ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-18

കമ്പരാമായണം കഥ

അദ്ധ്യായം :-18

ആരണ്യകാണ്ഡം തുടർച്ച...

ഇങ്ങനെയാണോ നിങ്ങളുടെ അതിഥിസത്ക്കാരം എന്നും ചോദിച്ചു.  ഹരഭൂഷണത്രിശിരസ്സുകൾ തൻറെ സഹോദരന്മാരാണെന്നും, ലോകസാമ്രാട്ട് ശ്രീരാവണൻ സ്വന്തം ജേഷ്ഠനും ആണ് . നിങ്ങൾ നശിച്ചതു തന്നെ എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നും പാലായനം ചെയ്തു. ലക്ഷ്മണൻ കായ്കനികൾ ശേഖരിക്കാൻ  പോയപ്പോൾ സീതാരാമന്മാർ ആശ്രമത്തിലിരുന്ന് ഭാവികരണീയങ്ങൾക്ക് പരിപാടി തയ്യാറാക്കി.   രാമൻ സീതയോട് പറഞ്ഞു നമ്മുടെ മുഖ്യകർത്തവ്യങ്ങൾ മുറുകി മുറുകി അടുത്തുവരുന്നു . ഇനി നാം കൂടുതൽ ജാഗ്രതയോടു കൂടിയിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം.  സീത പറഞ്ഞു ഞാൻ ഇതെല്ലാം.  അറിയുന്നുണ്ട് എന്നാൽ ലക്ഷ്മണകുമാരനും ഇതൊന്നും ഗ്രഹിക്കരുത്. എങ്കിൽ വിഘ്നമോ മാന്ദ്യമോ സംഭവിക്കാനിടയുണ്ട്.

അധികസമയമായില്ല അത്യുച്ചത്തിലലറി  14 ഭീകരരാക്ഷസന്മാർ യുദ്ധസന്നദ്ധരായി അവിടെയെത്തി. അവരുടെ കൂടെ ശൂർപ്പണഖയും  ഉണ്ടായിരുന്നു.  ലക്ഷ്മണൻ അല്പസമയം കൊണ്ട്  14 പേരെയും  കാലപുരിക്ക് അയച്ചു.  ഹരന്റെ പ്രേരണയാൽ രാമലക്ഷ്മണ വധത്തിന് വന്നവരായിരുന്നു അവർ.  ശൂർപ്പണഖ  വീണ്ടും ഹര സവിധത്തിൽ എത്തി ഈ വിവരം അറിയിച്ചു.   അല്പസമയം കഴിഞ്ഞപ്പോൾ ഒരു മഹാ സൈന്യത്തിൻറെ വരവുണ്ടായി.  ഖരഭൂക്ഷത്രിശിരസ്സാദികളും 14,000 അംഗങ്ങളടങ്ങിയ മഹാ സൈന്യവും രാമലക്ഷ്മണന്മാരോട് യുദ്ധസന്നദ്ധനായി  വരികയായിരുന്നു.  ലക്ഷ്മണൻ രാമന് അടുത്ത് ചെന്ന് യുദ്ധത്തിന് തനിക്ക് അനുമതി നൽകണമെന്ന് അപേക്ഷിച്ചു.  എന്നാൽ രാമൻ പറഞ്ഞു സീതയെ സംരക്ഷിച്ചുകൊണ്ട് നില്ക്കുക.  യുദ്ധം താൻ നിർവഹിച്ചു കൊള്ളാമെന്നും പ്രസ്താവിച്ചു . മൂന്നു നാഴിക കൊണ്ട് സൈന്യം നിശേഷം നാമാവശേഷമായി.  അത് കണ്ട് ഭൂക്ഷണത്രിശ്ശിരസ്സുകൾ ശ്രീരാമനോട് യുദ്ധം ചെയ്തു.  അവരെ രണ്ടുപേരെയും  കാലപുരിക്കയച്ചു  ശ്രീരാമൻ. ശേഷം രാമനും ഹരനുമായി യുദ്ധം   തുടങ്ങി . ദേവന്മാർ ദേവർഷിയോടൊപ്പം ആകാശ വീഥികളിൽ അണിനിരന്നു.  ഹരൻ രാമൻറെ മഹാചാപം ഖണ്ഡിച്ചു വീഴ്ത്തി.  ആ സമയം അഗസ്ത്യമഹർഷി  സമ്മാനിച്ച ആ ചാപബാണതൂണീരങ്ങൾ  ശ്രീരാമന്റെ കയ്യിൽ  പ്രത്യക്ഷപ്പെട്ടു.  പരശുരാമദത്തമായ   വൈഷ്ണവതേജസ് , രാമഭദ്രനിൽ പൂർവ്വാധികം മിന്നിത്തിളങ്ങുന്നു. ശ്രീരാമധനുസ്സിൽ നിന്ന് ബ്രഹ്മാസ്ത്രം ഖരന്റെ ദേഹദേഹികൾ നിത്യവിരഹിതങ്ങളായിത്തീരുന്നു.  ദേവന്മാർ ആകാശത്തുനിന്നും ശ്രീരാമ ശിരസ്സിൽ പൂമഴ പൊഴിഞ്ഞു.

ശ്രീരാമ ശരം നേരിട്ടേറ്റുമരിച്ച ഖരഭൂഷണത്രിശിരസ്സുകളും സർവ്വസൈന്യവും നിത്യമുക്തരായിത്തീർന്നു.  ഇവർ മുൻകാലത്ത് ചിരതരസ്ഥിര തപസ്സിനാൽ പ്രസന്നനായി പ്രത്യക്ഷപ്പെട്ട ശിവനിൽ നിന്നുംഷ ശ്രീരാമ ശരമേറ്റ് മുക്തി വരാനുള്ള വരാംശംസ വരിച്ചിട്ടുണ്ടായിരുന്നു.

ഖരവധാനന്തരം നിരാശാനിഹതയായ  ശൂർപ്പണഖ ലങ്കയിലെത്തി. സീതരാമലക്ഷ്മണന്മാരുടെ ചരിതം അറിയിച്ചു.  സീതയുടെ സൗന്ദര്യത്തെക്കുറിച്ചും, രാവണനുവേണ്ടി സിതയെ താൻ തട്ടികൊണ്ടു വരാൻ സന്നാഹം ചെയ്തതും ലക്ഷമണൻ തന്നെ വിരൂപയാക്കിയതും ശ്രീരാമന്റെ നിർദോഷ പരിശുദ്ധിയും വർണ്ണിച്ചു.  ശേഷം രാവണനെ പ്രലോഭിപ്പിക്കാനും നിന്ദയോടെ,  ശ്രീരാമൻ മഹാവീരനാണെന്നും ലക്ഷ്മണൻ മഹാശൂരനാണെന്നും അതിനാൽ അവരോട് നേരിട്ടിടയരുതെന്നും സീതയെ തട്ടികൊണ്ടുപോന്നാൽ മാത്രം മതിയെന്നും സീതാവിരഹസന്താപാഗ്നിയിൽ രാമൻ ദഹിച്ചു പോയ്ക്കൊളളുമെന്നും ഭ്രാതൃവിയോഗത്തിൽ ലക്ഷ്മണൻ ജീവത്യാഗം ചെയ്യുമെന്നും മറ്റു ചില നായമാർഗ്ഗോപദേശങ്ങൾ അവൾ കുത്തിത്തിരുകിച്ചെലുത്തീട്ടുണ്ടായിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ രാമനെ തനിക്കു ലഭിക്കുകയെന്ന ലക്ഷ്യം അത്യന്തനിഗൂഢമായിക്കിടക്കുന്നുമുണ്ട്.

തുടരും .....

No comments:

Post a Comment