ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-09

കമ്പരാമായണം കഥ

അദ്ധ്യായം :-09

ബാലകാണ്ഡം തുടർച്ച... 

വിശ്വാമിത്രമഹർഷി

കുശികവംശജാതനും  ഗാഥിനന്ദനനും വിശ്വവിശ്രുതനും ആയ വിശ്വാമിത്രൻ ധൈര്യവീരവിക്രമശാലിയായ ഒരു രാജേന്ദ്രനായിരുന്നു.  നായാട്ടിനായി കാട്ടിലെത്തിയ വിശ്വാമിത്രൻ  തിരിച്ചു പോകുമ്പോൾ വസിഷ്ഠ ആശ്രമത്തിൽ ചെന്നു.   വസിഷ്ഠ മഹർഷി വിശ്വാമിത്രനും കൂടെയുണ്ടായിരുന്ന പുത്രന്മാർക്കും  സേനകൾക്കും വേട്ടപട്ടികൾക്കും വിഭവസമൃദ്ധമായ ആഹാരം നൽകി . സുഖംനിബന്ധങ്ങളായ ശയ്യോപകരണങ്ങളും കൊടുത്തു.  രാജസരീതിയിൽ സുലഭമായി സല്ക്കരിച്ചു. സർവ്വകാമപ്രസവയായ ദിവ്യ കാമധേനുവിന്റെ പ്രഭാവം  കൊണ്ടാണ് നിർലോഭവും സ്വർല്ലോകസുലഭവുമായ ഈ സല്കാരം വിഭവഹീനമായ ആശ്രമ പ്രദേശത്ത് നടത്താൻ വസിഷ്ഠന് സാധിച്ചത്.  പിറ്റേന്ന് യാത്രാരംഭത്തിൽ കാമധേനുവിനെ തനിക്ക് തരണമെന്ന് വിശ്വാമിത്രൻ വസിഷ്ഠനോട് ആവശ്യപ്പെട്ടു. ധേനു സ്വതന്ത്രയാണെന്നും തനിക്ക് തരാൻ നിവൃത്തിയില്ലെന്നും വസിഷ്ഠൻ അറിയിച്ചു.  എന്നാൽ ഞാൻ പശുവിനെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വാമിത്രൻ പശുബന്ധനത്തിന് തുനിഞ്ഞു. തന്നെ ബന്ധത്തിൽ ആക്കാൻ അടുത്ത് രാജസേനകളെ കാമധേനുവും,  തന്നെ ആക്രമിക്കാൻ മുതിർന്ന രാജപുത്രന്മാരെ വസിഷ്ഠനും പെട്ടെന്ന് സംഹരിച്ചു കളഞ്ഞു.  അപ്രതീക്ഷിതമായ പരാജയത്തിൽ പരിഭ്രാന്തനായ വിശ്വാമിത്രൻ പരമശിവനെ തപസ്സു ചെയ്ത് ഒരു ആഗ്നേയാസ്ത്രം സമ്പാദിച്ചു അത് പ്രയോഗിച്ചു. അതും ഫലപ്പെട്ടില്ല.  തപസ്യയുടെ മഹിമ അറിഞ്ഞ വിശ്വാമിത്രൻ കിഴക്കേ ദിഗന്തത്തിൽച്ചെന്ന് ബ്രഹ്മാവിനെ തപസ് ആരംഭിച്ചു.  അതിശക്തമായ തപശക്തി കണ്ട് ഭയന്ന ഇന്ദ്രൻ മേനകയെ അയച്ച് വിശ്വാമിത്രന്റെ തപസ്സിന് ഭംഗം വരുത്തി.  മേനകയ്ക്കും വിശ്വാമിത്രനും ശകുന്തള എന്ന പുത്രി ജനിച്ചു.  തപശ്ശക്തിക്കു വിഘ്നം  വന്ന വിശ്വാമിത്രൻ,  രണ്ടാമത് വടക്കേദിഗന്തത്തിൽ ചെന്ന് തപസ്സ്  ആരംഭിച്ചു.  ഈ സമയത്ത് ഉടലോടെ സ്വർഗ്ഗവാസം കൊതിച്ച ത്രിശങ്കുവിനെ സ്വർഗ്ഗത്തിൽ എത്തിക്കാൻ കഴിയാഞ്ഞത് കാരണം പുതിയൊരു  സ്വർഗ്ഗം സൃഷ്ടിച്ചു.  ആ സ്വർഗ്ഗത്തിൽ പുതിയ ഇന്ദ്രനെയും ബ്രഹ്മാവിനെയും  സൃഷ്ടിക്കാൻ ആരംഭിച്ചപ്പോൾ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പുതുസൃഷ്ടിയിൽ നിന്നും വിരമിക്കാൻ അറിയിച്ചു . അനന്തരം മൂന്നാമത് പടിഞ്ഞാറേദിഗന്തത്തിൽ  പ്രവേശിച്ച് പിന്നെയും തപസ്സു തുടങ്ങി . അക്കാലത്ത് അംബരീഷൻ യാഗത്തിൽ നരബലിക്ക് കൊണ്ടുപോയ ശുനഃശേഫനെ ഋഷി, മൃതിഭീതിയിൽ നിന്നും രക്ഷിച്ച്  സ്വതന്ത്രനാക്കി.  നാലാമത് തെക്കേദിഗന്തത്തിലിരുന്നു  അനേകായിരം വർഷം കഠിന തപസ്സ് ചെയ്തു.  അപ്പോൾ സത്യഹരിശ്ചന്ദ്രനെ അസത്യവാനൃക്കി,  ഹരിചന്ദ്രന്റെ കുലഗുരുവായ വസിഷ്ഠനെ നിസാരനാക്കി തരംതാഴ്ത്താൻ സാഹസങ്ങൾ ചെയ്തു നോക്കി. ഒടുവിൽ ഭൂമധ്യസ്ഥാനത്തുനിന്ന് അത്യന്തതീവ്രമായ തപസ്സനുഷ്ഠിച്ച് ഐശ്വര്യഷ്ടകം സ്വായത്തമാക്കി.  ആദ്യം നാലുദിഗന്തങ്ങളിലുമിരുന്ന് നടത്തിയ മഹാതപസ്സുകളുടെ വരഫലമായി ഋഷി, മഹർഷി,  ദേവർഷി, ബ്രഹ്മർഷി, മഹാബ്രഹ്മർഷി  ഈ സ്ഥാനങ്ങൾ ഉത്തരോത്തരമഹിമകളോടുകൂടി വിശ്വാമിത്രൻ സമ്പാദിച്ചിട്ടുണ്ടായിരുന്നു.

സർവ്വശാസ്ത്രങ്ങളിലും സകല കലകളിലും പ്രകടമായ പാഠവം നേടിയ രാജകുമാരന്മാർ മാതാപിതാക്കളുടെയും പ്രജാസഞ്ചയത്തിന്റെയും കണ്ണിലുണ്ണികളായി അയോധ്യയിൽ വളർന്നുവന്നു.  രാമലക്ഷ്മണന്മാർ തമ്മിലും ഭരതശത്രുഘ്നന്മാർ തമ്മിലും മൈത്രീബന്ധം കൂടുതൽ കൂടുതൽ മുറുകി മുറുകി വന്നു.  ഇതിന് കാരണം ജന്മഹേതുകമായ പായസത്തിന്റെ പരസ്പര ബന്ധം ആയിരിക്കണം

ഇക്കാലത്ത് വിശ്വാമിത്രൻ സ്വജന സംതൃപ്തി ലക്ഷ്യമാക്കി ഒരു യാഗം നടത്താൻ ആരംഭിച്ചു. ദുഷ്ടരാക്ഷസന്മാർ സംഘംചേർന്ന് യാഗം മുടക്കൽ തുടർന്നതിനാൽ വിശ്വാമിത്രൻ  അയോധ്യയിലെത്തി  മഹാരാജാവിനെ കണ്ടു.  യാഗത്തിന്റെ രക്ഷയ്ക്കായി രാമകുമാരനെ അയക്കണം എന്ന് ആവശ്യപ്പെട്ടു . വിശ്വാമിത്രന്റെ ശാപം ഭയന്ന് വസിഷ്ഠന്റെ നിർദ്ദേശപ്രകാരം രാജാവ് രാമകുമാരനെ വിശ്വാമിത്രനെ വിശ്വാസപൂർവം ഏൽപ്പിച്ചു.
    
രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ആശ്രമത്തിലേക്ക് യാത്രയായി.  പലവിധത്തിലുള്ള പൂർവ്വകഥകൾ  പലതും പറഞ്ഞുകൊണ്ട് മുനീന്ദ്രനും വനഭംഗി കണ്ടു രസിച്ചു കുമാരന്മാരും ബഹുദൂരം സഞ്ചരിച്ചു.  ഇതിനിടയ്ക്ക് സരയൂ നദിയും അനേകം ഋഷിവാടങ്ങളും, പണ്ട്  പരമേശ്വരൻ സമാധിയിലിരിക്കെ തന്റെ നിഷ്ഠയ്ക്ക്  ഭംഗം വരുത്തിയ കാമനെ ചുട്ടുകരിച്ച സ്ഥലമായ "കാമാശ്രമ"വും കടന്ന്,  മരുഭൂമിയുടെ പര്യന്തപ്രദേശത്തുള്ള ഒര "പാലവന"ത്തിൽ അവർ വിശ്രമത്തിനായി എത്തി.  ദാഹത്താലും വിശപ്പിനാലും ദേഹം തളർന്ന കുമാരന്മാർക്ക് മഹർഷി "ബലാതിബലാമന്ത്രങ്ങൾ "  ഉപദേശിച്ചുകൊടുത്തു.  ഇവ കൂടാതെ അപൂർവ്വങ്ങളായ ചില ദിവ്യശസ്ത്രങ്ങളും ശാസ്ത്രങ്ങളും കുമാരന്മാർക്ക് സന്ദർഭസിദ്ധങ്ങളാക്കിത്തീർത്തു.  രാമകുമാരനു  "ജൃംഭകാസ്ത്രം"  പ്രത്യേകമായി ഉപദേശിച്ചു

വീണ്ടും യാത്ര തുടങ്ങി താടകവനത്തിലെത്തിയ വിശ്വാമിത്രൻ കുമാരന്മാർക്ക് താടകയുടെ കഥ പറഞ്ഞു കൊടുത്തു.  ഒരു ഗന്ധർവരാജാവായ സുരക്ഷകന്റെ പുത്രനായ സുകേതുവിന്, തപഃഫലമായി താടക എന്നൊരു പുത്രി ജനിച്ചു.  പുരുഷാധികാമായ കായശക്തിയും പരുഷമായ അക്രമവൃത്തിയും അമേയമായ മായപ്രവൃത്തിയും താടകയ്ക്ക് സ്വതഃസിദ്ധമായിരുന്നു. സുന്ദൻ എന്ന ഗന്ധർവ യുവാവിനെ വരിച്ച് രണ്ടു പുത്രന്മാരുണ്ടായി.  അവരും മാതാവിനെപ്പോലെ മഹാമായാവികളായിരുന്നു.  മദോന്മത്തനായി
അഗസ്ത്യാശ്രമം ആക്രമിച്ച സുന്ദൻ മുനികോപാഗ്നിയിൽ ഭസ്മാവശേഷനായിത്തീർന്നു.  വിവരമറിഞ്ഞ് പകവീട്ടാൻ വന്ന താടകയും പുത്രന്മാരെയും അഗസ്ത്യൻ ശപിച്ച് രാക്ഷസരാക്കി.  തൽക്ഷണം ഘോരരൂപിയായ അവർ സുമാലിയോടെന്നിച്ച് പാതാളത്തിലും പിന്നെ  രാവണനോടൊന്നിച്ച് ലങ്കയിലും താമസിച്ചു.   ഇപ്പോൾ രാവണന്റെ സുജനദ്രോഹപ്രചാരകരായി നാട്ടിലെല്ലാം സഞ്ചരിക്കുകയാണ്.  പുത്രരെ പിരിയാൻ മനസ്സില്ലാഞ്ഞ്  താടക കുറേകാലമായി ഈ വനത്തിൽ ആവസമുറപ്പിച്ചു.   മനുഷ്യരോ വനദേവതകളോ ദേവന്മാരോ ഈ വനാന്തരങ്ങളിൽ എത്തി നോക്കാറില്ല . താടക പുത്രന്മാരാണ് യാഗവിഘ്നം വരുത്തുന്നത്.  ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ താടകഗിരിയുടെ അടുത്തുള്ള കൊടുങ്കാട്ടിൽ നിന്ന് ഭീകരരൂപിയായ താടക ഒരു ശൂലവും ധരിച്ചുകൊണ്ട് അതിവേഗത്തിൽ അവിടേക്ക് വന്നു.  ഈ ദുഷ്ട രാക്ഷസിയെ വധിക്കാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു.  സ്ത്രീഹത്യ പാവമാണല്ലേ എന്ന് ചോദിച്ച രാമനോട് ദുഷ്ടശിക്ഷയും  ശിഷ്ടരക്ഷയുമാണല്ലോ രാജധർമ്മം.  ഇവൾ എല്ലാംകൊണ്ടും വധാർഹയാണ്.  ഈ നീച രാക്ഷസിയെ വധിക്കുക എന്ന് പറഞ്ഞു വിശ്വാമിത്രൻ . വിശ്വാമിത്രനു നേരെ ഒരു പാറ എടുത്തു ഉയർത്തിയ താടകയെ കണ്ട് രാമൻ ചാടിയെണീറ്റ് ഒരു ബാണമുപയോഗിച്ച് ആ വലിയ പാറ പൊട്ടിച്ചു കളഞ്ഞു.  മാനഹാനിയാൽ കുപിതയായ രാഷസി രാമനോടടുത്തു.  രാമൻ ഒറ്റ ബാണം പ്രയോഗിച്ചു രാക്ഷസിയെ വധിച്ചു.   താടകയുടെ സ്ഥൂലദേഹം മാമലപോലെ നിലംപതിച്ചു.  സൂക്ഷ്മദേഹം ഒരു ഗന്ധർവസുന്ദരിയായ ഉല്പ്പതിച്ചു. ശാപമുക്തി നേടിയ താടക ശ്രീരാമനെ സ്തുതിച്ച് ഗന്ധർവലോകത്തേക്കു യാത്രയായി

തുടരും .....

No comments:

Post a Comment