ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2021

എല്ലാ വർഷവും ഇടിമിന്നലിൽ പിളരുന്ന ശിവലിംഗം

എല്ലാ വർഷവും ഇടിമിന്നലിൽ പിളരുന്ന ശിവലിംഗം

നിരവധി അപൂർവ്വ വിശ്വാസങ്ങളും ആചാരങ്ങളും, കൂടാതെ പ്രസിദ്ധമായ ഒരുപാട് ക്ഷേത്രങ്ങളുമുള്ള നാടാണ് ഹിമാചൽ പ്രദേശ്. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ സാധിക്കാത്ത ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇവിടെയുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ക്ഷേത്രമാണ് കുളു വാലിക്ക് സമീപമുള്ള ബിജ്‌ലി മഹാദേവ ക്ഷേത്രം.

പുണ്യസ്ഥാനമായി എല്ലാവരും കരുതുന്ന ഒന്നാണ് ഹിമാചൽ പ്രദേശിലെ ബിജ്‌ലി മഹാദേവ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്നും 2460 മീറ്റർ ഉയരത്തിൽ ബിയാസ് നദിയോട് ചേർന്ന് കാണപ്പെടുന്ന പുരാതന ക്ഷേത്രം ആണിത്.

ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് ബിജ്‌ലി മഹാദേവ ക്ഷേത്രം. എല്ലാവർഷവും ഒരു ദിവസവും ഇവിടെയുള്ള ശിവലിംഗത്തിന് ഇടിമിന്നലേൽക്കുകയും പല കഷ്ണങ്ങളായി പിളരുകയും ചെയ്യുമത്രേ. പിന്നീട് ക്ഷേത്രത്തിലെ പൂജാരി ചിതറിയ കഷ്ണങ്ങൾ ചേർത്ത് വെച്ച് ശിവലിംഗത്തെ പഴയപടിയാക്കും. ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ,  ഉപ്പ് ചേർക്കാത്ത വെണ്ണ എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ശിവലിംഗം യോജിപ്പിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് ശേഷം ഈ ശിവലിംഗം പൂർവ്വ സ്ഥിതിയിൽ ആകുകയും ചെയ്യും.

ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കാനാണ് മിന്നൽ അനുഗ്രഹം ഉണ്ടാകുന്നതെന്നാണ് ഇവിടത്തെ വിശ്വാസം. ഇടിമിന്നലുമായി നിരവധി വിശ്വാസങ്ങൾ ജനങ്ങൾക്കിടയിൽ ഇനിയുമുണ്ട്.

ഈ പ്രദേശത്ത് നിലനിൽക്കുന്ന ഒരു അസുര കഥ പറയാം. കളന്ത എന്ന് പേരുള്ള ഒരു അസുരൻ ഇവിടെ ജീവിച്ചിരുന്നു. ഒരിക്കൽ ഒരു വലിയ പാമ്പിന്റെ രൂപത്തിൽ ലാഹുൽ സ്പിതിയിലെ മാതൻ ഗ്രാമത്തിൽ കളന്ത എത്തിച്ചേർന്നു. തന്റെ ദുഷ്ടശക്തികൾ ഉപയോഗിച്ച് ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടാക്കുവാനായിരുന്നു അസുരന്റെ ലക്ഷ്യം. ഇതിനായി ബിയാസ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനായി നദിക്ക് കുറുകെ കളന്ത കിടന്നു. ഇതറിഞ്ഞ ശിവൻ കളന്തയുമായി യുദ്ധം പ്രഖ്യാപിച്ചു. വാശിയേറിയ യുദ്ധത്തിൽ ശിവഭഗവാൻ ജയിച്ചു. അസുരനെ കൊല്ലുകയും ചെയ്തു. പാമ്പിന്റെ രൂപത്തിലാണ് കളന്ത പോരാടിയത്. ശേഷം അസുരന്റെ ശരീരം ഒരു വലിയ പർവ്വതമായി മാറി. ഈ അസുരനിൽ നിന്ന് രൂപം കൊണ്ടതിനാലാണ് കുളു വാലിക്ക് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

ഇവിടെ തീർത്ഥടനത്തോടൊപ്പം ട്രെക്കിങ് കൂടി ആസ്വദിക്കാവുന്നതാണ്. ക്ഷേത്രത്തിലെത്താൻ 3 കിലോമീറ്റർ ട്രെക്കിങ് ചെയ്യേണ്ടതായുണ്ട്.

കുളുവിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment