ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-15

കമ്പരാമായണം കഥ

അദ്ധ്യായം :-15

അയോദ്ധ്യാകാണ്ഡം തുടർച്ച...

സീതാരാമലക്ഷ്മണന്മാരെ പിരിഞ്ഞ് സുമന്ത്രൻ അയോധ്യയിൽ തിരിച്ചെത്തി.  ദുഃഖഭാരം കൊണ്ട് കുനിഞ്ഞ ശിരസ്സ്  ഇടതുകൈ കൊണ്ട് താങ്ങി വിങ്ങിപ്പൊട്ടി വന്ന മന്ത്രിയെ കണ്ട് ദശരഥൻ തല ഉയർത്തി നോക്കി . രാമകുമാരനും ജാനകികുമാരിയും ലക്ഷ്മണബാലനും എവിടെ എന്ന് ചോദിച്ചു . മഹാദ്രോഹിയയായ എന്നോട്  അവർ എന്തെങ്കിലും പറഞ്ഞുവോയെന്നും അന്വേഷിച്ചു.  അവർ എന്നെ ശപിച്ചിട്ടുണ്ടാകും ഇല്ല രാമൻ മുന്നിലും ലക്ഷ്മണൻ  പിന്നിലും  സീത മദ്ധ്യത്തിനും ആയി യാത്ര ചെയ്യുന്നു എന്ന് ഞാൻ  കാണുന്നു എന്നും പറഞ്ഞു.  ജാനകി  സുരക്ഷിതയാണ് എന്നുപറഞ്ഞു.  ഞാൻ സംതൃപ്തനാണ്.  ഞാനിപ്പോൾ സ്വസ്ഥനായി.  ഇനി സ്വഃസ്ഥനാകട്ടേ.. നിർവാണം...  നിത്യനിർവാണം  രാമ.... രാമ.....  എന്ന് പറഞ്ഞു ദശരഥൻ ദേഹത്യാഗം ചെയ്തു.  കൗസല്യ സങ്കടത്തോടെ ആണെങ്കിലും നാരായണ നാമം ജപിച്ചു.  വസിഷ്ഠൻ  ബ്രഹ്മം ധ്യാനിച്ചു.  സുമന്ത്രൻ രാമമന്ത്രം ഉരുവിടുന്നു.  കൈകേയി തലകുനിച്ചിരുന്നു. സുമിത്ര സ്തബ്ധയായി നിലകൊള്ളുന്നു. ഊർമ്മിള സീതാറാം ഉരുവിട്ടുകൊണ്ടിരുന്നു. ശാന്തം! സർവം ശാന്തം!

അനന്തരം വസിഷ്ഠന്റെ പ്രചോദനത്താൽ സുമന്ത്രൻ ദശരഥന്റെ സ്ഥൂലദേഹത്തെ സുരഭിലതൈലദ്രോണിയിലാക്കി. ഭരതശത്രുഘ്നന്മാരെ വരുത്താനായി സന്ദേശം തയ്യാറാക്കി കൗസല്യയെ കൊണ്ടും വസിഷ്ഠനെ കൊണ്ടും ഒപ്പിടുവിച്ച് താനും ഒപ്പിട്ടു കേകയരാജ്യത്തിൽ യുധാജിത്തിന്റെ കൈവശം എത്തിക്കാൻ ധ്രുതഗതികളായ അശ്വവാഹകർ മാർഗ്ഗം ഏൽപ്പിച്ചു അയച്ചു . മൂന്നാം നാൾ ഭരതശത്രുഘ്നന്മാർ അയോധ്യയിൽ വന്നു.  പിതാവിൻറെ ചരമവൃത്താന്തം അല്പംപോലും അറിഞ്ഞിരുന്നില്ല.  ദുഃശ്ശകുനങ്ങളും ദുശ്ശങ്കകളും യാത്രയിലുണ്ടായിരുന്നു. അയോദ്ധ്യയിലെ മൂകത അവരെ ആശങ്കയിലാഴ്ത്തി

രാജധാനിയിലെത്തി പിതാവിനെ കാണാതെ കൈകേയിയുടെ അന്തപുരത്തിൽ എത്തി. പിതാവ് എവിടെ?  എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ദീർഘദൂര യാത്ര കഴിഞ്ഞുവന്ന നിങ്ങൾ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കുക പിന്നെ പറയാം എന്ന് കൈകേയി മകനെ അറിയിച്ചു.  അച്ഛനെ കുറിച്ചും ജ്യേഷ്ഠനെ കുറിച്ചും അറിഞ്ഞിട്ടേ എന്തും ഉള്ളു എന്ന് പറഞ്ഞ ഭരതനോട് ദശരഥമഹാരാജാവ് ഇഹലോകവാസം വെടിഞ്ഞ വിവരമറിയിച്ചു കൈകേയി.  പിതാവിന് എന്ത് വ്യാകുലത ആണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ പുത്രന്മാർ ആരും അടുത്ത് ഇല്ലാതിരുന്ന ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കൈകേയി അറിയിച്ചു.  രാമ ജ്യേഷ്ഠനും  ലക്ഷ്മണനും എവിടെപ്പോയിരുന്നു എന്നതിന് രാമൻ സന്യാസം സ്വീകരിച്ച് വനത്തിലേയ്ക്ക് പോയെന്നും സീതയും ലക്ഷ്മണനും രാമനെ അനുഗമിച്ചു എന്നും കൈകേയി അറിയിച്ചു.  എന്താണ് സത്യത്തിൽ നടന്നത് എന്ന് കൈകേയിയോട് ചോദിച്ച ഭരതനോട് അഭിഷേക തീരുമാനവും വിഘ്നവും വരത്തെക്കുറിച്ചും കൈകേയി വിശദമായി പറഞ്ഞു.  കോപാകുലനായ ഭരതൻ തൻറെ വാൾ വലിച്ചൂരി മാതൃവധവും സ്ത്രീവധവും തെറ്റെന്ന വിചിന്തനത്താൽ സ്വന്തം കണ്ഠത്തിനു നേരെ വാൾ വീശി.  ശത്രുഘ്ന കുമാരൻ പ്രതിരോധിച്ചു.  കൈകേയിയെ വിട്ട് ഭരതൻ കൗസല്യയുടെ അടുത്ത് എത്തി.  താൻ ഒരു വിധത്തിലും അപരാധിയല്ലെന്നും തന്നെപ്പറ്റി ആശങ്കയെന്നും   ഉണ്ടാകരുത് എന്ന് അപേക്ഷിച്ചു.  കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു.  വസിഷ്ഠന്റെ നിർദ്ദേശത്താൽ ദശരഥൻറെ അപരക്രിയകളെല്ലാം വിധിപ്രകാരം ഭരതശത്രുഘ്നമാർ നടത്തി.

വസിഷ്ഠൻ ഭരതനോട് രാജാഭിഷേകത്തിന്റെ കാര്യം അറിയിച്ചു. താൻ ജ്യേഷ്ഠനെ കൊണ്ടുവരാൻ വനത്തിലേക്ക് പോവുകയാണെന്നും ജ്യേഷ്ഠനാണ് കിരീടാവകാശി  അതിനാൽ വനയാത്രയ്ക്ക് അനുമതി നൽകണമെന്നും ഭരതൻ ആചാര്യനോട്  ആവശ്യപ്പെട്ടു  താനും കൂടെ പുറപ്പെടാം എന്ന് വസിഷ്ഠൻ പറഞ്ഞു.  രാജധാനിയിലും രാജനഗരിയിലും വാർത്ത പരന്നു.  അന്തഃപുരജനങ്ങളും പൗരജനങ്ങളും  ആവേശപൂർവ്വം വനയാത്രയ്ക്ക് സന്നദ്ധരായി.  കൈകേയിയെ അന്തപുരം വിട്ട് പുറത്തിറങ്ങി പോകരുത് എന്ന് നിരോധനാജ്ഞ നൽകി ഒരു തേരിൽ അരുന്ധതിയും വസിഷ്ഠനും  മറ്റൊരു തേരിൽ കൗസല്യയും സുമിത്രയും കാൽനടയായി ഭരതനും ശത്രുഘ്നനും പൗരാവലിയും ആയി യാത്രയാരംഭിച്ചു .ഗംഗാതീരത്ത് എത്തിയ സംഘത്തെക്കുറിച്ച്  ചാരന്മാർ വശം അറിഞ്ഞ് ഗുഹൻ  ഭരതകുമാരന് അരികിലെത്തി. വഴികാട്ടിയായി ഗുഹനും അവരോടൊപ്പം ശ്രീരാമ സന്നിധിയിലേക്ക്  യാത്രയായി. ശ്രീരാമ സന്നിധിയിലെത്തിയ ഭരതശത്രുഘ്നന്മാർ കുശലപ്രശ്ന ആരംഭത്തിൽതന്നെ ദശരഥന്റെ ദേഹത്യാഗം അറിയിച്ചു.  സീതാരാമലക്ഷ്മണന്മാർ വളരെയധികം ദുഃഖിച്ചു. ശേഷം വസിഷ്ഠ നിർദ്ദേശത്താൽ പിതാവിനുവേണ്ട തർപ്പണാദികൾ നിർവ്വഹിച്ചു. ശേഷം  ഭരതൻ ശ്രീരാമനോട് തിരികെയെത്തി രാജ്യഭാരം ഏല്ക്കണമെന്ന് പറഞ്ഞു.  പിതാവിന്റെ കല്പന പുത്രന്മാർ ശിരസ്സാവഹിക്കേണ്ടതാണെന്ന് രാമൻ പറഞ്ഞു.  അങ്ങനെയെങ്കിൽ വനവാസം താൻ നിർവ്വഹിക്കാമെന്ന് ഭരതൻ പറഞ്ഞു.  പിതാവ് കല്പിച്ചത് അതേ പോലെ പാലിക്കണമെന്ന് രാമൻ നിർദ്ദേശിച്ചു. രാമൻ നയനങ്ങളാൽ നല്കിയ  നിർദ്ദേശത്താൽ വസിഷ്ഠ മഹർഷി ഭരതനോട് രാമവതാരത്തിന്റെ ഉദ്ദേശവും വനയാത്രയുടെ ലക്ഷ്യവും പറഞ്ഞു കൊടുത്തു.  അത് കേട്ട് ഭരതൻ രാമനരികിൽ വന്ന് പാദുകങ്ങൾ വാങ്ങി ഈ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച് രാമന്റെ പ്രതിനിധിയായി രാജ്യം ഭരിക്കുമെന്നും വനവാസകാലം പതിനാലു വർഷം തികയുന്നതിന് അടുത്ത ദിവസം രാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്നും സത്യം ചെയ്തു. രാമന്റെ അനുമതിയോടെ അയോദ്ധ്യയിലെത്തി രാമപാദുകങ്ങൾ വച്ച് രാജധാനിയിൽ പ്രവേശിക്കാതെ " നന്ദിഗ്രാമ" ത്തിൽ വസിച്ച് വസിഷ്ഠോപദേശത്താൽ രാജ്യഭരണം നിർവ്വഹിച്ചു.

അയോദ്ധ്യാകാണ്ഡം സമാപ്തം...

തുടരും .....

No comments:

Post a Comment