ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 08

ഗരുഡൻ - 08

ദേവ - ഗരുഡ യുദ്ധം

ദേവലോകത്ത് അനേകം ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി. ദുർനിമിത്തങ്ങളുടെ പരമ്പര.   എന്തോ അപകടം സംഭവിക്കാൻ പോകുന്നു. ദേവാസുരയുദ്ധത്തിൽ പോലും ഇത്രത്തോളം ഭയാനകത്വം ഉണ്ടായിട്ടില്ല. ഭയങ്കരമായ കൊടുങ്കാറ്റ് ആഞ്ഞുവീശി. മഴക്കാറില്ലെങ്കിലും ആകാശത്ത് ഇടിമുഴങ്ങി. ദേവന്മാരുടെ ശക്തി ചോർന്നു പോകുന്നതുപോലെ. പൊടിപടലം കൊണ്ട് അന്തരീക്ഷം നിറഞ്ഞു. ദേവതകളുടെ മുടിക്കെട്ടുകൾ മുഴുവൻ പൊടികൊണ്ടു മൂടി. ദേവതകൾ പേടിച്ചിരണ്ടു. അവർ ഇന്ദ്രന്റെ സമീപത്തെത്തി. ഈ ഭീകരാന്തരീക്ഷം കണ്ട് ഇന്ദ്രനും ഭയന്നുനില്ക്കുകയായിരുന്നു. ദേവതകളെയും കൂട്ടി ഇന്ദ്രൻ ബൃഹസ്പതിയുടെ അടുത്തെത്തി. ഇന്ദ്രൻ ചോദിച്ചു: “ഭഗവാനേ, ദേവലോകത്ത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാൻ കാരണം. നമ്മെ വെല്ലാൻ കഴിയുന്ന ശത്രുക്കളെ ഒന്നും ഞാൻ ഒരിടത്തും കാണുന്നില്ലല്ലോ?' "കശ്യപന്, വിനതയിൽ ഒരു പക്ഷി ജനിച്ചല്ലോ. അവനാണ് പക്ഷികളിൽ ശ്രേഷ്ഠനായ ഗരുഡൻ. എല്ലാറ്റിനും പോന്നവനാണ് അവൻ. ബലവാൻ. അവനെ ജയിക്കുവാൻ ആർക്കും കഴിയില്ല. അമൃത് മോഷ്ടിക്കുവാൻ അവൻ വരികയാണ്.'' ബൃഹസ്പതിയുടെ വാക്കുകൾ ഇന്ദ്രനിൽ ഞെട്ടൽ ഉളവാക്കി. ദേവലോകത്തെ കാവൽക്കാരെ വിളിച്ചുകൂട്ടി കാര്യങ്ങൾ ധരിപ്പിച്ചു. ബലവാനായ പക്ഷിശ്രേഷ്ഠൻ അമൃത് എടുക്കാനായി വരുന്നുണ്ടെന്നും കാവൽക്കാർ കൂടുതൽ ശക്തരായിരിക്കണ മെന്നും അമൃത് കൊണ്ടു പോകാൻ യാതൊരുവിധത്തിലും അനുവദിക്കരുതെന്നും ഇന്ദ്രൻ നിർദ്ദേശിച്ചു. കൂടുതൽ കാവൽക്കാരെ നിയമിക്കുകയും ചെയ്തു.  എന്നാലും ഇന്ദ്രന്റെ ഭയം മാറിയിരുന്നില്ല. ഇന്ദ്രന്റെ കല്പന അനുസരിച്ചു കാവൽക്കാർ ജാഗരൂകരായി. ആയുധമേന്തി എന്തിനും തയ്യാറായി അമൃതിനു ചുറ്റും അവർ നിന്നു. വൈഡൂര്യമണിഞ്ഞ കവചങ്ങൾ ധരിച്ച് ആയുധങ്ങളുമായി ദേവന്മാരും വജായുധം പിടിച്ച് ഇന്ദ്രനും അമൃതിനു കാവൽ നിന്നു. വിവിധ തരം ആയുധങ്ങളേന്തി ദേവതകളും ഗരുഡനെ നേരിടാൻ തയ്യാറായി നിന്നു. അനേകായിരം ഇരുമ്പുലക്കകളുമായി ജാഗ്രതയോടെ ദേവന്മാർ കാത്തുനിന്നു. അസുരന്മാരെ വേരോടെ നശിപ്പിച്ചവരാണ് തങ്ങൾ എന്ന "ഹുങ്ക്" ആ നില്പ്പിൽ പ്രകടമായിരുന്നു. പിന്നെയാണോ ഒരു പക്ഷി! ആകെക്കൂടി ദേവലോകത്ത് ഒരു വൻയുദ്ധത്തിന്റെ പ്രതീതിഉളവായി. തന്റെ വലിയ ചിറകുകൾ ആകാശത്തേക്ക് വിടർത്തി വീശി ഗരുഡൻ ദേവന്മാർക്ക് നേരേ പറന്നുചെന്നു. ഇതുകണ്ട് അവർ ഭയന്നുവിറച്ചു. ആ വരവുകണ്ട് ദേവലോകംതന്നെ വിറച്ചു പോയി. ആയുധങ്ങളുമായി അവർ ഗരുഡന്റെ നേരേ യുദ്ധത്തിന് ഒരുങ്ങി. ഗരുഡൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. ആയുധങ്ങൾ ആകാശത്ത് കൂട്ടിമുട്ടി വല്ലാത്ത ശബ്ദം ഉണ്ടായി. അമൃത് കാത്തുകൊണ്ട് വിശ്വകർമ്മാവും നില്ക്കുന്നു. മിന്നലിനും അഗ്നിക്കും തുല്യമായ ആകാരത്തോടുകൂടിയ വനാണ് വിശ്വകർമ്മാവ്. അദ്ദേഹം പക്ഷിയുമായി പടവെട്ടി. വിശ്വകർമ്മാവിന്റെ യുദ്ധതന്ത്രങ്ങളൊന്നും അവിടെ വിലപ്പോയില്ല. അവൻ തന്റെ നീണ്ടശക്തിയുള്ള ചിറകുകൾകൊണ്ട് വിശ്വകർമ്മാവിനെ അടിച്ചു. തന്റെ നീണ്ട കൂർത്ത കൊക്കുകൊണ്ട് വിശ്വകർമ്മാവിനെ കൊത്തി. ഗരുഡന്റെ ആക്രമണത്തിൽ ശക്തനായ വിശ്വകർമ്മാവിന് ദേഹമാസകലം പരുക്കേറ്റു.

അധികസമയം ഗരുഡനുമായി മല്ലിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ക്ഷീണിതനായ അദ്ദേഹം നിലത്തുവീണു. ചിറകുനീട്ടിവിടർത്തി ആഞ്ഞടിച്ച് ഗരുഡൻ കൊടുങ്കാറ്റുണ്ടാക്കി. പൊടിപടലങ്ങൾ പറത്തി പരിസരം ഇരുട്ടിലാക്കി. ദേവേന്ദ്രന്റെ പടയാളികൾ മുഴുവൻ പൊടിപടലങ്ങൾകൊണ്ട് മൂടി. അമൃതുകാക്കുന്നവർക്ക് കണ്ണുകൾ കാണാൻ വയ്യാതായി. ഗരുഡൻ എവിടെയാണെന്നുപോലും ആർക്കും അറിയാൻ വയ്യാത്ത അവസ്ഥ. ദേവലോകം ഇരുട്ടിലിട്ട് ഗരുഡൻ ഇളക്കിമറിച്ചു. കാവൽക്കാരായി നിന്ന ദേവന്മാരെ, ചിറകുകൊണ്ട് അടിച്ചും കൊക്കുകൊണ്ട് കൊത്തിയും അവൻ പരുക്കേൽപ്പിച്ചു. പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞതുകൊണ്ട് ദിക്കുപോലും അറിയാതെ ദേവേന്ദ്രൻ കുഴങ്ങി. ദേവേന്ദ്രൻ വായുവിനെ സമരിച്ചു പറഞ്ഞു: “അല്ലയോ മാരുതേ, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മാറ്റിത്തരിക. അത് നിന്റെ കർത്തവ്യമാണ്.'' നിമിഷങ്ങൾക്കകം കാറ്റ് ആഞ്ഞുവീശി. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ പാടേ മാറി. ആകാശം തെളിഞ്ഞു. ദേവന്മാർക്കു സന്തോഷമായി. അവർ ഗരുഡനെ മർദ്ദിച്ചു. ദേവന്മാരുടെ മർദ്ദനം സഹിക്കവയ്യാതായപ്പോൾ ഗരുഡൻ ഒന്നലറി. ആ ശബ്ദം കേട്ട് ലോകം കിടിലംകൊണ്ടു. ഈ സമയം ഇന്ദ്രൻ, ദേവതകളുമൊത്ത് ഗരുഡന്റെ നേർക്ക് ശരങ്ങൾ എയ്തു കൊണ്ടിരുന്നു. പട്ടസം, പരിഘം, ശൂലം, ഗദ, ക്ഷരം, ചക്രം എന്നിങ്ങനെ വിവിധതരം അസ്ത്രങ്ങൾ ഗരുഡന്റെ നേർക്ക് പയോഗിച്ചു. ഇത്രയൊക്കെ ആയിട്ടും ഗരുഡന് യാതൊരു കൂസലും ഉണ്ടായില്ല. തന്റെ ചിറകുകൊണ്ടും, ചുണ്ടുകൊണ്ടും ഓരോരുത്തരെയും ഗരുഡൻ ആക്രമിച്ചു. നഖംകൊണ്ടും ചുണ്ടുകൊണ്ടും മുറിവേറ്റ ദേവന്മാർ ചോരയൊലിപ്പിച്ച് ഓടി. ഗരുഡൻ യുദ്ധം നിർത്തിയില്ല. ദേവന്മാരോട് അവൻ ഘോരമായി യുദ്ധംചെയ്തു. ഉത്സാഹശാലികളായ വീരന്മാർ ഗരുഡന്റെ നഖക്ഷതമേറ്റപ്പോൾ ശരീരം മുറിഞ്ഞ് ചോരയൊലിപ്പിച്ച് സ്ഥലംവിട്ടു.

ഗരുഡൻ ദേവലോകത്ത് അമൃത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തി. മുറിയുടെ വാതില്ക്കൽ അമൃതു കാക്കുവാൻ ചുറ്റും ആണികളോടുകൂടിയ തീക്ഷ്ണമായ കാരിരുമ്പുയന്ത്രം തിരിഞ്ഞു കൊണ്ടിരിക്കുന്നത് അവൻ കണ്ടു. ദേവന്മാരാണ് ആ യന്ത്രം നിർമ്മിച്ചത്. അമൃതിനുവേണ്ടി അടുക്കുന്നവരെ ആ യന്ത്രം അറുത്തു വീഴ്ത്തും. ആ ചക്രം എല്ലാ സമയത്തും കറങ്ങിക്കൊണ്ടിരിക്കും. ഏറെനേരം ഗരുഡൻ ആ ചക്രത്തിലേക്കു നോക്കി നിന്നു. ചക്രം അതിവേഗം കറങ്ങുന്നു. അടുത്തെത്തിയാൽ മുറിവേറ്റതുതന്നെ. ഒരു ചെറിയ പഴുതുനോക്കി അവൻ പതുങ്ങി നിന്നു. ചക്രം കറങ്ങുന്നതിനിടയിലൂടെ മുറിവേല്ക്കാതെ അകത്ത് കടക്കണം. ഇതാണവന്റെ ലക്ഷ്യം. അകത്തുകിടക്കാൻ ഈ ഒരു വഴിയേയുള്ളൂ. സ്വശരീരം ചെറുതാക്കി. ഞൊടിയിടകൊണ്ട് ചക്രത്തിന്റെ പഴുതിലൂടെ ഉള്ളിലേക്ക് അവൻ ചാടിക്കടന്നു. മുറിയിൽ അരണ്ട വെളിച്ചം മാത്രം. ഗരുഡൻ അമൃതിന്റെ അടുത്തെത്തി. അമൃതു സൂക്ഷിച്ചിരുന്ന കുടം കൈക്കലാക്കി. ഇനി ഇതിൽനിന്നു പുറത്തുകടക്കണം. ചിറകുകൾകൊണ്ട് യന്ത്രം അടിച്ചുതകർത്തു, എല്ലാം ഒരാവേശമായിരുന്നു. അമൃതിന്റെ സ്വാദുപോലും നോക്കാൻ ഗരുഡൻ മിനക്കെട്ടില്ല. എത്രയും വേഗം സർപ്പങ്ങളുടെ മുമ്പിൽ അമൃത് എത്തിക്കണം. അമ്മയെ ദാസ്യത്തിൽനിന്നും മോചിപ്പിക്കണം. ഈ ഒറ്റ ചിന്തയേ ഗരുഡന് ഉണ്ടായിരുന്നുള്ളൂ. അവൻ പുറത്ത് കടന്ന് ആകാശത്തേക്കു പറന്നുയർന്നു. അമൃതുനിറച്ച് കുടം നഖംകൊണ്ട് ഒതുക്കിപ്പിടിച്ചു. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്താൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു.

No comments:

Post a Comment