ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 17

ഗരുഡൻ - 17

ഗരുഡനും രാമലക്ഷ്മണന്മാരും

രാമ-രാവണയുദ്ധം കൊടുമ്പിരികൊണ്ടു നില്ക്കുന്ന അവസരം. രാവണന്റെ മകൻ ഇന്ദ്രജിത്ത് നാഗാസ്ത്രം എയ് രാമലക്ഷ്മണന്മാരെ ബന്ധനസ്ഥനാക്കി. ആരെല്ലാം ശ്രമിച്ചിട്ടും അവരെ അതിൽനിന്നും മോചിപ്പിക്കാൻ കഴിഞ്ഞില്ല. എല്ലാം തകർന്നുതരിപ്പണമായി എന്ന് വിഭീഷണൻ വിലപിച്ചു കൊണ്ടുനടന്നു. വാനരപ്പട പേടിപൂണ്ടു നാനാവഴി ഓടി. വിഭീഷണനെ ആശ്വസിച്ചുകൊണ്ട് സുഗ്രീവൻ പറഞ്ഞു: "ധർമ്മജ്ഞനായ അങ്ങ് ഒട്ടും ഭയപ്പെടേണ്ട. അങ്ങ് രാമലക്ഷ്മണന്മാരെ എടുത്തുകൊണ്ട് കിഷ്കിന്ധയിലേക്കു പോകുക. ഞാൻ രാവണനെയും അവന്റെ പുത്രനെയും വധിച്ച് സീതയുമായി മടങ്ങിവരാം. മൃതന്മാരെ ജീവിപ്പിക്കുന്ന ഔഷധങ്ങൾ കൊണ്ടു വരാൻ ഇപ്പോൾതന്നെ ഏർപ്പാടാക്കാം. എന്നിട്ടും വിഭീഷണന് ആശ്വാസമായില്ല. രാമലക്ഷ്മണന്മാരെ കുടുക്കി, രാവണൻ കാര്യം നേടിയതുതന്നെ. ഈ ചിന്തയായി രുന്നു വിഭീഷണന്. പെട്ടെന്നാണ്, ഭൂമിയും അന്തരീക്ഷവും കുലുങ്ങുന്നരീതിയിൽ ചില ചലനങ്ങൾ ഉണ്ടായത് . ജ്വലിക്കുന്ന അഗ്നി പോലെ തേജസ്സുറ്റ ഗരുഡൻ അവിടെ പറന്നിറങ്ങി. ഗരുഡൻ വന്നതോടെ നാഗാസ്ത്രങ്ങൾ അവരുടെ ശരീരത്തിൽ നിന്നും തനിയെ ഊരിപ്പോയി, അമ്പേറ്റ രാമലക്ഷ്മണന്മാരുടെ വ്രണങ്ങളിൽ ഗരുഡൻ തലോടി അത്ഭുതം! അവരുടെ ശരീരത്തിൽ, നിന്നും അമ്പിന്റെ പാടുകൾപോലും അപ്രത്യക്ഷമായി. വർധിത വീര്യത്തോടെ രാമലക്ഷ്മണന്മാർ എഴുന്നേറ്റു, ഗരുഡൻ അവരെ ആലിംഗനം ചെയ്തു. സന്തോഷാധിക്യത്തിൽ രാമൻ ചോദിച്ചു. 'രാവണന്റെ അസ്ത്രങ്ങളാൽ ബന്ധിതരായ ഞങ്ങളെ ഭഗവാൻ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്. അങ്ങ് ആരാണെന്ന് പറ ഞ്ഞാലും.' 'ഞാൻ അങ്ങയുടെ ഉറ്റ സുഹൃത്തും പ്രാണതുല്യനുമായ ഗരുഡനാണ്, ഇന്ദ്രജിത്തിനാൽ പ്രയോഗിക്കപ്പെട്ട ഈ അസ്തങ്ങളെ നിങ്ങളിൽനിന്ന് മോചിപ്പിക്കാൻ ഇന്ദ്രനുപോലും സാധ്യമല്ല. നിങ്ങളോടുള്ള സ്നേഹത്താൽ ഞാൻ തക്കസമയത്ത് ഇവിടെ എത്തി, നിങ്ങൾ ഭയപ്പെടേണ്ട, ഇപ്പോൾ ഞാൻ പോകട്ടെ, അങ്ങ് രാവണനെ നിഗ്രഹിച്ച് സീതയെ നേടും. സംശയമില്ല.' ഇങ്ങനെ പറഞ്ഞിട്ട് ഗരുഡൻ ആകാശത്തേക്കു പറന്നുയർന്നു. (രാമായണത്തിലെ ഈ കഥാസന്ദർഭം പലരീതിയിലും എഴുതി കാണുന്നു.)
          

No comments:

Post a Comment