ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 34

കമ്പരാമായണം കഥ

അദ്ധ്യായം :- 34

യുദ്ധകാണ്ഡം തുടർച്ച....

ക്രുദ്ധനായ രാവണൻ,   വിഭീഷണനോട് പറഞ്ഞു.   ഒരു പക്ഷപാത പ്രസംഗം നിന്നിൽ നിന്ന് പ്രതീക്ഷിച്ചില്ല.   ഞങ്ങൾ ഹിരണ്യാക്ഷനും  ഹിരണ്യകശിപുവും ആണോ.  നീ പ്രഹ്ലാദൻ.  രാമൻ നരഹരി.   കിളവനായ ഹിരണ്യകശിപു ഒരു പഴംതൂണിന് വെട്ടി . അത് മറിഞ്ഞ് അയാളുടെ പുറത്ത് വീഴുന്നു.  അയാൾ മരിച്ചു. ഈ സംഭവ കഥ ഇതിഹാസഛായയിലേയ്ക്ക് നീങ്ങിയപ്പോൾ നരസിംഹാവതാരമായി മാറി. വാമനൻ മഹാബലിയെ ചതിച്ചു.  ബ്രാഹ്മണർക്ക്  അവിഹിതമായ യുദ്ധം ചെയത് ജാതിധർമ്മം  ലംഘിക്കുകയും ഭീരുക്കളെ  വധിക്കുകയും ചെയ്തതാണ് ഭൃഗുരാമൻ നിർവഹിച്ച അവതാര കാര്യം . ഇനി രാമൻറെ കഥ കേൾക്കാം വൃദ്ധനായ ദശരഥന് യുവാവായ ഋഷ്യശൃംഗന്റെ അനുഗ്രഹത്താൽ കൗസല്യ പ്രസവിച്ചുണ്ടായ സ്വന്തം പുത്രനാണ് രാമൻ.  പെൺകൊല കൊണ്ട്  പൗരുഷത്തിന്റെ അരങ്ങേയറ്റം നടത്തിയ വീര ക്ഷത്രിയൻ . വാർദ്ധക്യം കൊണ്ട് രക്തവും ആരോഗ്യവും നശിച്ച ഒരസഹായ സ്ത്രിയിൽ .   തുരുമ്പിച്ച ഉപയോഗശൂന്യമായ പുരാണപ്രദർശനവസ്തുവായ ഒരു പഴഞ്ചൻ വില്ലെടുത്തു ഓടിച്ചു ഭുജഫലം  കാണിച്ച മഹശക്തൻ.  പ്രായാധിക്യം കൊണ്ടും പട്ടിണിതപസ്സുകൊണ്ടും ബ്രാഹ്മണ ജീവിതചര്യ കൊണ്ടും ഉണങ്ങിവരണ്ട ബലഹീനനായിത്തീർന്ന  ഭാർഗ്ഗവരാമനെ തോൽപ്പിച്ച മഹാവിജയി,  പെൺവാക്കിന് കീഴടങ്ങി രാജ്യം  കൈവെടിഞ്ഞ് കാടുകയറിയ മഹാത്യാഗി.  അംഗനമാർക്ക് അംഗഭംഗം വരുത്താൻ പ്രേരണ നൽകിയ മഹാധാർമ്മികൻ സ്വന്തം ഭാര്യയെ  സംരക്ഷിക്കാൻ കഴിവില്ലാത്ത സുശക്തൻ.  ധീരനായ ബാലിയെ ഒളിയമ്പെയ്തു കൊലപ്പെടുത്തിയ പ്രകടപരാക്രമി.  സർവ്വഗുണസമ്പൂർണ്ണൻ തന്നെയാണ് നിൻറെ ആരാധന മൂർത്തി സംശയമില്ല.

പക്ഷപാതിയായ വിഭീഷണ!  മിത്രപക്ഷേ ദ്രോഹിയും ശത്രുപക്ഷഗ്രാഹിയുമായിത്തീർന്നു. കുലദ്രോഹിയായ നീ  എൻറെ അനുജൻ ആയതിനാൽ എനിക്കഭിമാനഹാനിയാണുള്ളത് നീ ലങ്കയ്ക്ക് ധൂമകേതുവാണ് . ശത്രുവിനെ തിരിച്ചറിയാൻ കഴിയും അവനെ വിശ്വസിക്കാം. അകത്തെ ശത്രുവാണ് ഉന്മൂലനാശകൻ. ഇനി ഒരു നിമിഷം പോലും നിന്നെ ഇവിടെ കാണരുത് ഉടനെ ലങ്ക വിട്ടുപൊയ്ക്കൊളളണം.  ഇപ്പോൾ മുതൽ നീ എൻറെ അനുജൻ അല്ല . വീണ്ടും നിന്നെ ഇവിടെ കണ്ടാൽ എൻറെ ചന്ദ്രഹാസം.......

വിഭീഷണൻ വീണ്ടും എന്തോ പറയാൻ ഭാവിച്ചപ്പോൾ രാവണൻ കോപാന്ധനായിമാറി ചന്ദ്രഹാസം എടുത്തു.  ഇന്ദ്രജിത്ത് ചാടിയെഴുന്നേറ്റൂ. കുംഭകർണ്ണൻ അനുഭാവപൂർവ്വം വിഭീഷണനെ നോക്കിയിട്ട്  നിർദ്ദേശാംഗ്യങ്ങൾ കാണിച്ചു. വിഭീഷണൻ രാവണനെ ഭയത്തോടും കുംഭകർണ്ണനെ വിനയത്തോടും നമസ്ക്കരിച്ച ശേഷം വടക്ക് ദിക്കിലേക്ക് പ്രയാണമാരംഭിച്ചു.  വിശ്വസ്തരായ നാലു മന്ത്രിമാർ വിഭീഷണനെ അനുഗമിച്ചു.  മഹേന്ദ്രഗിരി പ്രദേശത്തിന്റെ  മുകൾ ഭാഗത്ത് ആകാശവീഥിയിൽ വന്നുചേർന്ന് ഒരു ശരണപ്രാർത്ഥന നടത്തി.

ശരണ പ്രാർത്ഥന കേട്ട് മേലോട്ടു നോക്കിയ വാനരന്മാർ ആകാശത്ത് അഞ്ചുപേർ കൈകൂപ്പി പ്രാർത്ഥന ചെയ്തുകൊണ്ട് നിൽക്കുന്നത് കണ്ടു.  വിവരം സുഗ്രീവനെ ധരിപ്പിച്ചു.  സുഗ്രീവൻ ശ്രീരാമനെ അറിയിച്ച്  അനുവാദപ്രകാരം ആശങ്കകളോടുകൂടി ആഗതരെ കൂട്ടികൊണ്ടുവന്ന് രാമദേവസന്നിധിയിലാക്കി

ശ്രീരാമൻ ചോദിച്ചു സമാഗതരേ! സ്വാഗതം നിങ്ങളാരാണ് ?എവിടെനിന്ന് വരുന്നു ?എന്തിന് ഇവിടെ വന്നു?

വിഭീഷണൻ പറഞ്ഞു ഞാൻ ലങ്കാധിപനായ രാവണന്റെ കനിഷ്ഠ സഹോദരനായ വിഭീഷണനും ഇവർ എൻറെ മന്ത്രിമാരും.  ലങ്കയിൽ   നിന്നാണ് വരുന്നത്. അഭയം അഭ്യർത്ഥിക്കുന്നു.

എങ്ങനെയുള്ള അഭയം എന്ന  രാമൻറെ ചോദ്യത്തിന് വിഭീഷണൻ പറഞ്ഞു  ലോകമാതാവായ സീതാദേവിയെ അപഹരിച്ചത് തെറ്റായിപ്പോയെന്നും  ദേവിയെ ഉടൻതന്നെ തിരിച്ചേൽപ്പിച്ച് ക്ഷമാപനം ചെയ്ത് അഭയമപേക്ഷിക്കണം എന്നും ഞാൻ ജ്യേഷ്ഠനോട് നിർബന്ധമായി പറഞ്ഞു.  ഞാൻ  ശത്രുപക്ഷപാതിയാണ്  എന്നും ലങ്കാ രാജ്യംവിട്ടു പൊയ്ക്കൊള്ളണം എന്നും അല്ലാത്തപക്ഷം വെട്ടിക്കൊന്നു കളയുമെന്നും ജേഷ്ഠൻ വിധികല്പിച്ചു.   ജീവനാശത്തിൽ ഞാൻ ഒരു ഭീരുവല്ല.  സത്യധർമ്മമാനങ്ങളെ ഞാൻ ആദരിക്കുന്നു.  അവയുടെ  ലംഘനത്തിൽ ഞാൻ മഹാഭീരുവാണ് . കൂടാതെ വർഗ്ഗവിനാശത്തിന് പരിഹാരമാർഗവും ഞാൻ ആരായുന്നു.  അങ്ങ് എന്നിൽ പ്രസാദിച്ച് എനിക്ക് അഭയം തന്ന്  അനുഗ്രഹിക്കുമാറാകട്ടെ.

വിഭീഷണൻ ഇപ്രകാരം അപേക്ഷിച്ചു.  ശ്രീരാമൻ സഹപ്രവർത്തകരായ സുഗ്രീവാദികളോട് അഭിപ്രായങ്ങൾ രഹസ്യമായി ആരാഞ്ഞു.

ശത്രുപക്ഷത്ത് നിന്ന് പ്രേരിപ്പിച്ചിട്ടോയോ ആളുകൾ വന്നുചേരാം.  അവരെ സംഘത്തിലേക്ക് എടുക്കുന്നത് ബുദ്ധിപൂർവ്വം ആയിരിക്കുകയില്ല. വിശ്വസിക്കാൻ തെളിവു വേണം  എന്നായിരുന്നു സുഗ്രീവന്റെ അഭിപ്രായം.

അഭയാർത്ഥിയെ കുറിച്ച് നമുക്ക് മുന്നറിവില്ല.  ഉത്തമൻ ആയിരിക്കാം അധമനായിരിക്കാം.  ഉത്തമനെങ്കിൽ കൈവിടുന്നതും അധമനാണെങ്കിൽ കൈവരിക്കുന്നതും ഒരുപോലെ അയുക്തമാണ്.  ഹനുമാൻ ലങ്കയിൽ ചെന്നപ്പോൾ വിഭീഷണിനെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചിട്ടുണ്ടായിരിക്കാം . അതിൻറെ അടിസ്ഥാനത്തിൽ നമുക്ക് എന്തെങ്കിലും പ്രവർത്തിക്കാം എന്ന് ജാംബവാൻ പറഞ്ഞു.

ലക്ഷ്മണൻ പറഞ്ഞു  ജാംബവാൻ അമ്മാവൻറെ അഭിപ്രായം പരിചയപ്പഴക്കം കൊണ്ട്  പക്വമായിട്ടുള്ളതാണ്.  നേരിട്ടറിഞ്ഞ ഹനുമാൻറെ അഭിപ്രായം അധികാദരണീയം ആയിരിക്കും.  അതുകൊണ്ട് ഹനുമാൻ ഇതിനെപ്പറ്റി  അഭിപ്രായം പറയട്ടെ.

ഹനുമാൻ പറഞ്ഞു ഇവിടെ അഭ്യാഗതനായ യുവരാജാവിനെയും അദ്ദേഹത്തിന്റെ  കുടുംബത്തെയും വാസമന്ദിരത്തെയും തന്നെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.  ഗൃഹം വൈഷ്ണവചൈതന്യത്താൽ നിറഞ്ഞതാണ്.  വിഷ്ണുനാമോച്ചോരണവും  ലക്ഷ്മിസ്തുതിയും  രാമജപവുമാണ് അവിടെ.  ആ ഗൃഹത്തിലെ ഒരു ആൺതത്ത വിഷ്ണുനാമം ഉരുവിടുന്നതും പെൺതത്ത ലക്ഷ്മിനാമപാരായണം ചെയ്യുന്നതും ഒരു കുട്ടി തത്തമ്മ രാമ സ്തുതി ഗാനം ആലപിക്കുന്നതും കേട്ട് ഞാൻ ബ്രഹ്മചൈതന്യനിലീനനായി  നിന്ന് പോയി.  അദ്ദേഹത്തിൻറെ ഭാര്യ സരമാദേവിയും പുത്രി ത്രിജടകുമാരിയും സീതാദേവിക്ക് സമയോചിതമായ സഹായങ്ങൾ ചെയ്തു കൊടുത്ത്  ദേവിയെ ആശ്വസിപ്പിക്കാറുണ്ട്. ബ്രഹ്മാസ്ത്രത്തിന് വഴങ്ങി രാവണ  സന്നിധിയിലെത്തിയ എന്നെ വധശിക്ഷ വിധിച്ചപ്പോൾ, പ്രമാണ വിധിപ്രകാരം അത് നിരോധിച്ച് വാലിൽ തീ കൊടുത്താൽ മാത്രം മതി എന്ന ഏർപ്പാട് ചെയ്തത് വിഭീഷണനാണ്.   ശ്രീരാമദേവനോട് ഇത്രമാത്രം ബഹുമാനം നമ്മൾ ആർക്കും തന്നെ  ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  ഇദ്ദേഹം രാവണനെ വിട്ടു പോന്നതും ഇവിടെ വന്നു നമുക്കുകിട്ടിയതും ഗുണകരമായിത്തന്നെ പരിണമിക്കും . ഇനി സ്വാമിപ്രമാണം.

ശ്രീരാമൻ പറഞ്ഞു എല്ലാവരുടെ അഭിപ്രായം കേട്ടു സുഗ്രീവൻറെ അഭിപ്രായം അഭ്യൂഹവും ഹനുമാന്റേത് അനഭവാനുസൃതവുമയിട്ടാണ് ഇരിക്കുന്നത്.  അഭയാർത്ഥിയെ വിമുഖനാക്കുന്നത് അനുചിതവുമാണ്. വിഭീഷണനെ നമുക്ക് സ്വീകരിച്ച് ലങ്കാധിപതിയായി അഭിഷേകം ചെയ്യാം.  ശ്രീരാമ ഉപദേശപ്രകാരം ലക്ഷ്മണനും സുഗ്രീവാദി വാനരസംഘങ്ങളും ചേർന്ന് ലങ്കാരാജാവായി അഭിഷേകം ചെയ്തു.  അർത്ഥദാനം പ്രതീക്ഷയിൽക്കവിഞ്ഞ അർത്ഥദാനം   സൂര്യകുല ജാതന്മാരിൽ സുപ്രസിദ്ധമാണ്.

ശ്രീരാമൻ  ചോദിച്ചു ഉത്തമ വിശ്വാസത്തോടുകൂടി ഞാൻ താങ്കളെ അഭിഷേകം ചെയ്തു കഴിഞ്ഞു താങ്കളുടെ അഭിപ്രായം എന്താണ്?...

തുടരും .....

No comments:

Post a Comment