ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 30

കമ്പരാമായണം കഥ

അദ്ധ്യായം :- 30

സുന്ദരകാണ്ഡം തുടർച്ച....

രാവണൻ  രാജസദസ്സിൽ ഉയർന്നമണ്ഡപത്തിൽ ഉന്നതസിംഹാസനത്തിൽ രാജപ്രൗഢിയോടുകൂടി ഇരിക്കുന്നു.  ഇതുകണ്ട  ഹനുമാൻ ഗരുഡമന്ത്രദ്ധ്യാനം കൊണ്ട് നാഗാസ്ത്രബന്ധനമഴിച്ച്  സ്വന്തം വാലു ദീർഘിപ്പിച്ച് വളച്ച് വച്ച് രാവണൻ ഇരിക്കുന്നതിലുമുപരിയാക്കിയ ശേഷം അതിനുമുകളിൽ മഹാപ്രൗഢിയോടെ ഇരിപ്പുറപ്പിച്ചു

നീ ആര് എന്ന രാവണന്റെ  ചോദ്യത്തിന് ഞാൻ രാമദേവദൂതൻ പ്രഭഞ്ജനപുത്രൻ ഹനുമാൻ എന്ന് പറഞ്ഞു

ആരെടാ നിന്റെ രാമൻ എന്ന ചോദ്യത്തിന് ഹനുമാൻ പറഞ്ഞു.   ശ്രീരാമസ്വാമിയെ അറിയില്ലെന്നോ,  എന്നാൽ ഞാൻ പറഞ്ഞു അറിയിക്കാം.  അത്യന്തം ഉന്നതനായ ഒരു രാക്ഷസരാജനെ പിടിച്ച് കാരാഗൃഹത്തിലടച്ചിട്ട  കാർത്തവീര്യനെ വെട്ടിക്കൊന്ന ഭാർഗ്ഗവരാമനെ നിഷ്പ്രയാസം വിജയിച്ച ശ്രീരാഘവരാമൻ,  അവിവേകിയായ ഒരു നിശാചരനാഥനെ വാലിൽത്തൂക്കിയിട്ട്  ചാടിച്ചാടി നാലുസമുദ്രങ്ങളിലുമെത്തി തീർത്ഥസ്നാനം നടത്തിയ മഹാബലശാലിയായ ബാലിയെ ഒറ്റയമ്പാൽ സ്വർഗ്ഗത്തേക്കു അയച്ച ശ്രീദാശരഥി,   പെൺപിടിത്തക്കാരനായ ഒരു നക്തഞ്ചരനായകനെ  മാർഗ്ഗമദ്ധ്യത്തിൽ തടഞ്ഞുനിർത്തി നിരായുധനാക്കിയ,  ഗതിമുട്ടിച്ച ജടായുവിന്റെ ആരാധ്യദൈവമായ   ശ്രീരാമചന്ദ്രൻ, ദിഗ്വിജയങ്ങളിൽ സമുന്നദ്ധനായ  ഒരു മഹാവിക്രമിയുടെ  കൈകൾ കൈലാസശൈലത്തിനടിയിൽ  വെച്ച് അമർത്തിഞെക്കിഞെരിച്ച പരമശിവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് പതിവായി ഭക്തിപൂർവം ഭജിച്ചാരാധിക്കുന്ന ഇഷ്ടദേവതയായ  ശ്രീരാമഭദ്രൻ.  ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചോ?  ഇല്ലെങ്കിൽ ഇനി കണ്ടറിയുക തന്നെയാണ് വേണ്ടത് . എന്നിട്ടും അറിയില്ലെങ്കിൽ ഉടനെ കൊണ്ട് അറിഞ്ഞുകൊള്ളും..

രാവണന് കലശലായ ദേഷ്യം വന്നു അഹങ്കാരം മുടിചൂടുന്ന നീ ആരുടെ മുന്നിലാണ്  ഇരിക്കുന്നത് എന്നറിയാമോ എന്നായി

ഹനുമാൻ പറഞ്ഞു കപടതന്ത്രത്താൽ ഭർത്താവിനെയും ദേവരനെയും അകറ്റി അസഹായയായ ഒരു സ്ത്രീരത്നത്തെ  ഒളിച്ചു ചെന്ന് മോഷ്ടിച്ച പരമധാർമ്മികൻ .  രാവണ!  നിന്റെ  വീരവാദം  മതിയാക്കൂ.  നിനക്ക് ഞാൻ മര്യാദ പറഞ്ഞുതരാം.  സീതാദേവിയെ മാനമായി സ്വാമിസന്നിധിയിൽ എത്തിച്ച്  അവിടെ അടിയറവെച്ച് സമസ്താപരാധക്ഷമായാചാനം  ചെയ്ത്,  ദേവനമസ്കാരമനുഷ്ഠിച്ചാൽ നിനക്ക് ജീവിച്ചിരിക്കാം . അല്ലെങ്കിൽ നിന്റെയും കുടുംബത്തിന്റെയും വർഗ്ഗത്തെയും ഉന്മൂലനാശം ഉടനടി ഉണ്ടാവുക തന്നെ ചെയ്യും.  ബ്രഹ്മവംശത്തിൽ ജനിച്ച  നിനക്കുള്ള അപകർഷം ധർമ്മവിലോപമൊന്നു  മാത്രമാണ്.  ആ ഒരു ന്യൂനത പരിഹരിച്ചാൽ നിന്നെക്കാൾ മാന്യൻ നിന്റെ മുന്നിൽ ആരും ഉണ്ടാവുകയില്ല.  ആ ദോഷം നീ ഉപസംഹരിച്ചില്ലെങ്കിൽ നിനക്ക് വിനാശവും ദുഷ്കീർത്തിക്കു വികാസവും അവശ്യം സംഭവിക്കും

ക്രോധം വർദ്ധിച്ചു രാവണൻ  ഹനുമാനെ ചിത്രവധം ചെയ്യാൻ കല്പിച്ചു.   വിഭീഷണൻ തടസ്സക്കാരനായി. ദൂതവധം മാതൃഹത്യയേക്കാൾ നികൃഷ്ടമാണെന്ന് ആ  സാത്വികൻ വാദിച്ചു.  ആ നീതിവാദം നിരാകരിക്കാൻ നിവൃത്തിയില്ലാത്തതായി.  വാലിൽ വാനരന്മാർ അഭിമാനംകൊള്ളുന്നു. അതുകൊണ്ട് ഇവൻറെ വാലു കരിച്ചു കളയട്ടെ.  എന്ന് രാവണൻ  വിധി കല്പിച്ചു .

രാക്ഷസന്മാർ ഹനുമാനെ പിടികൂടി.  നീണ്ട കയറുകൊണ്ട് കൃശഗാത്രനായ ഹനുമാനെ കെട്ടിമുറുക്കി.  അവർ വാലിൽ തുണി ചുറ്റി തുടങ്ങി.  അതിനതിന് വാൽ വളർന്നു വളർന്നു വന്നു.  എത്ര തുണി ചുറ്റിയിട്ടും തികയാതെയായി.   തുണി ഒന്നും അവശേഷിച്ചില്ല എന്ന അവസ്ഥയിൽ എത്തി.  ഇനി മതിയെന്ന് നിശ്ചയിച്ചു.

തുണി ചുറ്റി എണ്ണയൊഴിച്ച് വാൽപ്പന്തത്തിന്  തീപിടിപ്പിച്ചു.  അനേകം ഭടന്മാർ കൂടി ഹനുമാനെയെടുക്കാൻ അടുത്തുകൂടി.  ഹനുമാൻ മൂച്ചുപിടിച്ചൊന്നുവീർത്തു.  കെട്ടുമുറുക്കിയിരുന്ന കയറ് ചടപടായെന്ന് പൊട്ടിത്തകർന്നു. വാലിന് അറ്റത്ത് തീ നല്ലവണ്ണം ജ്വലിക്കുന്നു.  അതിവേഗത്തിൽ വിചിത്രമതിയായ മാരുതി വാലൊന്ന് വളച്ച് മുന്നിൽ കൊണ്ടുവന്ന് രണ്ടുകൈകൊണ്ടും കൂട്ടിപ്പിടിച്ച് അതിൻറെ അഗ്രഭാഗം കൊണ്ട് പത്തിയായി  നിരന്നു കണ്ട രാവണമുഖങ്ങളിൽ പത്തിലുമുള്ള കൊമ്പൻമീശകളിൽ  പരരക്കെയൊന്നു പെരുമാറി.  10 മുഖങ്ങളിലും കൊമ്പൻമീശകളിൽ  തീപിടിച്ച് ആളികത്തിയപ്പോൾ അത് നല്ലൊരു ദിപക്കാഴ്ചയായിരുന്നു

രാജ്യസഭാ മണ്ഡപത്തിൽ നിന്ന് പുറത്തേക്ക് ചാടിയ ഹനുമാൻ രാജസൗധങ്ങളുടെയും മറ്റു മഹാമന്ദിരങ്ങളുടെയും മുകളിലേക്ക് കുതിച്ചു കയറി ഓരോന്നിലും തീവച്ച് ചാടിച്ചാടി ചുറ്റിസഞ്ചരിച്ചു.  പ്രകൃതിക്കനുകൂലമായും ജന്യജനകബന്ധമനുസരിച്ചും അനലാനിലസഖ്യം കൊണ്ടും ഹനുമാൻ നടത്തിയ അഗ്ന്യാരാധനത്തിന് വായുദേവൻ സംപൂർണമായ സഹായം ചെയ്തു കൊടുത്തു.  ലങ്ക അഗ്നിമയമായതിനുശേഷം  ഭസ്മമായി തീർന്നു നിശേഷം വെളുത്തു

വിഭീഷണ മന്ദിരത്തിനും സീതയിരുന്ന ശിംശാപതലത്തിനും മാത്രം അഗ്നിയുടെ സ്പർശം പോലും ഉണ്ടായില്ല . വിഭീഷണന്റെ വിഷ്ണുസ്തുതിയും  സരമയുടെ ലക്ഷ്മീസ്തവവും  ത്രിജടയുടെ രാമജപവും സീതയുടെ അഗ്നിദേവപ്രാർത്ഥനയും ആ രണ്ടിടത്തു നിന്നും ഉൽഗമിച്ചു  കൊണ്ടിരുന്നു

ലങ്ക അശേഷം ദഹിച്ചു കഴിഞ്ഞപ്പോൾ സമുദ്രത്തിൽ വാൽമുക്കി തീ കെടുത്തിയശേഷം ഹനുമാൻ സിതയുടെ സമീപത്തു ചെന്ന്,  വീണ്ടും തൊഴുത്,  അനുവാദം വാങ്ങി,  ലങ്കയുടെ വടക്കെ അരികിൽ വന്ന്,  സമുദ്രത്തിന്റെ മുകളിൽക്കൂടി മഹേന്ദ്രഗിരിയിലേക്ക് ഉന്നം  നോക്കി ആഞ്ഞ് കുതിച്ച് ചാടി.  കാത്തുനിന്ന മൈനാകത്തിൻറെ അതിഥി സല്കാരം സന്തോഷപൂർവ്വം സ്വീകരിച്ച് യാത്ര സത്വരമാക്കി

ജാംബവാൻ,  അംഗദൻ മുതലായവർ മഹേന്ദ്രഗിരിയുടെ  ഉപരിതലത്തിൽ  അക്ഷമരായി ഹനുമാന്റെ പ്രത്യാഗമനം പ്രതീക്ഷിച്ചു  നിൽക്കുന്നുണ്ടായിരുന്നു.  വൃദ്ധനായ ജാംബവാൻ ധ്യാനിച്ചുകൊണ്ട് നിലകൊണ്ടു.  ഒരു ആകാശവാണി  ആ പ്രദേശത്ത് വ്യാപിച്ചു.  ദേവിയെക്കണ്ടേൻ ഭാവിയെക്കോണ്ടേൻ എന്ന് ആ പ്രദേശത്ത് ആകാശവാണി ഉണ്ടായി.

അതിനു പുറകെ വൃദ്ധനായ ജാംബവാന്റെ പരത്തിയ ഇരുകൈകളിലുമായി ഒരു ശിശുവെന്ന  പോലെ ഒരു ജീവി വന്നു വീണു.  വായുദേവൻ താലോലിച്ചുകൊണ്ടെത്തിച്ച ഹനുമാൻ ആയിരുന്നു അത് .  ജാംബവാൻ ഹനുമാനെ മാറോടണച്ചു പുണർന്നു.  വിശേഷങ്ങൾ കൈമാറിയ ശേഷം എല്ലാവരും ഉല്ലാസത്തോടെ കിഷ്കിന്ധയിലേയ്ക്ക് തിരിച്ചു . അവർ സുഗ്രീവന്റെ  കൊട്ടാരോദ്യാനത്തിൽ എത്തിച്ചേർന്നു.  അംഗദന്റെ അനുമതിയോടു കൂടി വാനരന്മാർ  ഉദ്യാനത്തിൽ കടന്ന് പക്വഫലമൂലാദികൾ എല്ലാം എടുത്ത് ഭക്ഷിച്ചും മധുരമധുപാനം ചെയ്തും പൈദാഹാദികൾ തീർക്കാൻ ആരംഭിച്ചു. ഉദ്യാനപാലകർ ഓടിച്ചെന്ന് ഉദ്യാനഭംഗം സുഗ്രീവനെ അറിയിച്ചു

സുഗ്രീവൻ ഉടൻതന്നെ രാമ സന്നിധിയിലെത്തി മാരുതിയും സംഘവും  വിജയിച്ചു വന്നതായി അറിയിച്ചു. ജാംബവാനും അംഗദനും ഹനുമാനും കൂടി വിനയപൂർവ്വം ശ്രീരാമതൃപ്പാദത്തിൽ നമസ്കരിച്ചു.  എന്നിട്ട്  മാറി നിന്നു.  കാല്ക്കൽ തൊഴുതു നിന്ന ഹനുമാനെ രാമദേവൻ വാത്സല്യപൂർവ്വം പിടിച്ചെഴുന്നേൽപ്പിച്ചു . ആകാംക്ഷ നിറഞ്ഞ ഹൃദയത്തോടെ ദൂതമുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.   ദേവിയെ കണ്ടേൻ എന്ന് വിനയത്തോടെ,  പ്രസന്നതയോടെ കൂടി.  ശ്രീരാമനെ തൊഴുതുകൊണ്ട് ഹനുമാൻ പാടി ശേഷം ലങ്കയിൽ  സംഭവിച്ചതെല്ലാം ഹനുമാൻ രാമനെ പറഞ്ഞു കേൾപ്പിച്ചു.  ചൂഡാമണി നൽകി അടയാള കഥകളും പറഞ്ഞു കേൾപ്പിച്ചു..   രാമദേവൻ ഹനുമാനെ സമ്പൂർണ അനുഗ്രഹങ്ങൾ കൊണ്ട് സ്വന്തം ഭക്തോത്തമനായി അഭിഷേകം ചെയ്തു. അനന്തരം സുഗ്രീവൻ , ലക്ഷ്മണൻ,  ജാംബവാൻ, ഹനുമാൻ,  അംഗദൻ മുതലായവർ വിദഗ്ധ നിയന്ത്രണാധികാരത്തിൽ സകല വാനര സൈന്യങ്ങളെയും ദക്ഷിണസമുദ്രത്തീരത്തേക്ക് ആനയിച്ചു.  12 ദിവസത്തെ സഞ്ചരണം കൊണ്ട് ആ  മഹാസൈന്യസംഘം  ഭക്ഷണസമുദ്രതീരത്തെത്തി . രാമലക്ഷ്മണന്മാർ ഭാവികർമ്മപരിപാടികൾ തയ്യാറാക്കാനും സന്നദ്ധത കൈ കൊണ്ടു.

സുന്ദരകാണ്ഡം സമാപ്തം

തുടരും .....

No comments:

Post a Comment