ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 15

ഗരുഡൻ - 15

ഗരുഡന്റെ അഹങ്കാരം

ഇന്ദ്രന്റെ തേരാളിയായിരുന്നു മാതലി. ശക്തിമാനും സദ്സ്വഭാവിയും ആയിരുന്നു മാതലി. ഇവൻ ഇന്ദ്രന് സാരഥിയും കൂട്ടുകാരനും മന്ത്രിയുമാണ്. ചൈത്രം എന്ന രഥത്തിൽ ആയിരം കുതിരകളെ പൂട്ടി ഇവൻ തെളിക്കും. തന്റെ പ്രഭാവലയം കൊണ്ട് ഒരേ സമയം ഇന്ദ്രനോടും നാരദനോടും അടുത്ത ബന്ധം പുലർത്തുന്നവനാണ് മാതലി. മാതലിക്ക് സുന്ദരിയായ ഒരു മകളുണ്ട്. ഏഴ് അഴകുള്ളവൾ സൗന്ദര്യത്തിൽ ഇവളോടു കിടപിടിക്കാൻ ആരും ഇല്ല. ഗുണകേശി എന്നായിരുന്നു അവളുടെ പേര്. ഗുണകേശിയുടെ സത്യശീലഗുണങ്ങൾ പ്രസിദ്ധമാണ്. അവൾക്കു വിവാഹപ്രായമായി. മകൾക്ക് അനുരൂപനായ ഭർത്താവിനെ തേടി മാതലി മൂന്നു ലോകത്തും സഞ്ചരിച്ചു. അവസാനം നാരദനെയും കൂട്ടിക്കൊണ്ട് മാതലി പാതാളത്തിലേക്കുപോയി. അവിടെ അവർ ഒരു നാഗശ്രേഷ്ഠനെ കണ്ടു. സുമുഖൻ എന്നാണ് അവന്റെ പേര്. പേരു പോലെ തന്നെ സുന്ദരൻ! ചിരകന്റെ മകനായിരുന്നു സുമുഖൻ. ഗുണകേശിക്കു നന്നായി ചേരുന്നവനാണ് സുമുഖൻ എന്ന് മാതലിക്കു തോന്നി. അച്ഛന്റെ അച്ഛനായ ആര്യകന്റെ കൂടെയായിരുന്നു സുമുഖന്റെ താമസം. സുമുഖന്റെ അച്ഛനായ ചിരകനെ ഗരുഡൻ ഭക്ഷണമാക്കിയിട്ട് ഒരുമാസം കഴിഞ്ഞതേയുള്ളൂ. തന്നെയുമല്ല ഒരു മാസത്തിനകം സുമുഖനെയും ഭക്ഷിക്കുമെന്ന് ഗരുഡൻ മുന്നറിയിപ്പ് നൽകിട്ടുണ്ട്. ഇതോടെ സുമുഖൻ ആകെ ദുഃഖി തനും അസ്വസ്ഥനുമാണ്. അച്ഛൻ മരിച്ചതോടെയാണ് സുമുഖൻ മുത്തച്ഛന്റെ കൂടെ താമസമാക്കിയത്. മാതലിയും നാരദനും കൂടി ആര്യകനെ സമീപിച്ചു. ആര്യകൻ അവരെ യഥാവിധി സ്വീകരിച്ചു.

തങ്ങളുടെ ആഗമനോദ്ദേശ്യം അവർ വ്യക്തമാക്കി. വിഷ്ണു ഗൃഹത്തിൽ ലക്ഷ്മിയെപ്പോലെ, അഗ്നിക്ക് നെയ്യു പോലെ സുമുഖന് തന്റെ മകൾ ഗുണകേശി യോജിക്കുമെന്ന് മാതലി പറഞ്ഞു. അവന് അച്ഛനില്ലാത്തത് ഒരു കുറവായി കാണുന്നില്ലെന്നും, അവന്റെ ഗുണഗണങ്ങൾക്കാണ് ഞങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും മാതലി കൂട്ടിച്ചേർത്തു. അതു കൊണ്ട് ഈ വിവാഹത്തിന് അനുമതി നല്കണമെന്ന് അവർ ആര്യകനോട് അഭ്യർത്ഥിച്ചു. സശ്രദ്ധം ആര്യകൻ എല്ലാം കേട്ടു. വേദനയോടെ ആര്യകൻ അറിയിച്ചു. എനിക്ക്  അങ്ങേയറ്റം സന്തോഷമാണ്. പക്ഷേ, കാര്യത്തിന്റെ ഗൗരവം ഓർത്തിട്ടാണ് ഞാൻ വിഷമിക്കുന്നത്. സുമുഖന്റെ അച്ഛനും എന്റെ മകനുമായ ചിരകനെ ഗരുഡൻ കൊന്നുതിന്നിട്ട് ഒരു മാസമേ ആയുള്ളൂ. അവനെ തിന്നിട്ടു പോകുന്ന സമയത്ത് ഗരുഡൻ ഒരു കാര്യം പ്രഖാപിച്ചു, അടുത്തമാസം സുമുഖനെ തിന്നുമെന്ന് അതോർക്കുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ആ വാക്കുകൾ ഇടി മുഴക്കം പോലെ എന്റെ മനസ്സിൽ മുഴങ്ങിക്കേൾക്കുകയാണ്. ഗരുഡൻ ഒന്നുപറഞ്ഞാൽ അതു ചെയ്യുന്നവനാണ്. ഒരു കാര്യം തീരുമാനിച്ചാൽ ഗരുഡൻ അതിൽനിന്നും പിന്മാറുകയില്ല. ഈ സാഹചര്യത്തിൽ ഞാൻ എങ്ങനെയാണ് വിവാഹത്തിനു സമ്മതം മൂളുക. ആര്യകന്റെ വാക്കുകൾ മാതലിയുടെയും നാരദന്റെയും മനസ്സിൽ ദുഃഖത്തിന്റെ കരിനിഴൽ വിരിച്ചു. എങ്കിലും ഒരു പരിഹാരമെന്ന നിലയ്ക്ക് മാതലി പറഞ്ഞു: "ഇക്കാര്യങ്ങൾ ഉടനെ ഇന്ദ്രനെ അറിയിക്കുന്നുണ്ട്. ഗരുഡനെ തടുക്കാനും, സുമുഖന്റെ ആയുസ്സ് നീട്ടാനും ഇന്ദ്രനുകഴിയും. അങ്ങനെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം."

താമസിയാതെ, സുമുഖനെയും കൂട്ടി അവർ ഇന്ദ്രനെ ചെന്നു കണ്ടു. അവർ ഇന്ദ്രലോകത്ത് എത്തുമ്പോൾ മഹാവിഷ്ണുവും അവിടെ ഉണ്ടായിരുന്നു. നടന്നതെല്ലാം മാതലി വിശദമാക്കി. ഇന്ദ്രൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം സുമുഖന് ആയുസ്സിനുള്ള വരവും നൽകി. അമൃതു ദാനം ചെയ്യാതെ തന്നെ ഇന്ദ്രൻ സുമുഖനെ ദേവതുല്യനാക്കി. അതോടെ സുമുഖൻ ഒന്നുകൂടി സുമുഖനായിത്തീർന്നു. കൂടാതെ ഗുണകേശിയും സുമുഖനുമായുള്ള വിവാഹം നടന്നു. കഥകളൊക്കെ ഗരുഡൻ അറിഞ്ഞു. ഇന്ദ്രൻ സർപ്പത്തിന് ആയുസ്സ് നീട്ടിക്കൊടുത്തുപോലും! അവൻ പ്രകോപിതനായി. ഗരുഡൻ ദേവലോകത്തേക്കു പറന്നു. അവന്റെ ചിറകിന്റെ കാറ്റു കൊണ്ട് മൂന്നു ലോകവും പ്രകമ്പനം കൊണ്ടു. ജ്വലിക്കുന്ന കോപത്തോടെ അവൻ ഇന്ദ്രസന്നിധിയിലെത്തി. ഗരുഡൻ പൊട്ടിത്തെറിച്ചു. "എന്നോടുപോലും ആലോചിക്കാതെ എന്റെ തീറ്റമുടക്കാൻ കാരണമെന്താണ്? എന്റെ ഇച്ഛ അനുസരിച്ച് സർപ്പങ്ങളെ പിടിച്ചുതിന്നാനുള്ള വരം അങ്ങ് എനിക്കു തന്നിട്ടുള്ളത് മറന്നുപോയോ? ഒരു വരം ഒരിക്കൽ തന്നിട്ട് പിന്നെ അത് പിൻവലിക്കുന്നത് ശരിയാണോ? എന്റെ ആഹാരം തടുക്കുവാൻ അങ്ങയ്ക്ക് ആരാണ് അധികാരം തന്നത്. ഞാൻ ഭക്ഷണമാക്കാൻ നിശ്ചയിച്ച് ഉറപ്പിച്ചുവച്ച സർപ്പമല്ലാതെ മറ്റൊരുവനെ പിടിച്ച് തിന്നേണ്ടി വരുന്ന ഗതികേട് എനിക്ക് ഉണ്ടാകരുത്.'' ഗരുഡന്റെ തീ പാറുന്ന വാക്കുകൾ കേട്ട് ഇന്ദ്രനും മഹാവിഷ്ണുവും ഇവൻ എത്രത്തോളം വരുമെന്ന് അറിയണമല്ലോ എന്നമട്ടിൽ ഒന്നും മിണ്ടാതെ ഇരുന്നു. ഗരുഡൻ വാഗ്ധോരണി തുടർന്നു. “ഞാനും എന്റെ സന്തതിപരമ്പരകളും പട്ടിണികിടന്ന് ചത്തോളാം. അപ്പോൾ അങ്ങക്ക് സന്തോഷമാകുമല്ലോ. എന്നാലും അവനെ അല്ലാതെ മറ്റാരെയും ഞാൻ ഭക്ഷിക്കുകയില്ല.

''എന്റെ ശക്തി നിങ്ങൾക്കറിയാമോ? ഈ ലോകം മുഴുവൻ എന്റെ ചിറകിൽ ചുമക്കാൻ എനിക്കു കഴിയും. വേണ്ടി വന്നാൽ ഈ പ്രപഞ്ചത്തെ മുഴുവൻ എന്റെ ചിറകിലേറ്റി ഞാൻ തോന്നിയിടത്തേക്കു പറന്നു പോകും. എല്ലാവരേക്കാളും ബലം എനിക്കുണ്ട്. എന്റെ ബലത്തെക്കുറിച്ച് ശക്തിയെക്കുറിച്ച്, നിങ്ങൾക്ക് ഒന്നുമറിഞ്ഞുകൂടാ! ബലവാനെന്നു ധരിക്കുന്ന നിങ്ങളെ എന്റെ ഒറ്റച്ചിറകിൽ വച്ച് പറക്കാൻ എനിക്കു കഴിയും.'' ഇന്ദ്രനെയും വിഷ്ണുവിനെയും ഏറെ അപമാനിക്കുന്ന രീതിയിലുള്ള ഗരുഡന്റെ സംഭാഷണം തുടർന്നു. തന്റെ ബലത്തെക്കുറിച്ചായിരുന്നു ഗരുഡന്റെ വീമ്പുപറച്ചിൽ. ബലപരീക്ഷണത്തിനായി അവൻ എല്ലാവരെയും വെല്ലുവിളിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ വിഷ്ണു ചോദിച്ചു; “എടോ ഗരുഡാ, ദുർബലനായ നീ ബലവാനാണെന്ന് സ്വയം വീമ്പിളക്കുന്നു. ഇത്രയും ആത്മപ്രശംസവേണ്ട. ബലവാനും വീരനും ആയ നീ എന്റെ ഈ വലം കൈ ഒന്ന് പൊക്കുക. അതിനു നിനക്ക് കഴിഞ്ഞാൽ നിന്റെ ശക്തിയെ ഞാൻ അംഗീകരിക്കാം.'' ഗരുഡൻ വിഷ്ണുവിന്റെ വെല്ലുവിളി സ്വീകരിച്ചു. മഹാവിഷ്ണു തന്റെ വലംകൈ ഗരുഡന്റെ ചുമലിൽ പതുക്കെ വച്ചു. ഓ എന്തൊരു ഭാരം! ഈ പ്രപഞ്ചത്തിന്റെ ഭാരം മുഴുവനും ആ കൈക്കുണ്ട്. ആ ഭാരം താങ്ങാനാവാതെ ഗരുഡൻ ക്ഷീണിതനായി താഴെ വീണു. വായ് തുറന്ന്, ശരീരം തളർന്ന് ഗരുഡൻ കിടന്നു. വിഷ്ണുവിന്റെ കൈയുടെ ഭാരം സഹിക്കവയ്യാതെ ഗരുഡന്റെ തൂവലുകൾ കൊഴിഞ്ഞുവീണു. അതോടെ താൻ ഈ ലോകത്തെ ഏറ്റവും വലിയ ബലവാനാണെന്ന ഭാവം ഗരുഡൻ ഉപേക്ഷിച്ചു. തനിക്കു തെറ്റുപറ്റിയിരിക്കുന്നു. തന്നേക്കാൾ ശക്തന്മാർ ഈ ലോകത്ത് വേറേ ഉണ്ട്. ഗരുഡൻ മഹാവിഷ്ണുവിനോട് മാപ്പപേക്ഷിച്ചു. ഭഗവാൻ തന്റെ കാലിലെ പെരുവിരൽകൊണ്ട് സുമുഖനെ തോണ്ടിയെടുത്ത് ഗരുഡന്റെ ദേഹത്തേക്കിട്ടു. അന്നു മുതൽ ഗരുഡൻ ആ സർപ്പത്തോടൊപ്പം ജീവിച്ചുപോന്നു.

No comments:

Post a Comment