ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :- 33

കമ്പരാമായണം കഥ

അദ്ധ്യായം :- 33

യുദ്ധകാണ്ഡം തുടർച്ച....

ഇനി നമ്മുടെ സംഘപ്രാബല്യം കൂടി അല്പമായൊന്നു  ചിന്തിക്കാം

സർവ്വലോകജേതാവായ അവിടുന്നാണ് നമ്മുടെ സംഘത്തിലെ അനിഷേധ്യനായ അധിനായകൻ . കരബലം കൊണ്ടും ശരബലം  കൊണ്ടും വരബലം കൊണ്ടും അങ്ങ് അദ്വിതീയലോകം  മഹാവീരനാണെന്ന്  വിശ്വവിശ്രുതി നേടിട്ടുണ്ട്

എങ്കിലും പരിഷ്കൃതരീതിയിലുള്ള ധനുർവേദത്തിൽ അങ്ങേയ്ക്ക് ആര്യവംശ്യനായ രാമദേവനേക്കാൾ  വൈദഗ്ദ്ധ്യം  ഉണ്ടായിരിക്കാനിടയില്ല അങ്ങേയ്ക്ക് ലഭിച്ചിട്ടുളള അപൂർവവരത്തിൽ " മനുഷ്യരാൽ അവദ്ധ്യത്വം "  ഉൾപ്പെടുന്നില്ല . ശ്രീരാമൻ മനുഷ്യനുമാണ്.

മേഘനാദൻ സുധീരനായ ഒരു യുവാവാണ്.  ബലശാലിയാണ് ഇന്ദ്രവിജയിയാണ്.  മായാവിയായ മഹാരഥൻ ആണ് . എന്നാൽ ശ്രീരാമൻറെ ദിവ്യാസ്ത്രപ്രഭാവത്തെയും  ലക്ഷ്മണന്റെ ആയുധവിദ്യാനൈപുണ്യത്തെയും അതിലംഘിക്കാൻ ഇന്ദ്രജിത്തിനു കഴിവുണ്ടാവുകയില്ല.  തൻറെ അപൂർവവരത്തെ " പതിനാലുവർഷം നിരാഹാരനിർന്നിദ്രാവ്രതവും
സുസ്ഥിരബ്രഹ്മചര്യവും  അനുഷ്ഠിച്ച ഒരു മനുഷ്യനിൽനിന്ന് മാത്രമേ തനിക്കു മരണം ഉണ്ടാവൂ"  എന്നതിനെ ലംഘിക്കാൻ  ലക്ഷ്മണന് കഴിവുമുണ്ട്.  ലക്ഷ്മണനുപോലും അറിവിൽപ്പെടാത്ത ഒരു പരമരഹസ്യമാണ്.

ദേഹബലം കൊണ്ടും ദേഹപുഷ്ടികൊണ്ടും സർവ്വലോകാത്ഭുതകരമായ ഒരു രൂപവിശേഷമാണ് അങ്ങയുടെ അവരജനും എന്റെ അഗ്രജനുമായ ശ്രീകുംഭകർണ്ണമഹാവീരനു  സിദ്ധിച്ചിട്ടുളളത്.  ശ്രീരാമബാണങ്ങൾക്ക്  ഈ വൈപുല്യവും പ്രാബല്യവും അധ്യഷ്യങ്ങളല്ലെന്നാണ് എൻറെ അഭിപ്രായം.

നമ്മുടെ പക്ഷത്തിൽ പ്രശസ്തരായ പ്രബല വ്യക്തികൾ ഇനിയും വളരെ പേരുണ്ടെങ്കിലും സ്വപക്ഷീയരായതുകൊണ്ട് നേരിട്ട് സുപരിചിതരായതുകൊണ്ടും അവരെക്കുറിച്ച് ഞാൻ വിമർശിക്കുന്നില്ല.

നാരദമഹർഷി എന്നോട് പറഞ്ഞിട്ടുള്ള രഹസ്യങ്ങളാണ്.  ശ്രീ മഹാവിഷ്ണു സർവലോക സംരക്ഷകനാണ് ദുഷ്ടനിഗ്രഹവും ശിഷ്ടാനുഗ്രഹവും കൊണ്ടാണ് അദ്ദേഹം രക്ഷാകർമ്മം നിർവഹിച്ചു പോരുന്നത്.  ശ്രീനാരായണൻ ഓരോ കാലങ്ങളിൽ അനുരൂപമായ ഓരോ അവതാരളെടുത്തിട്ടുണ്ട്.

മത്സ്യാവതാരമായി ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങൾ വീണ്ടെടുത്തു. കൂർമ്മാവതാരമെടുത്ത്,  പാലാഴിയിൽ താണുപോയ മന്ദരപർവ്വതത്തെ ഉയർത്തി.  വരാഹരൂപം വഹിച്ച് ഹിരണ്യാക്ഷനെ   വധിച്ചു ഭൂമിയെ ഉദ്ധരിച്ചു.  നരസിംഹമൂർത്തിയായി തീർന്ന് ഹിരണ്യകശിപുവിനെ നിഹനിച്ച് വൈഷ്ണവാസ്തിക്യം പുലർത്തി. വാമാനാവതാരത്തിൽ )അസുരചക്രവർത്തിയായ മഹാബലിയെ കീഴടക്കി ഭൂസ്വർഗ്ഗങ്ങളെ സ്വതന്ത്രമാക്കി. ഭാർഗവരാമാവതാരം കൊണ്ട് ദുഷ്ടക്ഷത്രിയരെ  സംഹരിച്ച് ഭൂമി ബ്രാഹ്മാർപ്പണം ചെയ്തു.

നരസിംഹാവതാര കഥ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . സ്വന്തം സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതു കൊണ്ട്  വിഷ്ണുവിദ്വേഷം  വർദ്ധിച്ച ഹിരണ്യകശിപു ബ്രഹ്മാവിനെ ദീർഘകാലം  തപസ്സ് ചെയ്ത് അസാധാരണമായ ഒരു വരം വാങ്ങി.  ത്രിലോക ചക്രവർത്തിയായി ഭൂമി ,സ്വർഗ്ഗം. പാതാളം ആക്രമിച്ചു കീഴടക്കി.  ശ്രീനാരായണ മന്ത്രം മാത്രമല്ല സ്മരണ പോലും നാടകെ നിരോധിച്ചു.  ഹിരണ്യനാമോച്ചാരണം സർവ്വത്ര നിർബന്ധമാക്കി.  അങ്ങനെ സർവ്വാധിപതിയായ ഹിരണ്യകശിപുവിന് പ്രഹ്ളാദൻ   എന്നൊരു പുത്രൻ ജനിച്ചു. അഞ്ചാം വയസ്സിൽ വിദ്യാഭ്യാസത്തിന് കുലഗുരു ശുക്രാചാര്യനരികിൽ അയച്ചു.  "  ഹിരണ്യായ നമഃ "  എന്ന മന്ത്രം ശുക്രൻ ചൊല്ലി കൊടുത്തു.    "ശ്രീ നാരായണ നമഃ "  എന്നുച്ചരിച്ചു.  പ്രഹ്ലാദൻ സതീർത്ഥ്യർക്കും  നാരായണ മന്ത്രം ഉപദേശിച്ചു കൊടുത്തുകൊണ്ടിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞിട്ടും സ്വപ്രയത്നം വിഫലമായിത്തീർന്ന ശുക്രൻ ഹിരണ്യകശിപു സന്നിധിയിൽ പ്രഹ്ലാദനെ കൊണ്ടുചെന്നാക്കി. വിഷ്ണുഭക്തനായി വരുന്ന  പുത്രനെ തിരുത്താൻ  സാമദാനഭേദങ്ങളാലും ദണ്ഡോപായങ്ങൾ കൊണ്ടും ശ്രമിച്ചു. മാനസാന്തരം വരാതിരുന്ന പ്രഹ്ലാദനെ കൈയും കാലും കൂട്ടിക്കെട്ടി കല്ലുകെട്ടി കടലിൽ താഴ്ത്തി.  വിഷസർപ്പങ്ങളെ കൊണ്ട് കടിപ്പിച്ചു.  എന്നിട്ടും പ്രഹ്ളാദനെ വധിക്കാൻ ഹിരണ്യകശുവിന് കഴിഞ്ഞില്ല.  നിൻറെ നാരായണൻ എവിടെ എന്ന് ചോദിച്ചപ്പോൾ തൂണിലും തുരുമ്പിലും ഉണ്ട് എന്ന് പറഞ്ഞ പ്രഹ്ലാദനോട് ഈ തൂണിലും ഉണ്ടോ  എന്ന് ചോദിച്ചുകൊണ്ട് തൂണ് വെട്ടിപ്പൊളിച്ചു . അപ്പോൾ  തൂണ് പിളർന്ന് നരസിംഹരൂപിയായ ഭഗവാൻ  പ്രത്യക്ഷപ്പെട്ടു . ഹിരണ്യകശിപുവിന് ലഭിച്ച വരമനുസരിച്ച് പൂർണ്ണമനുഷ്യനോ, ദേവനോ;  മൃഗമോ അല്ലാത്ത നരസിംഹം രാത്രിയോ പകലോ അല്ലാതിരുന്ന സമയത്ത് ആയുധം അല്ലാത്ത സ്വന്തം നഖങ്ങൾ കൊണ്ട് ഭൂമിയിലോ ആകാശത്തോ അല്ലാതെ സ്വന്തം മടിയിൽ വെച്ച് അകത്തോ പുറത്തോ അല്ലാതെ ഉമ്മറപ്പടിയിൽ വെച്ച് ഹിരണ്യകശിപുവിന്റെ മാറ് കീറി പിളർന്ന കുടൽമാല എടുത്ത് തന്റെ  മാറിൽ ചാർത്തി.   അസുര നിഗ്രഹം  നടത്തിയ  നരസിംഹമൂർത്തി പ്രഹ്ളാദസ്തുതി കേട്ടാണ് രൗദ്രഭാവം വെടിഞ്ഞത്.  ശേഷം  പ്രഹ്ലാദന് വരങ്ങളും നൽകി.  ആ ഹിരണ്യകശിപുവും ഹിരണ്യാക്ഷനും തന്നെ വീണ്ടും സഹോദരങ്ങളായി ഭൂജാതാരയി.  അവരെ നിഗ്രഹക്കുന്നതിന് മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചു.  അങ്ങയുടെയും രാക്ഷസന്മാരുടെയും പ്രവർത്തികൾ അസഹ്യമായി തീർന്നപ്പോൾ ബ്രഹ്മദേവനും ഭൂദേവി മുതലായവരും പരമശിവനെ സന്ദർശിച്ച് അനുമതിയോടെയും നിർദ്ദേശത്തോടും ശ്രീ നാരായണസ്വാമി സന്നിധിയിലെത്തി  സകലസങ്കടങ്ങളും ഉണർത്തിച്ചു.  അവരോട് ധർമ്മം സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്ത ഭഗവാൻ  ശ്രീരാമചന്ദ്രനായി അവതാരമെടുത്തു.  സീതാദേവി അതിനു സംവിധായികയായ ശ്രീലക്ഷ്മി ഭഗവതിയുമാണ് . ആ മംഗലദേവതയെ ഇന്ന് തന്നെ ഇപ്പോൾതന്നെ ശ്രീരാമസന്നിധിയിൽ അടിയറവെച്ച് ക്ഷമാപണപൂർവ്വം  നമുക്ക് അഭയാപ്രാർത്ഥന നടത്താം. ശിക്ഷണത്തിൽ അക്ഷമനെന്നപോലെ രക്ഷണത്തിൽ സക്ഷമനുമാണ് അദ്ദേഹം?

അങ്ങയുടെ നേത്രത്തിൽ അരുണതയും വക്ത്രങ്ങളിൽ ദാരുണതയും വർദ്ധിച്ചുവരുന്നതായി ഞാൻ കാണുന്നു.  ചില കാര്യങ്ങളെ കുറിച്ച്  എല്ലാം ഞാൻ ഇവിടെ പ്രസ്താവിച്ചു എന്ന് മാത്രം.  ഉദ്ദേശശുദ്ധിയോടുകൂടി അല്ലാതെ ഞാൻ ഒന്നും ഉന്നയിച്ചിട്ടില്ല.  തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ സഹോദര ബുദ്ധിയോടുകൂടി ക്ഷമിക്കണം.  എന്റെ പ്രസ്താവം ഇവിടെ ഉപസംഹരിച്ചു കൊള്ളുന്നു.

തുടരും .....

No comments:

Post a Comment