ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 March 2019

മുരുകനും വള്ളിയും ദേവയാനിയും

മുരുകനും വള്ളിയും ദേവയാനിയും

വലിയവര്‍ എന്ത് കാണിച്ചാലും ചെറിയവര്‍ അതിനെ അനുകരിക്കും. അത് പ്രത്യക്ഷമാകാം പരോക്ഷമാകാം. ആരാധിക്കുന്ന ചില വ്യക്തികളുടെ ദോഷവശങ്ങളെപ്പോലും നാം അനുകരിക്കുന്നത് മനപ്പൂര്‍വ്വമല്ല എന്നതാണ് സത്യം. അവരെപ്പോലെ സംസാരിക്കുക, അവരെപ്പോലെ ചിരിക്കുക. അനുകരണം അഭിനന്ദനത്തിന്റെ മറ്റൊരു രൂപം തന്നെയാണ്. ഉള്ളുകൊണ്ട് ആരെ അഭിനന്ദിച്ചാലും നമ്മളിലെ ഒരംശം അവരെ അനുകരിക്കുന്നുണ്ട്. ഈ ഭൂമിയില്‍ സല്‍ഗുണങ്ങളെപ്പോലെ തന്നെ ദുര്‍ഗുണങ്ങളും നിലനിക്കുന്നത് അതുകൊണ്ടാണ്. അച്ഛന്‍ കാണിക്കുന്നതെന്തും മകന്‍ അനുസരിക്കും. പുരാണ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍ ആണ് ഭാരതീയര്‍. കൃഷ്ണനെയോ രാമനെയോ റിയലിസ്റ്റിക്കായി അനുകരിച്ചാല്‍ എന്താണ് സംഭവിക്കുക...?

കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക. വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍. ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു. ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...

നമ്മുടെ ജീവിതത്തിലേക്ക് വരാം. വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു. ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു. തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്. ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക. ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്.
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്. അയാള്‍ക്ക്‌ രണ്ടു പോണ്ടാട്ടിമാരുണ്ട്. മുരുകന്റെ ഭക്തനാണ് മുനിസ്വാമി. വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്. മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ. മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്. ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?

തെറ്റുണ്ട്... മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്‌. മുരുകന്‍ നാം തന്നെയാണ്. ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍. അവന്റെത്‌ ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം. ആളുന്നതിനെയാണ് ആള്‍ എന്ന് വിളിക്കുന്നത്‌. വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക. അത് ഒരിക്കലും താഴോട്ട് വരികയില്ല. ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്. സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക്‌ ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്‌.

സുഷുമ്നനാഡിയാണ് മുരുകന്‍. ഈ നാഡിക്ക് ചുറ്റും ഇഡ, പിംഗള എന്നീ രണ്ടു നാഡികളുണ്ട്. ഒന്ന് ചന്ദ്രനാഡിയാണ്. മറ്റേതു സൂര്യനാഡിയും. സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ്‌ പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത്. സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക.
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല.

സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യ കഥാപാത്രങ്ങളായിരിക്കും.

30 March 2019

പൂമാരുതൻ തെയ്യം

പൂമാരുതൻ തെയ്യം

വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യ പൂങ്കന്നി അല്ലെങ്കിൽ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണിത്. ആര്യ പ്പൂമാല എന്ന തെയ്യത്തിന് കെട്ടിക്കോലമില്ല.

ആര്യപ്പൂമാല സ്വർഗ്ഗോദ്യാനം കണ്ടാനന്ദിക്കവെ ദേവസുന്ദരികൾ വന്ന് പുഷ്പങ്ങൾ പറിച്ചെടുക്കുന്നു. ദേവ മല്ലന്മാർ വന്ന് അതു തടഞ്ഞു. പൂമാലഭഗവതി,  ആ ദേവമല്ലന്മാരിലൊരുവന്റെ സഹായം ചോദിക്കുന്നു. ശിവാംശഭൂതനായ ഒരു മല്ലൻ വിടർന്ന പൂവിൽ വായു രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി അവന് പൂമാരുതൻ എന്ന് പേർ നൽകി. ഭഗവതി അവനെ സഹോദരനെപ്പോലെ കരുതി ആരിയ പൂങ്കാവനത്തിലെത്തി. മലനാട് കാണാൻ അവൻ ആഗ്രഹം പറഞ്ഞു. പക്ഷേ കടൽ കടക്കാൻ മരക്കലം (ചെറുകപ്പൽ) വേണം. ആരിയ രാജാവിന്റെ മകൾ പൂരവ്രതമനുഷ്ടിച്ച് പൂങ്കാവിൽ വന്ന സമയം ഭഗവതി അവളിൽ ആവേശിച്ചു. അവൾ ക്ഷീണിച്ചു വീണു. രാജാവ് പ്രശ്നം മുഖേന കാര്യം മനസ്സിലാക്കി. വിശ്വകർമ്മാവിനെ വരുത്തി മരക്കലം പണിയിച്ചു. ആ മരക്കലമേറിയാണ് പൂമാരുതനും പൂമാലഭഗവതിയും മലനാട്ടിലേക്ക് യാത്ര ആരംഭിച്ചത്. പല അഴിമുഖങ്ങളും കടന്ന് ഏഴിമലയ്കടുത്ത് ആ ദൈവക്കലമടുത്തു. രാമന്തളി കുറുവന്തട്ട അറയിലാണ് ആ ദേവതകൾ ആദ്യം കുടിയിരുന്നത്. മണിയറ, തലേനരി, രാമവില്യം, തുടങ്ങിയ പല സ്ഥാനങ്ങളിലും ആ ദേവതയുടെ സ്ഥാനമുണ്ട്.

വേഷം

മാർച്ചമയം - മാറിൽ ദ്ദളം
മുഖത്തെഴുത്ത് - കൊടുപിരിയം എരിഞ്ഞിപൂക്കൾ
തിരുമുടി - പൊതച്ചമുടി

ആരിയപ്പൂങ്കന്നി

ആരിയപ്പൂങ്കന്നി

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആരിയപ്പൂങ്കന്നി. ആര്യപൂങ്കന്നി എന്നും ഈ തെയ്യത്തിനു പേരുണ്ട്. കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ് ആര്യപൂങ്കന്നിയുടെ ആരൂഢക്ഷേത്രം. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടുന്നത്. തീയരുടെ പ്രധാന തെയ്യമാണ് ഈ തെയ്യം.

ആരിയക്കര നറുംകയത്തിൽ ആരിയപ്പട്ടരുടേയും ആരിയ പട്ടത്തിയുടേയും മകളായി ജനിച്ച ദൈവകന്യയാണ് ആര്യപൂങ്കന്നി എന്നു വിശ്വസിക്കുന്നു. കല്യാണ പ്രായമെത്തിയപ്പോൾ തലയിലണിയാൻ സഹോദരന്മാർ മുത്തിനുപോകാൻ തയ്യാറായി. പഴഞ്ചനായ ഒരു കപ്പലിൽ തുണിപിന്നി പായയുണ്ടാക്കിക്കെട്ടി കടൽവഴി യാത്ര തുടങ്ങി. കൂടെ ആര്യപൂങ്കന്നിയും യാത്ര ചെയ്തു. മടക്കയാത്രയിൽ കൊടും കാറ്റിൽ പെട്ട് പാമരം മുറിഞ്ഞ് കപ്പൽ തകർന്നു. പലക പിടിച്ച് സഹോദരർക്കൊപ്പം പൂങ്കന്നിയും ഏഴു ദിവസം കടലിലലഞ്ഞു. എട്ടാം ദിവസം കരക്കണഞ്ഞെങ്കിലും പരസ്പരം കാണാൻ സാധിച്ചില്ല. സഹോദരരെ കാണാതെ തീരത്തുകൂടി നടക്കുന്ന പൂങ്കന്നി ഒരു മരക്കലം പോകുന്നതു കണ്ടു. തന്നെക്കൂടി ആ മരക്കലത്തിൽ കയറ്റാൻ പൂങ്കന്നി ആവശ്യപ്പെട്ടു. അതിന്റെ കപ്പിത്താനായ ബപ്പിരിയൻ എന്ന മാപ്പിള പൂങ്കന്നിയെ അതിൽ കയറ്റാൻ കൂട്ടാക്കിയില്ല. പൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരക്കോലുകൊണ്ട് വെള്ളത്തിൽ അടിച്ചപ്പോൾ തിര നീങ്ങി മരക്കലം വരെ വഴിയുണ്ടായി. മരക്കലം പമ്പരം പോലെ തിരിയാനും തുടങ്ങിയപ്പോൾ പൂങ്കന്നി ഒരു അമാനുഷിക ശക്തിയുള്ള പെണ്ണാണെന്ന് ബപ്പിരിയൻ എന്ന കപ്പിത്താനു മനസ്സിലായി. അയാൾ പൂങ്കന്നിയെ വണങ്ങി. അവളുടെ ഇഷ്ടാനുസരണം സഹോദരന്മാരെ അന്വേഷിച്ച് തുടർന്നവർ കപ്പലോടിച്ചു. ഒടുവിൽ വെണ്മണലാറ്റിങ്കരയിൽ അവരെ കണ്ടു. ആറു സഹോദരന്മാരെ അവിടെ കുടിയിരുത്തി. പൂങ്കന്നി യാത്ര വീണ്ടും തുടർന്നു. വഴിയിൽ ശ്രീ ശങ്കരനാരായണനെ കണ്ട് വണങ്ങി, പിന്നെ കൈതിക്കീലമ്പലത്തിൽ എത്തി മരക്കലം അവിടെ അടുപ്പിച്ചു. കൈതിക്കെലമ്മ എന്ന പേരും അങ്ങനെ ലഭിച്ചു. ആരിയ പൂങ്കന്നിക്കൊപ്പം മാപ്പിള തെയ്യം ആയി ബപ്പിരിയൻ തെയ്യം കൂടി എല്ലായിടവും കെട്ടിയാടിക്കാറുണ്ട്.

ആടിവേടൻ

ആടിവേടൻ

ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ കർക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങൾ ആണ് ആടിയും വേടനും. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു.

അത്യുത്തരകേരളജനതയുടെ വിശ്വാസദീപ്തിയുടെ മാസ്മരപ്രതീകമാണ് വേടൻ തെയ്യം. കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുന്ന ആടിവേടൻ. ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന, വിനാശകാരിയായ ദോഷങ്ങൾ വാരിവിതറുന്ന, ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെന്നു പൊതുവിശ്വാസം. ചെറിയ കുട്ടിയാണ് വേടൻ വേഷമണിയുക. ചുവന്ന പട്ടുടുത്ത് മെയ്യാഭരണങ്ങളണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമാണ് വേടൻറെ വേഷം. പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആദിവേടൻറെ ഇതിവൃത്തം. ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള പൂജ തുടങ്ങി. എന്നാൽ തൻറെ ഭക്തനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മഹേശ്വരനും മഹേശ്വരിയും കിരാതവേഷം പൂണ്ട് ആ വനത്തിൽ എത്തി. തപസ്സിനിടയിൽ ഒരു കാട്ടുപന്നി തൻറെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അർജുനനൻ അതിനുനേരെ അസ്ത്രം പ്രയോഗിച്ചു. ഇതുകണ്ട് കിരാതവേഷധാരിയായ പരമശിവനും പന്നിക്കുനെരെ അമ്പേയ്തു. അമ്പേറ്റു പന്നി നിലത്തുവീണു. പക്ഷെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കിരാതനും അർജുനനും തമ്മിൽ വഴക്കായി. ആ വഴക്ക് യുദ്ധത്തിന് വഴിവെച്ചു. കിരാതൻറെ അമ്പേറ്റു വില്ലാളിവീരനാം കുന്തീപുത്രൻ ബോധരഹിതനായിവീണു. പിന്നെ ബോധം തിരിച്ചുവന്നപ്പോൾ വെറുമൊരു കിരാതനോട് ഏറ്റുമുട്ടി അമ്പേറ്റുവീണത്‌ അർജുനനിൽ നാണക്കേടുളവാക്കി. കിരാതനെ തോല്പ്പി ക്കുവാനുള്ള ശക്തിനേടുവാനായി വിജയൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി. പക്ഷെ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം ചെന്ന് വീണത്‌ കിരാതൻറെ മെയ്യിൽ. ഒടുവിൽ ശ്രീപരമേശ്വരനാണ് തന്നെ പരീക്ഷിക്കാൻ കിരാതരൂപിയായി വന്നതെന്ന് മനസ്സിലാക്കിയ അർജുനനൻ ഉമാമഹേശ്വരന്മാരുടെ കാൽക്കൽ വീണു നമസ്കരിച്ചു. തൻറെ വത്സനിൽ സംപ്രീതരായ അർദ്ധനാരീശ്വരന്മാർ പാർഥന് പാശുപതാസ്ത്രം സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി. മഹാദേവൻറെ ഈ കിരാതരൂപമാണത്രേ ആദിവേടനായി ഗൃഹസന്ദർശനം നടത്തുന്നത്.

ചടങ്ങുകൾ

കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു. ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം. ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടും നടനം ചെയ്യും. വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി. രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. തപസ്സ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്‌. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും, വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം. കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി, മഞ്ഞളും നൂറും കലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ്‌ സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്. വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും. അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

സാമൂഹ്യ പശ്ചാത്തലം

ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.

കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.

മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ (അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

കരിഞ്ചാമുണ്ഡി

കരിഞ്ചാമുണ്ഡി

വടക്കേ മലബാറിലെ കാവുകളിൽ അരങ്ങേറുന്ന ഒരു തെയ്യമാണ് കരിഞ്ചാമുണ്ഡി തെയ്യം. കരിഞ്ചാമുണ്ഡി ഒരു യക്ഷിതെയ്യം ആണ് എന്ന വിശ്വാസം നിലവിലുണ്ട്. കാട്ടുമൂർത്തി ആയിട്ടാണ് ഈ ദേവതയെ ആരാധിക്കുന്നത്. മുസ്ലീം മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കന്നു. പൊതുവേ ഏകദൈവ വിശ്വാസികളാണ് മുസ്ലീം മതവിശ്വാസികൾ, എങ്കിലും വടക്കേ മലബാറിലെ തെയ്യം എന്നാ ആരാധനാ രീതിയുമായി പണ്ടുമുതലേ ഇവർ സഹകരിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം നൽകുന്നത്. ഇതു കൂടാതെ, ഗ്രാമ്യമായ ഒട്ടുമിക്ക തെയ്യങ്ങളുടെ നടത്തിപ്പിൽ പോലും മുസ്ലീം മതസ്ഥരുടെ സജീവ സാന്നിധ്യം കണ്ടുവരുന്നു.

തോറ്റം പാട്ട് അനുസരിച്ച് ,
ചോരത്തിളപ്പുള്ള പൈതങ്ങളെ കണ്ടാലും,
കൂകിതെളിഞ്ഞ പാർകോയീനെ കണ്ടാലും,
ഒക്കെ പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണ് എന്ന് കാണാം. ഈ തെയ്യം നടുകുനിച്ച് ആടുന്നത് കാണാം. പണ്ട് ഒരിക്കൽ ഒരു മുസ്ലീം വ്യാപാരിയുടെ ഗർഭിണിയായ ഭാര്യയുടെ ഉദരം പിളർന്നു കുഞ്ഞിനെ കരിഞ്ചാമുണ്ഡി ഭക്ഷിക്കുകയും, പ്രസ്തുത മാപ്പിള ചാമുണ്ഡിയുടെ നടുവിന് ചവിട്ടി എന്നും ഐതിഹ്യം ഉണ്ട്. പക്ഷെ ഈ ഐതിഹ്യം തോറ്റം പാട്ടിൽ പരാമർശിക്കുന്നില്ല.

പായ്യത്തുമലയിൽ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവു തുടങ്ങിയപ്പോൾ ഒരു വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയതാണ് ആലി. മലയടിവാരത്തിൽ വെച്ച് സുന്ദരിയായ യുവതി താൻ വയറ്റാട്ടിയാണെന്നും പറഞ്ഞ് ആലിയോടൊപ്പം കൂടുന്നു. ഭാര്യയുടെ പേറ്റ് നോവിൽ വേദനിച്ച ഹൃദയവുമായിരിക്കുന്ന ആലി മറ്റൊന്നും കരുതാതെ യുവതിയുമായി വീട്ടിലെത്തി, യുവതി വീടിനകത്തു കയറി. ഏറെ സമയമായിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല. അല്പസമയ ശേഷം നിലവിളിയും ശമിച്ചും. വാതിൽ പടിയോരത്ത് രക്തം ഒലിച്ചിറങ്ങുന്നതു കണ്ട് ആലി ഭയന്നു. അയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ചോരയിൽ കുളിച്ച് വയർപിളർന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നിൽ കണ്ടത്.

ആലി സർവ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറിവിളിച്ചുകൊണ്ടവൾ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടർന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് അയാൾ ആ ഭീകര രൂപത്തെ മർദ്ധിച്ചു. തലയ്ക്കടിയേറ്റ ആ ഭീകരരൂപം അസാമാന്യമായി അലറി. ഗ്രാമം വിറച്ചു നിന്നു. പിന്നീട് ആ രൂപം അവൾ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയർന്നു. ആലിയെ കൊന്ന്, അയാളുടെ ചുടു ചോര കുടിച്ചവൾ ശരീരം താഴേയ്ക്കിട്ടു. നാട്ടിൽ കഥ പരന്നപ്പോൾ ഗ്രാമവാസികൾ ഭയപ്പെട്ടു ആലിയുടെ ജീവൻ അപഹരിച്ചിട്ടും ദുർദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങൾ കാണപ്പെട്ടു. ഒടുവിൽ നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുർദേവതയെ കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണത്രേ കരിഞ്ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്ന തെയ്യം.

തോറ്റം പാട്ട്

തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റം പാട്ടുകൾ എന്ന് പറയുന്നത്. കേരളത്തിൽ തെയ്യത്തിനു പുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റം പാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ്‌ തോറ്റം പാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.

തോറ്റം എന്ന പദത്തിന്‌ സ്തോത്രം(സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ, ക്രിയാനാമരൂപമാണ്‌ തോറ്റം എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ്(കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിന്‌ സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണ്‌ തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിൻ സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു.  പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക-ഉണ്ടാക്കുക എന്ന അർത്ഥം നൽകിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര,തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണ്‌ തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.

എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും, സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.

വരവിളി

കോലക്കാരൻ (തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻ വേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്ന് പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി.

പൊലിച്ചു പാട്ട്

നാട്, നഗരം,പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ) പാടുന്നതാണ്‌ പൊലിച്ചു പാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടി കൊണ്ടസ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തു പാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ കൈലാസം പാടൽ എന്ന വിശേഷ പേരും ഉണ്ട്.

ഉറച്ചിൽ തോറ്റം

പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം.

വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.

തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും, പാൽക്കടലിൽ നിന്നും, വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.

അനുഷ്ഠാനം

തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ, വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ,  സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും, ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും, പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുകയും ചെയ്യും. അതാണ്‌ തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പ് പട്ട് ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന്‌ മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു. പറിച്ച് കൂട്ടി തൊഴുക എന്നണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണ്‌ കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല്‌ ‌ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.

തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവും കൂടി പാടുന്ന ഗാനമാണ്‌ തോറ്റം പാട്ട്. തോറ്റം പാട്ട് പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ) പാടുന്ന പാട്ട് തോറ്റം പാട്ടുമാണ്‌.

സാമൂഹിക പരാമർശങ്ങൾ

ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു.

പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊല ചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോട് മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ്‌ ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌.

പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്.

തോറ്റം പാട്ടുകളിലെ ഭാഷ

തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും, തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.

സാഹിത്യ മൂല്യം

തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണനകളുടെ സർ‌വാം‌ഗണീയമായ സുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌.

“ചെന്താമര മലർകർ‌ണികയുലർന്നപോൽ
മൂന്നയുലർ‍ന്നെഴുന്നുള്ള പൊൻ പൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ.......

കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ”

ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും, ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം.

''തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും“

പകലവനൊരു പതിനായിരമൊന്നി
ച്ചുദയം ചെയ്തതുപോലെശോഭ”

സാമാന്യജനങ്ങൾക്ക് പോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌.

തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻ തോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും, ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു.

തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും,  ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്‌.

വകഭേദങ്ങൾ

തോറ്റത്തിന്‌ ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌.

തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ്‌ പുറപ്പെടുക.