കമ്പരാമായണം കഥ
അദ്ധ്യായം :-22
കിഷ്ക്കിന്ധകാണ്ഡം തുടർച്ച...
യുദ്ധാങ്കണമദ്ധ്യത്തിലേയ്ക്ക് പല്ലുകടിച്ച് അലറിയെത്തിയ ബാലിയും സുഗ്രീവനും തമ്മിൽ ഏറ്റുമുട്ടി. സുഗ്രീവധം ലക്ഷ്യമാക്കി ബാലി തന്റെ വലതുകൈത്തലം ചുരുട്ടി സുഗ്രീവശിരസ്സിലിടിയ്ക്കാനായി പാഞ്ഞടുത്തു. ബാലിയുടെ ഓങ്ങിയ കൈ ഉയർന്നു നില്ക്കേ വഷസിലേയ്ക്ക് ഒരു ബാണം മുക്കാൽഭാഗവും നെഞ്ചിൽ തുളച്ചു കയറി. എന്നിട്ടും പരിഭ്രമിച്ചില്ല പരിതപിച്ചില്ല. ബാണത്തിന്റെ അവശിഷ്ടഭാഗത്തിൽ വലതുകൈയ്യാൽ മുറുകെപ്പിടിച്ചു കൊണ്ട് ബാണം അഭ്യാഗമിച്ചഭാഗത്തേയ്ക്ക് ഗംഭീരമായി ഒന്നു നോക്കുക മാത്രമേ ചെയ്തുളളൂ. അക്ഷീണനെങ്കിലും ക്ഷീണിതനെപോലെ ബാലി നിലംപതിച്ചു. ബാണമേറ്റു വീണു കിടക്കുന്ന അഗ്രജന്റെ കാല്ക്കൽ സുഗ്രീവൻ തൊഴുതു കൊണ്ട് നിലയായി.
വൃക്ഷമറവിൽ നിന്നും പുറത്തു വന്ന രാമലക്ഷ്മണന്മാരെ കണ്ട് ബാലി രാമനോട് ചോദിച്ചു ധർമ്മിഷ്ഠനായ അങ്ങ് വൈപരീത്യം എന്തിന് ചെയ്തു. നിരപരാധിയെ കൊല്ലാനൊരുങ്ങിയതെന്തിന്? ജ്യേഷ്ഠഭാര്യ ജ്യേഷ്ഠത്തിയും അനുജന്റെ ഭാര്യ അനുജത്തി അതായത് ഇളയസഹോദരിയുമാണ്. അവരെ ഭാര്യയാക്കുന്നത് ധർമ്മമല്ല എന്ന രാമന്റെ മറുപടി കേട്ട് ബാലി ചോദിച്ചു ഒളിയമ്പു ചെയ്തതൊ ?
രാമൻ പറഞ്ഞു ഭവാൻ എന്നെ നേരിട്ട് കണ്ടാൽ ഭക്തിപരവശനായിത്തീരും. ഭക്തനെ വധിക്കുന്നത് അധർമ്മം. ലോകനന്മയ്ക്കും ധർമ്മസ്ഥാപനത്തിനും ഈ വധം അനിവാര്യം ആർക്കും നേരിട്ട് വധിക്കാൻ കഴിയാത്ത അങ്ങയെ വധിക്കാൻ ഈ കൃത്യം വേണ്ടി വന്നു.
രാമദേവാ! എനിക്ക് തെറ്റ് പറ്റി. ബലഗർവം നിമിത്തം ധർമ്മം അനുഷ്ഠിച്ചില്ല അധർമ്മം പ്രവർത്തിക്കുകയും ചെയ്തു. ഋശ്യമൂകത്തിൽ വന്നെത്തിയ അങ്ങയെ സന്ദർശിച്ചില്ല. അങ്ങ് എന്നെ ഇങ്ങനെ ശിക്ഷിച്ചു. അങ്ങയുടെ ബാണം എന്റെ നെഞ്ചിൽ തറയ്ക്കുകയും എന്റെ കണ്ണുകൾ അങ്ങയെ കാണുകയും ആത്മാവിൽ അങ്ങയുടെ രൂപം പതിയുകയും ചെയ്തത് എന്റെ പാപമോചനത്തിന് പ്രേരകങ്ങളായിത്തീരട്ടെ" ബാലി പറഞ്ഞു. സുഗ്രവനെ നോക്കി ബാലി വീണ്ടും പറഞ്ഞു അംഗദകുമാരനെയും താരാദേവിയെയും രാജ്യത്തെയും നീ സംരക്ഷിച്ചു കൊള്ളണം.
പെട്ടെന്ന് അവിടെ എത്തിയ അംഗദനും താരയും ബാലിയുടെ അവസ്ഥ കണ്ട് വിലപിച്ചു. ശ്രീരാമനെ കണ്ടു താര ഇങ്ങനെ ചോദിച്ചു. " രാമഭദ്ര! അങ്ങെന്താണിചെയ്തത്? ലോകൈക മഹാവീരന്റെ ധർമ്മപത്നിയെ വിധവയാക്കാനാണോ അങ്ങയുടെ ഒരുക്കം. സാക്ഷാൽ ശ്രീ നാരയണനായ അങ്ങയുടെ ഭാര്യ (ലക്ഷ്മീ) എന്റെ അനുജത്തി . അങ്ങയുടെ അനുജന്റെ പുത്രനാണ് ഇദ്ദേഹം. കപടബാണപ്രയോഗം ധർമ്മമാണോ?...
ശ്രീരാമൻ പറഞ്ഞു ഭവതിയുടെ ന്യായവാദരീതി പ്രശംസാർഹമാണ്. എന്നാൽ ഈ അപവാദങ്ങൾക്കും അപവാദങ്ങളുണ്ടെന്നു ഭവതി ധരിക്കണം. അനേകം ജീവികൾക്ക് ജീവാപായം ചെയ്യുന്ന ഒരു വ്യക്തിക്ക് ജീവഹാനിവരുത്തുന്നത് അധർമ്മമാവുകയില്ല. താടകാവധം ആ ഗന്ധർവസുന്ദരിയുടെ ശാപമോചനത്തിനിടയാവുകയാണ് ചെയ്തത്. ഒരു സ്ത്രിയെ ബലമായി ഭാര്യയാക്കി ചാരിത്രനിഷ്ഠ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നവർ ശിക്ഷാർഹരാണ്. കാമോദ്ധതായായ ശൂർപ്പണഖ മുഗ്ദ്ധതമയായ സീതയെ ഹിംസിക്കാൻ സന്നദ്ധയായി. ലക്ഷമണൻ അവളെ ശിക്ഷിച്ചു. കാമപ്രമത്തയായ അയോമുഖി സുദൃഢബ്രഹ്മചര്യനിഷ്ഠനായ ലക്ഷ്മണനെ ബലാല്ക്കാരമായി അപഹരിച്ചു കടന്നു കളയാനാരംഭിച്ചപ്പോൾ അവൾക്കു കുമാരൻ തക്ക ശിക്ഷ കൊടുത്തു. ഇവയെല്ലാം ധർമ്മസംസ്ഥാപകങ്ങളേ ആവുകയുളളൂ. ഇങ്ങനെ രാമൻ താരയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.
ബാലി പറഞ്ഞു രാമദേവാ! ഞങ്ങൾ ആര്യധർമ്മങ്ങളിൽ അജ്ഞരാണ്. അങ്ങ് താരയ്ക്കും അംഗദനും സുഗ്രീവനും ആര്യധർമ്മം ഉപദേശിക്കണം. അങ്ങ് ഈ അസ്ത്രം വലിച്ചൂരിയെടുക്കുക. എന്റെ ആത്മാവ് സ്വസ്ഥമായി തന്നെ സ്വഃസ്ഥമായിത്തീരട്ടെ . ദേവ! അന്തിമ നമസ്കാരം. ശ്രീരാമൻ ബാലിയുടെ ദേഹം മന്ദംമന്ദം തലോടിക്കൊണ്ട് വക്ഷസ്സിൽ നിന്നും അസ്ത്രം വലിച്ചൂരിയെടുത്തു. കരചരണങ്ങൾ നിതാന്തനിശ്ചലങ്ങളായി. ബാലി മുക്തി പ്രാപിച്ചു.
സുഗ്രീവനും അംഗദനും ചേർന്ന് ബാലിയുടെ ഭൗതികദേഹസംസ്ക്കാരം നടത്തി. അനന്തരം യഥാകാലം സുഗ്രീവന് രാജ്യാഭിഷേകവും അംഗദന് യുവരാജാഭിഷേകവും ലക്ഷമണന്റെ മേൽനോട്ടത്തിൽ നിർവ്വഹിക്കാനേല്പിച്ച് ശ്രീരാമൻ വീണ്ടും ഋശ്യമൂകത്തിലെത്തി വിശ്രാന്തനായി അധിവസിച്ചു.
തുടരും .....
No comments:
Post a Comment