ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 June 2017

ശിവചൈതന്യം നിറയുന്ന പഞ്ചഭൂത ക്ഷേത്രങ്ങൾ

ശിവചൈതന്യം നിറയുന്ന പഞ്ചഭൂത ക്ഷേത്രങ്ങൾ

ശിവചൈതന്യം പ്രകൃതിയായി നിറയുന്ന മഹാക്ഷേത്രങ്ങളിലൂടെ, പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു തീര്‍ഥയാത്ര...

 നിര്‍ഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവന്‍. ധൂര്‍ജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയില്‍ പ്രപഞ്ചത്തെ നര്‍ത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപന്‍. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടന്‍, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂര്‍ണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലന്‍. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവന്‍ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം.

ന കാരം പൃഥ്വീ തത്വത്തെയും,
മ ജല തത്വത്തെയും
ശി അഗ്നിയേയും
വാ വായുവിനേയും
യ ആകാശത്തെയും
ദ്യോതിപ്പിക്കുന്നു. ക്ഷിപ്രസാദിയായ ശങ്കരന്‍ പഞ്ചഭൂതാംശങ്ങളായി നിറയുന്ന മഹാക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര മുക്തിദായകമെന്നാണ് വിശ്വാസം.

തിരുവണ്ണാമലൈ

ഇവിടെ ശിവന്‍ അഗ്‌നിരൂപന്‍

പുളിമരങ്ങള്‍ അതിരിട്ടു നീളുന്ന റോഡില്‍ നിന്ന് ദൂരെ കാണാം. കണ്ണെത്താ സമതലങ്ങളില്‍ നിന്നുയിര്‍ത്ത ഒരൊറ്റമല. ആയിരം ആണ്ടുകളായി ആത്മാന്വേഷകരെ ആകര്‍ഷിക്കുന്ന അഗ്നിയുടെ ആത്മീയശൈലം. അരുണാചലം. ആദിമധ്യാന്ത ഹീനനായ മഹാദേവന്‍ തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭപൂണ്ട ആ അചലം എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില്‍ ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഗാംഭീരമാര്‍ന്ന അരുണാചല ക്ഷേത്രവും നഗരവും. അരുണാചലേശ്വരനെ അണ്ണാമലൈയാര്‍ എന്ന്് തമിഴ് മക്കള്‍ വിളിക്കുക . ദേവി ഇവിടെ ഉണ്ണാമലൈയാളാണ്. മോക്ഷപ്രാപ്തിയെക്കുറിച്ച് തമിഴില്‍ ഒരു ചൊല്ലുണ്ട്. തിരുവാരൂരില്‍ ജനിക്കുക, കാശിയില്‍ മരിക്കുക, ചിദംബരത്ത് ഭജിക്കുക, അണ്ണാമലയെപറ്റി ചിന്തിക്കുക. ചിന്തിച്ചാല്‍ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലം.

സ്ഥാനമഹിമയെപ്പറ്റി തര്‍ക്കിച്ച വിഷ്ണുവിനും, ബ്രഹ്മാവിനും മുന്നില്‍ പ്രത്യക്ഷമായ അന്തമില്ലാത്ത ജ്വലിക്കുന്ന അഗ്നി ലിംഗത്തിന്റെ പ്രതിരൂപമാണ് അണ്ണാമലൈ എന്നാണ് വിശ്വാസം. രമണമഹര്‍ഷിയടക്കം നിരവധി സംന്യാസിവര്യന്‍മാര്‍ പല കാലങ്ങളിലായി ഈ മലയില്‍ സത്യാന്വേഷികളായി എത്തിയിരുന്നു. ഇന്നും എത്തുന്നു. എല്ലാ പൗര്‍ണ്ണമി കളിലും ഈ മലയെ പ്രദക്ഷിണം ചെയ്യുന്ന ഗിരിവാലത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കാര്‍ത്തിക മാസത്തിലെ ഗിരിവാലം അതിവിശേഷമാണ്. ക്ഷേത്രം ദീപക്കാഴ്ച്ചകളാല്‍ പ്രഭാപൂരിതമാവും. അരുണാചലത്തിനു മുകളില്‍ അന്ന്് വലിയോരഗ്നിസ്തംഭം തെളിയിക്കും. ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ്് മലയുടെ പാര്‍ശ്വത്തിലുള്ള രമണാശ്രമം. അരുണാചലത്തിനു മേലെ രമണമഹര്‍ഷി തപം ചെയ്ത സ്‌കന്ദാശ്രമത്തിലേക്കുള്ള കയറ്റത്തിനിടെ കാണുന്ന ക്ഷേത്രക്കാഴ്ച്ച അനുപമമായ ഒരു ദൃശ്യാനുഭവമാണ്. ഭസ്മത്തിലാറാടിയ പോലെയുള്ള ഉത്തുംഗമായ രാജഗോപുരം നിര്‍മ്മിച്ചത് വിജയനഗരത്തിലെ കൃഷ്ണദേവരായനാണ്. ക്ഷേത്ര കവാടവും ഇതു തന്നെ. പശ്ചാത്തലത്തില്‍ മറ്റൊരു മഹാഗോപുരമായി അരുണാചലം. തെക്ക് തിരുമജ്ഞാന ഗോപുരവും, പടിഞ്ഞാറ് പേയ്‌ഗോപുരവും വടക്ക് അമ്മാനിയമ്മന്‍ ഗോപുരവും തലയുയര്‍ത്തി നില്‍ക്കുന്നു ഹൊയ്‌സാലരും, കാഞ്ചിയിലെ ചോളന്‍മാരും തഞ്ചാവൂരിലെ നായിക്കന്‍മാരും പല കാലങ്ങളിലായി കയ്യാളിയ ക്ഷേത്രം. രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹര്‍ഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുഗന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്. ക്ഷേത്ര പ്രാകാരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. പ്രവേശനദ്വാരത്തില്‍ തന്നെ ഗോപുര വിനായകര്‍, തീര്‍ഥക്കരയില്‍ സിദ്ധി വിനായകര്‍, പടിഞ്ഞാറ് കോത്തല വിനായകര്‍, വിഘ്‌നേശ്വരര്‍, ആനൈതിരൈക്കൊണ്ട വിനായകര്‍. അങ്ങനെ, അങ്ങനെ.. നാലാമത്തെ പ്രാകാരത്തിനുള്ളില്‍ പഞ്ചഭൂതേശന്‍മാര്‍ക്കുള്ള ക്ഷേത്രങ്ങളുണ്ട്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്. അവിടെ ചുമരില്‍ അര്‍ദ്ധനാരീശ്വര ചിത്രം. ഇവിടെ വെച്ചാണത്രെ ദേവി തപം ചെയ്ത് ഭഗവാന്റെ വാമഭാഗം ആവശ്യപ്പെട്ടത്. അഭിത്തകുസുമാംബികയായ ഉണ്ണാമലൈയെ തൊഴുതുവേണം അരുണാചല സന്നിധിയിലേക്ക് പ്രവേശിക്കാന്‍. നന്ദിയെയും സൂര്യ, ചന്ദ്ര വിഗ്രഹങ്ങളും കടന്നാല്‍ അഗ്നിസ്വരൂപനായ അരുണാചലേശ്വരന്റെ ശിവലിംഗം. 'അണ്ണാമലൈയാര്‍ക്കു ഹരോ,ഹര'. പരന്നൊഴുകുന്ന ഭകതപ്രഹര്‍ഷം. ശ്രീകോവിലില്‍ പാലഭിഷേകം നടക്കുകയാണ്.

ഏകാംബരേശ്വരന്‍

ഇവിടെ ശിവന്‍ ഭൂമിയാകുന്നു

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്‍. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഗോപുരം കടന്നാല്‍ തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്‍ഥത്തിന്റെ കല്‍ക്കെട്ടുകളില്‍ നിന്നും നോക്കിയാല്‍ ക്ഷേത്രം ഒരു കവിത പോലെ ജലത്തില്‍ പ്രതിബിംബിക്കുന്നതു കാണാം.

ശിവകോപത്തെ തുടര്‍ന്ന് ഭൂമിയിലെത്തിയ പാര്‍വതീദേവി വേഗവതീ നദീതീരത്തെ മാവിന്‍ചുവട്ടില്‍, മണ്ണു കൊണ്ടു ശിവലിംഗമുണ്ടാക്കി പൂജതുടങ്ങി. ഭക്തിയുടെ തീവ്രത പരിശോധിക്കാന്‍ മഹാദേവന്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. മാറോടു ചേര്‍ത്ത് ദേവി ശിവലിംഗത്തെ പ്രളയജലത്തില്‍ നിന്നും രക്ഷിച്ചു. പാര്‍വതിയുടെ ആലിംഗനത്തില്‍ അലിഞ്ഞതിനാല്‍ ശിവന് 'തഴുവ കുഴൈന്താര്‍' എന്ന പേരും കൈവന്നു. ഭഗവാന്‍ സംപ്രീതനായി. ശാപം തീര്‍ന്ന് സുന്ദരിയായ കാമാക്ഷിയെ ദേവന്‍ ഇവിടെ വെച്ച് വിവാഹം ചെയ്തു. ക്ഷേത്രത്തിനകത്തു കാണുന്ന ഒരു മാവിന്‍ ചുവട്ടില്‍ വെച്ചായിരുന്ന പാണിഗ്രഹണം. ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി. പാളത്താറും ജാട്ട് തൊപ്പിയും ധരിച്ച വൃദ്ധരും ശിരസ്സു വഴി ചേല പുതച്ച സ്ത്രീകളുമടങ്ങുന്ന ഉത്തരേന്ത്യന്‍ സംഘം ശിവജിക്ക് ഉച്ചത്തില്‍ പ്രാര്‍ഥന ചൊല്ലി നീങ്ങുന്നതു കണ്ടു. വാരണാസിയില്‍ നിന്നുള്ള സംഘമാണ്. വാരണാസി കഴിഞ്ഞാല്‍ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി. രണ്ടു നഗരവും സന്ദര്‍ശിച്ചാല്‍ പുണ്യം ഉറപ്പ്. വികടചക്ര വിനായകനെ തൊഴുതു വേണം ക്ഷേത്രത്തിനുള്ളില്‍ ഉള്ളില്‍ പ്രവേശിക്കാന്‍.ഉള്ളില്‍ കടന്നാല്‍ ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്യുന്ന ദീര്‍ഘമായ ഇടനാഴിയിലെത്തും. അവിടെ ആയിരത്തിയെട്ട് ശിവലിംഗങ്ങളും ഉല്‍സവ മൂര്‍ത്തികളും. വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ഇടനാഴിയില്‍ തന്നെയാണ് സഹസ്രലിംഗ സന്നിധി. വലിയൊരു ശിവലിംഗത്തില്‍ ആയിരം ശിലംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു. പുനസമാഗമത്തിനു ദേവിയെ സഹായിച്ച മഹാവിഷ്ണുവിനെ ചന്ദ്രകാന്തപ്പെരുമാളായി ഇവിടെ പൂജിക്കുന്നുണ്ട്. ഇരുട്ടില്‍ പാര്‍വതിയെ നിലാവെളിച്ചമായി വഴികാട്ടിയ ശ്രീഹരിക്കിവിടെ നിലാത്തുണ്ടനെന്ന മനോഹരമായ വിശേഷണവുമുണ്ട്. മുകള്‍ ഭാഗം അല്‍പ്പം കൂര്‍ത്ത്, താഴെക്ക് വീതികൂടി ഒരു വിരലിന്റെ രൂപത്തിലാണ് ഏകാംബരേശ്വരന്റെ പ്രത്യേകതയുള്ള ശിവലിംഗം. പൃഥ്വിലിംഗ സങ്കല്‍പ്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. കാഞ്ചി കാമാക്ഷിയുള്ളതിനാല്‍ കാഞ്ചിയിലെ മറ്റു ശിവാലയങ്ങളിലെന്ന പോലെ ഇവിടെയും ദേവിക്ക് പ്രത്യേക സന്നിധിയില്ല. 

ശ്രീകാളഹസ്തി

ഇവിടെ ശിവന്‍ വായുരൂപനാണ്

സ്വര്‍ണ്ണമുഖീ നദിക്കരയിലാണ് മഹാദേവന്‍ വായുവായി വാഴുന്ന ശ്രീകാളഹസ്തി. കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം. വലിയൊരു കല്‍കുന്നിന്റെ പാര്‍ശ്വത്തിലാണ് പ്രാചീനമായ ക്ഷേത്രം. ശ്രീപുരം, മുമ്മിടി എന്നീ കുന്നുകള്‍ ക്ഷേത്രത്തിനിരുവശവും കാവല്‍ നില്‍ക്കുന്നു. ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില്‍ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. തിരുപ്പതിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ശ്രീകാളഹസ്തിയായി. ചിലന്തിയും(ശ്രീ), സര്‍പ്പവും (കാള), ഹസ്തിയും (ആന) ചേര്‍ന്ന് ആരാധിച്ച മൂര്‍ത്തിയാണ് ശ്രീ കാളഹസ്തീശ്വരന്‍.

ഗോപുരങ്ങളും മണ്ഡപങ്ങളും പ്രാകാരങ്ങളും ചേര്‍ന്ന് ദ്രാവിഡരീതിയില്‍ ദീര്‍ഘചതുരാകൃതിയാലാണ് ക്ഷേത്രം. കൃഷ്ണദേവരായര്‍ പണികഴിപ്പിച്ച ഉയരമേറിയ മുഖ്യ ഗോപുരം തകര്‍ന്നു വീണത് ഈയിടെയാണ്. ഗജപതിരാജ്യം വെട്ടപ്പിടിച്ചതിന്റെ സ്മരണക്കായി നിര്‍മ്മിച്ചതായിരുന്നു ഇത്. കാളഹസ്തിയിലെന്നും തിരുപ്പതിയില്‍ നിന്നുള്ള ഭക്തരുടെ തിരക്കാണ്. എങ്ങും മുണ്ഡനം ചെയ്ത ശിരസ്സുകള്‍. ക്ഷേത്രത്തിലെ പ്രശസ്തമായ രാഹു കേതു പൂജക്കായും ധാരാളം പേര്‍ എത്താറുണ്ട്. ക്ഷേത്രത്തിനു ചുറ്റും നവഗ്രഹങ്ങളും സര്‍പ്പബിംബങ്ങളും. അവക്കു ചുറ്റും നിറയെ കത്തുന്ന ചിരാതുകള്‍. ശ്രീകോവിലിനു പുറത്താണ് സ്വര്‍ണ്ണമുഖീനദിയൂടെ ആഴങ്ങളില്‍ നിന്നും ലഭിച്ച പാതാളഗണപതിയുടെ വിഗ്രഹം. ദര്‍ശനത്തിന് പടവുകള്‍ ഇറങ്ങിപ്പോകണം. പ്രധാന അങ്കണത്തിലെ വലിയ പേരാലിന്‍ ചില്ലകളില്‍ നിറയെ ഊഞ്ഞാല്‍ കെട്ടുകളാണ്. സന്താനലബ്ധിക്കായുള്ള ഊഞ്ഞാല്‍ സേവയുടെ സാക്ഷ്യങ്ങള്‍. ക്ഷേത്രച്ചുമരുകളില്‍ കാളഹസ്തിയുടെ തനത്കലയായ കലംകരി ശൈലിയിലുള്ള ചിത്രങ്ങള്‍ കാണാം. ക്ഷേത്രശില്‍പ്പങ്ങള്‍ക്കാകട്ടെ സാദൃശ്യം പല്ലവരീതിയോടാണ്. ക്ഷേത്രത്തിനു പിന്നിലുള്ള കുന്നു കയറിയാല്‍ കാളഹസ്തിയുടെ വിഹഗവീക്ഷണം കിട്ടും. ഗര്‍ഭഗൃഹത്തില്‍ പശ്ചിമാഭിമുഖമായി വായുവിനെ പ്രതിനിധീകരിക്കുന്ന കാളഹസ്തീശ്വരന്‍. ശിവലിംഗശിലക്കു മുകള്‍ ഭാഗത്ത് അഗ്നിനാളങ്ങള്‍ പോലെയുള്ള ശിഖരങ്ങള്‍ കാണാം. നവഗ്രഹചിഹ്നങ്ങളുള്ള സര്‍പ്പകവചം ലിംഗത്തിനെ കാക്കുന്നു. സ്വയംഭൂവായ ഈ ശിലാലിംഗത്തില്‍ ഇരുപ്പത്തിയേഴ് നക്ഷത്രപംക്തികളെ പ്രതിനിധീകരിക്കുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ആരും സ്പര്‍ശിക്കാറില്ല. അഭിഷേകങ്ങളെല്ലാം അടുത്തുള്ള അഭിഷേകമൂര്‍ത്തിക്കാണ്. വായുകടക്കാത്ത ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം. തപത്തിലൂടെ ശിവജ്ഞാനം നേടിയ ജ്ഞാനപ്രസൂണാംബികയാണ് ഇവിടെ പാര്‍വതി. വരപ്രസാദിനി. സുവര്‍ണ്ണ വസ്ത്രമായ 'ബംഗാരു പാവാട'യണിഞ്ഞ്് പ്രസൂണാംബിക അനുഗ്രഹം ചൊരിയുന്നു. സതിയുടെ അംശമായ ജലന്ധരയാണ് ദേവിയെന്നതിനാല്‍ കാളഹസ്തി 108 ശക്തി പീഠങ്ങളില്‍ ഒന്നാണ്.

തിരുവാനൈക്കാവല്‍

ഇവിടെ ശിവന്‍ ജലരൂപി

കാവേരിയും കൊല്ലിഡവും തീര്‍ക്കുന്ന തുരുത്തിലാണ് ജമ്പുകേശ്വര സ്വാമിയുടെ തിരുവാനൈക്കാവല്‍. പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു. ശിവ കോപം മൂലം ഭൂമിയിലെത്തിയ ശക്തി കാവേരി തീരത്തെ വെണ്‍ഞാവല്‍ (ജമ്പു വൃക്ഷം) കാട്ടില്‍ വെള്ളം കൊണ്ടു ശിവലിംഗമുണ്ടാക്കി ആരാധിച്ചു എന്നാണ് ഐതിഹ്യം. തപോനിധിയായ ജമ്പു മുനി ഒരിക്കല്‍ വിശേഷപ്പെട്ട ഒരു വെണ്‍ഞാവല്‍ പഴം ശങ്കരന് നല്‍കി. ഭഗവാന്‍ കഴിച്ച പഴത്തിന്റെ ബാക്കിവന്ന കുരു പ്രസാദമായി മുനിയും കഴിച്ചു. വിത്തു വളര്‍ന്ന് മരമായി മുനിയുടെ ശിരസ്സു വഴി പടര്‍ന്നു പന്തലിച്ചു. കാവേരിയുടെ തീരത്ത് ഭൂഗര്‍ഭത്തില്‍ തപം ചെയ്യാന്‍ അദ്ദേഹം ശങ്കരനോട് അനുവാദം ചോദിച്ചു. മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്‍ച്ചന നടത്തിയത്. ജലലിംഗംമായ ജമ്പുലിംഗത്തില്‍.

സ്ഥലപുരാണം ഇങ്ങനെയാണ്. ജമ്പുവൃക്ഷച്ചുവട്ടില്‍ കണ്ട ശിവലിംഗത്തില്‍ നിത്യേന ഒരാന ജലാഭിഷേകം നടത്തി ആരാധിച്ചിരുന്നു. അതേസമയം മരമുകളില്‍ വസിച്ചിരുന്ന എട്ടുകാലി ലിംഗത്തിനു മുകളില്‍ വലകെട്ടി പാഴിലകളില്‍ നിന്നും ഭഗവാന് സംരക്ഷണമേകി. ആനയുടെ ജലാഭിഷേകത്തില്‍ ചിലന്തിവല ദിവസവും കുതിര്‍ന്ന നശിച്ചു. കോപം പൂണ്ട ചിലന്തി ഒരു ദിനം ആനയുടെ തുമ്പിക്കൈയിലൂടെ തലച്ചോറിലേക്കു ആക്രമിച്ചു കയറി. ആനയും ചിലന്തിയും മരിച്ചുവീണു. ആന വരുന്ന കാട് എന്നര്‍ഥത്തില്‍ സ്ഥലത്തിന് തിരുവാനൈക്കാ എന്നു പേരു വരികയും ചെയ്തു. ശിവപദത്തിലെത്തിയ ആന മോക്ഷപ്രാപ്തി നേടി. ചിലന്തി തമിഴകത്ത് കൊച്ചെങ്കണ്ണ ചോളനായി (ചുവന്ന കണ്ണുള്ള ചോളന്‍) പിറന്നു എന്നാണ് വിശ്വാസം. അദ്ദേഹമാണത്രെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഗോപുരങ്ങളും, പ്രാകാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ ക്ഷേത്രമാണ് തിരുവാനൈക്കാ അഥവാ തിരുവാനൈക്കാവല്‍. കാവേരിയുടെ വടക്കേക്കരയില്‍ പതിനെട്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന മഹാക്ഷേത്രം. ചോളന്‍മാരും ചേരന്‍മാരും പാണ്ഡ്യന്‍മാരും നിര്‍മ്മിതിയില്‍ കാര്യമായ സംഭാവന നല്‍കിയ ക്ഷേത്രം. ദീര്‍ഘചതുരാകൃതിയിലുള്ള ക്ഷേത്രത്തിലെ അഞ്ചു പ്രാകാരങ്ങളില്‍ വിശേഷപ്പെട്ടത് ഒരു മൈലോളം ദൈര്‍ഘ്യവും 25 അടിയോളം വലുപ്പവുമുള്ള വിഭൂതി പ്രാകാരം എന്ന തിരുനീര്‍ത്രന്‍ മതില്‍ തന്നെ. മതില്‍ പണിഞ്ഞു കൊണ്ടിരിക്കെ ഒരിക്കല്‍ ജോലിക്കാര്‍ക്ക് കൂലികൊടുക്കാന്‍ രാജാവിന് പണമില്ലാതെ വന്നു. എവിടെനിന്നോ വന്നെത്തിയ ഒരു സംന്യാസി അന്ന് വൈകുന്നേരം ജോലിക്കാര്‍ക്കു മുഴുവന്‍ വേതനമായി ഭസ്മം നല്‍കി. വീട്ടലെത്തി നോക്കുമ്പോള്‍ ജോലിക്കാര്‍ മടിയില്‍ സൂക്ഷിച്ച വിഭൂതി മുഴുവന്‍ സ്വര്‍ണ്ണമായി മാറിയിരിക്കുന്നു. സാക്ഷാല്‍ ശിവന്‍ തിരുവിളയാടല്‍ നടത്തിയതാണെന്ന് രാജാവിന് ബോധ്യം വന്നു. വിശാലമായ നടവഴികളിലൊന്നില്‍ മെലിഞ്ഞ ദേഹം മുഴുവനും രുദ്രാക്ഷമാലകളാല്‍ നിറച്ച യുവാവ് പരിസരമാകെ മറന്ന് തേവാരം പാടുന്നു. രണ്ടു വയസ്സോ മറ്റോ പ്രായമുളള അയാളുടെ മകന്‍ അച്ഛനെ സംരക്ഷിക്കാനെന്നവണ്ണം ചുറ്റും നടക്കുന്നു. തൂണുകള്‍ നിറഞ്ഞ ഇടനാഴികളും ധ്വജസ്തംഭവും നന്ദിയും കഴിഞ്ഞാല്‍ ജമ്പുകേശ്വര സന്നിധിയായി. ചെറിയൊരു കല്‍ക്കെട്ടിനകത്താണ് പ്രതിഷ്ഠ. പതിവിനു വിപരീതമായി നേരെ നിന്നും ദര്‍ശനമില്ല. മുന്നില്‍ കാണുക കല്‍കെട്ടിലുള്ള നവദ്വാരങ്ങളാണ്. ഈ നവ ദ്വാരങ്ങളിലൂടെയുള്ള ദര്‍ശനം ക്ഷേത്രത്തിലുള്ള ഒമ്പത് തീര്‍ഥങ്ങളിലും കുളിച്ച അനുഗ്രഹം തരുമെന്നാണ് വിശ്വാസം. സന്നിധിയിലേക്ക് വശത്തിലൂടെ പ്രവേശിക്കാം. തല മുട്ടാതിരിക്കാന്‍ കുനിയണം. ജലം നിറഞ്ഞ തളത്തിനപ്പുറത്തെ പാതി ഇരുട്ടില്‍ കൂവളമാലകളും നാഗലിംഗപ്പൂക്കളും ചാര്‍ത്തിയ ഔപചാരികതകളില്ലാത്ത ചെറിയൊരു ശിവലിംഗം. ജമ്പുകേശ്വരന്‍. ദേവിയുടെ ക്ഷേത്രം പ്രാകാരത്തിനു പുറത്താണ്. തിരുവാനൈക്കാവലിലെ അമ്മ തമിഴകം മുഴുവന്‍ കുമ്പിടുന്ന അഖിലാണ്ഡേശ്വരിയാണ്. ഉഗ്രമൂര്‍ത്തിയായിരുന്ന അഖിലാണ്ഡനായകിയെ സൗമ്യയാക്കിയത് ശങ്കരാചാര്യരാണ്. അഞ്ചടിയോളം വലിപ്പമുള്ള ചതുര്‍ഭുജമായ വിഗ്രഹമാണ് ദേവിയുടേത്. ഇടതു വശത്ത് അത്ര തന്നെ വലിപ്പമുള്ള ഒറ്റവിളക്ക് കത്തുന്നു. കര്‍ണ്ണങ്ങളില്‍ ശങ്കരാചാര്യര്‍ കഥകളികോപ്പിന്റെ മാതൃകയില്‍ തീര്‍ത്ത ശ്രീചക്രാഭരണം. മുന്നില്‍ ഒരു ശ്രീചക്ര മേരുവും. ശ്രീകോവിലിനു പുറത്ത് ദേവിയെ ശാന്തനാക്കാന്‍ ശ്രീശങ്കരന്‍ സ്ഥാപിച്ച പ്രസന്നഗണപതിയുടെ കൂറ്റന്‍ വിഗ്രഹം. ക്ഷേത്രത്തിലെ ഒമ്പതു തീര്‍ഥങ്ങളിലൊന്നായ ജമ്പുതീര്‍ഥക്കരയിലാണ് പ്രാചീനമായ സംഗമേശ്വരന്റെയും സംഗമേശ്വരിയുടേയും ചെറിയ ക്ഷേത്രം. പുറത്ത് താമരയുടെ ആകൃതിയിലുളള വലിയ തളത്തില്‍ ലക്ഷമീ ദേവി പൂജിക്കുന്ന കൂറ്റന്‍ കുബേരലിംഗം. പ്രാര്‍ഥിച്ചാല്‍ ഐശ്വര്യം ഉണ്ടാവുമെന്ന് മെലിഞ്ഞുക്ഷീണിച്ചുപോയ പൂജാരി പറഞ്ഞു.

ചിദംബരം

മഹാദേവന്‍ ഇവിടെ ചിദാകാശമാണ്

കലാഭിജ്ഞെര അത്ഭുതപ്പെടുത്തിയ ഇടമാണ് ചിദംബരം. ആകര്‍ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. പൂര്‍ണ്ണമായ കലാസൃഷ്ടി എന്നാണ് ആനന്ദകുമരസ്വാമി നടരാജശില്‍പ്പത്തെ വിശേഷിപ്പിച്ചത്. ഇതര ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില്‍ ആകാശലിംഗമായി, ചിദാകാശമായി ഭഗവാന്‍ ഇവിടെ വര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പ്പം. കണ്ടല്‍ക്കാടായിരുന്നു ഒരിക്കല്‍ ചിദംബരം. തില്ലൈ എന്ന പേരു കൈവന്നതും അങ്ങനെ. തില്ലൈ മൂവായിരം എന്നറിയപ്പെടുന്ന ദീക്ഷിത പുരോഹിതരാണ് ക്ഷേത്ര പൂജകള്‍ നടത്തുന്നത്. പതഞ്ജലി നിര്‍ദേശിച്ച പൂജാവിധികളാണ് പ്രമാണം.

ദേവന്‍ ആന്ദനടനം ആടിയ പ്രപഞ്ചമധ്യമാണ്, വിരാട ഹൃദയ പദ്മസ്ഥലമാണ് ചിദംബരം എന്നാണ് വിശ്വാസം. ചിദംബരത്തെ പ്രതിഷ്ഠാസങ്കല്‍പ്പങ്ങളും അപൂര്‍വമാണ്. രൂപത്തില്‍ സകാലനായി നടരാജനും, അര്‍ദ്ധരൂപത്തില്‍ സകാല നിഷ്‌കാലനായി സ്ഫടികലിംഗമായ ചന്ദ്രമൗലീശ്വരനും അരൂപത്തില്‍ നിഷ്‌കാലനായി ചിദാകാശവും. ചിദംബരത്തെ നടനം അനുപമമാണ്്. പതിനാറു താണ്ഡവങ്ങളിലും വെച്ച് അദ്വതീയമായ ആനന്ദനടനവേദിയാണ് ചിദംബരം. പിന്‍ വലതുകൈയ്യില്‍ ജീവതാളമായ നാദബ്രഹ്മത്തിന്റെ ഡമരു ചലിപ്പിച്ച്, ഇടതു പിന്‍കൈയ്യില്‍ ലയത്തിന്റെ അഗ്നിപാത്രമേന്തി. മുന്‍ ഇടതുകൈ വരദായകമായ ഗജഹസ്തമാക്കി, വലതുകൈ അഭയഹസ്തമാക്കി, അജ്ഞാനപ്രതിരൂപമായ മുയലകന്റെ മേല്‍ ഇടതുകാല്‍ ഊന്നി, വലതുകാല്‍ ഉയര്‍ത്തി ഇടതുവശത്തേക്ക് നീട്ടി മന്ദഹസിച്ച ആ മഹാനടന്‍ ആടുകയാണ്.! സൃഷ്ടിസ്ഥിതിലയങ്ങളുടെ അനവരതമായ മഹാനടനം. ക്ഷേത്രമണ്ഡപങ്ങളെല്ലാം സഭകളാണ്. പഞ്ചമൂര്‍ത്തികള്‍ സ്ഥിതിചെയ്യുന്ന ദേവസഭ, യോഗചക്രത്തിന്റെ പ്രതീകമായ ആയിരംകാല്‍ മണ്ഡപമുള്ള രാജ സഭ. ദേവന്‍ ഊര്‍ദ്ധ്വ താണ്ഡവം നടത്തിയ നൃത്തസഭ. പൂജകള്‍ നടക്കുന്ന കനകസഭ. ഭഗവാന്റെ പ്രതിരൂപങ്ങളും ശിവകാമിയായ ദേവിയുമുള്ള ഗര്‍ഭഗൃഹം ചിത് സഭ. കിഴക്കുവശത്തെ പ്രധാന ഗോപുര കവാടത്തില്‍ നാട്യശാസ്ത്രത്തിലെ 108 കരണങ്ങള്‍ കൊത്തി വെച്ചിരിക്കുന്നതു കാണാം. ചിദംബരം പ്രതീകങ്ങളുടെ തലചുറ്റിക്കുന്ന കലാസഞ്ചയമാണ്. നവദ്വാരങ്ങളെ ദ്യോതിപ്പിക്കുന്ന ഒമ്പതു കവാടങ്ങള്‍, കര്‍മ്മബന്ധങ്ങളുടെ 21 ജന്മങ്ങളെ സൂചിപ്പിക്കുന്ന ക്ഷേത്രാന്തര്‍ഭാഗത്തേക്കുള്ള പടവുകള്‍. പഞ്ചാക്ഷരിയെ പ്രതിനിധീകരിക്കുന്ന ചിത് സഭയിലേക്കുള്ള 5 പടികള്‍. 28 ആഗമങ്ങളെ കാണിക്കുന്ന ചിത്സഭയിലെ തൂണുകള്‍, ഉത്തരത്തില്‍ അറുപ്പത്തിനാല് കലകളെ സൂചിപ്പിക്കുന്ന 64 മരപ്പാളികള്‍, മനുഷ്യ ശ്വാസത്തെ കാണിക്കുന്ന 21600 സ്വര്‍ണ്ണ മേല്‍പ്പാളികള്‍. നാഡികളെ കണക്കാക്കുന്ന 72000 സ്വര്‍ണ്ണ ആണികള്‍. അങ്ങനെ അങ്ങനെ. നാല്‍പ്പതേക്കറില്‍ വിസ്തരിച്ചു നീളുന്ന ശിലാനിര്‍മ്മിതികളുടെ വിസ്മയമാണ് ചിദംബരം. ക്ഷേത്രത്തിലെ പത്തു തീര്‍ഥങ്ങളില്‍ മുഖ്യമായ ശിവഗംഗാപുഷ്‌കരണിക്കിപ്പുറം ശിവകാമസുന്ദരിയുടെ മനോഹരമായ ക്ഷേത്രമുണ്ട്. വിശാലമായ നടവഴിയുടെ നടുവില്‍, ഉയര്‍ന്ന, ആകാരഭംഗിയുള്ള മതിലിനുള്ളിലാണ് നടരാജന്‍. പതിവിനു വിപരീതമായി ശ്രീകോവിലിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ല. ചുറ്റമ്പലത്തിന്റെ വശത്തു കൂടി മാത്രമെ ദര്‍ശനം സാധ്യമാവൂ. കനകസഭയിലെ മറ്റൊരു പ്രത്യേകത മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ്. തിരുചിത്രകൂടം. ആനന്ദനടനം ആസ്വദിക്കുന്ന അനന്തശായിയായ ഗോവിന്ദരാജപ്പെരുമാളാണ് ഹരി. സഭാപതിയായ നടരാജവിഗ്രഹത്തിനു വലതു വശത്താണ് പുകള്‍കൊണ്ട ചിദംബര രഹസ്യം. കറുത്ത യവനിക മാറ്റുമ്പോള്‍ സ്വര്‍ണവില്വപത്രങ്ങള്‍ക്കപ്പുറം കാണുന്ന നിശ്ശൂന്യതയില്‍, ജ്ഞാനദൃഷ്ടിക്കു മാത്രം കാണാവുന്ന, എവിടേയും നിറയുന്ന ആകാശലിംഗം. 

ശിവന്‍റെ പ്രകൃതം

ശിവ മാഹാത്മ്യം. - 4

ശിവന്‍റെ പ്രകൃതം

അദ്ദേഹം സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്.

എല്ലാം ഉൾകൊള്ളുന്ന ജീവിതം

അദ്ദേഹം ഏറ്റവും സുന്ദരനാണ്; പക്ഷെ ഏറ്റവും വിരൂപനുമാണ്. അദ്ദേഹം വലിയ സന്യാസിയാണ് പക്ഷെ ഗൃഹസ്ഥനുമാണ്. അദ്ദേഹം നർത്തകനാണ് എന്നാൽ അത്യന്തം നിശ്ചലനുമാണ്. ദേവന്മാർ, രാക്ഷസന്മാർ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ തരം ജീവികളും അദ്ദേഹത്തെ ആരാധിക്കും. സംസ്കാര സമ്പന്നർ എന്ന് വിളിക്കുന്നവർ ഇത്തരം അസ്വീകാര്യമായ കഥകൾ സൗകര്യപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; പക്ഷെ അവിടെയാണ് ശിവന്റെ സാരം നിൽക്കുന്നത്. അദ്ദേഹത്തിന് ഒന്നും വെറുക്കപ്പെടേണ്ടതായിട്ടില്ല.

അഘോരി ആയിരുന്നപ്പോൾ സാധന ചെയ്യുവാൻ അദ്ദേഹം ഒരു മൃതദേഹത്തിലാണ് ഇരുന്നത്. ‘ഘോര’ എന്നാൽ ഭീകരം എന്നർത്ഥം, അഘോരി എന്നാൽ ഭീകരതക്കും അപ്പുറമുള്ളത്. ഭീകരമായത് അദ്ദേഹത്തെ സ്പർശിക്കുന്നില്ല. ഒന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. അദ്ദേഹം എല്ലാത്തിനെയും ഉള്‍കൊള്ളുന്നവനാണ്. ഇത് നിങ്ങൾ വിചാരിക്കുവാൻ ഇഷ്ടപ്പെടുന്നത് പോലെ ദയ കൊണ്ടോ അത്തരമേതെങ്കിലും വികാരംകൊണ്ടോ അല്ല. അദ്ദേഹം ജീവിതം പോലെ തന്നെ ആയതുകൊണ്ടാണ്. ജീവിതം സ്വാഭാവികമായും എല്ലാം ഉൾക്കൊള്ളുന്നതാണ്. നമുക്ക് ആരെ ഉൾകൊള്ളാൻ പറ്റും, ആരെ ഉൾകൊള്ളാൻ പറ്റുകയില്ല എന്നത് മാനസീകമായ പ്രശ്നമാണ്; ജീവിതത്തിന്റെ പ്രശ്നമല്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ അടുത്തു ഇരിക്കുന്നുണ്ടെങ്കിലും നിങ്ങളിലെ ജീവന് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ശത്രു ശ്വാസോഛ്വാസത്തിലൂടെ പുറത്തു വിടുന്ന വായു നിങ്ങൾ ഉള്ളിലേക്കെടുക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ ഉഛ്വാസ വായു നിങ്ങളുടെ ശത്രുവിന്റേതിനേക്കാൾ മെച്ചമല്ല. പ്രശനം മനസ്സിൽ മാത്രമാണ്. ജീവിത പ്രകാരം പ്രശ്നമൊന്നുമില്ല.

ഒരു അഘോരി സ്നേഹത്തിന്റെ നിലയിലല്ല നിൽക്കുന്നത്. ലോകത്തിന്റെ ഈ ഭാഗത്തുള്ള ആദ്ധ്യാത്‌മിക പഠനങ്ങളിൽ സ്നേഹത്തെയോ, ദയയെയോ, കരുണയെയോ കുറിച്ച് പഠിപ്പിക്കുന്നില്ല. ഇവയൊന്നും ആദ്ധ്യാത്‌മിക കാര്യങ്ങളാണെന്ന് പോലും കരുതുന്നില്ല. അവ സാമൂഹിക കാര്യങ്ങളാണ്. ദയയോടെ പെരുമാറുകയും, ചുറ്റുമുള്ളവരോട് പുഞ്ചിരിയോടെ ഇടപഴകുകയും ചെയ്യുന്നത് കുടുംബപരവും, സാമൂഹികവുമായ സംഗതികളാണ്. മനുഷ്യന് അത്രയെങ്കിലും വിവരം ഉണ്ടായിരിക്കണം; അതുകൊണ്ട് ഇത് ആരെയും പഠിപ്പിക്കേണ്ടതില്ല.

അഘോരി ജീവിതവുമായി അടുത്തിരിക്കുകയാണ്‌ – സ്നേഹം മൂലമല്ല – അയാൾ അത്രക്കും ഉപരിപ്ലവമായി പെരുമാറുകയില്ല – അയാൾ ജീവിതത്തെ കൂട്ടി പിടിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണവും അമേധ്യവും അയാൾക്ക് ഒരു പോലെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരു പോലെയാണ്. സമ്പൂർണ്ണ ജീവിതത്തെ സ്വീകരിക്കേണ്ടത് കൊണ്ട് അയാൾ ആരോഗ്യത്തോടെ ഇരിക്കുന്ന ശരീരത്തെയും ദ്രവിച്ചു കൊണ്ടിരിക്കുന്ന ശരീരത്തെയും അയാൾ ഒരു പോലെയാണ് കാണുന്നത്. തന്റെ മാനസീക ചര്യകളിൽ കുടുങ്ങിപോകുകയും, അത് വഴി സൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം നഷ്ടപ്പെടുത്തുകയും ചെയ്യുവാൻ അയാൾ തയ്യാറല്ല.

തൃക്കണ്ണ് തുറക്കൽ

ശിവനെ ത്രയംബകൻ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് മൂന്നാമതൊരു കണ്ണ് കൂടി ഉള്ളതുകൊണ്ടാണ്. ഈ മൂന്നാം കണ്ണ് നെറ്റി പൊട്ടി പുറത്തു വന്ന ഒന്നല്ല. അറിവിന്റെ വേറെ ഒരു തലം തുറന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് കണ്ണുകൾ കൊണ്ട് ഭൗതികമായതിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. കൈയ്കൊണ്ട് അവയെ മറച്ചാൽ അതിനപ്പുറം അവയ്ക്ക് കാണുവാൻ കഴിയുകയില്ല. അവ അത്രക്കും പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്ന് പറഞ്ഞാൽ ഉള്ളിലേക്ക് നോക്കാവുന്ന ഒരു പുതിയ അറിവിന്റെ തലം തുറന്നു എന്നും കാണാനുള്ളതെല്ലാം കാണുവാൻ സാധിക്കുമെന്നും ആണ് അർത്ഥമാക്കുന്നത്.

നിങ്ങളുടെ കാഴ്ച വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ നിങ്ങളുടെ ഊർജ്ജവും വളരുകയും വികസിക്കുകയും വേണം എന്നത് അത്യന്താപേക്ഷിതമാണ്. യോഗയുടെ ഉദ്ദേശം നിങ്ങളുടെ ഊർജത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കി നിങ്ങളുടെ ഗ്രഹണശക്തി മെച്ചപ്പെടുത്തി മൂന്നാം കണ്ണ് തുറപ്പിക്കുക എന്നതാണ്. മൂന്നാമത്തെ കണ്ണ് വീക്ഷണത്തിന്റെ കണ്ണാണ്. ശരീരത്തിലുള്ള രണ്ട് കണ്ണുകൾ ഇന്ദ്രിയങ്ങൾ മാത്രമാണ്. അവ നിങ്ങളുടെ മനസ്സിൽ അനേകം അബദ്ധധാരണകൾ നിറയ്ക്കും, എന്തെന്നാൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. നിങ്ങൾ ഒരാളെ കാണുന്നു അയാളെ കുറിച്ച് എന്തെങ്കിലും ധരിക്കുന്നു എന്നാൽ അയാളിലുള്ള ശിവനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുകയില്ല. നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിധത്തിലാണ് നിങ്ങൾ കാര്യങ്ങൾ കാണുന്നത്. മറ്റൊരു ജീവി അതിനു നിലനിൽക്കുവാൻ വേണ്ട വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കാണുന്നത്. അതിനാലാണ് നാം ഈ ലോകം ‘മായ’ ആണെന്ന് പറയുന്നത്. മായ എന്നാൽ അത് വാസ്തവികമല്ല എന്നർത്ഥം. ജീവിതം മിഥ്യയാണ് എന്നല്ല പറയുന്നത്. നിങ്ങൾ അതിനെ കാണുന്ന വിധം മിഥ്യയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് കൂടുതൽ ഗ്രാഹ്യശക്തിയുള്ള മറ്റൊരു കണ്ണ് തുറക്കണം. മൂന്നാം കണ്ണ് കാണിക്കുന്നത് നിങ്ങളുടെ കാഴ്ചപാട് ജീവിതത്തിലെ ദ്വൈതങ്ങൾക്കപ്പുറം കടന്നു എന്നാണ്. ജീവിതത്തെ അതിന്റെ തനതായ രൂപത്തിൽ നിങ്ങൾ കാണുന്നു; നിങ്ങളുടെ നിലനിൽപിന് ആവശ്യമായ വിധത്തിൽ മാത്രമല്ല.

ശിവ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആത്യന്തികമായ കാഴ്ചപ്പാടിന്റെ മൂർത്തിമത് ഭാവമാണ്. ഇതിനു മതവുമായി ബന്ധമില്ല. ഇന്ന് ലോകം മതങ്ങളുടെ പേരിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ‘പാർട്ടിയിൽ’ ആണെന്ന് കണക്കാക്കും. ഇത് മതമല്ല ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണ്. നിങ്ങൾ ശിവനെ ആരാധിക്കേണ്ട. ഞാൻ അത് ചെയ്യുന്നില്ല. ഞാൻ എല്ലാത്തിനെയും ഭക്തിപൂർവം ആണ് കാണുന്നത്; എന്നാൽ ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പ്രാർത്ഥന ചൊല്ലിയിട്ടില്ല. ഞാൻ ശിവ എന്ന് പറയുമ്പോൾ അത് എനിക്ക് എല്ലാമാണ്. ഞാൻ ശിവ എന്ന് ഉച്ചരിക്കുമ്പോൾ എനിക്ക് അറിയേണ്ടതെല്ലാം അതിലുണ്ട്. ഈ ഒരു വാക്കു മാത്രം വെച്ചുകൊണ്ട് ഞാൻ വേണ്ടത്ര നേരം ഇവിടെ ഇരിക്കുകയാണെങ്കിൽ ഈ ജീവിതം മുഴുവൻ എനിക്ക് അറിയുവാൻ സാധിക്കും. അതുകൊണ്ടാണ് എനിക്ക് ജീവിതത്തിൽകൂടി ഇത്രയും സുഗമമായി കടന്നു പോകുവാൻ സാധിക്കുന്നത് – ശിവ എന്ന ഒറ്റ വാക്കു കൊണ്ട് മാത്രം. അതിന്റെ ശക്തി നിങ്ങൾ അറിയണം. നിങ്ങളുടെ യുക്തിഭദ്രമായ മനസ്സിൽ ഒതുങ്ങി പോകരുത്. ഇത് അത്തരത്തിലുള്ള ഒരു വിഢിത്തമല്ല. ഇത് ആ വർഗ്ഗത്തിൽ പെടുന്നില്ല. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നുമുയർന്ന ഒരു തലത്തിൽ പോകലാണത്. മനുഷ്യർക്ക് പരിമിതപ്പെടുത്തിവച്ചിട്ടുള്ള അതിർത്തികൾക്കപ്പുറം കടക്കലാണിത്.

പ്രകൃതി ഒരുക്കിയിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ നടക്കുന്നവരാണ് നമ്മൾ. പ്രകൃതി മനുഷ്യർക്കായി ചില നിയമങ്ങൾ വച്ചിട്ടുണ്ട്. അവർ അതിനുള്ളിൽ നിൽക്കണം. ഭൗതിക ജീവിതത്തിന്റെ നിയമങ്ങൾ തകർക്കുന്നതാണ് ആത്മീയചര്യകൾ. ഈ അർത്ഥത്തിൽ നമ്മൾ നിയമ ഭ്രഷ്ടരാക്കപ്പെട്ടവരാണ് – ശിവനാണ് ഏറ്റവും വലിയ നിയമഭ്രഷ്ടൻ. നിങ്ങൾക്ക് ശിവനെ ഭജിക്കുവാൻ കഴിയുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേരാം.