ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 42

കമ്പരാമായണം കഥ

അദ്ധ്യായം :- 42

യുദ്ധകാണ്ഡം തുടർച്ച....

കുബേരവിജയാനന്തരം തിരിച്ചു വരികയായിരുന്ന രാവണൻ മയൂരഗിരി താഴ്വരയിൽ  പൂവാടിയിൽ കളിയാടുന്ന ഗന്ധർവ്വനാരിമാരിൽ സുന്ദരിയും ചിത്രാംഗദന്റെ നവോഢയുമായ ചിത്രാംഗിയെ കണ്ടു ഭ്രമിച്ചു വശീകരിച്ചുപഗൂഹനം ചെയ്തു. അവൾ അപ്പോൾത്തന്നെ ഗർഭം ധരിച്ച് സമ്പൂർണ്ണമായി ഉടനെ ഒരുജ്ജ്വലശിശുവിനെ പ്രസവിച്ചു. മാതാവ് കുട്ടിയെ രാവണനെ ഏല്പിച്ച് ഗന്ധർവലോകത്തേയ്ക്കു പൊയ്ക്കളഞ്ഞു. പുത്രവാത്സല്യം പുലർന്ന രാവണൻ ബാലനെയെടുത്ത് വിമാനത്തിൽക്കിടത്തി യാത്രതിരിച്ചു ഗിരിശൃംഗത്തിൽത്തിൽത്തട്ടി കുട്ടി ഞെട്ടിത്തെറിച്ചു ചോട്ടിലുളള കാട്ടിൽ വീണു പോയി. കുട്ടിയെ തിരഞ്ഞു ചെന്ന രാവണൻ പാറത്തട്ടിൽ ഒരു കോട്ടവും തട്ടാതെ കിടന്നു ചിരിക്കുന്നു.  കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. പെട്ടെന്ന് ബാലൻ വളർന്ന് അതികായനായിത്തീർന്ന കുമാരൻ സ്വയം ചാടിയെഴുന്നേറ്റ് വിമാനത്തിൽ കയറിയിരുന്നു. ഇത് കണ്ട് അഭിമാനിച്ച് രാവണൻ ബാലന് അന്വർത്ഥമായ അതികായൻ എന്ന് പേരിട്ട് ലങ്കയിൽ കൊണ്ട് വന്ന് വന്ധ്യയായ ധന്യമാലയ്ക്ക് ദത്തുപുത്രനായി സമ്മാനിച്ചു. ഇങ്ങനെ കൈടഭൻ " അതികായ"നായി ജന്മമെടുത്തു.

കുലഗുരുവിൽ നിന്നും മന്ത്രം സ്വീകരിച്ച് ഗോകർണ്ണത്ത് ചെന്ന് കൊടുംകഠിന തപസ്സിൽ കാലയാപനം നടത്തി. ശ്വാസവായുപോലും സ്തംഭിച്ചിരുന്ന അതികായന്റെ ഉളളിലേയ്ക്ക്  ബ്രഹ്മാവ് ആത്മശക്തിയാൽ പ്രാണവായുവെ കടത്തി വിട്ട് ജീവചലനമുണ്ടാക്കി. ഇന്ദ്രിയജ്ഞാനവും ആത്മബോധവും സിദ്ധിച്ച അതികായൻ ബ്രഹ്മാവിനെക്കണ്ടെഴുന്നേറ്റ് വിനയ പൂർവ്വം നമസ്ക്കരിച്ചു. ബ്രഹ്മാവ് ഇഷ്ടവരങ്ങളെല്ലാം അതികായന് കൊടുത്തു.

ശുക്രാചാര്യാൻ സ്വഗുരുവായിരിക്കാൻ മതിയാകാത്തതുകൊണ്ട് അതികായൻ കൈലാസത്തിൽ ചെന്ന് പരമശിവനെ ആചാര്യനായി വരിച്ച് ശാസ്ത്രശാസ്ത്രകലാവിദ്യകളും ശ്രുതിസ്മൃതികളും അഭ്യസിച്ചു. ഗുരുദക്ഷിണയായി മായാവിദ്യ ഒരിക്കലും പ്രയോഗിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാൻ പറഞ്ഞു.  അതികായൻ അപ്രകാരം ചെയ്തു. പരിതുഷ്ടനായ പരമശിവൻ പാശുപതാസ്ത്രം സ്വശിഷ്യനു നല്കി. അതിനുശേഷം ലങ്കയിലെത്തി അതികായൻ പിതാവിനെ വന്ദിച്ച്  പിതൃപ്രശംസാശംസകളോടുകൂടി സസുഖം വാണു.

ഒരിക്കൽ അതികായന്റെ മാതുലനായ ചന്ദ്രരാക്ഷസൻ സ്വർഗ്ഗം കീഴടക്കാൻ ചെന്നപ്പോൾ ഇന്ദ്രൻ അവനെ തോല്പിച്ചോടിച്ചുകളഞ്ഞു.  ഇതിന് പ്രതികാരമായി അതികായനെ പ്രേരപ്പിച്ച് ദേവേന്ദ്രനെ പിടിച്ചുകെട്ടി കൊണ്ട് വരാൻ അയച്ചു.

അതികായനുമുന്നിൽ ദേവസൈന്യം തോറ്റപ്പോൾ അപ്രത്യക്ഷനായ ഇന്ദ്രൻ മഹാവിഷ്ണുവിനെ വിവരം ധരിപ്പിച്ചു.  വിഷ്ണുദേവനും അതികായനും ആയി നടന്ന യുദ്ധത്തിൽ വിഷ്ണു ഭഗവാൻ സുദർശനചക്രം അയച്ചപ്പോൾ അതിനെതിരായി അതികായൻ പാശുപതാസ്ത്രം അയച്ചു.  തുല്യശക്തികൾ തമ്മിൽപ്പിരിഞ്ഞകന്നു. ഇതു മനസ്സിലാക്കിയ മഹാവിഷ്ണു അതികായനുമായി സന്ധിചെയ്തു. ഇന്ദ്രൻ തോറ്റതായി വകവച്ചുകൊടുത്ത് അതികായനെ തൃപ്തിപ്പെടുത്തി തിരിച്ചയച്ചു.

വിഭീഷണൻ പറഞ്ഞതെല്ലാം കേട്ട ശേഷം ശ്രീരാമൻ ലക്ഷ്മണനെ അടുക്കൽ വിളിച്ചു വരുത്തി അനുഗ്രഹിച്ചു, അതികായന് തൃപ്തികരമാംവണ്ണം യുദ്ധം നടത്തി , അവനെ നിത്യ നിവൃത്തനാക്കിത്തിരിച്ചുവരുവാനുപദേശിച്ച് യുദ്ധരംഗത്തിലേയ്ക്ക് യാത്രയാക്കി.

കപിസേനകളും ലക്ഷ്മണനും യുദ്ധരംഗത്തെത്തി. വാനരന്മാർ രാക്ഷസന്മാരോടെതിർത്തു.  ഈ യുദ്ധത്തിൽ രാവണപുത്രനായ ത്രിശിരസ്സിനെ ഹനുമാൻ വധിച്ചു.  ഇരുസേനകളും ക്ഷീണിച്ചപ്പോൾ ലക്ഷമണനും അതികായനും സേനകൾക്ക് വിശ്രമം നല്കിയ ശേഷം അവർ തമ്മിൽ യുദ്ധം ആരംഭിച്ചു.

രണ്ടു പേരും പരസ്പരം  സൂക്ഷിച്ചു നോക്കി. ഉളളുകൊണ്ട് അന്യോന്യം മാനിച്ചു. ശേഷം വിരോചിതമായ കോപത്തെ വർദ്ധിപ്പിച്ചു. വീരാ! യുദ്ധം എന്ന് രണ്ടു പേരും ഒരുമിച്ചു ഉച്ചരിച്ചു. ലക്ഷ്മണൻ അംഗദസ്കന്ധത്തിലും അതികായൻ സ്വന്തം ചിത്രരഥത്തിലും ഇരിക്കുന്നു.

രണ്ടു പേരും പ്രമുഖാസ്ത്രങ്ങളും പ്രത്യസ്ത്രങ്ങളും അധികാസ്ത്രങ്ങളും അയച്ചു തുടങ്ങി.  അതികായനിൽ അധികാസ്ത്രമേല്ക്കാത്തതു കണ്ടപ്പോൾ വിഭീഷണനിൽ നിന്നും കാര്യം ഗ്രഹിച്ച ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അത് അതികായന്റെ ബ്രഹ്മദത്തമായ കഞ്ചുകവും ജന്മബന്ധമായ ദേഹവും പിളർന്ന് ആ വീരാധിവീരനെ തേരിൽ വീഴ്ത്തി. " അനന്തമഹിമയുളള  മഹാവീരലക്ഷ്മണകുമാരാ!  "വൈഷ്ണവമായ പ്രതിജ്ഞ സംതൃപ്തകരമായി നിറവേറ്റി"  യെന്ന്  ആര്യരാമചന്ദ്രനെ ഉണർത്തിക്കുക"  എന്ന് പറഞ്ഞു അതികായൻ ഇഹലോകവാസം വെടിഞ്ഞു.

ത്രിശിരസ്സിന്റെയും അതികായന്റെയും വധവാർത്തയറിഞ്ഞ ദശാനനൻ ഒന്നുഞെട്ടി. മേഘനാദൻ നടുങ്ങി . അന്തഃപുരത്തിൽ സന്താപക്കൊടുതീ ആളികത്തി. രാവണൻ തന്റെ രണ്ടു പുത്രന്മാരും മന്ത്രിമാരും കൊല്ലപ്പെട്ടതോർത്ത് വിലപിച്ചു. നാളെ താൻ തന്നെ യുദ്ധത്തിന് ഇറങ്ങാമെന്ന് രാവണൻ പറഞ്ഞു.  അതുകേട്ടു മേഘനാദൻ താൻ ജീവിച്ചിരിക്കെ അങ്ങ് യുദ്ധത്തിൽ പങ്കെടുക്കേണ്ടി വരില്ല.

അടുത്ത ദിവസം പ്രധാനികളായ ചില മന്ത്രികളുമായി മേഘനാദൻ യുദ്ധത്തിനെത്തി. പുതുതായി വന്നെത്തിയ വീരയോദ്ധാവിന്റെ പ്രസരിപ്പ് കണ്ടു ലക്ഷ്മണൻ വിഭീഷണനോട് ചോദിച്ചു ആരാണ് ഈ മഹാവീരൻ? പ്രത്യേക വൈശിഷ്ട്യങ്ങളെന്തെല്ലാം?  വിഭീഷണൻ പറഞ്ഞു: -

"നാലു മന്ത്രിപ്രവരന്മാരുടെ മദ്ധ്യത്തിൽ,  നാലു വെളളക്കുതിരകളെപ്പൂട്ടിയ , അഗ്നിജ്വാലക്കൊടിയടയാളമുളള കനകമഹാമണിരഥത്തിൽ  "സർവം നിസ്സാര " മെന്ന ഭാഗത്തോടു കൂടി ഉദ്ധതതോഗ്രനായിരിക്കുന്നതാണ്, രാവണന്റെ പ്രഥമപുത്രൻ മഹേന്ദ്രവിജയി വീരശ്രീ മേഘനാദൻ."

രാവണന്റെ പ്രഥമപുത്രന് കാനീനൻ, രാവണി,  മേഘനാദൻ, മായവി,  ഇന്ദ്രജിത്ത് ഇങ്ങനെ വിവിധ നാമങ്ങളുണ്ട്..

കാനീനൻ, കന്യകാപുത്രൻ. പാലാഴിമഥനകാലത്തുത്ബവിച്ച സുലക്ഷണയെന്ന സുന്ദരകന്യക പാർവതിയുടെ പരിചാരികയായി പാർത്തുപോന്നു. കുളിക്കാൻ സരസ്സിലേയ്ക്കിറങ്ങിയ പാർവതീദേവിക്ക് കോടിപ്പുടവയെടുത്തു കൊണ്ടു വരാൻ അന്തഃപുരത്തിലെത്തയ സുലക്ഷണയെ വാമദേവൻ ഒന്നു പരിഗ്രഹിച്ചു. പരിശങ്കാകുലയായിത്തീർന്ന ആ കന്യകയെ പരമശിവൻ ഇപ്രകാരം ആശ്വസിപ്പിച്ചു.  " നീ വിവാഹിതയായി ഭർത്തൃസംഗമമുണ്ടായതിനുശേഷമേ, ഇന്നത്തെ തേജോധാരണം ഗർഭമായിപ്പരിണമിച്ച് പ്രസവിക്കുകയുളളൂ".

അനന്തരം വസ്ത്രമെടുത്ത് കുളക്കടവിലെത്തിയ സുലക്ഷണയെ കണ്ടു സംഗതി മനസ്സിലാക്കിയ പാർവതീദേവി അവളെ ശപിച്ചു മണ്ഡൂകമാക്കി ആ സരസ്സിൽത്തളളിയിട്ടു.

കുറേക്കാലം കഴിഞ്ഞു ഒരിക്കൽ മയനെന്ന അസുരശില്പി തപസ്സ് കൊണ്ട് ശിവനെ പ്രസാദിപ്പിച്ച് തനിക്ക് ഒരു മകൾ വേണമെന്ന് അപേക്ഷിച്ചു .  ശിവൻ പാർവതിമുഖേന സുലക്ഷണയുടെ ശാപംപോക്കി മണ്ഡൂകത്തെ മണ്ഡോദരിയാക്കി മയന് പുത്രിയായി കൊടുത്തു. ഈ മണ്ഡോദരിയെ രാവണൻ പാണിഗ്രഹണം നടത്തി. അങ്ങനെ സുലക്ഷണയെന്ന മണ്ഡോദരി,  ശിവബീജമാവഹിച്ചു മണ്ഡൂകമായ മണ്ഡോദരി പ്രസവിച്ച പുത്രനാണ് മേഘനാദൻ എന്ന കാനീനൻ.

രാവണപുത്രനായതു കൊണ്ട് രാവണിയെന്ന പേര്.

പ്രസവിച്ചപ്പോൾ തന്നെ മേഘത്തിന്റെ നാദം പോലെ നാദം പുറപ്പെടുവിച്ചതു കൊണ്ട് മേഘനാദൻ.

പരമശിവനെ വരഗുരുവായി വരിച്ച് സകലജാലവിദ്യകളും അഭ്യസിച്ചതു കൊണ്ട് ഇവൻ മായാവിയുമായി.

സ്വർഗ്ഗാക്രമണത്തിൽ ഇന്ദ്രനെ ജയിച്ച്  ബന്ധനസ്ഥനാക്കി ലങ്കയിൽ കൊണ്ട് വന്നതിനാൽ ഇന്ദ്രജിത്ത്.

മഹാഹോമാദികളാൽ ബ്രഹ്മാവിൽ നിന്നും  അനവധി വരിഷ്ഠവരങ്ങളും നിരവധി വിശിഷ്ടായുധങ്ങളും മേഘനാദൻ സമ്പാദിച്ചു.  സത്യബ്രഹ്മചാരിയും നിത്യനിരാഹാരനും കൃത്യനിർന്നിദ്രനുമായി പതിനാലു വർഷം ദൃഢനിഷ്ഠയിൽക്കഴിഞ്ഞുകൂടിയ സമപ്രായനായ ഒരാൾക്ക് അല്ലാതെ ഇന്ദ്രജിത്തിനെ എതിരിടുന്നതിനോ വധിക്കുന്നതിനോ സാദ്ധ്യമാകുന്നതല്ല.

ഈ അപൂർവ്വവരസിദ്ധിയെ കുറിച്ച് മറ്റാർക്കും അറിയുകയില്ല. പലവിധമായാവിദ്യകൾ വശമായ ഇന്ദ്രജിത്ത് പല മായകളും കാണിക്കും. ഈ അസാമാന്യതകളെല്ലാം ഗൗരവപൂർവ്വം ശ്രദ്ധയിൽ വച്ചുകൊണ്ടായിരിക്കണം , മേഘനാദനോട് യുദ്ധം നടത്തുക.  ലക്ഷ്മണകുമാരനല്ലാതെ മറ്റാർക്കും ഇന്ദ്രജിത്തിനെ നിഗ്രഹിക്കാൻ സാധിക്കയില്ല.

തുടരും .....

No comments:

Post a Comment