ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-26

കമ്പരാമായണം കഥ

അദ്ധ്യായം :-26

കിഷ്ക്കിന്ധകാണ്ഡം തുടർച്ച...

വാനരരുടെ സംഭാഷണങ്ങൾ കേട്ട് മഹാഗിരിഗുഹയിൽ , ചിറകില്ലാതെ,  പറക്കാനാകാതെ, ഭക്ഷണമില്ലാതെ അവശതയിൽ കഴിഞ്ഞ ഭീമാകാരമായ പക്ഷിസത്വം ഗുഹാമുഖത്ത് എത്തി നോക്കി വാനരശയനം കണ്ടു ഇപ്രകാരം പറഞ്ഞു.  ആഹാരം ശേഖരിക്കാൻ കഴിയാത്ത എനിക്ക് ഈശ്വരൻ കാരുണ്യത്തോടെ കുറേക്കാലം ഭക്ഷിക്കാനുളള ആഹാരം തന്നു. കുറേശ്ശേയായി ഭക്ഷിക്കാം. പക്ഷിവൃദ്ധന്റെ ഈ വാക്കുകൾ കേട്ട് വാനരസംഘം പരിഭ്രാന്തരാകുകയും തങ്ങൾക്ക് ദുർമ്മരണമാണല്ലോ എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്തു. ശ്രമം വിഫലമായെങ്കിലും ശ്രീരാമദേവനുവേണ്ടി ധീരമായി പോരാടി ജീവാർപ്പണം ചെയ്ത പക്ഷിശ്രേഷ്ഠനായ ജടായു മഹാഭാഗ്യവാൻ തന്നെ. ഇങ്ങനെ പറഞ്ഞു വാനരന്മാർ വിലപിച്ചു.

ജടായുവെക്കുറിച്ചുളള പ്രസ്താവം ശ്രദ്ധിച്ച ഗൃദ്ധ്രവൃദ്ധൻ ജാംബവാനെ തന്റെ സമീപത്തേയ്ക്കു വരുവാൻ ക്ഷണിച്ചു.  അടുത്തെത്തിയ ജാംബവാനോട് പക്ഷിവൃദ്ധൻ ചോദിച്ചു.  നിങ്ങൾ എവിടെ നിന്നും വരുന്നു? എങ്ങോട്ട് എന്തിന് പോകുന്നു.  ഇവിടെ എങ്ങനെ വന്നു?

ജാംബവാൻ പറഞ്ഞു ശ്രീരാമദാസന്മാരായ  ഞങ്ങൾ സുഗ്രീവാജ്ഞയാൽ ശ്രീരാമപത്നിയായ സീതാദേവിയെ അന്വേഷിച്ചു പുറപ്പെട്ടതാ. ദേവിയെക്കാണാഞ്ഞ് നിരാശരായി നിരശനമായ മരണം വരിക്കാനൊരുങ്ങുകയാണ്.

പക്ഷിവൃദ്ധൻ ചോദിച്ചു നിങ്ങൾ ജടായുവിനെക്കുറിച്ച് എന്താണ് സംസാരിച്ചത് ? അത് വിസ്തരിച്ചു പറയൂ...

ജാംബവാൻ ജടായുവിന്റെ അന്തിമവൃത്താന്തം വിസ്തരിച്ചു പറഞ്ഞു.  ശേഷം പക്ഷീന്ദ്രനോട് ചോദിച്ചു.  അങ്ങ് ആരാണ്?  ഈ അവശത അങ്ങേയ്ക്ക് എങ്ങനെ സംഭവിച്ചു?  ജടായുവുമായുളള ബന്ധമെന്ത്?...

പക്ഷിവൃദ്ധൻ പറഞ്ഞു. " ഞാൻ പക്ഷിവർഗ്ഗരാജാവായിവാണ സമ്പാതിയാണ്. ജടായു എന്റെ അനുജനാണ്.  ഞങ്ങളുടെ മാതാവ് മഹാശ്വേതയും പിതാവ് അരുണദേവനും  . മാതാപിതാക്കളുടെ വരദാനത്താൽ ഭൂമിയിലെ സകലപക്ഷിവൃന്ദങ്ങൾക്കും ഞാൻ രാജാവും ജടായു യുവരാജാവുമായിത്തീർന്നു. ഒരു ദിവസം  ബലവേഗഗർവ്വോടെ പിതാവിനെക്കാണാൻ ഞങ്ങൾ സൂര്യമണ്ഡലത്തിലേയ്ക്ക് പറന്നു. എന്നെക്കാൾ ചുണക്കുട്ടിയായിരുന്ന അനുജൻ , എന്നെ പിന്നിലാക്കി പറന്നുയർന്നു. എന്നാൽ ഊഷ്മളമായ സൂര്യ രശ്മികൾ തട്ടി അനുജന്റെ ചിറകുകൾ വാടിത്തളർന്നു തുടങ്ങി. അവനെ രക്ഷിക്കാൻ ഝടിതിയിൽ കുതിച്ചു പറന്നു മുകളിലെത്തി അവന് തണൽകൊടുത്തു. അതിനാൽ ചിറകുകരിയാതെ അവൻ താണു ഭൂമിയിലെത്തി. എന്റെ ചിറകുകൾക്ക് തീ പിടിച്ചു കരിഞ്ഞ് ഈ മഹാഗിരിയിൽ വന്നു വീണു. ഇവിടെ താമസിച്ചിരുന്ന നിശാകരനെന്നെ മഹർഷിയുടെ ശുശ്രൂഷയിൽ ജീവൻ രക്ഷപ്പെട്ട ഞാൻ അദ്ദേഹത്തിന്റെ സഹായി ആയി ഇവിടെ കഴിഞ്ഞു.  മഹാത്മാവായ അദ്ദേഹം പറഞ്ഞു ഒരിക്കൽ സീതാന്വേഷണത്തിനായി വാനരന്മാർ ഇവിടെ വരും അവർക്ക് സീതയിരിക്കിന്നിടം പറഞ്ഞു കേൾപ്പിക്കണം . അപ്പോൾ ചിറകുകൾ സ്വയം സംഭവിക്കുകയും കാലുകൾ സ്വാധീനങ്ങളിലാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ". നിങ്ങൾ എന്നെ സമുദ്രതീരത്ത് എത്തിക്കുക. ശേഷം ജടായുവിന്റെ ശേഷക്രീയകൾ ചെയ്യാൻ സഹായിക്കുക. കർമ്മാനുഷ്ഠാനാനന്തരം സീതാവൃത്താന്തവും അനന്തകരണീയവും പറഞ്ഞു തരാം.

അംഗദാദികൾ സമ്പാതിയെ ജടായുവിന്റെ ശേഷക്രിയകൾ ചെയ്യാൻ സഹായിച്ചു. കർമ്മാനുഷ്ഠാനത്തിനു ശേഷം  പരന്നു കിടക്കുന്ന മഹാപാരാവാരത്തിലേയ്ക്ക് സ്വന്തം "ഗൃദ്ധ്റദൃഷ്ടി " കളെ ഒന്നുപായിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു.  ദക്ഷിണമഹാബ്ധിയുടെ ഉള്ളിൽ സുവേലം എന്ന മഹാഗിരിയിൽ വിശാലവും അണ്ഡാകൃതിയുളളതൂമായ ഭൂതലമുണ്ട് . അതാണ് ലങ്ക. ലങ്കയുടെ മദ്ധ്യത്തിൽ രാവണരാജധാനി. അവിടെ അശോകോദ്യാനത്തിന്റെ  കേന്ദ്രത്തിൽ ശിംശാപവൃക്ഷചുവട്ടിൽ സീതാദേവി ഇരിക്കുന്നു. ദേവിക്ക് നമസ്കാരം. നിങ്ങളിലാരെങ്കിലും നേരിട്ട് ദേവിയെക്കണ്ട് വിവരങ്ങളറിഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചു വന്നു ദേവനോട് വിവരം പറയുക.

സീതാവൃത്താന്തം പറഞ്ഞു കഴിഞ്ഞപ്പോൾ സമ്പാതിയ്ക്ക് ചിറകുകൾ മുളച്ചുണ്ടായി. ഇപ്പോൾ ഞാൻ പറന്നു പോയി ലങ്കയെത്തന്നെ എടുത്തുയർത്തി ശ്രീരാമസന്നിധിയിൽ ഭക്തിപൂജാർപ്പണമായി ചെയ്യാമായിരുന്നു. എന്നാൽ അത് ധർമ്മവിലോപമാകും. ഒരിക്കൽ അളകാപുരിയിൽ നിന്നും ഒരു യക്ഷസുന്ദരിയെ അപഹരിച്ചു ആകാശമാർഗ്ഗം പോയ രാവണന്റെ വിമാനവും ആയുധങ്ങളും നശിപ്പിച്ച എന്നോട്  (സമ്പാതി)  സമരസമാപനം ആവശ്യപ്പെടുകയായിരുന്നു രാവണൻ. അങ്ങനെ രാവണൻ യക്ഷസുന്ദരിയെ വിട്ടു. അന്ന് രാവണസംഖ്യം സംഭവിച്ചതിനാൽ  ഇപ്പോൾ രാവണനോട് ഇടയുന്നത് അധർമ്മമാകും. ഞാൻ രാമദേവസന്നിധിയിലേയ്ക്ക് പോകട്ടെ . നിങ്ങൾക്ക് മംഗളം എന്ന് പറഞ്ഞു സമ്പാതി പറന്നുയർന്നു. രാമദേവനരികിലെത്തി എല്ലാം അറിയിച്ചു വീണ്ടും വിന്ധ്യാഗിരിയിലെത്തി രാമഭക്തനായി വിശ്രമിച്ചു.

സമ്പാതി പോയശേഷം വാനരന്മാർ കൂടിയാലോചിച്ചു. ഒരാൾ പോയാൽ മതി . പക്ഷെ ആര് ഈ സമുദ്രം കടന്നു പോയി വരും.  അംഗദൻ പറഞ്ഞു എല്ലാവരും തങ്ങൾക്കുളള കഴിവുകൾ വെളിപ്പെടുത്തുക. ഇത് കേട്ട് ഓരോർത്തരായി 10 യോജന മുതൽ 90 യോജനവരെ ചാടാൻ കഴിയൂയെന്ന് വെളിപ്പെടുത്തി.  അംഗദൻ പറഞ്ഞു ഞാനങ്ങോട്ട് ചാടാം പക്ഷേ തിരിച്ചു ചാടാൻ കഴിയുമോ എന്നറിയില്ല.  ജാംബവാൻ പറഞ്ഞു വാർദ്ധക്യത്താൽ അശക്തനായിപ്പോയി താനെന്ന്. തന്റെ കഴിവുകളെ കുറിച്ച് മറന്നു പോയതു പോലെ ഹനുമാൻ മിണ്ടാതെയിരുന്നു. അപ്പോൾ ജാംബവാൻ ഹനുമാന്റെ അരികിൽ എത്തി. ഹനുമാനോട്  പറഞ്ഞു വീര ഹനുമാൻ നിന്നെ കൊണ്ടു മാത്രമെ ഈ സമുദ്രം തരണം ചെയ്ത് ദേവിയെ കണ്ടുവരാൻ സാധിക്കൂ. ശ്രീമഹാദേവന്റെ തേജോഭവ പുത്രൻ. ശ്രീപാർവതിയുടെ പരിലാളനന്ദനൻ ദേവാധിനാഥന്മാരുടെയെല്ലാം വരദാനഭാജനം, ശ്രീരാമദേവന്റെ വിശ്വാസപാത്രം ഈ മഹിമകളെല്ലാമുളള മാരുതിയല്ലാതെ ആർക്കാണ് ഇത് സാധിക്കുക.  നിന്നെ കുറിച്ച് നീ കുറഞ്ഞൊന്നറിഞ്ഞാൽ മതിയാകും. സമസ്തം സ്വായത്തം.

അതുകേട്ടു ഹനുമാൻ കുതിച്ചൊന്നുചാടി മഹേന്ദ്രഗിരിയുടെ മുകൾപ്പരപ്പിലെത്തിനിന്നു.  അവിടെ നിന്ന് സ്വന്തം മാതൃദേവിമാരെ മൂന്നുപേരെയും സ്വപിതൃദേവന്മാർ മൂന്നു പേരെയും ഭക്തി പുരസ്സരം സ്മരിച്ചു.  ശ്രീരാമദേവനെ ഹൃദയത്തിലേയ്ക്ക് ആവാഹിച്ചു. കണ്ണടച്ച് അന്തർദൃഷ്ടിയാൽ സീതാദേവിയുടെ രൂപം സങ്കല്പിച്ചു.  ശേഷം മൂദ്രമോതിരം കയ്യിലെടുത്തു ഒന്നു നിരീക്ഷിച്ചു.  ശേഷം മഹേന്ദ്രഗിരിയിൽ നിന്നും ഊറ്റമായിച്ചാടിയുയുർന്ന മാരുതി മിന്നൽ വേഗത്തിൽ തെക്കോട്ടാഞ്ഞ് പാഞ്ഞ് മാഞ്ഞ് മറഞ്ഞു.

കിഷ്കിന്ധാകാണ്ഠം സമാപ്തം

തുടരും .....

No comments:

Post a Comment