ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 November 2020

പങ്കജാസനം [ഹരിഹരാത്മജം]

പങ്കജാസനം [ഹരിഹരാത്മജം]

'ഹരിവരാസനം' അയ്യപ്പന്റെ ഉറക്കുപാട്ടാണെങ്കില്‍ 'പങ്കജാസനം' ഉണര്‍ത്തുപാട്ടാകുന്നു...

ഹരിഹരാത്മജൻ സ്വാമി വിശ്വകാരണൻ
ഭുവനരക്ഷകൻ സ്വാമി ഭൂതനായകൻI

നിഗമഭൂഷണൻ സ്വാമി നിത്യമംഗളൻ
വരദമോക്ഷദൻ സ്വാമി ഉണരുവാൻ തൊഴാംII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും മുന്നിൽ തൊഴുതു നിൽക്കയായ്I

ഉണരുകയ്യപ്പാ ഭവൽ ചരണപങ്കജം
വരദമോക്ഷദം ഞങ്ങൾക്കഭയദായകംII

പ്രണതരൂപനായ് സ്വാമി മലനിരകളിൽ
അരുണകാന്തിമാൻ സൂര്യൻ തൊഴുതു നിൽക്കയായ്I

ഇരുളിരുമുടിപ്പൊന്നിൻ കെട്ടണിഞ്ഞപോൽ
ഗഗനവീഥിയിൽ വ്രതം നോറ്റുനിൽക്കയായ്II

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉണരുകീശ്വരാ ലോക മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
അഭയമേകണേ സ്വാമി ശരണമയ്യപ്പാII

ഗിരിനിരകളിൽ ഗംഗ പമ്പയായി നിൻ
ഹരിവരാസനം ശിവം തഴുകി മോക്ഷദംI

കളകളാരവം ഭവൽ ശരണ കീർത്തനം
പരമപാവനം പാടി പാപമോക്ഷദംII

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
വരദമോക്ഷദം ഭവൽ സുകൃത ദർശനംI

ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാ
ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാII

ശബരിമാമല സ്വാമി തൊഴുതു നിൽക്കയായ്
പ്രണവ കോമളം ഭവൽ സുകൃതദർശനംI

ഭുവന മോഹനം സ്വാമി മോഹിനീ സുതം
ശരണകീർത്തനം സ്വാമി വിശ്വ മംഗളംII

ഉണരുകയ്യപ്പാ സ്വാമി! ശബരിവാസിനേ
ശരണമയ്യപ്പാ സ്വാമി! ഹരിഹരാത്മമേl

ഉണരുകയ്യപ്പാ സ്വാമി വിശ്വതേജസ്സേ
ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാII

ദേവസഞ്ചയം ഭവൽ സേവ ചെയ്യുവാൻ
ഗിരിനിരകളിൽ ദിവ്യ ഹവി സ്സൊരുക്കയായ്I

ബ്രഹ്മനീശനും മഹാ വിഷ്ണുവും ഭവൽ
ചിന്മയം പദം കണ്ട് നിൽക്കയായ് വിഭോII

ഉലകിനുത്സവം തീർക്കാനുണരുകയ്യപ്പാ
ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉലകപാലകൻ സ്വാമി ഉണരുകയ്യപ്പാII

മഹർഷി മണ്ഡലം സ്വാമി കാത്ത് നിൽക്കയായ്
മഹിഷി മർദ്ദനൻ സ്വാമി പൂജ ചെയ്യുവാൻl

മഹിതമായ നിൻ ശരണ കീർത്തനം
മനസ്സിൽ മന്ത്രമായ് തീർന്ന സുകൃതസൂരികൾII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും ഭവൽ പൂജ ചെയ്കയായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
ശരണ കീർത്തനം പാടി നിൽക്കയാണഹംII

ശബരിമാമല സ്വാമി ത്രിഭുവനങ്ങളിൽ
ദുരിത സഞ്ചയം തീർക്കും സുകൃത ഭൂമികI

അഖിലലോകവും സ്വാമി ദർശനാർത്ഥമായ്
ശരണകണ്ഠരായ് വന്നു നിൽക്കയായ് പ്രഭോII

ഭുവനമംഗളം സ്വാമി ഉണരുകൈതൊഴാം
ശരണമയ്യപ്പാ സ്വാമി!ധർമ്മസാക്ഷിണേI

ഉണരുകയ്യപ്പാ സ്വാമി മോക്ഷദായിനേ
ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

ഇവിടെ ജാതിയും സർവ്വ ഭേദചിന്തയും
ഹരിഹരാത്മമായ് തീർന്ന വിശ്വവേദികl

നിഗമ ദർശനം സ്വാമി ശബരി ദർശനം
മനുജനീശനായ് തീർന്ന തത്ത്വദർശനംII

ഉണരുകയ്യപ്പാ സ്വാമി പ്രണവരൂപിണേ
ഹരിഹരാത്മജൻ സ്വാമി ബ്രഹ്മരൂപിണേl

ഉണരുകയ്യപ്പാ സ്വാമി വിശ്വ സാക്ഷിണേ.
ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

അഖില ചിന്തയും സ്വാമി സുകൃതദർശനം
ജന്മലക്ഷ്യമേ സ്വാമി മോക്ഷദർശനംI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും കൃപാ മംഗളം കുരുII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉണരുകയ്യപ്പാ വിശ്വ മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഭുവനപാലകാ
ഉണരുകയ്യപ്പാ സർവ്വ മംഗള പ്രദാII

ശബരിമല ശ്രീ ധർമ്മ ശാസ്‌താവിന്റ ഉറക്ക് പാട്ട് നമ്മളെല്ലാവരും കേട്ടിട്ടുള്ളതല്ലേ. അതേ ഈണത്തിൽ അയ്യപ്പസ്വാമിയുടെ മനോഹരമായ മറ്റൊരു ഉണർത്തു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ്.. അഭിവന്ദ്യനായ ശ്രീ വൈക്കം രാമചന്ദ്രൻ. നിരവധി ക്ഷേത്രങ്ങളിൽ ഇന്ന് നാം കേൾക്കുന്ന സുപ്രഭാതങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ വരികളിൽ വിരിഞ്ഞതാണ്. വൈക്കത്തപ്പനും, ചോറ്റാനിക്കരയമ്മയും, പൂർണ്ണത്രയീശനും, തൈക്കാട്ടപ്പനും ശ്രീ വൈക്കം രാമചന്ദ്രന്റെ വരികളിൽ പിറന്ന ഈണങ്ങൾ കേട്ടാണ് പള്ളിയുണരുന്നത്. ശബരിമലയിലെ ഹരിവരാസനത്തിന്റെ ഈണത്തിൽ ആണ് ഇദ്ദേഹം വരികൾ രചിച്ചത്.

ഹരിഹരാത്മജം എന്നണ് ഈ കീർത്തനം നാമകരണം ചെയ്തിരിക്കുന്നത്

25 November 2020

തുളസി മാഹാത്മ്യം - 10

തുളസി മാഹാത്മ്യം - 10

വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നുണ്ടോ ?

വീട്ടുമുറ്റത്ത് ഒട്ടുമിക്ക ആളുകളും നട്ടുവളര്‍ത്തുന്ന ഒന്നാണ് തുളസിച്ചെടി. ഹൈന്ദവഭവനങ്ങളില്‍ മിക്കവാറും നിര്‍ബന്ധമുള്ളതും പുണ്യസസ്യമായി നാം പൂജിയ്ക്കുന്നതുമായ ചെടിയാണ് ഇത്. അതുകൊണ്ടുതന്നെ മിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിത്തറയും ഉണ്ടായിരിക്കും. പുണ്യസസ്യം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം ഔഷധഗുണങ്ങളും തുളസിക്കുണ്ട്.

നല്ലപോലെ പരിപാലിച്ചിട്ടും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലേയും ഒരു പ്രശ്‌നമാണ്. ഇത് പലര്‍ക്കും വിഷമവും ഉണ്ടാക്കാറുണ്ട്. തുളസിച്ചെടി ഉണങ്ങുന്നത് വീടുകളില്‍ ദോഷവും ഐശ്വര്യക്കേടും വരുന്നതിന്റെ സൂചനയാണെന്നാണ് വേദങ്ങളില്‍ പറയുന്നത്.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാന്‍ പാടുള്ളൂ എന്നാണ് വേദങ്ങളില്‍ പറയുന്നത്. അതുപോലെ കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂയെന്നും അല്ലാത്തത് ദോഷമാണെന്നും പറയപ്പെടുന്നു.

വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കാന്‍ പാടില്ല. അതുപോലെ തുളസിയില പറിക്കുന്നതിനായി വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വേദങ്ങളില്‍ പറയുന്നു.

ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തിലായിരിക്കണം ഒഴുക്കി വിടേണ്ടത്. സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് തുളസി എന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തുളസിയോട് അനാദരവരവ് കാണിക്കാന്‍ പാടില്ല. തുളസിച്ചെടി വീട്ടിലുള്ളിടത്തോളം കാലം അവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കുമെന്നും യമദേവന്‍ അങ്ങോട്ടു കടക്കില്ല എന്നുമൊക്കെയാണ് വിശ്വാസങ്ങള്‍.

തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും മരണത്തെയും കുറിച്ചു സൂചിപ്പിയ്ക്കുന്നു.
ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്.

എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

തുളസിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്‍കുന്നു.

തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്‌ക്കോ രോഗം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു.

ഒരു തുളസിയ്‌ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് പ്രവർത്തി മേഖലയിൽ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്.

തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.

തുളസി മാഹാത്മ്യം - 09

തുളസി മാഹാത്മ്യം - 09

തുളസി തീര്‍ത്ഥം

ക്ഷേത്രത്തില്‍ തൊഴുതുമടങ്ങും മുമ്പ് എന്തിന് തീര്‍ത്ഥം സേവിക്കണം?

ക്ഷേത്രത്തില്‍ തൊഴുതുമടങ്ങും മുമ്പ് എന്തിന് തീര്‍ത്ഥം സേവിക്കണം?
അമ്പലത്തില്‍ തൊഴുതുമടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌.

ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു

ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും.

കൈകളില്‍ വലതിന്റെ അഞ്ചുവിരലും മടക്കിയാല്‍ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീര്‍ത്ഥം വാങ്ങേണ്ടതെന്ന് വിധിയുണ്ട്. കൈക്കുമ്പിള്‍ അങ്ങനെ തന്നെ ഉയര്‍ത്തി കയ്യില്‍ പ്രകടമായി ഉയര്‍ന്നു കാണുന്ന ചന്ദ്ര മണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണ് തീര്‍ത്ഥം സേവിക്കേണ്ടത്.

ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്. തീ൪ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധ ഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഹൈന്ദവവിശ്വാസപ്രകാരം തീര്‍ത്ഥം സേവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരണമുണ്ട്. സാധാരണയായി ചുണ്ടുകള്‍ എച്ചിലല്ലെങ്കിലും വായ്ക്കകം എച്ചിലാണ്. വായ്ക്കകത്തെ നാവിന്റെ സംസര്‍ഗ്ഗം കാരണം ചുണ്ടുകളും എച്ചിലായി മാറും. ചുണ്ട് തൊട്ടാലും കൈ കഴുകേണ്ടതുണ്ട്. അതുകൊണ്ട് ചുണ്ടുകള്‍ അകത്തേക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചു കുടിക്കാന്‍. ഇരുച്ചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി, ഉള്ളംകയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. സേവിച്ച തീ൪ത്ഥജലത്തില്‍ നിന്നും ഒരു തുള്ളി പോലും താഴത്ത് വീഴാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

തുളസി മാഹാത്മ്യം - 08

തുളസി മാഹാത്മ്യം - 08

ദീര്‍ഘസുമംഗലിയാകാന്‍ തുളസീപൂജ

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌.

ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.

തുളസിതറയില്‍ വിളക്ക്‌ വച്ച്‌ പ്രദക്ഷിണം ചെയ്യുന്നത്‌ സുഖഫലങ്ങള്‍ നല്‍കുമെന്ന്‌ വിശ്വിസിക്കുന്നു. തുളസിയുടെ അഗ്രത്തില്‍ ബ്രഹ്മാവും അടിയില്‍ ശങ്കരനും മധ്യഭാഗത്ത്‌ മഹാവിഷ്ണുവും സ്ഥിതിചെയ്യുന്നു എന്നാണ്‌ ഐതീഹ്യം.

ദീര്‍ഘസുമംഗലിയായി ജീവിക്കാന്‍ തുളസീപൂജ സഹായിക്കുമെന്നാണ്‌ വിശ്വാസം. തുളസിയിലയിട്ടവെള്ള ഗംഗാതീര്‍ത്ഥം പോലെ പവിത്രമാണെന്ന്‌ കരുതുന്നു. തുളസി വിഷ്ണുവിനെ ആരാധിച്ചിരുന്നതിനാല്‍ വിഷ്ണുപ്രിയ എന്നും തുളസിക്ക്‌ പേരുണ്ട്‌.

സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന്‌ സമാനമാണ്‌ തുളസിയെ പൂജിക്കുന്നത്‌ എന്ന്‌ പുരാണകഥകള്‍ തന്നെ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന്‌ രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ്‌ വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്‌.

എന്നാല്‍ തുളസി കൊണ്ട്‌ ഗണപതിക്ക്‌ അര്‍ച്ചന നടത്താറില്ല. പഴക്കം ചെന്ന തുളസികൊണ്ടും വിഷ്ണുവിനെ ആരാധിക്കാം.

തുളസി മാഹാത്മ്യം - 07

തുളസി മാഹാത്മ്യം - 07

തുളസിയുടെ വിവാഹം

രാധയുടെ ശാപംകൊണ്ട് സുദാമാവ് എന്ന ഗോപാലന്‍ ശംഖചൂഡനായ അസുരനായി ജനിച്ചു. അയാള്‍ ബദരികാശ്രമത്തില്‍ച്ചെന്ന് തപസ്സു ചെയ്തു. തുളസിയെ വിവാഹം ചെയ്യണമെന്നുള്ളത് ശംഖചൂഡന്റെ തപോലക്ഷ്യമായിരുന്നു. തപസ്സു ചെയ്ത് അയാള്‍ വിഷ്ണുകവചവും സമ്പാദിച്ചു. വിഷ്ണുകവചം ശരീരത്തില്‍നിന്ന് മാറുകയും ഭാര്യയുടെ പാതിവ്രത്യം നശിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന വരവും ബ്രഹ്മാവില്‍നിന്ന് വാങ്ങി അയാള്‍ തിരിച്ചുവന്നു. വനാന്തരത്തില്‍വച്ച് പരസ്പരം കണ്ട ശംഖചൂഡനും തുളസിയും തമ്മില്‍ വിവാഹവും നടന്നു. ദേവഗണങ്ങള്‍ക്ക് പോലും അസൂയ തോന്നത്തക്ക പ്രഭാവത്തോടുകൂടി തുളസിയും ശംഖചൂഡനും രമിച്ചുനടന്നു-ദേവന്മാര്‍ക്ക് അയാളില്‍നിന്നും പല കഷ്ടതകളും അനുഭവിക്കേണ്ടിവന്നു.ഗത്യന്തരമില്ലാതെ ബ്രഹ്മാവും ശിവനും ദേവഗണങ്ങളുംകൂടി മഹാവിഷ്ണുവിനെ അഭയംപ്രാപിച്ചു. ശംഖചൂഡനെ വധിക്കാന്‍വേണ്ടി മഹാവിഷ്ണു തന്റെ ശൂലം പരമശിവന്റെ പക്കല്‍ കൊടുത്തയച്ചു. പക്ഷെ ഒരു പ്രശ്‌നം- തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വന്നാലേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ. അതിനെന്താണ് പോംവഴി? തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്താനുറച്ച് വിഷ്ണുവും ഭൂമിയിലേക്ക് പുറപ്പെട്ടു. ശംഖചൂഡന്‍, ശിവനുമായി യുദ്ധം ചെയ്യുന്നതിന്, തുളസിയോട് യാത്രാനുവാദവും വാങ്ങി പടക്കളത്തിലേക്ക് തിരിച്ചു. ആ തക്കം നോക്കി, മഹാവിഷ്ണു ശംഖചൂഡന്റെ വേഷം ധരിച്ച് തുളസിയുടെ സമീപത്തെത്തി. അവര്‍ വിനോദങ്ങള്‍ പറഞ്ഞ് ആര്‍ത്തുല്ലസിച്ച് കുറേ സമയം ചെലവാക്കി. ഒടുവില്‍ അവര്‍ ശയനമുറിയില്‍ പ്രവേശിച്ചു. ശംഖചൂഡന്റെ രീതികണ്ട് തുളസിക്ക് അയാളില്‍ സംശയം തോന്നി. കൃത്രിമശംഖചൂഡനെ ശപിക്കാന്‍ അവള്‍ ചാടിയെഴുന്നേറ്റു. അപ്പോള്‍ മഹാവിഷ്ണു സ്വന്തം രൂപത്തില്‍ തുളസിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാന്‍ തുളസിയോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ നിനക്ക് ഭര്‍ത്താവായി വരാന്‍വേണ്ടി വളരെക്കാലം തപസ്സു ചെയ്തവളാണല്ലോ നീ- നിന്റെ ഭര്‍ത്താവായ ശംഖചൂഡന്‍ എന്റെ പാര്‍ഷദന്മാരില്‍ പ്രധാനിയായ സുദാമാവാണ്. അവന്‍ ശാപമോക്ഷം കിട്ടി തിരിച്ചുപോകേണ്ട സമയം ആസന്നമായിരിക്കുന്നു. നിനക്ക് എന്റെ പത്‌നിയാകാനുള്ള സമയവും വന്നിരിക്കുന്നു. ശിവന്‍ ശംഖചൂഡനെ നിഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ സുദാമാവായിത്തന്നെ ഗോലോകത്ത് ചെന്നു ചേര്‍ന്നുകഴിഞ്ഞു. നിനക്കും ഇനി ഈ ദേഹമുപേക്ഷിച്ച് എന്നോടൊത്തം വൈകുണ്ഠത്തില്‍ വന്ന് രമിക്കാം: ബദരികാശ്രമത്തില്‍ ബ്രഹ്മാവ് തന്നോടു പറഞ്ഞതെല്ലാം തുളസി ഓര്‍ത്തു. തുളസിക്ക് എല്ലാം മനസ്സിലായി. ഭഗവാന്‍ വിഷ്ണു വീണ്ടും പറഞ്ഞു: നിന്റെ ശരീരം ഇവിടെ കിടന്ന് ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകും. നിന്റെ തലമുടി ഈ ലോകത്തില്‍ തുളസിച്ചെടിയായിത്തീരും-തുളസീദളം മൂന്നുലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരും. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ തുളസി ലക്ഷ്മിയുടെ രൂപം ധരിച്ചു- മഹാവിഷ്ണുവും ലക്ഷ്മീദേവിയും വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി.

തുളസി മാഹാത്മ്യം - 06

തുളസി മാഹാത്മ്യം - 06

തുളസിയുടെ ഗുണങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ധാരാളം ഔഷധ ഗുണവും ഇതിനുണ്ട്.

രണ്ടുതരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഇവ രണ്ടിനും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നുണ്ട്. ആന്റി ബാക്ടീരിയലായി ശാസ്ത്രലോകം പണ്ടേ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കുന്ന മാര്‍ഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

വിളര്‍ച്ച തടയുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി ഉണ്ട്. രക്തക്കുറവിനും ഒരു നല്ല പരിഹാരമാണ്.

പ്രാണി കടിച്ചാല്‍ തുളസി നീര് പുരട്ടിയാല്‍ മതി

പനി,ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധം. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക.

രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കുന്നു

തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ കാന്തി വര്‍ദ്ധിക്കുന്നു.

പേന്‍ പോകാന്‍ ഉറങ്ങുമ്പോള്‍ കിടക്കയില്‍ തുളസി വിതറുക

തുളസി വെള്ളം നല്ലൊരു ദാഹശമനിയാണ്

തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും. തുളസി വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീരത്തിന് ഉന്മേഷം കിട്ടുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ആസ്ത്മ എന്നിവക്ക് പ്രയോജനം ചെയ്യും

തുളസി മാഹാത്മ്യം - 05

തുളസി മാഹാത്മ്യം - 05

തുളസികൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ?

ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.

മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണു തുളസിയെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ഈ ചെടിക്ക് വലിയ പരിഗണനയാണ് പുരാതന കാലം മുതല്‍ ലഭിക്കുന്നത്.

പൂജയുടെ ഭാഗമായി തുളസിയില ഉപയോഗിക്കാറുണ്ടെങ്കിലും ഇവകൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ആണെന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല.

വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെയാണ് തുളസി കൊണ്ട് ആരാധിക്കേണ്ടത്. പരമശിവൻ, ഗണപതി തുടങ്ങിയ ശൈവപ്രധാനമായ ദേവന്മാരെ പ്രീതിപ്പെടുത്താനോ ഇവര്‍ക്കായുള്ള പൂജകളിലോ തുളസി ഉപയോഗിക്കാനും പാടില്ല.

തുളസി മാഹാത്മ്യം - 04

തുളസി മാഹാത്മ്യം - 04

ഹിന്ദുക്കള്‍ ദിവ്യവും പരിപാവനവുമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തുളസിക്ക് ദേവാര്‍ച്ചനകളില്‍ വളരെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണന്റെ സഖാവായ സുദാമാവിന് രാധാ ശാപംമൂലം അസുരവംശത്തില്‍ ജനിക്കേണ്ടതായിവന്നു. വിഷ്ണുഭക്തനായ ദംഭാസുരന്റെ തപഃശക്തിയുടെ ഫലമായി അദ്ദേഹത്തിന്റെ പുത്രനായി സുദാമാവ് അസുരവംശത്തില്‍ ജനിച്ചു. ശംഖചൂഡന്‍ എന്നപേരിലാണ് ആ അസുരവംശജാതന്‍ അറിയപ്പെടുന്നത്. പ്രായമായപ്പോള്‍ ശംഖചൂഡന്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. വിധാതാവ് അസുരന്‍ ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കി. ദേവന്മാരെ ജയിക്കുവാനുള്ള വരമാണ് ശംഖചൂഡന്‍ ആവശ്യപ്പെട്ടത്. ആ വരം നല്‍കി അനുഗ്രഹിച്ചു. മാത്രമല്ല ജഗന്മംഗളകരവും ദിവ്യവുമായ ശ്രീകൃഷ്ണ കവചവും നല്‍കി. ബദര്യാശ്രമത്തില്‍ പോകുവാനും അവിടെ തപസ്സനുഷ്ഠിക്കുന്ന തുളസിയെ ദര്‍ശിക്കുവാനും ബ്രഹ്മാവ് കല്‍പ്പിച്ചു. ധര്‍മധ്വജന്റെ പുത്രിയായ തുളസി വിഷ്ണുവിനെ പതിയായി ലഭിക്കുവാനാണ് തപസ്സനുഷ്ഠിച്ചിരുന്നത്. ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ശ്രീകൃഷ്ണ കവചവും ധരിച്ച് ബദര്യാശ്രമത്തില്‍ പോയ ശംഖചൂഡന്‍ തുളസിയെ കണ്ടു. അവര്‍ പരസ്പരം സംഭാഷണം നടത്തി. അപ്പോള്‍ ബ്രഹ്മാവ് അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്താലും അനുഗ്രഹത്താലും ശംഖചൂഡനും തുളസിയും ഗാന്ധര്‍വ്വ വിധിപ്രകാരം വിവാഹിതരായി. വരപ്രസാദത്താല്‍ അനുഗ്രഹീതനായി എത്തിയ ശംഖചൂഡനെ അസുരന്മാര്‍ രാജാവായി അഭിഷേകം ചെയ്തു. ദേവദാനവരുടെ മത്സരകഥകള്‍ ഗുരുവായ ശുക്രാചാര്യരുടെ മുഖത്തുനിന്ന് ശ്രവിച്ച ശംഖചൂഡന്‍ വലിയ സൈന്യത്തോടുകൂടി ചെന്ന് മൂന്നുലോകവും പിടിച്ചെടുത്തു. ദേവന്മാരുടെ അധികാരങ്ങളെല്ലാം സ്വയം ഏറ്റെടുത്തു. ശംഖചൂഡന്റെ ഭരണം എല്ലാവരും ഇഷ്ടപ്പെട്ടു. പ്രജകള്‍ വളരെ ക്ഷേമത്തോടെ കഴിഞ്ഞു. കാലാകാലങ്ങളില്‍ മഴ പെയ്യുകയും എങ്ങും സമൃദ്ധി ഉണ്ടാവുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ദേവന്മാര്‍ മാത്രം ദുഃഖത്തിലാണ്ടു. അവര്‍ ബ്രഹ്മദേവനോട് സങ്കടം ഉണര്‍ത്തിച്ചു. അവരെല്ലാവരും കൂടി ശ്രീഹരി വിഷ്ണുവിനെ സമീപിച്ചു. രൗദ്രശൂലത്താല്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന് വിഷ്ണുദേവന്‍ അറിയിച്ചു. അതനുസരിച്ച് എല്ലാവരുംകൂടി ശിവലോകത്തേക്ക് പോയി. പരാശക്തിയോടൊപ്പം വിരാജിക്കുന്ന ശ്രീപരമേശ്വരനോട് അവര്‍ സങ്കടമുണര്‍ത്തിച്ചു. സര്‍വ്വജ്ഞനാണല്ലോ ജഗദ് പിതാവ്-ശംഖചൂഡന്റെ പൂര്‍വവൃത്താന്തമെല്ലാം അദ്ദേഹത്തിന് അറിയാം. കൈലാസത്തില്‍ രൗദ്രനായി വസിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹത്തിനോട് പറഞ്ഞാല്‍ സങ്കടനിവൃത്തി ഉണ്ടാകുമെന്നുള്ള സദാശിവനിര്‍ദ്ദേശം ശിരസാവഹിച്ചുകൊണ്ട് എല്ലാവരും കൈലാസത്തിലെത്തി. ദേവന്മാരുടെ ക്ലേശനിവാരണത്തിനുവേണ്ടി രൗദ്രദേവന്‍ ശംഖചൂഡന്റെ സമീപത്തേക്ക് ഒരു ദൂതനെ നിയോഗിച്ചു. ദേവന്മാരില്‍നിന്ന് കരസ്ഥമാക്കിയ രാജ്യവും അധികാരവും തിരികെ നല്‍കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ യുദ്ധ സന്നദ്ധനാകണമെന്നുള്ളതും ആയിരുന്നു ശ്രീരൗദ്രന്‍ ദൂതന്‍ മുഖേന നല്‍കിയ സന്ദേശം. പ്രഭാതത്തില്‍ തന്നെ യുദ്ധം ചെയ്യാന്‍ സന്നദ്ധനായി വന്നുകൊള്ളാമെന്നുള്ള അറിയിപ്പ് ദൂതന്‍ മുഖേന ശംഖചൂഡന്‍ നല്‍കി. താന്‍ അടുത്ത ദിവസം മഹാദേവനോട് യുദ്ധത്തിന് പുറപ്പെടുകയാണെന്നുള്ള കാര്യം ശംഖചൂഡന്‍ പത്‌നിയായ തുളസിയോടു പറഞ്ഞു. അതീവ ദുഃഖിതയായ തുളസിയെ സമാശ്വസിപ്പിച്ചതിനുശേഷം അനന്തരനടപടികള്‍ ആ അസുര രാജാവ് സ്വീകരിച്ചു. അസുരന്മാരുടെ സാന്നിദ്ധ്യത്തില്‍ പുത്രനെ രാജാവായി അഭിഷേകം ചെയ്യുകയും പത്‌നിയെ പുത്രനെ ഏല്‍പ്പിക്കുകയും ചെയ്തു. ശ്രീപരമേശ്വരന്‍ ഭദ്രകാളിയോടും ഗണേശനോടും സുബ്രഹ്മണ്യനോടുമൊപ്പം വന്‍ സൈന്യത്തോടുകൂടി യുദ്ധഭൂമിയിലെത്തി. ഇരുസൈന്യങ്ങളും തമ്മില്‍ ഘോരമായ യുദ്ധം നടത്തി. ശംഖചൂഡന് പരാജയം സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ രൗദ്രദേവന്‍ ശൂലം പ്രയോഗിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഒരു അശരീരി ഉണ്ടായി. ''ശംഖചൂഡന്റെ കഴുത്തില്‍ ശ്രീകൃഷ്ണ കവചവും ഭാര്യയായ തുളസിക്ക് പാതിവ്രത്യവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന് മരണം സംഭവിക്കുകയില്ല.'' ശിവന്റെ പ്രേരണയാല്‍ വിഷ്ണു ഭഗവാന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ശംഖചൂഡന്റെ കഴുത്തില്‍ കിടന്നിരുന്ന ശ്രീകൃഷ്ണ കവചം യാചിച്ചു വാങ്ങി. അന്തഃപുരത്തില്‍ ശംഖചൂഡന്റെ രൂപത്തില്‍ ചെന്ന് തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തി. അനന്തരം രൗദ്ര ഭഗവാന്‍ ശൂലത്താല്‍ ശംഖചൂഡനെ വധിച്ചു. തല്‍ഫലമായി ആ ഭൗതികശരീരം ഭസ്മീകൃതമായി. മഹാദേവന്റെ കാരുണ്യത്താലും അനുഗ്രഹത്താലും ശംഖചൂഡന് ഗോലോകത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞു. ശംഖചൂഡന്റെ അസ്ഥിയില്‍ നിന്നുംഉണ്ടായതാണ് ശംഖ്. തന്റെ പാതിവ്രത്യത്തിന് ഭംഗം വരുത്തിയത് വിഷ്ണു ഭഗവാനാണെന്നറിഞ്ഞ തുളസി കോപത്താലും ശോകത്താലും അദ്ദേഹത്തെ ശപിച്ചു. തെറ്റൊന്നും ചെയ്യാത്ത ഭക്തനെ നിഗ്രഹിക്കുവാന്‍ പാതിവ്രത്യഭംഗം വരുത്തിയ വിഷ്ണുദേവനെ 'ശിലാരൂപനായത്തീരട്ടെ' എന്ന് തുളസി ശപിച്ചു. കൃപാസിന്ധുവായ ഭഗവാന്‍ ശംഖചൂഡവധത്തിനായി ശിലപോലെയുള്ള മനോഭാവത്തോടുകൂടി പാതിവ്രത്യഭംഗം വരുത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ് തുളസി അങ്ങനെ ശപിച്ചത്. പാതിവ്രത്യ ഭംഗം വന്നതിനാലും പതിയുടെ ദേഹവിയോഗം സംഭവിച്ചതിലും ദുഃഖിതയായി തീര്‍ന്ന തുളസിയുടെ വിഷ്ണുദേവന്‍ മഹാദേവനെ സ്മരിച്ചു. മഹാദേവന്‍ പ്രത്യക്ഷപ്പെട്ട് എല്ലാവരേയും അനുഗ്രഹിച്ചു. അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ തിരുമൊഴികള്‍ ഇതായിരുന്നു. ഓരോരുത്തരും അവരവരുടെ കര്‍മ്മഫലമാണ് അനുഭവിക്കുന്നത്. വിഷ്ണുഭഗവാനെ പതിയായി ലഭിക്കുവാന്‍ തപസ്സിരുന്ന തുളസിക്ക് ആ സൗഭാഗ്യം അനുഭവിക്കാന്‍ സാധിച്ചു. ഇപ്പോഴുള്ള ശരീരം ഉപേക്ഷിച്ച് ദിവ്യശരീരം സ്വീകരിക്കുവാനും വിഷ്ണുവിനോടൊപ്പം എന്നും എവിടെയും കഴിയുവാനും തുളസിക്ക് സാധിക്കും. ലക്ഷ്മീദേവിക്ക് തുല്യയായി ഭവിക്കും. തുളസിയുടെ ശരീരം പുണ്യനദിയായ ഗണ്ഡകി എന്ന പേരില്‍ ഒഴുകും. കുറച്ചുകാലത്തിനുശേഷം വൃക്ഷാധിഷ്ഠാന ദേവതയാകും. ദേവാര്‍ച്ചനകളില്‍ തുളസിക്ക് പ്രധാന സ്ഥാനം കൈവരും. ശ്രീഹരി വിഷ്ണു തുളസിയുടെ ശാപത്താല്‍ ഗണ്ഡകീനദിയുടെ സമീപം ഒരു വലിയ ശിലയായിത്തീരും. മൂര്‍ച്ചയുള്ള കീടങ്ങള്‍ ആ പാറമേല്‍ ദ്വാരങ്ങള്‍ നിര്‍മ്മിച്ച് പാറക്കഷ്ണങ്ങള്‍ മുറിച്ച് ഗണ്ഡകി നദിയിലിടും. അവ സാളഗ്രാമങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധങ്ങളാകും. ആ പാറക്കഷ്ണങ്ങളില്‍ കാണപ്പെടുന്ന ചക്രത്തിന്റെ അടിസ്ഥാനത്തില്‍ ഓരോരോ പേരുകളില്‍ അവ അറിയപ്പെടും. സാളഗ്രാമവും തുളസിയും ശംഖും ഒന്നിച്ച് സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ വിഷ്ണു ഭഗവാന് പ്രിയപ്പെട്ടവരായിത്തീരും. ഇപ്രകാരം അനുഗ്രഹവര്‍ഷം ചൊരിഞ്ഞതിനുശേഷം മഹാദേവന്‍ അന്തര്‍ധാനം ചെയ്തു. ഭഗവാന്റെ അരുളപ്പാടുപോലെ സാളഗ്രാമവും തുളസിയും ശംഖും ഇന്നും ഭക്തജനങ്ങള്‍ പരിപാവനമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.