ഗരുഡൻ - 01
വരം നേടിയ ഭാര്യമാർ
സാന്ത്വനരൂപേണ മഹർഷിമാരോട് കശ്യപൻ പറഞ്ഞു: "മൂന്നുലോകത്തിന്റെയും അധിപനായി ഇന്ദ്രനെ ബ്രഹ്മാവ് നിശ്ചയിച്ചിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ മറ്റൊരു ഇന്ദനുവേണ്ടി നിങ്ങൾ ശ്രമിക്കുന്നത് ശരിയാണോ? അത് ബ്രഹ്മാ വിനെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ? നിങ്ങളുടെ കർമ്മം കൊണ്ട് ഇന്ദ്രൻ ആകെ അസ്വസ്ഥനാണ്. നിങ്ങൾ ഇതിൽനിന്നും പിന്മാറണം. ഇത് ദേവേന്ദ്രന്റെ അപേക്ഷയാണ്. അല്ലെങ്കിൽ യാചനയാണ്. അദ്ദേഹത്തെ ഉപദ്രവിക്കരുത്. നിങ്ങൾ അദ്ദേഹത്തോട് പൊറുക്കണം.' കശ്യപന്റെ വാക്കുകൾ ക്ഷമയോടെ അവർ കേട്ടിരുന്നു. എന്നിട്ടു ചോദിച്ചു. "അതല്ല, ഞങ്ങളുടെ കർമ്മങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്താറായി. ഇനി അതിൽ നിന്ന് പിന്മാറിയാൽ അതിന്റെ കർമ്മ ഫലം ആര് അനുഭവിക്കും. കർമ്മം മിഥ്യയാക്കി മാറ്റിയാൽ അത് ഏറ്റവും കഷ്ടകരമല്ലേ?'. മഹർഷിമാരുടെ ചോദ്യം കേട്ട്, ഒരു നിമിഷം കശ്യപനും ചിന്താകുലനായി നിന്നു. അവർ ചോദിക്കുന്നത് ശരിയല്ലേ. ദീർഘമായ ആലോചനയ്ക്കുശേഷം അദ്ദേഹം അറിയിച്ചു. "നിങ്ങൾ ആഗ്രഹിക്കുന്നവൻ പക്ഷികൾക്ക് ഒരു ഇന്ദ്രനായി വരട്ടെ. 'അങ്ങനെയെങ്കിൽ, പുത്രലാഭത്തിനു വേണ്ടി അങ്ങ് ഹോമം നടത്തുകയാണല്ലോ. ഈ കർമ്മത്തിന്റെ ഫലം അങ്ങ് ഏറ്റുവാങ്ങിയാലും. അങ്ങനെ ചെയ്യുകയാണെങ്കിൽ ശ്രേയസ്സ് ഭവിക്കുകതന്നെ ചെയ്യും.' മഹർഷിമാർ അതീവ സന്തോഷത്തോടെ പറഞ്ഞു. തന്റെ ഉദ്യമം സഫലമായതിന്റെ സന്തോഷം കശ്യപ് മഹർഷിയുടെ മുഖത്ത് കളിയാടി. അവരുടെ കർമ്മഫലം ഏറ്റു വാങ്ങാമെന്നും അദ്ദേഹം ഉറപ്പുനല്കി. ഈ അവസരത്തിൽ കശ്യപന്റെ ഭാര്യമാരായ കദ്രുവും വിനതയും, സൽപുത്രന്മാർക്കുവേണ്ടി പ്രാർത്ഥനാനിരതമായ മനസ്സുമായി കഴിയുകയായിരുന്നു. കശ്യപൻ അവരെ യാഗ വേദിയിലേക്കു വരുത്തി. പുത്രന്മാരുണ്ടാകാനുള്ള വരം ചോദിച്ചു കൊള്ളാൻ കശ്യപൻ അറിയിച്ചു. ആദ്യം വരം വാങ്ങാൻ ക്രദു കശ്യപന്റെ മുമ്പിൽ എത്തി. ചുറ്റും നോക്കിയിട്ട് ക്രദു വരം ആവശ്യപ്പെട്ടു. ആയിരം സർപ്പങ്ങൾ പുത്രന്മാരായി തനിക്ക് ഉണ്ടാവണം. കശ്യപൻ വരം കൊടുത്തു. അടുത്ത ഊഴം വിനതയുടേതായിരുന്നു. എനിക്ക് നൂറും ആയിരവും ഒന്നും വേണ്ട. രണ്ടു പുത്രന്മാർ മതി. പക്ഷേ, അത് കദ്രുവിന്റെ മക്കളേക്കാൾ വീര്യവും ഓജസ്സും പരാക്രമവും ഉള്ളവരായിരിക്കണം. അവർ കശുവിന്റെ ആയിരം മക്കളേക്കാൾ കീർത്തിമാന്മായിരിക്കണം. അവിടെ താൻ മറ്റുള്ളവരിൽനിന്ന് മുന്നിൽ നില്ക്കണം എന്ന ചിന്തയായിരുന്നു വിനതയ്ക്ക്. അവൾക്കും കശ്യപൻ വരം കൊടുത്തു. കശ്യപൻ അറിയിച്ചു.
“നിന്റെ ആഗ്രഹം സഫലമായിത്തീരും. നീ വീരന്മാരായ രണ്ടു പുത്രന്മാരെ പ്രസവിക്കും. ബാലഖില്യരുടെ തപസ്സുകൊണ്ടും എന്റെ അനുഗ്രഹം കൊണ്ടും ഈ പറഞ്ഞതു സംഭവിക്കും. നിനക്ക് ജനിക്കുന്ന പുത്രൻ യോഗ്യനാകും. എല്ലാവരാലും പൂജിക്കുന്ന വനായും തീരും. അതിൽ ഒരുവന് പക്ഷിവർഗ്ഗത്തിന്റെ ഇന്ദ്രപ്പട്ടം കിട്ടും. ഈ ഗർഭം നീ തെറ്റുപറ്റാതെ ധരിക്കുക.' ഭാര്യമാർക്ക് രണ്ടുപേർക്കും സന്തോഷമായി. രണ്ടുപേരെയും കശ്യപൻ അനുഗ്രഹിച്ചു. യജ്ഞഫലത്താൽ രണ്ടുപേരും ഗർഭം ധരിച്ചു. കശ്യപമഹർഷി തപോവനത്തിലേക്കു പോയി.
നാളുകൾ ഏറെ കടന്നുപോയി. കദ്രു ആയിരം മുട്ടകൾ പ്രസവിച്ചു. വിനത രണ്ടു മുട്ടകൾ പ്രസവിച്ചു. താൻ ചോദിച്ച ആയിരവും ഉണ്ടോ എന്നറിയാൻ കദ്രു സൂക്ഷ്മതയോടെ എണ്ണിനോക്കി. വിനതയ്ക്ക് താൻ പ്രസവിച്ച് രണ്ടുമുട്ടകൾ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. കദ്രുവിന്റെ മക്കളേക്കാൾ മിടുക്കന്മാരാകേണ്ടവരാണ് ഇവർ. രണ്ടുപേർക്കും അതീവ സന്തോഷം! കശ്യപമഹർഷി പറഞ്ഞതുപോലെ എല്ലാം കിട്ടിയല്ലോ. രണ്ടുപേർക്കും ധാരാളം പരിചാരകർ ഉണ്ടായിരുന്നു. അവർ മുട്ടകൾ എല്ലാം ഭദ്രമായി വച്ചു. ചൂടുള്ള കുടങ്ങളിലാണ് മുട്ടകൾ സൂക്ഷിച്ചുവച്ചിരുന്നത്. അഞ്ഞൂറുവർഷം കഴിഞ്ഞു. നീണ്ട അഞ്ഞൂറുവർഷം!! കശുവിന്റെ മുട്ടകൾ വിരിഞ്ഞു. ആയിരം സർപ്പങ്ങൾ വെളിയിൽ വന്നു. അങ്ങനെ ഭൂമിയിൽ ആദ്യമായി സർപ്പങ്ങൾ ഉണ്ടായി. കദ്രു സന്തോഷംകൊണ്ട് മതിമറന്നു. വിനത വാർത്ത അറിഞ്ഞു. കദ്രു പ്രസവിച്ചിരിക്കുന്നു. ആയിരം സർപ്പക്കുഞ്ഞുങ്ങളെ! വിനതയുടെ മുട്ടകൾ അപ്പോഴും വിരിഞ്ഞില്ല. എന്തേ ഇവ വിരിയാത്തത്! കദ്രുവിന്റെ മുട്ടകൾ വിരിഞ്ഞെങ്കിൽ എന്തുകൊണ്ട് തന്റെ മുട്ടകൾ വിരിയുന്നില്ല. ഒരേ കാലത്ത് ഒരേ സമയത്ത് പ്രസവിച്ചതാണല്ലോ ഇതെല്ലാം. അതോ മഹർഷി തന്നെ കബളിപ്പിച്ചതാണോ? ഇനി തന്റെ മുട്ടകൾ വിരിയില്ല എന്നുണ്ടോ? ഓരോ നിമിഷം കഴിയുന്തോറും വിനതയുടെ സംശയം ഏറിയേറി വന്നു. ഒരു ഇരിക്കപ്പൊറുതിയില്ലായ്മ.....
അവളുടെ മനസ്സിന്റെ സ്വസ്ഥതതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കദ്രു തന്നെ ഉള്ളാലെ പുച്ഛിക്കുന്നുണ്ടാകും. അവരുടേതിനേക്കാൾ ശക്തിമാനും കീർത്തിമാനും ആയ മക്കൾ ഉണ്ടാകണമെന്നല്ലേ താൻ ആഗ്രഹിച്ചത്. എന്നിട്ട് എവിടെ? എല്ലാ ദിവസവും അവൾ മുട്ട് എടുത്തു നോക്കും. ആ മുട്ടകൾക്ക് ഒരു ഭാവമാറ്റവും ഉണ്ടായിട്ടില്ല. വിനതയുടെ അസ്വസ്ഥത കണ്ട് പരിചാരികമാർ അവളെ ആശ്വസിപ്പിക്കും. പേടിക്കാനൊന്നും ഇല്ലെന്നും, സമയം ആകാ ത്തതുകൊണ്ടാണ് മുട്ട വിരിയാത്തതെന്നും അവർ പല പ്രാവശ്യം പറഞ്ഞുനോക്കി. പക്ഷേ, ആര് കേൾക്കാൻ. കനൽ കോരിയിട്ട മനസ്സുമായിട്ടാണ് വിനത ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. വയ്യ, ഇനി കാത്തിരിക്കാൻ വയ്യ. മുട്ടവിരിയുന്നതും നോക്കി അഞ്ഞൂറുവർഷം കാത്തിരുന്നു. നീണ്ട കാത്തിരിപ്പ്. അഞ്ഞൂറുവർഷം അത്ര ചെറിയ കാലയള വല്ലല്ലോ? പറയുന്നവർക്കൊക്കെ പറയാം. പക്ഷേ, തന്റെ മാനസികാവസ്ഥ ആരറിയാനാണ്. അതുപോലെയല്ലേ കദ്രു. അവൾ കാര്യം കണ്ടു. അവളുടെ കുഞ്ഞുങ്ങൾ ലോകത്താകമാനം ആകു കയും ചെയ്തു. തന്റെ ഒരു വിധി! താൻ കാത്തിരിക്കാൻ വേണ്ടി മാത്രം വിധിക്കപ്പെട്ടവളാണ്. കാത്തിരിപ്പാണ് ഈ ലോകത്തെ ഏറെ ദുരിതം പിടിച്ച സംഗതി എന്നു വിനത തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ വേദന അവളെ കൂടുതൽ വീർപ്പുമുട്ടിച്ചു! മാതൃത്വത്തിനുവേണ്ടി ആ ഹൃദയം തുടിച്ചു. തന്റെ കുഞ്ഞിന്റെ മുഖം ഒന്നുകണ്ടാൽ മതിയായിരുന്നു. ശാരീരികമായും മാനസികമായും താൻ തളർന്നിരിക്കുന്നു. മനസ്സുനിറയെ ആകാംക്ഷയുമായി എത്രനാൾ കഴിഞ്ഞുകൂടാൻ പറ്റും. താനും ഒരു സ്ത്രീയല്ലേ? എനിക്കും എന്റെ കുഞ്ഞിന്റെ മുഖം കാണണമെന്ന് ആഗ്രഹമില്ലേ, ഇത് ആരോട് പറയാൻ! ഈ ഉൾവിളി ആരുകേൾക്കാൻ! നീണ്ട അഞ്ഞൂറു വർഷമാണ് കാത്തിരുന്നത്. ഇനിയും കാത്തിരിക്കുകയോ. എങ്ങനേയും ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം. ഈ ശ്വാസംമുട്ടൽ അവസാനിപ്പിക്കണം. മനസ്സിന്റെ പിരിമുറുക്കം അയ യ്ക്കണം. ഇനി കാത്തിരിക്കാൻ എന്നെക്കൊണ്ടു വയ്യ....
ഒരു ദിവസം, തോഴിമാർ ആരും വീട്ടിലുണ്ടായിരുന്നില്ല. വിനത മുട്ട സൂക്ഷിച്ചിരുന്ന ഭരണിയുടെ അടുത്തെത്തി. അവൾ ആ ഭരണിയിൽ തൊട്ടു. തന്റെ ഗർഭപാത്രത്തിൽ തൊടുന്നതു പോലെ അവൾക്കു തോന്നി. അവൾ മെല്ലെ ഭരണിയുടെ മൂടി അഴിച്ചു. കൗതുകത്തോടെ ഭരണിയുടെ ഉള്ളിലേക്കു നോക്കി. മുട്ട വിരിഞ്ഞോ ഇല്ല. യാതൊരു മാറ്റവും ഇല്ല. ഭരണിയുടെ അകത്ത് ആവശ്യത്തിന് ചൂടുണ്ടോ എന്ന് അവൾ പരിശോധിച്ചു. അതിനൊന്നും യാതൊരു കുറവും ഇല്ല. പക്ഷേ, മുട്ട മാത്രം വിരിയുന്നില്ല. രൂപത്തിനോ ഭാവത്തിനോ യാതൊരു മാറ്റവുമില്ല. ഭരണിയുടെ വായ ഭദ്രമായി അടച്ചു. അവൾ അകത്തി മുറിയിലെ കട്ടിലിൽ ചെന്നിരുന്നു. അവളുടെ ചിന്ത ഒന്നുമാത്രമായിരുന്നു. അവളുടെ കുഞ്ഞിന്റെ മുഖം ഒരു നോക്കുകാണണം. കദ്രുവിന്റെ മുമ്പിൽ തോറ്റുകൊടുക്കാനാവില്ല. അത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. മുറിയിലൂടെ അച്ചടക്കത്തോടെ പോകുന്ന ഉറുമ്പുകൾ അവളുടെ ശ്രദ്ധയിൽപെട്ടു. മുട്ടയിട്ട് അതിനെ വിരിയിക്കുന്ന ചെറുതും വലുതുമായ എത്രയോ ജീവികൾ ഈ ലോകത്തുണ്ട്. ഇവയ്ക്കെല്ലാം തന്റെ അനുഭവമാണോ ഉണ്ടാകാറ്. അല്ലേ അല്ല. ആ അമ്മമാരൊന്നും ഇത്രയും വേദനയും വീർപ്പുമുട്ടലും അനു ഭവിച്ചുകാണില്ല. താൻ മാത്രം എന്തുമാത്രം വേദനതിന്നുന്നു. എത്രകാലം കാത്തിരിക്കുന്നു. കാത്തിരിക്കാൻ മാത്രം വിധിക്കപ്പെട്ടവൾ! അവൾ ഓരോന്ന് ആലോചിച്ച്, വീണ്ടും മുട്ട വച്ചിരിക്കുന്ന ഭരണിയുടെ അടുത്തുചെന്നിരുന്നു. ആ ഭരണിയുടെ പുറമേ അവളുടെ വിരലുകൾ ഓടിനടന്നു. മാതൃത്വത്തിന്റെ ത്രസനം ആ തലോടലിൽ അടങ്ങിയിരുന്നു. ഒരു മുട്ട പൊട്ടിച്ചുനോക്കിയാലോ? അവളുടെ മനസ്സ് മുരണ്ടു. വിനതയുടെ ശരീരത്തിൽ ഇടിവെട്ടേറ്റപോലെ. വേണ്ട, അയ്യോ അതൊരിക്കലും ചെയ്യാൻ പാടില്ല. അത് അപകടമാണ്. അവളുടെ ബോധമനസ്സ് ശാസിച്ചു, എന്തപകടം! ഒന്നു പൊട്ടിച്ചു നോക്കിയാൽ തന്റെ കുഞ്ഞിന്റെ മുഖം കാണാൻ പറ്റിയാലോ? അതല്ലേ ഏറ്റവും വലിയ കാര്യം....
കദ്രുവിനോട് തനിക്കു പകരം വീട്ടുകയും ചെയ്യാമല്ലോ. ലോകത്തോട് എനിക്ക് ഉറക്കെ വിളിച്ചു പറയാനും പറ്റും. ഇതാ കണ്ടോ കദ്രുവിന്റെ മക്കളേക്കാൾ മിടുക്കനായ ഒരുത്തൻ പിറന്നുവെന്ന്. അത് കേൾക്കുമ്പോൾ കദ്രു വിശ്വസിക്കുമോ ആവോ? അവളുടെ ഉള്ളിൽ നിറയെ തന്നോടുള്ള പുച്ഛമാണ്. അതുമാറണമെങ്കിൽ ഇതേ മാർഗ്ഗമുള്ളൂ. അവൾ മുട്ട സൂക്ഷിച്ചിരുന്ന ഭരണിയുടെ വായ തുറന്നു. ചുറ്റും നോക്കി. ആരും ഇല്ല. അതിൽ ഒരു മുട്ട കൈയിലെടുത്തു. സൂക്ഷിച്ചുനോക്കി! മുട്ടയ്ക്ക് യാതൊരു രൂപവ്യത്യാസവും ഇല്ല!!. ഇത്രയും കാലമായിട്ടും. അവളിലെ മാതൃത്വം ഉണർന്നു. വരുന്നതുവരട്ടെ ഒരെണ്ണം പൊട്ടിച്ചുനോക്കുക തന്നെ. എനിക്ക് എന്റെ കുഞ്ഞിന്റെ മുഖം കാണണം. അതാണല്ലോ ഏറ്റവും വലുത്. അവൾ അതിൽ ഒരെണ്ണം പൊട്ടിച്ചു! അതാ അതിൽ ഇരിക്കുന്നു ഒരു കുമാരൻ. പകുതി ശരീരത്തോടും അവ്യക്തതയോടും കൂടി ആ കുമാരൻ കാണപ്പെട്ടു. അതായത് പൂർണ്ണ വളർച്ചയിൽ എത്താത്ത ഒരു ശിശു. അവൻ അമ്മയുടെ നേർക്ക് തുറിച്ചുനോക്കി. ആ നോട്ടത്തിൽ അമർഷം തുടിച്ചുനിന്നിരുന്നു. നാശം! തന്റെ അമ്മ ഇത് ക്ഷമ കെട്ടവളാണോ? തന്റെ പൂർണ്ണവളർച്ചവരെ അമ്മയ്ക്ക് ക്ഷമിച്ച് ഇരുന്നുകൂടെ. ഇപ്പോൾ ഈ പണിചെയ്യേണ്ട വല്ലകാര്യവുമുണ്ടോ? തന്റെ സ്വസ്ഥത അമ്മ നഷ്ടപ്പെടുത്തിയിരിക്കുന്നു. ആ ശിശു അമ്മയെ ശപിച്ചു. “അമ്മയുടെ അത്യാർത്തിയാണ് എന്നെ അപൂർണ്ണ നാക്കിയത്. അമ്മേ, നീ ദാസിയായിത്തീരട്ടെ. അഞ്ഞൂറു സംവത്സരം ദാസിയായി കഴിയട്ടെ." മകൻ അമ്മയ്ക്ക് ശാപമോക്ഷവും കൊടുത്തു. അടുത്ത മുട്ട പൊട്ടിവരുന്ന മകൻ അമ്മയെ ദാസ്യത്തിൽ നിന്നും മോചിപ്പിക്കും. പക്ഷേ, ഒരു കാര്യം, ആ മുട്ടയും പൊട്ടിച്ചു അവന് അംഗഭംഗം വരുത്തരുത്. അവന്റെ ജനനത്തിനുവേണ്ടി വളരെ ക്ഷമയോടെ കാത്തിരിക്കണം. അവന്റെ ജന്മം പൂർത്തിയാകണമെങ്കിൽ ഇനിയും അഞ്ഞൂറുകൊല്ലം കാത്തിരിക്കണം. ഇത്രയും പറഞ്ഞിട്ട് അവൻ ആകാശത്തേക്കു മറിഞ്ഞു. അവനാണ് ഇന്ന്, സൂര്യന്റെ തേരിന്റെ സാരഥ്യം വഹിക്കുന്ന അരുണൻ. നീണ്ട അഞ്ഞൂറുവർഷം വിനത വീണ്ടും കാത്തിരുന്നു. എന്തൊരു വിധി! കദ്രുവിന്റെ കുഞ്ഞുങ്ങൾ എത്രയോ സന്തോഷത്തോടെ ഭൂമിയിൽ കഴിയുന്നു. വിനതയോ, കാത്തിരിക്കാൻ വേണ്ടിമാത്രം വിധിക്കപ്പെട്ടവൾ! പറഞ്ഞകാലം അത്രയും അവൾ കാത്തിരുന്നു. സമയം ആയപ്പോൾ മുട്ട തനിയെ പൊട്ടി. ഒരു വലിയ പക്ഷി അതിൽ നിന്ന് പുറത്തുവന്നു. അവൻ അമ്മയെവിട്ട് ആകാശത്തേക്കു പറന്നുയർന്നു. ബ്രഹ്മാവിന്റെ അടുക്കലെത്തി.
No comments:
Post a Comment