കമ്പരാമായണം കഥ
അദ്ധ്യായം :-10
ബാലകാണ്ഡം തുടർച്ച...
മിഥിലായാത്ര
വിശ്വാമിത്ര മഹർഷിയുടെ യജ്ഞം നിർവിഘ്നമായി പര്യവസാനിച്ച ശേഷം രാമലക്ഷ്മണ വിശ്വാമിത്രന്മാർ വിദേഹരാജ്യത്തേക്ക് പുറപ്പെട്ടു. ദീർഘദൂര യാത്രയ്ക്കിടയിൽ വിശ്വാമിത്രൻ പല പുരാതന കഥകൾ കുമാരന്മാർക്ക് പറഞ്ഞുകൊടുത്തു. യാത്രയ്ക്കിടയിൽ അവർ ഒരു ഒരു മഹാപുഷ്പവനം കണ്ടു വിശ്വാമിത്രൻ ആ മഹാപുഷ്പവനത്തിന്റെ കഥ ആരംഭിച്ചു
പണ്ടൊരിക്കൽ ഒരു വിദ്യാധരനാരി വൈകുണ്ഠത്തിൽ പോയി ഭഗവാനേ സ്തുതിച്ചു പ്രാർത്ഥിച്ചു. പ്രസന്നനായ ഭഗവാൻ ചുറ്റിവളഞ്ഞ് ധരിച്ചിരുന്ന ദിവ്യമായ മാല ആ വിദ്യാധരിക്ക് കൊടുത്തു . ആ വിദ്യാധരി വഴിക്ക് വച്ച് കണ്ട ദുർവാസാവിന് ആ മാല സമ്മാനിച്ചു. ദുർവാസാവ് ഇത് ആർക്ക് നൽകാൻ എന്ന് ചിന്തിച്ചു. ബ്രഹ്മാവ് അരസികൻ ആണെന്നും വിഷ്ണു നിത്യനിദ്രനാണെന്നും ശിവൻ മാല പകുത്ത് പാർവതിക്ക് കൊടുത്തേക്കാം എന്ന് കരുതി ഇന്ദ്രന് നൽകാൻ തീരുമാനിച്ചു. സങ്കൽപ്പിച്ച മാത്രയിൽ തന്നെ ഇന്ദ്രൻ അവിടെ എത്തുകയും ദുർവാസാവ് പുഷ്പമാല സമ്മാനിക്കുകയും ചെയ്തു . ദേവേന്ദ്രൻ മാല വാങ്ങി ആനയുടെ മസ്തകപുറത്ത് വെച്ചു. പരിമളബഹുളത നിമിത്തം വണ്ടുകൾ വന്ന് ആനയുടെ ശരീരഭാഗം മുഴുവൻ മൂടി. അസഹ്യതയോടെ ഗജേന്ദ്രൻ തുമ്പിക്കൈ കൊണ്ട് മാല വലിച്ചെടുത്തു പൊട്ടിച്ച് നിലത്തിട്ട് ചവിട്ടിത്തേച്ചു കളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവലോകത്തെ സകല സമ്പത്തും പാലാഴിയിൽ വീണു താണു പോകട്ടെ എന്നും ദേവഗണത്തിന് ജരാനരകൾ ഭവിക്കട്ടെ എന്ന് ശപിച്ചു. ശാപമോഷം അപേക്ഷിച്ച ഇന്ദ്രനോട് പാലാഴി കടഞ്ഞാൽ വിശിഷ്ടവസ്തുക്കളെല്ലാം കിട്ടുമെന്നും പാലമൃത് കുടിച്ചാൽ ജരാനരകൾ മാറുമെന്നും അനുഗ്രഹിച്ചു. ഇത് പ്രകാരം ഇന്ദ്രനും ത്രിമൂർത്തികളും ദേവാസുരന്മാരും യോജിച്ച് പാലാഴിമഥനം നടത്തി. മദനാരംഭത്തിൽ അതിന് ഉപയോഗപ്പെടുത്തിയ മന്ദരഗിരി താഴ്ന്നു പോയപ്പോൾ വിഷ്ണു കൂർമ്മമായി അവതരിച്ചു ആ പർവ്വതത്തെ ഉയർത്തി. പാലാഴിമഥനത്തിൽ പഴയതും പുതിയതുമായ ദിവ്യ വസ്തുക്കൾ പലതും പ്രത്യക്ഷപ്പെട്ടു . അവസാനം അമൃതും പ്രത്യക്ഷമായി. അസുരന്മാർ അമൃത് കൈക്കലാക്കി കടന്നുകളഞ്ഞു. അത് മനസ്സിലാക്കിയ മഹാവിഷ്ണു മോഹിനി രൂപം ധരിച്ച് വഞ്ചിച്ച്. അമൃത് തട്ടിക്കൊണ്ട് തിരിച്ചുവന്നു ദേവന്മാർക്ക് കൊടുത്തു. ദേവഗണം അമൃത് ഭക്ഷിച്ച് ശാപമുക്തരായി തീർന്നു. ഇതറിഞ്ഞ അസുരന്മാർ ദേവന്മാരെ ആക്രമിക്കാൻ എത്തി. ദേവന്മാർ മഹാവിഷ്ണുവിനെ മുൻനിർത്തി ബലിയെയും സംഘത്തെയും തോൽപ്പിച്ചു
ഹരിയുടെ മോഹിനി രൂപം കണ്ട് മയങ്ങിയ ഹരനിൽ നിന്നും വൈഷ്ണവരൗദ്രശക്തികൾ ഒരുപോലെ ഒത്തരുളുന്ന ശാസ്താവ് ഈ പുഷ്പവനത്തിലാണ് അവതരിച്ചത്. വംശവിച്ഛേദത്താൽ ദുഃഖിതയായ ദിതി തപസ്സു ചെയ്തതും വീണാവാണിയായ വിദ്യാധരമണി ഒടുവിൽ വന്നു സ്ഥിരതാമസമാക്കിയതും ഇവിടെ തന്നെയാണ് . ഇതിന് അടുത്ത ശരവണം എന്ന ഒരു പുണ്യസ്ഥലം ഉണ്ട്. വായുഭഗവാനും ഗംഗാദേവിയ്ക്കും താങ്ങാൻ കഴിവില്ലാതിരുന്ന ശിവരേതസ്സ് തങ്ങി നിന്ന് സുബ്രഹ്മണ്യൻ ജനിച്ചത് ഇവിടെയാണ്
അടുത്ത ദിവസം അവർ ഗംഗാ തീരത്തെത്തി പാവനമായ ഭാഗീരഥിയുടെ കഥ പറയാൻ തുടങ്ങി വിശ്വാമിത്രൻ. സൂര്യവംശത്തിലെ ഒരു പൂർവ്വ പിതാമഹൻ, സൂര്യകുലാലങ്കാരവുമായ സഗരൻ എന്ന രാജശ്രേഷ്ഠൻ പണ്ട് അയോധ്യ ഭരിച്ചിരുന്നു. അദ്ദേഹത്തിന് പ്രഥമ ഭാര്യയിൽ അസ്മഞ്ജൻ എന്നൊരു പുത്രനും മറ്റ് ഭാര്യമാരിൽ വളരെ വളരെ പുത്രന്മാരും ജനിച്ചു. അസ്മഞ്ജന് അംശുമാൻ എന്നൊരു കൊച്ചുമകനും ഉണ്ടായി. സഗരൻ തൻറെ നൂറ്റിയൊന്നാമത്തെ യാഗം അനുഷ്ഠിക്കുന്ന സമയത്ത് യാഗാശ്വത്തെ ഇന്ദ്രൻ അപഹരിച്ച് പാതാളത്തിൽ കൊണ്ടുപോയി നിത്യനിഷ്ഠയോടെ തപസ്സ് ചെയ്തുകൊണ്ടിരുന്ന കപിലമഹർഷിയുടെ പിൻഭാഗത്ത് കെട്ടിയിട്ടു. കുതിരയെ തേടി നടന്ന സഗരപുത്രന്മാർ ഭൂമിയിലെങ്ങും കാണാഞ്ഞ് ഭൂമി കുഴിച്ച് പാതാളത്തിൽ ചെന്നുചേർന്നു . അവിടെ കുതിരയെയും അടുത്തുതന്നെ മൗനം പൂണ്ടു നിൽക്കുന്ന താപസ്സനെയും അവർ കണ്ടു . അവർ മഹർഷിയെ പിടികൂടി. മഹർഷി കണ്ണ് ഒന്ന് അല്പം തുറന്നു. മഹർഷിയുടെ കോപത്തിൽ സഗരപുത്രന്മാർ ഭസ്മമായി തീർന്നു. സഗരൻ അംശുമാനെ പാതാളത്തിലേക്ക് അയച്ചു. അവിടെയെത്തിയ ആ യുവാവ് പിതൃജനങ്ങളുടെ അവശിഷ്ട ഭസ്മം ആണ് കണ്ടത്. സന്തപ്തനായ രാജകുമാരന്റെ ക്ഷമാപണത്തോടെ സന്തുഷ്ടനായ കപിലൻ കുതിരയെ അഴിച്ചുകൊണ്ട് പൊയ്ക്കൊള്ളാൻ സമ്മതിച്ചു. സഗരൻ യാഗം പൂർത്തിയാക്കി. സഗരപുത്രന്മാർ കുഴിപ്പിച്ച ഭൂവിഭാഗങ്ങൾ ഭൂജലം നിറഞ്ഞ് സാഗരം എന്ന പേരിലറിയപ്പെട്ടു.
പിൽക്കാലത്ത് സഗരന്റെ പരമ്പരയിൽ നിന്ന് ഒരു മഹാൻ ജനിച്ചു . കപിലകോപാഗ്നിയിൽ ഭസ്മമായി തീർന്ന മുക്തി ലഭിക്കാതെ കിടക്കുന്ന വംശപിതാക്കന്മാരെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്നതിനുള്ള മാർഗത്തെക്കുറിച്ചും രാജഗുരുവിനോട് ആലോചന നടത്തി. ആകാശഗംഗയെ ഭൂമി മാർഗമായി പാതാളത്തിൽ കൊണ്ടുചെന്ന് ചിതാഭസ്മത്തിൽ കൂടി ഒഴുക്കിയല്ലാതെ അപമൃത്യു സംഭവിച്ച പിതൃക്കൾക്ക് മോക്ഷം ഉണ്ടാവുകയില്ലെന്ന് വസിഷ്ഠൻ പ്രസ്താവിച്ചു. ഭഗീരഥൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ബ്രഹ്മദേവൻ പറഞ്ഞു ഗംഗയെ തൃപ്തിപ്പെടുത്തണം . ഗംഗയുടെ പതനം ഭൂമി താങ്ങില്ല എന്നും അതിന് ശിവനെ പ്രത്യക്ഷപ്പെടുത്തണമെന്നും ബ്രഹ്മാവ് ഉപദേശിച്ചു. രാജാവ് ജലപർണ്ണാദനായിരുന്ന ശിവനെ തപസ്സാരംഭിച്ചു. പ്രത്യക്ഷനായ ശിവൻ ഗംഗാധാരണം സമ്മതിച്ചു . ഭഗീരഥൻ പിന്നീട് ഗംഗയെ തപസ്സുചെയ്തു. തന്നെ താങ്ങുമോ എന്ന അഹങ്കാരത്തോടെ ഗംഗാ ആകാശത്തു നിന്നും ചാടി. ആ ഗോരതരംഗിണീസലിലം മുഴുവൻ ഇംഗിതജ്ഞനായ ശിവൻറെ ജഡയ്ക്ക് ഉള്ളിൽ ലഘുവായ ഒരു മഞ്ഞുതുള്ളി പോലെ അടങ്ങി കൊളളാനേ ഉണ്ടായിരുന്നുളളൂ. ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്തു. ശിവൻ ഗംഗാജലം വിട്ടുകൊടുത്തു. ഭഗീരഥനെ അനുഗമിച്ച ഗംഗാനദി ജഹ്നുവിന്റെ തപോവാടവും ജഹ്നുവിനെ തന്നെയും മുക്കിക്കളയാൻ തുടങ്ങി. ജഹ്നു അരകവിൾ വെള്ളം എന്നപോലെ ഗംഗയെ കുടിച്ചു കളഞ്ഞു. ഭഗീരഥൻ ജഹ്നുവിനെ പ്രസാദിപ്പിക്കാൻ തപസ്സനുഷ്ഠിച്ചു. അനുകമ്പാകുലനായ ജഹ്നു പൂർവാധികം പുഷ്ടിയോടെ ശുദ്ധിയോടും കൂടി കർണ്ണമാർഗ്ഗേണ ഗംഗയെ പുറത്തേക്കു വിട്ടു. ദുർഗ്ഗമങ്ങളായ മഹാഗർത്തങ്ങൾ കടന്ന് ഗംഗ പാതാളത്തിലെത്തിച്ചേർന്നു. സഗരപുത്രന്മാരുടെ ചിതാഭസ്മത്തിൽ കൂടി മന്ദമന്ദം ആയി ഒഴുകി. സഗരപുത്രന്മാരുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ ചെന്നുചേർന്നു. ഇങ്ങനെ ഭഗീരഥന്റെ ദുഷ്കരമായ പ്രയത്നംകൊണ്ട് ഭൂമിയിലെത്തിയ ഗംഗ ഭാഗീരഥി എന്ന് അറിയപ്പെട്ടു. ഭഗീരഥന്റെ തീവ്രപ്രയത്നത്തെ ഭഗീരഥപ്രയത്നം എന്ന ശൈലിയിലും അറിയപ്പെട്ടു.
തുടരും .....
No comments:
Post a Comment