ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

ദേവലന്മാരും ധൗമ്യനും

ദേവലന്മാരും ധൗമ്യനും

ദേവലനും ധൗമ്യനും ജ്യേഷ്ഠാനുജന്മാരായിരുന്നു.  എന്നാൽ,  ദേവലൻ എന്ന പേരിൽ ഗജേന്ദ്രമോഷം കഥയിലും,  വ്യാസ ശിഷ്യനായ മറ്റൊരു ദേവലൻ എന്ന മഹർഷിയും ഉണ്ട്.

അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട പാണ്ഡവർ ഗംഗാതീരത്ത് എത്തുമ്പോൾ ഉൽക്കോചതീർത്ഥത്തിൽ ധൗമ്യമഹർഷി തപസ്സനുഷ്ഠിക്കുകയായിരുന്നു. പാണ്ഡവരുടെ   ആ യാത്രയിൽ ഗംഗാതീരത്ത്  വച്ച് ഗന്ധർവ്വരാജൻ ചിത്രരഥനും  അർജ്ജുനനുമായി    യുദ്ധം നടക്കുകയും  അർജ്ജുനൻ ചിത്രരഥനെ പിടിച്ചു കെട്ടി. ചിത്രരഥന്റെ ഭാര്യ കുംഭനസി ഭർത്താവാനെ മോചിപ്പിക്കാൻ യുധിഷ്ഠിരനോട്  യാചിച്ചു. യുധിഷ്ഠിരന്റെ നിർദ്ദേശത്താൽ അർജ്ജുനൻ ചിത്രരഥനെ മോചിപ്പിച്ചു. ചിത്രരഥൻ അർജ്ജുനന് ചാക്ഷുഷിമന്ത്രവിദ്യയും അനേകം രഥങ്ങളും നല്കി. കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ ഒരു കാർമ്മികൻ കൂടെയുണ്ടാവണമെന്ന ഉപദേശത്തോടെ  ചിത്രരഥൻ പാണ്ഡവർക്ക് ധൗമ്യമഹർഷിയെ പരിചയപ്പെടുത്തി. അന്നു മുതൽ ധൗമ്യ മഹർഷി പാണ്ഡവരുടെ ആത്മീയഗുരുവായി. പാണ്ഡവരുടെ രാജ്യഭരണ കാലത്തും വനവാസകാലത്തും മഹർഷി അവർക്കൊപ്പം ഉണ്ടായിരുന്നു.

ധൗമ്യ മഹർഷിയുടെ ജ്യേഷ്ഠനായ ദേവലൻ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ സന്നിഹിതനായിരുന്നു. മഹാഭാരത യുദ്ധത്തിന് ശേഷം ഇദ്ദേഹം യുധിഷ്ഠിരനെ കണ്ടിരുന്നു.

ധ്യാനത്തിലായിരുന്ന ഇന്ദ്രദ്യുമ്നരാജാവ് അഗസ്ത്യ മഹർഷിയുടെ ആഗമനം. അറിഞ്ഞിരുന്നില്ല.  അഗസ്ത്യ ശാപത്താൽ ഇന്ദ്രദ്യുമ്നൻ കാട്ടാനയായി മാറി. ഒരിക്കൽ വിഷ്ണു ഭഗവാന്റെ കര സ്പർശത്താൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു.  ഒരിക്കൽ  ത്രികൂട സരസ്സിലെ പൊയ്കയിൽ ചെന്നിറങ്ങിയ  ആനയുടെ കാലിൽ ആ സരസ്സിലെ ഒരു മുതല കടിച്ചു . ആ മുതല ശാപം കിട്ടിയ" ഹൂ ഹൂ " എന്ന ഗന്ധർവ്വനായിരുന്നു. ഒരിക്കൽ അപ്സരസ്സുകളുമായി സരസ്സിൽ നീരാടവേ ധ്യാനം വിട്ടുണർന്ന ദേവല മഹർഷി മുതലയാകട്ടെ എന്ന് ശപിച്ചു.  വർഷങ്ങൾ നീണ്ട നിന്ന പിടിവലിക്കൊടവിൽ ആന സരസ്സിലെ താമര പൂക്കൾ പറിച്ച് ഭഗവാനെ ധ്യാനിച്ച് അർച്ചിച്ചു. ഭഗവാൻ പ്രത്യക്ഷനായി മുതലയെ വധിച്ചു ആനയെ രക്ഷിച്ചു. ഭഗവാന്റെ കരസ്പർശമേറ്റ ആനയും മുതലയും പൂർവ്വരൂപം പ്രാപിച്ചു

അസിതനെന്ന മഹർഷിക്ക് ശിവപ്രസാദത്താൽ ജനിച്ച ദേവലൻ വ്യാസ ശിഷ്യനത്രേ. രംഭയിൽ അനുരക്തനായ ദേവലമഹർഷിക്ക് "അഷ്ടാവക്ര " നാകട്ടെ എന്ന രംഭയുടെ ശാപമാണ് കിട്ടിയത്.  ശ്രീകൃഷ്ണനെ തപസ്സു ചെയ്ത മഹർഷിക്ക് മുന്നിൽ രാധാസമേതനായെത്തിയ കൃഷ്ണൻ ശാപമോക്ഷം നല്കി.  ഹിമവാന്റെ പുത്രിയായിരുന്ന ഏകപർണ്ണയായിരുന്ന ഈ മഹർഷിയുടെ പത്നി. ഒരില മാത്രം ഭക്ഷിച്ചിരന്നവൾ ഏകപർണ്ണ

 

ശക്തിപാത

ശക്തിപാത

തന്ത്രം, മന്ത്രം, യന്ത്രം

തന്ത്ര ശാസ്ത്രത്തിൽ സാധനയ്ക് ഉപയോഗിക്കുന്നത് പ്രധാനമായും മന്ത്രവും യന്ത്രവുമാണ്. ആ വ്യവസ്ഥിതി എങ്ങനെ ഉത്ഭവിച്ചു എന്നു നോക്കാം.
നിരാകാരവും നിർഗുണവും ആയ ബ്രഹ്മം എപ്പോഴൊ എങ്ങിനെയോ പലതാകണം എന്നാലോചിച്ചു. ആ ചിന്ത ഘനീഭവിച്ചു ഘനീഭവിച്ച് ഒരു ബിന്ദു (•) രൂപപ്പെട്ടു. അതു ബ്രഹ്മത്തിൻ്റെ ബോധമായി. ഈ ബോധം ചിന്തിച്ചു ചിന്തിച്ച് വികാസം പ്രാപിച്ചു (0). അങ്ങിനെ വികസിച്ചപ്പോൾ അത് പൊട്ടിത്തെറിച്ചു, ഒരു ബലൂൺ വികസിച്ചു പൊട്ടിത്തെറിച്ചു രൂപാന്തരം പ്രാപിച്ച പോലെ. ഒരു കഷ്ണം (⤾)അല്ലെങ്കിൽ ഒരു ചാപം അല്ലെങ്കിൽ കല, ബിന്ദു നീളത്തിൽ വികസിച്ചാൽ രൂപാന്തരപ്പെടുന്ന നേർ രേഖ (|), ഇങ്ങനെയുള്ള രൂപങ്ങൾ ഉണ്ടായി.
പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ കലകളെ മാതൃകകൾ എന്നും മാതാക്കൾ എന്നും വിളിച്ചു. അവ അക്ഷരങ്ങളായി (ഒരിക്കലും- ക്ഷരമില്ലാത്തത് - നാശമില്ലാത്തത്).

അങ്ങനെ ഒരു ബിന്ദുവിൽ നിന്നും രൂപപ്പെട്ട ഒരു വട്ടം, ഒരു കല, ഒരു നേർവര, ( • ➜ 0 ➜ റ ➜ | ). ഇങ്ങനെ പ്രഥമ ബിന്ദുവിൽന്നിന്നും ആരംഭിച്ച് അതിൽത്തന്നെ ലയിക്കുന്ന അറുപത്തിനാലു കലകൾ ഉണ്ടായി. ഇത്രയും കൊണ്ടല്ലാതെ ഒരക്ഷരവും ഒരു ചിത്രവും ലോകത്തുണ്ടായിട്ടില്ല.

അതേ ബിന്ദുവിൽ നിന്നാണ് നാദവും ഉണ്ടായത്. ആ ബിന്ദു വികാസം പ്രാപിച്ചു പൊട്ടിത്തെറിച്ചപ്പോൾ നാദം ഉണ്ടായി. നാദവും അക്ഷരങ്ങളും (അക്ഷര ബ്രഹ്മം) ചേർന്നു നാമവും മന്ത്രങ്ങളും ഉണ്ടായി. നാമത്തിന് രൂപവും ഉണ്ടായി. ബിന്ദുവിൽ തുടങ്ങി ബിന്ദുവിൽത്തന്നെ അവസാനിക്കുന്നതുകൊണ്ടാണ് പ്രപഞ്ചം വൃത്താകാരത്തിൽ ആണെന്നു പറയുന്നത്.

ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രയത്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നതാണ് യന്ത്രം. കലകളും വരകളും ഉപയോഗിച്ചു നിർമ്മിക്കുന്നതാണ് യന്ത്രങ്ങൾ. താന്ത്രികൻ യന്ത്രങ്ങളിൽ മന്ത്രങ്ങൾ ന്യസിക്കുമ്പോൾ മാത്രമേ അത് പ്രായോഗികമാകുകയുള്ളു. അല്ലെങ്കിൽ അതു വരകളും കുറികളും ചേർന്ന ഒരു ചിത്രം മത്രമേ അയിരിക്കൂ.

വീട്ടിൽ നമ്മെ ജോലിയിൽ സഹായിക്കുന്ന പല യന്ത്രങ്ങളും ഉണ്ട്. അവ പ്രവർത്തിക്കണമെങ്കിൽ അതിൽ ഏതെങ്കിലും തരത്തിലുള്ള ശക്തി പ്രവേശിക്കണം.
ഫാൻ, മിക്സി, ടെലിവിഷൻ ഇവയൊക്കെ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുമ്പോൾ സൈക്കിൾ പോലുള്ള വാഹനങ്ങൾ നമ്മൾ ചവിട്ടി നമ്മുടെ തന്നെ ശക്തിയുപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.

എന്നാൽ കാർ തുടങ്ങിയ വാഹനങ്ങൾ പലതരത്തിൽ ഉള്ള ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ആ ഇന്ധനങ്ങളെ ശക്തിയാക്കി തീർക്കാനുള്ള മാർഗങ്ങൾ അതിൽത്തന്നെ ഉൾക്കൊള്ളുന്നുണ്ട്. അത്തരത്തിലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ചില്ലായെങ്കിൽ അവയൊന്നും പ്രവർത്തന നിരതം ആകുകയില്ല.

അതേപോലെയാണ് ഈ താന്ത്രിക യന്ത്രങ്ങളും. അവയെ ശക്തിയാക്കാൻ ഉള്ള മന്ത്രങ്ങൾ അതിൽ ഉൾക്കൊള്ളിക്കുമ്പോൾ ആ യന്ത്രങ്ങൾ നമ്മുടെ പ്രയത്നങ്ങളെ ലളിതമാക്കാൻ സഹായിക്കുന്നു. ഇങ്ങനെ യന്ത്രങ്ങൾ ഉണ്ടായി.

മന്ത്രം

എല്ലാ പ്രപഞ്ചഘടകങ്ങളേയും കൂടി അറുപത്തിനാലു കലകളിൽ ചേർത്തിരിക്കുകയാണ് തന്ത്രം. പ്രപഞ്ചത്തിലെ ഓരോ അംശത്തേയും "കല" എന്നാണ് തന്ത്രം വിളിക്കുന്നത്. കല എന്നാൽ അംശം (ഭാഗം, ഉൾക്കൊള്ളുന്ന ഘടകം) എന്നാണ് അർത്ഥമാക്കുന്നത്. ഭാഷയിൽ അൻപത്തിനാലു കലകൾ - അക്ഷരങ്ങൾ - പ്രപഞ്ചോപകാരത്തിനായി പ്രകടമാക്കിയിട്ടുണ്ട്.

"ഓം " എന്ന പ്രണവ ശബ്ദം മുതൽ "ശ്രീം" എന്ന പരമൈശ്വര്യത്തിൻ്റെ ശബ്ദം വരെയുള്ള അക്ഷരങ്ങൾ സംസ്കൃതഭാഷയിലുണ്ട്
ബിന്ദു, നാദം, അ, ഉ, മ്, തുടങ്ങിയ അഞ്ചെണ്ണം വ്യാഹൃതികളാണ്. (5)
ഓം- പ്രധമ പൂർണ്ണ കല (1)
അം, ആം, ഇം, ഈം, ഉം, ഊം, ഋം, ൠ, ഌo, ൡo, എം, ഐം, ഒo, ഔo, അം, അഃ (അഹം) (16 സ്വര കലകൾ)
കം, ഖം, ഗം, ഘം, ങം, ചം, ഛം, ജം, ഝo, ഞം, ടം, ഠം, ഡം, ഢo, ണം,
തം, ഥം, ദം, ധം, നം, പം, ഫം, ബം, ഭം, മം, (25 സ്വര കലകൾ)
യം, രം, ലം, വം, ശം, ഷം, സം, ഹം, ളം, ക്ഷം, ത്രം, ജ്ഞം (12 )
ശ്, ര്, ഈ, നാദം, ബിന്ദു. (5)
(5+1+16+25+12+5=64)

ഈ ശാസ്ത്രം ശബ്ദരൂപവും കൂടിയാണ്. ഈ നാദബ്രഹ്മമെന്ന് പറയപ്പെടുന്ന തത്വമാകട്ടെ"പര, പശ്യന്തി, മാധ്യമ, വൈഖരി" എന്നിങ്ങനെ നാല് പിരിവുകളോട് കൂടിയതാണ്. അവയിൽ 'പരാ' എന്നതു ജ്ഞാനികളാലും, 'പശ്യന്തി' കേവലം യോഗികളാലും, 'മദ്ധ്യമാ' ധ്യാനശക്തിയോടുകൂടിയ ഉപാസകരാലും, 'വൈഖരി' വേദശാസ്ത്രജ്ഞന്മാരാലും പണ്ഡിതന്മാരാലും അനുഭവിക്കത്തക്കതാണ്.
ഇവയിൽ മൂന്നു ഭാഗവും അന്തർമുഖമായും, വൈഖരിയെന്ന ഒരു ഭാഗം ബഹിർമുഖമായും ഇരിക്കും. ആ വൈഖരിയായതു ബഹുവിധ വേദശാസ്ത്രഭാ‌ഷാവിശേ‌ഷങ്ങളായി വികസിച്ചിരിക്കുന്നു.

ഉപാധിസംബന്ധങ്ങളാൽ ഏകമായ ആ അക്ഷരം, (ഓം) മൂന്നായും (അ, ഉ, മ). പിന്നീടത് പതിനാറായും, അൻപതായും (സ്വരാക്ഷരങ്ങളും വ്യഞ്ജനക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ) മാറുമ്പോൾ ആ അക്ഷരങ്ങളെ വർണ്ണങ്ങളെന്നു പറയും.
അപ്രകാരം വികസിച്ചിരിക്കുന്ന ആ വൈഖരി തുടക്കത്തിൽ സ്വയം ഏകാക്ഷരമായിരിക്കും. ധ്വനി, നാദം, ശബ്ദം എന്നൊക്കെ പറയുന്ന ഇത് ഒരു വ്യക്തിയുടെ ഉള്ളിൽ അനുഭവവേദ്യമാകുന്നത് നാഡികളുടെ കമ്പനത്തിലൂടെയും പുറത്തിനിന്നുള്ള നാദം പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കേൾവിശക്തിയിലൂടെയും ആണ്.

നാദത്തിന് പര, പശ്യന്തി, മാധ്യമ, വൈഖരി എന്ന് നാലവസ്ഥകൾ പറഞ്ഞുവല്ലോ. ആ നാദം എവിടെ നിന്ന് ഉദിച്ച് എവിടെ അസ്തമിക്കുന്നോ ആ സ്ഥാനം "പര" യെന്ന് പറയുന്നു.
ഈ നാദം ഏതെങ്കിലും ഉപാധികളോട് ചേരുമ്പോൾ"പശ്യന്തി" എന്ന് പറയും. ഈ നാദത്തിൽ മാത്രകൾ(അക്ഷരങ്ങൾ - മാതൃക്കൾ) ചേരുമ്പോൾ "മധ്യമ" എന്ന് പറയും. ഇവ അക്ഷരങ്ങൾ - അകാരാദി വർണ്ണങ്ങൾ ആയി വികസിക്കുമ്പോൾ "വൈഖരി" എന്നും പറയും.

ദധീചൻ

ദധീചൻ

ഭൃഗു മഹർഷിയുടെ പുത്രനായിരുന്നു ദധീചൻ അഥവാ ദധീചി. മറ്റൊരാൾക്കു കൈമാറിയാൽ തല ഛേദിക്കപ്പെടും എന്ന താക്കീതോടെ ഇന്ദ്രൻ  മഹർഷിക്ക് ഉപദേശിച്ച വിദ്യ,  മഹർഷി അശ്വനി ദേവകൾക്ക് പകർന്നു നല്കി.  ഗുരു ' തല കളഞ്ഞു ' പകർന്നു നൽകിയ അറിവിനു പകരം ഗുരുവിൻറെ തല രക്ഷിക്കാൻ അശ്വനിദേവന്മാർ തീരുമാനിച്ചു.  ഇന്ദ്രൻ വാൾ ചുഴറ്റിയെത്തിയപ്പോൾ ദധീചന്റെ കഴുത്തിലെ കുതിരത്തല കണ്ട്  ആ കുതിരത്തല ഛേദിച്ചു. ശേഷം അശ്വിനി ദേവതകൾ ഗുരുവിന്റെ യഥാർത്ഥ തല തന്നെ അദ്ദേഹത്തിന്  നല്കി രക്ഷിച്ചു.

ദധീചിയുടെ ശരീരം ലോഹസത്തിനാൽ നിർമ്മിക്കപ്പെട്ടെത്രേ. മഹർഷിയുടെ തപസ്സിൽ അസ്വസ്ഥനായ ഇന്ദ്രൻ അലംബുഷയെന്ന ദേവാംഗനയെ തപസ്സ് മുടക്കാൻ അയച്ചു.  അളവിൽ കാമം ഉദിച്ച മുനിയുടെ രേതസ്സ് സരസ്വതി നദിയിൽ വീണു. സരസ്വതി നദിയുടെ പുത്രനെ മുനി സാരസ്വതൻ എന്നു നാമം നല്കി. ഒരു വ്യാഴവട്ടക്കാലം മഴപെയ്യുന്നില്ലെങ്കിൽ സാരസ്വതന്റെ കനിവാൽ മഴ പെയ്യുമെന്ന് വരവും നല്കി.

വസിഷ്ഠകുലജാതനായ ധനഞ്ജയൻ എന്ന ബ്രാഹ്മണന് ആറു ഭാര്യമാരിൽ നൂറു പുത്രന്മാരും ശാലക എന്ന ഭാര്യയിൽ കരുണൻ എന്ന പുത്രനും ജനിച്ചു. നൂറു പുത്രന്മാരും സമ്പത്തിനായി തമ്മിലടിയായിരുന്നു. കരുണൻ മഹർഷിയായി. ഒരിക്കൽ മറ്റു മഹർഷിമാരോടൊപ്പം ഭവനാശിനീ തീരത്ത് നരസിംഹമൂർത്തി ദർശനത്തിനെത്തിയ കരുണൻ ഒരു ബ്രാഹ്മണന്റെ മുന്നിൽ ഇരുന്ന ചെറുനാരങ്ങ എടുത്തു അതിന്റെ സുഗന്ധം ആസ്വദിച്ചു. അത് കണ്ട് മറ്റു ബ്രാഹ്മണർ നീ നൂറു വർഷം ഈച്ചയായി പിറക്കട്ടെയെന്ന് ശപിച്ചു.  ദധീചി മഹർഷിയാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു.

കരുണൻ എന്ന ഈച്ച തന്റെ അവസ്ഥയെകുറിച്ച് ഒരുവിധം ഭാര്യയെ ബോദ്ധ്യപ്പെടത്തി. ഈച്ച  , ഈച്ചയുടെ സ്വഭാവം കാണിച്ചു ചിലർ അതിനെ എണ്ണയിൽ ചാടിച്ചു. കരുണന്റെ ഭാര്യ സുചിസ്മിത , ചത്ത ഈച്ചയെ മടിയിൽ വച്ച് കരയുന്നത്  കണ്ട് അരന്ധതീ ദേവീ മൃത്യുഞ്ജയ മന്ത്രം ധ്യാനിച്ച് ഒരു നുളളു ഭസ്മം ഇട്ട് ഈച്ചയെ ജീവിപ്പിച്ചു. നൂറുകൊല്ലം ആവാറായപ്പോൾ ഈച്ച വീണ്ടും കൊല്ലപ്പെട്ടു. സുചിസ്മിത ദധീചിയെ സമീപിച്ചു  . അദ്ദേഹം ഭസ്മം കയ്യിലെടുത്ത് ശിവസ്തുതിയോടെ ഈച്ചയുടെ ശരീരത്തിലിട്ടു. അതോടെ ശാപമോചിതനായ കരുണനും ഭാര്യയും ദധീചിയെ നമസ്ക്കരിച്ച് ആശ്രമത്തിലേയ്ക്ക് മടങ്ങി.

വജ്രായുധ നിർമ്മിതിക്കായി ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ഇന്ദ്രൻ ദധീചി മഹർഷിയോട് അദ്ദേഹത്തിന്റെ അസ്ഥി യാചിച്ചു വാങ്ങുകയുണ്ടായി. ദേവലോക സംരക്ഷണത്തിനായി മഹർഷി തന്റെ അസ്ഥി നല്കി. വജ്രായുധത്തിന്റെ സഹായത്താൽ ഇന്ദ്രൻ വൃത്രാസുരനെ വധിച്ച് ദേവലോകം വീണ്ടെടുത്തു.

ദുർഗാപൂജ വിവരണം

ദുർഗാപൂജ വിവരണം

മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുർഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയിൽ ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെയും ആരാധിക്കുന്നു. ഇതാണ് നവദുർഗ്ഗ. പഞ്ചാബികൾക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്നാട്ടിൽ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്നു ദിവസം പാർവതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു. കേരളത്തിൽ ഇത് പൂജവയ്പ്പിന്റെയും വിദ്യാരംഭത്തിന്റെയും സംഗീതം, നൃത്തം തുടങ്ങിയ കലകളുടെയും ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവിൽ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങ്. ചിലയിടങ്ങളിൽ വൃശ്ചിക തൃക്കാർത്തികക്കും ദുർഗ്ഗാപൂജ നടത്താറുണ്ട്.

ഐതിഹ്യം

ക്രൂരനായ മഹിഷാസുരൻ തപസുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകൾ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവർഷം നീണ്ടുനിന്ന മഹായുദ്ധത്തിൽ മഹിഷാസുരൻ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാർ ശിവനേയും മഹാവിഷ്ണുവിനേയും ശരണം പ്രാപിച്ചു. അവരുടെ ശരീരത്തിൽ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയിൽ പതിച്ച് ദുർഗാദേവി രൂപംകൊണ്ടു. ദേവന്മാർ ആയുധങ്ങളും ആഭരണങ്ങളും ദുർഗാദേവിക്ക് നൽകി. ഹിമവാൻ ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുർഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.ഹിന്ദു പുരാണങ്ങൾ പ്രകാരം ദേവി പാർവ്വതിയുടെ രാജസ ഭാവം ആണ് ദേവി ദുർഗ്ഗ ,പാർവ്വതിയുടെ താമസ ഭാവം ആണ് ദേവി മഹാകാളി . ദേവി ശ്രീ പാർവ്വതിയെ സ്വാതിക സ്വരൂപിണി ആയും ആരാധിക്കുന്നു

            

ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും. ഗര്‍ഭ രക്ഷയ്ക്കും സുഖപ്രസവത്തിനും ഒക്കെയായി സ്ത്രീകൾ ഒരു പക്ഷേ, ആശുപത്രികളേക്കാൾ അധികം വിശ്വസിക്കുന്ന ഒരപൂർവ്വ ദേവസ്ഥാനത്തിന്റെ കഥയാണിത്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം...

കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
900 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ ദേവി എങ്ങനെയാണ് എത്തിയത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി എന്നാണ് വിശ്വാസം

പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം. മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ ഈ കാരണവരെ യോഗീശ്വര ഭാവത്തിൽ ഉപദേവതാ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മഹാദേവൻ, വല്യച്ചന്മാർ, യക്ഷിയമ്മ, സർപ്പ ദൈവങ്ങൾ എന്നീ ഉപദേവാലയങ്ങൾ കൂടാതെ അമ്മൂമ്മക്കാവ് എന്ന ഉപദേവതയും ഇവിടെ കുടികൊള്ളുന്നു. മീനത്തിലെ രേവതി നാളിലാണ് ഭഗവതിയുടെ തിരുന്നാള്‍ നടത്തുന്നത്.

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ആചാരങ്ങളാണ് മാലിൽ ക്ഷേത്രത്തിലുള്ളത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ് വിശ്വാസം.

തിരുജ്ഞാന സംബന്ധർ

തിരുജ്ഞാന സംബന്ധർ

പ്രാചീനകാലത്ത് ശിവഭക്തന്മാരായി 63- നായനാന്മാർ ജീവിച്ചിരുന്നു. ഇവർ അനേകം വിശിഷ്ട സ്തുതികളും രചിച്ചിട്ടുണ്ട്.  ഇവരിൽ പ്രസിദ്ധരായവർ; തിരുജ്ഞാന സംബന്ധർ, തിരുനാവുക്കരശർ, സുന്ദരമൂർത്തി.

ശിവപാദരായരുടെയും ഭഗവതിയാരുടെയും പുത്രനായി തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തിനടുത്ത ശീർകാഴിയിൽ ക്രിസ്ത്വബ്ദം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.  ശൈവമതാചാര്യനായ ഇദ്ദേഹത്തിന് മുന്നു വയസ്സിൽ  ദിവ്യജ്ഞാനമുണ്ടായി. ബ്രഹ്മതീർത്ഥം എന്ന ക്ഷേത്രകുള കല്പടവിൽ കുഞ്ഞിനെ ഇരുത്തി പിതാവ് കുളിക്കാനിറങ്ങി. അച്ഛനെ കാണാഞ്ഞ് പടവുകളിറിങ്ങി കുഞ്ഞ്.  പാർവതി പരമേശ്വരനുമൊത്ത് പ്രത്യക്ഷയായി കുഞ്ഞിനെ എടുത്തു പാലുകൊടുത്തു. പാർവതി സ്തനങ്ങൾ നുണഞ്ഞുകഴിഞ്ഞ കുഞ്ഞ് ഉരുവിട്ടത് പാർവ്വതീസ്തവങ്ങൾ!.

അത്ഭുതസിദ്ധികളോടെ നാടെങ്ങും ചുറ്റി സഞ്ചരിച്ചിരുന്ന തിരജ്ഞാനസംബന്ധർക്ക് പിതാവ് വിവാഹമുറപ്പിച്ചു. ചിദംബരക്ഷേത്ര സന്നിധിയിൽ വധുവിനൊപ്പം ബന്ധുജനങ്ങളും നോക്കി നില്ക്കെ തിരുജ്ഞാന സംബന്ധർ ഒരു ശിവസ്തുതി പാടിപ്പാടി  ശിവവിഗ്രഹത്തിൽ ചെന്നു ലയിക്കുകയുമുണ്ടായത്രെ!.

തിരനാവുക്കരശർ ആയിരുന്നു സംബന്ധരുടെ പ്രധാന ശിഷ്യൻ.  അരശർ , നാലായിരത്തിതൊളളായിരത്തോളം ശിവസ്തുതികൾ രചിച്ചിട്ടുണ്ട്.  പ്രചാരത്തിലുള്ള മുന്നൂറ്റിപ്പന്ത്രണ്ടും.

    

തന്ത്രി

തന്ത്രി

തന്ത്രി എന്ന് കേൾക്കുന്ന മാത്രയിൽ സ്ഥിര ബുദ്ധി നഷ്ടപ്പെടുന്ന മന്ത്രിമാർ മുതൽ വിപ്ലവ പുൽനാമ്പുകൾ വരെ ആണ് ചുറ്റും. തന്ത്രി എന്ന സ്ഥാനം വിശ്വാസികൾക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി എന്നത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ ആണ് ഈ ആക്രമണവും.  ശുഷ്ക ബുദ്ധികൾക്ക് ബ്രാഹ്മണ വിരോധത്തിന്റെയും, പൂണൂലിന്റെയും,  വിഭൂതിയുടെയും, തന്ത്ര മന്ത്രങ്ങളുടെയും വെറുപ്പിനും ഭയത്തിനുമപ്പുറം തന്ത്രിയെ ദർശിക്കാനാവില്ല . വിശ്വാസികൾ പക്ഷെ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തിൽ ആദ്യ ആറു പടലങ്ങൾ  ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീർണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി.

ക്ഷേത്രമെന്ന ചിന്ത പ്രാവർത്തികമാവുമ്പോൾ  മുതൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ ആരംഭിക്കുന്നു. പല ഘട്ടങ്ങൾ പരിശോധിക്കാം

ആചാര്യവരണം

ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . ക്ഷേത്രം നിർമിക്കാൻ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികർമികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമർപ്പിച്ചു നമസ്കരിക്കുന്നു . ക്രിയകൾക്കായി വേണ്ട പവിത്ര മോതിരവും , തറ്റുടുക്കാനുള്ള വസ്ത്രവും,  യജനോപവീതവും നൽകുന്നു.

ഭൂപരിഗ്രഹം

അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ  ഭൂമി തിരഞ്ഞെടുത്ത ശേഷം, കർഷണം ചെയ്യത്‌, സ്ഥല ശുദ്ധി ചെയ്യത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂർത്തത്തിൽ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കൽപ്പമാണല്ലോ. വാസ്തുബലി, വാസ്തുപൂജ,  ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളിൽ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേൽ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേൽ അനാഹത ചക്രപ്രതീകമായ പത്മവും, പദ്മത്തിൽ ഹൃദയസ്ഥാനമായ പ്രാണശക്തിയും  അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു .

ഇഷ്ടകാന്യാസം, ഗര്ഭപാത്ര സ്ഥാപനം

ശ്രീകോവിൽ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ്. ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗർഭ പാത്ര സ്ഥാപനം ഭൂമിയിൽ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി  ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗർഭപാത്രത്തിൽ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു .

ശിലാ പരിഗ്രഹം

ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങൾ വിധിപ്രകാരം പൂജിക്കുന്നു. വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങൾ തികഞ്ഞ ശിലയെ കണ്ടെത്തിയാൽ ദേഹശുദ്ധ്യാതികൾ ചെയ്തു പുറപ്പെടുന്നു. ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കുമുകളിൽ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്ന ദർശനത്തെ പ്രാർത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശിൽപികൾ  വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

മുളയിടൽ

ബിംബ നിർമാണം പൂർത്തിയായാൽ തന്ത്രി  വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിർമ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത്. മുളയിടൽ എന്ന് വിളിക്കുന്ന ചടങ്ങിൽ മുളപ്പാളുകളിൽ ശ്രീ മഹാവിഷ്ണുവിനേയും ബീജത്തിൽ ശ്രീ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നിൽക്കുന്നുവോ അത്രയും നാൾ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു .

ബിംബ പരിഗ്രഹം

ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതിൽ കിടത്തുന്നു. പൂജിച്ച സ്വർണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട്  നേത്ര ഉന്മീലനം നടത്തുന്നു. ശില്പിയിൽ നിന്നും ശില്പത്തെ ക്ഷേത്ര യജമാനൻ ഏറ്റു വാങ്ങി തന്ത്രിക്കു സമർപ്പിക്കുന്നു .

ബിംബശോധന

നെയ്യ്, തേൻ, മരത്തൊലികൾ, പുറ്റു മണ്ണ് , ചെറുപയർ, മഞ്ഞൾ മുതലായവ ബിംബത്തിൽ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതൽ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളിൽ സ്പർശിക്കുന്നു .

കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തിൽ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വർണവും ചരടിൽ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യിൽ കെട്ടുന്നു . സ്വർണം സൂര്യമണ്ഡലവും, കടുക് അഗ്നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആവുന്നു . ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കൽപ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീർത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാൽ പലകമേൽ കിഴക്കു ശിരസായി കിടത്തി വെള്ളത്തിൽ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു.

പ്രാസാദ ശുദ്ധി

പ്രാസാദം എന്നാൽ ശ്രീകോവിൽ ആകുന്നു. തന്ത്രി ബിംബത്തെ ദർഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികൾ കാണിച്ചു പ്രാസാദ  ശുദ്ധി പൂർത്തിയാക്കുന്നു

അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു. ഗര്ഭഗൃഹത്തിൽ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

വാസ്തുദേവപൂജ

അഗ്നികോണിൽ നടത്തുന്ന  രക്ഷോഘ്‌ന ഹോമം, ഈശ കോണിൽ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗർഭ ഗൃഹത്തിന്റെ മധ്യത്തിൽ പ്രാസാദ മൂർത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങൾ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു .

ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശാന കോണിൽ പത്മങ്ങൾ വരച്ച് ബിംബ ശുദ്ധി കലശങ്ങൾ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങൾ നിറയ്ക്കുന്നു . ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തിൽ ആടുന്നു  .

മണ്ഡപ സംസ്കാരം

ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂർവാദി ദ്വാരത്തിൽ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

അഗ്നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തിൽ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു. കുണ്ഡത്തിൽ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗർഭപാത്രത്തിൽ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗർഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങൾ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു.

ശയ്യാപൂജ

മണ്ഡപത്തിൽ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കൽ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാൽ ഉപഹാര ദ്രവ്യങ്ങൾ വച്ച് പൂജിച്ചു  അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങൾ വെയ്ക്കുന്നു .

ജലോദ്ധാരം

ശയ്യയിൽ കടത്തിയിരിക്കുന്ന ബിംബത്തിൽ അനന്തരം ധ്യാനാധിവാസം നടത്തുന്നു. പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി, ഭൂതസംഹാര കൃയകൾ നടത്തുന്നു. തന്ത്രി സ്വശരീരത്തിൽ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദർഭ പുല്ലു കൊണ്ട് സ്പർശിക്കുമ്പോൾ മേല്പറഞ്ഞ ക്രിയകൾ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം. അതിനായുള്ള ബിംബവുമായി തന്റെ നാഡികൾ ബന്ധിപ്പിക്കുന്ന  നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു. ശേഷം ആചാര്യ കുണ്ഡത്തിൽ ഹോമം ചെയ്തു സാമ്പാതം  ബിംബത്തിൽ ചേർത്ത് ശിരസ്തത്വ ഹോമം പൂർത്തിയാക്കുന്നു.

അധിവാസഹോമം

ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങൾ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു. തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച  സമ്പാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്പാതം നപുംസക ശിലയിലും സ്പർശിക്കുന്നു . മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാൽ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തിൽ പാല്പായസം ഉണ്ടാക്കി നിവേദ്യവും, ബ്രാഹ്‌മണ ഭോജനവും, ബലിക്രിയയും ചെയ്യുന്നു.

പ്രതിഷ്ഠ

ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. സങ്കീർണമായ വിഗ്രഹ, നപുംസക ശിലാപ്രതിഷ്ഠയും, പീഠപ്രതിഷ്ഠയും, നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു. ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയിൽ എത്തിച്ച്, ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു. നപുംസക ശിലയും പീഠവും കര്മങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത്. മുഹൂർത്തത്തിൽ ബിംബത്തെ പീഠത്തിനു മുകളിൽ വച്ച് പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തിൽ സംക്രമിപ്പിക്കുന്നു .

ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം . പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യൻ ദീക്ഷ കൊടുക്കുന്നതായി. ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങൾ നിശ്‌ചയിക്കുന്നു . ക്ഷേത്ര മര്യാദകൾ ക്ഷേത്ര പുരുഷൻ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ്. അവ പാലിക്കേണ്ടത് കർത്തവ്യവും. ഇല്ലെങ്കിൽ ചൈതന്യ ലോപം സുനിശ്ചിതവും.

ഇത്രയേറെ സങ്കീർണമായ അനുഷ്ഠാനങ്ങളും യാതനകളും, ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത്‌ ക്ഷേത്രത്തിലെ തന്ത്രിമാർക്കല്ലാതെ വേറെ ആർക്കാണ് ദേവന്റെ, ക്ഷേത്രത്തിന്റെ കാര്യത്തിൽ പരമാധികാരം...?