ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടത്

സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടത്

ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. 

വിളക്ക് കൊളുത്തുമ്പോൾ 
ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ 

ദീപം കണ്ടു തൊഴുമ്പോൾ 
ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം
മമ ദുഃഖവിനാശായ
സന്ധ്യാദീപം നമോസ്തുതേ 

ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി, വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് .

ഗണപതി - ഓം ഗം ഗണപതയേ നമ:
സരസ്വതി - ഓം സം സരസ്വ െത്യെ നമ:
ഗുരു - ഓം ഗും ഗുരുഭ്യോ നമ :
ശിവൻ - ഓം നമഃശിവായ
ദേവി - ഓം ഹ്രീം ഉമായൈ നമ :
സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ
നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ
മഹാവിഷ്ണു - ഓം നമോ നാരായണായ
മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ'
ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.

അഥർവ്വവേദം

അഥർവ്വവേദം

അഥർവ്വവേദത്തിൽ ഇൗശ്വരോപാസനക്കു പുറമേ എല്ലാ പ്രകാരത്തിലുമുള്ള ഭൂതപ്രേതാദി ബാധകൾക്കും പ്രകൃതി ക്ഷോഭങ്ങൾക്കും സമാധാനമുണ്ടാക്കുന്ന പ്രയോഗങ്ങൾ, വിപ്ലവത്തിന്നു ഉത്തേജകം നൽകുന്ന രീതികൾ, ശത്രുക്കളേയും ദുഷ്ടന്മാരേയും നീക്കം ചെയ്യുന്നതിന്നുള്ള മരണമാരണപ്രയോഗങ്ങൾ  മുതലായവ വിവരിച്ചിരിക്കുന്നു. ഇൗ വിഷയങ്ങളെ ശാന്തികം, പൗഷ്ടികം, ആഭിചാരികം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു. വിപദ്ദൂരീകരണം, ആത്മരക്ഷ, ശത്രുനിവാരണം എെശ്വര്യ പ്രാപ്തി എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന വളരെ മന്ത്രങ്ങൾ ഇൗ വേദത്തിലൂണ്ട്.

പൈപ്പലം, ദാന്തം, പ്രദാന്തം, സ്നാതം, സൗത്രം, ബ്രഹ്മദാബലം, ശൗനകം, ദേവദർശിനി, ഒൗപചരണവിദ്യ എന്നീ ഒമ്പത് ശാഖകൾ അഥർവ്വവേദത്തിനുണ്ടെങ്കിലും  ഇപ്പോൾ പ്രചാരത്തിലുള്ളത് ശൗനക ശാഖമാത്രമാണ്.

അഥർവ്വവേദ മന്ത്ര ദ്രഷ്ടാക്കൾ അംഗിരസ്സ്, അഥർവ്വൻ, ഭൃഗുമുനിയുടെ വംശജർ എന്നീ ഋഷിമാരാണ് എന്ന് ഒരഭിപ്രായമുണ്ട്. സൂതസംഹിതയിലെ നിർണ്ണയപ്രകാരം വേദത്തെ നാലായി ഭാഗിച്ച വേദവ്യാസന്റെ നാമമാണ് മന്ത്രദ്രഷ്ടാവായി പറഞ്ഞു കാണുന്നത്.

അഥർവ്വവേദത്തിൽ 760 സൂക്തങ്ങളും 6000 മന്ത്രങ്ങളുമുണ്ട്. ഇതിന്റെ ബ്രാഹ്മണ ഗ്രന്ഥം, ഗോപഥ ബ്രാഹ്മണമാണ്. ഇതിലെ ജ്ഞാന കാണ്ഡത്തിൽ അനേകം ഉപനിഷത്തുക്കളുണ്ടായിരുന്നു. ലബ്ധമായിട്ടുള്ളവയിൽ ജാബാലം, കൈവല്യം, ആനന്ദവല്ലി, തേജോബിന്ദു, ധ്യാനബിന്ദു, അമൃതബിന്ദു, ഗുഹ്യബിന്ദു, നാദബിന്ദു, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം എന്നീ ഉപനിഷത്തുക്കൾ പ്രസിദ്ധമാണ്.

ഷഡംഗങ്ങൾ ശീക്ഷാഗ്രന്ഥം അഥർവ്വണീയമാണ്. പ്രാചീന ഭാർഗ്ഗവശിക്ഷ ഇപ്പോൾ ലഭ്യമല്ല. സ്ഥാപത്യവേദം അഥവാ ശില്പവേദം, അർഥോപവേദം എന്നിവ അഥർവ്വവേദത്തിന്റെ ഉപവേദങ്ങളാണ്.

വിശ്വകർമ്മാവുമായി ബന്ധപ്പെട്ട സ്ഥാപത്യവേദത്തെപ്പോലെ അർത്ഥോപവേദത്തിന്നും അനേകം ഗ്രന്ഥങ്ങളുണ്ട്. അർത്ഥശാസ്ത്രം, ദെനംദിന ജീവിതക്രമങ്ങൾ, സാമുദായിക ഘടന, രാഷ്ട്രനീതി മുതലായവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

അർത്ഥോപവേദത്തിൽ ഒരു ലക്ഷം ശ്ളോകങ്ങളും, അർത്ഥവാദത്തിൽ 30000 ശ്ളോകങ്ങളും, അർത്ഥചന്ദ്രോദയത്തിൽ 20000, ശ്ളോകങ്ങളും സമ്പത് ശാസ്ത്രത്തിൽ 12000 ശ്ളോകങ്ങളും, കാശ്യപ ഋഷി വിരചിതമായ നീതിപ്രഭയിൽ 27000 ശ്ളോകങ്ങളുമുണ്ട്. കൗടില്യന്റെ 15 അധികരണങ്ങളുള്ള അർത്ഥശാസ്ത്രമാണ് ഇന്നു പ്രചുരപ്രചാരമായിട്ടുള്ളത്.

വേദപഠനത്തിൽ വേദാംഗങ്ങളും ഉപവേദങ്ങളും അവയെ അവലംബിച്ചു നിൽക്കുന്ന മറ്റു ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. ഇങ്ങനെ അംഗോപാംഗ സഹിതമായ വേദപഠനത്താൽ ലൗകികവും പാരത്രികവുമായ സർവ്വവിജ്ഞാനത്തിന്റെയും മൂലതത്വങ്ങൾ അറിവാൻ കഴിയുന്നു. ഉപവേദങ്ങളോരോന്നും ആദിയിലുണ്ടായ ഒാരോ വിജ്ഞാനകോശം തന്നെയാണ്

സാമവേദം

സാമവേദം

ഗാനപ്രധാനമായ വേദമാണ് സാമവേദം. നാരദമുനി വേദമന്ത്രങ്ങൾ ഗാനം ചെയ്യുന്നു. "സാമാഭിഃ സ്തൂയതേ പരമേശ്വരഃ" ഇൗ വേദത്തിന്നു പൂർവ്വാർച്ചികമെന്നും, ഉത്തരാർച്ചികമെന്നും രണ്ട് പൂർവ്വോത്തര ഭാഗങ്ങളുണ്ട്.

ഋഗ്വേദമന്ത്രങ്ങളെത്തന്നെ ഗാനാത്മക രീതിയിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ 75 പ്രത്യേക മന്ത്രങ്ങളുമുണ്ട്. സപ്തസാമമെന്നു പറയെപ്പെടുന്ന ഇതിലെ പൂർവ്വസംഹിതാ മന്ത്രങ്ങൾ യജ്ഞാവസരത്തിൽ ഗാനം ചെയ്യുന്നു. ഇതിൽ പരമേശ്വരൻ, യജ്ഞേശ്വരൻ, വിഷ്ണു, വിരാട്പുരുഷൻ തുടങ്ങിയ ഇൗശ്വരനാമങ്ങളൂടെ മാഹാത്മ്യവും ഗൂഢാർത്ഥങ്ങളും വർണ്ണിച്ചിരിക്കുന്നു.

സാമവേദത്തിന് 8 ബ്രാഹ്മണങ്ങളുള്ളതിൽ ആർഷേയം, ദേവാദ്ധ്യായം, താണ്ഡ്യമഹാ ബ്രാഹ്മണം, അത്ഭുതം, സാമവിധാനം, എന്നീ അഞ്ചെണ്ണമേ ഇപ്പോൾ കിട്ടുവാനുള്ളൂ. ഛാന്ദോഗ്യവും, കേനോപനിഷത്തും സാമവേദത്തിലാണ്. ഷഡംഗങ്ങളിൽ നാരദീയ ശിക്ഷയാണ് പ്രധാനം. ഇതിൽ ഗാനസ്വരം, മാത്രകൊണ്ടുള്ള ചിട്ടപ്പെടുത്തൽ, മാത്രാനുസൃതമായ ഉച്ചാരണത്തിൽ സ്വരങ്ങൾ കൊണ്ട് പൂർത്തിയാകുന്നവിധം, സംഗീതകലയുടെ മൂലസിദ്ധാന്തം, ഷഡ്ജ ഋഷാഭാദി സ്വരങ്ങളുടെ ഉച്ചാരണലയാദികൾ ഇവയെപ്പറ്റി വർണ്ണിച്ചിരിക്കുന്നു. സാമഗാനത്തിൽ സ്വരങ്ങളുടെ സങ്കേതം  തർജ്ജനിയുടെ മദ്ധ്യപൂർവ്വം മുതൽ കനിഷ്ഠികയുടെ ചുവടുവരെ വന്നിട്ട് തിരിച്ച് തർജ്ജനിയുടെ അഗ്രപർവ്വം വരെ ആകുന്നു.

സാമവേദത്തിന് ആയിരം ശാഖകളുള്ളതിൽ പതിമൂന്നെണ്ണം ഇന്ന് കിട്ടുവാനുണ്ട്.

ഗാന്ധർവ്വ വേദമാണ് സാമവേദത്തിന്റെ ഉപവേദം. ഉത്തമ ഭാവങ്ങളെ ഉദ്ദീപ്തമാക്കുന്ന, ചാഞ്ചല്യങ്ങളകറ്റി മനസ്സിനെ ഇൗശ്വരോന്മുഖമാക്കി ധ്യാന നിമഗ്നമാക്കുന്ന സ്വഭാവത്തോടു കൂടിയതാണ് ഗാന്ധർവ്വവേദം. ലൗകികമായി ഇത് കാമശാസ്ത്രത്തിൽ അന്തർഭവിച്ചിരിക്കുന്നു. എന്നാൽ വേദത്തിൽ മോക്ഷോപായങ്ങളിൽ ഒന്നായി സംഗീതം നിലകൊള്ളുന്നു.

സ്വരതാളലയങ്ങളോടു കൂടിയ ഗാന്ധർവ്വവേദത്തിൽ ഒരു ലക്ഷം ഋചകളുണ്ട്. ഇതിന്റെ ഉപഗ്രന്ഥങ്ങളിൽ വാമദേവമഹർഷി വിരചിതമായ സംഗതീത രത്നാകരത്തിൽ 27000 ശ്ളോകങ്ങളുണ്ട്. ശൃംഗി ഋഷിയുടെ സംഗീത ദർപ്പണത്തിൽ 32000 ശ്ളോകങ്ങളും ശൗനക മഹർഷിയുടെ സംഗീത പ്രദീപത്തിൽ 7000 ശ്ളോകങ്ങളും സനത്കുമാര നിർമ്മിതമായ സംഗീതപ്രഭയിൽ16000 ശ്ളോകങ്ങളും ഉണ്ട്.

സംഗീത നൃത്താദി ശാസ്ത്രങ്ങളുടെ മൂലഗ്രന്ഥമായ ഗാന്ധർവ്വവേദത്തിന്റെ ഋഷിമാർ സോമശേഖരൻ, ഭരതമുനി മുതലായവരാണ്. ഇത് സംബന്ധിച്ച് 56 ഗ്രന്ഥങ്ങൾ വേറേയുമുണ്ട്.

യജുർവേദം

യജുർവേദം

യജ്ഞ പ്രധാനമായത് യജുർവേദം. കർമ്മകാണ്ഡ പ്രതിപാദകമായ ഇൗ വേദത്തിന്ന് കൃഷ്ണ യജുർവ്വേദമെന്നും ശുക്ല യജുർവ്വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്,

ചരണവ്യൂഹ ഗ്രന്ഥത്തിൽ കൃഷ്ണ യജുർവ്വേദത്തിന്ന് 86 ശാഖകളുണ്ടെന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. മഹാഭാഷ്യാകരന്റെ മതമനുസരിച്ച് നൂറ്റിയൊന്നും, മുക്തികോപനിഷത്തു പ്രകാരം നൂറ്റിയൊമ്പത്  ശാഖകളുണ്ടെന്നും കാണുന്നു. ഇപ്പോഴാകട്ടെ ചരകം, ആഹ്വരകം, കഠം, പ്രാച്യ കഠം, കപിഷ്ഠല കഠം, ഒൗപമന്യം, ആഠല കഠം, ചരായണീയം, വരായണീയം, വാർത്താന്തവേയം, ശ്വേതാശ്വതരം, മൈത്രായണീയം എന്നീ 12 ശാഖകളാണ് പ്രസിദ്ധമായവ.  മന്ത്ര ബ്രാഹ്മണാത്മകമായ കൃഷ്ണ യജുർവേദത്തിൽ 18000 മന്ത്രങ്ങളുണ്ട്. ഏഴ് അദ്ധ്യായങ്ങൾ വീതമുള്ള മന്ത്രസംഹിതകളുടെ ഏഴ് അഷ്ടകങ്ങളും, എല്ലാം കൂടി ആകെ 700 അനുവാകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ഇതിന്റെ ബ്രാഹ്മണത്തിന്നും ആരണ്യകത്തിന്നും 'തെത്തിരീയ'മെന്നു പറയുന്നു. അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം മുതലായ യജ്ഞങ്ങളെപ്പറ്റി ഇതിൽ വർണ്ണിച്ചിരിക്കുന്നു.

ശുക്ലയജുർവ്വേദം  വാജസനേയ സംഹിതയെന്നും അറിയപ്പെടുന്നു. യാജ്ഞവൽക്യനാണ് ഇതിന്റെ ഋഷി. ഇതിൽ 1900 മന്ത്രങ്ങളുണ്ട്. ജാബാലം, ഗോധേയം, കാണ്വം, മാദ്ധ്യന്ദിനം, ശാണീയം, വായനീയം, കാപാലം, പൗണ്ഡ്രം, വത്സം, ആവടികം, പരമാവടികം, പരാശരീയം, വൈരേയം,   വൈനേയം, ഒൗധേയം, മാവളം, കാത്യായനീയം എന്നിങ്ങനെ ഇതിന് 17 ശാഖകളുണ്ട്. സംഹിതകളുടെ 40 അദ്ധ്യായങ്ങളും 190 അനുവാകങ്ങളുമുള്ള ശുക്ല യജുർവ്വേദത്തിൽ ദർശം, പൗർണ്ണമാസം, ഷോഡശീ, അശ്വമേധം, പുരുഷമേധം മുതലായ യജ്ഞങ്ങളുടെ വിധിവിധാനങ്ങൾ അടങ്ങിയിരിക്കുന്നു. വൈദിക യുഗത്തിലെ സാമൂഹ്യജീവിത ക്രമങ്ങളെപ്പറ്റി വർണ്ണിച്ചിരിക്കുന്ന മന്ത്രങ്ങളുടെ ദ്രഷ്ടാവ് വിശ്വാമിത്ര മഹർഷിയാണ്. ശുക്ലയജുർവ്വേദത്തിന്റെ ബ്രാഹ്മണം രണ്ടുഭാഗവും 14 കാണ്ഡങ്ങളും 76000 മന്ത്രങ്ങളുമുള്ള ശതപഥ ബ്രാഹ്മണമാണ്. ഇതിന്റെ ശിക്ഷ യാജ്ഞവൽക്യവും, ഛന്ദോഗ്രന്ഥം ഛന്ദഃസൂത്രവും, ജ്യോതിഷം  'യാജൂഷകൽപ'വുമാണ്.

ധനുർവ്വേദമാണ് യജുർവ്വേദത്തിന്റെ ഉപവേദം.വ്യക്തിയുടെയും സമഷ്ടിയുടെയും മറ്റെല്ലാ സമ്പത്തിന്റെയും രാഷ്ട്രത്തിന്റെയും ഭദ്രതയും സംരക്ഷണവും സാധിക്കുമെന്നതിൽ ആയോധനാ രീതിക്കുള്ള സ്ഥാനം, വിവിധായോധനാ മുറകൾ, അസ്ത്ര ശസ്ത്രാദികളുടെ പ്രയോഗങ്ങൾ, ആയുധ നിർമ്മാണ വിധികൾ എന്നിവ വൈജ്ഞാനികവും ധാർമ്മികവുമായി പ്രതിപാദിക്കുന്നതാണ് ധനുർവ്വേദം.  ചതുർവിധ തത്ത്വസമ്പത്തി,  പരമാണു തത്വം, അസ്ത്രശാസ്ത്രാദികളുടെ ആവശ്യകത, ആയുധ നിർമ്മാണ വിധി, അസ്ത്ര നിർമ്മാണ വിധി, ശസ്ത്ര മന്ത്രങ്ങൾ, രാജ്യ സംരക്ഷണം, ആയുധ സംരക്ഷണം, ശത്രുക്കളുണ്ടാവുന്നതിനു കാരണം, യുദ്ധവിധി, സെനികവ്യവസ്ഥ ഇത്യാദി ആയോധന തന്ത്രത്തെപ്പറ്റി വിവരിക്കുന്ന 60000 ശ്ളോകങ്ങൾ ധനുർവ്വേദത്തിലുണ്ട്. ഇത് കൃത യുഗാരംഭത്തിൽ ശിവൻ നിർമ്മിച്ചതാണ്.

ധനുർവ്വേദത്തിനും ഉപ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്, അവയിലാദ്യത്തേത് ദ്രോണാചാര്യ വിരചിതവും 7000 ശ്ളോകങ്ങളുള്ളതുമായ ധനുഷ് പ്രദീപവും, 12 പ്രകരണങ്ങളോട് കൂടിയ ധനുഷ് ചന്ദ്രോദയവുമാണ്.

ഋഗ്വേദം

ഋഗ്വേദം

മഹർഷിമാരുടെ ഗോത്ര പരമ്പര വഴിക്ക് ഗുരുമുഖത്തിൽ നിന്ന് ശ്രവിച്ച്, മനനം ചെയ്ത് അനുഷ്ടിച്ചിരുന്നതാണ് വേദത്തിന്റെ മൂലസ്വരൂപം. അതിനാൽ വേദത്തെ 'അനാലേഖ്യ സരസ്വതി' (എഴുതപ്പെടാത്ത വിദ്യ) എന്നു പറഞ്ഞിരുന്നു. ക്രമേണ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ വേദങ്ങൾ സാമേന്യേന നാലായി വിഭജിക്കപ്പെട്ടു.

ഋഗ്വേദം :

പത്തു മണ്ഡലങ്ങളിലായി വിഭജിച്ചിരിക്കുന്ന ഋഗ്വേദത്തിൽ ആകെ 1028 സൂക്തങ്ങളുണ്ട്. ഒാരോ വേദസൂക്ത സമൂഹത്തെ മണ്ഡലമായി തിരിച്ചിരിക്കുന്നു.
ഒന്നാം മണ്ഡലത്തിൽ 191
രണ്ടാം മണ്ഡലത്തിൽ 43
മൂന്നാമത്തേതിൽ 62
നാലാമത്തേതിൽ 58
അഞ്ചാമത്തേതിൽ 87
ആറാമത്തേതിൽ 75
ഏഴാമത്തേതിൽ 104
എട്ടാമത്തേതിൽ 103
ഒമ്പതാമത്തേതിൽ 114
പത്താമത്തേതിൽ 191
എന്നീ ക്രമത്തിലാണ് ഋഗ്വേദ സൂക്തങ്ങളുടെ സംഖ്യ. ഇൗ പത്തു മണ്ഡലങ്ങളും കൂടി മൊത്തം 85 അനുവാകങ്ങളുണ്ട്. ഇതിൽ അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി, ഋതുക്കൾ, മരുത്ത് മുതലായ 79ൽ പരം ദേവതകളുടെ സൂക്തങ്ങളും ഉപാസനാ ക്രമങ്ങളും അടങ്ങിയിരിക്കുന്നു. അനുഷ്ടുപ്, അഷ്ടി, അതിധൃതി, അതിജഗതി, ധൃതി, ദ്വിപദി, ത്രിഷ്ടുപ്, ഗായത്രി, പംക്തി, പ്രഗാഥ മുതലായി 60ൽ പരം ഛന്ദസ്സുകളിലൂടെ 300ൽ പരം ഋഷികളാൽ രചിക്കപ്പെട്ടതാണ് ഋഗ്വേദം. 'ഋക്ക്' എന്ന ശബ്ദത്തിന്റെ പര്യായമായി, വിവിധ ചൈതന്യ വസ്തുക്കൾ വിവിധ ഛന്ദസ്സുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഋഗ്വേദം വേദവ്യാസമഹർഷി തന്റെ ശിഷ്യനായ പൈല ഋഷിയെ പഠിപ്പിച്ചുവെന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. കാത്യായന ഋഷി ഇൗ വേദത്തെ എട്ട് അദ്ധ്യായങ്ങൾ വീതമുള്ള എട്ട് അഷ്ടകങ്ങളായും പഠിപ്പിച്ചിട്ടുണ്ട്. ഋഗ്വേദ ദേവതകളെപ്പറ്റിയും അതിലെ സൂക്തങ്ങളെയും ഉപാസനാ രീതികളെപ്പറ്റിയും ശൗനക ഋഷി രചിച്ചിട്ടുള്ള 'ബൃഹദ്ദേവത' എന്ന് ഗ്രന്ഥത്തിൽ വിസ്തരിച്ച് വർണ്ണിച്ചിരിക്കുന്നു.

ഋഗ്വേദത്തിൽ എെതരേയമെന്നും ശാഖായനമെന്നും യഥാക്രമം നാൽപതും മുപ്പതും അദ്ധ്യായങ്ങൾ ഉള്ള രണ്ട് ബ്രാഹ്മണങ്ങളുണ്ട്. എെതരേയമെന്നും കൗഷീതകിയെന്നും ആരണ്യകങ്ങൾ രണ്ടാണ്. ഷഡംഗങ്ങളിൽ 'ശൗനകീയ ശിക്ഷ'യൊഴിച്ച് മറ്റൊന്നും ഇന്നു കിട്ടാനില്ല. ശാകലം, വാസ്കലം, ആശ്വലായനം, സാംഖ്യായനം മുതലായി 21 ശാഖകളുള്ളതിൽ ശാകല ശാഖയാണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്നത്.

'ആയുർവേദ'മാണ് ഋഗ്വേദത്തിന്റെ ഉപവേദം. ലോകത്തിലെ എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ആയുർവേദത്തോടു കടപ്പെട്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യവും മാനസികമായ സു:സ്ഥിതിയും എങ്ങിനെ നിലനിർത്താമെന്ന് ആയുർവേദത്തിൽ സാംഗോപാംഗമായി വിവരിച്ചിരിക്കുന്നു. ആദിയിൽ ആയിരം അദ്ധ്യായങ്ങളും ഒരു ലക്ഷം ശ്ളോകങ്ങളുമുള്ള ആയുർവേദം ബ്രഹ്മാവ് പ്രജാപതിക്കു നൽകി. പ്രജാപതിയിൽ നിന്ന് അശ്വനീകുമാരൻമാർ അതു പഠിച്ചു. അവരിൽനിന്ന് ഇന്ദ്രനും, ഇന്ദ്രദേവനിൽ നിന്ന് ധന്വന്തരിയും അതു പഠിച്ചു. ധന്വന്തരിയിൽ നിന്ന് ശ്രവിച്ച് മനന ധ്യാനങ്ങൾ ചെയ്ത് സുശ്രുത മുനി ഗ്രന്ഥം രചിച്ചു. അഷ്ടാംഗങ്ങളോട് കൂടിയ ആയുർവേദത്തിന് അനേകം ഉപഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ കൂടുതൽ പഴക്കമുള്ള അഗ്നീധ്രുസു രാജഗ്രന്ഥത്തിൽ 56000 ശ്ളോകങ്ങളും കർണ്ണപ്രഭയിൽ 12000 ശ്ളോകങ്ങളും ധാതുവാദ ഗ്രന്ഥത്തിൽ 60000 ശ്ളോകങ്ങളും ധന്വന്തരീ സൂത്രത്തിൽ 10000 ശ്ളോകങ്ങളും മാന സൂത്ര ഗ്രന്ഥത്തിൽ 12009 ശ്ളോകങ്ങളും ഉണ്ട്. ചരണവ്യൂഹപ്രകാരം ഋഗ്വേദത്തിന്റെയും സുശ്രുതാദിപ്രകാരം അഥർവ്വ വേദത്തിന്റെയും ഉപവേദമാണ് ആയുർവേദമെന്നു കാണുന്നുണ്ടെങ്കിലും മൂലവേദത്തിന്റെ മുഖ്യമായ ഉപവേദമാണെന്നതിന്ന് രണ്ടുപക്ഷമില്ല.

മീനമൃത്

മീനമൃത്

ഉത്തര മലബാറിലെ ചില കളിയാട്ടങ്ങളിൽ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നാണ് 'മീനമൃത്'. മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള വെള്ളുവ സമുദായത്തിൽ പെട്ട ആളുകൾക്കാണ് മീനമൃത് എടുക്കുവാനുള്ള അധികാരം. ഈ കുടുംബത്തിൽ പെട്ട ഒരാളെ വെള്ളുവക്കുറുപ്പായി സ്ഥാനം നൽകിയിട്ടുണ്ടാകും. വെള്ളുവക്കുറുപ്പിന്റെ നേതൃത്വത്തിലാണ് മീനമൃത് കൊണ്ടുവരിക. കളിയാട്ടത്തോടനുബന്ധിച്ച തെയ്യങ്ങൾ വൈകുന്നേരങ്ങളിലാണ് ഉണ്ടാവുകയെങ്കിലും, മീനമൃതിനുള്ള തയ്യാറെടുപ്പ് രാവിലെ മുതൽ തന്നെ ആരംഭിക്കും. കാവിൽ / അമ്പലത്തിൽ നിന്നുള്ള തീർത്ഥവുമായി പുഴക്കരയിലുള്ള തറവാട്ടിലേക്ക് രാവിലെ തന്നെ വെള്ളുവക്കുറുപ്പ് പുറപ്പെടും. വീട്ടിലൊരുക്കിയ സദ്യ കഴിച്ചതിനു ശേഷം തറവാട്ടിൽ വിളക്കു കൊളുത്തി മീൻ പിടിക്കാനായി സംഘത്തോടൊപ്പം യാത്രയാവും. മീനമൃതിനാവശ്യമായത്ര മീൻ ലഭിച്ചു കഴിഞ്ഞാൽ തറവാട്ടിലേക്ക് തിരിച്ചു വരും. പരൽ മീനുകളാണ് മീനമൃതിനായി സാധാരണ ഉപയോഗിച്ചു വരുന്നത്. അവിടെ വച്ച് മീനുകളെ ‘കോയ’കളാക്കി തിരിക്കും. ഈർക്കിൽ ഉപയോഗിച്ച് ലഭിച്ച മീനുകളെ കോർത്താണ് ‘കോയ’കളുണ്ടാക്കുന്നത്. പ്രസ്തുത ‘കോയ’കൾ കാലകാലങ്ങളായി ഉപയോഗിച്ചു വരുന്ന ‘തണ്ടിൽ’ കൊളുത്തിയിട്ട് വൈകുന്നേരം അമ്പലത്തിലേക്ക്/ കാവിലേക്ക് പുറപ്പെടുകയായി. വള്ളുവക്കുറുപ്പും പരിവാരങ്ങളും ‘ശീ....ഓം......, ശീം.. ഓം...... വിളികളുമായും ചീനിക്കുഴൽ, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെയും യാത്രയാകും. അമ്പലത്തിൽ/ കാവിലേക്ക് എത്തുന്ന വെള്ളവക്കുറുപ്പിനെയും, മീനമൃതിനെയും ക്ഷേത്രത്തിലെ ആചാരക്കാർ അരിയെറിഞ്ഞു സ്വീകരിക്കും. അമ്പലമുറ്റത്ത് / കാവിലെ മുറ്റത്ത് സമർപ്പിക്കുന്ന മീനമൃത് ക്ഷേത്രത്തിലെ അവകാശികൾക്കും മറ്റുള്ളവർക്കുമായി വീതിച്ചു നൽകും.
            

തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങള്‍

തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങള്‍

ഓണത്തിന് തൃക്കാക്കരയപ്പനെ കുടിവെക്കുന്ന ചടങ്ങ് പല നാട്ടിലും ഉണ്ട്. തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നു എന്ന സങ്കല്‍പ്പത്തോടെയാണ് ഓണത്തിന് പൂക്കളമിടുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നത്. ഓരോ നാടിന്റെ പ്രത്യേകതയനുസരിച്ച് തൃക്കാക്കരയപ്പന്റെ ആകൃതിയിലും വ്യത്യാസം വരാറുണ്ട്. തൃക്കാക്കരയപ്പന്‍ മാവേലിയാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ മഹാലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനാണ് തൃക്കാക്കരയപ്പന്‍. ഓണത്തിന്റെ പ്രധാന ആചാരവും തൃക്കാക്കരയപ്പനെ പൂജിക്കലാണ്. തൃക്കാക്കരയപ്പനെ എങ്ങനെ പൂജിക്കണമെന്നും തൃക്കാക്കരയപ്പനെ എങ്ങനെ ഉണ്ടാക്കാം എന്നും നോക്കാം.

കളിമണ്ണ് കൊണ്ട്

കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ അടിച്ച് പരത്തി പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടിയും ചേര്‍ക്കാം.

പിരമിഡ് കണക്ക്

തൃക്കാക്കരയപ്പന്റെ സാധാരണ ആകൃതി എന്ന് പറയുന്നത് പിരമിഡ് പോലെയാണ്. എന്നാല്‍ ഓരോ നാട്ടിലേയും സംസ്‌കാരമനുസരിച്ച് തൃക്കാക്കരയപ്പന്റെ ആകൃതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നു.

ഉത്രാടത്തിനു മുന്നേ

ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നു. അഞ്ച് തൃക്കാക്കരയപ്പന്‍മാരെയാണ് ഉണ്ടാക്കുക. നടുവില്‍ വലുതും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക.

നാക്കിലയില്‍ വെക്കും

ഉണ്ടാക്കിയ തൃക്കാക്കരയപ്പനെ നാക്കിലയില്‍ വെക്കുന്നു. അതില്‍ അരിമാവ് കൊണ്ട്അണിയിച്ച് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കും. ചെമ്പരത്തി ഈര്‍ക്കിളില്‍ കോര്‍ത്ത് തൃക്കാക്കരയപ്പന് ചൂടിക്കൊടുക്കും.

നേദിക്കാൻ

തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച് അടയുണ്ടാക്കുന്നു. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.

ഓണം കഴിഞ്ഞാല്‍

ഓണം കഴിഞ്ഞാലും തൃക്കാക്കരയപ്പനെ നിമജ്ജനം ചെയ്യണം. ഒഴുകുന്ന വെള്ളത്തിലാണ് തൃക്കാക്കരയപ്പനെ നിമജ്ജനം ചെയ്യുക. എന്നാല്‍ ഇന്ന് കോണ്‍ക്രീറ്റ്, പ്ലാസ്റ്റിക്, തടി എന്നിവ കൊണ്ടെല്ലാം എടുത്ത് വെക്കാവുന്ന രീതിയിലുള്ള തൃക്കാക്കരയപ്പനെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കൊല്ലത്തെ ഓണത്തിനും ആ തൃക്കാക്കരയപ്പനെ തന്നെ പൂജിക്കാം.

സ്വയം ശുദ്ധീകരിക്കാം, പുണ്യാഹ മന്ത്രത്താല്‍

സ്വയം ശുദ്ധീകരിക്കാം, പുണ്യാഹ മന്ത്രത്താല്‍

ജലത്തിനു മാസ്മരിക ശക്തിയുണ്ട്. പഞ്ചഭൂതങ്ങളില്‍ സമാനതകളില്ലാത്ത സ്ഥാനം കല്‍പ്പിക്കപ്പെടുന്നു ജലത്തിന്. അതുകൊണ്ടുതന്നെയാണ് ശുഭകര്‍മങ്ങള്‍ക്കെല്ലാം ജലം അവിഭാജ്യഘടകമായി മാറുന്നതും. ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ വെള്ളമാണ്. വെള്ളത്തിനു വേണ്ടിയാണ് ഇനിയുള്ള യുദ്ധങ്ങളെന്നു പോലും കുറിക്കപ്പെട്ടു കഴിഞ്ഞു. ശുദ്ധീകരണമാണ് ജലത്തിന്റെ ധര്‍മം. പരമപവിത്രമായി ഗംഗാ നദിയെ കാണുന്നതുകൊണ്ടാണ് ഗംഗയില്‍ മുങ്ങി പാപം കഴുകിക്കളയുകയെന്ന സങ്കല്‍പമുണ്ടായത്. 

എല്ലാ മനുഷ്യര്‍ക്കും ദൈനംദിന ജീവിതത്തില്‍ ജലത്താൽ ആത്മശുദ്ധീകരണം നടത്താവുന്നതാണ്. വൈദികരീതി പ്രകാരം പുണ്യാഹ മന്ത്രമാണ് ഇവിടെ ചൊല്ലേണ്ടത്. കുളിക്കുന്നതിനു മുമ്പ് കിഴക്കു നോക്കി വെള്ളം ഇരുകൈകളും ചേര്‍ത്തുപിടിച്ചെടുത്ത് ചൊല്ലേണ്ടതാണ് ഈ മന്ത്രം. ഋഗ്വേദത്തില്‍ നിന്നെടുത്ത ഇത് തര്‍പ്പണമന്ത്രമായാണ് അറിയപ്പെടുന്നത്.

ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ
ന ഊര്‍ജേ ദധാതനഃ മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേഹ നഃ ഉശതീരവ മാതരഃ
തസ്മാ അരം ഗമാമ വോ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു
പീതയോ ശംയോരഭിസ്രവന്തു നഃ

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ ഒമ്പതാം സൂക്തത്തിലെ നാലു മന്ത്രങ്ങളാണിവ. കുളിക്കുന്നതു കുളത്തിലാണെങ്കിലും ബക്കറ്റില്‍ വെള്ളമെടുത്താണെങ്കിലും വെള്ളം രണ്ട് ഉള്ളംകൈയിലും എടുത്തു ചൊല്ലണം. അതിനു ശേഷം വെള്ളത്തില്‍നിന്നു കുറച്ചെടുത്ത് തലയിലും കുളിക്കാനുള്ള വെള്ളത്തിലും തളിക്കുക. അതിനു ശേഷം വെള്ളം വീണ്ടുമെടുത്ത് ഇപ്പറയുന്ന ഓരോ മന്ത്രവും ക്രമമായി ചൊല്ലി തര്‍പ്പിക്കുക-

ദേവാം തര്‍പ്പയാമി,
ദേവഗണാം തര്‍പ്പയാമി,
ഋഷീം തര്‍പ്പയാമി,
ഋഷിഗണാം തര്‍പ്പയാമി,
പിതൃം തര്‍പ്പയാമി,
പിതൃഗണാം തര്‍പ്പയാമി.

ഈ ജലം സര്‍വമംഗളങ്ങളും നല്‍കുന്നതാണ്. ബലത്തെ നല്‍കുന്നതാണ്. വാക്ശക്തിയും ദൃഷ്ടിശക്തിയും നല്‍കുന്നതാണ്. അത്യന്തം ഐശ്വര്യപൂര്‍ണമായ ആ ജലത്തിന്റെ രസത്തെ ഞങ്ങള്‍ സേവിക്കുന്നു. കുഞ്ഞിന് അമ്മയുടെ മുലപ്പാല്‍ പോലെ പവിത്രവും ആരോഗ്യദായകവുമായിത്തീരട്ടെ ഈ ജലം- ഇതാണ് ഈ മന്ത്രം സാമാന്യമായി അര്‍ഥമാക്കുന്നത്. ആദ്യമന്ത്രം ചൊല്ലിയതിനു ശേഷം ചൊല്ലുന്ന തര്‍പ്പണങ്ങള്‍ ദേവഗണങ്ങളെയും ഋഷിമാരെയും പിതൃക്കളെയുമെല്ലാം സ്മരിക്കുന്നതാണ്.
സര്‍വ ഇന്ദ്രിയങ്ങളുടെയും കൃത്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് ജലത്തിന്റെ സഹായം കൂടിയേ തീരൂ. അതിനു നമ്മള്‍ സേവിക്കുന്ന ജലം നമ്മെ പ്രാപ്തരാക്കട്ടെയെന്നു സ്വയം ബോധ്യപ്പെടുത്തുകയാണ് ദിവസവും ഈ മന്ത്രം ചൊല്ലുന്നതിലൂടെ ചെയ്യുന്നത്. ദിവസവും ഈ മന്ത്രം ചൊല്ലുമ്പോൾ ജലത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ച് നാം സ്വയം അവബോധമുള്ളവരായിത്തീരും. ഈ മന്ത്രം ബാഹ്യവും ആന്തരികവുമായ ശാന്തി നൽകുന്നു.