ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 July 2018

പടിയാറും കടന്ന് അകമേ ചെന്നപ്പോള്‍

പടിയാറും കടന്ന് അകമേ ചെന്നപ്പോള്‍

സനത്കുമാരാദി മഹര്‍ഷിമാര്‍ക്ക് വൈകുണ്ഠത്തില്‍ ഏതു സമയത്തും കടന്നുചെല്ലാന്‍ തടസ്സമൊന്നും ഉണ്ടാകാറില്ല. സര്‍വസംഗ പരിത്യാഗികളായവര്‍ക്ക് ഒരു തടസ്സവും ബാധകമാവുക പതിവില്ല. ആശകളും താല്‍പര്യങ്ങളും ഉള്ളവര്‍ക്കാണല്ലോ വ്യക്തിതാല്‍പര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശയും കുണ്ഠിതങ്ങളും ഉണ്ടാവുക. അതിനാല്‍ ആശകളോ അഹങ്കാരമോ ഇല്ലാത്തവര്‍ക്കുള്ളതാണല്ലോ വൈകുണ്ഠം.

സനത് കുമാരാദികള്‍ക്ക് ജീവിതത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. ഹരികഥകള്‍ പാടി നടക്കുക. ദേഹാഭിമാനമില്ലാതെ, മാരന്റെ കുതന്ത്രങ്ങളൊന്നും തളര്‍ത്താത്ത കുമാരന്മാരാണ് അവര്‍. വൃദ്ധന്മാരാണെങ്കിലും എന്നും ബാല്യം വിട്ടുമാറാത്തവര്‍.

അല്ലെങ്കിലും പ്രായം ശരീരത്തിനല്ലേ. നിത്യനായ ആത്മാവിന് എന്തു പ്രായവ്യത്യാസം. ദേഹബോധമില്ലാത്തതിനാല്‍ ഈ ബാലന്മാര്‍ വസ്ത്രധാരണവും പതിവില്ല. ലജ്ജ ബാധിക്കുന്നില്ലെങ്കില്‍ വസ്ത്രത്തിന്റെ മറവ് ആവശ്യമില്ലല്ലോ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാകയാല്‍ ശീതാതപങ്ങളും അവരെ ബാധിക്കുന്നില്ല.

വൈകുണ്ഠത്തിന് ഏഴു കവാടങ്ങളുണ്ട്. ഷഡാധാര ചക്രങ്ങള്‍ പോലുള്ള ആറുകവാടങ്ങളെയും യാതൊരു തടസ്സവും കൂടാതെതന്നെ സനത് കുമാരാദികള്‍ കടന്നുവന്നു. അവിടെയെല്ലാം പലവിധ ആകര്‍ഷക വസ്തുക്കളും ഉണ്ടെങ്കിലും ലക്ഷ്യബോധമുള്ള യോഗിസിദ്ധികളെ അവഗണിക്കുന്നതുപോലെതന്നെ. ഷഡാധാര ചക്രങ്ങളും തരണം ചെയ്ത കുണ്ഡലിനീ ശക്തി സഹസ്രദള പത്മത്തിലേക്കു കടക്കുന്നതില്‍ തടസ്സങ്ങള്‍.

ഏഴാം കവാടത്തിനരികില്‍ വിഷ്ണുരൂപികളായിനിന്നിരുന്ന ദ്വാരപാലകന്മാര്‍ക്ക് അല്‍പം മനശ്ചാഞ്ചല്യം. ദുര്‍വികാരങ്ങളൊന്നുമില്ലാത്ത വൈകുണ്ഠത്തിനു യോജിക്കാത്ത ക്ഷോഭം. അവര്‍ക്ക് ഈ കുമാരന്മാരുടെ വരവ് അത്ര പിടിച്ചില്ല. ദിഗംബരന്മാരായ കുമാരാദികളെ പീതാംബരധാരികളായ ഈ ക്ഷേത്രപാലന്മാരുടെ നടപടിയില്‍ ശാന്തശീലരായ സനത്കുമാരാദികള്‍ക്കും മനശ്ചാഞ്ചല്യം തോന്നി.

ശാന്തമായ അന്തരീക്ഷത്തില്‍ പരസ്പര ക്ഷോഭം. വൈകുണ്ഠത്തിനു ചേരാത്ത അന്തരീക്ഷം സൃഷ്ടിച്ച ജയവിജയന്മാരെ കുറച്ചുനേരത്തേക്കെങ്കിലും പുറത്താക്കണമെന്ന് സനത്കുമാരാദികള്‍ നിശ്ചയിച്ചു. അവര്‍ സംസാര സാഗരത്തില്‍ കിടന്ന് ഉഴലട്ടെ എന്ന് കുമാരാദികള്‍ ശപിച്ചു.

പെട്ടെന്നു തന്നെ സനത് കുമാരാദികള്‍ മനസ്സിനെ നിയന്ത്രിച്ചു. ഇത്തിരി കൂടിപ്പോയില്ലേ എന്ന് അവര്‍ക്കു തന്നെ സംശയം. വിഷ്ണുലോകത്ത് വന്ന് വിഷ്ണുവിന്റെ ദ്വാരപാലകന്മാരെ അവഹേളിക്കുന്നതും അവരോടു കോപിക്കുന്നതും വിഷ്ണുവിനെ ധിക്കരിക്കലല്ലേ. ഭഗവാന്റെ അധികാരത്തിലല്ലേ കൈകടത്തിയിരിക്കുന്നത്. കാര്യം വിഷ്ണുവിനെ ദര്‍ശിക്കാനുള്ള തിടുക്കത്തില്‍ ഈ ദ്വാരപാലകന്മാരെ നാം തന്നെ അവഗണിച്ചതല്ലേ പ്രശ്‌നകാരണമെന്ന് ദുഃഖവും തോന്നി. കുണ്ഠതകളുടെ തുടക്കം.

സര്‍വജ്ഞാനിയായ ഭഗവാന്‍ ഉടന്‍തന്നെ സനകാദികളുടെ മുന്നില്‍പ്രത്യക്ഷപ്പെട്ടു. ദിവ്യന്മാരായ കുമാരാദികളെ തടഞ്ഞതിലെ തെറ്റുകള്‍ മനസ്സിലാക്കി അവരോടു മാപ്പു പറയാന്‍ ജയവിജയന്മാര്‍ക്കും ഭഗവാന്‍ അവസരമൊരുക്കി.

തങ്ങള്‍ക്കും തെറ്റുപറ്റിയെന്ന ചിന്തയിലും സനത് കുമാരാദികള്‍ ഭഗവാനെ കണ്ട സന്തോഷത്തില്‍ ഒരു നിമിഷം എല്ലാം മറന്ന് ആനന്ദിച്ചു.

ഹനുമാന്‍ കഥക്കള്‍

ഹനുമാന്‍ കഥക്കള്‍

നാരദന്റെ ചിന്തയില്‍ താനാണ് സ്വര്‍ഗ്ഗ-പാതാള ലോകങ്ങളിലെ ഏറ്റവും വലിയ സംഗീതജ്ഞന്‍ എന്ന അഹങ്കാരം നിറഞ്ഞുനിന്നിരുന്നു. സദാ തന്റെ വീണയും മീട്ടി നാരായണ സ്തുതികള്‍ ആലപിച്ചുകൊണ്ടാണല്ലോ നാരദന്റെ യാത്ര. ഒരിക്കല്‍ നാരദനും ഹനുമാനും ഒരു പാറമേല്‍ ഇരുന്നു. നാരദ നിര്‍ദ്ദേശാനുസരണം ഹനുമാന്‍ ഒരു ശ്രീരാമസ്തുതി ഭക്തിപുരസ്സരം ആലപിച്ചതോടെ, പാറ അലിയുകയും നാരദന്റെ വീണയായ ''മഹതി'' അതില്‍ ഉറച്ചുപോവുകയുമുണ്ടായി. ഉറച്ച പാറയില്‍നിന്നും തന്റെ വീണയെ വീണ്ടെടുക്കുവാന്‍ നാരദന്‍ സംഗീതാലാപനം നടത്തിയെങ്കിലും പാറ ഉരുകുകയുണ്ടായില്ല. മര്‍ക്കടകുലത്തിനു സംഗീതം സാധാരണഗതിയില്‍ വശമല്ലായെന്നറിവുള്ള നാരദന്‍,തന്റെ അഹങ്കാരംകൊണ്ട് വാനരനായ ഹനുമാനെ കളിയാക്കുവാനാണ് സംഗീതാലാപനത്തിന് ക്ഷണിച്ചത്. അഹങ്കാരം നശിച്ച്, ജാള്യതയോടെ ഒരു ഗാനം കൂടി ആലപിക്കുവാന്‍ ഹനുമാനോട് വിനയത്തോടെ അപേക്ഷിക്കുകയും വീണ്ടും ആ ഗാനാലാപനത്തില്‍ പാറ ഉരുകിയപ്പോള്‍ തന്റെ വീണ വീണ്ടെടുക്കുകയുമുണ്ടായി. ലോകരക്ഷാര്‍ത്ഥം ബാല്യത്തില്‍ തന്നെ ഇത്രയേറെ അത്ഭുത കൃത്യങ്ങള്‍ നിര്‍വഹിച്ച മറ്റൊരു ദേവനുമില്ല. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായ ശ്രീകൃഷ്ണന്‍ അനേകം അസുരന്മാരെ വളരെ ചെറുപ്പം മുതല്‍ തന്നെ വധിച്ചിട്ടുണ്ടെങ്കിലും, അസുരശക്തി നിവാരണം ചെയ്യാനും, ലോക-നക്ഷത്ര-നവഗ്രഹ-ഭൂമി സംവിധാനങ്ങളെപ്പോലും സമസ്ത പ്രപഞ്ച നന്മയ്ക്കായി വ്യതിചലിപ്പിച്ച് സംരക്ഷിക്കുവാനും കഴിഞ്ഞിട്ടുള്ളത് മഹേശ്വരാംശമായ ഹനുമാന് മാത്രമാണ്. ത്രിമൂര്‍ത്തികളില്‍, ഭാര്യാപുത്ര സമേതനായി കുടുംബമുള്ളത് ശിവനുമാത്രമാണ്. ശിവാംശങ്ങളും ശിവപുത്രന്മാരുമായ, ഗണപതി, സുബ്രഹ്മണ്യന്‍,ധര്‍മ്മശാസ്താവ്, വീരഭദ്രന്‍, മാടന്‍ തമ്പുരാന്‍, ഭദ്രകാളി മുതലായ ദേവതകളൊക്കെയും ബാല്യകാലം മുതലേ ഉഗ്രമൂര്‍ത്തികളും, കഠോരമായ കലികല്‍മഷങ്ങളെ ഇല്ലാതാക്കുവാന്‍ പ്രാപ്തരുമാണ്.

തൃണബിന്ദു മഹര്‍ഷിയുടെ രൂപം

തൃണബിന്ദുരസ്സില്‍ തപസ്സനുഷ്ഠിച്ചുവന്ന തൃണബിന്ദു മഹര്‍ഷിയുടെ ശാപം ഹനുമാന് ഏല്‍ക്കേണ്ടതായി വന്നു. മഹര്‍ഷി തപസ്സു ചെയ്യുന്ന ആശ്രമപരിസരത്തെത്തിയ ഹനുമാന്‍, ഒരു സിംഹവും ആനയുമായി ആശ്രമകവാടത്തില്‍ കലഹത്തിലേര്‍പ്പെട്ടിരിക്കുന്നതായി കാണുകയുണ്ടായി. ഹനുമാന്‍ ശക്തമായ തന്റെ കരങ്ങള്‍ക്കൊണ്ട് ഈ രണ്ടു മൃഗങ്ങളേയും കവാടത്തിന്റെ ഇരുവശങ്ങളിലേക്കും തള്ളിമാറ്റിപ്പിടിച്ചപ്പോഴാണ്, ശബ്ദകോലാഹലം കേട്ട് തപസ്സു മുടങ്ങിയ മഹര്‍ഷി കോപിഷ്ഠനായി പുറത്തേക്ക് വന്നപ്പോള്‍ അലറുന്ന ആനയേയും സിംഹത്തേയും ഹനുമാനേയും കാണുന്നത്.ഹനുമാനാണ് തന്റെ തപസ്സ് മുടക്കിയതെന്ന തെറ്റിദ്ധാരണയില്‍, തന്റെ മഹാശക്തിയില്‍ അഹങ്കരിക്കുന്ന ''ഹനുമാന്‍ തന്റെ മഹാദ്ഭുത ശക്തികള്‍ മറന്നുപോകട്ടെ'' എന്ന് ശപിക്കുകയുണ്ടായി.യാഥാര്‍ത്ഥ്യം ബോധ്യമായപ്പോള്‍, ''നിന്റെ കുലത്തില്‍പ്പെട്ട ഒരാള്‍ തന്നെ നിന്റെ മഹാവീര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുമ്പോള്‍ മുതല്‍ മറന്നുപോയ ശക്തിവീര്യങ്ങള്‍ വീണ്ടും അനുഭവവേദ്യമാകു''മെന്ന്'' ശാപമോക്ഷവും നല്‍കി.സീതാന്വേഷണത്തിനായി സമുദ്രത്തിനു മീതേകൂടി ലങ്കയിലേക് ചാടുവാന്‍ അതീവ വിക്രമികളായ വാനരശ്രേഷ്ഠന്മാരില്‍ ആര്‍ക്കു കഴിയുമെന്നു ശങ്കിച്ചുനില്‍ക്കുമ്പോള്‍ ജാംബവാന്റെ ഓര്‍മ്മപ്പെടുത്തലില്‍ ഉണര്‍ന്നുവശായ ഹനുമാന്‍ ദൗത്യം ഏറ്റെടുക്കുകയും പ്രതീക്ഷിച്ചതില്‍ കവിഞ്ഞ പ്രാവീണ്യത്തോടെ നിര്‍വഹണം നടത്തുകയുമുണ്ടായി.രാമേശ്വരത്തു ശ്രീരാമന്‍ നടത്തിയ ശിവപ്രതിഷ്ഠയ്ക്കു പ്രേരകമായിരുന്നതും ഹനുമാന്‍ തന്നെ. കേരളത്തില്‍,തിരുവല്ലയ്ക്കടുത്തുള്ള കവിയൂര്‍ സ്ഥലത്തെ ശിവപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം കൊണ്ടുവരുവാന്‍ നിയുക്തനായതും ഹനുമാന്‍ തന്നെ.പ്രതിഷ്ഠാമുഹൂര്‍ത്തത്തിലെത്താന്‍ കഴിയാതെ വന്നപ്പോള്‍, ശ്രീരാമന്‍ മറ്റൊരു ശിവലിംഗം പ്രതിഷ്ഠിക്കുകയും ഇതില്‍ സങ്കടഗ്രസ്തനായ ഹനുമാനോട,് തല്‍ക്കാലം ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹം ഇളക്കിമാറ്റിക്കൊണ്ട് ഹനുമാന്‍ കൊണ്ടുവന്ന പുണ്യവിഗ്രഹം സ്ഥാപിച്ചുകൊള്ളുവാന്‍ ഭഗവാന്‍ അനുവദിക്കുകയും ഇളക്കാന്‍ ബുദ്ധിമുട്ടുതോന്നിയ ഹനുമാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റുപാടുള്ള ഭൂമിയോടു കൂടി ഉയര്‍ന്നുവന്നുവെന്നും ഐതിഹ്യമുണ്ട്. എന്തായാലും ക്ഷേത്ര കോമ്പൗണ്ട് ചുറ്റുപാടുകളേക്കാള്‍ വളരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം ക്ഷേത്രത്തിനുള്ളില്‍ തൊട്ടടുത്തുതന്നെ ഹനുമാനെയും പ്രതിഷ്ഠിക്കുകയുണ്ടായി. കവിയൂര്‍ ശിവക്ഷേത്രമാണെങ്കിലും ഇന്നും ഹനുമത് പ്രതിഷ്ഠയ്ക്കാണ് പ്രസിദ്ധിയും പ്രചാരവും. 

ഹനുമാനും നാരദമുനിയും

ഹനുമാനും നാരദമുനിയും

അഞ്ജനാ തനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേട്ടിട്ടില്ലേ? ഒരിക്കല്‍ നാരദമുനി ഹനുമാന്റെ വാസസ്ഥലമായ കദളീവനത്തിലെത്തി. തന്റെ വീണ മനോഹരമായി മീട്ടി, നാരായണ നാമം പാടിയാണ് നാരദരുടെ വരവ്. ആരാണ് ഇത്ര മനോഹരമായി പാടുന്നത? ഹനുമാന്‍ അമ്മയോട് ചോദിച്ചു. അത് നാരദ മുനിയാണ്. അദ്ദേഹമൊരു മഹാത്മാവാണ്. അദ്ദേഹത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. പുത്രാ, നീ ആദ്ദേഹത്തിന്റെ അടുത്തുചെന്ന്, അവിടുത്തെ മഹത്വം എത്രത്തോളമുണ്ടെന്ന് അറിഞ്ഞാലും. ഹനുമാനോട് അമ്മ പറഞ്ഞു. 

ഉടന്‍ തന്നെ ഹനുമാന്‍ നാരദരുടെ മുന്നിലെത്തി. അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു പറഞ്ഞു' നാരദമുനി അങ്ങ് മഹാനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും അങ്ങ് എന്നെ അനുഗ്രഹിക്കണം. അല്ലാതെ താങ്കളെ ഞാന്‍ പോകാന്‍ അനുവദിക്കില്ല'.

നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്? നാരദ മുനി ഹനുമാനോട് ചോദിച്ചു.

വാസ്തവത്തില്‍ എല്ലാ ദേവന്മാരുടേയും അനുഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് ഇഷ്ടമുള്ള വരം നല്‍കാം. ഹനുമാന്‍ പറഞ്ഞു. 

എന്ത് വരമാണ് ഹനുമാന് നല്‍കേണ്ടത്. നാരദര്‍ ആലോചിച്ചു. തുടര്‍ന്ന് നീ സംഗീതത്തില്‍ അഗ്രഗണ്യനായിത്തീരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പോകാനൊരുങ്ങി,

നാരദ മുനിയെ തടഞ്ഞുകൊണ്ട് ഹനുമാന്‍ ചോദിച്ചു. ഞാന്‍ നല്ലൊരു സംഗീതജ്ഞന്‍ ആയോ എന്ന് എങ്ങനെ അറിയും. എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് സംഗീതത്തില്‍ അതീവ ഗ്രാഹ്യമുണ്ടെന്ന്. അതുകൊണ്ട് എനിക്ക് സംഗീതത്തില്‍ അങ്ങയേക്കാള്‍ അഗ്രഗണ്യനാകണം. 

ശരി, ഞാന്‍ നിന്റെ സംഗീതാലാപനം ആദ്യം കേള്‍ക്കട്ടെ. നാരദര്‍ സമ്മതിച്ചു. നാരദമുനി തന്റെ വീണ ഒരു ശിലമേല്‍ വച്ചിട്ട് ഹനുമാന്റെ സംഗീതത്തിനായി കാതോര്‍ത്തു. ഹനുമാന്‍ മലഹരി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു. ആ ആലാപന മാധുര്യത്താല്‍ ശില പോലും അലിയാന്‍ തുടങ്ങി. ഹനുമാന്‍ പാട്ട് തുടര്‍ന്നു. ശില ഉരുകിക്കൊണ്ടേയിരുന്നു. നാരദമുനിയുടെ വീണ ദ്രവമായിക്കൊണ്ടിരുന്ന ശിലയിലൂടെ ഒഴുകി നടന്നു. 

നാരദമുനി കണ്ണുകള്‍ അടച്ച് സംഗീതത്തെ അതിന്റെ പാരമ്യതയില്‍ ആസ്വദിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ നീ തന്നെയാണ് മികച്ച സംഗീതജ്ഞന്‍. സംശയമില്ല. ഗാനാലാപനം അവസാനിപ്പിച്ചുകൊള്ളൂ. 

ഹനുമാന്‍ പറഞ്ഞു 'താങ്കള്‍ ആദ്യം കണ്ണുകള്‍ തുറക്കൂ. എന്നിട്ട് പറയൂ, ആലാപനം നിര്‍ത്തണോ എന്ന്'. 

നാരദര്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. ഉരുകിയ ശിലയില്‍ തന്റെ വീണ ഒഴുകുന്നത് അദ്ദേഹത്തിന് കാണാനായില്ല. അതുകൊണ്ടുതന്നെ ആലാപനം നിര്‍ത്താന്‍ അനുവാദവും നല്‍കി. ഹനുമാന്‍ പാട്ട് മതിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണ്ടേ. ശില വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ ആകാന്‍ തുടങ്ങി. നാരദമുനിയുടെ വീണയും അതില്‍ ഒട്ടിപ്പിടിച്ചു. 

നാരദര്‍ മടങ്ങിപ്പോകാന്‍ നേരം വീണ എടുക്കാന്‍ ശ്രമിച്ചു. ശിലയില്‍ ഒട്ടിപ്പോയതിനാല്‍ അത് അനങ്ങിയില്ല. നീ എന്ത് വേലയാണ് ഒപ്പിച്ചതെന്ന് നാരദര്‍ ഹനുമാനോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ നിര്‍ദ്ദേശ പ്രകാരം പാടുക മാത്രമേ ചെയ്തുള്ളൂ. ഹനുമാന്‍ വിനയാന്വിതനായി.

അതേ രാഗം വീണ്ടും ആലപിക്കാന്‍ നാരദ മുനി ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹനുമാന്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഹനുമാന്‍ അവിടെ നിന്നും അതിവേഗം ചാടി ചാടി പോയി. നാരദരാവട്ടെ ഹനുമാന്റെ പിന്നാലെ ഓട്ടം തുടങ്ങി. കദളീവനത്തിലെ തന്റെ കൊട്ടാരത്തിലെ മുറികളിലൂടെ ഹനുമാന്‍ ഓട്ടം തുടര്‍ന്നു. ഹനുമാനെ പിടിക്കാന്‍ നാരദര്‍ക്കായില്ല. തളര്‍ന്നുപോയ നാരദര്‍ ദയനീയമായി വീണ തിരികെ തരാന്‍ അപേക്ഷിച്ചു. 

അപ്പോഴേക്കും ഹനുമാന്റെ അമ്മ നാരദരുടെ സമീപത്തെത്തി ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. ഹനുമാന്‍ അങ്ങയെ ഏറെ ബുദ്ധിമുട്ടിച്ചുവല്ലെയെന്ന് അവര്‍ തിരക്കി. 

ഹനുമാന്‍ ഒപ്പിച്ച കുസൃതിയെക്കുറിച്ച് നാരദര്‍ ധരിപ്പിച്ചു. 

ഉടന്‍ തന്നെ നാരദമുനിയുടെ വീണ തിരികെ നല്‍കാന്‍ അമ്മ ഹനുമാനോട് നിര്‍ദ്ദേശിച്ചു. 

അപ്പോഴാണ് ഹനുമാന്‍ തന്റെ ഉദ്ദേശ്യശുദ്ധി അമ്മയോട് വെളിപ്പെടുത്തുന്നത്. നാരദമുനിയുടെ പാദസ്പര്‍ശം എല്ലായിടത്തും പതിയുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തതെന്ന്. അതിലൂടെ നമ്മുടെ ഗൃഹം തീര്‍ത്ഥാടനകേന്ദ്രം പോലെ പരിശുദ്ധമായി എന്നും പറഞ്ഞു.

ശ്രീരാമദാസനായ ഹനുമാന്‍ ഏറെ അനുഗ്രഹീതനാണെന്ന് നാരദരും പറഞ്ഞു. 

ഹനുമാന്‍ നാരദര്‍ക്ക് വേണ്ടി വീണ്ടും ഗാനം ആലപിച്ചു. ശില വീണ്ടും അലിയാന്‍ തുടങ്ങിയപ്പോള്‍ നാരദര്‍ തന്റെ വീണയെടുത്തു മടങ്ങി. 

മഹാത്മാക്കള്‍ ഒരിക്കലും അസൂയാലുക്കളല്ല എന്ന ഗുണപാഠം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കാള്‍ കേമന്മാരായാലും അതില്‍ അവര്‍ സന്തോഷിക്കും. കൂടാതെ മഹദ് വ്യക്തികള്‍ നമ്മുടെ ഭവനത്തിലെത്തുമ്പോള്‍ അവിടവും പാവനമാകും. പിന്നെ പുണ്യ സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യം തന്നെ വരുന്നില്ല. 

ഭക്ഷണ പാനീയക്രമം

ഭക്ഷണ പാനീയക്രമം

അഹംഭാവം, അസൂയ, പരദൂഷണം തുടങ്ങിയ അനവധി മാനസിക ദുര്‍വിചാരങ്ങളായ രോഗങ്ങള്‍ക്ക് ഒരേ ഒരു പരിഹാരം അവനവനെ വിശകലനം ചെയ്യുക എന്നതാണ്. ഇതിലൂടെ മാനസികശുദ്ധി കൈവരുന്നു.

1. സ്‌നാനത്തിലൂടെ ബാഹ്യശരീരശുദ്ധി വരുത്തിയതിനുശേഷം ബുദ്ധിക്കും മനസ്സിനും ശുദ്ധി വരുത്തേïത് പ്രഭാത പ്രാര്‍ത്ഥനയിലൂടെയാണ്. പൂജാമുറിയിലോ ടെറസിലോ, ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തന്റെ കഴിവുകളും പരിമിതികളും സ്വയം വിശകലനം ചെയ്യുന്നത് ഉത്തമമാണ്. അഹംഭാവം, അസൂയ, പരദൂഷണം തുടങ്ങിയ അനവധി മാനസിക ദുര്‍വിചാരങ്ങളായ രോഗങ്ങള്‍ക്ക് ഒരേ ഒരു പരിഹാരം അവനവനെ വിശകലനം ചെയ്യുക എന്നതാണ്. ഇതിലൂടെ മാനസികശുദ്ധി കൈവരുന്നു.

2. പത്ത്-പതിനഞ്ച് മിനിറ്റ് സമയം ധ്യാനത്തിലിരിക്കുന്നത്, തലച്ചോറിന്റെ ശുദ്ധീകരണത്തിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രയോജനപ്രദമാണ്. ശരീരത്തിനും മനസ്സിനും ചൈതന്യം ലഭിക്കുന്നതിന് ധ്യാനം ഉത്തമമാണ്.

3. ശരീര-മനോ-ബുദ്ധി ഇവയുടെ ശുദ്ധീകരണത്തിനു ശേഷം വലത്തെ കൈപ്പത്തി തലയില്‍ വച്ച് സ്വയം ശരീരത്തിന് നിര്‍ദ്ദേശം നല്‍കണം. ശരീരത്തിലെ അനാരോഗ്യ  ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവന്ന് അതിനെ ഇല്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ശരീരത്തിന് മനസ്സുകൊണ്ട് നല്‍കേïത്.

4. ഹൃദയം, കരള്‍, ശ്വാസകോശം എന്നിവയിലെ രോഗം, ശരീരവേദന എന്നിവയും അതിനു സമാന്തരങ്ങളായ രക്തസമ്മര്‍ദ്ദം കൊളസ്റ്ററോള്‍ കൂടുന്നത് എന്നിവയുമെല്ലാം സ്വയം നിയന്ത്രിക്കണമെന്ന് മനസ്സിലൂടെ 10-15 മിനിറ്റ് ശരീരത്തിന് നിര്‍ദ്ദേശം നല്‍കേണ്ടതാണ്. ഇത് എല്ലാ പ്രഭാതത്തിലും നിര്‍ബന്ധമായും അനുഷ്ഠിക്കണം. തുടര്‍ന്ന് സമയം ലഭിക്കുമ്പോഴെല്ലാം മനസ്സിനെ ഓര്‍മ്മിപ്പിക്കുകയും വേണം.

പ്രാര്‍ത്ഥനാനന്തര കര്‍മ്മം

1. ശരീരത്തിലെ ഓരോ കോശത്തെയും, ഓരോ അസ്ഥിസന്ധിയേയും ഊര്‍ജസ്വലമാക്കേണ്ടത് ആന്തരീകകോശ ശുദ്ധിക്ക് അത്യാവശ്യമാണ്. (ശരീരമസിലുകള്‍ക്കിടക്ക് അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ മാലിന്യങ്ങളേയും രക്തത്തിലെത്തിച്ച് കിഡ്‌നിയിലൂടെ അരിച്ചു നീക്കം ചെയ്യണം.) ഇതിന് ഉത്തമമായത് പ്രഭാതത്തിലെ സൂര്യനമസ്‌കാരമാണ്. പത്തു യോഗാസനങ്ങള്‍ ചേര്‍ന്നതാണ് സൂര്യനമസ്‌കാരം.

2. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ 3 മുതല്‍ 5 വരെ സൂര്യനമസ്‌കാരം ചെയ്തു പരിശീലിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 5 മുതല്‍ 10 വരെ സൂര്യനമസ്‌കാരം വിധിപ്രകാരം നടത്തേïതാണ്.

3. രോഗം-പ്രായം-ആരോഗ്യസ്ഥിതി-ശരീരഭാരം-ഹൃദയപ്രവര്‍ത്തനം-രക്തസമ്മര്‍ദ്ദം എന്നിപ്രകാരമുള്ള ശാരീരികാവസ്ഥ കണക്കിലെടുത്തുവേണം സൂര്യനമസ്‌കാരത്തിന്റെ എണ്ണം തിട്ടപ്പെടുത്തുവാന്‍.

4. സൂര്യനമസ്‌കാരം കഴിഞ്ഞ് രണ്ട് മിനിറ്റ് ശാന്തമായി ഇരുന്ന് പ്രാണായാമം നടത്താവുന്നതാണ്. മുന്‍പില്‍ എ ബി സി ഡി എന്ന ഒരു സമചതുരം സങ്കല്‍പിച്ച്, അതിലെ എ യില്‍നിന്ന് ബി യിലേക്ക് മനസ്സ് ചലിപ്പിച്ച് വായു സാവധാനം അകത്തേക്കെടുക്കുക. ബി യില്‍നിന്ന് സി യിലേക്ക് മനസ്സ് ചലിപ്പിക്കുന്ന സമയം വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുക. സി യില്‍നിന്ന് ഡി യിലേക്കുള്ള മനപ്രയാണത്തില്‍,ശ്വാസകോശത്തിലുള്ള വായു സാവധാനം പുറത്തുവിടുക. ഡിയില്‍നിന്ന് എ യിലേക്കുള്ള മനപ്രയാണത്തില്‍ ശ്വാസകോശം ശൂന്യമാക്കിയിടുക. വീണ്ടും എബിസിഡി സമചതുരം തുടരുക ശാന്തമായി അനുഷ്ഠിക്കുവാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം പ്രാണായാമം അനുഷ്ഠിക്കാവുന്നതാണ്.

ഭക്ഷണ പാനീയങ്ങള്‍

1. സൂര്യ നമസ്‌കാരവും പ്രാണായാമവും കഴിയുന്നതുവരെ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. അതിനുശേഷം ഒരു ഗ്ലാസ് തുളസിവെള്ളം (ചൂടുള്ള വെള്ളത്തില്‍ കുറെ തുളസിയിലയിട്ട് ചൂടാറ്റിയാല്‍ തുളസി വെള്ളമായി) കുടിക്കണം. സൂര്യനമസ്‌കാരത്തിലൂടെ ഇളകിയ ശരീരത്തിലെ എല്ലാ മാലിന്യങ്ങളും രക്തത്തില്‍ വന്നടിയുന്നത് കിഡ്‌നി വഴി അരിച്ചു മാറ്റുവാന്‍ അത്യസാധാരണ ശക്തിയുള്ള ഒരു ഔഷധമാണ് തുളസിവെള്ളം.

2. തുളസിവെള്ളം കുടിച്ച് 10-15 മിനിറ്റിനുശേഷം ചായ/കോഫി എന്നിവ കുടിക്കാവുന്നതാണ്.

3. രക്തത്തിലെ ഉപ്പ്, പഞ്ചസാര, യൂറിയ എന്നിവയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് രക്തശുദ്ധീകരണമാണ് തുളസിജലപാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇത്രയും പ്രക്രിയയിലൂടെ നാം ചെയ്തത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ ശുദ്ധിയും, മനോ-ബുദ്ധിപരമായ ചൈതന്യവല്‍ക്കരണവുമാണ് എന്നോര്‍ക്കുമല്ലോ.

ഇനി ശുദ്ധമായ ശരീരത്തിന്റെ ശുദ്ധിയും ഓജസ്സും നിലനിര്‍ത്തേï ക്രമമാണ് വിവരിക്കുന്നത്.

പ്രതിദിന ഭക്ഷണക്രമം

1. രോഗമുള്ളവരാണ് സയന്‍സ് ഓഫ് ലിവിങ് ചര്യക്ക് വിധേയമാക്കുന്നതെങ്കില്‍ പൂര്‍ണമായും സസ്യാഹാരം ശീലിക്കേïതാണ്. മത്സ്യം, മുട്ട, മാംസം ഇവ മൂന്നും ഒഴിവാക്കേïതാണ്.

2. മിതമായ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഇത് ശരീരകോശങ്ങള്‍ക്കും ദഹനേന്ദ്രിയങ്ങള്‍ക്കും വിശ്രമം നല്‍കുന്നു. നാടന്‍ രീതികളും വിഭവങ്ങളും സ്വീകരിക്കുന്നത് നന്നായിരിക്കും.

3. ഒരു നേരമെങ്കിലും പഴങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിലകൂടിയതല്ലെങ്കില്‍പോലും സാധാരണ പഴങ്ങള്‍ പോഷകാംശങ്ങള്‍ നിറഞ്ഞവയാണ്.

4. ക്ഷീണം തോന്നുമ്പോള്‍ ചെറുനാരങ്ങാ വെള്ളം കുടിക്കുന്നതായിരിക്കും അഭികാമ്യം. അതിലുള്ള സിട്രിക് ആസിഡ് ഊര്‍ജ്ജദായകമാണ്.

5. ആരോഗ്യദായകമെന്ന് പരസ്യം ചെയ്യുന്ന പ്രത്യേകതരം ഭക്ഷ്യപാനീയങ്ങള്‍ ഉപേക്ഷിക്കുവാന്‍ ശ്രമിക്കേïതാണ്. പകരം പ്രകൃതിദത്തമായ വിഭവങ്ങള്‍ ആവശ്യത്തിന് സംസ്‌കരിച്ച് കഴിച്ച്, ആ കുറവ് നികത്തുകയാണ് ഉത്തമം.

6. പാചകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികള്‍ കുറെയെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഉചിതമാണ്.

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ കാലമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ കഴിച്ചു വിശപ്പടക്കിയ നാളുകൾ. അങ്ങനെയാണു കർക്കടകത്തിനു പഞ്ഞമാസം എന്ന പേരു കിട്ടിയത്.

എന്നാൽ, അതൊക്കെ പഴങ്കഥ. ഇപ്പോൾ കർക്കടകം അത്ര പഞ്ഞമാസമൊന്നുമല്ല. എങ്കിലും താളിന്റെയും തകരയുടെയും പ്രസക്തി കുറയുന്നില്ല.

കർക്കടകത്തിൽ ഇലക്കറികള്‍ ധാരാളമായി കഴിക്കണമെന്നത് ആചാരമായിത്തന്നെ പഴമക്കാർ സ്വീകരിച്ചത് പട്ടിണി കൊണ്ടുമാത്രമായിരുന്നില്ല, ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം എന്തെന്നു ശരിക്കും അറിയാവുന്നതു കൊണ്ടു കൂടിയായിരുന്നു.

ആരോഗ്യത്തിന് പത്തിലകൾ

കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്ന രീതിയുണ്ടായിരുന്നു. പത്തു തരം ഇലകളാണ് പത്തിലകൾ എന്നറിയപ്പെടുന്നത്. പത്ത് ഇലകൾ ഏതൊക്കെ എന്ന കാര്യത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ട്. എങ്കിലും താള്, തകര, തഴുതാമ, ചേമ്പ്, ചേന, പയർ, കുമ്പളം, മത്തൻ, തൂവ, ചീര എന്നിവയാണു പൊതുവേ പത്തിലകളായി സ്വീകരിക്കപ്പെടുന്നത്.

വെജിറ്റേറിയൻ മാസം

കർക്കടകമാസം മുഴുവൻ പച്ചക്കറികൾ മാത്രമേ കഴിക്കൂ എന്നു പഴമക്കാരിൽ പലർക്കും നിർബന്ധമുണ്ടായിരുന്നുള്ളൂ. മീനും ഇറച്ചിയും ഒഴിവാക്കും. വെജിറ്റേറിയൻ ഭക്ഷണം എന്നതിനു പുറമേ, പല തരത്തിലുള്ള മരുന്നുകഞ്ഞികളും ഉണ്ടാക്കിക്കഴിക്കുന്ന നാളുകളാണിത്. കാലാവസ്ഥയ്ക്കനുസരിച്ചു ഭക്ഷണം ചിട്ടപ്പെടുത്താൻ പണ്ടുള്ളവർ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമാണു കർക്കടകത്തിലെ വ്രതവും മരുന്നുകഞ്ഞിയുമൊക്കെ.