത ഈശ്വരനെ ആരാധിച്ചിരുന്നതായികാണാം.

എന്നാൽ ആത്മ ജ്ഞാനത്താൽ തങ്ങൾ ഈശ്വരത്വത്തിലേയ്ക്ക് എത്തുകയാണെന്നും എല്ലാവരും ഇതുപോലെ എത്തേണ്ടതാണെന്നും അവർ കാണിച്ചു തരികയാണു ചെയ്തത്.

അതിനാവശ്യമായ സാധനകളും ജീവിത, ചിന്താരീതികളും അവർ കാണിച്ചുതന്നിരുന്നതായി കാണാം.

മഹാശിവൻ, ശ്രീരാമൻ, ശ്രീക്ര്യഷ്ണൻ, ശ്രീബുദ്ധൻ, ശ്രീനാരായണഗുരുദേവൻ എന്നിവരെപ്പോലെയുള്ള പല പുണ്യാത്മാക്കളും സാധാരണ മനുഷ്യരുടെ ഇടയിൽനിന്നും സ്വയം ശുദ്ധീകരണത്തിലൂടെ പുണ്യാത്മാക്കളായി ത്തന്നെ വരാണെന്നു പറയപ്പെടുന്നു

എന്നാൽ ഈ പുണ്യാത്മാക്കളുടെ ബോധ തലത്തിലേയ്ക്ക് ഉയർന്നിട്ടില്ലാത്ത ശിഷ്യ ഗണങ്ങളൊ,സംഘടിതമതമൊ,  പുരോഹിത വർഗ്ഗമോ ആണു അവരെ ദൈവാവതാരങ്ങളായി പ്രതിഷ്ടിച്ചത്.

എല്ലാവരും സ്വയം ശുദ്ധീകരണത്തിലൂടെ, നന്മയിലൂടെ ദൈവത്വത്തിലേയ്ക്ക് ഞങ്ങളെപ്പോലെ ഉയർന്നുവരികയെന്നു ആ പുണ്യാത്മാക്കൾ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നപ്പോൾ,

ആർക്കും ഇങ്ങനെയാകാം, എല്ലാവരും ഇങ്ങനെയാകണം എന്നു പറഞ്ഞപ്പോൾ അവരെ ദൈവാവതാരമാക്കി അവരുടെ സന്ദേശങ്ങൾക്ക് പ്രസക്തി കുറയ്ക്കുകയല്ലെ നാം ചെയ്തത്.

ഈ പുണ്യപുരുഷന്മാരൊക്കെ ഭക്തനും ദൈവത്തിനും ഇടയിലുള്ള പുരോഹിത വർഗ്ഗത്തെ എതിർത്തിരുന്നതായി കാണാം

എന്നാൽ ഈ പുരോഹിത വർഗ്ഗം അവരുടെ കാലശേഷം ദൈവത്തിന്റെ പ്രതി പുരുഷന്മാരായി മനുഷ്യനെ ദൈവത്വത്തിലേയ്ക്ക് പ്രവേശിയ്ക്കാതിരിയ്ക്കാനുള്ള സുപ്രധാന വിലങ്ങു തടിയായി മതത്തിന്റെ, ആത്മീയതയുടെ ഭാഗമായി കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതായി കാണാം.

പുണ്യത്മാക്കൾ അവതാരങ്ങളാകുന്നതോടെ ആർക്കും അങ്ങിനെ ആകാൻ കഴിയുകയില്ല, അത് ദൈവത്തിനു മാത്രം കഴിയുന്ന കാര്യമാണു, സാധാരണക്കാരായ നമ്മൾ പാപികളാണു, അദ്ദേഹം ചെയ്തതുപോലെ, പറഞ്ഞതു പോലെ നമുക്കു ചെയ്യാൻ കഴിയുകയില്ല, അദ്ദേഹത്തെ വിശ്വസിയ്ക്കുകയും ആരാധിയ്ക്കുകയും മാത്രമാണു നമ്മൾ ചെയ്യേണ്ടത്, അത് മാത്രം മതി, ഇതാണു യഥാർത്ഥത്തിലുള്ള ആത്മീയതയെന്നു നമ്മെ തെറ്റിദ്ധരി പ്പിച്ചിരിയ്ക്കുന്നു.

അന്ധമായി വിശ്വസിയ്ക്കുന്നതും, അന്ധമായി അവിശ്വസിയ്ക്കുന്നതും അന്ധവിശ്വാസമാണു.

ലോകരക്ഷകനായ സർവ്വേശ്വരൻ നേരീട്ടു മനുഷ്യനായി ഒരു പ്രത്യേക സ്ഥലത്ത്, കാലത്ത് അവതരിച്ച് ദുഷ്ടരാൽ, അവഹേളിയ്ക്കപ്പെടുക, പീഡിപ്പിയ്ക്കപ്പെടുക, വധിയ്ക്കപ്പെടുക, മരണപ്പെടുക, മറ്റുള്ളവരെ കൊലചെയ്യുക എന്നൊക്കെ ചിന്തിയ്ക്കുന്നത് സർവ്വേശരഭാവത്തിനു കളങ്കം ചാർത്തുന്നതല്ലെ?

നമ്മുടെ ഇടുങ്ങിയ മനുഷ്യമനസ്സിന്റെ പരിമിതി മാത്രമല്ലെയത്?

അതേ സമയം ആത്മ ഭാവങ്ങൾ പരിണാമ പുനർജന്മ്മപ്രക്രിയയിലൂടെ ആത്മജ്ഞാനവും മുക്തിയും നേടി ഈശ്വര തുല്യരായിത്തീരാറുണ്ട്. ഈ പുണ്യാത്മാക്കളെയല്ലെ പലപ്പോഴും അവതാരങ്ങളായും, പ്രവാചകന്മാരായും, ദൈവങ്ങളായും ഭക്തർ ആരാധിയ്ക്കുന്നത്.

ഒരു പ്രത്യേക കാര്യത്തിനു ഈശ്വരൻ അവതരിയ്ക്കുന്നുവെന്നു ധരിയ്ക്കുന്നതിനേക്കാൾ പരിണാമ പുനർജന്മ്മ പാതയിലൂടെ മുന്നോട്ടു ഗമിയ്ക്കുന്ന ഒരു ജീവാത്മാവിലൂടെ സർവ്വേശരൻ പ്രവർത്തിയ്ക്കുന്നുവെന്നു പറയുന്നതല്ലെ കൂടുതൽ യുക്തിഭദ്രവും, സ്വീകാര്യവും.

അപ്പോളതിനു വിശ്വത്തിന്റെ പ്രവർത്തനത്തിന് ആധാരമായ കാര്യകാരണ സിദ്ധാന്തതെയോ, കർമ്മ ഫലസിദ്ധാന്തത്തേയോ, നിരാകരിയ്ക്കെണ്ടിവരുന്നില്ലല്ലൊ..

ഇതോട് കൂടി ഈ പരമ്പര അവസാനിച്ചു

കടപ്പാട്

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 09

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 09

അദ്വൈതവാദി/ നിരീശ്വരവാദി

 സ്തൂല പ്രപഞ്ച നിയമങ്ങളെ അതി ജീവിയ്ക്കാന്മാത്രം സാധനയിലൂടെ ഒരു അദ്വൈതി ഉന്നതിയിലെത്തിച്ചേരുമ്പോൾ അയാൾക്ക് ഈ സ്തൂലപ്രപഞ്ചം നിത്യസത്യമല്ലയെന്ന ബോധം, സ്വന്തം അനുഭവത്തിലൂടെ മനസ്സിലാവുകയാണു ചെയ്യുന്നത്.

അതൊരു ഉന്നതമായ തിരിച്ചറിവാണു.അല്ലാതെ വെറുമൊരു വാദഗതിയല്ല നിരീശ്വരവാദി

അതേ സമയം നിരീശ്വരവാദിയും ഈശ്വരനെ അംഗീകരിയ്ക്കുന്നില്ല.
ദ്ര്യശ്യ പ്രപഞ്ചത്തെ മാത്രം അംഗീകരിയ്ക്കുന്നു.

എന്നാൽ എല്ലാത്തിനും പുറകിലും പൂർണ്ണതയാർന്ന ചൈതന്യത്തെ കണ്ടെത്താനൊ, ഉൾക്കോള്ളാനൊ അംഗീകരിയ്ക്കാനൊ കഴിയുന്നില്ല.

സാമൂഹികമായ ഉച്ചനീചത്വങ്ങളും, കൂട്ടായ്മകളും, ഇത്തരമൊരു വിശ്വാസത്തിലെത്താൻ അവനെ നിർബന്ധിയ്ക്കുകയാണു.
മതങ്ങൾ ഉയർത്തികാട്ടുന്ന രക്ഷകനായ ഒരു പ്രപഞ്ച സ്രൃഷ്ട്ടാവിനെ സ്വീകരിയ്ക്കാൻ അവനു കഴിയാതെവരുന്നു.

മനുഷ്യന്റെ വികാരങ്ങളോടും, സ്വഭാവങ്ങളോടും, കൂടിയ അമാനുഷികനായ രക്ഷകനായ ഈശ്വരനെ തിരഞ്ഞാൽ നിരാശനാകയേ നിവ്ര്യത്തിയുള്ളു. ജാതി, മത, വർഗ്ഗ, അന്ധ വിശ്വാസങ്ങളുടെ പിടിയിൽനിന്നും അല്പം മോചിതരാകാൻ അവർക്കു കഴിയുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യം തന്നെയാണു.

ഒരാൾ മതപുരോഹിതരുടെ, ആൾദൈവങ്ങളുടെ, തെറ്റായ ആചാര അനുഷ്ടാനങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ കാരണങ്ങളാൽ നിരീശ്വര വാദിയായിത്തീരാം.

മതങ്ങൾ ഉയർത്തി ക്കാട്ടുന്ന രക്ഷകനായ ഈശ്വരൻ ഈ മതത്തിലെ തന്നെ തെറ്റായ കാര്യങ്ങൾക്കു നേരെ പ്പോലും എന്തുകൊണ്ട് കണ്ണടയ്ക്കുന്നു,

അവരെ സംരക്ഷിയ്ക്കുന്നു, എന്തുകൊണ്ട് ദുഖിതരെ, പീഡിതരെ രക്ഷിയ്ക്കുന്നില്ല, പക്ഷ പാതിയായ ഇത്തരമൊരു ഈശ്വരനെ ഞാൻ സ്വീകരിയ്ക്കുന്നില്ല എന്ന നിലപാടിൽ ഒരാൾ എത്തിച്ചേരുന്നതിൽ ഒട്ടും അതിശയോക്തിയില്ല

സ്ര്യഷ്ടി പ്രപഞ്ചത്തിൽ യാദ്ര്യിശ്ചികമായി സംഭവിച്ചതാണെന്ന ശാസ്ത്രത്തിന്റെ കാഴ്ചപ്പാടാണു നിരീശ്വരവാദികൾ സ്വീകരിയ്ക്കുന്നത്.

മനസ് മസ്തിഷക്കത്തിന്റെ പ്രവർത്തന ഫലമായുണ്ടാകുന്ന താല്ക്കാലിക പ്രതിഭാസമാണെന്നും മരണത്തോടു കൂടി അത് അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കുന്നു.

തന്റെ ശരീരത്തിനു കാരണഭൂതമായത് തന്റെ മനസ്സാണെന്നൊ, ഈ ദ്ര്യശ്യ പ്രപഞ്ചത്തിനു കാരണ ഭൂതമായത് അതു പോലെയുള്ള ഒരു അവബോധമാണെന്നൊ പോലും അംഗീകരിയ്ക്കുന്നില്ല.

ശാസ്ത്രജ്ഞർ സൂക്ഷ്മ ദർശിനി കൊണ്ടും, കണ്ടു സ്ഥിരീകരിച്ച കാര്യങ്ങളും, പരീക്ഷണനിരിക്ഷണങ്ങളിലൂടെ ഇപ്പോൾ എത്തിച്ചേർന്ന നിഗമനങ്ങളും മാത്രം സ്വീകരിയ്ക്കുന്നു.

നിരീക്ഷരവാദി

പുതിയ സിദ്ധാന്തങ്ങളുണ്ടാകുന്നതു വരെ പഴയവ സത്യമായി കരുതുന്നു.

സ്ഥൂലവസ്തുക്കൾ മൂലകങ്ങളാൽ നിർമ്മിയ്ക്കപ്പെട്ടവയാണെന്ന വിശ്വാസം പിന്നീട് ആറ്റങ്ങളുടെ ,ഇലക്ട്രോണുകളുടെ, പ്രോട്ടോണുകളുടെ, ക്വാർക്കുകളുടെ കണ്ടു പിടുത്തത്തോടു കൂടി കൂടുതൽ സൂക്ഷ്മമാകാൻ തുടങ്ങി.

ഇപ്പോൾ എത്തി ചേർന്നിരിയ്ക്കുന്നത് വസ്തുവെന്നാൽ അതിന്റെ മൂലരൂപത്തിൽ ഒരേസമയം പിണ്ഡവും അടുത്തനിമിഷം തരംഗവുമത്രെ,

അതായത് ഈ കാണുന്ന ദ്ര്യശ്യ പ്രപഞ്ചം തരംഗ രൂപിയായ ഊർജ്ജമാണു പോലും.

എന്നാൽ ഇക്കാണുന്ന ദ്ര്യശ്യ പ്രപഞ്ചത്തിനു പോലും കാരണ ഭൂതമായ ആ തരംഗ രൂപിയായ ഊർജ്ജത്തിനു മനുഷ്യന്റെ മനസ്സിനുള്ള ബോധം പോലും കല്പ്പിച്ചുകൊടുക്കാൻ അവനെ ക്കൊണ്ട് പോലും ഇതു പറയിയ്ക്കുന്ന വിശ്വബോധത്തിനെ അംഗീകരിയ്ക്കാൻ പോലുമുള്ള യുക്തിയില്ലാത്തവനായിത്തിർന്നിരിയ്ക്കുന്നു നിരീശ്വരവാദി.

ഇനി വിശ്വാസികളുടെ കാര്യമെടുക്കാം.

ശൈവ മത വിശ്വാസികൾ ശിവനെയും, വൈഷണവർ ശ്രീക്ര്യഷ്ണനേയും ,ശാക്തേയർ ദേവിയേയും, പൊതുവെ ഹിന്ദുക്കൾ സകല മൂർത്തികളേയും ദൈവമായി കാണുന്നു.

ഇതു പോലെ തന്നെ ബുദ്ധൻ, യേശുദേവൻ, (ശീനാരായണ ഗുരു തുടങ്ങിയ പല പുണ്യാത്മാക്കളേയും വിശ്വാസികൾ ദൈവങ്ങളായി ആദരിയ്ക്കുന്നു.

ഈ മഹത് വ്യക്തികളെ ഈശ്വര തുല്യരായി കാണുക തന്നെ വേണം. അതേ സമയം ഈ പുണ്യാത്മാക്കളിൽ ഭൂരിഭാഗം പേരും രൂപ ഭാവങ്ങളില്ലാത്ത ഈശ്വരനെ ആരാധിയ്ക്കുകയും ചെയ്തിരുന്നുവെന്ന സത്യം ഉപരി വിപ്ളവകരമായ ഭക്തിയാൽ നമ്മൾ മറന്നുപോകരുത്.

ഇവരൊക്കെ ഒരു പ്രത്യേക സന്ദേശമൊ, ജീവിത ശൈലിയൊ, ആത്മീയ സാധനകളൊ ശിഷ്യരോട് പരിശീലിയ്ക്കാനും, പാലിയ്ക്കാനും പറഞ്ഞിരുന്നുവെങ്കിലും അത് മനപ്പൂർവ്വമോ, മറവിയാലോ ഒഴിവാക്കിക്കൊണ്ട് അവരെ ദൈവങ്ങളായി പുണ്യാത്മാക്കളായി സ്വീകരിച്ചു കൊണ്ട് പ്രസ്ഥാനങ്ങളിലെ അംഗങ്ങളായി തീർന്ന് കാര്യങ്ങളെ ലഘൂകരിയ്ക്കുകയും പലപ്പോഴും ഈ പുണ്യ പുരുഷന്മാർ പറഞ്ഞിരുന്നതിനു വിപരീതമായി ചെയ്യുകയുമാണു ഭക്തരായ നമ്മൾ.

ഓരോ അണുവിലും പരബ്രഹ്മ ഭാവം തുല്യമായി വ്യന്യസിച്ചിരിയ്ക്കുന്നുവെന്നു പറയുമ്പോൾ, സർവ്വരും തുല്യരും പരബ്രഹ്മ സ്വൊരൂപരുമായിരിയ്ക്കുന്നിനാൽ ദൈവം പ്രത്യേകമായി അവതരിയ്ക്കുന്നുവെന്ന വിശ്വാസത്തിനു അദ്വൈത ദ്ര്യഷ്ടിയിൽ തീരെ പ്രസക്തിയില്ലയെന്നു മാത്രമല്ല, അത് അദ്വൈതചിന്തകൾക്ക് എതിരുമാണു.

തുടരും....

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 08

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 08

നമ്മുടെ സത് ചിന്തകൾക്കനുസരണമായി ആഗ്രഹിച്ചതെന്തും നിമിഷനേരംകൊണ്ട് കാണാനും, ആസ്വദിയ്ക്കാനും, അനുഭവിയ്ക്കാനും നമുക്കിവിടെ കഴിയുന്നതുകൊണ്ടാണത്രെ ഇതിനെ സ്വർഗ്ഗമെന്നു പറയുന്നത്.

ഇതെല്ലാം നമുക്ക്ചുറ്റും ഇവിടെത്തന്നെ വ്യത്യസ്ഥ സ്പന്ദനതലത്തിൽ തന്നെയാണത്രെ സ്ഥിതിചെയ്യുന്നത്.

ഉയർന്ന ആത്മാവുകൾ, ഗാർഡിയൻ ആഞ്ചൽസ് എന്നിവർ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഓരോ ആത്മാവിനേയും സഹായികുമത്രെ.

ഇത്തരം അനുഭവങ്ങൾക്കു ശേഷം ആത്മാവുകൾ ചില തീരുമാനങ്ങളോടെ തങ്ങളുടെ കർമ്മഫലം അനുഭവിയ്ക്കുന്നതിനും, തെറ്റു തിരുത്തുന്നതിനും വീണ്ടും പുനർജനിയ്ക്കുന്നു.

തങ്ങളുടെ കർമ്മഫലങ്ങളെ ലഘൂകരിയ്ക്കുന്നതിനായും തെറ്റുകളെ തിരിത്തുന്നതിനും, പുതിയ പല അനുഭവങ്ങളേയും ഉൾക്കൊള്ളുന്നതിനും വേണ്ടി സ്വയം തങ്ങളുടെ മാതാപിതാക്കളെ കണ്ടെത്തുകയും ബീജസങ്കലനസമയത്ത് അണ്ഡ്ടത്തിൽ പ്രവേശിയ്ക്കുകയും ചെയ്യുമത്രെ.

ആത്മാവു അതി ശക്തമായിരിയ്ക്കുന്നതിനാൽ ആ അണ്ഡത്തിൽനിന്നും തന്റെ കർമ്മത്തെ അനുഭവിച്ചു തീർക്കുന്നതിനാവശ്യമായ ജനറ്റിക് ഗുണങ്ങൾ സ്വഭാവങ്ങൾ രൂപഭാവങ്ങൾ, കഴിവുകൾ, അംഗവൈകല്യം, രോഗാവസ്ഥകൾ എന്നുവേണ്ട ആ ജന്മത്തിലേയ്ക്കാവശ്യമായ സുഖത്തിനും, ദുഖത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും ആത്മാവു തന്നെ സ്വയം സ്വീകരിയ്ക്കുമത്രെ.

എന്നാൽ ജനന ശേഷം താൻ തന്നെയാണു കർമ്മഫലങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി സ്വയം ഈ ജന്മം സ്വീകരിച്ചതെന്ന ജ്ഞാനം ആത്മാവിൽ മായയാൽ മറയ്ക്കപ്പെടുന്നു.

മനുഷ്യനിലേയ്ക്കെത്തിയ ഏതൊരു ആത്മഭാവത്തിനും സ്വർലോകം വരെ പ്രവേശനമുണ്ടത്രെ.

പക്ഷെ ഇതിൽ ത്തന്നെ ശുദ്ധീകരണത്തിനനുസരിച്ച് എത്തിപ്പെടുന്ന ഏഴു തലങ്ങളുള്ളതുകൊണ്ട് എത്ര കാലം ഒരു ആത്മാവിനു ഇവിടെ കഴിഞ്ഞുകൂടാൻ കഴിയുന്നുവെന്നത് അവന്റെ ശുദ്ധീകരണത്തെ ആശ്രയിച്ചിരിയ്ക്കുന്നു.

നമ്മൾ ഭൂമിയിൽ ജീവിയ്ക്കുമ്പോഴും നമുക്ക് സജീവമായ, കാമ ശരീരവും മനോമയ കോശവും ഉള്ളതുകൊണ്ട് ഒരേ സമയം കാമലോകത്തും, സ്വർലോകത്തും നമ്മൾ പ്രതിബിംബിയ്ക്കുമത്രെ.

എന്നാൽ നമ്മുടെ അന്തർ നേത്രങ്ങൾ തുറക്കാത്തതു കൊണ്ടാണു അവയെ നമുക്ക് കാണാൻ കഴിയാത്തതുപോലും.

അതുപോലെ ഭൂമിയിൽ കാണുന്ന സസ്യങ്ങളുടേയും, മ്ര്യഗങ്ങളുടേയും പ്രതിബിംബങ്ങൾ കാമലോകത്തും, സ്വർലോകത്തും കാണുമത്രെ.

സ്വർലോകം കഴിഞ്ഞാലുള്ള അടുത്തലോകമാണു മഹർലോകം

എന്നാൽ കുണ്ഡലിനീ ശക്തി അനാഹത ചക്രയെ ഭേദിച്ചുകഴിഞ്ഞാൽ മാത്രമേ മരണശേഷം ആ സാധകനു അനാഹത ചക്രയിലൂടെ വിജ്ഞാനമയകോശത്തിൽ മഹർലോകത്തിൽ ഉണരാൻ കഴിയുകയുള്ളു.
സ്വർലോക വാസത്തിനു ശേഷം തികച്ചും നിസ്വാർഥനായിത്തീർന്ന ജീവാത്മാവ് മഹർലോകത്തിൽ പ്രവേശിച്ച് കൂടുതൽ പരിശുദ്ധി ആർജ്ജിയ്ക്കുന്നു.

സ്പന്ദന നിലയനുസരിച്ച് മഹർലോകവും ഏഴായി തിരിച്ചിട്ടുണ്ടത്രെ.

കുണ്ഡലിനീ ശക്തി വിശുദ്ധി ചക്രയെ ഭേധിച്ചുകഴിഞ്ഞാൽ സാധകനു മരണശേഷം വിശുദ്ധി ചക്രയിലൂടെ ജനർലോകത്തെയ്ക്ക് പ്രവേശിയ്ക്കാൻ കഴിയുന്നു.

ജനർലോകത്തു വച്ച് ജീവാത്മാവു വീണ്ടും ഉന്നതിയിലേയ്ക്ക് വരികയും പകുതി, മാനുഷവും, പകുതി അമാനുഷവുമായ രൂപമെടുക്കുന്നു.

സ്പന്ദന നിലയനുസരിച്ച് ജനർലോകവും ഏഴായി തരം തിരിച്ചിട്ടുണ്ടത്രെ.

കുണ്ഡലിനീ ശക്തി അജ്ഞാചക്രയെ ഭേദിച്ചു കഴിഞ്ഞാൽ സാധകനു മരണശേഷം അജ്ഞാ ചക്രയിലൂടെ തപോലോകത്തു പ്രവേശിയ്ക്കാൻ കഴിയുമത്രെ.

ഏറ്റവും ഉയർന്ന മഹർഷി തുല്യരായ ആത്മാവുകൾ മാത്രം വസിയ്ക്കുന്ന ലോകമാണു തപോലോകം.

തപോലോകവും സ്പന്ദനത്തിനനുസരിച്ച് ഏഴായി തരംതിരിച്ചിരിയ്ക്കുന്നു.

കുണ്ഡലിനീ ശക്തി സഹസ്രാര ചക്രയെ ഭേദിച്ചുകഴിഞ്ഞാൽ സാധകനു സഹസ്രാര ചക്രയിലൂടെ സത്യലോകത്തിൽ പ്രവേശിയ്ക്കാൻ കഴിയുമത്രെ.

സ്പന്ദനനിലയനുസരിച്ച് സത്യലോകവും ഏഴായി ഭാഗിച്ചിരിയ്ക്കുന്നുവത്രെ.
സത്യലോകം അഥവാ ശിവ ലോകത്തിലേയ്ക്കെത്തിയ സാധകനെയാണു ആത്മജ്ഞാനം, മോക്ഷം ലഭിച്ചവൻ എന്നു പറയുന്നത്.

കർമ്മ ഫലങ്ങളില്ലാത്തതിനാൽ ഒരു മുക്താത്മാവിനു പിന്നീട് ജനിയ്ക്കേണ്ടിവരുന്നില്ല.

പല മാർഗ്ഗങ്ങളിലൂടെ മോക്ഷം പ്രാപിയ്ക്കാമെന്ന ഒരു ചിന്താഗതി നിലനില്ക്കുന്നുണ്ട്.

ചിലർ തന്റെ കർമ്മം ശരിയായി ചെയ്താല്മതി,അതിലൂടെ മോക്ഷം പ്രാപിയ്ക്കമെന്നു വിശ്വസിയ്ക്കുന്നു.

മറ്റൊരു വിഭാഗം ഭക്തിയിലൂടെ മോക്ഷം പ്രാപിയ്ക്കാമെന്നു കരുതുന്നു.

വേറൊരു വിഭാഗമാകട്ടെ, ജ്ഞാനത്തിലൂടെ മോക്ഷം കൈവരിയ്ക്കാമെന്നു വിശ്വസിയ്ക്കുന്നു.

വേറൊരുകൂട്ടർ പറയുന്നു യോഗയിലൂടെ മുക്തിപ്രാപിയ്ക്കാമെന്നു.
ഈ ധാരണകളെല്ലാം ഉപരി വിപ്ളവകരമായിരിയ്ക്കുന്നിടത്തോളം ആരുംതന്നെ മോക്ഷമോ, മുക്തിയൊ പ്രാപിയ്ക്കാൻ പോകുന്നില്ല.

എന്നാൽ സ്വയം ഈശ്വര സാക്ഷാല്ക്കരത്തിലേയ്ക്കെത്തിയ മുനി പരമ്പരകൾ പറയുന്നതു മറ്റൊന്നാണു.

കർമ്മം ചെയ്താൽ പോര, നമ്മുടെ സകല കർമ്മവും ഈശ്വരനിൽ സമർപ്പിച്ച് യോഗമാക്കി കർമ്മയോഗമാക്കണം.

അതുപോലെ സർവ്വ വിചാരങ്ങളും ഈശ്വരനിൽ ഭക്തിപൂർവ്വം സമർപ്പിച്ച് ഭക്തിയോഗമാക്കണം.

അതുപോലെ ജ്ഞാനത്തെ ജ്ഞാനയോഗമാക്കി മാറ്റുകയും വേണം.

കൂടാതെ ശരിയായ യോഗ സാധനയിലൂടെ,കുണ്ഡലിനീശക്തിയെ പടിപടിയായി ഉണർത്തി സകല ആധാരചക്രകളേയും, ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയേയും ഭേധിച്ച് ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിയ്ക്കണം.

എന്നാൽ മാത്രമേ മോക്ഷവും മുക്തിയും ലഭിയ്ക്കുകയുള്ളുവെന്നു ഋഷിപരമ്പരകൾ നിരന്തരം ആധികാരിക ഗ്രന്ഥങ്ങളിലൂടേയും, മുനിപരമ്പരകളിലൂടേയും പറഞ്ഞിട്ടും നമ്മാൾ ഉപരിവിപ്ളവകരമായ മാർഗ്ഗങ്ങളിലൂടെ ചുറ്റിത്തിരിയുകയാണു.

ഒരു സാധകനു അടുത്ത ജന്മങ്ങൾക്കു കാത്തു നില്ക്കാതെ ഈ ജന്മത്തിൽ ത്തന്നെ സാധനയാൽ കുണ്ഡലിന്നിശക്തിയെ ഉണർത്തി സകല ആധാര ചക്രകളേയും ഭേധിച്ച് കർമ്മഫലങ്ങളെ ഭസ്മീകരിച്ചു വിവിധങ്ങളായ ഉയർന്നലോകങ്ങളിലേയ്ക്ക് ഇവിടെനിന്നുതന്നെ പ്രവേശിയ്ക്കാനും മോക്ഷം പ്രാപിയ്ക്കാനും സാധിയ്ക്കുമത്രെ.

അദ്വൈതവാദി

അദ്വൈത ചിന്തകളിൽ  സ്രഷ്ടാവും ഭരണാധികാരിയുമായ ഈശ്വരസങ്കല്പമില്ല.

അദ്വൈതവാദി ഈ വിശ്വമാകെ ഒരേയൊരു ചൈതന്യം അഥവ ഊർജ്ജം മാത്രമെയുള്ളുവെന്ന് വിശ്വസിയ്ക്കുന്നു.

പക്ഷെ ഇത് പരിപൂർണ്ണതയാർന്ന ചൈതന്ന്യമാണു, പ്രജ്ഞയാണു,

ഈ പൂർണ്ണതയാണു എല്ലാചരാചർങ്ങൾക്കും പൂർണ്ണതയും, സൌന്ദര്യവും, സൌഖ്യവും നല്കുന്നത്.

അദ്വൈതവാദി സ്വയം ധ്യാനത്തിലൂടെ, മനനത്തിലൂടെ എത്തിച്ചേരുന്ന അവസ്ഥയാണത്.

അതിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കൊ, പ്രത്യയശാസ്ത്രങ്ങൾക്കൊ, കൂട്ടായ്മകൾക്കൊ സ്ഥാനമില്ല.

എന്നാൽ യോഗ സാധനകളെ നിഷേധിച്ച് താത്വികമായി മാത്രം അദ്വൈത ദർശനത്തെ കൈകൊണ്ട പല അദ്വൈതവാദികളും സ്തൂല പ്രപഞ്ചത്തിലുള്ളതെല്ലാം അനുഭവിച്ചു കൊണ്ടുതന്നെ അതിനെ നിഷേധിച്ചതാണു അദ്വൈതചിന്തകൾ പ്രായോഗികമല്ലയെന്നൊരുവാദം പ്രബലമാകാനും ജനങ്ങൾ അത് ആത്മാർത്ഥമായി ഉൾക്കൊള്ളാതിരിയ്ക്കാനും കാരണം.

ഒരു കാലത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ, കുടുംബത്തോടൊ, സമൂഹത്തോടൊ, യാതൊരു പ്രതിബദ്ധതയുമില്ലാതെ, പലരും അദ്വൈതികളായി സ്വയം പ്രഖ്യാപിച്ച്, യോഗസാധനകളില്ലാതെ, താത്വികമായി അദ്വൈതത്തെ ഉപരിവിപ്ളവകരമായി സ്വീകരിച്ച് എല്ലാം മായയാണു ഈ വിശ്വപ്രപഞ്ചം നിലനില്ക്കുന്നില്ല,

പരബ്രഹ്മഭാവം മാത്രമേ നിലനില്ക്കുന്നുള്ളു എന്നു പറഞ്ഞു നടന്നിരുന്നു.

തുടരും.....

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 07

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 07

അപകടമരണം, ആത്മഹത്യ, പെട്ടെന്നുള്ള മരണം എന്നി അവസ്ഥകളിൽ, ഭൌതീക ശരീരത്തിൽ നിന്നും വിട്ടു പോകുന്ന ആത്മാവ് ഉടനെത്തന്നെ പ്രാണമയ കോശത്തിൽ ഉണരുന്നു.

തനിയ്ക്ക് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കുന്നതിനാൽ അല്പ സമയം പരിഭ്രാന്തനാകാം.

മറ്റുള്ളവരുമായി ബന്ധപ്പെടാൻ സംസാരിയ്ക്കാൻ ശ്രമിയ്ക്കുമ്പ്പോൾ,അവർ അത് കേൾക്കുന്നില്ലയെന്നു വരുമ്പോഴാണ്, ദ്വേഷ്യവും, നിരാശയും, സങ്കടവും ഒക്കെ തോന്നാം.

പിന്നീട് തനിയ്ക്ക് ശരീരമില്ലയെന്നു മനസ്സിലാകുമ്പോഴാണു കൂടുതൽ പരിഭ്രാന്തനാകുക. പിന്നീട് യാഥാർത്ഥ്യ ബോദ്ധ്യത്തിലേയ്ക്ക് വരികയും ശാന്തനാകുകയും ചെയ്യുമത്രെ. അതിനുശേഷം അബോധാവസ്ഥയിലേയ്ക്ക് പോകുന്നു.

ഏകദേശം 15, 16 ദിവസങ്ങളെടുക്കുമത്രെ ആരോഗ്യമുള്ള ഒരു പ്രാണ മയകോശം മ്ര്യതപ്പെടാൻ. ഈ ദിവസങ്ങളിൽ അബോധാവസ്ഥയ്‌ലാകുന്ന ആത്മാവ് ഭൌതീക ശരീരത്തിന്റെ സമീപ പ്രദേശങ്ങളിൽ/ തന്റെ വീട്ടിന്റെ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞേക്കാമത്രെ.

അതീന്ത്രിയ സിദ്ധിയുള്ള വ്യക്തികൾ, നായ മുതലായ വളർത്തുമ്ര്യഗങ്ങൾ എന്നിവയ്ക്കൊക്കെ ഇവയെകാണാമത്രെ.

ഇങ്ങനെ ദ്ര്യശ്യമാകുന്ന പ്രാണമയ കോശത്തെയാണത്രെ പ്രേതമായി പലപ്പോഴും തെറ്റിദ്ധരിയ്ക്കുന്നത്.

പ്രാണമയ കോശത്തിന്റെ നാശത്തിനു ശേഷം ആത്മാവ് കാമമയ കോശത്തിൽ ഉണരുന്നു.

Past life regression വിധേയമാകുന്ന വ്യക്തികൾ , മരണപ്പെട്ടുവെന്നു കരുതിയിരിയ്ക്കുമ്പ്പോൾ മരണത്തിന് നിന്നും തിരിച്ചു വന്നതായ വ്യക്തികൾ എന്നിവർ നല്കുന്ന വിവരണങ്ങളിൽ അവർ പ്രകാശത്തിന്റെ ഒരു തുരങ്കത്തിലൂടെ സഞ്ചരിയ്ക്കുന്ന വിവരണം നല്കുന്നതായി കാണുന്നു.

സത്യത്തിൽ സ്വാധിഷ്ഠാന ചക്രയിലൂടെ കാമമയ കോശത്തിലേയ്ക്കൊ, കാമലോകത്തെയ്ക്കൊ ഉള്ള യാത്രയെയാണു പ്രകാശത്തിന്റെ തുരങ്കത്തിലൂടെയുള്ള യാത്ര സൂചിപ്പിയ്ക്കുന്നതെന്നു പറയുന്നു.

നമ്മുടെ ദേഷ്യം, കോപം, കുശുമ്പ്, നിരാശ, അസൂയ, പക, അസഹിഷ്ണുത തുടങ്ങിയ അധമ വികാരങ്ങൾ കാമമയ കോശത്തിൽ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.

ഈ വികാരങ്ങൾക്ക് അനുസരണമായി നമ്മളിവിടെ നമ്മളാൽ സ്വയം പീഡിപ്പിയ്ക്കപെടുമത്രെ.

പലർക്കും ഭയത്താൽ കാഴ്ച ശക്തി പോലും ഉണരാതിരിയ്ക്കും.

പരിചയമുള്ള അനേകം ആത്മാവുകളുമായി ഇവിടെ വീണ്ടും കണ്ടുമുട്ടാൻ സാഹചര്യമുണ്ടാകുന്നു.

മാർഗ്ഗനിർദ്ദേശങ്ങൾ തരാൻ ഉയർന്ന ആത്മാവുകളായ മാസ്റ്റേഴ്സ്, ഗാർഡിയൻ ഏഞ്ചെൽസ് എന്നിവരും അവിടെ സന്നിഹിതരായിരിയ്ക്കും.
തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കുന്നതിനുള്ള അവസരങ്ങൾ, സെല്ഫ് റിവ്യൂ എന്നിവ ആരുടേയും പ്രേരണ കൂടാതെ നാം തന്നെ ചെയ്യുന്നതാണു.

പുരാണങ്ങളിൽ നമ്മെ ഭയപ്പെടുത്താൻ പറഞ്ഞിരിയ്ക്കുന്ന കടുത്ത നരക കാഴ്ച്ചകളൊ, ശിക്ഷാ വിധികളൊ ഇവിടെയില്ലത്രെ.

പൂർത്തീകരിയ്ക്കാത്ത പലവിധ വികാരങ്ങൾ ഉണർന്നുവരുമെങ്കിലും അത് അനുഭവിയ്ക്കാൻ സ്തൂല ശരീരമില്ലാത്തതുകൊണ്ട് വളരെയധികം അസ്വസ്ഥത ഉണ്ടാകുമത്രെ.

നമ്മുടെ തന്നെ ദുഷിച്ച വികാരങ്ങളാൽ തന്നെ മറ്റേതൊരു നരകത്തേക്കാളും നാം പൊറുതി മുട്ടുമത്രെ.

കാമമയ കോശത്തിലെ സ്പന്ദനത്തിനനുസരിച്ച് കാമലോകത്തെ ഏഴുതട്ടുകളായി തിരിച്ചിട്ടുണ്ടത്രെ.

കാമമയകോശത്തിലെ താഴത്തെ നാലു തട്ടുകളെ പ്രേതലോകമെന്നും,

മുകളിലെ മൂന്നു തട്ടുകളെ പിത്ര്യലോകമെന്നും പറയുന്നു.

ആത്മാവുകളുടെ ശുദ്ധീകരണത്തിനനുസരിച്ച് അവ ഉയർന്ന തലങ്ങളിൽ സ്വാഭാവികമായും ചെന്നുചേരുകയാണത്രെ ഉണ്ടാവുക.

കാമലോകത്തിലെ വാസത്തിനുശേഷം ആത്മാവ് നമ്മളിലെ സത് ചിന്തകൾക്കനുസരണമായി മനോമയകോശത്തിൽ സ്വർഗ്ഗലോകത്തിൽ ഉണരുന്നു.

ഇവിടെവച്ചും മുൻ ജന്മങ്ങളിൽ പരിചയമുള്ള പല ആത്മാവുകളേയും കണ്ടുമുട്ടുന്നതിനും, പരിചയം പുതുക്കുന്നതിനും സാഹചര്യമുണ്ടാകുന്നു.

ഇവിടേയും നമ്മളിലുള്ള സത്ചിന്തയുടെ ഫലങ്ങൾ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ഓരോരുത്തർക്കും അനുഭവിയ്ക്കാൻ കഴിയുന്നു.

മനോമയ കോശത്തിലെ സ്പന്ദനത്തിനനുസരിച്ച് സ്വർഗ്ഗലോകത്തെ ഏഴുതട്ടുകളായി തിരിച്ചിട്ടുണ്ടത്രെ.

ആത്മാവുകളുടെ ശുദ്ധീകരണത്തിനനുസരിച്ച് അവ ഉയർന്ന തലങ്ങളിൽ സ്വാഭാവികമായും ചെന്നുചേരുകയാണത്രെ ഉണ്ടാവുക.

ഭൂമിയിലെ നമ്മുടെ ഊർജ്ജം പണമാണെങ്കിൽ സ്വർലോകത്തെ ഊർജ്ജം, മനസ്സാണത്രെ.

തുടരും.....