ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 51 അവസാന ഭാഗം.....

കമ്പരാമായണം കഥ

അദ്ധ്യായം :- 51

യുദ്ധകാണ്ഡം അവസാന ഭാഗം.....

വിഭീഷണനും സുഗ്രീവനും അനുയായികളും തങ്ങളെയും അയോദ്ധ്യയിലേയ്ക്ക് കൊണ്ട് പോകണമെന്നും ഭ്രാതൃഭക്തന്മാരായ ഭരതശത്രുഘ്നന്മാരെയും പുത്രവത്സലകളായ രാജമാതാക്കളെയും തങ്ങൾക്ക് കാണണമെന്നും അപേക്ഷിച്ചു.  സകലരും വിമാനത്തിൽ സമാരൂഢരായി. ദിവ്യമായ ആ വിമാനം എത്ര ആളുകയറുന്നോ അതിനനുസരിച്ച് വിശാലവും വിപുലവുമായിരുന്നു.  വിമാനം ഉയർന്നു.

രാവണാദികൾ യുദ്ധത്തിൽ മരിച്ച പ്രദേശങ്ങളെ സീതാദേവിക്കു കാണിച്ചു കൊടുക്കുകയും നടന്ന യുദ്ധമുറകളെ വിവരിച്ചു കേൾപ്പിക്കുകയും ചെയ്തു. വാനരന്മാർ നിർമ്മിച്ച മഹാസേതുവും കാണിച്ചു കൊടുത്തു.  ശേഷം " ഈ ചിറ ഭാരതവാസികളുടെയും ലങ്കാനിവാസികളുടെയും സഹകരണബന്ധത്തിലുളള തൃച്ചിറയായിത്തീരട്ടെ " എന്നു ശ്രീരാമൻ പറഞ്ഞു.  വിമാനം മദ്ധ്യസമുദ്രത്തിൽ എത്തിയപ്പോൾ ഹനുമാൻ വശം സീത നല്കിയതും താൻ കൈവശം സൂക്ഷിച്ചതുമായ ചൂഡാരത്നം ശ്രീരാമനെടുത്ത് സീതയുടെ മുടിക്കെട്ടിൽ അണിയിച്ചു.  സീത തന്റെ കൈയ്യിൽ കിടന്ന മുദ്രമോതിരം എടുത്തു ശ്രീരാമന്റെ വിരലുകളിൽ അണിയക്കാൻ ശ്രമിച്ചപ്പോൾ അത് ഊർന്ന് സമുദ്രത്തിന്റെ ആഴത്തിൽ വീണു താഴ്ന്നു പോയി. സീത പരിഭ്രമിച്ചു.  ഹനുമാൻ സമുദ്രത്തിൽ ചാടിമുങ്ങി. പൊങ്ങിവന്ന് പറഞ്ഞു.  " ദേവാ!  അനേകം മോതിരം ആഴത്തിൽ കിടക്കുന്നു. തിരിച്ചറിയാനൊക്കുന്നില്ല" എന്നറിയിച്ചു. എന്റെ പേരു നോക്കുക എന്ന് ശ്രീരാമൻ നിർദ്ദേശിച്ചു.   ഹനുമാൻ വീണ്ടും മുങ്ങി. ഉടൻ തിരികെ എത്തി " എല്ലാറ്റിലും "രാമ" നാമം കാണുന്നു. എന്തുവേണം? " അനേകം രാമാവതാരങ്ങൾ നടന്നിട്ടുണ്ട്.  അന്നെല്ലാം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.  ഇന്നത്തെ മോതിരവും അവയുടെ കൂടെ കിടന്നുകൊളളട്ടെ".

വടക്കെക്കരയിലെത്തിയ വിമാനം രാമാഭിലഷത്താൽ അവിടെ ഇറങ്ങി.  ശ്രീരാമേശ്വരത്തിൽ എല്ലാവരും ശിവാരാധന നടത്തിയശേഷം വീണ്ടും വിമാനം വടക്കോട്ട് യാത്രയായി. കിഷ്കിന്ധയ്ക്ക് സമീപം സീതയുടെ ഇച്ഛയാൽ താരാരുമാദി വാനരവനിതകളെയും കയറ്റി യാത്രയാരംഭിച്ചു. ഋശ്യമൂകം പ്രസവണം,  പഞ്ചവടി, ജനസ്ഥാനം, ദണ്ഡകം ഇവയെല്ലാം കണ്ടു ഭരദ്വാജാശ്രമസവിധത്തിൽ വിമാനം താഴ്ന്നു.

രാമാഗമനം മുൻകൂട്ടി അറിഞ്ഞ് നന്ദിനിയുടെ ഉപഹാരസംവിധാനങ്ങളോടുകൂടി അതിഥി സത്ക്കാരത്തിനൊരുങ്ങി നിന്നിരുന്ന മുനിസത്തമന്റെ വിഭവ സമൃദ്ധമായ ആതിഥ്യം സ്വീകരിച്ച് അന്ന് അവിടെ കഴിച്ചു കൂട്ടി.  വനവാസകാലത്തിന്റെ അന്തിമദിവസം അന്നായിരുന്നു.

ശ്രീരാമൻ ഹനുമാനെ അയോദ്ധ്യയിലേയ്ക്ക് അയച്ചു. അഗ്നിപ്രവേശനത്തിന് തയ്യാറായ ഭരതനെ വിരമിപ്പിക്കുകയും രാമാഗമനവാർത്ത അറിയിച്ചു രമിപ്പിക്കുകയും  ചെയ്തു

അടുത്ത ദിവസം എല്ലാവരും  വിമാനത്തിൽ കയറി അയോദ്ധ്യയുടെ കിഴക്കേ ഗോപുരത്തിലെത്തി. അവിടെ നന്ദിഗ്രാമത്തിൽ ഭരതശത്രുഘ്നന്മാരും ഹനുമാനും പൗരവൃന്ദവും രാമാദികളെ സ്വാഗതം ചെയ്തു. സഹോദരങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. അനന്തരം ഭരതൻ പാദുകങ്ങൾ ശ്രീരാമപാദങ്ങളിൽ അർപ്പിച്ചു

ഉടൻ തന്നെ പരികർമ്മികൾ വന്ന് ശ്രീരാമലക്ഷ്മണന്മാർക്ക് മുഖശിരസ്സംസ്കാരാദികൾ നിർവഹിച്ചു.  അനന്തരം വല്ക്കലാദികൾ വെടിഞ്ഞ് നവ്യവസ്ത്രാദികളണിഞ്ഞ് രാജമന്ദിരത്തിൽ പ്രവേശിച്ചു , പിതൃപിതാമഹാദികളുടെ പ്രതിമകൾ സന്ദർശിച്ചു വന്ദിച്ച് അന്തഃപരത്തിൽക്കടന്ന് മാതൃജനങ്ങളെ അഭിവാദനം ചെയ്തു.  ശ്രീരാമാഗമനം അറിഞ്ഞു ജനകനും യുധാജിത്തും കാശീശനും ഗുഹനും പരിവാരസമേതം അയോദ്ധ്യയിൽ വന്നു ചേർന്നു

മൂന്നാം ദിവസം വസിഷ്ഠ നിർദ്ദിഷടമായ ശുഭമുഹൂർത്തത്തിൽ ശ്രീരാമപട്ടാഭിഷേകം അത്യാഡംബരപൂർവ്വം നടത്തി

അതിഥികൾ ഏതാനും ദിവസങ്ങൾ കൂടി അയോദ്ധ്യയിൽ തങ്ങിയ ശേഷം സ്വരാജ്യങ്ങളിൽ മടങ്ങിപ്പോകാനൊരുങ്ങി

ശ്രീരാമൻ അവരോട് പറഞ്ഞു വിരഹം ദുഃഖമാണ് എങ്കിലും കടമ നിർവഹിക്കേണ്ടതായി വരും.  "സഖേ വിഭീഷണാ! രാവണരഹിതമായ ലങ്കയെ താങ്കൾ സത്യധർമ്മാദികളനുസരിച്ച് ഭരിച്ചു സർവ്വത്ര വിജയിയും ചിരംജീവിയുമായിത്തീരുക. "

" സുഹൃത്തേ ! സുഗ്രീവാ!  കിഷ്കിന്ധ പരിപാലിച്ച് രാഷ്ട്രാഭിവൃദ്ധിവരുത്തിവാഴുക. യുവരാജാവായ അംഗദനെ സ്വപുത്രനായിത്തന്നെ വിചാരിച്ച് കൊളളണം. "

ഇപ്രകാരം എല്ലാവരോടും രാമൻ  ഉപദേശങ്ങൾ നല്കുകയും ധാരാളം പാരിതോഷികങ്ങൾ നല്കി.  അംഗദന് ഒരു മുത്തുമാല നല്കി.   ശേഷം തന്റെ കണ്ഠത്തിൽ നിന്നും ദിവ്യമായ ഒരു രത്നമാല്യമെടുത്ത് സീതാദേവിയുടെ കയ്യിൽ കൊടുത്തിട്ട് അത്യന്തം അർഹതയുള്ള ആർക്കെങ്കിലും സമ്മാനിക്കാൻ അനുവാദം കൊടുത്തു.

ദേവി ഹനുമാനെയും രാമദേവവദനത്തിലും മാറിമാറി നോക്കി,  രാമചന്ദ്രൻ മന്ദഹാസത്താൽ  ദേവിക്കനുവാദമേകി. ഹനുമാൻ ഉള്ളിലെ ശ്രീകോവിലിൽ "സീതാരാമ"  വിഗ്രഹം പ്രതിഷ്ഠിച്ചു അതിൽ ലയിച്ചിരുന്നു. ശ്രീരാമൻ ഹനുമാനെ ഒന്ന് വിളിച്ചു.  ഞെട്ടിയുണർന്ന് രാമനു മുന്നിൽ എത്തിയ ഹനുമാന്റെ  , സ്വന്തം പുത്രന് മാതാവ് എന്ന പോലെ ആ ഹാരം ഹനുമദ്ഗളത്തിലണിയിച്ചു. 

അന്തഃപരത്തിൽ എത്തിയ സീതാരാമന്മാർ താര,  രുമ, സരമ, ത്രിജട സീതാവിയോഗവൈമനസ്യത്തോടെയാണെങ്കിലും യാത്രോദ്യുക്തരായി നില്ക്കയായിരുന്നു.  ശ്രീരാമ നിർദ്ദേശപ്രകാരം സീതാദേവി അവർക്കെല്ലാവർക്കും ധാരാളം പാരിതോഷങ്ങൾ നല്കി. പെട്ടെന്ന് സീതാദേവി ത്രിജടയെ ശ്രീരാമനു മുന്നിൽ നിർത്തി രാമദേവന്റെ കണ്ഠത്തിൽ നിന്നും എടുത്ത് ത്രിജടയുടെ കണ്ഠത്തിലണിയിച്ചു. സീത പറഞ്ഞു ത്രിജട എന്റെ ആത്മസഖി , ഞങ്ങൾ രണ്ടു പേരും ഒന്നുതന്നെയായിരിക്കട്ടെ

ശ്രീരാമൻ പറഞ്ഞു "നാഥേ! നീ മഹാസാഹസികയാണ്.1. ഇന്നലെ ഞാൻ ദ്വിഭാര്യനായിരുന്നു.2. ഇന്ന് ഞാൻ ഏകപത്നീകനാണ്. 3. നാളെ ഞാൻ ബഹുഭാര്യനായിരിക്കും 4. അന്നിവൾ എന്റെ പ്രഥമപ്രിയ കാമിനിയായിരിക്കട്ടെ.

ശേഷം വിഭീഷണസുഗ്രീവാദികളെല്ലാം രാമനോട് യാത്രാനുമതി വാങ്ങി സ്വരാജ്യങ്ങളിലേയ്ക്ക് പോയി. രാമദേവൻ രാജ്യഭരണകാര്യങ്ങളിൽ ബദ്ധശ്രദ്ധനായിത്തീർന്നു.

ഭരതനെ യുവരാജാവായും ലക്ഷ്മണനെ സർവസൈന്യാധിപനായും ശത്രുഘ്നനെ ധനകാര്യാധികാരിയായും നിശ്ചയിച്ചു. സമുചിതമായ സമ്മേളനത്തോടു കൂടി ധർമ്മമർമ്മജ്ഞനായ രാമഭദ്രൻ അഭംഗമംഗളമായി രാജ്യം ഭരിച്ചു

യുദ്ധകാണ്ഡം സമാപ്തം

No comments:

Post a Comment