ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 14

ഗരുഡൻ - 14

ഗരുഡനും സൂര്യവംശരും

പുരാണത്തിലെ പ്രസിദ്ധമായ രാജവംശമാണ് സൂര്യവംശം. സൂര്യവംശരാജാക്കന്മാരുടെ ഉപദേഷ്ടാവ് വസിഷ്ഠനും. ഗരുഡനും സൂര്യവംശരാജാക്കന്മാരുമായി ബന്ധമുണ്ട്. പ്രസിദ്ധസൂര്യവംശ രാജാവായ സഗരൻ വിവാഹം കഴിച്ചിരുന്നത് ഗരുഡന്റെ മൂത്ത സഹോദരിയെയാണ്. സുമതി എന്നാണ് അവരുടെ പേര്. പണ്ട്, സൂര്യവംശത്തിൽ സുബാഹു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്ഞിയുടെ പേര് യാദവി എന്നായിരുന്നു. വിവാഹം ഭംഗിയായും ആർഭാടമായും നടന്നു. പക്ഷേ, ചെറിയൊരു കുഴപ്പം മാത്രം. വളരെക്കാലത്തേക്ക് അവർക്കു മക്കൾ ജനിച്ചില്ല. പലവിധത്തിലുള്ള യാഗങ്ങൾ കുട്ടികൾ ഉണ്ടാകാൻവേണ്ടി നടത്തി. ഒടുവിൽ യാദവി ഗർഭിണിയായി. അപ്പോഴേക്കും അവർ വാർദ്ധക്യത്തിൽ എത്തിയിരുന്നു. വാർത്ത അറിഞ്ഞ് രാജ്യത്തിലെ ജനങ്ങൾ സന്തോഷിച്ചു. തങ്ങളുടെ രാജ്ഞി ഗർഭിണിയായിരിക്കുന്നു. തങ്ങളുടെ രാജ്യത്ത് അന്തരാവകാശി പിറക്കാൻ പോകുന്നു. ജനങ്ങൾ ഈ സംഭവം ഒരു ഉത്സവമായി ആഘോഷിച്ചു. രാജാവിന്റെ വേഴ്ചക്കാർക്ക് ഇത് രസിച്ചില്ല. യാദവി പ്രസവിക്കരുത്. അവളെ ഇല്ലായ്മ ചെയ്യണം. അവർ ആഗ്രഹിച്ചു. അവർ സൂത്രത്തിൽ അവൾക്ക് വിഷം കൊടുത്തു. യാദവി മരണത്തിൽ നിന്ന് രക്ഷപെട്ടു . നീണ്ട ഏഴ് വർഷം അവൾ ഗർഭിണിയായി കഴിഞ്ഞുകൂടി. രാജാവായ സുബാഹുവും യാദവിയും ദുഃഖിതരായി നാളുകൾ തള്ളി നീക്കി. രാജാവിനാകട്ടെ ഭരണത്തിൽ താത്പര്യമില്ലാതായി. മനഃ ശാന്തിക്കുവേണ്ടി കാട്ടിലേക്കു പോകാൻ രാജാവും രാജ്ഞിയും തീരുമാനിച്ചു. കാട്ടിലെത്തി ഔർവ്വൻ എന്ന മുനിയുടെ ശിഷ്യത്വം സ്വീകരിച്ചു. അധികം താമസിയാതെ സുബാഹു മരിച്ചു. യാദവിക്കു സങ്കടമായി. ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യചെയ്യാൻ അവൾ തീരുമാനിച്ചു. മുനി അവളെ ആ പ്രവൃത്തിയിൽനിന്നും പിന്തിരിപ്പിച്ചു. താമസിയാതെതന്നെ യാദവി ഒരു പുത്രനെ പ്രസവിക്കുമെന്നും അവൻ പ്രസിദ്ധനായ ഒരു ചക്രവർത്തിയായിത്തീരുമെന്നും ഔർവ്വൻ പ്രവചിച്ചു. മുനിയുടെ വാക്കുകൾ വിശ്വസിച്ച് യാദവി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. അധികം താമസിയാതെ യാദവി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ഗർഭത്തിൽ വച്ച് വിഷം ഏറ്റവൻ എന്ന അർത്ഥത്തിൽ സഗരൻ എന്നുപേരിട്ടു. ഈ പയ്യനാണ് കാലാന്തരത്തിൽ പ്രസിദ്ധനായ സഗര ചക്രവർത്തിയായത്. ഔർവ്വാശ്രമത്തിൽ സഗരൻ ബാലനായി കഴിഞ്ഞു കൂടുന്ന അവസരം. ഈ സന്ദർഭത്തിലാണ് ഗരുഡന്റെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചത്.  

ഗരുഡന്റെ ജനനത്തിനുമുമ്പ് കശ്യപനും വിനതക്കും  ജനിച്ച പുത്രിയാണ് സുമതി. വിനതയും പുത്രിയായ സുമതിയും കൂടി മറ്റൊരു ദേശത്ത് താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു മുനികുമാരൻ അവരുടെ അടുക്കൽ എത്തി. സുതപാവിന്റെ പുത്രനായ ഉപമന്യു ആയിരുന്നു അത്. ആ സമയത്ത് കശ്യപനും അവിടെ ഉണ്ടായിരുന്നു. മുനികുമാരൻ ആദരവോടെ കശ്യപനെ വണങ്ങി. കശ്യപൻ സ്നേഹത്തോടെ മുനികുമാരനെ സ്വീകരിച്ചിരുത്തി. താൻ ഭൂമി പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ആ വഴി ഗയയിൽ എത്തി പിതൃക്കളെ പൂജിച്ചു എന്നും, തന്റെ കുട്ടികളിലൂടെ മാത്രമേ അവർക്കു ഗതി കിട്ടുകയുള്ളൂവെന്നും കശ്യപന്റെ പുത്രിയായ സുമതിയെ ഭാര്യയായി തരണമെന്ന് മുനികുമാരൻ അപേക്ഷിച്ചു. പക്ഷേ, വിനതയ്ക്ക് അത് അത്ര സ്വീകാര്യമായി തോന്നിയില്ല. വിനത, മകളെ വിവാഹം ചെയ്തുകൊടുക്കാൻ വിസമ്മതിച്ചു. തന്റെ അഭ്യർത്ഥനയെ അവർ തിരസ്കരിച്ചിരിക്കുന്നു. മുനികുമാരൻ കുപിതനായി. ഉപമന്യുവിന്റെ ചുണ്ടുകൾ വിറച്ചു. ദേഷ്യം കൊണ്ട് മുഖം ചുവന്നു. മുനികുമാരൻ ശപിച്ചു: “പുത്രിയെ എനിക്കു തരാതെ മറ്റൊരു ബ്രാഹ്മണന് വിവാഹം ചെയ്തുകൊടുത്താൽ നീ തല പൊട്ടി മരിക്കട്ടെ.'' ഉപമന്യു പിന്നെ അവിടെ നിന്നില്ല. സുമതിയെ വിവാഹം കഴിപ്പിച്ചുകൊടുക്കാൻ നിർവാഹമില്ലാതെ വിനത വിഷമിക്കുന്ന കാലത്താണ് ഗരുഡന്റെ ജനനം. സുമതിയുടെ കഥകളൊക്കെ ഗരുഡനും അറിഞ്ഞു. വിനിതയയെ കാണാൻ വന്നതാണ് ഗരുഡൻ അപ്പോഴാണ് സുമതിയുടെ കാര്യങ്ങൾ വിനിത പറയുന്നത്. ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടാകണമല്ലോ. ഗരുഡൻ പലവഴി ആലോചിച്ചു. ഗരുഡന്റെ തലയിൽ ഒരു ആശയം ഉദിച്ചു. ബ്രാഹ്മണർക്ക് സുമതിയെ വിവാഹം ചെയ്ത് കൊടുത്താലല്ലേ കുഴപ്പം. അപ്പോഴല്ലേ ശാപം ഫലിക്കുകയുള്ളൂ. എന്നാൽ ഒരു ക്ഷത്രിയനെക്കൊണ്ട് സുമതിയെ വിവാഹം കഴിപ്പിച്ചാലോ കാര്യം നടക്കുകയും ശാപം ഫലിക്കുകയും ഇല്ല. ആ ആശയത്തോട് വിനതയും യോജിച്ചു. അതിനു യോഗ്യനായ ക്ഷത്രിയൻ എവിടെ?

പല ദിക്കിലും ക്ഷത്രിയനുവേണ്ടി അന്വേഷിച്ചു. അനുയോജ്യനായ ക്ഷത്രിയനെ കിട്ടിയതുമില്ല. ഒടുവിൽ വിനതയ്ക്ക് ഒരഭിപ്രായം തോന്നി. പഴയ സന്ന്യാസിനിയെ ഒന്നുകണ്ട് അഭിപ്രായം ചോദിക്കുക. ഒരിക്കൽ താൻ കദ്രുവിനുവേണ്ടി വിറകുവെട്ടാനായി കാട്ടിൽപോയി എന്നും. കുറെ ദൂരം ചെന്നപ്പോൾ ഭയങ്കരമായ കാറ്റും, മഴയും വന്നപ്പോൾ തനിക്ക്  വഴിതെറ്റിപ്പോയി എന്നും. ഒടുവിൽ ഒരു സന്ന്യാസിനിയുടെ ആശ്രമത്തിൽ എത്തുകയും തന്റെ കഥകൾ സന്ന്യാസിനിയോട്  പറയുകയും ചെയ്തിരുന്നു എന്ന് വിനിത ഗരുഡനോട് പറഞ്ഞു. കഥകൾ കേട്ടുകഴിഞ്ഞപ്പോൾ സന്ന്യാസിനിക്കു വിഷമമായിയെന്നും. അടിമത്തത്തിൽ നിന്നും മോചിപ്പിക്കുവാൻ തനിക്ക്  ശക്തിയുള്ള ഒരു പുത്രൻ ജനിക്കുമെന്ന് സന്ന്യാസിനി അനുഗ്രഹിച്ചു എന്നും ഗരുഡനോട് അവൾ പറഞ്ഞു. ഇത് കേട്ടപ്പോൾ ഗരുഡന് സന്തോഷമായി. വിനിത ഗരുഡനെ സന്ന്യാസിനിയുടെ അടുത്തേക്ക് അയച്ചു. ഗരുഡൻ വനത്തിലെത്തി സന്ന്യാസിനിയെ കണ്ടു. ഔർവ്വൻ എന്ന മുനിയുടെ അടുത്തുചെല്ലാനും അദ്ദേഹം അനുയോജ്യനായ വരനെ കാണിച്ചുതരുമെന്നും സന്ന്യാസിനി അറിയിച്ചു. ഗരുഡൻ നേരേ ഔർവ്വാശ്രമത്തിൽ എത്തി. മുനിയെ വിവരങ്ങൾ ധരിപ്പിച്ചു. സംഗതികൾ കേട്ടുകഴിഞ്ഞപ്പോൾ മുനിക്കും സന്തോഷമായി. സഗരന് ഉത്തമയായ ഒരു വധുവിനെ കിട്ടിയല്ലോ. മുനിയുടെ നിർദ്ദേശമനുസരിച്ച് സഗരന് സുമതിയെ വിവാഹം ചെയ്തുകൊടുത്തു. അന്നുമുതൽ ഗരുഡൻ സൂര്യവംശരാജാക്കന്മാരുടെ അടുത്ത ബന്ധുവായി. സഗരന് സുമതിയിൽ അറുപതിനായിരം പുത്രന്മാർ ജനിച്ചു. ഒരവസരത്തിൽ കപിലമുനി ഈ പുത്രന്മാരെ ശപിച്ച് ചാമ്പലാക്കി. സഗരന് കേശിനി എന്ന ഭാര്യയിൽ ജനിച്ച പുതനാണ് അസമഞ്ജസ്. അദ്ദേഹത്തിന്റെ പുത്രനായ അംശുമാൻ അറുപതിനായിരം രാജകുമാരന്മാരെയും അന്വേഷിച്ച് ലോകമെങ്ങും നടന്നു. വഴിക്കുവച്ച് ഗരുഡനെ കണ്ടുമുട്ടി. ഗരുഡനാണ്, കപിലമുനിയുടെ ശാപത്താൽ കുമാരന്മാർ ചാമ്പലായ വിവരം അംശുമാനെ അറിയിച്ചത്. അവർക്ക് ഉദകക്രിയ നടത്താൻ ഗംഗാ ജലം ഭൂമിയിൽ കൊണ്ടുവരണമെന്ന ഉപദേശവും കൊടുത്തു.

No comments:

Post a Comment