ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-11

കമ്പരാമായണം കഥ

അദ്ധ്യായം :-11

ബാലകാണ്ഡം തുടർച്ച...

ഗംഗയിൽ സ്നാനാദികൾ നടത്തിയശേഷം അക്കരെ കടന്ന് വിശ്വാമിത്രനും രാമലക്ഷ്മണന്മാരും കുറെ ദൂരം ചെന്നപ്പോൾ ഗൗതമാശ്രമം ആയിരുന്ന പ്രദേശം കണ്ടു.   ഇപ്പോൾ  ശൂന്യമായി കിടക്കുന്ന ആ വനപ്രദേശത്തെ കുറിച്ച്  മഹർഷി പറഞ്ഞു. ഇവിടെ  ഗൗതമ മഹർഷി പത്നിയായ അഹല്യയോടൊപ്പം താമസിച്ചിരുന്നു. അതി സുന്ദരിയായ അഹല്യയിൽ മോഹമുദിച്ച ഇന്ദ്രൻ അസമയത്ത് കോഴിയായി കൂവി ഗൗതമനെ ആശ്രമത്തിൽ നിന്നും അകറ്റി. ശേഷം ഗൗതമന്റെ   രൂപം ധരിച്ച് ആശ്രമത്തിന് അകത്തുകടന്ന് അഹല്യയെ പ്രാപിച്ചു.  ഗംഗാസ്നാനത്തിനെത്തിയ മഹർഷി ഗംഗ ഉണർന്നില്ലെന്നുകണ്ട് ആശ്രമത്തിൽ തിരിച്ചെത്തി. അവിടെ തന്റെ രൂപത്തിൽ നിന്ന ഇന്ദ്രനെ സഹസ്രാക്ഷനാകാൻ ശപിച്ചു.  അഹല്യയെ ശിലയായി പോകാനും ശപിച്ചു.   സത്യാവസ്ഥ മനസ്സിലാക്കിയ മഹർഷി അഹല്യയെ ശ്രീരാമപാദസ്പർശത്താൽ  ശാപമോക്ഷം ലഭിക്കുമെന്ന് അനുഗ്രഹിച്ചു.  ശേഷം പുത്രനോടൊപ്പം അവിടം വിട്ടുപോയി.  കഥകേട്ട് നടന്ന ശ്രീരാമന്റെ പാദധൂളിയേറ്റ് കരിമ്പാറ പെട്ടെന്ന് സൗന്ദര്യ സമ്പന്നയായ സ്ത്രീരത്നം ആയി പരിണമിച്ചു.  ശാപമോക്ഷം ലഭിച്ച അഹല്യ ശ്രീരാമനെ സ്തുതിച്ചു.  അപ്പോൾ അവിടെയെത്തിയ ഗൗതമനോടും പുത്രനോടും ഒപ്പം അഹല്യ അവിടെനിന്നും  ശ്രീരാമനും വിശ്വാമിത്ര മഹർഷി യോടുമൊപ്പം മിഥിലയിലേക്ക് തിരിച്ചു. മഹാവിസ്തൃതമായ വിദേഹ രാജ്യത്തിന്റെ  കേന്ദ്രമായ രാജധാനിയാണ്   വിശാല സുന്ദരമായ മിഥില.ജനകവംശ പരമ്പരയാണ് തുടർച്ചയായി അവിടെ ഭരിച്ചു പോരുന്നത്.  ഒരിക്കൽ യാഗഭൂമി ഉഴുതപ്പോൾ ഒരു  ഭാഗത്തുനിന്നും അസാമാന്യമായ ഒരു സ്വർണ്ണപെട്ടി കണ്ടുകെട്ടി.  അതിൽ അതികോമളകാന്തി മിന്നിത്തിളങ്ങുന്ന ഒരു  പെൺകുട്ടിയായിരുന്നു.  സന്താനം ഇല്ലാതിരുന്ന ജനകൻ ആ കുഞ്ഞിനെ എടുത്ത് അന്തഃപ്പുരത്തിൽ കൊണ്ടുവന്ന് പട്ടമഹിഷിയെ ഏൽപ്പിച്ചു.  സിത (  ഉഴവുചാലിൽ) നിന്ന് ജനിച്ചത് കൊണ്ട് സീത എന്ന നാമവും അവൾക്കുണ്ടായി

മുൻപൊരിക്കൽ രാവണന്റെ കരസ്പർശത്താൽ അശുദ്ധി ബാധിച്ച  വേദവതി അഗ്നിയിൽ ആത്മഹൂതി ചെയ്തിരുന്നു . ആ ചിതാഭസ്മം രാവണൻ എടുത്തു കൊണ്ടുപോയി ഒരു  പൊൻ പെട്ടിയിലടച്ച് വിജന സ്ഥലത്ത് സൂക്ഷിച്ചുവെച്ചു.  ദിവസവും ആ പെട്ടി  സന്ദർശിക്കുക എന്നത് രാവണന്റെ ഒരു പതിവായിത്തീർന്നു.  അക്കാലത്ത് ലങ്കയിൽ ആപത്തുകൾ പതിവായി.  നാരദ മഹർഷിയോട് ഈ ആപത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ രാവണൻ സ്വന്തമായി സൂക്ഷിക്കുന്ന സ്വർണ പെട്ടിയാണ് അതിനു കാരണമെന്നും അത് നശിപ്പിക്കാതെ ലങ്കയിൽ നിന്നും മാറ്റണമെന്നും പറഞ്ഞു.  നാരദന്റെ  ഉപദേശപ്രകാരം രാവണൻ പെട്ടി സമുദ്ര മദ്ധ്യത്തിൽ കൊണ്ട് ഉപേക്ഷിച്ചു.  ആ പെട്ടി ഭാരതതീരത്ത് വന്ന് അടിഞ്ഞു.  ആ പെട്ടിക്കകത്ത് ഉണ്ടായിരുന്ന വേദവതിയുടെ ദേഹഭസ്മം  രൂപംകൊള്ളുകയും ജീവൻ കലർന്ന് ശിശുവായി മാറുകയുമാണുണ്ടായത്.  ഇങ്ങനെ വേദവതി പുനർജന്മം എടുത്തതാണ് കൊച്ചുസീത.

മുൻപത്തെ സിദ്ധികൾ നിമിത്തം യൗവ്വനക്കാലത്തിനുമുമ്പുതന്നെ കലാവതിയും ശാസ്ത്രനിധിയുമായിത്തീർന്നു സീത . ക്ഷത്രിയവീരവനിതയ്ക്കൊത്തവണ്ണം  ശസ്ത്രവിദ്യകളും ധനുർവേദസാരവും അവൾ വിദഗ്ധമായി അഭ്യസിച്ചു.  ജനകന്റെയും അനുജന്റെയും  മക്കളായ സീതാ,  ഊർമ്മിള മാണ്ഡവി, ശ്രുതകീർത്തി എന്നിവർ സഹോദരിമാരായും മിത്രങ്ങളായും വർത്തിച്ചുവന്നു.  സീതയുടെ സൗശീല്യപരിമളവും സൗന്ദര്യസുഗന്ധവും നാടാകെ പരന്നു.  സീതയെ പരിണയിക്കാൻ രാജാക്കന്മാർ മത്സരിച്ചു.  ഒരിക്കൽ രാജകുമാരിമാർ ഉദ്യാനത്തിൽ പൂവിറുത്തു കൊണ്ടിരിക്കുമ്പോൾ തോട്ടത്തിലെ ഉയർന്ന ചില്ലയിലെ മല്ലിക പൂക്കൾ അടർത്തി എടുക്കാനായി സീത ആയുധശാലയിൽ ചെന്ന് ഒരു വില്ലും അമ്പും  എടുത്തു കൊണ്ടുവന്ന് ലക്ഷ്യം  തെറ്റാതെ പ്രയോഗിച്ചു.  പൂങ്കുല മുറിവേറ്റോ പൊട്ടാതെയോ ഞെട്ടൂമാത്രം അടർന്ന്  തോഴിമാർ വിരിച്ച ഉത്തരീയപരപ്പുകളിൽ വീഴുന്നു.  തിരിച്ചു കിട്ടിയ അമ്പും കയ്യിലിരുന്ന വില്ലും ഉടൻതന്നെ ആയുധശാലയിൽ കൊണ്ട് ചെന്ന്  യഥാസ്ഥാനം ഭദ്രമായി വച്ചു.   ഇത് കണ്ട് ജനകൻ അതിശയിച്ചു.  ദക്ഷയാഗത്തിൽ മഹാരുദ്രൻ ഉപയോഗിച്ച രൗദ്രചാപം ഭക്തനായ ഒരു  വിദേഹ രാജാവിനെ ഏൽപ്പിച്ചു.  രാജാവ് ആ വില്ല് രാജധാനിയിൽ കൊണ്ടുവന്ന ആയുധപുരയിൽ  സ്ഥാപിച്ച യഥായോഗ്യം പൂജ നടത്തി കൊണ്ടിരുന്നു.  ശിവനല്ലാതെ മറ്റാരും എടുത്തു ഉയർത്താൻ പോലും സാധ്യമാവാത്ത ആ വില്ല് സീത കുലക്കുകയും ബാണം തൊടുക്കുകയും ചെയ്തു. സീതയുടെ ഈ പാടവം  കണ്ടു ശൈവചാപം എടുത്ത് കുലച്ച് ബാണം തൊടുക്കുന്നവൻ മാത്രമേ സീതാ പരിണയത്തിന് അർഹനാവുകയുള്ളൂ എന്ന ജനകൻ വിളംബരം ചെയ്തു.

വിശ്വാമിത്രനും രാമലക്ഷ്മണന്മാരും വിദേഹ രാജ്യത്തിലെത്തുന്നു എന്ന് അറിയിക്കാൻ പുറപ്പെട്ട അഹല്യാ പുത്രൻ ശതാനന്ദൻ ജനകനെ വിവരമറിയിക്കുകയും മഹർഷിയെ  സ്വീകരിക്കാൻ ജനകനും പരിവാരങ്ങളും  കവാടത്തിലെത്തുകയും ചെയ്തു.  വിശ്രമശേഷം രാജസൗധങ്ങളും പരിസരങ്ങളും സന്ദർശിക്കാൻ ഇറങ്ങിയ രാമലക്ഷ്മണന്മാരും സീതാ ഉർമ്മിളമാരും  പരസ്പരം കണ്ട് ആകൃഷ്ടരായി . വിശ്വാമിത്രൻ ജനകനോട് ദശരഥ പുത്രന്മാരായ രാമലക്ഷ്മണന്മാർ ആണ് ഇവരെന്നും   യാഗരക്ഷയ്ക്കായി ആശ്രമത്തിലേക്ക് വരും വഴി താടകയ്ക്ക് മോക്ഷം  നൽകിയെന്നും യാഗം മുടക്കാനെത്തിയ  സുബാഹുവിനെ നിഗ്രഹിക്കുകയും മാരീചനെ ഓടിക്കുകയും ചെയ്തതായും മിഥിലയിലേക്ക് വരുന്ന വഴി അഹല്യയ്ക്ക് മോചനം കൊടുത്ത കഥയും  കേൾപ്പിച്ചു .  ശൈവചാപം കുമാരന്മാരെ കാണിക്കണമെന്നും നിർദ്ദേശിച്ചു.  സഞ്ചാരം കഴിഞ്ഞെത്തിയ കുമാരന്മാരെ ജനകൻ ആശ്ലേഷിക്കുകയും ആശംസിക്കുകയും ചെയ്തു

തുടരും .....

No comments:

Post a Comment