ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 04

ഗരുഡൻ - 04

ഗരുഡന്റെ ജനനവും, സൂര്യന്റെ ആവരണമായി മാറിയ അരുണനും

യഥാസമയം മുട്ടപൊട്ടി. പെട്ടന്ന് ഏതോ ഒരു പക്ഷി മുട്ടയിൽനിന്നു പറന്ന് ആകാശത്തേക്ക് ഉയർന്നു. ചലിക്കുന്ന ഇടിവാൾ പോലെയായിരുന്നു അവന്റെ കണ്ണുകൾ. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അവന്റെ വളർച്ച. ആകാശത്തെ കീറിമുറിച്ച് അവൻ പറന്നു. ഒരു അഗ്നി ഗോളംപോലെ ആയിരുന്നു അവൻ. എന്തൊരു അസഹ്യമായ ചൂട്! അവന്റെ ശരീരത്തിലെ ചൂടേറ്റ് അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയർന്നു. ഒരാരവത്തോടെ അവൻ ദേവലോകത്തെത്തി. ആ പക്ഷി ആരെന്നോ അവനാണ് ഗരുഡൻ. ചില ദേവന്മാർ അവനെക്കണ്ട് ഭയന്നു. അവർ പകച്ചു നിന്നുപോയി! ഇതെന്തൊരു രൂപം, ഇത്ര വലിയ പക്ഷിയോ. അവൻ പോകുന്ന വഴിയും, ഇരിക്കുന്ന സ്ഥലവും തീക്കുണ്ഡത്തിൽ അകപ്പെട്ടതുപോലെ. വയ്യ, ഈ ഉഷണം  സഹിക്കവയ്യ. ഈ പോക്കുപോയാൽ ദേവലോകം കത്തിനശിക്കും. ഇത് അഗ്നി ദേവൻ ഒപ്പിച്ച പണിയാണ് എന്ന് കരുതി അവർ അഗ്നിദേവനെ ശരണം പ്രാപിച്ചു. ഒരേ മനസ്സോടെ അവർ പ്രാർത്ഥിച്ചു. "അങ്ങയുടെ വർദ്ധിതവീര്യം പുറത്തുകാണിക്കല്ലേ. ലോകമെല്ലാം വെന്തുചാമ്പലാകും. അങ്ങ് സ്വയം ശമിച്ചാലും."ദേവന്മാരുടെ വെപ്രാളം കണ്ട് അഗ്നി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു "ദേവന്മാരെ നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല സംഗതികളുടെ കിടപ്പ്. നിങ്ങൾ പരിഭ്രമിക്കാതിരിക്കൂ  അവൻ ഗരുഡനാണ് പക്ഷിവർഗ്ഗത്തിന്റെ ഇന്ദ്രൻ! ഇന്നവൻ പിറന്നതേ ഉള്ളൂ. കശ്യപപുത്രനാണവൻ. വിനതാനന്ദനനാണ് ഇവൻ. സർപ്പങ്ങളെ നശിപ്പിക്കുന്നവനാണ്. അതേസമയം ബലവാനാണ്. ദേവന്മാർക്ക് ഹിതം ചെയ്യുന്നവനാണ്. പേടിക്കേണ്ട, നിങ്ങൾ ധൈര്യമായിരിക്കൂ."

അഗ്നി ഇത്രയൊക്കെ പറഞ്ഞെങ്കിലും ദേവന്മാരുടെ ഉള്ളിലെ ഭയം കെട്ടടങ്ങിയിട്ടില്ല. അവർ ഒളിഞ്ഞും മറഞ്ഞും അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. നേരേ ചെല്ലാൻ പേടി. ആകാശം മുഴുവൻ അടയുമാറ് ഗരുഡൻ ചിറകുവിരിച്ച് നിന്നു. “പക്ഷിരാജാ, നിന്റെ മുമ്പിൽ ഞങ്ങൾ നമസ്കരിക്കുന്നു. കശ്യപപുത്രാ, അങ്ങ് കോപിക്കരുതേ! സകല ഗുണങ്ങളും ഞങ്ങളിൽ കനിയേണമേ. നീ പറക്കുമ്പോൾ ഇടിവെട്ടുന്നതു പോലെ ശബ്ദമാണ്. ആ ധ്വനിയിൽ എല്ലാ ദിക്കുകളും ഭൂമിയും ആകാശവും നടുങ്ങുകയാണ്! അങ്ങ് ശാന്തനാകൂ. അങ്ങയുടെ ശരീരത്തെ ചുരുക്കിയാലും!' ദേവതകളുടെ സ്തുതിഗീതങ്ങൾ നീണ്ടു. ദേവതകളുടെ സ്തുതിഗീതങ്ങൾ ഗരുഡനു നന്നായി ഇഷ്ടപ്പെട്ടു. സ്വശരീരത്തിലേക്ക് കണ്ണോടിച്ചിട്ട് ഗരുഡൻ പറഞ്ഞു. “എന്റെ ശരീരം കണ്ട് നിങ്ങൾ ഭയപ്പെടേണ്ട. ഭീമാകാര മായ എന്റെ ശരീരത്തെക്കണ്ട് ലോകം ഭയക്കുന്നുവെങ്കിൽ ഞാൻ എന്റെ ശരീരത്തെ ഇതാ ഒതുക്കുന്നു." ഇത്രയും പറഞ്ഞിട്ട് ആ പക്ഷിശ്രേഷ്ഠൻ ചിറകടിച്ചുയർന്നു. തന്റെ സഹോദരനായ അരുണനെ ചിറകിൽ കയറ്റി ഇരുത്തി. അമ്മയുടെ സമീപത്തേക്കു പറന്നു. അത്യുഗ്രമായ സൂര്യന്റെ ചൂടേറ്റ് ലോകം വെന്തുനീറുകയായിരുന്നു അപ്പോൾ. ഹൊ! എന്തൊരു ചൂട്. സൂര്യതാപമേറ്റ് ഈ ലോകം തന്നെ വെണ്ണീറായിപ്പോകുന്നതുപോലെ സൂര്യൻ അല്പം ദേഷ്യത്തിലാണ്. അതിന് ചെറിയൊരു കാരണമുണ്ട്. രാഹു അമൃതു കട്ടുകുടിക്കാൻ തുടങ്ങിയപ്പോൾ സൂര്യചന്ദ്രന്മാർ അത് കണ്ടുപിടിച്ചു. അന്നു മുതൽ സൂര്യചന്ദ്രന്മാരോട് രാഹുവിനു പകയായി. ഒടുങ്ങാത്ത പക! രാഹുവിന്റെ ഗ്രഹണംമൂലം സൂര്യന്റെ പ്രഭയ്ക്ക് ഇടിവ് തട്ടി. ഈ സംഭവം സൂര്യനിലെ പ്രതികാരദാഹം വളർത്തി..

ഗുണത്തിനുവേണ്ടി ചെയ്ത പ്രവൃത്തികൊണ്ടാണല്ലോ രാഹു പ്രകോപിതനായതും സൂര്യനോട് പിണങ്ങിയതും. ദേവന്മാരാകട്ടെ ഇതറിഞ്ഞ ഭാവംപോലും കാണിച്ചില്ല. ദേവതകൾ ഇതെല്ലാം നോക്കിനിന്നതേയുള്ളൂ. സൂര്യൻ ഒരു തീരുമാനം എടുത്തു. തന്റെ കഴിവ് പ്രകടിപ്പിക്കണമല്ലോ. ഈ ലോകം മുടിച്ചേ അടങ്ങു. സൂര്യൻ അസ്തപർവ്വതത്തിൽ അണഞ്ഞു. അവിടെ ഇരുന്നുകൊണ്ട് സൂര്യന്റെ പ്രതാപം കാണിച്ചു. ചൂട് അസഹ്യമായ ചൂട്! എങ്ങും ചൂടി ഭൂമി ചുട്ടുപൊള്ളുന്നു. മനുഷ്യരും മറ്റു ജീവജാലങ്ങളും അസഹ്യമായ ചൂടിൽ വീർപ്പുമുട്ടി. ലോകം നാശത്തിലേക്കു നീങ്ങുകയാണ്. ഈ പോക്കുപോയാൽ ഭൂമി കത്തി വെണ്ണീറാകും. ദേവന്മാരെല്ലാവരുംകൂടി ബ്രഹ്മാവിനെ കണ്ട് സങ്കടം ഉണർത്തിച്ചു. ബ്രഹ്മാവ് പരിഹാരം നിർദേശിച്ചു. കശ്യപന്റെ പുത്രനും ധീരനുമായ അരുണൻ സൂര്യന്റെ മുമ്പിൽ ചെന്നുനില്ക്കട്ടെ. സൂര്യരഥത്തിന്റെ സാരഥ്യവും അവൻ തന്നെ വഹിക്കട്ടെ. അതിലൂടെ ലോകത്ത് സ്വസ്തി ഉണ്ടാകട്ടെ. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അരുണൻ സൂര്യന്റെ മുമ്പിലെത്തി. സൂര്യന്റെ ആവരണമായി അരുണൻ മാറി. അതോടെ സൂര്യന്റെ ചൂടിന് ശമനം വന്നു. അങ്ങനെ അരുണൻ സൂര്യന്റെ സാരഥിയും ആവരണവുമായി മാറി.

No comments:

Post a Comment