ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-27

കമ്പരാമായണം കഥ

അദ്ധ്യായം :-27

സുന്ദരകാണ്ഡം

ശ്രീഹനുമാൻ മഹേന്ദ്രമെന്ന മഹാഗിരിയുടെ മഹോന്നതതലത്തിൽ നിന്നും ലങ്കയെ ലക്ഷ്യമാക്കി ദക്ഷിണദിക്കിലേക്ക് കുതിച്ചുചാടിയുയർന്ന് അപാരമായ പാരാവാരത്തിന്റെ ഉപരിഭാഗത്തുളള അന്തരീക്ഷപരപ്പിൽക്കൂടി കൈകളുംകാലുകളും  പരത്തി,  തലയും വാലും ഉയർത്തി, കണ്ണും കരളും വിടർത്തി പക്ഷീന്ദ്രവേഗത്തിൽ മുന്നോട്ട് സഞ്ചരിച്ചു. കുറേ ദൂരം എത്തിയപ്പോൾ ഹനുമാനുമുന്നിൽ ഒരു ഭീകര സ്ത്രീ പ്രത്യക്ഷപ്പെട്ട്  ഈ പ്രദേശത്തുകൂടി യാത്ര ചെയ്യുന്നവർ തന്റെ ഭക്ഷണമാണെന്നു പറഞ്ഞു തടഞ്ഞു.  താൻ സ്വാമീ കാര്യാർത്ഥം പോവുകയാണെന്നും അത് സാധിച്ചതിന് ശേഷം ഇവിടെ എത്തി ആഹാരമായികൊളളാമെന്ന് ഹനുമാൻ പറഞ്ഞു. ആ സ്ത്രീസത്ത്വം അതിന് വഴങ്ങാതിരുന്നപ്പോൾ ഹനുമാൻ ആ രൂപത്തോട് വാ തുറക്കാൻ ആവശ്യപ്പെട്ടു.  ആ ഭീകരരൂപിണി മഹാഗഹ്വരം പോലെ വായ് തുറന്നു. ഹനുമാൻ അതിനേക്കാൾ വലുതാക്കി തന്റെ ശരീരം. അങ്ങനെയങ്ങനെ ആകാശത്തോളം വായ് വിശാലമാക്കി ആ ഭീകരരൂപിണി. അപ്പോൾ ഹനുമാൻ സ്വരൂപം കൃശമാക്കി , വായിൽക്കൂടി അകത്തുകടന്ന് ചെവിയിൽകൂടി പുറത്ത് വന്നു.  ശേഷം ഇപ്രകാരം പറഞ്ഞു മാതാ അവിടുന്നു എന്റെ ജനനിയായിത്തീർന്നു. അങ്ങയുടെ മകനെ അനുഗ്രഹിച്ച് പോകാൻ അനുവദിക്കുക.

ആ സ്ത്രീ രൂപം പറഞ്ഞു.  മകനേ ഞാൻ നാഗമാതാവായ സുരസയാണ്. ശ്രീരാമദേവ കാര്യാർത്ഥം പോകുന്ന നിന്റെ വീര്യം പരീക്ഷിച്ചു വരാൻ ദേവന്മാർ അയച്ചതാണ് എന്നെ. ബുദ്ധിമാനായ നീ വിജയിച്ചു വരൂ. ഞാൻ ദേവന്മാരെ വിവരം അറിയിക്കട്ടേ.

വീണ്ടും അവിടെ നിന്ന് യാത്ര തുടർന്ന ഹനുമാനെ ഒരു ദുർഭൂതം  നിഴൽക്കുത്ത് നടത്തി തടഞ്ഞുനിർത്തി . മാരുതി ഇടതു കാൽ കൊണ്ട് ആ ചായാഗ്രഹണിയെ ഒറ്റചവിട്ടാൽ വധിച്ചു.  ശേഷം  മുന്നോട്ടു കുതിച്ചു.  അനന്തരം മൈനാകപർവ്വതം പൊങ്ങിവന്ന് ആതിഥ്യമരുളി.   വിനീതമായി ആ അഭ്യർത്ഥന നിരസിച്ച ഹനുമാൻ വീണ്ടും ദക്ഷിണായനം ഒന്നുകൂടി സത്വരമാക്കി.

സന്ധ്യാസമയമായപ്പോൾ ഹനുമാൻ ലങ്കാനഗരിയിലെത്തി.  യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും ലങ്കാനഗരിയിലേക്ക് പ്രവേശിക്കാൻ മാർഗ്ഗം ആരാഞ്ഞു.  കൃതശ്രദ്ധയുള്ളവർ വിശ്രമത്തിൽ വിമുഖരായിരിക്കും.  സുവേലഗിരിയുടെ ഉത്തരപാർശ്വത്തിൽ ലങ്കാനഗരിയുടെ പ്രധാന ഗോപുരം ഉയർന്ന ശോഭിക്കുന്നതു കണ്ടു.   ഗോപുരകവാടത്തിൽ ചെന്ന ഹനുമാൻ  അത് കൈ ചുരുട്ടി ബലമായി ഒന്നടിച്ചു.   കതക് രണ്ടായി പിളർന്ന് മറിഞ്ഞ് അകത്തേക്ക് വീണു.  അപ്പോൾ വാതിൽ നിറഞ്ഞ് ഒരു ഭീമസ്ത്രീരൂപം പുറത്തേക്ക് ചാടി ഇറങ്ങി. രാത്രി വാതിൽ പൊളിച്ച് അകത്ത് കയറുന്ന പെരുംകള്ളൻ ആര് എന്ന് ചോദിച്ചു ഹനുമാനെ അടിക്കാൻ കയ്യോങ്ങി . സ്ത്രീയെ കണ്ടിട്ട്  അഞ്ജനാത്മജൻ തൻറെ ഇടതുകൈകൊണ്ട് ആ വാമാംഗിയുടെ വലത്തേക്കപോലത്തിൽ  ഒരടി വെച്ചുകൊടുത്തു. മറിഞ്ഞു വീഴ്ന്ന അവളെ ഹനുമാൻ അനുഭാവപൂർവ്വം പിടിച്ചെഴുന്നേൽപ്പിച്ചു.  ആ മഹാവീരന്റെ വാമകരം പിടിച്ചു ചുംബിച്ചശേഷം അവൾ വിനയപുരസരം  കൈകൂപ്പി നിന്നു.  അതു ലങ്കയിലെ പ്രധാനഗോപുരപാലിക ലങ്കാലക്ഷ്മിയായിരുന്നു.

ലങ്കാലക്ഷ്മി ചോദിച്ചു  അവിടുന്ന് ആരാണ്?  ഇവിടെ വന്നതെന്തിന്?  ഹനുമാൻ പറഞ്ഞു.  ഞാൻ ശ്രീരാമദേവദൂതനായ ഹനുമാനാണ് . ദേവപത്നിയായ സീതാദേവിയെ അന്വേഷിച്ച് ഇവിടെ എത്തിയതാണ്. ദേവിയെ കുറിച്ചും ഭവതിയെ പറ്റിയും ലങ്കയെ കുറിച്ചുമുളള  വിവരം എന്നോട് പറയുക .സ്ത്രീതാഡനം അനുചിതമാണ്.  ഞാൻ ചെയ്ത സാഹസത്തിന് ക്ഷമിക്കുക.

ലങ്കാലക്ഷ്മി പറഞ്ഞു സീതാദേവി രാവണൻറെ അന്തപുരത്തിനടുത്തുള്ള അശോകഉദ്യാനത്തിലുണ്ട്.  ഇവിടം കടന്ന് നേരെ തെക്കോട്ട് ചെന്നാൽ രാവണരാജധാനി കാണാം. അതിന്റെ  അല്പം വടക്ക് മാറി അന്തഃപുരം.  അന്തഃപുരത്തിന്റെ  പിൻഭാഗത്ത് അശോകോദ്യാനം .  എല്ലാഭാഗങ്ങളിലും ഉറപ്പേറിയ മതിൽക്കെട്ടുകളും കാവൽ പട്ടാളവുമുണ്ട്.  പട്ടാളങ്ങളെ ഉറക്കുന്നതിന് ഒരു നിദ്രാമന്ത്രം ഞാൻ ഉപദേശിച്ചു തരാം.

ഞാൻ അഷ്ടലക്ഷ്മികളിൽ വിജയലക്ഷ്മിയാണ്.  ബ്രഹ്മദേവന്റെ ഭണ്ഡാരപാലികയായിരുന്നു.  കോശസംരക്ഷണത്തിൽ അശ്രദ്ധകാണിച്ചതു മൂലം "നീ പോയി രാവണന്റെ ഗോപുരം കാത്തു വാണുകൊള്ളുക" എന്ന്  നാന്മുഖൻ ശിക്ഷിച്ചു.  ഞാൻ  വിമോചനയാചനം ചെയ്തപ്പോൾ "രാമാവതാരകാലത്ത് രാവണാപഹൃതയായിത്തീരുന്ന രാമപത്നിയെത്തിരക്കി ഹനുമാനെന്നൊരു വീരവാനരൻ ലങ്കയിൽ  എത്തും.   അവനെ തടയുന്ന നിന്നെ അവൻ അടിച്ചുവീഴ്ത്തും.  അന്ന് നീ ശാപവിമുക്തിയായിത്തീരും. " ഉടനെ ഇങ്ങോട്ട് പോന്നു കൊള്ളാമെന്ന് വരവും നൽകി.

ലങ്കയെ കുറിച്ച് വിവരിക്കാൻ എനിക്ക് അസാധ്യമാണ്. ദേവീദർശനാനന്തരം നീ തന്നെ ചുറ്റിനടന്നു കണ്ട് ,  നേരിട്ട് കണ്ട് അറിഞ്ഞവയെ രാമദേവനെ വർണ്ണിച്ചുകേൾപ്പിക്കുക.  ലങ്കാലക്ഷ്മി ഹനുമാനോട് യാത്രപറഞ്ഞ് ലങ്ക വെടിഞ്ഞ് ശ്രീരാമന് വന്ദിച്ച്  സീതാവൃത്താന്തവും  ഹനുമൽ കഥയും ലങ്കാ സ്ഥിതിയും വിവരിച്ച്, രാമനോട് അനുവാദം വാങ്ങി സത്യലോകത്തിൽ എത്തി.

തുടരും .....

No comments:

Post a Comment